Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ചെങ്കൊടിയേന്തിയ സഖാവുമായി അടുത്തത് ചാരനാക്കാനുള്ള പദ്ധതിയുമായി; പ്രസ്ഥാനത്തെ ചതിക്കില്ലെന്ന നിലപാടുമായി വട്ടവടയിലേക്ക് പോയപ്പോൾ രഹസ്യം ചോരുമെന്ന് ഭയന്നു; സഖാക്കളോട് സത്യം വെളിപ്പെടുത്തും മുമ്പേ വിളിച്ചു വരുത്തിയതുകൊലപ്പെടുത്താനുറച്ച് പ്രൊഫഷണലുകളെ സജ്ജമാക്കി തന്നെ; 'സഖാപ്പി'യായി മുഹമ്മദ് മാറിയതും തന്ത്രങ്ങളുടെ ഭാഗം; മഹാരാജാസിലെ അഭിമന്യുവിനെ കൊലപ്പെടുത്തിയത് ചക്രവ്യൂഹമൊരുക്കി ചതിച്ചു തന്നെ; ഗൂഢാലോചന പൊളിക്കാനുറച്ച് പൊലീസ്

ചെങ്കൊടിയേന്തിയ സഖാവുമായി അടുത്തത് ചാരനാക്കാനുള്ള പദ്ധതിയുമായി; പ്രസ്ഥാനത്തെ ചതിക്കില്ലെന്ന നിലപാടുമായി വട്ടവടയിലേക്ക് പോയപ്പോൾ രഹസ്യം ചോരുമെന്ന് ഭയന്നു; സഖാക്കളോട് സത്യം വെളിപ്പെടുത്തും മുമ്പേ വിളിച്ചു വരുത്തിയതുകൊലപ്പെടുത്താനുറച്ച് പ്രൊഫഷണലുകളെ സജ്ജമാക്കി തന്നെ; 'സഖാപ്പി'യായി മുഹമ്മദ് മാറിയതും തന്ത്രങ്ങളുടെ ഭാഗം; മഹാരാജാസിലെ അഭിമന്യുവിനെ കൊലപ്പെടുത്തിയത് ചക്രവ്യൂഹമൊരുക്കി ചതിച്ചു തന്നെ; ഗൂഢാലോചന പൊളിക്കാനുറച്ച് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എസ് ഡി പി ഐയുടെ രഹസ്യ ചാരനാക്കാൻ നടത്തിയ നീക്കങ്ങൾ പുറത്തു പറയുമെന്ന ഭയമാണ് അഭിമന്യുവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയ്ക്ക് പിന്നലെ യഥാർത്ഥ കാരണമെന്ന് സംശയിച്ച് പൊലീസ്. എന്നാൽ പ്രധാന പ്രതിയായ മുഹമ്മദ് അലി അറസ്റ്റിലായിട്ടും ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ പൊലീസിന് കഴിയുന്നില്ല. ക്യാമ്പസിലെ ചുവരെഴുത്ത് പ്രശ്‌നമാണ് കൊലയ്ക്ക് കാരണമെന്ന മൊഴിയിൽ മുഹമ്മദ് ഉറച്ചു നിൽക്കുന്നതാണ് ഇതിന് കാരണം. വ്യക്തമായ ഗൂഢാലോചനയാണ് ഒറ്റക്കുത്തിൽ കൊലപ്പെടുത്താൻ പരിശീലനം ലഭിച്ച പ്രതിയെ ഉൾപ്പെടെ കൊച്ചിയിൽ സജ്ജമാക്കിയതിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഇക്കാര്യം ഡിജിപി ലോക്‌നാഥ് ബെഹ്‌റയും മനസ്സിലാക്കിയിട്ടുണ്ട്.

ചെങ്കൊടിയേന്തിയ സഖാവാണു താനെന്നു ഫേസ്‌ബുക്കിൽ കുറിച്ച മുഹമ്മദ്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് എഴുതിയ കുറിപ്പ്. ഇതെല്ലാം മുഹമ്മദ് ചെയ്തത് വ്യക്തമായ തന്ത്രങ്ങളോടെയാണ്. അഭിമന്യുവിനെ അടുപ്പിക്കാനുള്ള തന്ത്രം. വിവിധ പാർട്ടികളിൽ നുഴഞ്ഞു കയറുന്ന എസ് ഡി പി ഐ തന്ത്രം മഹാരാജാസ് കോളേജിൽ ലക്ഷ്യമിട്ടത് അഭിമന്യുവിനെ കൂടെ കൂട്ടാനായിരുന്നു. സൈമൺ ബ്രിട്ടോയുടെ അടുത്ത അനുയായിയായ അഭിമന്യുവിലൂടെ എസ് എഫ് ഐയിൽ ഒരു രഹസ്യ പ്രതിനിധിയുണ്ടാക്കാനായിരുന്നു ക്യാമ്പസ് ഫ്രണ്ട് ലക്ഷ്യമിട്ടത്. ഇക്കാര്യത്തിൽ അഭിമന്യുവുമായി ക്യാമ്പസ് ഫ്രണ്ട് ചർച്ച നടത്തിയിരുന്നു. എന്നാൽ താനുറച്ച കമ്മ്യൂണിസ്റ്റാണെന്നും തന്റെ പാർട്ടിയെ ഒറ്റികൊടുക്കില്ലെന്നും ധീരമായ നിലപാട് അഭിമന്യു എടുത്തു. തന്ത്രം പൊളിഞ്ഞെന്ന തിരിച്ചറവിലാണ് അഭിമന്യുവിനെ കൊല്ലാൻ എസ് ഡി പി ഐയുടെ നേതൃത്വം ഗൂഢാലോചന നടത്തിയെന്നാണ് പുറത്തുവരുന്ന സൂചന.

എല്ലാ മേഖലയിലും എസ് ഡി പി ഐക്കാർ എത്തിയെന്നാണ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്യുന്നത്. പുരോഗമന രാഷ്ട്രീയപ്പാർട്ടികളിലടക്കം എസ്.ഡി.പി.ഐ. പ്രവർത്തകർ നുഴഞ്ഞു കയറി പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. എസ്.എഫ്.ഐ., ഡിവൈഎഫ്‌ഐ., കോൺഗ്രസ് പ്രസ്ഥാനങ്ങളിൽ എസ്.ഡി.പി.ഐ.ക്കാർ കയറിപ്പറ്റിയിട്ടുണ്ട്. ഇസ്ലാമിക വത്കരണത്തിന് ആക്കം കൂട്ടാനുള്ള തന്ത്രങ്ങളുടെ ഭാഗമാണ് ഇത്. എസ് ഡി പി ഐയുമായി മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അടുപ്പിക്കാനാണ് ഇത്. പൊലീസിലും ഇവർക്ക് പ്രത്യേക വിഭാഗമുണ്ട്. പച്ചവെളിച്ചമെന്ന ഗ്രൂപ്പിലൂടെയാണ് ആശയപ്രചരണം. മഹാരാജാസ് കോളേജിലെ ഇത്തരം പ്രവർത്തനത്തിന് വേണ്ടിയാണ് അഭിമന്യുവിനെ എസ് ഡി പി ഐ ഒപ്പം കൂട്ടാൻ ആഗ്രഹിച്ചതെന്നാണ് സൂചന. ഇത് അഭിമന്യു അംഗീകരിച്ചില്ല. രഹസ്യം പുറത്തു പോകാതിരിക്കാൻ കൊലപാതകവുമെന്ന സൂചന അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്.

എസ് ഡി പി ഐയുടെ ചാരനാക്കി മാറ്റാനുള്ള ശ്രമം അഭിമന്യു പുറത്തു പറയുമോയെന്ന് അവർ ഭയന്നിരുന്നു. എന്ത് വന്നാലും സ്വന്തം പ്രസ്ഥാനത്തെ ചതിക്കാൻ താനില്ലെന്ന് അറിയിച്ച് അഭിമന്യു വട്ടവടയിലേക്ക് മടങ്ങി. ഇതോടെ ചർച്ചയ്ക്ക് മുൻകൈയെടുത്തവർ ഭയത്തിലായി. സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തെ അഭിമന്യൂ ഇക്കാര്യം അറിയിച്ചാലുള്ള ഭവിഷ്യത്തിനെ കുറിച്ച് ചർച്ച നടത്തിയവർ ഭയന്നു. ഇതിനെ തുടർന്നായിരുന്നു അഭിമന്യുവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന ഉണ്ടാക്കിയെടുത്തത്. ചുവരെഴുത്ത് പ്രശ്‌നമെല്ലാം ഇതിനായി സൃഷ്ടിച്ചെടുത്തതായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് നിന്ന് പ്രൊഫഷണൽ കൊലയാളികളെ കൊച്ചിയിലെത്തിച്ചതും ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സൂചന. ഇവർ കൊച്ചി ഹൗസിൽ തമ്പടിച്ചിരുന്നു.

കൊല നടന്ന ദിവസം രാവിലെ വട്ടവടയിലായിരുന്നു അഭിമന്യു. ഡിവൈഎഫ് ഐ പരിപാടിയിൽ പങ്കെടുക്കാനായിരുന്നു പോയത്. ഇവിടെ നിന്ന് അഭിമന്യുവിനെ തിരിച്ച് വിളിച്ചത് മുഹമ്മദായിരുന്നു. പോപ്പുലർ ഫ്രണ്ടിന്റേയും കാമ്പസ് ഫ്രണ്ടിന്റേയും നേതാവായിരുന്നപ്പോഴും സിപിഎം അനുകൂല പോസ്റ്റുകൾ ഇടുന്ന മുഹമ്മദും അഭിമന്യുവും അടുത്ത സുഹൃത്തുക്കളെ പോലെയാണ് മുന്നോട്ട് പോയിരുന്നത്. ഈ വ്യക്തിബന്ധം ഉപയോഗിച്ചാണ് അഭിമന്യുവിനെ എസ് ഡി പി ഐയുടെ രഹസ്യ അനുയായിയാക്കി മാറ്റാൻ ശ്രമം നടത്തിയതെന്നാണ് സൂചന. ഇത് പൊളിഞ്ഞപ്പോൾ ക്യാമ്പസിൽ സുഹൃത്തിനെ എത്തിച്ച് വകവരുത്തേണ്ട ചുമതലയും നേതൃത്വം മുഹമ്മദിനെ ഏൽപ്പിക്കുകയായിരുന്നു. ഇതായിരുന്നു മഹാരാജാസിൽ കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.

അഭിമന്യുവിനെ മുഹമ്മദ് ഫോൺ ചെയ്ത് വിളിച്ചു വരുത്തിയതാണെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. സിപിഎമ്മുകാരൻ എന്ന പ്രതീതി സൃഷ്ടിച്ചെടുത്താണ് മുഹമ്മദ് ഇത് ചെയ്തതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഇതിനിടെയാണ് ഇയാൾ സിപിഎമ്മുകാരനായി അഭിനയിച്ചുവെന്ന് പൊലീസ് സ്ഥിരീകരിക്കുന്നത്. എന്നാൽ പൊലീസ് അന്വേഷണം ഈ വഴിയിലേക്ക് കടക്കാതിരിക്കാൻ ശക്തമായ ഇടപെടലുകൾ നടക്കുന്നുണ്ടെന്നാണ് സൂചന. ചുവരെഴുത്തിലെ തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് മുഹമ്മദ് സമ്മതിച്ചതും ഇതിന് വേണ്ടിയാണ്. പൊലീസ് അന്വേഷണം ഗൂഡാലോചകരിലേക്ക് എത്താതിരിക്കാൻ വേണ്ടി കൂടിയാണ് മുഹമ്മദിനെ പൊലീസിന് വിട്ടു നൽകിയെന്ന സൂചനയുണ്ട്. അഭിമന്യുവിനെ കൊല്ലാൻ കൊലയാളി സംഘത്തെ മഹാരാജാസ് കോളേജിൽ കൊണ്ടുവന്നത്, കോളജിലെ മൂന്നാംവർഷ ബിരുദ വിദ്യാർത്ഥിയായ മുഹമ്മദാണെന്നാണ് നേരത്തെ തന്നെ സ്ഥിരീകരിച്ചതാണ്. അഭിമന്യുവുമായി അടുപ്പമുണ്ടായിരുന്ന മുഹമ്മദ് എന്തിന് ഇതു ചെയ്തുവെന്ന പൊലീസ് അന്വേഷണമാണ് പുതിയ നിഗമനത്തിലേക്ക് കാര്യങ്ങളെത്തിക്കുന്നത്.

എസ് ഡി പി ഐയിലേക്ക് രഹസ്യ ചാരനായി അഭിമന്യുവിനെ ചേർക്കാൻ ശ്രമം നടന്നുവെന്നതിന് തെളിവുകളൊന്നും പൊലീസിന് കിട്ടിയിട്ടില്ല. ഇക്കാര്യം പറഞ്ഞതായി ആരും പൊലീസിന് മൊഴിയും കൊടുക്കുന്നില്ല. അതുകൊണ്ട് തന്നെ അന്വേഷണം ഈ രീതിയിലേക്ക് പോകുക പ്രയാസമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. പഠിപ്പിച്ച മൊഴിയാണ് പൊലീസിന് മുഹമ്മദ് നൽകുന്നത്. പതിനാല് പേരിലേക്ക് മാത്രം അന്വേഷണം ചുരുക്കാനാണ് നീക്കം. ഇതിന് വേണ്ടിയാണ് ചുവരെഴുത്ത് കഥ പ്രചരിപ്പിക്കുന്നത്. ക്യാംപസ് ഫ്രണ്ടിന്റെ അറിയപ്പെടുന്ന പ്രവർത്തകനായ മുഹമ്മദ് സിപിഎം ആശയങ്ങളോട് അടുപ്പമുള്ളവനായി നടിച്ച് അഭിമന്യു അടക്കമുള്ളവരുമായി സൗഹൃദം ഉണ്ടാക്കിയിരുന്നു.

അഭിമന്യുവിനെ വകവരുത്താൻ ഇതും ഉപയോഗിക്കപ്പെട്ടു. ക്യാംപസ് ഫ്രണ്ട് പ്രവർത്തകർക്കിടയിലും ഈ നിലപാടുമാറ്റം ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. അഭിമന്യു കൊല്ലപ്പെട്ടശേഷം ഇതു സംബന്ധിച്ചു സൈബർ സെൽ അന്വേഷണം തുടങ്ങിയപ്പോൾ തന്നെ മുഹമ്മദിന്റെ സമൂഹമാധ്യമ അക്കൗണ്ട് അപ്രത്യക്ഷമാവുകയും ചെയ്തു. വിശദ പരിശോധനയിലാണ് താൻ സിപിഎമ്മാണെന്ന് തെറ്റിധരിപ്പിക്കുന്ന പ്രചരണം മുഹമ്മദ് നടത്തിയിരുന്നുവെന്ന് വ്യക്തമായത്. ക്യാംപസിലെ ചുവരെഴുത്തു തർക്കത്തെ തുടർന്നുണ്ടായ കൊലപാതകമെന്ന നിലയിലാണ് ആദ്യദിവസം പൊലീസ് അന്വേഷണം തുടങ്ങിയത്. എന്നാൽ സംഘടിതമായ ഗൂഢാലോചനയും ആസൂത്രണവും നടന്നതായി പിന്നീടു ബോധ്യപ്പെട്ടു. മുഖ്യസുത്രധാരൻ മുഹമ്മദ് ആണെന്നും വ്യക്തമായി. ക്യാമ്പസിനെ വർഗ്ഗീയവത്സരിക്കാനായിരുന്നു അഭിമന്യുവിന്റെ കൊലയെന്നും വ്യക്തമായിട്ടുണ്ട്. അതിരുവിട്ട ഇടപെടലുകൾ എസ് ഡി പി ഐ നടത്തുന്നുണ്ട്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് എല്ലാ സംഘടനകളിലും നുഴഞ്ഞു കയറിയുള്ള ഇടപെടലിന് എസ് ഡി പി ഐ തയ്യാറായത്.

കത്വ സംഭവത്തിൽ മുൻ ആർ എസ് എസുകാർ കുത്തിപൊക്കിയ പോസ്റ്റിൽ ഹർത്താൽ നടത്തിയത് ഏറെ വിവാദമായിരുന്നു. അന്ന് പ്രതിഷേധത്തിന് എസ് ഡി പി ഐയാണ് മുന്നിൽ നിന്നത്. ഇവർക്കൊപ്പം കോൺഗ്രസുകാരും സിപിഎമ്മുകാരു പോലുമെത്തി. ഇതോടെയാണ് പാർട്ടികളിലെ എസ് ഡി പി ഐ നുഴഞ്ഞു കയറ്റം ചർച്ചയായത്. എസ് ഡി പി ഐ ബന്ധം മറച്ചുവച്ച് ഇവർ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമാകും. അതുകൊണ്ട് തന്നെ പൊലീസും മാധ്യമങ്ങളുമെല്ലാം എസ് ഡി പി ഐയുടെ വരുതിലേക്ക് ഭാവിയിൽ മാറുമെന്നാണ് ഇന്റലിജൻസ് കണ്ടെത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP