Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202203Saturday

അദാനിയുടെ മകന്റെ ഭാര്യാ പിതാവിന് ക്വട്ടേഷൻ തുകയെക്കാൾ കൂടുതൽ പണം നൽകി കിഫ്ബി; അധികമായി ചെയ്ത ജോലിക്കാണ് ആ കൂലിയെന്ന വാദം സിഎജി തള്ളി; തിരുവനന്തപുരം വിമാനത്താവളത്തിലെ കൺസൾട്ടൻസി ദുരൂഹതയ്‌ക്കൊപ്പം കൂടുതൽ സഹായങ്ങൾ; മസാലാ ബോണ്ടിലും നേട്ടം അദാനിയുടെ ബന്ധുവിന് മാത്രം

അദാനിയുടെ മകന്റെ ഭാര്യാ പിതാവിന് ക്വട്ടേഷൻ തുകയെക്കാൾ കൂടുതൽ പണം നൽകി കിഫ്ബി; അധികമായി ചെയ്ത ജോലിക്കാണ് ആ കൂലിയെന്ന വാദം സിഎജി തള്ളി; തിരുവനന്തപുരം വിമാനത്താവളത്തിലെ കൺസൾട്ടൻസി ദുരൂഹതയ്‌ക്കൊപ്പം കൂടുതൽ സഹായങ്ങൾ; മസാലാ ബോണ്ടിലും നേട്ടം അദാനിയുടെ ബന്ധുവിന് മാത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം ഇഴഞ്ഞു നീങ്ങുകയാണ്. കരാർ കാലാവധി നീട്ടിക്കൊടുത്ത് സർക്കാരും എല്ലാ സഹായവും നൽകുന്നു. അദാനിക്ക് വേണ്ടിയാണ് ഈ വീട്ടുവീഴ്ചകൾ ഇതിനിടെ മസാല ബോണ്ടിലെ കിഫ് ബിയുടെ ഡൊമസ്റ്റിക്ക് ലീഗൽ കൗൺസിൽ ആയിരുന്ന അദാനിയുമായി ബന്ധമുള്ള സിറിൾ അമർചന്ദ് മംഗൾ ദാസ് എന്ന ഏജൻസിക്ക് ക്വട്ടേഷൻ നിരക്കിനേക്കാൾ കൂടുതൽ തുക കിഫ് ബി നൽകിയതായി സിഎജി നടത്തിയ ഓഡിറ്റിൽ കണ്ടെത്തിയതും ചർച്ചകളിൽ എത്തുകയാണ്. അദാനിയുടെ മകന്റെ ഭാര്യയുടെ പിതാവാണ് അമർചന്ദ് മംഗൾ ദാസ് കമ്പനിയെ നയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്താണ് അദാനി.

13.75 ലക്ഷം രൂപയ്ക്ക് ക്വട്ടേഷനിലൂടെയാണ് ഈ ഏജൻസി കിഫ് ബിയുടെ നീയമ ഉപദേശകരായത്. എന്നാൽ ഇവർക്ക് 21,39,408 രൂപ കിഫ് ബി നൽകിയെന്നാണ് സി എ ജി യുടെ കണ്ടെത്തൽ . 7,64, 408 രൂപ യാണ് കൂടുതലായി കിഫ് ബി ഈ കമ്പനിക്ക് നൽകിയത്. ക്വട്ടേഷൻ തുകയേക്കാൾ കൂടുതൽ തുക ഈ കമ്പനിക്ക് നൽകിയത് നീയമ വിരുദ്ധമാണെന്നാണ് സി.എ ജി തയ്യാറാക്കിയ റിപ്പോർട്ടിലുള്ളത്. കമ്പനി അധികമായി ചെയ്ത ജോലിക്കാണ് കൂടുതൽ തുക നൽകിയതെന്ന കിഫ് ബിയുടെ വാദം സിഎജി അംഗീകരിച്ചില്ല. ഗൗതം അദാനിയുടെ മകൻ കരണിന്റെ ഭാര്യ പരിധി അദാനി, സിറിൾ അമർചന്ദ് മംഗൾദാസ് കമ്പനിയിലെ പാർട്ട്ണറാണ്. കിഫ്ബി മസാല ബോണ്ട് ഇറക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇവരുടെ സേവനം തേടിയത്.

ടെൻഡർ നടപടിക്രമങ്ങളിലൂടെയാണ് സിറിൽ അമർചന്ദ് മംഗൽദാസിനെ മസാല ബോണ്ട് വിറ്റഴിക്കൽ പ്രക്രിയയുടെ ഡൊമെ സ്റ്റിക് ലീഗൽ കോൺസലായി കിഫ്ബി തിരഞ്ഞെടുത്തത്. ടെൻഡർ വിളിച്ച് അതിന്റെ അടിസ്ഥാനത്തിൽ മർച്ചന്റ് ബാങ്കർമാരെ തീരുമാനിക്കുകയായിരുന്നു ആദ്യപടി.ആക്‌സിസ് ബാങ്കും സ്റ്റാന്റേഡ് ചാർടേഡും ആയിരുന്നു കിഫ്ബി യുടെ മർച്ചന്റ് ബാങ്കർമാർ . ഇതിൽ ആക്സിസ് ബാങ്ക് ഡൊമസ്റ്റിക് ലീഗൽ കോൺസലിനായി കിഫ്ബിക്കു വേണ്ടി ലേലം ക്ഷണിക്കുകയും തുടർന്ന് ഇന്ത്യയിലെ നാല് പ്രമുഖ നിയമ സേവന സ്ഥാപനങ്ങൾ ക്വട്ടേഷൻ സമർപ്പിക്കുകയും ചെയ്തു.

സിറിൽ അമർ ചന്ദ് മംഗൽ ദാസിന് പുറമേ ട്രൈ ലീഗൽഹ (മുംബൈ), എ ഇസ്ഡ് ബി സോളിസിറ്റേഴ്‌സ് (മുംബൈ), ജെ എസ് എ അഡ്വക്കേറ്റ് ആൻഡ് സോളിസിറ്റർ (മുംബൈ) എന്നിവയായിരുന്നു ഈ സ്ഥാപനങ്ങൾ. തുടർന്ന് എല്ലാ നടപടിക്രമങ്ങളും കൃത്യമായി പാലിച്ചാണ് ഇതിൽ നിന്നും സിറിൽ അമർചന്ദ് മംഗൽദാസിനെ ഡൊമസ്റ്റിക് ലീഗൽ കോൺസൽ ആയി തിരഞ്ഞെടുത്തതെന്നാണ് കിഫ്ബിയുടെ ഇത് സംബന്ധിച്ചുള്ള വിശദീകരണം. തിരുവനന്തപുരം വിമാനതാവളം സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട കൺസൾട്ടൻസി ലഭിച്ചതും സിറിൾ അമർചന്ദ് മംഗൾ ദാസ് കമ്പനിക്കായിരുന്നു. ഈ കരാർ നേടിയത് അദാനി ഗ്രൂപ്പും.

കിഫ് ബി യിലെ തട്ടിപ്പിനേയും വെട്ടിപ്പിനേയും കുറിച്ചുള്ള സി എ ജി യുടെ കണ്ടെത്തലുകൾ പുറത്ത് വന്നതോടെ അങ്ങനെ ഒരു റിപ്പോർട്ടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി ബാലഗോപാലും പ്രതികരിച്ചിരുന്നു. കിഫ് ബി യിലെ അഴിമതികളെ കുറിച്ച് പറയുന്നവർ സാഡിസ്റ്റുകളാണന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

വിവരവകാശ നീയമപ്രകാരം 16-8-21 ന് റിപ്പോർട്ട് പുറത്തുകൊടുത്തത് സി.എ.ജി ആണെന്നും റിപ്പോർട്ട് കിഫ് ബി 16 - 4 - 21 ന് സ്വീകരിച്ചുവെന്നും ഉള്ള തെളിവുകൾ പുറത്ത് വന്നതോടെ കിഫ് ബിയിലെ സി എ ജി റിപ്പോർട്ടിനെ കുറിച്ച് നുണപ്രചരണം നടത്തുന്ന മുഖ്യമന്ത്രിയും ധനമന്ത്രിയും വെട്ടിലായി. റിപ്പോർട്ട് പുറത്തുവിട്ടതിൽ ചട്ടലംഘനമില്ലെന്ന് സിഎജി ഓഫിസ് വൃത്തങ്ങളും വ്യക്തമാക്കി. സിഎജിക്ക് പ്രത്യേക താൽപര്യമുള്ള വിഷയങ്ങളിൽ സ്‌പെഷൽ ഓഡിറ്റിന്റെ ഭാഗമായി വിശദമായ പരിശോധനകൾ നടത്താറുണ്ട്.

ഇത്തരത്തിൽ രേഖകൾ പരിശോധിക്കുന്നതിന് സിഎജി അനുമതി തേടിയെങ്കിലും ആദ്യം സർക്കാർ വഴങ്ങിയില്ല. ഇത് വിവാദമായതോടെ ഓഡിറ്റിന് അനുമതി നൽകി. അക്കൗണ്ടന്റ് ജനറൽ എസ്.സുനിൽരാജിന്റെ നിർദ്ദേശ പ്രകാരമാണ്2016 ജനുവരി 1 മുതൽ 2020 മാർച്ച് 31 വരെയുള്ള കിഫ്ബിയുടെ കണക്കുകൾ ഓഡിറ്റ് സംഘം പരിശോധിച്ചു. ആദ്യ പരിശോധനയിൽ കണ്ടെത്തിയ എൺപതോളം ക്രമക്കേടുകൾ രേഖപ്പെടുത്തി കിഫ്ബിക്കു സിഎജി റിപ്പോർട്ട് നൽകി. ഇവയ്ക്കു കിഫ്ബി നൽകിയ വിശദീകരണം കണക്കിലെടുത്ത് ക്രമക്കേടുകളുടെ എണ്ണം മുപ്പതോളമാക്കി ചുരുക്കി , അന്തിമ പരിശോധനാ റിപ്പോർട്ട് സി.എ ജി തയാറാക്കി.

ഇതിലെ കണ്ടെത്തലുകൾ പുറത്ത് വന്നതോടെയാണ് അങ്ങനൊരു റിപ്പോർട്ടില്ലെന്ന പ്രചരണവുമായി മുഖ്യമന്ത്രി എത്തിയത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ചീഫ് പ്രിൻസിപ്പൾ സെക്രട്ടറി കൂടിയാണ് കിഫ് ബി സി ഇ ഒ ഡോ.കെ.എം.എബ്രഹാം. പുറത്തുവിട്ട പരിശോധനാ റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ നിന്ന് 50 ലക്ഷത്തിനു മേലുള്ള ക്രമക്കേടുകൾ തിരഞ്ഞെടുത്ത് വാർഷിക ഓഡിറ്റ് റിപ്പോർട്ടിന്റെ ഒരു അധ്യായത്തിൽ സിഎജി ഉൾപ്പെടുത്തും. ആ റിപ്പോർട്ടാണ് നിയമസഭയിൽ സമർപ്പിക്കുക.

കിഫ്ബിയിൽ നിന്നു വിശദീകരണം വാങ്ങിയ ശേഷം തയാറാക്കിയ റിപ്പോർട്ട് ആയതിനാൽ ഇത് പരിശോധനയുടെ അന്തിമ റിപ്പോർട്ട് ആണെന്നും വിവരാവകാശ നിയമപ്രകാരം നൽകുന്നതിൽ തെറ്റില്ലെന്നുമാണ് അക്കൗണ്ടന്റ് ജനറൽ ഓഫിസ് അധികൃതരുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP