Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പാർട്ടിയെ അറിയിക്കാതെ വ്യവസായ പ്രമുഖനെതിരെ പരാതി നൽകിയാൽ അത് അച്ചടക്ക ലംഘനം; രഹസ്യ യോഗം ചേർന്ന് പുതൂർക്കര ബ്രാഞ്ച് കമ്മറ്റിയുടെ അതിവേഗ ഇടപെടൽ; ഫോണിൽ തീരുമാനം അറിയിച്ച് ബ്രാഞ്ച് സെക്രട്ടറിയും; മരണ ഭയത്തിൽ ഡിജിപിക്ക് അഭിഭാഷകയുടെ പരാതിയും; ശോഭാ സിറ്റിയെ പ്രതിക്കൂട്ടിലാക്കിയ വിദ്യാ സംഗീതിനെ സിപിഎം പുറത്താക്കുമ്പോൾ

പാർട്ടിയെ അറിയിക്കാതെ വ്യവസായ പ്രമുഖനെതിരെ പരാതി നൽകിയാൽ അത് അച്ചടക്ക ലംഘനം; രഹസ്യ യോഗം ചേർന്ന് പുതൂർക്കര ബ്രാഞ്ച് കമ്മറ്റിയുടെ അതിവേഗ ഇടപെടൽ; ഫോണിൽ തീരുമാനം അറിയിച്ച് ബ്രാഞ്ച് സെക്രട്ടറിയും; മരണ ഭയത്തിൽ ഡിജിപിക്ക് അഭിഭാഷകയുടെ പരാതിയും; ശോഭാ സിറ്റിയെ പ്രതിക്കൂട്ടിലാക്കിയ വിദ്യാ സംഗീതിനെ സിപിഎം പുറത്താക്കുമ്പോൾ

ആർ പീയൂഷ്

തൃശൂർ: വ്യാജ രേഖകൾ ചമച്ച് അനധികൃതമായി പാടം നികത്തി നിർമ്മിച്ച ശോഭാ സിറ്റിക്കെതിരെ നിയമ പോരാട്ടം നടത്തുന്ന സിപിഎം ബ്രാഞ്ച് കമ്മറ്റി മെമ്പറും സംസ്ഥാന കർഷക തൊഴിലാളി യൂണിയൻ ജില്ലാ കമ്മറ്റി അംഗവുമായ അഡ്വ. വിദ്യാ സംഗീതിനെ സിപിഎം ബ്രാഞ്ച് കമ്മറ്റിയിൽ നിന്നും പുറത്താക്കി.

പാർട്ടിയെ അറിയിക്കാതെ വ്യവസായ പ്രമുഖനെതിരെ പരാതി നൽകിയതാണ് കാരണം എന്നാണ് പുറത്താക്കൽ വിശദീകരണം. ഇതോടെ വിദ്യാ സംഗീത് ഏതു നിമിഷവും താൻ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന ഭയത്തിലാണ് വിദ്യ. കാരണം സിപിഎമ്മിൽ നിന്നും പുറത്തായവരെല്ലാം തന്നെ കൊല്ലപ്പെട്ട ചരിചത്രമാണുള്ളത്. അതിനാൽ തന്റെ ജീവന് ഭീഷമിയുണ്ടെന്ന് കാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുകയാണ്. ശോഭാ സിറ്റി ഉടമയ്ക്കും സിപിഎമ്മിനും എതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

ഏതാനം ദിവസങ്ങൾക്ക് മുൻപ് വിദ്യ അംഗമായ പുതൂർക്കര ബ്രാഞ്ച് കമ്മറ്റി രഹസ്യ യോഗം കൂടുകയും വിദ്യയെ പുറത്താക്കാൻ തീരുമാനിക്കുകയുമായിരുന്നു. ബ്രാഞ്ച് സെക്രട്ടറി ഫോൺ മുഖേന വിദ്യയെ വിവരം അറിയിച്ചു. ഇതോടെയാണ് വിദ്യ ഡി.ജി.പിക്ക് പരാതി നൽകിയത്.

സിപിഎം ബ്രാഞ്ച് തലത്തിൽ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും മുൻപും പലവട്ടം ജീവന് ഭീഷണി ഉയർന്നിരുന്നു എന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.അതിനാൽ ശോഭാ സിറ്റി ഉടമയുടെ ഭാഗത്ത് നിന്നും സിപിഎമ്മിന്റെ ഭാഗത്ത് നിന്നും എന്ത് തരത്തിലുള്ള ആക്രമണവും ഉണ്ടാകാൻ സാധ്യതയുണ്ട് എന്നു വിദ്യ പരാതിയിൽ പറയുന്നു. അതേ സമയം സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗ്ഗീസ് വിദ്യയുടെ ആരോപണങ്ങളിൽ കഴമ്പില്ല എന്ന് പ്രതികരിച്ചു.

ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള പുഴയ്ക്കൽ പാടത്തിലെ 19 ഏക്കർ സ്ഥലമാണ് ശോഭാ സിറ്റി 2014ൽ മണ്ണിട്ട് നികത്തിയത്. പരാതിയിന്മേൽ അന്വേഷണം നടക്കുകയും നികത്തൽ നടന്നതായി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. മണ്ണിട്ട് മൂടിയ പാടം പഴയപടിയാക്കാൻ നെൽവയൽ- നീർത്തട സംരക്ഷണ നിയമപ്രകാരം ഉത്തരവുണ്ടായിട്ട് കൊല്ലങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും സ്ഥലത്തെ മണ്ണ് മാറ്റുകയോ കമ്പനിക്കെതിരെ നടപടിയുണ്ടാവുകയോ ചെയ്തിട്ടില്ല.

ശോഭാ സിറ്റി പാടംനിരത്തുന്നതായി ആദ്യം പരാതിപ്പെടുന്നത് കുറ്റൂർ ഗ്രാമത്തിലെ കർഷകരാണ്. ജില്ലാ പഞ്ചായത്തംഗമായ വിദ്യാസംഗീതിനോടായിരുന്നു അവരത് പരാതിപ്പെട്ടത്. പിഎൻസി മേനോൻ എന്ന പ്രവാസി ബിസിനസ്സുകാരന്റെ നേതൃത്വത്തിലുള്ള ശോഭാ ബിൽഡേഴ്‌സ് തങ്ങളുടെ 19 ഏക്കറോളം വരുന്ന പാടശേഖരം മണ്ണിട്ട്മൂടുന്നു എന്നായിരുന്നു പരാതി. കനത്ത വരൾച്ചയും കുടിവെള്ളപ്രശ്നവും അനുഭവിക്കുന്ന പ്രദേശത്തെ നെൽപ്പാടം നികത്താനുപയോഗിച്ച മണ്ണ് പൂർണമായും നീക്കണം എന്നാവശ്യപ്പെട്ട് വിദ്യാ സംഗീത് കളക്ടർക്ക് കത്തെഴുതുന്നത്. എന്നാൽ സംഭവത്തിൽ യാതൊരു നടപടിയുമുണ്ടായില്ല.

ഇതിനെത്തുടർന്ന് അഭിഭാഷകകൂടിയായ വിദ്യാസംഗീത് കേരള ഹൈക്കോടതിയിൽ (ണജഇ 19088/14) റിട്ട് ഹർജി നൽകുന്നു. അതിന്മേലാണ് ഈ പത്തൊമ്പത് ഏക്കറിലെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും തടഞ്ഞുകൊണ്ട് ചീഫ് ജസ്റ്റിസ് അശോകഭൂഷന്റെ ബഞ്ച് വിധിപുറപ്പെടുവിക്കുന്നത്. കോടതി നിർദ്ദേശത്തെ തുടർന്ന് 2014 ഓഗസ്റ്റ് എട്ടിന് ജില്ലാകളക്ടർ ഹിയറിങ് നടത്തുകയും 18ന് ശോഭയ്ക്ക് സ്റ്റോപ് മെമോയും നൽകി. തൃശൂർ സബ് കളക്ടറായിരുന്ന മിർ മുഹമ്മദിന്റെ അന്വേഷണ റിപ്പോർട്ട് അടിസ്ഥാനമാക്കിയായിരുന്നു കലക്ടറിന്റെ ഈ നടപടി. നാഷണൽ റിമോർട്ട് സെൻസിങ് അഥോറിറ്റിയുടെയും ഗൂഗിൾ ഏർത്തിന്റെയും സഹായത്തോടെ സ്ഥലത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങളുപയോഗിച്ചാണ് പാടംനികത്തൽ സ്ഥിരീകരിക്കുന്നത്. 2008ൽ കേരള നിയമസഭ നെൽവയൽ-നീർത്തട സംരക്ഷണ നിയമം പാസാക്കിയതിന് ശേഷമാണ് ഇവിടം മണ്ണിട്ട് മൂടിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.

കളക്ടറുടെ ഉത്തരവിനെതിരെ 2014 സെപ്റ്റംബർ 1ന് ശോഭ സിറ്റി ലാൻഡ് റവന്യൂ കമ്മീഷണർക്ക് അപ്പീൽ നൽകി. അപ്പീൽ തള്ളിയ കമ്മീഷണർ കളക്ടറുടെ ഉത്തരവ് നടപ്പിലാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് ശോഭാ സിറ്റി ഹൈക്കോടതി വിധിക്കെതിരെ ഒരു റിവിഷൻ കൊടുത്തു. അത് ഹൈക്കോടതിയും തള്ളിയപ്പോഴാണ് കേരളം ഹൈക്കോടതിയിൽ (ണജഇ 37578/15) ശോഭ ഒരു ഹർജി നൽകുന്നത്. പത്തൊമ്പത് ഏക്കർ ഭൂമി ഡാറ്റ ബാങ്കിൽ നിന്നും നിലം എന്ന വിഭാഗത്തിൽ നിന്നും മാറ്റി കരഭൂമി ആക്കണം എന്നായിരുന്നു ശോഭയുടെ ആവശ്യം.

എന്നാൽ 2018 ഏപ്രിൽ 12ന് കേരള ഹൈക്കോടതി ശോഭയുടെ ഹർജി തള്ളുന്നു. മൂന്ന് മാസത്തിനുള്ളിൽ കോലഴി കൃഷി ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രാദേശികതല നിരീക്ഷണ സമിതി സ്ഥലം സന്ദർശിച്ചു തീരുമാനമെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. സ്ഥലം സന്ദർശിച്ച കൃഷി ഓഫീസർ 2018 ഒക്ടോബർ 3ന് സമർപ്പിച്ച റിപ്പോർട്ടിൽ ശോഭ സിറ്റി മൂന്നു കമ്പനികളുടെ പേരിൽ നികത്തിയ 19 ഏക്കർ സ്ഥലം നിലം ആണെന്ന് വീണ്ടും സ്ഥിരീകരിച്ചു. രണ്ടു വർഷത്തോളമായി ഈ റിപ്പോർട്ട് കളക്ടറുടെ കൈയിലുണ്ട്. അതിൽ ഇതുവരെയും നടപടി എടുത്തിട്ടില്ല.

ഏറ്റവും ഒടുവിൽ വ്യാജ ഉത്തരവുകൾ നിർമ്മിച്ചാണ് ശോഭാ സിറ്റി ഉടമ പുഴക്കൽ പാടം നികത്തി കെട്ടിട സമുച്ചയം കെട്ടിപ്പൊക്കിയതെന്ന രേഖൾ വിദ്യ പുറത്തു വിട്ടു. മധ്യമേഖലാ റവന്യൂ വിജിലൻസ് ഡെപ്യൂട്ടി കളക്ടർ അന്വേഷണം നടത്തി രേഖകൾ വ്യാജമാണെന്ന് ലാൻഡ് റവന്യു കമ്മീഷണർക്ക് റിപ്പോർട്ട് നൽകുകയും പ്രഥമ ദൃഷ്ട്യാ നിലം നികത്തുന്നതിന് വ്യാജ രേഖകൾ ചമച്ചുവെന്നുമുള്ള വിശദാംശങ്ങളാണ് പുറത്ത് വിട്ടത്. കുറ്റൂർ വില്ലേജ് ഓഫീസിൽ നൽകിയിരിക്കുന്ന രേഖകളെല്ലാം വ്യാജമാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകളായിരുന്നു ഇതെല്ലാം.

പത്ര സമ്മേളനം നടത്തി ഇക്കാര്യം പുറത്ത് വിട്ടതിനാണ് സിപിഎം ഇപ്പോൾ പ്രതികാര നടപടി സ്വീകരിച്ചിരിക്കുന്നത്. മുൻപ് ശോഭാ സിറ്റ് ഉടമ പി.എൻ.സി മേനോൻ മാത്രമായിരുന്നു ശത്രു. ഇപ്പോൾ സിപിഎമ്മും ശത്രുവായിരിക്കുകയാണ് എന്നും വിദ്യ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP