Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്രഷറി തട്ടിപ്പുവീരൻ മുങ്ങിയത് തമിഴ്‌നാട്ടിലെ തക്കലയിലേക്ക്; പ്രതിയെ സ്വന്തം വാഹനത്തിൽ അതിർത്തി കടത്തിക്കൊണ്ട് വന്നത് ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലും; ലൈവ് ആക്കി അവതരിപ്പിക്കാൻ എത്തിച്ചത് തലസ്ഥാനത്തെ ബ്യൂറോ; നിരപരാധിയാണെന്നു ലോകത്തോട് വിളിച്ച് പറയാൻ പ്രതിയെ സഹായിച്ചു ചാനൽ; ബിജുലാൽ സഞ്ചരിച്ച വണ്ടിയിൽ ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്; ട്രഷറി തട്ടിപ്പു കേസിലെ പ്രതിയെ അതിർത്തി കടത്തി ഒത്താശ ചെയ്ത 24 ന്യൂസ് ചാനൽ വെട്ടിൽ

ട്രഷറി തട്ടിപ്പുവീരൻ മുങ്ങിയത് തമിഴ്‌നാട്ടിലെ തക്കലയിലേക്ക്; പ്രതിയെ സ്വന്തം വാഹനത്തിൽ അതിർത്തി കടത്തിക്കൊണ്ട് വന്നത് ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലും; ലൈവ് ആക്കി അവതരിപ്പിക്കാൻ എത്തിച്ചത് തലസ്ഥാനത്തെ ബ്യൂറോ; നിരപരാധിയാണെന്നു ലോകത്തോട് വിളിച്ച് പറയാൻ പ്രതിയെ സഹായിച്ചു ചാനൽ; ബിജുലാൽ സഞ്ചരിച്ച വണ്ടിയിൽ ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്; ട്രഷറി തട്ടിപ്പു കേസിലെ പ്രതിയെ അതിർത്തി കടത്തി ഒത്താശ ചെയ്ത 24 ന്യൂസ് ചാനൽ വെട്ടിൽ

എം മനോജ് കുമാർ

തിരുവനന്തപുരം: സംസ്ഥാനത്തെ നടുക്കിയ ട്രഷറി തട്ടിപ്പ് കേസിലെ പ്രതിയായ ബിജുലാലിനെ തക്കലയിൽ നിന്നും തിരുവനന്തപുരത്തേക്ക് കടത്തിക്കൊണ്ട് വന്നത് ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിന്റെ വാഹനത്തിൽ. രണ്ടു കോടി 70 ലക്ഷം രൂപ സംസ്ഥാന ട്രഷറിയിൽ നിന്ന് കവർന്ന ശേഷം ഒളിവിൽ പോയ പ്രതിയെ സ്വന്തം വണ്ടി അയച്ചാണ് 24 ന്യൂസ് ചാനൽ തമിഴ്‌നാട് നിന്നും തിരുവനന്തപുരത്തേക്ക് ഒളിപ്പിച്ച് കടത്തിയത്. പൊലീസ് കണ്ടുപിടിക്കാതിരിക്കാനാണ് ന്യൂസ് ചാനലിന്റെ വാഹനത്തിൽ തിരുവനന്തപുരത്ത് എത്തിച്ചത്. ചാനൽ വാറിൽ മുൻ തൂക്കം ലഭിക്കാൻ വേണ്ടിയുള്ള ചാനലിന്റെ നടപടി സർക്കാരിനെയും മാധ്യമ ലോകത്തെയും ഒരുപോലെ ഞെട്ടിച്ചിട്ടുണ്ട്. ചാനലിന്റെ ലൈവ് പ്രോഗ്രാമിന് ശേഷം മറ്റു മാധ്യമങ്ങളോട് കൂടി താൻ നിരപരാധിയാണെന്ന് പ്രഖ്യാപിച്ച ശേഷമാണ് ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിനു പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. ഇന്നലെ രാവിലെയാണ് വഞ്ചിയൂർ കോടതിക്ക് പിന്നിലുള്ള അഭിഭാഷകന്റെ ഓഫീസിൽനിന്ന് ബിജുലാൽ അറസ്റ്റിലാകുന്നത്.

സംസ്ഥാന പൊലീസിനു നാണക്കേട് ഉണ്ടാക്കിയ സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അതൃപ്തരാണ്. സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് സംഘത്തോട് പൊലീസ് ഉന്നതർ വിവരങ്ങൾ ആരാഞ്ഞിട്ടുണ്ട്. ഇതാദ്യമായല്ല 24 ന്യൂസ് ചാനൽ ഈ രീതിയിൽ സഞ്ചരിക്കുന്നത്. അന്താരാഷ്ട്ര ബന്ധങ്ങളുള്ള സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന് താൻ നിരപരാധിയാണെന്നു ലോകത്തോട് വിളിച്ച് പറയാൻ അവസരം ഒരുക്കിയത് ഇതേ 24 ന്യൂസ് ചാനലായിരുന്നു. കസ്റ്റംസ് സംഘം സ്വപ്നയെ അന്വേഷിക്കുമ്പോഴാണ് സ്വപ്നയുടെ ഓഡിയോ റെക്കോഡ് ചെയ്ത് താൻ നിരപരാധിയാണെന്ന് വിളിച്ചു പറയാൻ സ്വപ്നയ്ക്ക് ചാനൽ അവസരം ഒരുക്കി നൽകിയത്. എൻഐഎ ഉൾപ്പെടെ ഈ കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികളുടെ നോട്ടപ്പുള്ളിയായി ചാനൽ തുടരവേ തന്നെയാണ് സംസ്ഥാനത്തെ ട്രഷറി തട്ടിപ്പ് കേസിലെ പ്രതിക്ക് നിരപരാധിയാണെന്ന് ലൈവിലൂടെ വിളിച്ചു പറയാൻ ചാനൽ അവസരം ഒരുക്കിയിരിക്കുന്നത്.

അറസ്റ്റ് ഭയന്ന് ഒളിവിൽ പോയ ട്രഷറി തട്ടിപ്പ് കേസിലെ പ്രതിയെ തിരക്കി നാല് ചുറ്റും പൊലീസ് വാഹനങ്ങൾ രാപകൽ ഭേദമന്യേ ഓടുന്ന അവസരത്തിലാണ് 24 ന്യൂസ് ചാനൽ സ്വന്തം വാഹനത്തിൽ പ്രതിയെ ഒളിപ്പിച്ച് കടത്തിയത്. ഇതോടെ ട്രഷറി തട്ടിപ്പ് കേസിലെ പ്രതിയെ രഹസ്യമായി ഒളിപ്പിച്ച് കടത്തിയതിന് 24 ന്യൂസ് ചാനൽ കൂടി പ്രതിയായി മാറുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ബിജുലാലിനെ ഒളിപ്പിച്ച് കടത്തിയ വാഹനത്തിൽ സഞ്ചരിച്ച ന്യൂസ് ചാനലിന്റെ മാധ്യമപ്രവർത്തകരെ ഉടനടി പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ചെറിയ കുറ്റമല്ല ന്യൂസ് ചാനൽ ചെയ്തത് എന്നതിനാൽ ഉന്നത പൊലീസ് കേന്ദ്രങ്ങൾ സംഭവത്തിൽ ക്ഷുഭിതരാണ്. നിയമങ്ങൾ കാറ്റിൽപ്പറത്തി പ്രതിയെ സഹായിക്കാൻ ആരാണ് 24 ചാനലിനു അനുവാദം നൽകിയത് എന്ന ചോദ്യമാണ് പൊലീസ് ആസ്ഥാനത്ത് ഉയർന്നിരിക്കുന്നത്. ഈ നിയമലംഘനത്തെ കണ്ടില്ലെന്നു നടിച്ചാൽ അത് ഗൗരവകരമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കും എന്നതിനാൽ സത്വര നടപടികൾ ചാനലിന് എതിരെ സ്വീകരിക്കാനുള്ള തീരുമാനമാണ് ഇപ്പോൾ ഉരുത്തിരിയുന്നതും. പ്രതിയെ ഒളിപ്പിക്കുന്നതും പ്രതിക്കുവേണ്ട ഒത്താശ ചെയ്യുന്നതും പ്രതിയെ സംരക്ഷിക്കുന്നതും അനുബന്ധമായ കുറ്റകൃത്യമാണ്. ഈ കുറ്റകൃത്യം കണ്ടില്ലെന്നു നടിക്കുന്നത് അപകടമാണെന്ന തിരിച്ചറിവാണ് ചാനൽ പ്രവർത്തകരെ ചോദ്യം ചെയ്യാനുള്ള തീരുമാനത്തിന്റെ പിന്നിൽ.

ആരുടേയും കണ്ണിൽപ്പെടാതെ തിരുവനന്തപുരത്തെ ന്യൂസ് ചാനൽ ഓഫീസിലേക്ക് എത്തിക്കാൻ സ്വന്തം വണ്ടിയാണ് തമിഴ്‌നാട്ടിലേക്ക് ചാനൽ അയച്ചത്. ട്രഷറി തട്ടിപ്പ് കേസിലെ പ്രതിയെ ഒളിച്ചു കടത്തുകയാണ് ചാനൽ ചെയ്തത്. ട്രഷറി തട്ടിപ്പ് കേസിൽ താൻ നിരപരാധിയാണെന്ന് ലൈവിലൂടെ ലോകത്തോടു വിളിച്ചു പറയാനും ചാനലിന്റെ ഈ അതിസാഹസം കാരണം പ്രതിക്ക് കഴിഞ്ഞു. ന്യൂസ് ചാനലിലിലെ ലൈവ് പ്രോഗ്രാം കഴിഞ്ഞ ശേഷമാണ് ബിജുലാലിനെ പൊലീസിനു അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്. ചാനൽ ലൈവിനു ശേഷം മറ്റു മാധ്യമങ്ങളോടും സംസാരിക്കാനും ബിജുലാലിന് കഴിഞ്ഞു. ട്രഷറിയിൽനിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ലെന്നും ഓൺലൈനിൽ റമ്മി കളിച്ച് കിട്ടുന്ന പണമാണ് തന്റെ അക്കൗണ്ടിലുള്ളതെന്നും മറ്റു മാധ്യമങ്ങളോട് ബിജുലാൽ പ്രതികരിച്ചു. ഇതെല്ലാം കഴിഞ്ഞാണ് ഇന്നലെ രാവിലെ ബിജുലാൽ ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിന്റെ പിടിയിലാകുന്നത്. മുൻകൂർ ജാമ്യം തള്ളിയതോടെയാണ് ബിജുലാൽ കീഴടങ്ങാൻ തീരുമാനിച്ചത്.

വഞ്ചിയൂർ പൊലീസിൽ നിന്നും കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത ശേഷം സത്വരമായ നടപടികളാണ് ബിജുലാലിന്റെ അറസ്റ്റിൽ ക്രൈംബ്രാഞ്ച് സ്വീകരിച്ചത്. ജാമ്യം കിട്ടും എന്ന ധാരണയിൽ തക്കല തങ്ങിയ ബിജുലാൽ ക്രൈംബ്രാഞ്ചിന്റെ കണ്ണ് വെട്ടിച്ചാണ് ഒളിതാമസം തുടങ്ങിയത്. ബിജുലാലിന് വേണ്ടി പെടാപ്പാട് പെട്ട ക്രൈംബ്രാഞ്ച് സംഘത്തെ വെട്ടിച്ചാണ് 24 ന്യൂസ് ചാനൽ ബിജുലാലിനെ തിരുവനന്തപുരത്ത് എത്തിച്ചത്. ബിജുലാൽ ഒളിവിൽ ആണെന്ന് മനസിലാക്കി ബിജുലാലുമായി അടുപ്പമുള്ളവരെ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം മുന്നോട്ടു നീക്കുകയായിരുന്നു. ഇത് മനസിലാക്കിയാണ് അറസ്റ്റ് ഒഴിവാക്കാൻ സ്വന്തം വാഹനത്തിൽ സുരക്ഷിതമായി തിരുവനന്തപുരത്ത് എത്തിച്ച് ദൃശ്യങ്ങൾ ലൈവായി 24 ന്യൂസ് ചാനൽ സംപ്രേഷണം ചെയ്തത്. പൊലീസിന്റെ അറസ്റ്റ് ഭയന്ന് മൂന്നു ദിവസമാണ് തക്കലയിലെ ബന്ധുവീട്ടിൽ ബിജുലാൽ താമസിച്ചത്. ഭാര്യയുമായി പിണങ്ങി വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം സ്വന്തം അഭിഭാഷകനെ കണ്ടു ജാമ്യം കിട്ടില്ലെന്ന് ഉറപ്പായപ്പോഴാണ് തക്കലയിലെ ബന്ധുവീട്ടിലേക്ക് ബിജുലാൽ മുങ്ങിയത്. മൂന്നു ദിവസത്തെ തക്കലയിലെ താമസത്തിനു ശേഷം ബിജുലാലിനെ സുരക്ഷിതനായി തിരുവനന്തപുരത്തെ അഭിഭാഷകന്റെ ഓഫീസിൽ എത്തിച്ചത് തിരുവനന്തപുരത്തു നിന്നും പോയ 24 ന്യൂസ് ചാനലിന്റെ വാഹനത്തിലാണ്.

വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസർനെയിമും പാസ്വേഡും ഉപയോഗിച്ച് ജില്ലാ കളക്ടറുടെ അക്കൗണ്ടിൽനിന്നാണ് ബിജുലാൽ രണ്ടു കോടി രൂപ അടിച്ചു മാറ്റിയത്. ഇതിൽനിന്ന് 61.23 ലക്ഷം രൂപ വിവിധ ബാങ്കുകളിലെ നാല് അക്കൗണ്ടുകളിലേക്കു മാറ്റിയിരുന്നു. ജൂലായ് 27-നാണ് സംസ്ഥാനത്തെ നടുക്കിയ ഈ ട്രഷറി തട്ടിപ്പ് കണ്ടുപിടിക്കുന്നത്. ഏകദേശം രണ്ടു കോടിയോളം രൂപയാണ് ആണ് ബിജു ലാൽ തന്റെയും ഭാര്യയുടെയും പേരിലേക്ക് മാറ്റിയത്. ഫലത്തിൽ 62.32 ലക്ഷം രൂപയാണു സർക്കാരിനു നഷ്ടപ്പെട്ടതെങ്കിലും 2.77 കോടിയുടെ തട്ടിപ്പിനു ശ്രമിച്ചെന്ന കേസാകും ബിജുലാലിനെതിരെ ചുമത്തുക. കഴിഞ്ഞ ഡിസംബർ 23 ന് ആയിരുന്നു തട്ടിപ്പിലെ ആദ്യ ഇടപാട്. പരീക്ഷണാർഥം 3,000 രൂപയാണ് അന്നു സ്വന്തം അക്കൗണ്ടിലേക്ക് ഇയാൾ മാറ്റിയത്. പണം കൈമാറിയ ഉടൻ ബിൽ റദ്ദാക്കിയായിരുന്നു തട്ടിപ്പ്. ട്രഷറി സോഫ്റ്റ്‌വെയറിലെ പിഴവാണ് ഇതിനു സഹായിച്ചത്. പിടിക്കപ്പെടില്ലെന്ന് ഉറപ്പായതോടെ വീണ്ടും പണം കൈമാറിത്തുടങ്ങി.

ജൂലൈ വരെ ഇരുപതോളം തവണയായി ആകെ 77 ലക്ഷം രൂപയോളം സ്വന്തം അക്കൗണ്ടിലേക്കും ഭാര്യയുടെ അക്കൗണ്ടിലേക്കും മാറ്റി. ഓൺലൈൻ റമ്മി കളിക്കാനും കളിയിൽ നഷ്ടപ്പെട്ട പണം തിരികെ പിടിക്കാനുമായിരുന്നു ഈ തട്ടിപ്പുകളൊക്കെ എന്നാണ് ബിജുലാൽ പറഞ്ഞത്. തങ്ങളുടെ അക്കൗണ്ടുകളിൽ എത്തുന്ന പണത്തിന്റെ ഉറവിടത്തെക്കുറിച്ചു തിരക്കുമ്പോൾ റമ്മി കളിച്ചു കിട്ടുന്നതാണെന്നാണു ഭാര്യയോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. തട്ടിപ്പ് കണ്ടെത്തിയതിനെത്തുടർന്ന് ബിജുലാലിനെ പിരിച്ചുവിട്ടിരുന്നു. ബിജുലാലിനെ പിടികൂടാൻ ജില്ലാ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘത്തെയാണ് നിയോഗിച്ചത്. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ബിജുലാൽ ഒളിവിൽത്തുടരുന്ന സാഹചര്യത്തിലാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്. ഒടുവിൽ ബിജുലാൽ കീഴടങ്ങുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP