Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വെള്ളമില്ലാത്ത കിണറ്റിൽ വെള്ളമെത്തിച്ച ബ്ലാക്ക് മാജിക്ക് ആവിയായി! പ്ലസ് ടുക്കാരിയുടെ ഭർത്താവാകാൻ മോഹിച്ച ഭാര്യയും അഞ്ച് കുട്ടികളുമുള്ള വ്യാജ സിദ്ധന് ഇനി അഴിയെണ്ണാം; എടക്കര സ്വദേശിനിയേയും മൂന്ന് പെൺമക്കളേയും തട്ടിക്കൊണ്ട് പോയ മുത്തുകോയ തങ്ങളെ അറസ്റ്റ് ചെയ്ത് പൊലീസ്; കരിപ്പൂർ പുളിയംപറമ്പിലെ അബ്ദുറഹ്മാൻ മുത്തുകോയ തങ്ങൾ ഒളിവിൽ കഴിഞ്ഞത് ഏർവാടിയിലും അജ്മീറിലും എന്ന് അന്വേഷണ സംഘം

വെള്ളമില്ലാത്ത കിണറ്റിൽ വെള്ളമെത്തിച്ച ബ്ലാക്ക് മാജിക്ക് ആവിയായി! പ്ലസ് ടുക്കാരിയുടെ ഭർത്താവാകാൻ മോഹിച്ച ഭാര്യയും അഞ്ച് കുട്ടികളുമുള്ള വ്യാജ സിദ്ധന് ഇനി അഴിയെണ്ണാം; എടക്കര സ്വദേശിനിയേയും മൂന്ന് പെൺമക്കളേയും തട്ടിക്കൊണ്ട് പോയ മുത്തുകോയ തങ്ങളെ അറസ്റ്റ് ചെയ്ത് പൊലീസ്; കരിപ്പൂർ പുളിയംപറമ്പിലെ അബ്ദുറഹ്മാൻ മുത്തുകോയ തങ്ങൾ ഒളിവിൽ കഴിഞ്ഞത് ഏർവാടിയിലും അജ്മീറിലും എന്ന് അന്വേഷണ സംഘം

എം പി റാഫി

മലപ്പുറം: 18 തികയാത്ത പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള ആസൂത്രിത നീക്കങ്ങൾ നടത്തി യുവതിയെയും മൂന്ന് പെൺമക്കളെയും തട്ടിക്കൊണ്ടു പോയ കേസിൽ കരിപ്പൂർ പുളിയംപറമ്പിലെ സിദ്ധൻ അറസ്റ്റിൽ. അബ്ദുറഹ്മാൻ മുത്തുകോയ തങ്ങൾ ( 38) എന്ന സിദ്ധനെയാണ് മലപ്പുറം ഡിവൈഎസ്‌പി ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

മറുനാടൻ മലയാളി നിരന്തരമായി വാർത്ത നൽകിയതിനെ തുടർന്നായിരുന്നു കേസിൽ വഴിത്തിരിവായത്. മൂന്നര മാസം മുമ്പാണ് യുവതിയെയും മൂന്ന് പെൺകുട്ടികളെയും കാണാതായത്. തിരുവനന്തപുരം ബീമാപള്ളിക്കു സമീപം സിദ്ധൻ ഇവരെ പാർപ്പിക്കുകയായിരുന്നെന്ന് പിന്നീട് പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് സിദ്ധനും കൂട്ടാളിക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഒളിവിലായിരുന്ന മുഖ്യ പ്രതിയെ പിടികൂടിയിരിക്കുന്നത്. അറസ്റ്റിലായ സിദ്ധനെതിരെ നാല് കേസുകളാണ് കരിപ്പൂർ പൊലീസ് രജിസ്റ്റർ ചെയ്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഒളിവിലായിരുന്ന സിദ്ധൻ ഏർവാടി, അജ്മീർ തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളെ ചുറ്റിപ്പറ്റിയാണ് കഴിഞ്ഞിരുന്നതെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ മലപ്പുറം ഡിവൈഎസ്‌പി മറുനാടൻ മലയാളിയോടു പറഞ്ഞു. യുവതിയെ കൊണ്ടുപോകാൻ ഉപയോഗിച്ച കാർ പൊലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കരിപ്പൂർ പുളിയംപറമ്പ് സ്വദേശി സൗദാബിയുടെയും മക്കളുടെയും തിരോധാനത്തിനു പിന്നിൽ നിരവധി ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു പുറത്തുവന്നത്. സിദ്ധനും ജാബിറും ജാബിറിന്റെ ഭാര്യയും നേരത്തേ ആസൂത്രണം ചെയ്തതു പ്രകാരമാണ് സൗദാബിയെയും കുട്ടികളെയും തിരുവനന്തപുരത്തെ ഫ്‌ളാറ്റിൽ എത്തിച്ചത്. അന്ധമായ വിശ്വാസം കുത്തി നിറച്ചും യുവതിയുടെ വിശ്വാസം ചൂഷണം ചെയ്ത് തെറ്റി ദ്ധരിപ്പിച്ചുമായിരുന്നു തട്ടിക്കൊണ്ടുപോകൽ നാടകം നടത്തിയത്. തിരുവനന്തപുരം ടെക്‌നോപാർക്കിൽ ഇൻഫോടെക് ജീവനക്കാരനാണ് സിദ്ധന്റെ കൂട്ടാളിയായ ജാബിർ. ഇയാൾ ഭാര്യയുമായി തിരുവനന്തപുരം ബീമാപള്ളിക്കു സമീപം വാടക വീട്ടിലാണ് താമസിച്ചിരുന്നത്.

സൗദാബിയെ കാണാതാകുന്നതിനു മുമ്പ് തന്നെ കഴക്കൂട്ടത്തിനു സമീപത്തെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ മറ്റൊരാളുടെ പേരിലുള്ള ഫ്‌ളാറ്റ് ഇവർ വാടകക്ക് എടുത്തിരുന്നു. സിദ്ധന്റെ നിർദ്ദേശപ്രകാരം യുവതി മൊബൈൽ വീട്ടിൽ വെച്ച ശേഷമായിരുന്നു കൊണ്ടോട്ടിയിലെ ജാറത്തിനടുത്ത് ഓട്ടോയിൽ എത്തിയത്. ഈ സമയം ജാബിറും ഭാര്യയും എടക്കരയിൽ നിന്നും കൊണ്ടോട്ടിയിൽ എത്തി. സൗദാബിയും കുട്ടികളും ഇവരോടൊപ്പം കോഴിക്കോട് എത്തുകയും ഇവിടെ നിന്ന് ട്രൈനിൽ തിരുവനന്തപുരത്തേക്ക് പോകുകയുമായിരുന്നു. സിദ്ധനിലുള്ള അമിതഭക്തിയായിരുന്നു യുവതി ഇയാളെ വിശ്വസിക്കാൻ ഇടയാക്കിയത്. താൻ പറയുന്നത് അനുസരിച്ചില്ലെങ്കിൽ കുടുംബം നശിക്കുമെന്നും വലിയ നാശമുണ്ടാകുമെന്നും പറഞ്ഞായിരുന്നു സിദ്ധൻ പേടിപ്പിച്ചിരുന്നത്. യുവതിയെ കാണാതാകുന്നതിന്റെ ഒന്നരമാസം മുമ്പ് സൗദാബിയും ഭർത്താവും കുട്ടികളും സിദ്ധ നോടൊപ്പം ബീമാപള്ളി ജാറത്തിൽ എത്തിയിരുന്നു. ജാബിറിന്റെ വാടക വീട്ടിലായിരുന്നു അന്ന് ഇവർ തങ്ങിയിരുന്നത്. ഇവിടെ വെച്ച് ജാബിറിന്റെ ഭാര്യ സൗദാബിയുടെ മകളെ സിദ്ധനു വേണ്ടി വിവാഹാലോചന നടത്തിയിരുന്നു. ' തങ്ങൾ 'ക്ക് വിവാഹം ചെയ്തു കൊടുക്കണമെന്ന് താൻ സ്വപ്നം കണ്ടുവെന്നായിരുന്നു ജാബിറിന്റെ ഭാര്യ സൗദാബിയുടെ ഭർത്താവിനോടു പറഞ്ഞിരുന്നത്. മുമ്പ് സൗദാബിയും ഇതേ സ്വപ്നം കണ്ടിരുന്നതായി ഭർത്താവിനോടും കുടുംബങ്ങളോടും പറഞ്ഞിരുന്നു. നബി സ്വപ്നത്തിൽ ഇക്കാര്യം കാണിച്ചു തന്നതായി സിദ്ധൻ തന്നെ പറയുകയായിരുന്നു. സൗദാബിയെ പൊലീസും കുടുംബാംഗങ്ങളും ചോദ്യം ചെയ്തപ്പോഴാണ് എല്ലാം സിദ്ധൻ പറഞ്ഞ് ചെയ്യിക്കുകയായിരുന്നെന്ന് വ്യക്തമായത്.

മുമ്പ് ബീമാപള്ളിയിൽ എത്തിയപ്പോൾ താമസിച്ച വിവരമറിഞ്ഞ പൊലീസ് അന്വേഷണം ജാബിറിനെ കേന്ദ്രീകരിച്ച് നടത്തുകയായിരുന്നു. ഇതോടെ കുടുങ്ങുമെന്നായ ജാബിർ യുവതിയെയും കുട്ടികളെയും നാട്ടിലേക്ക് ട്രൈൻ കയറ്റി വിട്ടു. എന്നാൽ, വീട്ടമ്മയുടെയും പെൺമക്കളുടെയും തിരോധാനവുമായി ബന്ധപ്പെട്ട് നേരത്തെ പൊലീസ് ചോദ്യം ചെയ്യലിൽ തനിക്ക് ബന്ധമില്ലെന്നായിരുന്നു സിദ്ധൻ പറഞ്ഞിരുന്നത്. ബന്ധമില്ലെന്ന് പൊലീസിനെ വിശ്വസിപ്പിക്കാനായി സിദ്ധൻ തിരുവനന്തപുരത്തെത്തി യുവതിക്കു വേണ്ടി തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു. സൗദാബിയെയും പെൺമക്കളെയും കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം സിദ്ധനിലേക്കും കൂട്ടാളിയിലേക്കും തിരിച്ചു. ഇതോടെ ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഇരുവർക്കെതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മനുഷ്യക്കടത്ത് ഉൾപ്പടെ ഐപിസി 345, 346, 347,370,176 തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്.

അബ്ദുറഹ്മാൻ എന്ന കോഴിക്കോട്ടുകാരൻ നിരവധി അനുയായികളുള്ള മുത്തുകോയ തങ്ങൾ ആയി മാറിയ കഥ

അബ്ദുറഹ്മാൻ മുത്തുകോയ തങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന സിദ്ധൻ കോഴിക്കോട് വെള്ളിമാട്കുന്നിനടുത്ത സ്വദേശിയാണ്. മൂന്ന് വർഷം മുമ്പ് മേലങ്ങാടിയിലെത്തി ചികിത്സ നടത്തി തുടങ്ങുകയായിരുന്നു 38 വയസ് പ്രായമുള്ള സിദ്ധൻ. ഇതിനിടെ ഒരു സ്ത്രീയുമായി ബന്ധപ്പെട്ട വിഷയത്തിൽ നാട്ടുകാർ പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് ഇവിടെ നിന്നും താമസം മാറി. പിന്നീടാണ് പുളിയംപറമ്പിലേക്കെത്തുന്നത്. സ്ഥിരമായി അജ്മീറിൽ തീർത്ഥാടനത്തിനായി പോകാറുള്ള ഇയാൾ അവിടെ നിന്നും കൂടുതൽ ചികിത്സാ വിദ്യകൾ പഠിക്കുകയായിരുന്നു. ആത്മീയതയോടൊപ്പം പിതാവിൽ നിന്ന് പഠിച്ച പച്ചമരുന്ന് വിദ്യയും കൂടി പരീക്ഷിച്ചാണ് ജനങ്ങളെ ചികിത്സിച്ചിരുന്നത്. പ്രവാചകൻ മുഹമ്മദ് നബിയുടെ സന്താന പരമ്പരയിൽപ്പെട്ടവരെയാണ് തങ്ങൾ അല്ലെങ്കിൽ സയ്യിദ് എന്ന് വിളിക്കുക. എന്നാൽ ഇയാൾ യഥാർത്ഥ തങ്ങൾ അല്ലെന്നും സ്വയം പ്രഖ്യാപിത തങ്ങളാണെന്നുമാണ് നാട്ടുകാരിൽ ചിലരും പൊലീസും പറയുന്നത്. താമസ സ്ഥലത്തോടു ചേർന്ന് സ്ഥിരമായുള്ള ആത്മീയ മജ്ലിസുകളും എല്ലാ മാസവും അജ്്മീറിലേക്കുള്ള തീർത്ഥാടന യാത്രയും സിദ്ധന്റെ നേതൃത്വത്തിൽ നടന്നു വരുന്നുണ്ട്. ചികിത്സയിലൂടെ സിദ്ധൻ നാട്ടുകാരുടെ അനുകമ്പ പിടിച്ചു പറ്റി. ഇതിനിടെ എല്ലാ രാഷ്ട്രീയക്കാരുടെയും മത വിഭാഗങ്ങളുടെയും പ്രിയപ്പെട്ടവനായി ഈ 'തങ്ങൾ' മാറിയിരുന്നു. ഇന്ന് നിരവധി സ്വത്തിന്റെയും ഭൂമിയുടെയും ഉടമയായി ഇയാൾ മാറി. ഭാര്യയും അഞ്ച് കുട്ടികളുമുണ്ട് അബ്ദുറഹ്മാൻ മുത്തുകോയ തങ്ങൾ എന്നറിയപ്പെടുന്ന സിദ്ധന്.

സൗദാബിയുടെ കുടുംബത്തിൽപ്പെട്ട നിരവധി പേർ സിദ്ധന്റെ സ്ഥിരം സന്ദർശകരും അനുയായികളുമായിരുന്നു. ഇത് ചൂഷണം ചെയ്താണ് ഇവരിൽ നിന്നും ഭൂമി തട്ടിയെടുത്തത്. സൗദാബിക്കും രണ്ട് സഹോദരിമാർക്കുമായി 11 സെന്റ് വീതം 33 സെന്റ് ഭൂമി കുടുംബ സ്വത്തായുണ്ട്. ഇതിൽ മൂന്നു പേരിൽ നിന്നായി അഞ്ച് സെന്റിന്റെ വില നൽകിയും 6 സെന്റ് വീതം പള്ളിയുണ്ടാക്കാനെന്ന് പറഞ്ഞും വാങ്ങി. എതിർപ്പില്ലാതെ ഇവർ രജിസ്റ്റർ ചെയ്തു കൊടുക്കുകയും ചെയ്തു. ഇതിൽ ഒരു സഹോദരി മൂന്ന് സെന്റ് അധികവും നൽകി. സിദ്ധനിലുള്ള അമിത വിശ്വാസവും ഭക്തിയുമായിരുന്നു ഇവരെ ഇത്തരത്തിൽ സ്വത്ത് നൽകാൻ പ്രേരിപ്പിച്ചത്. പള്ളി നിർമ്മാണം നടക്കാതായതോടെ സിദ്ധന്റെ തട്ടിപ്പാണിതെന്ന് മനസിലാക്കി കുടുംബങ്ങൾ ഇയാളുമായുള്ള ഇടപാട് നിർത്തി. എന്നാൽ സൗദാബി ബന്ധം തുടർന്നു. സൗദാബിയുടെ അസുഖം സിദ്ധന്റെ ചികിത്സയിലൂടെ ഭേദമായതും പുതുതായി നിർമ്മിക്കുന്ന വീടിനോടു ചേർന്ന വെള്ളമില്ലാത്ത കിണറിൽ സിദ്ധന്റെ കർമ്മങ്ങളിലൂടെ വെള്ളം കണ്ടെത്തിയെന്നതും സൗദാബിക്ക് സിദ്ധനിലുള്ള വിശ്വാസം ഇരട്ടിച്ചു. ഇതോടെ സൗദാബി ഇയാളുടെ കടുത്ത അനുയായി ആയിമാറി.

എന്തും പറഞ്ഞാൽ സൗദാബി കേൾക്കുമെന്നായപ്പോൾ 18 തികയാത്തെ മകളെ വിവാഹം കഴിക്കാനുള്ള താൽപര്യവും പ്രകടിപ്പിച്ചു. മകളെ റസൂൽ തനിക്ക് സ്വപ്നത്തിൽ കാണിച്ചു തന്നിട്ടുണ്ടെന്നായിരുന്നു സിദ്ധൻ പറഞ്ഞു വിശ്വസിപ്പിച്ചത്. ഇതുകേട്ടപ്പോൾ ഒന്നും നോക്കാതെ സമ്മതം നൽകിയെങ്കിലും കുടുംബത്തിലെ മറ്റുള്ളവരെല്ലാം എതിർത്തു. ഇതോടെ സൗദാബിയും ഇതേ സ്വപ്നം കണ്ടുവെന്നു പറഞ്ഞു രംഗത്തെത്തി. ഇതും കുടുംബങ്ങൾ അംഗീകരിച്ചില്ല. സൗദാബി വീടുവിട്ടിറങ്ങി തിരിച്ചെത്തിയ ശേഷം പൊലീസും വീട്ടുകാരും ചോദിച്ചപ്പോഴാണ് താൻ അങ്ങിനെയൊരും സ്വപ്നം കണ്ടില്ലെന്ന് സൗദാബി തന്നെ സമ്മതിക്കുന്നത്. ഇവരുടെ അന്തമായ ഭക്തിയും പേടിയും സിദ്ധൻ ചൂഷണം ചെയ്യുകയായിരുന്നു. തന്റെ വാക്കു കേട്ടില്ലെങ്കിൽ കുടുംബം തകരുകയും സാമ്പത്തിക നഷ്ടങ്ങളടക്കം ഉണ്ടാകുമെന്നുമാണ് സുദ്ധൻ യുവതിയെ പറഞ്ഞു പേടിപ്പിച്ചിരുന്നത്.

ഈ സംഭവങ്ങളോട് സിദ്ധനിൽ വിശ്വാസമുണ്ടായിരുന്ന പ്രവാസിയായ ഭർത്താവ് മുഹമ്മദ് ബഷീറും സിദ്ധന്റെ തട്ടിപ്പ് തിരിച്ചറിഞ്ഞു. ഇവരുടെ പ്ലസ്ടു വിദ്യാർത്ഥിയായ മകളെ വിവാഹം കഴിക്കുകയായിരുന്നു സിദ്ധന്റെ ലക്ഷ്യം. എന്നാൽ ഇതിനെ എല്ലാവരും എതിർത്തതോടെ വെടക്കാക്കി തനിക്കാക്കുക എന്ന നിലപാട് സിദ്ധൻ സ്വീകരിക്കുകയായിരുന്നു. പിന്നീടങ്ങോട്ട് പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള നാടകങ്ങളായിരുന്നു. അതിന്റെ ഭാഗമായാണ് സൗദാബിയുടെയും മൂന്ന് കുട്ടികളുടെയും തിരോധാനവും. കേസിൽ ഉൾപ്പെട്ടതോടെ നാട്ടുകാർ സിദ്ധനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സിദ്ധന്റെ തട്ടിപ്പ് നാട്ടിൽചർച്ചയായതോടെ അനുയായികളിൽ പലരും അങ്കലാപ്പിലായിരിക്കുകയാണ്. പൊലീസ് ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP