Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കളമശേരിയിൽ 17 കാരൻ ആത്മഹത്യ ചെയ്ത സംഭവം: പൊലീസിനെതിരെ ഉയരുന്നത് വ്യാജ ആരോപണങ്ങൾ; കേസിൽ ഉൾപ്പെട്ട കുട്ടികളെ കസ്റ്റഡിയിൽ മർദ്ദിച്ചുവെന്നും ഭക്ഷണം പോലും നൽകിയില്ലെന്നും കുപ്രചാരണം; സ്റ്റേഷൻ ഹൗസ് ഓഫീസർ സ്വന്തം കയ്യിൽ നിന്ന് പണമെടുത്ത് കുട്ടികൾക്ക് ഭക്ഷണം വാങ്ങി നൽകിയെന്ന് ഉദ്യോഗസ്ഥർ; തെളിവായി ചിത്രങ്ങളും പുറത്ത്

കളമശേരിയിൽ 17 കാരൻ ആത്മഹത്യ ചെയ്ത സംഭവം: പൊലീസിനെതിരെ ഉയരുന്നത് വ്യാജ ആരോപണങ്ങൾ; കേസിൽ ഉൾപ്പെട്ട കുട്ടികളെ കസ്റ്റഡിയിൽ മർദ്ദിച്ചുവെന്നും ഭക്ഷണം പോലും നൽകിയില്ലെന്നും കുപ്രചാരണം; സ്റ്റേഷൻ ഹൗസ് ഓഫീസർ സ്വന്തം കയ്യിൽ നിന്ന് പണമെടുത്ത് കുട്ടികൾക്ക് ഭക്ഷണം വാങ്ങി നൽകിയെന്ന് ഉദ്യോഗസ്ഥർ; തെളിവായി ചിത്രങ്ങളും പുറത്ത്

ആർ പീയൂഷ്

കൊച്ചി: ലഹരി ഉപയോഗിക്കുന്ന വിവരം വീട്ടുകാരെ അറിയിച്ചതിന് 17 കാരനെ ക്രൂരമായി തല്ലിച്ചതച്ച കേസിലുൾപ്പെട്ട 17 കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ ഉയരുന്നത് വ്യാജ ആരോപണങ്ങളെന്ന് പൊലീസ് ഉദ്യോഗസ്ഥർ മറുനാടനോട്. മാധ്യമങ്ങളിൽ പൊലീസിനെതിരെ കേസിലുൾപ്പെട്ട കുട്ടികൾ പൊലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചുവെന്നും ഭക്ഷണം പോലും നൽകിയില്ല എന്നും പറഞ്ഞിരുന്നു. എന്നാൽ സ്റ്റേഷൻ ഹൗസ് ഓഫീസർ സ്വന്തം കയ്യിൽ നിന്നും പണമെടുത്ത് കുട്ടികൾക്കെല്ലാം ഭക്ഷണം വാങ്ങി നൽകിയിരുന്നു എന്നു സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. കുട്ടികൾ ഭക്ഷണം കഴിക്കുന്ന ഫോട്ടോ തെളിവായി ഉദ്യോഗസ്ഥർ മറുനാടന് നൽകി.

21 നാണ് 17 കാരനെ സുഹൃത്തുക്കൾ വളഞ്ഞിട്ട് ക്രൂരമായി തല്ലിയത്. പരാതിയുടെ അടിസ്ഥാനത്തിൽ 22 ന് 11 മണിയോടെയാണ് മർദ്ദനം നടത്തിയവരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റഡിയിലെടുത്തുകൊണ്ടു വരുമ്പോൾ തന്നെ ഇവരുടെ മാതാപിതാക്കളും സ്റ്റേഷനിലേക്കെത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് കുട്ടികൾക്ക് പ്രായ പൂർത്തിയാകാത്തതിനാൽ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചത്. ഒപ്പമുണ്ടായിരുന്ന 18 കാരനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും ചെയ്തു. അന്നേ ദിവസം വൈകുന്നേരം തന്നെ പൊലീസ് വിട്ടയച്ച കുട്ടികൾ എറണാകുളം ജനറൽ ആശുപത്രിയിൽ പൊലീസ് മർദ്ദിച്ചു എന്നാരോപിച്ച് ചികിത്സ തേടി. എന്നാൽ ഡോക്ടറുടെ പരിശോധനയിൽ മർദ്ദനമേറ്റതായുള്ള ലക്ഷണങ്ങൾ കണ്ടെത്തിയില്ല. സി.ടി സ്‌ക്കാനും എക്സറെയും എടുത്തിരുന്നു.

ഇന്ന് രാവിലെ സംഭവത്തിലുൾപ്പെട്ട 17 കാരൻ ആത്മഹത്യ ചെയ്തതോടെയാണ് പൊലീസിനെതിരെ വ്യാജ ആരോപണങ്ങളുമായി ബന്ധുക്കളും കുട്ടികളും മാധ്യമങ്ങളിലൂടെ രംഗത്ത് വന്നത്. സംഭവം വിവാദമായതോടെയാണ് പൊലീസുകാർ തന്നെ വിശദീകരണവുമായി രംഗത്ത് വന്നത്. അതേസമയം സംഭവം നടന്ന കളമശ്ശേരി ഗ്ലാസ്സ് ഫാക്ടറി കോളനി നിവാസികളുടെ പോടി സ്വപ്നമാണ് കേസിലുൾപ്പെട്ട കുട്ടികൾ എന്ന് നാട്ടുകാർ നേരത്തെ മറുനാടനോട് വ്യക്തമാക്കിയിരുന്നു. ക്യാമറയുടെ മുന്നിൽ പറയാനുള്ള പേടി കൊണ്ടാണ് അവർ പരസ്യമായി പ്രതികരിക്കാതിരുന്നത്. ഇവർക്കെതിരെ ആരെങ്കിലും ശബ്ദമുയർത്തിയാൽ ജീവിക്കാൻ കഴിയില്ല എന്നാണ് അവർ രഹസ്യമായി പറഞ്ഞത്. ഈ സാഹചര്യത്തിൽ പൊലീസിനെതിരെ പറയുന്നത് വ്യാജമാണെന്ന് വ്യക്തമാകുകയാണ്.

പൊലീസ് സ്റ്റേഷനിൽ പ്രതികളെ നിരത്തി നിർത്തി ഫോട്ടോ എടുത്തെന്നും ഇത് വാട്സാപ്പിലൂടെ പ്രചരിപ്പിച്ചതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യാ ശ്രമമെന്നുമായിരുന്നു ആദ്യ പ്രചാരണം. ഔദ്യോഗികമായി പൊലീസ് പടമെടുത്തതല്ലാതെ ചിത്രങ്ങൾ പുറത്തു വിട്ടിട്ടില്ല എന്നു വ്യക്തമായതോടെ മർദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും പട്ടിണിക്കിട്ടെന്നുമായി പ്രചാരണം. അതേസമയം, സംഘത്തിലെ ഒരാളെ പോലും മർദിച്ചിട്ടില്ലെന്നും പ്രായപൂർത്തിയാകാത്ത കുട്ടികളായതിനാൽ വനിതാ പൊലീസിനെ ഉപയോഗിച്ചാണ് ഇവരോടു സംസാരിച്ചതെന്നും കളമശേരി സിഐ സന്തോഷ് പറഞ്ഞു. അക്രമി സംഘത്തിലെ കുട്ടികളിൽ ഒരാളുടെ ബന്ധുവാണ് പൊലീസ് മർദിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയത്.

സഹപാഠിയായ വിദ്യാർത്ഥി ആക്രമണത്തിന് ഇരയായി തൊട്ടടുത്ത ദിവസം അക്രമിക്കപ്പെട്ട കുട്ടിയുടെ സഹോദരൻ ഉൾപ്പടെയുള്ളവർ ഇവരോടു ചോദിക്കാൻ എത്തിയത് അടിപിടിയിൽ കലാശിച്ചിരുന്നു. വിഡിയോ ദൃശ്യങ്ങൾ കണ്ട നാട്ടുകാരും ഇവർക്കുനേരെ തിരിഞ്ഞിരുന്നു. സഹോദരനും ഇവരും തമ്മിലുള്ള അടിപിടിയെക്കുറിച്ച് അറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുക്കുന്നത്. സ്റ്റേഷനിൽ സംഘത്തെ എത്തിച്ചശേഷമാണ് മർദന വിവരം പൊലീസ് അറിയുന്നതും വിഡിയോ കാണുന്നതും. ഇവരെ ചോദ്യം ചെയ്യുന്നത് ഉൾപ്പെടെയുള്ള ഔദ്യോഗിക നടപടിക്രമങ്ങൾക്കു ശേഷം ബന്ധുക്കളെ വിളിച്ചു വരുത്തി കൈമാറുകയായിരുന്നു. നാട്ടുകാർ ഈ സമയവും പ്രതികൾക്ക് എതിരെ ആയിരുന്നതിനാൽ രാത്രി മുഴുവൻ രണ്ടു പൊലീസുകാരെ ഇവരുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നതായും സിഐ സന്തോഷ് പറഞ്ഞു.=

അതേസമയം നാട്ടുകാരുടെ പ്രതിഷേധം മനസിലാക്കി ബന്ധുക്കൾ ആത്മഹത്യ ചെയ്ത കുട്ടിയെ മറ്റൊരു ബന്ധു വീട്ടിലേക്കു മാറ്റിയിരുന്നു. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച് താമസിച്ചിരുന്ന സ്ഥലത്തെ ആളുകളും എതിരായതോടെ ഇന്നലെ രാത്രി പിതാവ് വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നു. നാട്ടുകാർ ആക്രമിക്കുമെന്ന ഭീതിയുണ്ടായിരുന്നത് പിതാവിനോടു പങ്കുവച്ചതായും പറയുന്നു. തുടർന്ന് ഇന്നു രാവിലെ എട്ടരയോടെ മൂത്രമൊഴിക്കാൻ ബാത്ത്റൂമിൽ കയറി തൂങ്ങുകയായിരുന്നു. സംശയം തോന്നി മാതാവ് വാതിൽ തള്ളിത്തുറന്നപ്പോഴാണ് തൂങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്. ഉടനെ പിതാവെത്തി കാലിൽ ഉയർത്തിപ്പിടിച്ചു രക്ഷപെടുത്താൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു എന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP