Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

140 സീറ്റുകൾ ലഭിക്കില്ലെന്ന് ഉറപ്പായതോടെ മറ്റ് പ്രതിപക്ഷ കക്ഷികൾക്ക് കൂടി സ്വീകാര്യനായ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ തേടിയുള്ള കോൺഗ്രസ് അന്വേഷണം എത്തി നിൽക്കുന്നത് എകെ ആന്റണിയിൽ; മമതയ്ക്കും ജഗ് മോഹനും ചന്ദ്രശേഖർ റാവുവിനും വരെ സ്വീകാര്യനായതോടെ കൂട്ടുകക്ഷി സർക്കാരിനെ നയിക്കാനുള്ള ഉത്തരവാദിത്തം മലയാളി നേതാവ് ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുകൾ; ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുമ്പോൾ മമതയോ മായാവതിയോ എന്ന ചർച്ച ഒടുവിൽ എത്തി നിൽക്കുന്നത് ആന്റണിയിൽ തന്ന

140 സീറ്റുകൾ ലഭിക്കില്ലെന്ന് ഉറപ്പായതോടെ മറ്റ് പ്രതിപക്ഷ കക്ഷികൾക്ക് കൂടി സ്വീകാര്യനായ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ തേടിയുള്ള കോൺഗ്രസ് അന്വേഷണം എത്തി നിൽക്കുന്നത് എകെ ആന്റണിയിൽ; മമതയ്ക്കും ജഗ് മോഹനും ചന്ദ്രശേഖർ റാവുവിനും വരെ സ്വീകാര്യനായതോടെ കൂട്ടുകക്ഷി സർക്കാരിനെ നയിക്കാനുള്ള ഉത്തരവാദിത്തം മലയാളി നേതാവ് ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുകൾ; ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുമ്പോൾ മമതയോ മായാവതിയോ എന്ന ചർച്ച ഒടുവിൽ എത്തി നിൽക്കുന്നത് ആന്റണിയിൽ തന്ന

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നാളെ അവസാന ഘട്ട വോട്ടെടുപ്പ്... എക്‌സിറ്റ് പോൾ ഫലം വൈകുന്നേരത്തോടെ എത്തും. അതിലെ വിജയി ആരായാലും അപ്പോഴും തുടരും അവകാശ വാദങ്ങൾ. 23ന് പെട്ടി പൊട്ടും. ഇതോടെ യഥാർത്ഥ വിജയിലും ആരെന്ന് വ്യക്തമാകും. ബിജെപിക്ക് ഒരിക്കലും കേവല ഭൂരിപക്ഷം കിട്ടില്ലെന്നാണ് റിപ്പോർട്ട്. ബിജെപി മുന്നണിക്കും 220 സീറ്റിന് അപ്പുറം കിട്ടില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. തിരിച്ചടി അതിനപ്പുറമാകുമെന്ന് കരുതുന്നവരും ഉണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം സർക്കാരുണ്ടാക്കാൻ ചർച്ചകൾ സജീവമാക്കിയത്. മമതാ ബാനർജിയും മായാവതിയും കെ ചന്ദ്രശേഖര റാവുവും ചന്ദ്രബാബു നായിഡുവും ശരത് പവാറും എല്ലാം പ്രധാനമന്ത്രിയായി എങ്ങനെ മാറാമെന്ന ചിന്തയിലാണ്. കോൺഗ്രസ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തികാട്ടുന്നത് രാഹുൽ ഗാന്ധിയെയാണ്. എന്നാൽ രാഹുലിനെ പിന്തുണയ്ക്കാൻ കഴിയില്ലെന്ന് ചൂണ്ടിയാണ് പ്രാദേശിക പാർട്ടികൾ അവരുടെ നേതാവിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നത്. ഇത് മനസ്സിലാക്കി കോൺഗ്രസ് പുതു തന്ത്രം ഒരുക്കുകയാണ്. രാഹുലിന് അപ്പുറത്തേക്ക് ഒരു പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ അവർ കണ്ടെത്തി കഴിഞ്ഞു. ഏല്ലാവർക്കും സുസമ്മതനായ എകെ ആന്റണി.

140 സീറ്റുകൾ ലഭിക്കില്ലെന്ന് ഉറപ്പായതോടെ മറ്റ് പ്രതിപക്ഷ കക്ഷികൾക്ക് കൂടി സ്വീകാര്യനായ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ തേടിയുള്ള കോൺഗ്രസ് അന്വേഷണം എത്തി നിൽക്കുന്നത് എകെ ആന്റണിയിലെന്നാണ് സൂചന. സോണിയാ ഗാന്ധിയാണ് ആന്റണിയെ ഉയർത്തിക്കാട്ടാൻ മുന്നോട്ട് വരുന്നത്. രാഹുൽ ഗാന്ധിക്കും വ്യക്തമായ മുൻതൂക്കമില്ലാത്ത സർക്കാരിനെ നയിക്കാൻ താൽപ്പര്യമില്ല. മോദി സർക്കാരിനെതിരെ രണ്ടാം ബദലിലെന്ന നിലയിൽ അഴിമതിക്കറ പുരളാത്ത ആന്റണിയെ ഉയർത്തിക്കാട്ടാനാണ് സോണിയയുടെ ആഗ്രഹം. പ്രാദേശിക നേതാക്കളെ ഇക്കാര്യം താമസിയാതെ സോണിയ അറിയിക്കും. ഫലം പുറത്തു വരുന്നതുവരെ ഇതിനായി കാത്തിരിക്കാനാണ് തീരുമാനം. കോൺഗ്രസിന് അപ്രതീക്ഷിത മുന്നേറ്റം ഉണ്ടായാൽ രാഹുലിനെ തന്നെ ഉയർത്തികാട്ടാനാണ് ഇത്. എല്ലാ പ്രാദേശിക നേതാക്കൾക്കും ആന്റണിയോട് നല്ല മതിപ്പാണുള്ളത്. ഈ സാഹചര്യമാണ് മുൻ കേരളാ മുഖ്യമന്ത്രിക്ക് തുണയാകുന്നത്.

മമതയ്ക്കും ജഗ്മോഹനും ചന്ദ്രശേഖർ റാവുവിനും വരെ സ്വീകാര്യനായതോടെ കൂട്ടുകക്ഷി സർക്കാരിനെ നയിക്കാനുള്ള ഉത്തരവാദിത്തം മലയാളി നേതാവ് ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുകൾ ഡൽഹിയിൽ സജീവമാണ്. ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുമ്പോൾ മമതയോ മായാവതിയോ എന്ന ചർച്ച ഒടുവിൽ എത്തി നിൽക്കുന്നത് മലയാളി നേതാവിലാണ്. ഇതിന് മുമ്പ് കേരളത്തിൽ നിന്ന് ആരും പ്രധാനമന്ത്രിയായിട്ടില്ല. കെ ആർ നാരായണൻ പ്രസിഡന്റായിരുന്നു. അങ്ങനെ രാജ്യത്തെ പ്രഥമ പദവിയിൽ മലയാളി എത്തിയപ്പോഴും ഭരണം തിരിക്കുന്ന കസേരയിൽ കേരളത്തിൽ നിന്ന് ആരും വന്നിരുന്നില്ല. ഇതിനാകും ആന്റണി പ്രധാനമന്ത്രിയായാൽ മാറ്റമുണ്ടാവുക. കോൺഗ്രസിലും സർവ്വ സമ്മതനാണ് ആന്റണി. പ്രവർത്തക സമിതി അംഗങ്ങളുടെ പട്ടികയിൽ രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും മന്മോഹൻ സിംഗും കഴിഞ്ഞാൽ അടുത്ത സ്ഥാനം ആന്റണിക്കാണ്. മുൻ പ്രധാനമന്ത്രി എന്ന നിലയിലാണ് മന്മോഹൻ മൂന്നാം സ്ഥാനക്കാരനാകുന്നത്. ആന്റണി നാലാമനാകുന്നത് പാർട്ടിയിലെ സ്ഥാനം കൊണ്ടും.

രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതും ആന്റണിയാണ്. രാഹുലിനെ വയനാട് മത്സരിക്കാൻ പ്രേരിപ്പിച്ചതും ചരട് വലികൾ നടത്തിയതും ആന്റണിയാണ്. പ്രവർത്തക സമിതിയിൽ ഉൾപ്പെടെ അതിനിർണ്ണായകമായ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്ന നേതാവാണ് ആന്റണി. സോണിയാ ഗാന്ധിക്കും ഏറെ വിശ്വസ്തൻ. മന്മോഹൻ സർക്കാരിൽ ആന്റണിക്ക് പ്രതിരോധ മന്ത്രി പദം നൽകിയതും സോണിയയുടെ പ്രത്യേക താൽപ്പര്യം കാരണമായിരുന്നു. മന്മോഹൻ മന്ത്രിസഭയിലെ രണ്ടാമനെന്ന പദവിയും ആന്റണിക്കായിരുന്നു. പല പ്രതിരോധ ഇടപാടുകളും അഴിമതി ചർച്ചയിലേക്ക് കടക്കാത്തത് ആന്റണിയുടെ ക്ലീൻ ഇമേജ് കാരണമായിരുന്നു. ഈ ക്ലീൻ ഇമേജാണ് ആന്റണിക്ക് അടുത്ത പ്രധാനമന്ത്രി പദത്തിലേക്ക് വഴിയൊരുക്കുന്നതെന്നാണ് സൂചന. മമതയുടെ നിലപാടാകും ഇതിൽ നിർണ്ണായകം. കോൺഗ്രസിൽ പ്രവർത്തിക്കുമ്പോൾ മമതയ്ക്ക് ഏറ്റവും അടുപ്പമുള്ള നേതാവായിരുന്നു ആന്റണി. അഴിമതിക്കെതിരെ നിലപാട് എടുക്കുന്ന സ്ഥാന മോഹിയല്ലാത്ത നേതാവെന്ന പരിവേഷമാണ് ആന്റണിയെ മമതയുടെ പ്രിയപ്പെട്ട നേതാവാക്കിയത്.

ലോക്സഭ തെരഞ്ഞെടുപ്പ് അന്തിമഘട്ടത്തിലേക്ക് അടുത്തെത്തി നിൽക്കെ കേന്ദ്രത്തിൽ ആര് അധികാരത്തിലേറുമെന്ന ചർച്ചയും ചൂടുപിടിച്ചിട്ടുണ്ട്. തൂക്കുസഭയാകും ഫലമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ പാർട്ടികളിലും ചർച്ചകൾ സജീവമാണ്. പ്രതിപക്ഷത്ത് മായാവതി, മമതാബാനർജി, ചന്ദ്രശേഖര റാവു തുടങ്ങി മുലായം സിങ് യാദവ് വരെ പ്രധാനമന്ത്രി പദമോഹികളുടെ നിര തന്നെയുണ്ട്. ഇതിനിടെ ബിജെപിക്ക് ഭൂരിപക്ഷം കിട്ടാത്ത അവസ്ഥയാണെങ്കിൽ എ കെ ആന്റണി പൊതുസമ്മത പ്രധാനമന്ത്രിയായേക്കുമെന്ന സൂചന നൽകി മുൻ കോൺഗ്രസ് നേതാവും ഇപ്പോൾ ഇടതുപക്ഷ സഹയാത്രികനുമായ ചെറിയാൻ ഫിലിപ്പ് രംഗത്ത് വന്നിരുന്നു. .ഈ പോസ്റ്റും ചർച്ചകൾക്ക് പുതിയ തലം കേരളത്തിൽ നൽകുന്നുണ്ട്. ആന്റണിയുമായി ഏറെ അടുപ്പമുള്ള നേതാവാണ് ചെറിയാൻ ഫിലിപ്പ്. ഒരു കാലത്ത് ആന്റണിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ. അതുകൊണ്ട് തന്നെ കോൺഗ്രസ് വൃത്തങ്ങളിലെ സജീവ ചർച്ചയായ ആന്റണിയുടെ പ്രധാനമന്ത്രി സാധ്യത ചെറിയാൻ ഫിലിപ്പും ചർച്ചയാക്കുകയാണ്.

പ്രസിഡന്റ് രാം നാഥ് കോവിന്ദ്് ബിജെപിയുടെ മുൻ നേതാവാണ്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കൂടുതൽ സീറ്റ് കിട്ടിയാൽ ഏറ്റവുമധികം സീറ്റ് കിട്ടുന്ന കക്ഷിയുടെ നേതാവെന്ന നിലയിൽ നരേന്ദ്ര മോദിയെ രാഷ്ട്രപതി ക്ഷണിക്കും. എന്നാൽ മോദിക്ക് ഭൂരിപക്ഷം തെളിയക്കാൻ കഴിയില്ലെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഭൂരിപക്ഷം തെളിയിക്കാൻ കഴിയുന്നില്ലെങ്കിൽ അടുത്ത ഊഴം കോൺഗ്രസ്സിനായിരിക്കും. പ്രമുഖ പ്രാദേശിക കക്ഷികളിൽ പലതും രാഹുൽ ഗാന്ധിയെ അംഗീകരിക്കാൻ തയ്യാറാവില്ല.പത്തു വർഷത്തെ ഭരണ വീഴ്ചയുടെ ഉത്തരവാദിയായ മന്മോഹൻ സിംഗിനെ എതിർക്കുന്നവർ ഉണ്ടാകും. മമത ബാനർജി , മായാവതി, ശരത് പവാർ, മുലായം സിങ് യാദവ്, ദേവഗൗഡ, ചന്ദ്രബാബു നായിഡു, ചന്ദ്രശേഖര റാവു തുടങ്ങിയവർ പ്രധാനമന്ത്രി കാംക്ഷികളാണ്. എന്നാൽ പലരും പരസ്പരം പാരവയ്ക്കും. ഇതോടെ പുതിയ മുഖങ്ങളിലേക്ക് ചർച്ചകളെത്തും. അങ്ങനെ വന്നാൽ നറുക്കു വീഴുന്നത് ആന്റണിക്കായിരിക്കും.

കോൺഗ്രസ് നേതൃത്വത്തിനും മിക്ക കക്ഷികൾക്കും ആന്റണി സ്വീകാര്യനായിരിക്കും. തമിഴ്‌നാട്ടിൽ ഡിഎംകെയെ നയിക്കുന്ന സ്റ്റാലിന് ആന്റണിയോട് വലിയ താൽപ്പര്യമാണ്. കോൺഗ്രസിൽ രാഹുൽ ഗാന്ധിയോട് തീരെ താൽപ്പര്യമില്ലാത്ത നേതാവാണ് തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. മമതയും രാഹുലിന്റെ നേതൃത്വത്തെ അംഗീകരിക്കില്ല. അതുകൊണ്ട് തന്നെ രാഹുലിനെ ഉയർത്തിക്കാട്ടി ചർച്ചകൾ തുടർന്നാൽ പ്രധാനമന്ത്രി പദം കോൺഗ്രസിന് നഷ്ടമാകും. അതുകൊണ്ട് തന്നെ തലയെടുപ്പുള്ള ആന്റണിയെ ഉയർത്തിക്കാട്ടണമെന്ന വികാരം സോണിയയ്ക്കുണ്ട്. കോൺഗ്രസിലെ മറ്റ് പ്രധാന നേതാക്കൾക്കെല്ലാം അഴിമതി ആരോപണത്തിന്റെ കരിനിഴലുണ്ട്. പ്രതിരോധമന്ത്രിയായിട്ട് പോലും ആന്റണിയെ ഇത്തരം ആരോപണങ്ങൾ സ്പർശിക്കുന്നില്ല. അഴിമതി രഹിത ഭരണമെന്ന മുദ്രാവാക്യം ഉയർത്താൻ ആന്റണി തന്നെയാണ് മികച്ചതെന്ന ചിന്ത ദേശീയ രാഷ്ട്രീയത്തിൽ സജീവമാകുന്നതും.

ഇന്ത്യയിൽ കൂടുതൽ കാലം പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രി ആണ് എ.കെ. ആന്റണി. തുടർച്ചയായി 7 വർഷം. 37 ആം വയസ്സിൽ കേരളത്തിലെ പ്രായം കുറഞ്ഞ മുഖ്യ മന്ത്രിയായ ആന്റണി മൂന്ന് തവണ കേരളം ഭരിച്ചു. രാജ്യസഭയിൽ 1985 മുതൽ 91 വരെയും 1991 മുതൽ 95 വരെയും അംഗമായിരുന്നു. നരസിംഹറാവു മന്ത്രിസഭയിൽ പൊതുവിതരണം വകുപ്പായുള്ള ക്യാബിനറ്റ് മന്ത്രിയായിരുന്നു. ഇപ്പോൾ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും കോൺഗ്രസ് അച്ചടക്ക സമിതി അംഗവുമായി പ്രവർത്തിക്കുന്നു. കേരളത്തിൽ ചാരായ നിരോധനം കൊണ്ടുവന്നത് ആന്റണിയാണ്. സ്വകാര്യ മാനേജുമെന്റുകൾക്ക് സ്വാശ്രയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ അനുമതി കൊടുത്തതും ആന്റണിയാണ്.

കേന്ദ്രത്തിൽ ഭക്ഷ്യ വിതരണ മന്ത്രിയായിരുന്ന സമയത്ത് തനിക്കെതിരെ വ്യാജമായി ഉയർന്നതെന്ന് തെളിഞ്ഞ ആരോപണത്തിലും ആന്റണി മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. അങ്ങനെ ദേശീയ രാഷ്ട്രീയത്തിൽ വ്യത്യസ്തമായ മുഖമായി ആന്റണി മാറിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP