Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർക്കാരിനെ തുരത്തി വിമാനത്താവളത്തിലെ കാർഗോ പിടിക്കാൻ അദാനി; വിഴിഞ്ഞം തുറമുഖത്തിനും തിരുവനന്തപുരം വിമാനത്താവളത്തിനും പിന്നാലെ കാർഗോയും മോദിയുടെ കൂട്ടുകാരൻ സ്വന്തമാക്കിയേക്കും; തിരുവനന്തപുരത്തെ ഛോട്ടാ മുംബൈ ആക്കാൻ അദാനി തന്ത്രം മെനയുമ്പോൾ

സർക്കാരിനെ തുരത്തി വിമാനത്താവളത്തിലെ കാർഗോ പിടിക്കാൻ അദാനി; വിഴിഞ്ഞം തുറമുഖത്തിനും തിരുവനന്തപുരം വിമാനത്താവളത്തിനും പിന്നാലെ കാർഗോയും മോദിയുടെ കൂട്ടുകാരൻ സ്വന്തമാക്കിയേക്കും; തിരുവനന്തപുരത്തെ ഛോട്ടാ മുംബൈ ആക്കാൻ അദാനി തന്ത്രം മെനയുമ്പോൾ

സായ് കിരൺ

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിനു പിന്നാലെ തിരുവനന്തപുരം വിമാനത്താവള നടത്തിപ്പു കൂടി കിട്ടിയ അദാനി, വിമാനത്താവളത്തിലെ കാർഗോ നടത്തിപ്പിൽ നിന്ന് സർക്കാരിനെ ഓടിച്ച് അതുകൂടി കൈപ്പിടിയിലാക്കാനുള്ള ശ്രമത്തിലാണ്. തലസ്ഥാനത്തെ ആകാശവും കടലും അദാനിയുടെ നിയന്ത്രണത്തിലാവുകയാണ്. അങ്ങനെ കേരളം ശരിക്കും ഛോട്ടാ മുംബൈ ആയി മാറും.

അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് ചാക്കയിലെ അന്താരാഷ്ട്ര കാർഗോ ടെർമിനലിന്റെ നടത്തിപ്പ് 42വർഷമായി വ്യവസായ വകുപ്പിന്റെ കെ.എസ്ഐ.ഇയ്ക്കാണ്. എയർപോർട്ട് അഥോറിറ്റിയിൽ നിന്ന് പാട്ടത്തിനെടുത്ത സ്ഥലത്താണ് ഈ കാർഗോ ടെർമിനൽ പ്രവർത്തിക്കുന്നത്. വിമാനത്താവള നടത്തിപ്പ് അദാനി ഏറ്റെടുത്തതോടെ, ഈ ഭൂമിയിൽ നിന്ന് കാർഗോ ടെർമിനൽ ഒഴിയണമെന്ന് സർക്കാരിന് അന്ത്യശാസനം നൽകിയിരിക്കുകയാണ് അദാനി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏറെ അടുപ്പമുള്ള വ്യവസായ പ്രമുഖനാണ് അദാനി.

സർക്കാരിനെ അവിടെ നിന്ന് ഇറക്കിവിട്ട് അന്താരാഷ്ട്ര കാർഗോ ടെർമിനൽ സ്വന്തമായി നടത്താനാണ് അദാനിയുടെ നീക്കം. ഇതിന് മുന്നോടിയായി ശംഖുമുഖത്തെ ആഭ്യന്തര വിമാനത്താവളത്തിൽ അദാനി കാർഗോ കോംപ്ലക്സ് സജ്ജമാക്കിക്കഴിഞ്ഞു. കാർഗോ പരിശോധനയ്ക്ക് സ്‌കാനറുകൾ, സ്ഫോടകവസ്തു പരിശോധനാ സംവിധാനം തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. അദാനിയുടെ നിയന്ത്രണത്തിലുള്ള മറ്റ് വിമാനത്താവളങ്ങളിൽ നേരത്തേ കാർഗോ കോംപ്ലക്സ് ആരംഭിച്ചിരുന്നു.

ലോകമെങ്ങും തുറമുഖനടത്തിപ്പുള്ള അദാനിക്ക് ഇവിടെ വിമാനത്താവളവും കൂട്ടിച്ചേർത്തുള്ള ലോജിസ്റ്റിക്സ് ബിസിനസിൽ കണ്ണുണ്ട്. അങ്ങനെയായാൽ, തുറമുഖവും വിമാനത്താവളവും കൂടിച്ചേരുന്ന വമ്പൻ സാമ്പത്തികമേഖലയായി തലസ്ഥാനത്ത് അദാനിയുടെ സാമ്രാജ്യം വളരും. കൂടുതൽ ബിസിനസ് സംരംഭങ്ങളുണ്ടാവുമെന്നും ചരക്കുനീക്കം സുഗമമാവുമെന്നും ഇതിലൂടെ വ്യവസായനഗരമായി തിരുവനന്തപുരം വളരുമെന്നുമൊക്കെയാണ് അദാനി പറയുന്നത്.

സ്വകാര്യവത്കരിച്ച മറ്റ് വിമാനത്താവളങ്ങളിലെപ്പോലെ തിരുവനന്തപുരത്ത് റിയൽ എസ്റ്റേറ്റ് സംരംഭങ്ങൾ തുടങ്ങാൻ അദാനിക്ക് വലിയ സാദ്ധ്യതയില്ല. 628.70ഏക്കർ ഭൂമിയാണ് ഇവിടെയുള്ളത്. ഇത് ടെർമിനൽ വികസനത്തിനു പോലും തികയില്ല. 13ഏക്കർ ഏറ്റെടുത്താലേ റൺവേ അന്താരാഷ്ട്ര നിലവാരത്തിലാക്കാനാവൂ. ടെർമിനൽ വികസനത്തിനും 18 ഏക്കർ ഏറ്റെടുക്കണം. നെടുമ്പാശേരിയിൽ 1300, കണ്ണൂരിൽ 3200, ബംഗളൂരുവിൽ 5200 ഏക്കർ ഭൂമിയുണ്ട്. പണമുണ്ടാക്കാനുള്ള റിയൽ എസ്റ്റേറ്റ്, വികസന സംരംഭങ്ങൾക്ക് ഇവിടെ ഭൂമിയില്ല. വാണിജ്യ-പരസ്യ മാർഗത്തിലൂടെ വരുമാനം വർദ്ധിപ്പിച്ചാലേ അദാനിക്ക് പിടിച്ചുനിൽക്കാനാവൂ.

തിരുവനന്തപുരത്ത് രാജ്യാന്തരയാത്രക്കാർക്ക് 1214 രൂപ യൂസർഫീസുണ്ട്. പ്രതിവർഷം നാലുശതമാനം വർദ്ധനയുമുണ്ട്. സൗകര്യങ്ങൾ കൂട്ടി, എയർപോർട്ട് ഇക്കണോമിക് റെഗുലേ?റ്ററി അതോറി?ട്ടിയെ ബോദ്ധ്യപ്പെടുത്തിയാലേ 2021ൽ യൂസർഫീ കൂട്ടാനാവൂ. അതുവരെ വർദ്ധന പറ്റില്ല. യൂസർഫീസ് കൂടുതലായതിനാൽ തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റ് നിരക്കും കൂടുതലാണ്. ഇനിയും നിരക്കുയർത്തിയാൽ യാത്രക്കാർ കുറയും. അതിനാൽ കാർഗോയും ചരക്കുനീക്കവും ഇന്റഗ്രേറ്റഡ് ടെർമിനലുകളുമൊക്കെയായി എങ്ങനെയും വരുമാനമുണ്ടാക്കാനാണ് അദാനിയുടെ നീക്കം.

സർക്കാരിനെപ്പോലും വരച്ച വരയിൽ നിറുത്തിയാണ് വിമാനത്താവള ലേലത്തിൽ അദാനി വിജയിച്ചത്. വിമാനത്താവള നടത്തിപ്പ് പാട്ടത്തിലെടുക്കാനുള്ള ലേലത്തിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാർ നിയമോപദേശം തേടിയത് ഗൗതം അദാനിയുടെ മരുമകൾ പാർട്ണറായ കമ്പനിയിൽ നിന്നായിരുന്നു. ഗൗതം അദാനിയുടെ മകൻ കരണിന്റെ ഭാര്യ പരീധിയുടെ പിതാവായ സിറിൾ ഷെറോഫിന്റെ മുംബയ് ആസ്ഥാനമായ സിറിൾ അമർചന്ദ് മംഗൽദാസ് എന്ന നിയമ സ്ഥാപനത്തിന്റെ സഹായമാണ് സർക്കാർ തേടിയത്. പ്രൊഫഷണൽ ഫീസായി ഇവർക്ക് 55,39,522 രൂപയും നൽകി.

ഗൗതം അദാനിയുടെ മരുമകൾ പരിധി ഈ സ്ഥാപനത്തിന്റെ പാർട്ണറാണ്. പാട്ടലേലത്തിൽ സർക്കാരിന്റെ എതിരാളിയായിരുന്നു അദാനി. കിഫ്ബി മസാല ബോണ്ട് സമാഹരണത്തിനും സർക്കാരിന് നിയമോപദേശം നൽകിയത് സിറിൽ അമർചന്ദ് മംഗൾദാസ് കമ്പനിയാണ്. 10,75,000 രൂപയാണ് ഇതാനിയ് കമ്പനിക്ക് നൽകിയത്. 2150 കോടി രൂപയായിരുന്നു മസാലബോണ്ട് വഴി സർക്കാർ സമാഹരിച്ചത്.

ഒരു യാത്രക്കാരന് 135 രൂപ വച്ച് എയർപോർട്ട് അഥോറിറ്റിക്ക് നൽകാമെന്ന ക്വട്ടേഷനാണ് കെ.എസ്ഐ.ഡി.സിയുമായി ചേർന്ന് സർക്കാർ നൽകിയത്. അദാനിഗ്രൂപ്പ് 168രൂപ ക്വാട്ട് ചെയ്തു. ലേലത്തിൽ ഏറ്റവും കൂടുതൽ തുക നൽകുന്ന കമ്പനിയെക്കാൾ 10 ശതമാനം താഴെയാണെങ്കിലും സംസ്ഥാനത്തിന് അവസരം നൽകുമെന്ന് കേന്ദ്രം ഉറപ്പു നൽകിയിരുന്നതാണ്. പക്ഷേ കേരളത്തിന്റെ തുക അദാനി ഗ്രൂപ്പിനെക്കാൾ 19.64 ശതമാനം കുറവായിരുന്നു. അതോടെ ലേലത്തിൽ അദാനി വിജയിച്ചു. അദാനിയുടെ ബന്ധുവിന്റെ സ്ഥാപനത്തിന്റെ ഉപദേശപ്രകാരമുള്ള തുകയാണ് കേരളം ക്വോട്ട് ചെയ്തതെന്ന ആരോപണം ശക്തമായിട്ടുണ്ട്.

ഈ കൺസൾട്ടൻസി ഇടപാട് ലേലത്തിൽ കേരളത്തിന് തിരിച്ചടിയായി. ലേലത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിനായി ആഗോള കൺസൾട്ടൻസി ഗ്രൂപ്പായ കെ.പി.എം.ജിയേയും സർക്കാർ ചുമതലപ്പെടുത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP