Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കത്തിക്കാൻ ക്യാമ്പസ് ഫ്രണ്ടിനെ പ്രേരിപ്പിച്ചത് മാഗസിനിൽ ഉടനീളം അഭിമന്യു അവസാനം കോറിയിട്ട മുദ്രാവാക്യമുണ്ടായത്; വർഗ്ഗീയത തുലയട്ടെ എന്ന ആമുഖത്തോടെ അഭിമന്യുവിന്റെ പേരിലുമുള്ള മാഗസിൻ കത്തിച്ചവർ പുറത്ത് നിന്നുള്ള എസ്ഡിപിഐക്കാർ; പാലേമാട് വിവേകാന്ദ പഠന കേന്ദ്രത്തിലെ മാഗസിൻ സമിതി പ്രവർത്തകർ മറുനാടൻ മലയാളിയോട് പറഞ്ഞത്

കത്തിക്കാൻ ക്യാമ്പസ് ഫ്രണ്ടിനെ പ്രേരിപ്പിച്ചത് മാഗസിനിൽ ഉടനീളം അഭിമന്യു അവസാനം കോറിയിട്ട മുദ്രാവാക്യമുണ്ടായത്; വർഗ്ഗീയത തുലയട്ടെ എന്ന ആമുഖത്തോടെ അഭിമന്യുവിന്റെ പേരിലുമുള്ള മാഗസിൻ കത്തിച്ചവർ പുറത്ത് നിന്നുള്ള എസ്ഡിപിഐക്കാർ; പാലേമാട് വിവേകാന്ദ പഠന കേന്ദ്രത്തിലെ മാഗസിൻ സമിതി പ്രവർത്തകർ മറുനാടൻ മലയാളിയോട് പറഞ്ഞത്

ജാസിം മൊയ്‌ദീൻ

എടക്കര: എറണാകുളം മഹാരാജാസ് കോളേജിൽ ക്യാമ്പസ് ഫ്രണ്ട് ഭീകരർ കൊലപ്പെടുത്തിയ അഭിമന്യു ഓരോ മനുഷ്യസ്‌നേഹികളുടെയും മനസ്സിൽ ഒരു നൊമ്പരമായി അവശേഷിക്കുമ്പോഴും ആ ധീര പോരാളിയുടെ പേരോ, അവന്റെ ഒരു ചിത്രമോ കാണുമ്പോൾ വിറളിപിടിക്കുന്ന ഒരു കൂട്ടം ആളുകളുണ്ട്. ക്യാംപസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ തുടങ്ങി വിവിധ പേരുകളിൽ അറിയപ്പെടുന്ന ഒരേ ആളുകൾ. അവർക്കിപ്പോഴും അഭിമന്യുവിന്റെ പേര് കേൾക്കുന്നതുപോലും എത്രത്തോളം അലോസരമുണ്ടാക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു ഇന്നലെ മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്തെ പാലേമാട് വിവേകാന്ദ പഠന കേന്ദ്രത്തിലെ കോളേജ് മാഗസിൻ കത്തിക്കുന്നതിലൂടെ കണ്ടത്.

മാഗസിന് അഭിമന്യു എന്ന പേരിട്ടത് മാത്രമല്ല ക്യാംപസ് ഫ്രണ്ട് ഭീകരരെ ചൊടിപ്പിച്ചത്. ആ മാഗസിനിലെ ഓരോ താളുകളിലും അഭിമന്യു അവസാനം കോറിയിട്ട 'വർശീയത തുലയട്ടെ' എന്ന മുദ്രാവാക്യമുണ്ടായിരുന്നു. മാഗസിൻ കത്തിച്ച വിഷയത്തിൽ വലിയ തോതിലുള്ള പ്രതിഷേധമാണ് വിദ്യാർത്ഥികളിൽ നിന്ന് ഉയർന്നുവരുന്നത്. അതിന്റെ ഭാഗമായി ഇന്ന് മലപ്പുറം ജില്ലയിലാകെ കോളേജുകളിൽ വിദ്യാർത്ഥികൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.

ഇന്ന് ജില്ലയിലാകെ നടന്ന പ്രതിഷേധങ്ങളിൽ എംഎസ്എഫും കെ എസ് യുവുമെല്ലാം പങ്കെടുത്തു. ഒരുപേക്ഷേ ആദ്യമായിരിക്കാം ഇതര വിദ്യാർത്ഥി സംഘടകൾ, തങ്ങളെ നേരിട്ട് ബാധിക്കാത്ത ഒരുവിഷയത്തിൽ പ്രതിഷേധത്തിനിറങ്ങുന്നത്. അഭിമന്യുവിന്റെ രക്തസാക്ഷിത്വം അത്രത്തോളം ഓരോ മനുഷ്യസ്‌നേഹിയെയും മുറിവേൽപിച്ചിട്ടുണ്ടെന്നതിന്റെ തെളിവുകൂടിയായിരിക്കാം ഈ പ്രതിഷേധങ്ങൾ. ഈ പശ്ചാതലത്തിൽ അഭിമന്യു എന്ന് പേരിട്ട പ്രസ്തുത മാഗസിന്റെ എഡിറ്ററും, യൂണിയൻ ചെയർമാനും പേരിടാനുണ്ടായ സാഹചര്യങ്ങളെ കുറിച്ചും, ക്യാംപസ് ഫ്രണ്ടിന്റെ ക്രൂരതകളെ കുറിച്ചു, ഇപ്പോഴും തുടരുന്ന ഭീഷണികളെ കുറിച്ചു മറുനാടനോട് മനസ്സ് തുറക്കുന്നു.

  • എങ്ങനെയാണ് ഈയൊരു പേരിലേക്കെത്തിച്ചത്

മാഗസിൻ സമിതി മാത്രമായെടുത്തൊരു തീരുമനാമല്ല അഭിമന്യു എന്ന പേരിടാൻ. വിദ്യാർത്ഥികളിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിച്ചിരുന്നു മാഗസിന് ഉചിതമായൊരു പേര് കണ്ടെത്താനായി. അങ്ങനെ നിരവധി വിദ്യാർത്ഥികൾ നൽകിയ ഒരു പേരാണ് മാഗസിനിട്ടത്. അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന് ശേഷമണ് മാഗസിൻ പ്രവർത്തനങ്ങൾ തുടങ്ങുന്നത്. അതു കൊണ്ട് തന്നെ ആ സമയത്ത് ഏറ്റവും കൂടുകൽ ആളുകൾ ചർച്ചചെയ്യുന്ന ഒരു പേര് എന്ന നിലയിലായിരിക്കണം വിദ്യാർത്ഥികൾ ഈ പേര് നിർദ്ദേശിച്ചത്. മാത്രവുമല്ല മാഗസിന്റെ ഉള്ളടക്കവും ഏറെക്കുറെ വർഗ്ഗീയതക്കെതിരെ എന്നൊരു പ്രമേയത്തിലൂന്നിയിട്ടുള്ളതായിരുന്നു.

അതും കൂടി ഈ ഒരു പേര് തെരഞ്ഞെടുക്കാൻ മാഗസിൻ സമിതിയെയും വിദ്യാർത്ഥികളെയും സഹായിച്ചു. ഇത്തരത്തിൽ വിദ്യാർത്ഥികളിൽ നിന്ന ലഭിച്ച പേരുകളിൽ നിന്നാണ് ഈയൊരു പേര് തെരഞ്ഞെടുത്തത്. അത് തീരുമാനിച്ചതിന് ശേഷം ബന്ധപ്പെട്ട സ്റ്റാഫ് എഡിറ്ററെയും കോളേജ് അധികൃതരെയും അറിയിച്ചപ്പോഴും ആരും എതിർപ്പൊന്നും പറഞ്ഞില്ല. മാത്രവുമല്ല ഈ സമയത്ത് ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടേണ്ട ഒരു പേരും ഇതു തന്നെയാണെന്ന് തോന്നി. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ഈയൊരു പേര് അന്തിമാക്കി തീരുമാനമെടുത്തത്.

  • ഇത്രയേറെ പ്രശ്‌നങ്ങളിപ്പോഴുണ്ടാകുന്ന സാഹര്യത്തിൽ ആ ഒരു പേര് വേണ്ടിയിരുന്നില്ല എന്ന് തോന്നിയിരുന്നോ

ഒരിക്കലുമില്ല. ഈയൊരു പേരിൽ മാത്രമാണ് ഈ കൊച്ചുകലാലയത്തിന്റെ മാഗസിൻ കേരളത്തിലെ മാധ്യമങ്ങളാകെ ചർച്ചയാക്കിയത്. അതല്ലെങ്കിൽ ആരും ഈ മാഗസിനെയോ അതിന്റെ രാഷ്ട്രീയത്തെയോ ശ്രദ്ധിക്കാതെ കേവലമൊരു കോളേജ് മാഗസിനെ പോലെ തന്നെ ഇതും ഇവിടുത്തെ കുട്ടികളിൽ മാത്രം ഒതുങ്ങിപ്പോകുമായിരുന്നു. ഇതിത്രയും പ്രശസ്തമാക്കിയതിൽ സത്യത്തിൽ നന്ദിപറയേണ്ടത് ക്യാമ്പസ് ഫ്രണ്ടുകാരോടാണ്. ഇപ്പോൾ വിവിധയിടങ്ങളിൽ നിന്ന് മാഗസിന്റെ കോപ്പികളാവശ്യപ്പെട്ട് വിളികൾ വരുന്നുണ്ട്. കോളേജിലെ കുട്ടികളുടെ എണ്ണത്തിനനുസരിച്ചാണ് ഇപ്പോൾ പ്രിന്റ് ചെയ്തത്. അത് ഏകദേശം തീർന്നിരിക്കുന്നു. ഇപ്പോഴും മുഴുവൻ വിദ്യാർത്ഥികൾക്കും കിട്ടിയിട്ടില്ലെന്ന പരാതിയുണ്ട്. നിരവധിയാളുകൾ മാഗസിന്റെ കോപ്പി ആവശ്യപ്പെട്ട് വിളിക്കുന്ന സാഹചര്യത്തിൽ വീണ്ടും പ്രിന്റുചെയ്യുന്നതിനെ കുറിച്ചാലോചിക്കുന്നുണ്ട്. ഈ മാഗസിനെ കേരളം ചർച്ചചെയ്യാൻ തന്നെ കാരണമായത് ഈ പേരുകൊണ്ടാണ്.

  • മാഗസിന്റെ ഉള്ളടക്കത്തെ കുറിച്ച്

സാധാരണ കോളേജ് മാഗസിനുകളെ പോലെ തന്നെ അതിറക്കുന്ന കോളേജ് യൂണിയന്റെ വിദ്യാർത്ഥി സംഘടനയുടെ രാഷ്ട്രീയ അതിപ്രസരങ്ങളുമുള്ള ഒരു മാഗസിൻ തന്നെയാണ് ഇതും. അതിനപ്പുറം വിദ്യാർത്ഥികളുടെ കഥകളും കവിതകളും ഒക്കെതന്നെയാണ് ഇതിലുള്ളത്. ക്യാമ്പസ് ഫ്രണ്ടുകാരെ ചൊടിപ്പിച്ചത് ഈ മാഗസിന്റെ പേരും, ആമുഖവും, ആദ്യത്തെ രണ്ട് ലേഖനങ്ങളുമാണ്. ഇതു മൂന്നിനും പൊതുവായൊരു തലക്കെട്ട് തന്നെയായിരുന്ന എന്നതാണ് അവരെ ചൊടിപ്പിച്ചത്. അത് അഭിമന്യു മഹാരാജിസിന്റെ ചുവരുകളിൽ അവസാനം കോറിയിട്ടതും കേരളം ഇന്നാകെ ഒരുമിച്ചുവിളിക്കുന്നതുമായ വർഗ്ഗീയത തുലയട്ടെ എന്ന മുദ്രാവാക്യമാണ്. ഇത് തന്നെയാണ് അവരെ ചൊടിപ്പിച്ചത്. അതിനപ്പുറം ഈ മാഗസിൻ ചർച്ച ചെയ്യുന്നത് അട്ടപ്പാടിയിലെ മധവിന്റെ കൊലപാതകം, കെവിന്റെ കൊലപാതകം, ഗൗരിലങ്കേഷ് തുടങ്ങിയ വിഷയങ്ങളൊക്കെയാണ്. 84 പേജുകളുള്ള മാഗസിനിൽ നല്ലൊരു ഭാഗവും വർഗ്ഗീയതക്കെതിരെയുള്ള ഉള്ളടക്കങ്ങളാണ്. അതിനുപുറമേ സാധാരണ കോളേജുമാഗസിനുകളിലുണ്ടാകുന്ന പ്രണയവും, സൗഹൃദവും, യാത്രയുമൊക്കെ ഈ മാഗസിനിലുമുണ്ട്.

  • ഇപ്പോൾ നേരിടുന്ന പ്രശ്‌നങ്ങൾ

ഈ മാഗസിന്റെ പിറികിൽ പ്രവർത്തിച്ചിരുന്നവരെന്ന നിലക്ക് നമ്മളുടെ ഒരുമാസക്കാലത്തെ അധ്വാനം നടുറോഡിലിട്ട് കത്തുന്നത് കാണുമ്പോൾ ചെറിയ സങ്കടമുണ്ടായിരുന്നു. ഇതിനെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടികൾ കോളേജിന്റെ ഭാഗത്ത് നിന്നുണ്ടാകാൻ സാധ്യതയില്ല. കാരണം മാഗസിൻ കത്തിച്ചത് കോളേജിന് പുറത്ത് റോഡിൽ വച്ചാണ്. അതിനാൽ അത് കോളേജിനെ ഒരു തരത്തിലും ബാധിക്കുന്ന പ്രശ്‌നമല്ല. മാത്രവുമല്ല മാഗസിൻ കത്തിച്ചതിനെതിരെ ഏതെങ്കിലും തരത്തിലുള്ള പരാതികൾ നൽകുകയാണെങ്കിൽ അവരായിരക്കും അടുത്ത അഭിമന്യു എന്ന് ഇന്നലെ കോളേജിലെ ക്യാംമ്പസ് ഫ്രണ്ട് പ്രവർത്തകർ ഭീഷണിമുഴക്കിയിട്ടുണ്ട്. കോളേജ് കവാടത്തിന് സമീപം സ്ഥാപിച്ചിരുന്ന എസ്എഫ്‌ഐയുടെ കൊടിതോരണങ്ങളും നവാഗതരെ സ്വാഗതം ചെയ്തുള്ള ബോർഡുകളുമെല്ലാം ഇന്നലത്തെ പ്രതിഷേധത്തിന്റെ ഇടയിൽ ക്യാംമ്പസ് ഫ്രണ്ട് പ്രവർത്തകർ നശിപ്പിച്ചിട്ടുണ്ട്.

ഈ കോളേജിൽ വിരലിലെണ്ണാവുന്ന പ്രവർത്തകർ മാത്രമാണുള്ളത്. അതിനാൽ തന്നെ മാഗസിൻ കത്തിക്കുന്നതിനടക്കം പുറത്ത് നിന്നുള്ള എസ്ഡിപിഐ പ്രവർത്തകരുടെ സഹായവും അവർക്കുണ്ട്. മാഗസിൻ സമിതി അംഗങ്ങൾക്കെതിരെയും ക്യാംമ്പസ് ഫ്രണ്ട് പ്രവർത്തകർ ഭീഷണി മുഴക്കിയ സാഹചര്യത്തിൽ കോളേജിന് സമീപം പൊലീസ് കാവലുണ്ട്. ഈ ഭീഷണികൾക്കിടയിലും മാഗസിൻ വട്ടവടയിലെ അഭിമന്യുവിന്റെ പേരിൽ സ്ഥാപിക്കുന്ന ലൈബ്രറിയിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് മാഗസിൻ സമിതി പ്രവർത്തകർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP