Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമേരിക്കയെക്കാൾ മുമ്പേ വോട്ടിങ് യന്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച രാജ്യമാണ് ഇന്ത്യയെന്ന് മറന്നുപോകരുത്; കൈപ്പത്തിക്ക് കുത്തിയാൽ താമര തെളിയുമെന്ന കെട്ടുകഥ പോലെ തന്നെയാണ് ഇവിഎമ്മുകൾ ലോഡ്ജിൽ സൂക്ഷിച്ചുവെന്നതുമൊക്കെ; ബാലറ്റിലേക്ക് മടക്കി ഇന്ത്യയെ കാളവണ്ടിയുഗക്കാർ എന്ന പേര് കേൾപ്പിക്കരുത്; തോൽവിയുണ്ടാവുകയാണെങ്കിൽ പ്രതിപക്ഷ കക്ഷികൾ കുറേക്കൂടി നല്ലകാരണം കണ്ടത്തട്ടെ; ഇന്ത്യൻ ജനാധിപത്യത്തെ ഇങ്ങനെ അപമാനിക്കരുത്: മറുനാടൻ എഡിറ്റോറിയൽ

അമേരിക്കയെക്കാൾ മുമ്പേ വോട്ടിങ് യന്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച രാജ്യമാണ് ഇന്ത്യയെന്ന് മറന്നുപോകരുത്; കൈപ്പത്തിക്ക് കുത്തിയാൽ താമര തെളിയുമെന്ന കെട്ടുകഥ പോലെ തന്നെയാണ് ഇവിഎമ്മുകൾ ലോഡ്ജിൽ സൂക്ഷിച്ചുവെന്നതുമൊക്കെ; ബാലറ്റിലേക്ക് മടക്കി ഇന്ത്യയെ കാളവണ്ടിയുഗക്കാർ എന്ന പേര് കേൾപ്പിക്കരുത്; തോൽവിയുണ്ടാവുകയാണെങ്കിൽ പ്രതിപക്ഷ കക്ഷികൾ  കുറേക്കൂടി നല്ലകാരണം കണ്ടത്തട്ടെ; ഇന്ത്യൻ ജനാധിപത്യത്തെ ഇങ്ങനെ അപമാനിക്കരുത്: മറുനാടൻ എഡിറ്റോറിയൽ

എം റിജു

ന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം എന്താണെന്ന് ചോദിച്ചപ്പോൾ നെഹ്റു ഒരിക്കൽ മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു: 'ഇന്ത്യയിൽ ജനാധിപത്യമുണ്ട്. പാക്കിസ്ഥാനിൽ അതില്ല. ഇന്ത്യയുടെ ഏറ്റവും വലിയ കരുത്തും അതാണ്.'- പരാതികളും പരിമിതികളും എന്തെല്ലാം ഉണ്ടെങ്കിലും സുതാര്യമായ ജനാധിപത്യ വ്യവസ്ഥയായിരുന്നു ഇന്ത്യയുടെ അഭിമാനം. പക്ഷേ ഇപ്പോൾ നോക്കുക. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ ഒരു മാസത്തിലേറെ നീണ്ടുനിന്ന വോട്ടെടുപ്പ് പ്രക്രിയ അവസാനിക്കുമ്പോൾ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയായ തിരഞ്ഞെടുപ്പിന്റെ അസ്തിത്വം ചോദ്യം ചെയ്യപ്പെട്ടിരിക്കയാണ്. കൈപ്പത്തിക്കും അരിവാളിനും കുത്തുന്നത് താമരക്ക് വീണാൽ പിന്നെ എന്ത് ജനാധിപത്യം?

'ബാക്ക് ടു ബാലറ്റ്സ്'.... ഒരു മാസത്തിലേറെ നീണ്ടുനിന്ന വോട്ടെടുപ്പ് പ്രക്രിയ അവസാനിക്കുമ്പോൾ മമതാ ബാനർജി മുതൽ അരവിന്ദ് കെജ്രിവാൾ വരെയുള്ളവർ ഒരുപോലെ പറയുന്നു: 'ബാലറ്റിലേക്ക് മടങ്ങുക'. ഇലക്‌ട്രോണിക്ക് വോട്ടിങ്ങ് മെഷീനുകളിൽ വ്യാപകമായ കൃത്രിമം നടന്നുവെന്നും, അതിനാൽ പഴയ രീതിയിലുള്ള ബാലറ്റ് തന്നെയാണ് അഭികാമ്യവുമെന്നാണ് ഇവർ പറയുന്നത്. എത്ര ബാലിശമായ വാദമാണിത്. എന്തൊക്കെ തന്നെ ദോഷവശങ്ങൾ ഉണ്ടായിരുന്നാലും ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി അതിന്റെ ജനാധിപത്യത്തിന്റെ സുതാര്യതയാണ്. പക്ഷേ ഇവിടെ ഒരു തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേക്കും ഇലക്ഷൻ കമ്മീഷന്റെ വിശ്വാസ്യത തന്നെ നഷ്ടമാവുന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.

പക്ഷേ ഇതിന്റെ വസ്തുതയെന്താണ്? ഇന്ത്യയിലെ വോട്ടിങ്ങ് മെഷീനുകളിൽ ക്രമക്കേട് നടത്താൻ കഴിയുമെന്ന് ആർക്കും തെളിയിക്കാനായിട്ടില്ല. ഇതിനായി ഇലക്ഷൻ കമ്മീഷൻ പലതവണ വെല്ലുവിളിച്ചു. ആർക്കും ഡെമോ സമയത്ത് ഒരു തെളിവും കൊടുക്കാൻ കഴിഞ്ഞിട്ടില്ല. ഇന്ത്യയിൽ മാത്രമല്ല ലോകത്തിൽ എല്ലായിടത്തും ഉപയോഗിക്കുന്ന ടെക്‌നോളജിയാണിത്. നിങ്ങളുടെ വാട്സാപ്പ് ഹാക്ക് ചെയ്യാൻ കഴിയും എന്ന് പറയുന്നപോലെ അബദ്ധം മാത്രമാണ് വോട്ടിങ്ങ് മെഷീൻ ഹാക്ക് ചെയ്യാൻ കഴിയുമെന്നതും. ഒരുപാട് ശാസ്ത്രീയ പരിശോധനക്കുശേഷം, ആവർത്തിച്ച് കാര്യക്ഷമത ഉറപ്പാക്കിയാണ് വോട്ടിങ്ങ് മെഷീൻ കൊണ്ടുവന്നത്. ഇനി ഏത് യന്ത്രവും തകരാറിൽ ആവുമെന്നപോലെ വോട്ടിങ്ങ് മെഷീനും തകരാറലാവാം. പക്ഷേ അപ്പോളും കൈപ്പത്തിക്ക് കുത്തിയാൽ താമര വിരിയുന്ന സാങ്കേതിക വിദ്യയൊന്നും ഇവിടെ വികസിച്ചിട്ടില്ല. കാറിനും വിമാനത്തിനുമൊക്കെ യന്ത്രത്തകരാറ് ഉണ്ടാവാം. പക്ഷേ അതുകൊണ്ട് കാളവണ്ടിയിലേക്ക് മടങ്ങണം എന്ന് പറയുന്നപോലെ ബാലിശമാണിത്.

പിന്നെ എങ്ങനെയാണ് താമരക്ക് കുത്തിയാൽ കൈപ്പത്തിക്ക് വോട്ട് വരുന്നുവെന്ന ആരോപണം കേരളത്തിലടക്കം ഉണ്ടായത്. ഒന്ന് വെപ്രവാളത്തിൽ വോട്ടറുടെ വോട്ടുതന്നെ മാറിപ്പോവുക. അല്ലെങ്കിൽ ആ രീതിയിൽ പ്രവചനം അഴിച്ചുവിടുക. പലപ്പോഴും ഇത് വോട്ടർ ബോധപൂർവം ചെയ്യുന്നതാവില്ല. ഇങ്ങനെ ഒരു വ്യാപക പ്രചാരണം ഉണ്ടായതിനാൽ ഒരു മാസ് ഹിസ്ററീരിയപോലെയുള്ള തോന്നലുമാകാം. ഇനി ഇങ്ങനെ പറഞ്ഞ ഒരു വോട്ടർ പോലും പരാതി നൽകാൻ എത്തിയില്ല എന്നതും ശ്രദ്ധേയമാണ്.

അതുപോലെ തന്നെയാണ് വോട്ടിങ്ങ് മെഷീനുകൾ അലക്ഷ്യമായി ലോറിയിലും മറ്റുമായി കൊണ്ടുപോകുന്നുവെന്ന വാർത്തകളും, ഹോട്ടൽ മുറിയിൽനിന്ന് പിടികൂടി എന്ന അഭ്യൂഹങ്ങളും. ഇതിൽ ഒരു വീഡിയോ കേടായ വോട്ടിങ്ങ് മെഷീനുകൾ മാറ്റുന്നതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഹോട്ടലിൽ കണ്ടു എന്നുപറയുന്ന വോട്ടിങ്ങ് മെഷീനാവട്ടെ ഡെമോക്ക് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കൊണ്ടുവന്നതും. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ തന്നെ പാർട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ സീൽ ചെയ്ത്, പൊലീസ് സംരക്ഷണത്തിൽ സ്ടോങ്ങ് റൂമിലേക്ക് എത്തിക്കുന്ന വോട്ടിങ്ങ് മെഷീനുകൾ, മോദിയുടെ നിർദ്ദേശാനുസരണം പുറത്തെടുത്ത് ഹോട്ടലിലെത്തിച്ച് വോട്ടുകൾ അട്ടിമറിച്ചു എന്ന് വിശ്വസിക്കാൻ തന്നെ അസാധ്യ ഭാവന വേണം!

ഇനി വിവിപാറ്റുകൾ എണ്ണുന്ന കാര്യത്തിലുമുണ്ട് പ്രശ്നങ്ങൾ ഒട്ടേറെ. വിവിപാറ്റ് ഒരു റാൻഡം സാമ്പിളാണ്. അത് മുഴുവൻ ഏണ്ണിത്തീർത്ത് തരിഞ്ഞെടുപ്പ് ഫലം പാതിരാത്രിയാക്കുന്നത് എന്തിനാണ്. ബാലറ്റിൽ നിന്ന് ഇലട്രോണിക്ക് വോട്ടിലേക്കുള്ള മാറ്റത്തിന്റെ പ്രധാന ഗുണവും മൂന്ന് മണിക്കൂറിനുള്ളിൽ ഫലം അറിയാം എന്നതല്ലേ. അതിനുപകരം വിവിപാറ്റുകൾ മുഴുവൻ എണ്ണി ഫലം വൈകിക്കുന്നത് എന്തിനാണ്? എക്സിറ്റ് പോൾ ഫലങ്ങളിൽ പ്രതിപക്ഷത്തിന് തിരിച്ചടിയുണ്ടാവുമെന്ന് വ്യക്തമായതോടെയാണ് വോട്ടിങ്ങ് മെഷീനുനേരെയുള്ള ആക്രമണം ശക്തമായത് എന്നോർക്കണം.

സ്വന്തം പരാജയത്തിന് കുറുക്കുവഴി കണ്ടുപിടിക്കുന്നവർ സത്യത്തിൽ ഈ ജനാധിപത്യ രാജ്യത്തെ അപമാനിക്കുകയാണ്. ഒരു തെരഞ്ഞെടുപ്പുപോലെും മര്യാദയ്ക്ക് നടത്താൻ കഴിയാത്ത അപരിഷ്‌കൃതരാണ് ഇന്ത്യക്കാർ എന്ന വിദേശികളെകൊണ്ട് ഇനിയും പറയിപ്പിക്കണോ? ചാണകത്തിൽനിന്ന് പ്ലൂട്ടോണിയം കിട്ടുമെന്നതുതൊട്ട് മോദിയുടെ റഡാർ തമാശകൾവരെ രാജ്യത്തിന് കടുത്ത നാണക്കോടാണ് ഉണ്ടാക്കിയത്. അതിനിടയിൽ ഇതാ പ്രതിപക്ഷത്തിന്റെ വക ഒന്നുകൂടി. അൽപ്പംപോലും ശാസ്ത്രബോധവും യുക്തിബോധവുമില്ലാത്ത ഒരു നാട് എന്ന ധാരണക്ക് ബിജെപി നേതാക്കളെപോലെ കോൺഗ്രസും ഇടതുപക്ഷവും വളമിടുകയാണ് ഈ കാമ്പയിനിലൂടെ. നമ്മുടെ ജനാധിപത്യം സുരക്ഷിതമാണെന്ന് ഓരോ പൗരനും നെഞ്ചത്ത് കൈവെച്ച് പറയാൻ കഴിയണം.

വോട്ടിങ്ങ് മെഷീനിൽ ഹാക്കിങ് അസാധ്യമെന്ന് വിദഗ്ദ്ധർ

പരസ്പരം കണക്റ്റഡ് ആയ ഒരു നെറ്റ് വർക്കിൽ നുഴഞ്ഞു കയറുക എന്നാണതിന്റെ ഹാക്കിങ്ങ് എന്ന വാക്കിന്റെ അർഥമെന്ന് ഇതുസംബന്ധിച്ച് പഠിക്കുന്ന സന്ദീപ് പാർഥ സാരഥിയെപ്പോലുള്ള ഐടി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഒരു കമ്പ്യൂട്ടർ ശൃംഖലയിൽ അനധികൃതമായി കടന്നുകയറി തിരിമറി നടത്തുന്നതിനെയും ഹാക്കിങ് എന്നു പറയാം. വോട്ടിങ് യന്ത്രങ്ങളിൽ അത് സാധ്യമല്ല. കാരണം ഓരോ യന്ത്രവും ഓരോ സ്വതന്ത്ര യൂണിറ്റാണ്. വയേർഡായോ വയർലെസായോ അവ ഒരു ശൃംഖലയുമായും ബന്ധിപ്പിച്ചിട്ടില്ല. ഒറ്റത്തവണ പ്രോഗ്രാം ചെയ്യാവുന്ന മൈക്രോ ചിപ്പാണ് യന്ത്രത്തിലുള്ളത്. അത് റീഡ് ചെയ്യാനോ പരിഷ്‌കരിക്കാനോ കഴിയില്ല.

വോട്ടിങ്ങ് മെഷീൻ ഒരു നെറ്റ് വർക്കുമായും കണക്റ്റഡ് അല്ല. അതായത് വോട്ടിങ്ങ് മെഷീൻ പ്രവർത്തിക്കുമ്പോൾ അതിലേക്കോ അതിൽ നിന്നോ വൈദ്യുത കാന്തിക തരംഗങ്ങൾ അകത്തേക്കോ പുറത്തേക്കോ പോകുന്നില്ല. ഒരു ചിഹ്നത്തിൽ അമർത്തുമ്പോൾ അതിൽ സീൽ പതിയുന്ന തരത്തിൽ നിർമ്മിക്കപ്പെട്ട ഇലക്ട്രോണിക്ക് ഉപകരണം ആണ് വോട്ടിങ്ങ് മെഷീൻ. അതിൽ സീൽ പതിപ്പിക്കപ്പെട്ട നിലയിൽ പ്രീ-ലോഡ് ചെയ്യാനും കഴിയില്ല. വോട്ടിങ്ങ് നടക്കുമ്പോൾ പുറത്ത് നിന്ന് കൺട്രോൾ ചെയ്യാൻ, വോട്ടിങ്ങ് മെഷീൻ നെറ്റ്‌വർക്കുകളുമായി കണക്ട് അല്ലാത്തതിനാൽ അതും സാധ്യമല്ല. റിമോട്ട് നിയന്ത്രണത്തിന് യന്ത്രത്തിൽ വയർലെസ് സങ്കേതമുള്ള ഡിസ്‌പ്ലേയോ എക്‌സ്ട്രാ സർക്ക്യൂട്ട് ബോർഡോ സ്ഥാപിക്കണം. ഇലക്ഷൻ കമ്മിഷന്റെ ആദ്യ പരിശോധന കഴിഞ്ഞ് സൂക്ഷിക്കുന്ന യന്ത്രങ്ങൾ മറ്റാർക്കും കൈകാര്യം ചെയ്യാൻ കിട്ടില്ല. വോട്ടിങ്ങ് മെഷീനിൽ കൃത്രിമം നടത്താൻ കഴിയും എന്ന് തെളിയിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സകല രാഷ്ട്രീയപാർട്ടികളോടും ആവശ്യപ്പെട്ടിട്ടും ആ വെല്ലുവിളി ഏറ്റെടുക്കാൻ ഒരു പാർട്ടിയും മുന്നോട്ട് വന്നിട്ടില്ല.

വോട്ട് ഡാറ്റ സ്റ്റോർ ചെയ്യുന്ന മെമ്മറി ചിപ്പിൽ തിരിമറി നടത്താൻ മെമ്മറി മാനിപ്പുലേറ്റർ ഐ.സി ഘടിപ്പിക്കണം. അതിന് വോട്ടെടുപ്പിന് ശേഷം കൺട്രോൾ യൂണിറ്റുകൾ തിരിമറിക്കാർക്ക് കിട്ടണം. അത് അസാധ്യമാണ്. വോട്ടെടുപ്പിന് ശേഷം യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്‌ട്രോംങ് റൂമിന് രണ്ട് സുരക്ഷാ വലയങ്ങളുണ്ട്. സ്ഥാനാർത്ഥികളുടെ പ്രതിനിധികളും അടുത്തുണ്ടാവും. സ്ട്രോങ് റൂമിന്റെ സീലും പൂട്ടും തകർക്കണം. അതൊന്നും നടക്കില്ല. വോട്ടെടുപ്പിന് മുൻപ് മൈക്രോ ചിപ്പ് മാറ്റണമെങ്കിൽ യന്ത്രങ്ങൾ സൂക്ഷിക്കുന്ന വെയർഹൗസിൽ കയറണം. അത് സാദ്ധ്യമല്ല. മൈക്രോ ചിപ്പ് മാറ്റിയാൽ തന്നെ വോട്ടെടുപ്പിന് മുൻപുള്ള ആദ്യ പരിശോധനയിൽ കണ്ടെത്തും. ആദ്യ പരിശോധനയ്ക്ക് ശേഷം സ്‌ട്രോംങ് റൂമിൽ കയറി മാറ്റാനും പറ്റില്ല. അവിടെ വോട്ടിങ് യന്ത്രങ്ങൾ പിങ്ക് പേപ്പർ സീൽ പതിച്ചാണ് സൂക്ഷിക്കുന്നത്. ആ സീൽ പൊട്ടിക്കണം.

ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റും തമ്മിൽ മാത്രമേ കണക്ട് ചെയ്യാനാവൂ. മറ്റേതെങ്കിലും യന്ത്രവുമായി കണക്ട് ചെയ്താൽ പ്രവർത്തനം തകരാറിലാകും ( Error mode
ലാകും )ഡാറ്റാ തിരിമറി നടത്താനുള്ള ട്രോജൻ വൈറസിനെ കടത്തിവിടണമെങ്കിൽ മൈക്രോ ചിപ്പ് റീപ്രോഗ്രാം ചെയ്യണം. ചിപ്പ് ഒറ്റത്തവണയേ പ്രോഗ്രാം ചെയ്യാനാവൂ. അല്ലെങ്കിൽ ചിപ്പ് നിർമ്മാതാവ് ചെയ്യണം. നിർമ്മാതാവ് ട്രോജൻ കടത്തിവിട്ടാൽ ഇലക്ഷൻ കമ്മിഷന്റെ വിദഗ്ദ്ധരുടെ കോഡ് പരിശോധനയിൽ കണ്ടെത്താം.അവസാന വോട്ടും ചെയ്തശേഷം കൺട്രോൾ യൂണിറ്റിലെ ക്ലോസ് ബട്ടൺ അമർത്തി പ്രോഗ്രാം അവസാനിപ്പിക്കും. സ്ഥാനാർത്ഥികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ യന്ത്രം സീൽ ചെയ്യും. ക്ലോസ് ബട്ടൺ അമർത്തിയ ശേഷം വോട്ട് ചെയ്യാനാവില്ല. ക്ലോസ് ബട്ടൺ അമർത്തുന്ന സമയം യന്ത്രത്തിലും പോളിങ് ഓഫീസറുടെ ഡയറിയിലും രേഖപ്പെടുത്തും. പിന്നീട് വോട്ട് ചെയ്താൽ അറിയാൻ പറ്റും.

ഇനി എല്ലാ നെറ്റ്‌വർക്കുകളിലും നുഴഞ്ഞുകയറാനും സാധിക്കില്ല. സാധാരണയായി വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് നാം കേൾക്കാറുള്ളത്. അതേ സമയം എ.ടി.എം. ബൂത്തുകളിലെ മെഷീനുകൾ എല്ലാം നെറ്റ്‌വർക്കിൽ ബന്ധിക്കപ്പെട്ടതാണ്. അതുകൊണ്ടാണല്ലൊ നമുക്ക് ഏത് എ.ടി.എമ്മിൽ നിന്നും പണം പിൻവലിക്കാൻ കഴിയുന്നത്. ഈ എ.ടി.എം. ആർക്കെങ്കിലും ഹാക്ക് ചെയ്യാൻ കഴിയുമോ? ഇല്ല. അങ്ങനെ എല്ലാ നെറ്റ്‌വർക്കുകളിലും നുഴഞ്ഞു കയറാൻ ഹാക്കർമാർക്ക് കഴിയുമായിരുന്നെങ്കിൽ ലോകത്ത് ഇന്റർനെറ്റിൽ ഒന്നും നടക്കില്ലായിരുന്നു. നമ്മൾ ഒരു പാസ്വേർഡ് അല്ലെങ്കിൽ ഒരു പിൻ നമ്പർ ടൈപ്പ് ചെയ്ത് എന്റർ അടിക്കുമ്പോൾ അത് എൻക്രിപ്റ്റ് ചെയ്യപ്പെടുന്നു. എന്തായിരുന്നു ആ പാസ്വേർഡ് അല്ലെങ്കിൽ പിൻ നമ്പർ എന്ന് ലോകത്ത് ഒരു ഹാക്കർക്കും മനസ്സിലാക്കാൻ കഴിയില്ല. ഇപ്പോൾ വാട്ട്സാപ്പിൽ അയയ്ക്കുന്ന മെസ്സേജ് പോലും എൻക്രിപ്റ്റ് ചെയ്യപ്പെടുന്നു. അയയ്ക്കുന്ന ആൾക്കും സ്വീകരിക്കുന്ന ആൾക്കും അല്ലാതെ മൂന്നാമതൊരാൾക്ക് വാട്ട്സാപ്പ് മെസ്സേജുകൾ വായിക്കാൻ കഴിയില്ല.

കാളവണ്ടി യുഗത്തിലേക്ക് നാം മടങ്ങണോ?

ഇന്ത്യയിൽ നാല് പതിറ്റാണ്ടായി ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം ഉപയോഗിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യതയെ രാഷ്ട്രീയ കക്ഷികൾ ഉൾപ്പെടെ ചോദ്യം ചെയ്യുകയും യന്ത്രത്തിൽ തിരിമറി ആരോപിക്കുകയും ചെയ്തിരുന്നു. ഈ കക്ഷികളെല്ലാം യന്ത്രത്തിലെ ഫലം അംഗീകരിക്കുന്നതാണ് പിന്നീട് കണ്ടത്. അമേരിക്കയെക്കാൾ മുമ്പേ വോട്ടിങ് യന്ത്ര സാങ്കേതിക വിദ്യ 'പെർഫെക്ട്' ആക്കിയ രാജ്യമാണ് ഇന്ത്യയെന്ന് വിദഗ്ദ്ധർ പ്രശംസിച്ചിട്ടുള്ളതുമാണ്. ഇപ്പോൾ അത് മാറ്റി ബാലറ്റിലേക്ക് പോകണമെന്ന വാദം കാളവണ്ടി യുഗത്തിലേക്ക് പോകണം എന്നതിന് തുല്യമാണ്.

1982ൽ കേരളത്തിലെ പരവൂർ നിയമസഭാ മണ്ഡലത്തിലെ 50 പോളിങ് സ്റ്റേഷനുകളിൽ ആദ്യമായി ഉപയോഗിച്ച വോട്ടിങ് യന്ത്രം പിന്നീട് പല തിരഞ്ഞെടുപ്പുകളിലും ഭാഗികമായി ഉപയോഗിച്ചു. 2000 മുതലാണ് എല്ലാ തിരഞ്ഞെടുപ്പുകളിലും പേപ്പർ ബാലറ്റ് വേണ്ടെന്നും വോട്ടിങ് യന്ത്രം മാത്രം മതിയെന്നും തീരുമാനിച്ചത്. ഇക്കാലത്തിനിടെ മൂന്ന് തവണ ( 2006, 2010, 2013 വർഷങ്ങളിൽ) വോട്ടിങ് യന്ത്രം സാങ്കേതികമായി പരിഷ്‌കരിക്കുകയും ചെയ്തു. വിശ്വാസ്യത വർദ്ധിപ്പിക്കാൻ ചെയ്ത വോട്ട് തിരിച്ചറിയാനുള്ള പേപ്പർ രസീത് ലഭിക്കുന്ന 'വിവിപാറ്റ്' സങ്കേതവും നടപ്പാക്കി. നിർമ്മാണം മുതൽ വോട്ടെണ്ണൽ വരെ സുരക്ഷാ പരിശോധനയുടെയും മുൻകരുതലുകളുടെയും ഒട്ടേറെ ഘട്ടങ്ങളിലൂടെയാണ് വോട്ടിങ് യന്ത്രങ്ങൾ സാങ്കേതിക മികവിന്റെ മാതൃകകളാകുന്നതെന്ന് ഇലക്ഷൻ കമ്മിഷന്റെ പ്രസന്റേഷൻ രേഖ വ്യക്തമാക്കുന്നുണ്ട്. അതായത് ഇലട്രോണിക്ക് വോട്ടിങ്ങ് മെഷീൻ ഒഴിവാക്കി ബാലറ്റിലേക്ക് മടങ്ങണം എന്നത് ഒക്കെ കഥ അറിയാതെയുള്ള ആട്ടം കാണൽ മാത്രമാണ്.

രണ്ട് അപകടങ്ങളാണ് വോട്ടിങ്ങ് മെഷീനെതിരായ പ്രചാരണം കൊണ്ട് ഉണ്ടാവുന്നത്. ഒന്ന് നാം അഭിമാനമായി കൊണ്ടു നടക്കുള്ള ജനാധിപത്യത്തിന്റെ ആണിക്കല്ല് ഇളകുന്നു. രണ്ട്, യന്ത്രാവിഷ്‌കൃതമായ ഒരു പുരോഗതിയെയും സ്വീകരിക്കാൻ കഴിയാത്ത രീതിയിൽ അപരിഷ്‌കൃതരായ ഒരു ജനതയാണ് നാം എന്ന തോന്നൽ അത് ഉണ്ടാക്കുന്നു. ഇത് ഇന്ത്യക്ക് ഭൂഷണമാണോയെന്ന് പ്രതിപക്ഷ പാർട്ടികൾ പരിശോധിക്കട്ടെ. തോൽവിയുണ്ടാവുകയാണെങ്കിൽ അവർക്ക് കൃത്യമായ മറ്റൊരു കാരണമാണ് കണ്ടെത്താൻ കഴിയേണ്ടത്. അതിന് വോട്ടിങ്ങ് മെഷീനെ പഴിക്കരുത്. അത് ഇന്ത്യയുടെ ജനാധിപത്യത്തെ മൊത്തത്തിൽ പരിഹസിക്കുന്നത് തുല്യമാണ്.

വാൽക്കഷ്ണം: ഇനി പോളിങ്ങിനിടെ തന്നെ വോട്ടിങ്ങ് തിരിമറി നടന്നുവെന്ന പ്രചാരണവും ആസൂത്രിതമാണെന്ന് സംശയമുണ്ട്. പ്രതിപക്ഷത്തിന്റെ ഈ പ്രചാരണം സത്യത്തിൽ ഗുണം ചെയ്തത്‌ബിജെപിക്ക് തന്നെയാണ്. ശാസ്ത്ര ലേഖകൻ വൈശാഖൻ തമ്പിയുടെ ഒരു പഴയ പോസ്റ്റ് നോക്കുക..

'വാർത്തകൾ ഷെയർ ചെയ്യുമ്പോൾ അവധാനത വേണം. മെഷീൻ തകരാറായി, കൈപ്പത്തിക്ക് കുത്തിയാൽ താമരയ്ക്ക് വോട്ട് വീഴുന്നു എന്നൊക്കെ കണ്ട് ബിജെപി.വിരോധം കാരണം മുൻപിൻ നോക്കാതെ നാട്ടുകാരെ മൊത്തം അറിയിക്കരുത്. അങ്ങനെ ആർക്കും ഒറ്റനോട്ടത്തിൽ തന്നെ മനസിലാവുന്ന വിധത്തിൽ ഹാക്ക് ചെയ്യാൻ മാത്രം വിഡ്ഢി ഹാക്കറാവുമോ! ഇതിപ്പോ ഇങ്ങനൊരു വാർത്ത ആരെയാ സഹായിക്കുക? താൻ വോട്ടിട്ടാൽ അത് ബിജെപിക്ക് കിട്ടുമെന്ന് 'പേടിച്ച്' കുറേപേർ വോട്ടിൽ നിന്ന് മാറിനിന്നാൽ ആർക്കാ അതിന്റെ ഗുണം?'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP