Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

പ്രളയത്തിൽ തൃശൂരിനെ വെള്ളത്തിൽ മുക്കിയത് ശോഭാ സിറ്റിയുടെ പുഴയ്ക്കൽ പാടത്തെ കൈയേറ്റം; പി എൻ സി മേനോന്റെ 19 ഏക്കർ വയൽ കൈയേറ്റത്തിലെ കള്ളി വെളിച്ചത്തുകൊണ്ടു വന്നത് ഈ മിടുമിടുക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിൻവാങ്ങാതെ നിയമ പോരാട്ടം ജയിച്ചിട്ടും അഞ്ച് കൊല്ലമായിട്ടും വിധി നടപ്പാക്കേണ്ടവർ തുടരുന്നത് കുറ്റകരമായ മൗനം; പ്രവാസി വ്യവസായിക്ക് പത്മശ്രീ കിട്ടാത്തതിന് പിന്നിലും അഡ്വ വിദ്യാ സംഗീതിന്റെ നീതി ബോധം; ശതകോടീശ്വരന്റെ കൈയേറ്റം തൃശൂരിനെ മുക്കി കൊല്ലുമ്പോൾ

പ്രളയത്തിൽ തൃശൂരിനെ വെള്ളത്തിൽ മുക്കിയത് ശോഭാ സിറ്റിയുടെ പുഴയ്ക്കൽ പാടത്തെ കൈയേറ്റം; പി എൻ സി മേനോന്റെ 19 ഏക്കർ വയൽ കൈയേറ്റത്തിലെ കള്ളി വെളിച്ചത്തുകൊണ്ടു വന്നത് ഈ മിടുമിടുക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിൻവാങ്ങാതെ നിയമ പോരാട്ടം ജയിച്ചിട്ടും അഞ്ച് കൊല്ലമായിട്ടും വിധി നടപ്പാക്കേണ്ടവർ തുടരുന്നത് കുറ്റകരമായ മൗനം; പ്രവാസി വ്യവസായിക്ക് പത്മശ്രീ കിട്ടാത്തതിന് പിന്നിലും അഡ്വ വിദ്യാ സംഗീതിന്റെ നീതി ബോധം; ശതകോടീശ്വരന്റെ കൈയേറ്റം തൃശൂരിനെ മുക്കി കൊല്ലുമ്പോൾ

എം മനോജ് കുമാർ

തൃശൂർ: മാനംമുട്ടെ ഫ്‌ളാറ്റ് സമുച്ഛയങ്ങൾ കെട്ടിപ്പൊക്കിയതിന്റെ ദുരിതമാണ് ചെന്നൈ പോലുള്ള നഗരങ്ങളെ പ്രളയത്തിന്റെ രൂപത്തിൽ ദുരിതത്തിലാക്കിയത്. വർഷങ്ങൾക്ക് ശേഷം കൊച്ചിയിലും ആലുവയിലും വെള്ളം കയറി. ഇതേക്കുറിച്ച് പല കോണുകളിൽ നിന്നും ചർച്ച നടക്കുന്നതിനിടെ പരിസ്ഥിതി പ്രേമികൾക്ക് മുമ്പിലേക്ക് മരട് ഫ്ളാറ്റ് കേസിലെ വിധിയെത്തി. അത് നടപ്പാണമെന്ന് പൊതു സമൂഹം ആവശ്യപ്പെടുമ്പോൾ ചർച്ചയാകുന്നത് പ്രമുഖ വ്യവസായി പിഎൻസി മേനോന്റെ ഉടമസ്ഥതയിലുള്ള ശോഭാ സിറ്റി നികത്തിയ 19 ഏകർ നെൽവയൽ പൂവ്വസ്ഥിതിയിലാക്കാനുള്ള പഴയ ഉത്തരവാണ്. വലിയ തോതിലാണ് പഴയ ഈ സംഭവം സോഷ്യൽ മീഡിയ ചർച്ചയാക്കുന്നത്. വയൽ നികത്തുന്നത് തടഞ്ഞ ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ ശോഭാ സിറ്റി അധികൃതർ സമർപ്പിച്ച റിവിഷൻ ഹർജി തള്ളിയാണ് അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണറുടെ ഉത്തരവ് എത്തിയത്. ടൗൺഷിപ്പിനായി നികത്തിയ 19 ഏക്കർ നെൽവയലും പൂർവ്വസ്ഥിതിയിലാക്കണമെന്ന് 2015ൽ അഗ്രി. പ്രൊഡക്ഷൻ കമ്മിഷണർ സുബ്രത ബിശ്വാസ് ഉത്തരവിട്ടു. ശോഭാ സിറ്റിക്കെതിരെ പടപൊരുതിയ തൃശ്ശൂർ മുൻ ജില്ലാപഞ്ചായത്തംഗം അഡ്വ. വിദ്യാ സംഗീതിന്റെ വിജയം കൂടിയായിരുന്നു ഈ ഉത്തരവ്. പദ്ധതിക്കെതിരെ അന്യായമായി നിലം നികത്തുന്നതിനെതിരെ പോരാട്ടം നടത്തിയത് വിദ്യാ സംഗീതായിരുന്നു. മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ച ഈ വാർത്ത അന്ന് മറുനാടൻ മാത്രമാണ് വലിയ പ്രാധാന്യത്തോടെ ചർച്ചയാക്കിയത്.

Stories you may Like

കൊച്ചി മരടിലെ അഞ്ച് അനധികൃത ഫ്‌ളാറ്റുകളും പൊളിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് കേരളത്തിൽ കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കെ ശോഭാ സിറ്റിക്കെതിരെ ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഒരുത്തരവ് ഇതുവരെ നടപ്പിലാക്കിയില്ലെന്ന് അന്ന് പടപൊരുതിയ അഡ്വ. വിദ്യാ സംഗീത് മറുനാടനോട് പ്രതികരിക്കുന്നത് വേദനയും വിഷമവും നിറഞ്ഞ വാക്കുകളിലൂടെയാണ്. തൃശൂരിന്റെ ജലസ്രോതസായ പുഴയ്ക്കൽ പാടം മുഴുവൻ ശോഭാ സിറ്റി മണ്ണിട്ട് നികത്തുന്നത് കണ്ടു ഹൈക്കോടതിയിൽ നൽകിയ പരാതിയെ തുടർന്ന് ജില്ലാ കളക്ടർ കോടതിയിൽ സമർപ്പിച്ച ഉത്തരവ് ഇതുവരെ നടപ്പാക്കപ്പെട്ടിട്ടില്ലെന്നും വിദ്യാ സംഗീത് മറുനാടൻ മലയാളിയോട് പറഞ്ഞു. ശോഭാ സിറ്റി നികത്തിയ പുഴയ്ക്കൽ പാടത്തെ 19 ഏക്കർ നെൽവയൽ പൂവ്വസ്ഥിതിയിലാക്കാനുള്ള ഉത്തരവ് ഇപ്പോഴും നിലനിൽക്കുകയാണ്. കഴിഞ്ഞ രണ്ടു പ്രളയങ്ങളിലും തൃശൂർ നഗരം വെള്ളത്തിൽ മുങ്ങിയെങ്കിലും പുഴക്കൽ പാടം ഇതേവരെ പൂർവ സ്ഥിതിയിലായിട്ടില്ല. രണ്ടു പ്രളയ സമയത്തും തൃശൂർ അയ്യന്തോൾ നഗരം വെള്ളത്തിൽ മുങ്ങി. കളക്ടറെറ്റിനു സമീപം വരെ വെള്ളമെത്തി. പക്ഷെ ആരും അനങ്ങിയില്ല. പുഴയ്ക്കൽ പാടം നികത്തപ്പെട്ടതാണ് തൃശൂരിനുണ്ടായ ദുർവിധിക്ക് കാരണം.

ശോഭാ സിറ്റിക്ക് എതിരെയുള്ള പോരാട്ടം ഞാൻ നടത്തിയത് ഒറ്റയ്ക്കാണ്. എന്റെ കയ്യിലുള്ള പൈസ നൽകിയാണ് ഞാൻ കേസുമായി മുന്നോട്ടു പോയത്. തൃശൂരിലെ ജനങ്ങൾക്ക് പൊതുവായി വേണ്ടിയാണ് ഞാൻ ഫൈറ്റ് ചെയ്തത്. ഞാൻ ഓർഡർ വാങ്ങി നൽകി. എന്തുകൊണ്ട് ജനങ്ങളും രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും അനങ്ങുന്നില്ല. ശോഭാ സിറ്റിക്ക് എതിരെ നീങ്ങിയപ്പോൾ എനിക്ക് എതിരെ വധശ്രമം വരെ നടന്നു. ഒരു ജനപ്രതിനിധിയുടെ ലേബലിൽ കൂടിയല്ല ഞാൻ പോയത്. ഒരു സ്ത്രീ എന്ന നിലയിൽ ഒറ്റയ്ക്കാണ് പോയത്, ഞാൻ വളരെ സ്ട്രഗിൾ ചെയ്തു. സ്‌ട്രെയിൻ ചെയ്തു. എന്തുകൊണ്ട് ജനങ്ങൾക്ക് പുറത്ത് വന്നു ഈ ആവശ്യം മുഴക്കിക്കൂടാ. ഞാൻ ഒരു ഉത്തരവ് വാങ്ങിയിട്ടുണ്ട്. ഒരു പാട് സഫർ ചെയ്ത ഉത്തരവ് ആണിത്. ആ ഉത്തരവ് നടപ്പിലാക്കാൻ ആവശ്യപ്പെടാൻ ഇവിടെ ഇഷ്ടം പോലെ രാഷ്ട്രീയ പാർട്ടികൾ ഉണ്ട്.കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ തൃശൂർ പൊതുവേ അയ്യന്തോൾ ഒരു സൈഡ് മുഴുവൻ മുങ്ങിപ്പോയി. എല്ലാവരും ശബ്ദം ഉയർത്താതെ സഫർ ചെയ്യുകയാണ്.-വിദ്യാ സംഗീത് പറയുന്നു.

തൃശൂർ -കുറ്റിപ്പുറം ദേശീയ പാതയോരത്ത് പുഴക്കലിൽ നികത്തിയ 19 ഏക്കർ നെൽവയലാണ് പൂർവ്വ സ്ഥിതിയിലാക്കാൻ ഉത്തരവിട്ടത്. ശോഭാ സിറ്റിയുടെ അനധികൃത വയൽ നികത്തലിനെതിരെ വിദ്യ സംഗീത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഇവിടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ കോടതി സ്റ്റേ ചെയ്യുകയും വയൽ നികത്തൽ തടയാൻ എന്ത് നടപടി എടുത്തുവെന്ന് ജില്ലാ കളക്ടറോട് ആരായുകയും ചെയ്തിരുന്നു. കോടതിക്ക് വിശദീകരണം നൽകേണ്ടതിനാൽ അന്നത്തെ ജില്ലാ കളക്ടറായിരുന്ന എംഎസ് ജയയാണ് നികത്തിയ വയൽ പൂർവ്വ സ്ഥിതിയിലാക്കാൻ ഉത്തരവിട്ടത്. ഇതിനെതിരെയാണ് ശോഭാസിറ്റി ഉടമകൾ തണ്ണീർതട സംരക്ഷണ നിയമത്തിലെ വകുപ്പുകൾ ചൂണ്ടിക്കാട്ടി അഗ്രികൾച്ചറൽ പ്രൗഡക്ഷൻ കമ്മിഷണർക്ക് അപ്പീൽ നൽകിയത്. ഈ ഹർജി തള്ളുകയും നികത്തിയ 19 ഏക്കർ വയൽ പൂർവ്വസ്ഥിതിയിലാക്കാൻ ഉത്തരവിടുകയും ചെയ്യുകയായിരുന്നു.

വയലൂർ റിയൽറ്റേഴ്‌സ്, വലാസി വെട്ടിക്കാട്ട് റിയൽറ്റേഴ്‌സ്, പുഴക്കല് റിയൽറ്റേഴ്‌സ് എന്നീ കമ്പനികളുടെതെന്ന് പറഞ്ഞ് 64 ഏക്കർ ഭൂമിയാണ് നികത്തിയതെന്നാണ് ആരോപണം. ശോഭാസിറ്റി നിൽവിൽവന്നതോടെ, പരിസര പ്രദേശങ്ങളിൽ കടുത്ത കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നതായും പരാതിയുണ്ട്. പരിസരവാസികളുടെ പരാതിയിൽ കഴിഞ്ഞ വർഷം ജില്ലാ കളക്ടർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമോ നൽകിയിരുന്നെങ്കിലും പരാതിക്കാർ പിന്മാറിയതോടെ വീണ്ടും നികത്തൽ തുടരുകയായിരുന്നു. തുടർന്നാണ് വിദ്യാ സംഗീത് ഹൈക്കോടതിയെ സമീപിച്ചത്. ഇതാണ് ശോഭാ സിറ്റിക്ക് വിനയായത്. ഈ 19 ഏക്കറിൽ തുടർ നിർമ്മാണം നടന്നില്ലെന്നത് മാത്രമാണ് ഏക ആശ്വാസം. അപ്പോഴും വയൽ പൂർവ്വ സ്ഥിതിയിൽ ആയിട്ടില്ല.

പോരാട്ട കഥ സംഗീത വിശദീകരിക്കുന്നത് ഇങ്ങനെ

തൃശൂർ നഗരത്തിന്റെ തണ്ണീർത്തടമാണ് പുഴയ്ക്കൽ പാടം. ഇവിടെ വെള്ളം കെട്ടിനിന്നാൽ മാത്രമേ തൃശൂർ നഗരത്തിൽ വെള്ളം ലഭിക്കൂ. ആ പാടമാണ് ശോഭാ സിറ്റി ഉൾപ്പെടെയുള്ളവർ നികത്തിക്കഴിഞ്ഞത്. ഇപ്പോൾ പുഴയ്ക്കൽ പാടത്ത് പെട്ടെന്ന് വെള്ളം നിറയും. എല്ലാ തോടുകളും ശോഭാ സിറ്റി നികത്തിക്കഴിഞ്ഞു. വെള്ളത്തിനു പോകാൻ വഴിയില്ല. വെള്ളം ഇപ്പോൾ കയറുന്നത് തൃശൂർ നഗരത്തിലേക്ക് ആണ്. ഈ പ്രളയത്തിൽ തൃശൂർ അയ്യന്തോൾ വരെ വെള്ളമെത്തി. കളക്ടറെറ്റിനു അടുത്ത് വരെ വെള്ളമെത്തി. ഒരാൾ പോലും ഒരു മാധ്യമം പോലും അത് വാർത്തയാക്കിയില്ല. പുഴയ്ക്കൽ പാടം നികത്തിയതുകൊണ്ട് മാത്രമാണ് തൃശൂർ വെള്ളത്തിൽ മുങ്ങുന്നത്. ഇത് തുറന്നെഴുതാൻ ആർക്കും ധൈര്യമില്ല. ആരും ശോഭാ സിറ്റിക്ക് എതിരെ പിഎൻസിമേനോന് എതിരെ വാർത്ത നൽകില്ല. തൃശൂർ നഗരം വെള്ളത്തിൽ മുങ്ങുന്നതിന്റെ കാരണങ്ങൾ ആരും തുറന്നു എഴുതില്ല. വെള്ളപ്പൊക്കം മാത്രം അതിന്റെ വാർത്ത നൽകും. രാഷ്ട്രീയ പാർട്ടികൾ എന്താണ് ശബ്ദമുയർത്താത് അവരും അനങ്ങില്ല. ശോഭാ സിറ്റി മാത്രമല്ല കല്യാണും പുഴയ്ക്കൽ പാടത്ത് കെട്ടിടങ്ങൾ നിർമ്മിക്കുന്നുണ്ട്. ഇതൊക്കെ എന്തുകൊണ്ട് ആരും തടയുന്നില്ല.-വിദ്യാ സംഗീത ചോദിക്കുന്നു.

അഞ്ചു വർഷം മുൻപാണ് ഞാൻ കലക്ടർക്ക് പരാതി നൽകുന്നത്. കലക്ടർ ആ പരാതിയിൽ യാതൊരു നടപടിയും എടുത്തില്ല. അന്ന് കലക്ടർ ആയിരുന്നത് എം.എസ്.ജയയും ആർഡിഒ ആയിരുന്നത് മീർ മുഹമ്മദലി ഐഎഎസും ആയിരുന്നു. നടപടികൾ ഇഴഞ്ഞപ്പോൾ ഞാൻ ഹൈക്കോടതിയെ സമീപിച്ചു. അന്ന് ചീഫ് ജസ്റ്റിസ് അശോക് ഭൂഷൻ സാർ ആയിരുന്നു. ഹർജിയിൽ അശോക് ഭൂഷൻ സാർ സ്റ്റേ തന്നു. നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തിരമായി തടഞ്ഞു കൊണ്ടാണ് ഉത്തരവ് വന്നത്. മീർ മുഹമ്മദ് നന്നായി ജോലി ചെയ്തു. ഹൈദരാബാദിലുള്ള റിമോട്ട് സെൻസെൻസിങ് ഇൻസ്റ്റിട്ട്യുട്ട് സഹായത്തോടെ 2003 വരെയുള്ള ഭൗമ ചിത്രങ്ങൾ എടുത്തുകൊണ്ട് കൃത്യമായ റിപ്പോർട്ട് തയ്യാറാക്കി ജില്ലാ കളക്ടർ ആയിരുന്ന എം.എസ്.ജയയ്ക്ക് നൽകിയിരുന്നു. പക്ഷെ കളക്ടർ ഒരു നടപടിയും എടുത്തില്ല. ഹൈക്കോടതി എന്ത് നടപടി സ്വീകരിച്ചു എന്ന് ചോദിച്ചപ്പോൾ നടപടി എടുക്കേണ്ടി വന്നു. ശോഭാ സിറ്റി നികത്തിയ 19 ഏക്കർ സ്ഥലം പൂർവസ്ഥിതിയിലാക്കാൻ കളക്ടർ ഉത്തരവിട്ട ശേഷം ആ ഉത്തരവ് ഹൈക്കോടതിയിൽ ഹാജരാക്കുകയാണ് ജില്ലാ കളക്ടർ ചെയ്തത്. അങ്ങിനെ ആ കേസ് ഡിസ്‌പോസ് ആയി.

ശോഭാ സിറ്റി നികത്തിയ 19 ഏക്കർ നെൽവയൽ പൂവ്വസ്ഥിതിയിലാക്കാനുള്ള ഉത്തരവ് ആണ് ഇപ്പോഴും നിലനിൽക്കുന്നത്. . വയൽ നികത്തുന്നത് തടഞ്ഞ ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ ശോഭാ സിറ്റി അധികൃതർ സമർപ്പിച്ച പരാതി പിന്നീട് അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണറും തള്ളി. ടൗൺഷിപ്പിനായി നികത്തിയ 19 ഏക്കർ നെൽവയലും പൂർവ്വസ്ഥിതിയിലാക്കണമെന്ന് അഗ്രി. പ്രൊഡക്ഷൻ കമ്മിഷണർ സുബ്രത ബിശ്വാസ് അന്ന് ഉത്തവിട്ടത്. അതിനുശേഷം ശോഭാ സിറ്റി ലാന്റ് റവന്യൂ കമ്മിഷണർക്ക് പരാതി നൽകി. ഇത് പാടമല്ല പണ്ട് തൊട്ടേ കരഭൂമിയാണ്. അതിനാൽ അവർക്ക് ടാക്‌സ് അടയ്ക്കണം. ഇങ്ങിനെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. ഈ പരാതിയിൽ ഞാൻ കക്ഷിയല്ല. ശോഭാ സിറ്റി നൽകിയ പരാതിയാണത്. പക്ഷെ കളക്ടറുടെ ഓർഡർ ഉണ്ട്. ആ ഓർഡർ അന്നുമുണ്ട്. ഇപ്പോഴുമുണ്ട്. മീർ മുഹമ്മദിന്റെ റിപ്പോർട്ട് മറികടക്കാൻ സുപ്രീംകോടതിയിൽ പോയാലും നടക്കില്ല. അത്രയും സ്‌ട്രോംഗ് ആയുള്ള റിപ്പോർട്ട് ആണത്. അതുകൊണ്ട് തന്നെ സുബ്രതോ വിശ്വാസ് ശോഭയുടെ ആ അപ്പീലും തള്ളിക്കളഞ്ഞു. വയൽ ആണെന്ന കളക്ടറുടെ റിപ്പോർട്ട് നിലവിലുണ്ട്. അതുകൊണ്ട് തന്നെ നികത്തിയ പാടം തിരികെ വയൽ ആക്കുക തന്നെ വേണം. ഇതിൽ വേറെ ഒരു മാറ്റത്തിനും കഴിയില്ല. എത്രയോ ജനപ്രതിനിധികൾ തൃശൂരുണ്ട്. കളക്ടറും ഉണ്ട്. തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോർട്ടിനെ ചൊറിയാൻ ചെന്ന അനുപമ ഇത്രയും കാലം തൃശൂരിൽ കളക്ടർ ആയിരുന്നു. കളക്ടറെറ്റിൽ നിന്നും വെറും രണ്ടു കിലോമീറ്റർ ദൂരം മാത്രമാണ് നികത്തിയ പുഴയ്ക്കൽ പാടത്തിലെക്ക്. മീഡിയാ പബ്ലിസിറ്റി കിട്ടുന്ന പ്രശ്‌നങ്ങളിൽ മാത്രമേ കളക്ടർമാർ ഇടപെടുകയുള്ളൂ. കളക്ടറുടെ ഉത്തരവ് ഇപ്പോഴും ശക്തമായി നിലനിൽക്കുന്നുണ്ട്.

മേനോന് പത്മശ്രീ നഷ്ടമാക്കിയ വിവാദം

ഞാൻ പരാതിപ്പെട്ടപ്പോൾ അന്ന് ശോഭാ സിറ്റിയുടെ വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു. ഞാൻ കുറെ പരാതികൾ നൽകിയ ശേഷമാണ് ഈ നടപടികൾ വന്നത്. വിയ്യൂർ പൊലീസ് പോയാണ് വാഹനങ്ങൾ പിടിച്ചത്. പക്ഷെ ഉത്തരവ് വന്നിട്ടും ജനങ്ങൾക്ക് അത് സഹായകരമായി മാറിയില്ല. ഉത്തരവ് ഇപ്പോഴും നടപ്പിൽ വന്നിട്ടില്ല. കളക്ടറുടെ ഉത്തരവ് ഉത്തരവ് ആയി നിലനിൽക്കുന്നു.അവിടെ ഒന്നും ചെയ്തിട്ടില്ല. ഒരു മീഡിയയും ഇത് പിന്തുണയ്ക്കില്ല. ശോഭാ സിറ്റിയുടെ പി.എൻ.സി.മേനോനും കല്യാൺ ജൂവലെഴ്‌സിന്റെ കല്യാൺ സ്വാമിയുമാണ് ഇതിന്റെ പിന്നിൽ. ഒരു മീഡിയയും ഈ വാർത്ത തൊടില്ല. എല്ലാ മീഡിയകൾക്കും ഇവർ പരസ്യം ധാരാളമായി നൽകും. കളക്ടറെറ്റിന്റെ രണ്ടു കിലോമീറ്റർ ദൂരെയാണ് പുഴക്കൽ പാടം നിലനിൽക്കുന്നത്. നൂറു കണക്കിനു ഏക്കർ ഭൂമിയിലാണ് ശോഭാ സിറ്റി നിലനിൽക്കുന്നത്. അതിന്റെ തൊട്ടുള്ള 19 ഏക്കർ സ്ഥലം നികത്തിയപ്പോഴാണ് ഞാൻ ഇടപെട്ടത്. അതിൽ ബെയ്‌സ്‌മെന്റ് മാത്രമാണ് ഉള്ളത്. അവർ നികത്തിയ പാടം പഴയ നിലയിലാക്കണം. ശോഭാ സിറ്റി ചെയ്യേണ്ട ജോലിയാണ് അത്. അവർ ഒന്നും ചെയ്തില്ല. വിധി വന്നിട്ടും ഇപ്പോൾ അഞ്ചു വർഷമായി.

പുഴയ്ക്കൽ പാടം നികത്തി ശോഭാകെട്ടിടങ്ങൾ കെട്ടാനുള്ള പിഎൻസി മേനോന്റെ ശ്രമങ്ങൾ പുരോഗമിക്കുമ്പോഴാണ് ഇതേ മേനോന് പത്മശ്രീ നൽകാൻ സർക്കാർ തലത്തിൽ നീക്കം നടത്തുന്നത്. ഹൈക്കോടതിയിൽ എന്റെ കേസ് അപ്പോൾ നിലനിൽക്കുകയാണ്. അന്ന് രാഷ്ട്രപതിക്കും ആഭ്യന്തര മന്ത്രിക്കും ഞാൻ പരാതി നൽകി. ക്രിമിനൽ ആക്ടിവിറ്റിയിൽ ഏർപ്പെടുന്ന വ്യക്തിയാണ് പിഎൻസി മേനോൻ എന്നാണ് ഞാൻ ചൂണ്ടിക്കാട്ടിയത്. അതുകൊണ്ട് തന്നെ പി.എൻ.സി.മേനോന് പത്മശ്രീ നൽകരുത് എന്നാണ് ഞാൻ ആവശ്യപ്പെട്ടത്. മേനോന് പത്മശ്രീ നൽകിയില്ല. പക്ഷെ തൃശൂരുകാരുടെ ജലശ്രോതസായ പുഴയ്ക്കൽ പാടം ഇപ്പോഴും പൂർവസ്ഥിതിയിലാക്കാതെ കിടക്കുന്നു. നികത്തിയ തോടുകൾ മുഴുവൻ ശോഭാ സിറ്റിക്കാർ, പിഎൻസി മേനോൻ പഴയ പടിയാക്കണം. ആ ഉത്തരവ് തന്നെയാണ് ഇപ്പോഴും അനക്കം തട്ടാതെ കോൾഡ് സ്റ്റോറെജിൽ കിടക്കുന്നത്- വിദ്യാ സംഗീത് പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP