Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മിസ്റ്റർ രവി ഇനിയെങ്കിലും താങ്കൾ ആ ചില്ലുകൊട്ടാരത്തിൽ നിന്നും താഴെ ഇറങ്ങൂ; പ്രവാസി മന്ത്രി കസേരയിൽ എട്ടു വർഷം തികച്ച മഹാനായ മന്ത്രിയോട് സ്‌നേഹപൂർവ്വം

മിസ്റ്റർ രവി ഇനിയെങ്കിലും താങ്കൾ ആ ചില്ലുകൊട്ടാരത്തിൽ നിന്നും താഴെ ഇറങ്ങൂ; പ്രവാസി മന്ത്രി കസേരയിൽ എട്ടു വർഷം തികച്ച മഹാനായ മന്ത്രിയോട് സ്‌നേഹപൂർവ്വം

എഡിറ്റോറിയൽ

2006 ജനുവരി മാസം 30-ാം തീയതി. ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾ ഏറെ ആഹ്ലാദിച്ച ദിവസമായിരുന്നു. പ്രവാസികൾക്ക് വേണ്ടി മാത്രം ഒരു കാബിനറ്റ് മന്ത്രിയെ നിയമിക്കുകയും അതൊരു മലയാളി തന്നെ ആകുകയും ചെയ്തപ്പോൾ ആഹ്ലാദിക്കാത്തവരായി കമ്യൂണിസ്റ്റുകാരായ പ്രവാസികൾ പോലും ഉണ്ടായിരുന്നില്ല. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ വലിയ തോതിൽ സംഭാവന ചെയ്യുന്ന പ്രവാസികളെ തിരിഞ്ഞ് നോക്കാൻ മടിച്ചിരുന്ന സർക്കാരുകൾക്ക് പ്രവാസി ക്ഷേമകാര്യ മന്ത്രിയായി ചുമതലയേറ്റ വയലാർ രവി എന്ന തനി മലയാളി ഒരു വലിയ സഹായമായി മാറുമെന്ന് അവർ പ്രതീക്ഷിച്ചു. കയ്യിൽ പണമുള്ള പ്രവാസിയും അഷ്ടിക്ക് വേണ്ടി ഉറക്കം കളഞ്ഞും കഷ്ടപ്പെടുന്ന പ്രവാസിയും വയലാറിന്റെ വീര പുത്രനെ ഓർത്ത് ഏറെ കിനാവുകൾ കണ്ടു.

ആ മഹാൻ പ്രവാസികളെ ഉദ്ധരിക്കാനായി മന്ത്രിക്കസേരയിൽ കയറിയിരുന്നിട്ട് ഇന്ന് എട്ടുവർഷം തികയുകയാണ്. ഈ എട്ടുവർഷക്കാലം കൊണ്ട് പ്രവാസികൾക്ക് വേണ്ടി ഈ മന്ത്രി എന്ത് ചെയ്തു എന്നു ചോദിച്ചാൽ തീവ്ര കോൺഗ്രസുകാർ പോലും തലയിൽ തുണിയിട്ട് കൊണ്ട് ഓടുകയേ ഉള്ളൂ. ഒരു മന്ത്രിക്കസേരയിൽ ഒരാൾ തുടർച്ചയായി എട്ട് വർഷം ഇരുന്നിട്ട് ആ വകുപ്പുമായി ബന്ധപ്പെട്ട ഒരാൾ പോലും നല്ലത് പറയാത്ത ഒരു വകുപ്പുണ്ടെങ്കിൽ അത് ഈ മന്ത്രിയുടെ വകുപ്പ് മാത്രമായിരിക്കുമെന്ന് തീർച്ച. അത്രമേൽ പ്രവാസി മലയാളികൾ വെറുക്കുന്ന ഒരു നേതാവായി ശ്രീ വയലാർ രവി മാറിയെന്ന് പറയുമ്പോൾ ഇച്ഛാഭംഗം തോന്നരുത്.

തീരുമാനം എടുക്കുന്ന കാര്യത്തിലും അത് നടപ്പിലാക്കുന്നകാര്യത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുള്ള പ്രഗത്ഭനായ ഒരു ഭരണാധികാരിയാണ് വയലാർ രവി എന്നാണ് ദേശീയ തലത്തിൽ ഉള്ള വിലയിരുത്തപ്പെടൽ. കേരളത്തിൽ നിന്നുള്ള പല ദേശീയ നേതാക്കളെക്കാളും ചങ്കുറപ്പും തന്റേടവും ഈ മന്ത്രിക്കു കൈമുതലുണ്ട് എന്നത് സമ്മതിക്കേണ്ടത് തന്നെയാണ്. എന്നാൽ ഈ പ്രാഗത്ഭ്യം താൻ ഭരിക്കുന്ന വകുപ്പിൽ കാണിക്കാനോ പ്രവാസിയുടെ യഥാർത്ഥ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനോ മന്ത്രിക്ക് ഇനിയും സാധിച്ചിട്ടില്ല. അതിന്റെ കാരണം അധികാരവും പണവും ഇടകലർന്ന വൻ വ്യവസായികളായ പ്രവാസികൾക്കൊപ്പം മാത്രം കൂട്ടുകൂടി അവരുടെ നിക്ഷേപ പദ്ധതികളുടെ തടസ്സം നീക്കുന്നതിന് മാത്രം ശ്രദ്ധിക്കാൻ മാത്രമേ ഈ മന്ത്രിക്ക് ഇനിയും കഴിഞ്ഞിട്ടുള്ളൂ എന്നതാണ്.

മൂന്നു തരത്തിലുള്ള പ്രവാസി മലയാളികൾ ഉണ്ട്. വൻകിട വ്യവസായികളും സമ്പന്നരുമായവരാണ് ആദ്യത്തെ കൂട്ടർ. മികച്ച ജോലിയും ഉയർന്ന ജീവിത സൗകര്യവും ഉള്ള സമ്പന്നർ എന്ന ഗണത്തിൽപ്പെടുത്താവുന്നവരാണ് രണ്ടാമത്തെ കൂട്ടർ. നാട്ടിലെ പട്ടിണിയും ദാരിദ്ര്യവും മാറിക്കിട്ടുമെന്ന് കരുതി പ്രിയപ്പെട്ട കുടുംബത്തെ പോലും നാട്ടിൽ ഉപേക്ഷിച്ച് വിദേശ രാജ്യങ്ങളിൽ എത്തി എല്ലുമുറിയെ പണിചെയ്യുന്നവരാണ് മൂന്നാമത്തെ കൂട്ടർ. ആദ്യത്തെ കൂട്ടർക്ക് നാടും പ്രവാസ നാടും ഒരുപോലെയാണ്. രണ്ടാമത്തെ കൂട്ടർ പ്രവാസ ജീവിതത്തിന്റെ സൗകര്യങ്ങൾ ആനന്ദിക്കുമ്പോൾ തന്നെ തനിക്ക് ഒരു ജീവിതം നൽകിയ നാടിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് മോഹിക്കുന്നവരാണ്. മൂന്നാമത്തെ കൂട്ടർ എങ്ങനെയെങ്കിലും നാട്ടിൽ എത്തി ഉള്ളതുകൊണ്ട് അല്ലലില്ലാതെ കഴിഞ്ഞു കൂടണമെന്ന് മോഹിക്കുന്നവരാണ്.

ഈ മൂന്നു കൂട്ടരുടെയും ആവശ്യങ്ങൾ വ്യത്യസ്തമാണ്. ആദ്യ കൂട്ടർക്ക് ഇന്ത്യയിൽ നിക്ഷേപിക്കാൻ താത്പര്യം ഉണ്ടാകും. ഇവർക്ക് സർക്കാർ പിന്തുണയോടെയുള്ള നിക്ഷേപ സാധ്യതകൾ തുറന്ന് കിട്ടിയാൽ മതി. രണ്ടാമത്തെ കൂട്ടർക്ക് സഹായങ്ങൾ ഒന്നും വേണ്ട. നാട് നന്നായി കാണാനുള്ള അവരുടെ ആഗ്രഹം സർക്കാർ അംഗീകരിച്ച് ഉദ്യോഗസ്ഥ തടസ്സങ്ങൾ ഇല്ലാതെ ഇടയ്ക്കിടെ നാട്ടിലെത്തി ബന്ധുജനങ്ങളെ കണ്ട് മടങ്ങാനുള്ള സാഹചര്യം മതി. മൂന്നാമത്തെ കൂട്ടരാകട്ടെ സർക്കാരിന്റെയും ഉദ്യോഗസ്ഥരുടേയും ദയ കാത്ത് കഴിയുന്നവരാണ്. പാസ്‌പോർട്ട് അറ്റസ്റ്റേഷൻ തുടങ്ങി അനേകം കാര്യങ്ങളിൽ അവർക്ക് ഉദ്യോഗസ്ഥരുടെ കരുണ വേണം. കുറഞ്ഞ വിമാന ടിക്കറ്റ് വേണം. തടസ്സങ്ങൾ ഇല്ലാതെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം വേണം. അവധിക്ക് വരുമ്പോൾ മക്കൾക്കും കുടുംബത്തിനുമായി വാങ്ങുന്ന സാധനങ്ങൾ ഉദ്യോഗസ്ഥന്മാർ കയ്യിട്ട് വാരാതെ വീട്ടിൽ കൊണ്ട് പോകാൻ സൗകര്യം വേണം. എന്തെങ്കിലും കുഴപ്പത്തിൽ ചെന്ന് ചാടിയാൽ സഹായിക്കാൻ ഓടിയെത്തുന്ന എംബസി ഉദ്യോഗസ്ഥരെ വേണം. ഇത്രയും ഒക്കെ മാത്രമേ ഇവർ മോഹിക്കുന്നുള്ളൂ.

നിർഭാഗ്യവശാൽ ആദ്യത്തെക്കൂട്ടർക്ക് മാത്രമാണ് പ്രവാസി മന്ത്രിയെക്കൊണ്ടും പ്രവാസികാര്യ വകുപ്പിനെക്കൊണ്ടും ഇപ്പോൾ പ്രയോജനം ലഭിക്കുന്നത് എന്ന് പറയേണ്ടി വന്നതിൽ ഖേദമുണ്ട്. നികുതി പോലും ഇല്ലാതെയുള്ള ഈ നിക്ഷേപം കൊണ്ട് വിദേശങ്ങളിൽ ലഭിക്കുന്നതിനെക്കാൾ മെച്ചപ്പെട്ട പ്രതിഫലം നാട്ടിൽ നിന്ന് ലഭിക്കുന്നത് കൊണ്ട് അവർക്ക് വേണ്ടത് തടസ്സങ്ങൾ ഇല്ലാത്ത അടിസ്ഥാന സൗകര്യങ്ങൾ മാത്രമാണ്. വേണമെങ്കിൽ അവർ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും അടിക്കടി വിരുന്നൊരുക്കും. മാദ്ധ്യമപ്രവർത്തകരെ സൽക്കരിച്ച് രാജ്യസ്‌നേഹികളായ നിക്ഷേപകരും സാമൂഹ്യ ഉത്തരവാദിത്തമുളള ചാരിറ്റി പ്രവർത്തകരുമായി അഭിനയിക്കും. ഇവർക്ക് രാജ്യം പത്മശ്രീയും പ്രവാസി സമ്മാനവും നൽകി ആദരിക്കും. ഇവരുടെ പ്രശ്‌നങ്ങൾ മന്ത്രിമാർ തന്നെ നേരിട്ട് പരിഹരിക്കും. വർഷം തോറും പ്രവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ എന്ന വ്യാജേന ഖജനാവിൽ കോടികൾ മുടക്കി നടത്തുന്ന പ്രവാസി സമ്മേളനത്തിൽ ഇവർ മൂപ്പ് നോക്കി ആദരിക്കപ്പെടും.

എയർപോർട്ടിലും എംബസികളിലും മാന്യമായ പെരുമാറ്റം മാത്രം പ്രതീക്ഷിക്കുന്ന രണ്ടാമത്തെ കൂട്ടർക്ക് അത് ഒരിക്കലും ലഭിക്കാറില്ല. മൂന്നാമത്തെ കൂട്ടരുടെ കാര്യം പറയുകയേ വേണ്ട. കാഴ്ചയിൽ തന്നെ തൊഴിലാളികളാണ് എന്ന് തോന്നിയാൽ വിമാനത്തിൽ പോലും ഇവർക്ക് അവഗണനയാണ്. ഒരുപോള കണ്ണ്ടയ്ക്കാതെ അധ്വാനിച്ച് വിയർപ്പൊഴുക്കി ഭാര്യയ്ക്കും മക്കൾക്കും കൊടുക്കാൻ വാങ്ങിയ ടിവിസെറ്റും താലിമാലയും വരെ ഉദ്യോഗസ്ഥർ എയർപോർട്ടിൽ പിടിച്ച് വയ്ക്കും. അടിക്കടി നികുതി വർദ്ധിപ്പിക്കും. വോട്ടവകാശം എന്ന ഉമ്മാക്കി കാട്ടി വെറുതെ കൊതിപ്പിക്കും. ചോദ്യം ചെയ്യുന്നവരെ ഭീകരബന്ധം ഉപയോഗിച്ച് തടഞ്ഞു വയ്ക്കും. വേണ്ടി വന്നാൽ കള്ളക്കേസിൽ കുടുക്കി വിദേശത്തേക്കുള്ള മടക്കയാത്ര വരെ തടയും.

പ്രവാസികാര്യ മന്ത്രിയായി എട്ടുവർഷം തികച്ച വയലാർ രവി ഇനിയെങ്കിലും തിരിച്ചറിയേണ്ടത് പ്രവാസി എന്നു പറഞ്ഞാൽ താങ്കൾ ഇടപെടുന്ന സമ്പന്നർ മാത്രമല്ല എന്ന സത്യമാണ്. ഇപ്പോൾ ഇരിക്കുന്ന ശീതീകരിച്ച ചില്ലുകൊട്ടാരത്തിൽ നിന്നും പുറത്ത് കടന്നാൽ മാത്രമേ മന്ത്രി സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കൂ. നിതാഖത്തിന്റെ പേരിൽ ആയിരങ്ങൾ കണ്ണീരൊലിപ്പിച്ചപ്പോൾ നിതാഖത്ത് മലയാളികൾക്ക് നല്ലതാണ് എന്ന പ്രസ്താവന നടത്തിയ ആളാണ് വയലാർ രവിയെന്ന് വിസ്മരിക്കരുത്. പ്രവാസികൾ ഇതിനിടയിൽ നേരിട്ട എല്ലാ പ്രശ്‌നങ്ങളോടും മന്ത്രി കാട്ടിയത് നിഷേധാത്മകമായ നിലപാടായിരുന്നു എന്ന് മറക്കരുത്. അതിന് ചൂണ്ടിക്കാട്ടാൻ ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട്.

നാട്ടിലേക്ക് പോകുന്ന വിമാനം മണിക്കൂറുകൾ വൈകുകയും വേരൊരു വിമാനത്താവളത്തിൽ കൊണ്ടിറക്കുകയും ചെയ്തതിനെ ചോദ്യം ചെയ്ത പ്രവാസികളെ ഒന്നടങ്കം വിമാനറാഞ്ചികളാക്കി മാറ്റി കേസെടുത്ത വിഷയത്തിൽ ഇടപെടാൻ മടിച്ച മന്ത്രിയോട് ഇക്കാര്യം ചോദിച്ച പത്രപ്രവർത്തകരോട് നിങ്ങൾ കമ്യൂണിസ്റ്റുകാർ ആണോ എന്നാണ് മന്ത്രി ചോദിച്ചത്. പ്രവാസികാര്യ മന്ത്രിമാത്രം ആയിരുന്നില്ല അന്ന് വയലാർ രവി, വ്യോമയാന ചുമതല കൂടി വയലാർ രവിക്കായിരുന്നു അന്ന്. ഒരു നിമിഷം കൊണ്ട് അനാസ്ഥകാട്ടിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കേണ്ട മന്ത്രി തിരിഞ്ഞ് നോക്കാൻ പോലും കൂട്ടാക്കിയില്ല. ഒരു വനിതാ മാദ്ധ്യമപ്രവർത്തകയോട് ലൈംഗികച്ചുവയുള്ള ഭാഷയിൽ മന്ത്രി സംസാരിച്ചതും വിവാദമായിരുന്നു.

ഇത്തരം എത്രയോ വിഷയങ്ങൾ എടുത്ത് കാട്ടാൻ ഉണ്ട്. പ്രവാസി വോട്ട് എന്ന സ്വപ്നം എങ്ങും എത്താതെ കിടക്കുന്നതും വിവിധ രാജ്യങ്ങളിൽ എംബസികളിലെ തലതിരിഞ്ഞ സമീപനവും ഒക്കെ മന്ത്രിക്ക് അറിയാഞ്ഞിട്ടല്ല. വികസിത രാജ്യങ്ങളായ യൂറോപ്പിലേയും അമേരിക്കയിലേയും ഒക്കെ ഇന്ത്യൻ എംബസികളിൽ കാര്യസാധ്യത്തിനായി പോകുന്ന എല്ലാവരും നിരാശ്ശരും ദുഖിതരുമായാണ് മടങ്ങുന്നത്. എംബസികളിലെ സേവനങ്ങൾ ഓൺലൈൻ വഴി നൽകുന്ന സമ്പ്രദായം ആരംഭിക്കണമെന്ന് നാളുകളായി ആവശ്യപ്പെട്ടിട്ടും അത് തിരിഞ്ഞു നോക്കാൻ സർക്കാരിന് കഴിയുന്നില്ല. വിദേശകാര്യ വകുപ്പുമായും ആഭ്യന്തരവകുപ്പുമായും സംസാരിച്ച് ഇത്തരം പ്രശ്‌നങ്ങളിൽ പരിഹാരം കണ്ടെത്തേണ്ടതാണ് പ്രവാസികാര്യ വകുപ്പാണെങ്കിലും അത്തരത്തിലുള്ള ഒരു ശ്രമവും ഇന്നേവരെ നടന്നിട്ടില്ല.

പ്രവാസി മലയാളികൾ നാട്ടിലേക്ക് കൊണ്ടു വരുന്ന കെട്ടുതാലിക്കും ബ്രെയസ്ലേറ്റിനും വരെ കൂടിയ നിരക്ക് ഈടാക്കുന്ന സമ്പ്രദായത്തെക്കുറിച്ച് മാത്രം ചിന്തിക്കുക. ഒന്നോ രണ്ടോ പവൻ കൊണ്ടു വന്നവരെ പോലും ഏറെ നാൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പിഴിഞ്ഞ ശേഷമാണ് ധനകാര്യ വകുപ്പ് മന്ത്രി പരിധി ഉയർത്തിയത്. ഇത്തരം അനീതികൾക്കെതിരെ പ്രവാസികൾ പ്രതിഷേധം ഉയർത്തിയപ്പോൾ ഈ മന്ത്രി എവിടെയായിരുന്നു എന്നതാണ് പ്രധാന ചോദ്യം. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് പ്രവാസി അനുഭവിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് പ്രവാസികാര്യ വകുപ്പ് ശ്രദ്ധിക്കേണ്ടത്. അല്ലാതെ പ്രവാസി കാര്യ വകുപ്പിലേക്ക് മാത്രം ഉണ്ടാകുന്ന പ്രത്യേകതരം പ്രശ്‌നങ്ങൾ പ്രവാസികൾക്ക് ഉണ്ടാകാറില്ല. ഈ അടിസ്ഥാന കാര്യം മറന്നാണ് എന്ത് പ്രശ്‌നവുമായി ചെന്നാലും അതൊന്നും എന്റെ വകുപ്പിൽപ്പെടുന്ന കാര്യമല്ല എന്ന് പറഞ്ഞ് മന്ത്രി ഒഴിഞ്ഞ് മാറുന്നത്. എല്ലാ വകുപ്പിലും പ്രവാസികൾക്ക് വേണ്ടി ഇടപെടുന്ന ഒരു മന്ത്രിയും അനേകം ഉദ്യോഗസ്ഥരുമുള്ള സംവിധാനമാണ് പ്രവാസികാര്യ വകുപ്പ് വഴി ഉദ്ദേശിക്കുന്നത്.

ചുരുക്കിപ്പറഞ്ഞാൽ പ്രവാസിക്ഷേമകാര്യ വകുപ്പ് കൊണ്ട് ഒരു പ്രവാസിക്കും യാതൊരു പ്രയോജനവും ഇന്നേവരെ ഉണ്ടായിട്ടില്ല എന്നു പറയാം. ഒരു വെള്ളാനയെപ്പോലെ ഈ വകുപ്പ് തുടരുമ്പോൾ വളരെ സ്വാഭാവികമാണ് വകുപ്പ് മന്ത്രിയോട് അതിന്റെ ഫലം ലഭിക്കേണ്ടവർക്ക് വിദ്വേഷം ഉണ്ടാകുക എന്നത്. ഇതാണ് വയലാർ രവി ഇപ്പോൾ അനുഭവിച്ച് കൊണ്ടിരിക്കുന്നത്. മന്ത്രി മന്ദിരത്തിൽ നിന്നും സാധാരണക്കാരുടെ അടുത്തേക്ക് ഇറങ്ങി വന്ന് അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ സാധിച്ചില്ലെങ്കിൽ ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട മന്ത്രിയായി തന്നെ വയലാർ രവിക്ക് തുടരേണ്ടി വരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP