Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഞ്ച നക്ഷത്ര ഹോട്ടലിൽ ഗ്രൂപ്പ് യോഗം ചേർന്നുവെന്ന ആരോപണം ലക്ഷ്യം വെയ്ക്കുന്നത് ജില്ലയിലെ പാർട്ടി ഉന്നതനെ; മകൻ തിരുവനന്തപുരത്ത് ഫ്ളാറ്റും വീടും വാങ്ങിയതും ചർച്ച; ബ്രാൻഡഡ് അടി വസ്ത്രം വാങ്ങി നൽകി സ്ത്രീകളെ ചൂക്ഷണം ചെയ്ത യുവനേതാവിനെ അവസാനം വരെ സംരക്ഷിച്ചുവെന്നും വിമർശനം; എല്ലാം പിബിക്ക് മുമ്പിലെത്തും; വിഭാഗീയ നീക്കാൻ ഗോവിന്ദൻ ഇറക്കിയ പൂഴിക്കടകവും ഫലിക്കാതെ ആലപ്പുഴയിലെ സിപിഎം

പഞ്ച നക്ഷത്ര ഹോട്ടലിൽ ഗ്രൂപ്പ് യോഗം ചേർന്നുവെന്ന ആരോപണം ലക്ഷ്യം വെയ്ക്കുന്നത് ജില്ലയിലെ പാർട്ടി ഉന്നതനെ; മകൻ തിരുവനന്തപുരത്ത് ഫ്ളാറ്റും വീടും വാങ്ങിയതും ചർച്ച; ബ്രാൻഡഡ് അടി വസ്ത്രം വാങ്ങി നൽകി സ്ത്രീകളെ ചൂക്ഷണം ചെയ്ത യുവനേതാവിനെ അവസാനം വരെ സംരക്ഷിച്ചുവെന്നും വിമർശനം; എല്ലാം പിബിക്ക് മുമ്പിലെത്തും; വിഭാഗീയ നീക്കാൻ ഗോവിന്ദൻ ഇറക്കിയ പൂഴിക്കടകവും ഫലിക്കാതെ ആലപ്പുഴയിലെ സിപിഎം

വിനോദ് പൂന്തോട്ടം

ആലപ്പുഴ: ആലപ്പുഴയിൽ രൂക്ഷമാകുന്ന സിപിഎം വിഭാഗീയതയിൽ പുതിയ രണ്ട് ആരോപണങ്ങൾ ഉയർത്തി ജില്ലയിലെ പാർട്ടിയെ പ്രതിസന്ധിയിലാക്കുകയാണ് ഒരു വിഭാഗം നേതാക്കൾ. ജില്ലയിലെ ഉന്നത നേതാവിന്റെ നേതൃത്വത്തിന്റെ പഞ്ച നക്ഷത്ര ഹോട്ടലായ റമ്ദയിൽ ചില നേതാക്കൾ യോഗം ചേർന്നുവെന്ന വിമർശനമാണ് ഉയർത്തി കൊണ്ടു വരുന്നത്. എന്നാൽ അങ്ങനൊയൊരു സംഭവം നടന്നിട്ടില്ലന്ന് ഔദ്യോഗിക നേതൃത്വം വ്യക്തമാക്കുന്നു. ആരോപണം ഉന്നയിക്കുന്നവർ ചില തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും ആവിശ്യമെങ്കിൽ സംസ്ഥാന നേതൃത്വത്തിന് കൈമാറുമെന്നാണ് പറയുന്നത്.

കൂടാതെ ആരോപണം ഉന്നയിച്ച് എതിർ ചേരി പ്രതി കൂട്ടിൽ നിർത്തിയിരിക്കുന്ന നേതാവിന്റെ മകൻ തിരുവനന്തപുരത്ത് ഫ്ലാറ്റും വീടും വാങ്ങിയതും അന്വേഷിക്കണമെന്ന് ആവിശ്യവും ഉയരുന്നുണ്ട്. എന്നാൽ ടെക്നോ പാർക്കിലെ ഐ ടി കമ്പിനിയിൽ ഉന്നത തസ്തികയിൽ ഇരിക്കുന്ന നേതാവിന്റെ മകൻ വസ്തു വകകൾ വാങ്ങിയതിൽ അസ്വഭാവികതയില്ലെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. എന്തായാലും വിവാദങ്ങളും ആരോപണങ്ങളും തിളച്ചു മറിയുന്നതിനാൽ ഇക്കാര്യങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിനും പൊളിറ്റ് ബ്യൂറോയ്ക്കും പരാതി നൽകാൻ പാർട്ടി ഘടകം തന്നെ തീരുമാനിച്ചു. ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റിയാണ് വിശദമായ ചർച്ചയ്ക്കും രൂക്ഷ വിമർശനങ്ങൾക്കും ശേഷം ജില്ലയിലെ ചില പ്രമുഖ നേതാക്കൾക്കെതിരെ പരാതി നൽകാൻ ഒരുങ്ങുന്നത്.

ഇന്നലെ ചേർന്ന ഏരിയ കമ്മിറ്റി യോഗം ഈ പ്രശ്നം മാത്രമാണ് ചർച്ച ചെയ്തത്. ലഹരിക്കടത്തിന്റെ പേരിൽ നടപടി നേരിടുന്ന എ.ഷാനവാസ് തെറ്റ് ചെയ്തെങ്കിൽ നടപടിയെടുക്കണം. എന്നാൽ, ഇക്കാര്യത്തിൽ പാർട്ടിക്കാർ തന്നെ പൊലീസിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇഡി) പരാതി നൽകിയത് ഉചിതമായില്ലെന്ന വിമർശനം ഉയർന്നു. എന്നാൽ ജില്ലയിലെ പ്രധാനിയായ നേതാവിനെ ലക്ഷ്യം വെച്ച് ആരോപണം ഉന്നയിക്കുന്നത് ഷാനവാസിനെ കേന്ദ്രീകരിച്ചു നിൽക്കുന്ന കോക്കസാണെന്നും പരാതി ഉണ്ട്. ഈ ആരോപണങ്ങൾ നോർത്ത് ഏര്യാ കമ്മിറ്റി യോഗത്തിലും ചർച്ചയ്ക്ക് വന്നു.

ചില നേതാക്കൾ തുടർച്ചയായി വിഭാഗീയ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു. കഴിഞ്ഞ ദിവസം നഗരത്തിലെ പ്രധാന പാർട്ടി കേന്ദ്രത്തിൽ രഹസ്യമായി ഒത്തുചേർന്ന നേതാക്കളിൽ ചിലർ നേരത്തേ പുന്നമടയിലെ പഞ്ച നക്ഷത്ര ഹോട്ടലിലും ഇതേ രീതിയിൽ ചർച്ച നടത്തി. ഇവരുടെ പ്രവർത്തനങ്ങൾ പരിശോധിച്ച് നേതൃത്വം ശക്തമായ നടപടിയെടുത്തില്ലെങ്കിൽ പാർട്ടി പ്രതിസന്ധിയിലാകുമെന്നു ചർച്ചയിൽ ചില അംഗങ്ങൾ പറഞ്ഞു.പ്രശ്നങ്ങൾ പരിഹരിക്കേണ്ടവർ തന്നെ വിഭാഗീയത വളർത്തുന്നു. ഇഡിക്കും പൊലീസിനും പരാതി നൽകിയതിനു പിന്നിൽ ചില നേതാക്കളുടെ ഇടപെടലുണ്ട്. ഇതു ഗൗരവമായി അന്വേഷിക്കണം.
നേതാക്കൾക്കു നേരെയുള്ള വിമർശനങ്ങളോട് യോഗത്തിൽ കാര്യമായ എതിരഭിപ്രായം ഉയർന്നില്ല. വിഭാഗീയതയുടെ പ്രശ്നം ആരോപണവിധേയരായ നേതാക്കളുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്യണമെന്ന ആവശ്യമുണ്ടായി. എന്നാൽ, അതതു ഘടകങ്ങളിൽ ചർച്ച ചെയ്യട്ടെയെന്നും അതിനാണ് സംസ്ഥാന നേതൃത്വത്തെ അറിയിക്കുന്നതെന്നും ചുമതലപ്പെട്ടവർ . ഷാനവാസിനെതിരായ ആരോപണത്തിന്റെ പേരിൽ കോൺഗ്രസും ബിജെപിയും നടത്തുന്നത്, സിപിഎമ്മിലെ തന്നെ ചിലർ സ്പോൺസർ ചെയ്ത സമരമാണെന്ന് ചില അംഗങ്ങൾ ആരോപിച്ചു.

അതേ സമയം ആലപ്പുഴ ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിന്റെ അന്വേഷണത്തിൽ എ.ഷാനവാസിനെതിരെ സുപ്രധാന തെളിവുകൾ ലഭിച്ചെന്നാണ് വിവരം. ഷാനവാസിനെ ഡിവൈഎസ്‌പി കഴിഞ്ഞ ദിവസം ഓഫീസിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ ചോദ്യം ചെയ്യലിൽ ഷാനവാസ് പൂർണമായി നിഷേധിച്ചു. താൻ സിപിഎമ്മിലെ ജനകീയ നേതാവാണെന്നും കഴിഞ്ഞ മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ഏറ്റവും മികച്ച ഭൂരിപക്ഷത്തോടെ ജയിച്ചവരിൽ ഒരാളാണ് താനെന്നും ചോദ്യം ചെയ്യല്ലിൽ പറഞ്ഞ ഷാനവാസ് സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ തനിക്ക് സമൂഹത്തിലെ പലരുമായും ബന്ധപ്പെടേണ്ടി വരുമെന്നും സുഹൃത്തുകളാണ് തന്റെ പിറന്നാൾ ആഘോഷം സംഘടിപ്പിച്ചതെന്നും അതിൽ ഉൾപ്പെട്ട ചിലർക്ക് ലഹരിക്കടത്തുമായി ബന്ധമുള്ള കാര്യം അറിയില്ലായിരുന്നുവെന്നും ഷാനവാസ് മൊഴി നൽകിയിട്ടുണ്ട്.

ഇപ്പോൾ ലഹരി കടത്തിൽ പിടിക്കപ്പെട്ടവരെല്ലാം നേരത്തേയും സമാന കേസുകളിൽ പ്രതിയായിട്ടുണ്ടെന്നും എന്നാൽ അന്നൊന്നും പൊലീസ് ഇവർക്കെതിരെ നടപടി എടുത്തിട്ടില്ലെന്നും ഷാനവാസ് മൊഴി നൽകിയെന്നാണ് വിവരം. സിപിഎമ്മിന്റെ തുമ്പോളി, ആലപ്പുഴ സൗത്ത്, ആലുശ്ശേരി നേതാക്കൾ ചില രേഖകൾ സഹിതം എസ്‌പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാനവാസിനെതിരെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. ഇവരുടെ പരാതിയിൽ ഷാനവാസിന് അനധികൃതമായ സാമ്പത്തിക ഇടപാടുകളും റിയൽ എസ്റ്റേറ്റ് ബിസിനസുമുണ്ടെന്നും ക്രിമിനൽ സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും ആരോപിച്ചിരുന്നു. രണ്ടാഴ്ച മുൻപ് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഷാനവാസിനെതിരെ ഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു.

പൊലീസ് അന്വേഷണം കൂടാതെ ലഹരിക്കടത്ത് കേസിൽ സിപിഎം അന്വേഷണ കമ്മീഷനും ഷാനവാസിനെതിരെ അന്വേഷണം നടത്തുന്നുണ്ട്. ഫെബ്രുവരി മധ്യത്തോടെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന കമ്മിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. ഷാനവാസിനെതിരായ പൊലീസ് അന്വേഷണത്തിലെ വിവരങ്ങളും അന്വേഷണ കമ്മീഷൻ ഗൗരവത്തിലെടുക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ ഷാനവാസിനെതിരെ നടപടി കടുപ്പിക്കാതിരിക്കാൻ മറു തന്ത്രമെന്ന നിലയിലാണ് പുതിയ ആരോപണങ്ങളെന്ന വിലയിരുത്തലും ഉണ്ട്. അതേ സമയം നഗ്‌നദൃശ്യ വിവാദത്തിൽ കുടങ്ങിയ എ പി സോനയെ സംരക്ഷിക്കാൻ ശ്രമിച്ചത് ഇപ്പോൾ ആരോപണം നേരിടുന്ന നേതാവാണ്. ഇതാണ് പാർട്ടിയിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. ഒടുവിൽ ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.പി. സോണയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും സോനയ്ക്ക് ജില്ലാ നേതൃത്വം രക്ഷാ കവചമൊരുക്കുന്നുവെന്ന വിമർശനമാണ് ഉയരുന്നത്. രണ്ടംഗ അന്വേഷണ കമ്മിഷൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ സോനയ്ക്ക് എതിരെ നടപടി എടുത്തത്.

കമ്മിഷൻ നൽകിയ റിപ്പോർട്ട് ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ച ശേഷമായിരുന്നു നടപടി.രണ്ടുമാസം മുമ്പായിരുന്നു സംഭവം. പാർട്ടി അംഗങ്ങൾ അടക്കമുള്ള വനിതകളെ ബ്രാൻഡഡ് അടിവസ്ത്രങ്ങൾ വാങ്ങി നല്കി പീഡിപ്പിച്ചതിനാണ് ഉപരി കമ്മിറ്റിയിൽ നിന്നും സംരക്ഷണം ഉണ്ടയെങ്കിലും സോനയെ പുറത്താക്കിയത്. ഇതിനിടെ ജില്ലയിലെ വിഭാഗീയതയ്ക്ക് അറുതി വരുത്താൻ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ചില കർശന നടപടികൾ എടുത്തുവെങ്കിലും അത് ഫലം കണ്ടില്ല. മാത്രമല്ല നെടുമുടി , കുട്ടനാട് മേഖലയിൽ നിന്നും നല്ലൊരു വിഭാഗം പാർട്ടി വിട്ടു പോകുകയും ചെയ്തു. ജില്ലയിലെ വിഭാഗീയത സംബന്ധിച്ച് പി കെ ബിജുവിവും ടി പി രാമകൃഷ്ണനും അംഗങ്ങളായ കമ്മീഷൻ അടുത്ത മാസം റിപ്പോർട്ട് നല്കാനിരിക്കെയാണ് പുതിയ വിവാദങ്ങൾ ആലപ്പുഴയിലെ പാർട്ടിയെ പിടിച്ചു കുലുക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP