Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നഴ്‌സുമാർക്ക് വേണ്ടി മുഖ്യമന്ത്രി ഒഴുക്കുന്നത് വ്യാജ കണ്ണുനീർ; മരണ മുഖത്തുകൂടി നടന്നവരെ പുലഭ്യം വിളിച്ചവർക്ക് കയ്യടിക്കാൻ എന്ത് യോഗ്യത? അധര വ്യായാമങ്ങൾക്ക് എന്ന് അറുതിയുണ്ടാകും?

നഴ്‌സുമാർക്ക് വേണ്ടി മുഖ്യമന്ത്രി ഒഴുക്കുന്നത് വ്യാജ കണ്ണുനീർ; മരണ മുഖത്തുകൂടി നടന്നവരെ പുലഭ്യം വിളിച്ചവർക്ക് കയ്യടിക്കാൻ എന്ത് യോഗ്യത? അധര വ്യായാമങ്ങൾക്ക് എന്ന് അറുതിയുണ്ടാകും?

എഡിറ്റോറിയൽ

ഴിഞ്ഞ ഒരാഴ്ചയായി കേരളത്തിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട വിഷയം ഇറാഖിൽ കുടുങ്ങി കിടന്ന 46 മലയാളി നഴ്‌സുമാരുടെ ജീവിത കഥ ആയിരുന്നു. ഈ സംഭവം അനേകം പാഠങ്ങളാണ് മലയാളി സമൂഹത്തിന് നൽകുന്നത്. വർഗ്ഗീയ രാഷ്ട്രീയത്തെ പിന്തുണയ്ക്കാൻ വേണ്ടി മരണമുഖത്തുള്ളവരെ പോലും ആക്ഷേപിക്കാൻ നമ്മൾ മടി കാണിക്കില്ലെന്നും നഴ്‌സുമാർക്ക് വേണ്ടി കണ്ണീരൊഴുക്കുന്നവർ പോലും യഥാർത്ഥ പ്രശ്‌നത്തോട് മുഖം തിരിക്കുമെന്നും ഈ വിവാദത്തോളം തെളിയിച്ച മറ്റൊരു സംഭവവും ഉണ്ടാകില്ല. ഒരു ദുരന്തത്തെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി എത്ര മാത്രം ദുരുപയോഗം ചെയ്യാം എന്ന് തിരിച്ചറിയാനും ഈ സംഭവപരമ്പരകൾ നിമിത്തമായി. നഴ്‌സുമാരെ രക്ഷിച്ചത് മോദിയോ ഉമ്മൻ ചാണ്ടിയോ അതോ സുന്നി ഭീകരരോ എന്ന ചർച്ച മാത്രം മതി നമ്മുടെ അധമത്വം തെളിയിക്കാൻ. ഈ പെൺകുട്ടികളുടെ ജീവൻ വച്ചുള്ള കളികൾ, രാഷ്ട്രീയവും മതവും കൂടിക്കലർന്ന് അശ്ലീലമായി മാറുന്ന ജുഗുപ്‌സാവഹമായ കാഴ്ചയാണ് നാം കണ്ടത്.

മരണമുഖത്ത് നടന്നവരെ വളഞ്ഞിട്ട് ആക്രമിച്ചവർ?

ഈ വികാര പ്രകടനം ദുരന്തമുഖത്ത് കൂടി നടന്ന ശേഷം രക്ഷപ്പെട്ട നഴ്‌സുമാരോടുള്ള സഹതാപം അല്ല എന്ന് മനസ്സിലാക്കുമ്പോഴാണ് ദുരന്തചിത്രം കൂടുതൽ വ്യക്തമാകുന്നത്. ഈ വിവാദത്തിന്റെ തുടക്കം മുതൽ ഹിന്ദു - ക്രിസ്ത്യാനി - മുസ്ലിം എന്ന നിലയിൽ ഒരു വിഭജനം ഉണ്ടായിരുന്നു. പ്രതിസന്ധിയിൽ ആയ നഴ്‌സുമാരെക്കുറിച്ച് മറുനാടൻ മലയാളി വാർത്തകൾ കൊടുക്കുമ്പോൾ അതിന് കീഴെ പ്രത്യക്ഷപ്പെട്ട കമന്റുകൾ മാത്രം മതി ഇത് ശരിവയ്ക്കാൻ. നഴ്‌സുമാർ കുടുങ്ങിക്കിടക്കുന്നു എന്നതരത്തിലുള്ള വാർത്തകൾ പ്രത്യക്ഷപ്പെട്ടപ്പോൾ ലോകത്ത് മറ്റൊരിടവും ഇല്ലാത്തതു കൊണ്ടാണോ ഇവർ ഇറാഖിലേക്ക് പോയതെന്ന് ചോദിച്ചു വിമർശനവുമായി എത്തിയവരിൽ ഭൂരിപക്ഷവും മധ്യതിരുവിതാംകൂറിലെ നഴ്‌സുമാരെക്കുറിച്ച് എപ്പോഴും പുച്ഛത്തോടെ സംസാരിക്കുന്ന ഒരു വിഭാഗം ആയിരുന്നു.

അതിനിടയിലാണ് രക്ഷിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തോട് നഴ്‌സുമാർ വിയോജിച്ചെന്നുള്ള വാർത്ത വെളിയിൽ വരുന്നത്. മരണമുഖത്ത് കഴിഞ്ഞുകൂടിയ ഈ നഴ്‌സുമാരെ വളഞ്ഞിട്ട് ആക്രമിക്കുന്ന ഒരു വിഭാഗത്തെയാണ് പെട്ടെന്ന് കണ്ടത്. കിടപ്പാടം പണയം വച്ച് ലോൺ എടുത്ത് പഠിച്ചിട്ടും ഇവിടെ ലഭിക്കുന്ന നക്കാപ്പിച്ച കൊണ്ട് പിടിച്ച് നിൽക്കാൻ കഴിയില്ല എന്നുറപ്പായത് കൊണ്ടാണ് പലരും വിദേശത്തേയ്ക്ക് പോയത്. ഇംഗ്ലണ്ടിലോ അമേരിക്കയിലോ ഒക്കെ പോകാൻ ആഗ്രഹിക്കുന്നവർ തന്നെയാണ് ഇവരിൽ ഭൂരിപക്ഷവും. കുറഞ്ഞത് കുവൈറ്റിലോ ദുബായിലോ എങ്കിലും പോകണമെന്ന് ഇവർക്ക് മോഹമുണ്ട്. എന്നാൽ അവർക്ക് സാമാന്യം കൊള്ളാവുന്ന വേതനം ലഭിച്ചത് ഇറാഖിൽ ആയിരുന്നു. കേരളത്തിലെ കഴുത്തറുപ്പൻ സ്വകാര്യ ആശുപത്രി മുതലാളിമാർ നൽകുന്ന ആറായിരമോ എണ്ണായിരമോ കൊണ്ട് കടം വീട്ടാൻ സാധിക്കില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഇവർ യുദ്ധഭൂമിയിലേക്ക് പോയത്. അതൊന്നും പരിഗണിക്കാതെ അവരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു ചിലർ.

ഉമ്മൻ ചാണ്ടിയോ... നരേന്ദ്രമോദിയോ... രക്ഷിച്ചത് ആര്?

പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ നമ്മൾ കേൾക്കുന്നത് ഇറാഖിലെ നഴ്‌സുമാർ ഭീകരരുടെ തടവിൽ ആയ വാർത്ത ആയിരുന്നു. ആശുപത്രിയിൽ എത്തിയ നഴ്‌സുമാരോട് ഒപ്പം ചെല്ലാനും അതിന് തയ്യാറായില്ലെങ്കിൽ മരിക്കാൻ ഒരുങ്ങിക്കൊള്ളാനും ആയിരുന്നത്രെ ഭീകരർ ആവശ്യപ്പെട്ടത്. ഈ വിവരം മാദ്ധ്യമങ്ങളെ അറിയിച്ചതും മാദ്ധ്യമങ്ങൾ വിവരങ്ങൾക്ക് ആശ്രയിച്ചതും അജേഷ് എന്ന ഒരു ഇറാഖി മലയാളിയെ ആയിരുന്നു. ഏതാണ്ട് രണ്ട് ദിവസം അജേഷിലൂടെ ലോകം ഇറാഖിലെ മലയാളികളുടെ കഥകൾ അറിഞ്ഞു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉറപ്പ് നൽകിയത് കൊണ്ടാണ് നഴ്‌സുമാർ ഭീകരരോടൊപ്പം പോയതെന്നും അവർ സുരക്ഷിതരായി എത്തുമെന്നുമുള്ള വാർത്തകൾ വൈകുന്നേരത്തോടെ ലോകം കേൾക്കുന്നു.

കേരളത്തിലെ നഴ്‌സുമാരുടെ എല്ലാം വീടുകളിൽ അപ്പോഴേയ്ക്കും ചാനലുകളുടെ ഒബി വാനുകൾ നിരന്നു കഴിഞ്ഞിരുന്നു. ലൈവ് സംപ്രേഷണം ഒരുക്കാൻ ഒബി വാനുകൾ പിറ്റേന്ന് രാവിലെ തന്നെ നെടുമ്പാശേരിയിലേക്ക് നീങ്ങി. വിമാനത്താവളത്തിന് അകത്തും പുറത്തും ഒക്കെയായി മലയാളി നഴ്‌സുമാരുടെ മോചനം ചാനലുകൾ ആഘോഷിച്ചു. ഇതേ ആഘോഷം അതിന്റെ മുർദ്ധന്യത്തിൽ തന്നെ പ്രത്യേക സപ്ലിമെന്റോടെ പിറ്റേന്ന് പ്രമുഖ പത്രങ്ങളും നിരത്തി. അപ്പോഴെല്ലാം ദുരൂഹമായി അവശേഷിക്കുന്ന ഒരു കാര്യം ഉണ്ടായിരുന്നു. ആരാണ് യഥാർത്ഥ രക്ഷകർ? മാദ്ധ്യമങ്ങൾ അവരുടെ താല്പര്യം അനുസരിച്ച് രക്ഷകരെ കണ്ടെത്തി. പതിവ് പോലെ കേരളത്തിലെ പ്രമുഖ മാദ്ധ്യമങ്ങളായ മനോരമയും മാതൃഭൂമിയും ഒരേ പോലെ മുഖ്യമന്ത്രിയെ രക്ഷകനാക്കി. ചിലരൊക്കെ സുഷമ സ്വരാജിനും ഒരു പോലെ അവകാശപ്പെട്ടതാണ് ഈ വിജയം എന്ന് പറഞ്ഞു.

ആങ്ങള ഭീകരന്മാർക്ക് ന്ദി പറഞ്ഞപ്പോൾ ഭീകരർ വിമതരായി

ഇവിടെയെത്തിയ നഴ്‌സുമാർ ഉമ്മൻ ചാണ്ടിക്ക് ന്ദി പറഞ്ഞു. തീർച്ചയായും ഒരു പ്രതിസന്ധി ഘട്ടത്തിൽ എത്തിയപ്പോൾ ഫോണിലൂടെ സംസാരിക്കാനും ആശ്വാസം നൽകാനും മുഖ്യമന്ത്രിയെ ലഭിച്ചത് ന്ദി പറയേണ്ട കാര്യമാണ്. നഴ്‌സുമാരുടെ മോചനത്തിന് വേണ്ടി ചെയ്ത സേവനങ്ങൾ പരിഗണിക്കുമ്പോൾ ന്ദിക്കുള്ള അർഹത മുഖ്യമന്ത്രിക്ക് ഉണ്ടുതാനും. മുഖ്യമന്ത്രിയെക്കുറിച്ച് നല്ലത് പറഞ്ഞവർ പക്ഷെ വാതോരാതെ സ്തുതിച്ചത് ആങ്ങളമാരെ പോലെ പെരുമാറിയ ഭീകരരെ ആയിരുന്നു. പെട്ടെന്ന് തന്നെ പത്രങ്ങളും ചാനലുകളും ഭീകരർ എന്ന വാക്ക് മാറ്റി വിമതർ എന്ന് ഉപയോഗിക്കാൻ തുടങ്ങി. മുൻപ് വിമതർ എന്ന് പറഞ്ഞിരുന്ന മാദ്ധ്യമങ്ങൾ ഒരു പടി കൂടി കടന്ന് അവരെ പോരാളികളുമാക്കി.

മരണമുഖത്ത് കൂടി നടന്ന നഴ്‌സുമാരെ ഉള്ളിലെ മതവർഗ്ഗീയതയുടെ പേരിൽ തെറി വിളിച്ചിരുന്നവർ പെട്ടെന്ന് ചാടിയിറങ്ങി. ഭീകരരെ ആങ്ങളമാരാക്കിയ നഴ്‌സുമാരെയും അതിന് ഒത്താശ പാടുന്ന മാദ്ധ്യമങ്ങളെയും അവർ കണക്കറ്റ് ശകാരിച്ചു. അതിനിടിലാണ് അജിത്ത് ഡോവലിന്റെ കടന്നു വരവ്. പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോവൽ നടത്തിയ തന്ത്രപരമായ ഇടപെടൽ ആയിരുന്നു വിമോചനത്തിന് കാരണമായത് എന്ന് മറുനാടൻ അടക്കമുള്ള ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആ റിപ്പോർട്ട് ഇന്നിറങ്ങിയ ഹിന്ദു ദിനപത്രവും ശരിവച്ചിരിക്കുന്നു. അജിത്ത് ഡോവലിനെ തെറിവിളിച്ച് കൊണ്ട് ഉമ്മൻ ചാണ്ടി ഭക്തർ അരങ്ങ് വാഴുകയാണ് രണ്ട് ദിവസമായി. കുറച്ച് ക്രെഡിറ്റ് വേണമെങ്കിൽ സുഷമസ്വരാജിന് കൊടുത്തേക്കാം; എന്നാൽ എവിടെ നിന്നോ കെട്ടി എഴുന്നള്ളിച്ച ഒരാൾ ആ ക്രെഡിറ്റ് കൊണ്ട് പോകാൻ അനുവദിക്കില്ല എന്നാണ് ഇവരുടെ വാശി.

ഉമ്മൻ ചാണ്ടി ഭക്തർക്ക് തെറ്റ് പറ്റിയതെവിടെ?

ഒരു മുഖ്യമന്ത്രി എന്ന നിലയിൽ ഇറാഖിലെ നഴ്‌സുമാരുടെ കാര്യത്തിൽ മുഖ്യമന്ത്രി നടത്തിയ ഇടപെടൽ അഭിന്ദനീയമാണ്. അവസാന നിമിഷം ഭീകരരോടൊപ്പം ഇറങ്ങി പോകുന്നതിന് മുമ്പ് മുഖ്യമന്ത്രി നൽകിയ ഉറപ്പാണ് നഴ്‌സുമാർക്ക് ആത്മബലം നൽകിയത്. അത് അവർ നാട്ടിൽ തിരിച്ചെത്തിയപ്പോൾ പറയുകയും ചെയ്തു. എന്നാൽ അതിന്റെ പേരിൽ മുഖ്യമന്ത്രി മനഃപൂർവ്വം സൃഷ്ടിച്ച മുതലെടുപ്പ് നാടകവും മുഖ്യമന്ത്രി പറയാതെ അനുയായികളെക്കൊണ്ടും മാദ്ധ്യമ സിൻഡിക്കേറ്റുകളെക്കൊണ്ടും നടത്തിയ പ്രചാരണവും അതിര് കടന്നതും ലജ്ജാവഹവുമായിരുന്നു. വാസ്തവത്തിൽ മുഖ്യമന്ത്രി ഇവിടെ ചെയ്തത് ഒരു ദ്വിഭാഷിയുടെ ചുമതല മാത്രമായിരുന്നു. അത് പോലും നടന്നത് മന്ത്രിസഭാ പുനഃസംഘടനാ ചർച്ചകൾക്കായി ഡൽഹിയിൽ എത്തിയ സമയത്ത് ഇത് സംഭവിച്ചു എന്ന യാദൃച്ഛികത കൊണ്ടാണ്.

നഴ്‌സുമാർ പ്രതിസന്ധിയിൽ ആയ സമയംമുതൽ അവർക്ക് ആശ്വാസവും ആത്മധൈര്യവും നൽകിയിരുന്നത് യുഎൻഎ പ്രസിഡന്റ് ജാസ്മിൻ ഷായും ജാസ്മിന്റെ സുഹൃത്തും മുൻ യുഎൻഎ പ്രവർത്തകനും ഇപ്പോൾ ഇറാഖിൽ കഴിയുന്ന ആളുമായ അജേഷുമായിരുന്നു. അജേഷ്, ജാസ്മിൻ ഷായെ അറിയിക്കുകയും ജാസ്മിൻ മാദ്ധ്യമങ്ങളെ അറിയിക്കുകയും ചെയ്തപ്പോഴാണ് നഴ്‌സുമാരുടെ പ്രതിസന്ധി കേരളം അറിയുന്നത്. നഴ്‌സുമാരെ തേടി ഭീകരർ എത്തുമ്പോൾ പോലും അവർക്ക് മറ്റാരുമായും ബന്ധം ഉണ്ടായിരുന്നില്ല. ജാസ്മിൻ വഴിയാണ് അജേഷും നഴ്‌സുമാരും മുഖ്യമന്ത്രിയുമായി സംസാരിക്കുന്നത്. പലതവണ ശ്രമിച്ച ശേഷമാണ് മുഖ്യമന്ത്രിയുമായി സംസാരിക്കാൻ പോലും സാധിച്ചത് എന്നു ജാസ്മിൻ മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് വൻ വിവാദം ആയി മാറുകയും പലരും ജാസ്മിനെതിരെ തിരിയുകയും ചെയ്തു.



സിഎൻഎൻ-ഐബിഎൻ ലേഖിക വഴി മുഖ്യമന്ത്രിയുമായി സംസാരിക്കാൻ സാധിച്ചപ്പോൾ മുതൽ മുഖ്യമന്ത്രി ഉണർന്ന് പ്രവർത്തിക്കുകയും നഴ്‌സുമാർക്ക് ആത്മവിശ്വാസം നൽകുകയും ചെയ്തു എന്നത് ആരും നിഷേധിക്കുന്നില്ല. തുടർന്ന് നഴ്‌സുമാരും വിദേശകാര്യ വകുപ്പും തമ്മിലുള്ള കമ്യൂണിക്കേഷനിലെ ദ്വിഭാഷിയുടെ റോൾ മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കുകയായിരുന്നു. നഴ്‌സുമാരിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങൾ വിദേശകാര്യവകുപ്പിനെ അറിയിക്കുകയും അവരുടെ നീക്കങ്ങൾ നഴ്‌സുമാരെ അറിയിക്കുകയും ചെയ്തത് മുഖ്യമന്ത്രി തന്നെയായിരുന്നു. നഴ്‌സുമാർ തടവിലാകും മുമ്പ് വിമതരുമായി നയതന്ത്രബന്ധമുണ്ടാക്കിയ അജിത്ത് ഡൊവലും റോ ഡയറക്ടറും കൃത്യമായ സന്ദേശം എത്തിക്കുകയും വിമതരിൽ നിന്നും ഉറപ്പ് വാങ്ങി നൽകുകയും ആയിരുന്നു. ഈ ഉറപ്പാണ് മുഖ്യമന്ത്രി നഴ്‌സുമാർക്ക് നൽകിയത്.

ഈ റോൾ ഭംഗിയായി നിർവ്വഹിച്ച മുഖ്യമന്ത്രി പക്ഷേ, വിദേശകാര്യ വകുപ്പിനേയും കേന്ദ്രസർക്കാരിനേയും എല്ലാം അപ്രസക്തമാക്കുന്ന വിധത്തിൽ എല്ലാം താനാണ് ചെയ്തത് എന്നു പറയാതെ പറഞ്ഞ് ഹീറോ പരിവേഷം ഉണ്ടാക്കുകയായിരുന്നു. ഈ നീക്കത്തിന് ചുക്കാൻ പിടിച്ചത് ഒരു മാദ്ധ്യമ സിൻഡിക്കേറ്റ് ആയിരുന്നു. ഈ വെളിച്ചത്തിന്റെ നിറം മങ്ങാതിരിക്കാൻ സൗമ്യതയോടെ സത്യം വ്യക്തമാക്കാൻ ശ്രമിച്ച ജാസ്മിൻ ഷായെ പോലെയുളളവരെ സൈബർ ഗുണ്ടകളെക്കൊണ്ട് ആക്രമിക്കുന്ന പ്രവണതയാണ് ഇവിടെ കണ്ടുവരുന്നത്. മാദ്ധ്യമസിൻഡിക്കേറ്റുകളുടെ ഏജന്റുകൾക്ക് മുമ്പിൽ സത്യം നിലവിളിക്കുന്ന കാഴ്ചയാണ് ഈ കാണുന്നതൊക്കെ.

ഇനിയെങ്കിലും ഈ കള്ളക്കരച്ചിൽ ഒഴിവാക്കൂ...

ക്രെഡിറ്റിന് വേണ്ടി യുദ്ധം ചെയ്യുന്നവർ മറന്നുപോകുന്ന ഒരു കാര്യമുണ്ട്. എങ്ങനെയാണ് നമ്മുടെ സഹോദരിമാർ യുദ്ധഭൂമിയിൽ എത്തപ്പെട്ടത് എന്നചോദ്യം. നമ്മളെക്കാൾ പതിന്മടങ്ങ് പിന്നിൽ നിൽക്കുന്ന ഒരു ദരിദ്ര രാജ്യത്ത് നൽകുന്ന സമ്പത്തിന്റെ പാതിപോലും നൽകാൻ നമുക്ക് സാധിക്കാത്തതുകൊണ്ടല്ലേ ഇവരൊക്കെ ഇറാഖിലേക്ക് വണ്ടി കയറിയത്? ആശുപത്രി ഉടമകളുടെ നക്കാപ്പിച്ച വാങ്ങി വർഷങ്ങളായി നഴ്‌സുമാരെ ചൂഷണം ചെയ്യാൻ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം കൂട്ടുനിൽക്കുകയാണ്. യുഎൻഎയുടെ നേതൃത്വത്തിൽ ഉണ്ടായ ജനകീയ സമരം മൂലം കുറച്ചൊക്കെ മാറ്റം ഉണ്ടായെങ്കിലും ഇപ്പോഴും അടിസ്ഥാന ശമ്പളം ലഭിക്കുന്ന നഴ്‌സുമാർ കുറവാണ്. ഇതിന് പരിഹാരം ഉണ്ടാക്കാൻ ഇപ്പോൾ നഴ്‌സുമാർക്ക് വേണ്ടി കള്ളക്കണ്ണീരൊഴുക്കുന്ന മന്ത്രിമാർക്ക് എന്തുകൊണ്ടാണ് സാധിക്കാത്തത്?

നഴ്‌സുമാരുടെ പ്രശ്‌നങ്ങൾ പഠിച്ച് അതിന് പരിഹാരം നിർദ്ദേശിച്ചുകൊണ്ടുള്ള ബലരാമൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ സർക്കാർ ശ്രമിച്ചെങ്കിൽ തന്നെ ഈ പ്രതിസന്ധിക്ക് പാതി പരിഹാരം ഉണ്ടാകുമായിരുന്നു. തൊഴിൽ മന്ത്രി ഷിബു ബേബി ജോൺ മാത്രമാണ് ഈ റിപ്പോർട്ട് ഒന്നു വായിക്കുകയെങ്കിലും ചെയ്തിട്ടുള്ളത്. ഇത് നടപ്പിലാക്കാൻ മുൻകൈ എടുക്കേണ്ട ആരോഗ്യ മന്ത്രി ഈ റിപ്പോർട്ട് ചർച്ചയ്ക്ക് പോലും എടുക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. നഴ്‌സുമാരുടെ അവസ്ഥയിൽ ആത്മാർത്ഥമായി വിഷമിക്കുന്ന ആളാണ് മുഖ്യമന്ത്രിയെങ്കിൽ അവർക്ക് മിനിമം ശമ്പളം ഉറപ്പ് വരുത്താൻ ബലരാമൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ മുൻകൈ എടുക്കുകയാണ് വേണ്ടത്. അത് ചെയ്യാതെ നടത്തുന്ന കള്ളക്കരച്ചിൽ തിരിച്ചറിയാൻ ഈ നാട്ടിലെ നഴ്‌സുമാർക്കും അവരുടെ കുടുംബങ്ങൾക്കും വിവേകമുണ്ടെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും മറക്കരുത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP