Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇല്ല ഞങ്ങള്‍ പ്രതികരിക്കുന്നില്ല! ചിക്കനിലെ പുഴു തിന്നു ജനങ്ങള്‍ മരിച്ചാലും കോടതി അലക്ഷ്യത്തിന്റെ പേരില്‍ കോടതി വരാന്ത കേറാന്‍ ഞങ്ങള്‍ ഇല്ല

ഇല്ല ഞങ്ങള്‍ പ്രതികരിക്കുന്നില്ല! ചിക്കനിലെ പുഴു തിന്നു ജനങ്ങള്‍ മരിച്ചാലും കോടതി അലക്ഷ്യത്തിന്റെ പേരില്‍ കോടതി വരാന്ത കേറാന്‍ ഞങ്ങള്‍ ഇല്ല

എഡിറ്റോറിയൽ

ഇന്നലെ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഒരു വിധി പ്രഖ്യാപനം നടത്തി. പുഴു അരിച്ച ചിക്കന്‍ വിറ്റതിന്റെ പേരില്‍ തിരുവനന്തപുരത്തെ അമേരിക്കന്‍ സ്ഥപനമായ കെഎഫ്‌സി അടച്ച് പൂട്ടിയ ഉത്തരവ് റദ്ദ് ചെയ്യാനായിരുന്നു ആ വിധി. കെഎഫ്‌സിയില്‍ നിന്നു ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത വസ്തുക്കള്‍ പരിശോധിക്കുമ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്നും കോടതി നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ഏതാനും ആഴ്ചകളായി കേരളത്തിലെ ഹോട്ടലുകളില്‍ നിന്നും പിടിച്ചെടുക്കുന്ന മനുഷ്യനെ കൊല്ലാന്‍ പാകത്തിലുള്ള വിഷ ഭക്ഷണങ്ങളുടെ കഥ കേട്ട് ഞെട്ടി തരിച്ച് ഇരിക്കുന്ന സാധാരണക്കാരനെ സംബന്ധിച്ചടത്തോളം ഈ കോടതി വിധി തെല്ലൊന്നുമല്ല അത്ഭുതം ഉണ്ടാക്കിയത്.

എന്നാല്‍ ആരും ഈ വിധിയെക്കുറിച്ച് കമാന്ന് ഒരക്ഷരം മിണ്ടി കണ്ടില്ല. അമേരിക്കന്‍ സാമ്രാജ്യത്തിനെതിരെ ഘോരഘോരം പ്രസംഗിക്കുകയും നിസ്സാര കാര്യത്തിന് പോലും കോടതിയെ ആക്ഷേപിക്കുകയും ചെയ്ത സിപിഎമ്മിലെ വന്‍ തോക്കുകള്‍ ഒന്നും ഒരക്ഷരവും ഇതേക്കുറിച്ച് പറഞ്ഞ് കേട്ടില്ല. പ്രകൃതി സ്‌നേഹികളും നല്ല ഭക്ഷണത്തിന്റെ പോരാളികളും ഇത് അവഗണിച്ചു. ജയരാജന്‍മാരുടെ കാര്യം ഇങ്ങനെ ആണെങ്കില്‍ പിന്നെ മാധ്യമങ്ങളുടെ കാര്യം പറയുകയും വേണ്ട. ഇവരെല്ലാവരും മൗനം പാലിക്കുന്നത് കോടതി അലക്ഷ്യം എന്ന ഒറ്റ പേടിമൂലമെന്ന് തീര്‍ച്ച.

ആ പേടി ഞങ്ങള്‍ക്കും ഉണ്ട്. അതുകൊണ്ട് തന്നെ ഈ വിഷയത്തെക്കുറിച്ച് പറയാനുള്ള ഒട്ടേറെ കാര്യങ്ങള്‍ ഞങ്ങള്‍ വിഴുങ്ങുകയാണ്. വായില്‍ തോന്നുന്ന എന്തെങ്കിലും ഒക്കെ വിളിച്ച് പറഞ്ഞിട്ട് വീര പരിവേഷത്തോടെ ഇറങ്ങി വരാന്‍ ജയരാജനെയും കെ. സുധാകരനെയും ഒക്കെ പോലെ ഞങ്ങളാരും മഹാന്‍മാര്‍ അല്ലാത്തത് കൊണ്ട് കൂടുതല്‍ താല്‍പ്പര്യം കേരളത്തിലെ വെട്ടിക്കിളി ശല്യത്തെക്കുറിച്ച് സംസാരിക്കാനാണ്. ബഹുമാനപ്പെട്ട കോടതിക്ക് വിധി പറയാന്‍ നിയമപരമായ ഒരു പാട് കാരണങ്ങള്‍ ഉണ്ടായിരിക്കാം. അതിന്റെ അടിസ്ഥാനത്തില്‍ ഇഷ്ടമുള്ള വിധി പറയാനുള്ള കോടതിയുടെ അവകാശത്തേയും ഞങ്ങള്‍ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ഏതെങ്കിലും ഒരു വിധി ജനങ്ങളില്‍ സംശയം ഉണ്ടാക്കിയാല്‍ കോടതി എന്ന സംവിധാനത്തിന്റെ മൊത്തം അന്തസത്തയെയാണ് അത് ബാധിക്കുന്നത് എന്നു വിധി പുറപ്പെടുവിക്കുന്ന ഒരു ജഡ്ജിമാരും മറക്കാന്‍ പാടില്ല.

കഴിഞ്ഞ ഏതാനും ആഴ്ചകളായി കേരളത്തിലെ എല്ലാ സ്ഥലങ്ങളില്‍ നിന്നും കേള്‍ക്കുന്നത് ശുചിത്വമില്ലാത്ത ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളുടെ ഞെട്ടിക്കുന്ന കഥകളാണ്. പാറ്റയെയും പഴുതാരയെയും അട്ടയെയും വരെ വിളമ്പിയ ഭക്ഷണ സാധനങ്ങളില്‍ നിന്നും കണ്ടെത്തുന്നു. ആര്യാസും സിന്ദൂരും മുതല്‍ താജ് വിവാന്റ വരെയുള്ള പണവും സ്വാധീനവും ഉള്ളവരുടെ ഹോട്ടലുകളില്‍ റെയ്ഡ് നടത്തി പഴകിയ സാധനങ്ങള്‍ പിടിച്ചെടുക്കുന്നു. ജനതയുടെ ആരോഗ്യ കാര്യത്തില്‍ ഉത്തരവാദിത്തം ഉള്ള ഒരു സര്‍ക്കാര്‍ മുന്‍പേ ചെയ്യേണ്ട കാര്യങ്ങളാണ് ഈ നടക്കുന്നതൊക്കെ. ഈ സാഹചര്യത്തില്‍ ഒറ്റ നോട്ടത്തില്‍ നെറ്റി ചുളിക്കാന്‍ തോന്നുന്ന തരത്തില്‍ ഒരു വിധി സാങ്കേതികതയുടെ അടിസ്ഥാനത്തില്‍ കോടതി നടത്തിയത് യുക്തിയോ എന്ന് ആരെങ്കിലും സംശയം പ്രകടിപ്പിച്ചാല്‍ ആര് ഉത്തരം നല്‍കും?

കോടാനുകോടി കൈയ്യില്‍ ഉള്ള അമേരിക്കന്‍ ഭീമന്‍ പുഴു അരിക്കുന്ന ഭക്ഷണം വിളമ്പിയാലും അവനത് തുറന്ന് പ്രവര്‍ത്തിപ്പിക്കാം എന്നും എന്നാല്‍ ഷവര്‍മ്മ കഴിച്ച ആള്‍ മരിച്ചതിന്റെ പേരില്‍ തിരുവനന്തപുരത്തെ ഒരു സാധാരണക്കാരന്‍ നടത്തുന്ന ഹോട്ടല്‍ പൂട്ടി കിടക്കണമെന്ന് മാത്രമല്ല ഉടമ ജയിലില്‍ കിടക്കണമെന്നും നിശ്ചയിച്ചിരിക്കുന്ന നീതി സംവിധാനം സമൂഹത്തിന്റെ വികാരമാണോ ശരിക്കും പ്രകടിപ്പിക്കുന്നതെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. ഈ വിധിയുടെ അടിസ്ഥാനത്തില്‍ ഇതുവരെ വിഷം വിറ്റവരെല്ലാം ഞെളിഞ്ഞ് കേറി ഇനിയും വിഷം വില്‍ക്കാതിരിക്കാന്‍ എന്തു വഴിയാണുള്ളത്? കോടതി തിരിച്ച് വിധി പറയുമെങ്കില്‍ ഏത് ഉദ്യോഗസ്ഥനാണ് ഇനി ഇതുപോലെ റെയ്ഡുകള്‍ നടത്താന്‍ കഴിയുക? ഇതൊക്കെ പരിഗണിച്ച് തന്നെയാണോ ബഹുമാനപ്പെട്ട ഹൈക്കോടതി കെഎഫ്‌സിയ്ക്ക് അനുകൂലമായി വിധി എഴുതിയത് എന്ന ചോദ്യമാണ് ഇപ്പോള്‍ പ്രസക്തമാവുന്നത്.

കേരളത്തിലെ ഒട്ടു മിക്ക കച്ചവട സ്ഥാപനങ്ങളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പാവപ്പെട്ടവനെ നിയമ വിരുദ്ധമായി പിഴിയുന്നവയാണ്. അതിന് എപ്പോഴും കൂട്ടു നില്‍ക്കുന്നത് ആ കച്ചവടത്തിന്റെ ലൈസന്‍സിങ് അതോറിറ്റികളും ഗുണ നിലവാര പരിശോധകരുമായ ഉദ്യോഗസ്ഥരാണ്. ഈ ഉദ്യോഗസ്ഥന്‍മാര്‍ക്കുള്ള കൈപ്പടി കൂടി മുതലാക്കി വരുമാനത്തില്‍ മായം ചേര്‍ത്തും വിഷം കലര്‍ത്തിയുമൊക്കെ കച്ചവടക്കാരില്‍ പലരും ലാഭം ഉണ്ടാക്കുന്നു. അത്തരത്തില്‍ യാതൊരു നിയന്ത്രണവും ഇല്ലാത്ത ഒരു മേഖലയാണ് ഹോട്ടല്‍ വ്യവസായം. ഭക്ഷണം ഉണ്ടാക്കുന്നിടത്തെ ശുചിത്വമില്ലായ്മ, ഭക്ഷണം പാചകം ചെയ്യുന്നവരുടെ വൃത്തി ഇല്ലായ്മ, ലാഭം ഉണ്ടാക്കാനായി ചേര്‍ക്കുന്ന ഘടകങ്ങള്‍, പഴയതും ഉപയോഗ ശൂന്യവുമായ ഭക്ഷണത്തിന്റെ ഉപയോഗം തുടങ്ങിയ ഒട്ടേറെ മേഖലകളില്‍ ഈ ചൂക്ഷണം നടക്കുന്നു.

ഭക്ഷണ പദാര്‍ത്ഥത്തില്‍ മായവും വൃത്തിഹീനതയും കച്ചവടക്കാരന് ചുളുവില്‍ ലാഭം ഉണ്ടാക്കി കൊടുക്കുന്നു എന്നതിനപ്പുറം ഒരു തലമുറയുടെ ആരോഗ്യത്തെ തന്നെ തകര്‍ക്കുന്നു എന്ന കുറ്റം കൂടി ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ മറ്റ് പല നിയമ വിരുദ്ധ പ്രവര്‍ത്തികളേക്കാളും ഗുരുതരമായി കാണേണ്ടതാണ് ഇത്. ഭക്ഷണത്തിന്റെ ഗുണ നിലവാരം ഉറപ്പ് വരുത്താന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ അഴിമതിക്കാരയി മാറി സ്വന്തം ഉത്തരവാദിത്തം മറക്കുന്ന സാഹചര്യമായിരുന്നു നാളുകളായി കേരളത്തില്‍. ഇതിന് അല്‍പ്പം എങ്കിലും മാറ്റം ഉണ്ടായത് ഈ നാളുകളിലാണ്. അതിന് കാരണമായതാവട്ടെ ബഹുമാനപ്പെട്ട കോടതിയുടെ തന്നെ ഒരു ഇടപെടല്‍ ആയിരുന്നു താനും.

ഹോട്ടലുകള്‍ റെയ്ഡ് നടത്തി പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുക്കുമ്പോള്‍ ആ ഹോട്ടലുകളുടെ പേര് പത്രങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചതായിരുന്നു ഈ രംഗത്തിന്റെ വഴിത്തിരവായത്. അതുവരെ കോടതി നടപടി പേടിച്ച് മാധ്യമങ്ങള്‍ ഇത് പ്രസിദ്ധീകരിക്കുമായിരുന്നില്ല. കോടതി തന്നെ മാധ്യമങ്ങളോട് ഇത് ആവശ്യപ്പെട്ടതോടെയാണ് റെയ്ഡ് നടത്താനും അത് പത്രങ്ങള്‍ക്ക് നല്‍കാനും ഉദ്യോഗസ്ഥര്‍ക്ക് ആവേശം കൂടിയത്. ഈ ആവേശം പത്ര പ്രവര്‍ത്തകരിലേക്കും പടര്‍ന്നതോടെ ഒട്ടേറെ പ്രമുഖ ഹോട്ടലുകള്‍ നാണക്കേടിന്റെ പടുകുഴിയില്‍ ആയി. അക്കൂട്ടത്തില്‍ ലോക പ്രസക്തമായ താജ് ഗ്രൂപ്പ പോലും ഉണ്ടായത് ചില്ലറക്കാര്യമായിരുന്നില്ല.

ആ ആവേശത്തിന്റെ മുന ഒടിക്കുന്ന തീരുമാനമാണ് ഇപ്പോഴത്തെ കോടതി വിധി എന്നു പറയേണ്ടി വരുന്നതില്‍ ഖേദം ഉണ്ട്. നിയമത്തിന്റെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ കോടതി നടത്തിയ വിധിയെ ബഹുമാനിക്കുമ്പോള്‍ തന്നെ ഇത്തരം വിധികള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതം കൂടി പരിഗണിച്ചിരുന്നെങ്കില്‍ എന്നു വെറുതേ മോഹിച്ച് പോവുകയാണ്. കോടതിയെ ആശ്രയമായി കരുതുന്ന സാധരണക്കാരായ പൗരന്റെ ആത്മവിശ്വാസത്തില്‍ മുറിവേല്‍പ്പിക്കാന്‍ കോടതി തന്നെ വഴി മരുന്നിടരുത്. അത്തരം സാഹചര്യത്തിലാണ് ജയരാജന്മാര്‍ ജനിക്കുന്നത്.

ഈ വിഷയത്തില്‍ വായനക്കാരുടെ പ്രതികരണം പ്രതീക്ഷിക്കുന്നു. സഭ്യമായ ഭാഷയില്‍ സംവാദം നടത്തുക എന്ന ഉദ്ദേശത്തോടെ മാത്രം ചര്‍ച്ചയില്‍ പങ്കെടുക്കുക-എഡിറ്റര്‍

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP