Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഹൗ ഈസ് ജോഷ്'! ഇന്ത്യൻ വ്യോമസേന ഈ നാടിന്റെ ഐശ്വര്യം! യുദ്ധമല്ല ഇത്തരം സർജിക്കൽ സ്ട്രൈക്കുകൾ തന്നെയാണ് ഭീകരവാദത്തിന് തിരിച്ചടി; സ്വന്തം അണികൾ മരിക്കുമ്പോൾ ജെയ്ഷേ തലവനും നടുങ്ങും; നാട്ടുകാർ മരിക്കുമ്പോൾ അവൻ ഇരവാദമുയർത്തി രാഷ്ട്രീയ പ്രതിരോധം തേടും; ജെയ്ഷേ തലവനെ മുച്ചൂടും മുടിക്കുന്നതിനുള്ള ഒരു പ്രത്യേക സേനക്കാണ് നാം രൂപം നൽകേണ്ടത്; അല്ലാതെ പാക്കിസ്ഥാനുമായുള്ള യുദ്ധമല്ല പോംവഴി

'ഹൗ ഈസ് ജോഷ്'! ഇന്ത്യൻ വ്യോമസേന ഈ നാടിന്റെ ഐശ്വര്യം! യുദ്ധമല്ല ഇത്തരം സർജിക്കൽ സ്ട്രൈക്കുകൾ തന്നെയാണ് ഭീകരവാദത്തിന് തിരിച്ചടി; സ്വന്തം അണികൾ മരിക്കുമ്പോൾ ജെയ്ഷേ തലവനും നടുങ്ങും; നാട്ടുകാർ മരിക്കുമ്പോൾ അവൻ ഇരവാദമുയർത്തി രാഷ്ട്രീയ പ്രതിരോധം തേടും; ജെയ്ഷേ തലവനെ മുച്ചൂടും മുടിക്കുന്നതിനുള്ള ഒരു പ്രത്യേക സേനക്കാണ് നാം രൂപം നൽകേണ്ടത്; അല്ലാതെ  പാക്കിസ്ഥാനുമായുള്ള യുദ്ധമല്ല പോംവഴി

എഡിറ്റോറിയൽ

ന്നായി പ്രവർത്തിക്കുന്നതാണ് നന്നായി സംസാരിക്കുന്നതിനേക്കാൾ നല്ലത്- ബെഞ്ചമിൻ ഫ്രാങ്ക്ളിനിന്റെ ഈ പ്രശസ്തമായ ഉദ്ധരണി ഏറ്റവും കൂടുതൽ ബാധകമായിട്ടുള്ള രാജ്യമാണ് ഇന്ത്യയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി തൊട്ടുള്ള നമ്മുടെ ഭരണാധികാരികളുടെയും രാഷ്ട്രീയനേതാക്കളുടെയും വാചകങ്ങൾ കേട്ടാൽ നാം പലപ്പോഴും അന്തം വിട്ടിരുന്നുപോകും. പക്ഷേ പ്രസംഗത്തിനൊപ്പം പ്രവൃത്തിയെത്തുന്ന ഒരു ദിനം ഇന്ത്യയിൽ ഇന്നുണ്ടായി. 40 ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണം നടന്ന് 12-ാം ദിനത്തിൽ ഇന്ത്യൻ വ്യോമസേന പാക്കിസ്ഥാന് നൽകിയ ശക്തമായ തിരിച്ചടി കടലാസുപുലികളല്ല ഈ രാജ്യം എന്നതിന്റെ കൃത്യമായ സൂചനകളാണ്. 2016ൽ ജമ്മു കശ്മീരിലെ ഉറിയിൽ നടന്ന അപ്രതീക്ഷിത ആക്രമണത്തിന് ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചടിയുടെ ചലച്ചിത്ര രൂപമായ 'ഉറി: ദി സർജിക്കൽ സ്‌ട്രൈക്കിലെ 'ഹൗ ഈസ് ജോഷ്' (ഉഷാറല്ലേ) എന്ന വാക്ക് സോഷ്യൽ മീഡിയ ഏറ്റെടുത്തത് വെറുതെയല്ല.

തീർച്ചയായും പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമള്ളവരുടെ നേട്ടം കൂടിയാണിത്. ഒപ്പം സൈന്യത്തിന്റെ തൊപ്പിയിൽ ഒരു പൊൻതൂവലും. ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ ഭാര്യാ സഹോദരനും ജയ്ഷെ കമാൻഡറുമായ യൂസുഫ് അസർ അഥവാ ഉസ്താദ് ഖോറി ഉൾപ്പടെ നിരവധി ജയ്ഷെ നേതാക്കളെയും വധിച്ചതിനൊപ്പം പാക് സേനയെ നാണം കെടുത്താനും ഇന്ത്യക്കായി. ഭീകരതയെ പാലൂട്ടി വളർത്തുന്ന പാക്കിസ്ഥാന് തിരിച്ചടി കിട്ടിയതിൽ മാത്രമല്ല, നമ്മുടെ നീക്കങ്ങൾ ശരിയായ രീതിയിൽ നടക്കുന്നുവെന്നതിന്റെ തെളിവുകൾ കൂടിയാണ് മിറാഷ് വിമാനങ്ങളെ നിരത്തി ഇന്ത്യ കാണിച്ച ഈ ചങ്കൂറ്റം. കശ്മീർ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനുമായി യുദ്ധം വേണമെന്ന മുറവിളികൾ രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്നും ഉയരുന്നതിനിടെയാണ് ഈ നടപടിയുണ്ടായത്. ഇതാണ് ശരിയും. രണ്ടു രാജ്യങ്ങളെയും സാമ്പത്തികമായി തകർക്കുന്ന യുദ്ധമല്ല ഭീകരതയുടെ പോംവഴി. രണ്ട് ആണവ ശക്തികൾ തമ്മിൽ ഏറ്റുമുട്ടിയാലുണ്ടാവുന്ന ദുരന്തം ഊഹിക്കാവുന്നതിന് അപ്പുറമാണ്.

ആർക്കെതിരെയാണ് നാം യുദ്ധം ചെയ്യേണ്ടത്?

പിന്നെ ആർക്കെതിരെയാണ് ഇന്ത്യ പോരടിക്കേണ്ടത്. ആരോണോ യഥാർഥ ഭീകരവാദികൾ അവർക്കെതിരെയാണ്. ലാഹോറിലേയും കറാച്ചിയിലേയും വീടുകളിൽ കിടന്നുറങ്ങുന്ന പാവങ്ങളായ സാധാരണക്കാരായ പാക്കിസ്ഥാനികളുടെ മുകളിലേക്ക് ബോംബ് വർഷിച്ചതുകൊണ്ട് ഭീകരാക്രമണങ്ങൾ കുറയാൻ പോകുന്നില്ല. സർജിക്കൽ സ്‌ട്രൈക്ക് നടത്തേണ്ടത് ജെയ്‌ഷെ മുഹമ്മദ്, അടക്കമുള്ള ഭീകരസംഘടനാ നേതാക്കളുടെ നെഞ്ചത്താണ്. അതിനായുള്ള കൃത്യമായ ആസൂത്രണവും പദ്ധതിയുമാണ് വേണ്ടത്. അമേരിക്ക ബിൻലാദനെ അബോട്ടാബാദിൽ നിന്ന് പൊക്കിയെടുത്ത് കടലിന്റെ അടിത്തട്ടിൽ സംസ്‌ക്കരിച്ച മാതൃകയിലുള്ള സ്‌പെസിഫിക്ക് അറ്റാക്കാണ് നടത്തേണ്ടത്. പക്ഷേ അതിനു സജ്ജമായിരുന്നില്ല നമ്മുടെ ചാരസംഘടനകളും ഇന്റലിജൻസ് വിങ്ങും. അവർക്ക് നമ്മുടെ വ്യോമസേന കൊടുത്ത ആത്മവിശ്വാസം ചില്ലറയല്ല.

നാലുഭാഗത്തും ശത്രുക്കളാൽ വലം വെച്ചിട്ടും ഇസ്രയേൽ എന്ന കൊച്ചുരാജ്യം എങ്ങനെ പിടിച്ചു നിൽക്കുന്നുവെന്ന് നോക്കുക. ഐഎസിനും അൽഖായിദയ്ക്കുമൊന്നും എന്തുകൊണ്ടാണ് ഇസ്രയേലിന്റെ ഒരു രോമത്തിൽപോലും തൊടാൻ സാധിക്കാത്തത്. അതിശക്തമായ പ്രത്യാക്രമണവും സ്വന്തം രാജ്യത്ത് ശക്തമായ സുരക്ഷ ഒരുക്കുകയുമാണ് ഇസ്രയേൽ ചെയ്യുന്നത്്. ആ രീതിയിലുള്ള ഇന്റലിജൻസ് സംവിധാനം ഉണ്ടാക്കുന്നതിന്റെ തുടക്കമാവട്ടെ ഈ നേട്ടം. തങ്ങളെ ആക്രമിക്കുന്നവൻ ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും തേടിപ്പിടിച്ച് തീർക്കുന്ന ഇസ്രായലിന്റെ രീതി കുപ്രസിദ്ധം കൂടിയാണ്. മ്യൂണിക്ക് കൂട്ടക്കൊലക്കൊക്കെ അവർ പകരം വീട്ടിയത് അങ്ങനെയാണ്. അല്ലാതെ ഏതെങ്കിലും ഒരു രാജ്യവുമായി യുദ്ധത്തിനുപോയല്ല. നമുക്ക് ഒന്നും കഴിയില്ല എന്ന ധാരണ തിരുത്താൻ ഉറി സർജിക്കൽ സ്ട്രൈക്കിന് കഴിഞ്ഞിരുന്നു. പക്ഷേ അതിനുമുകളിൽ, വിചാരിച്ചാൽ ഇസ്രയേൽ മോഡലിലേക്ക് നമുക്കും പോകാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് വായുസേന നൽകുന്നത്.

പാക്കിസ്ഥാനിലെ കറുത്ത വെള്ളിയാഴ്ചകൾ

എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ വാക്ക് കടമെടുത്താൽ, ഭീകരത കയറ്റുമതി ചെയ്യാൻ വിധിക്കപ്പെട്ട ജനതയാണ് പാക്കിസ്ഥാൻ. പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും കൊണ്ട് വീർപ്പുമുട്ടുന്ന ഒരു മൂന്നാംലോക രാജ്യം. ഇന്ത്യൻ ഗ്രാമങ്ങളേക്കാൾ എത്രയോ ദയനീയമാണ് പാക്ക് ഗ്രാമങ്ങൾ.

ലാഹാറിലെ തുകൽ ഫാക്ടറികളിൽ ഇപ്പോഴും കൂലി ദിവസവും നാൽപ്പതുരൂപയാണെന്നാണ് ഈയിടെയും ബിബിസി റിപ്പോർട്ട് ചെയ്തത്. (അതിലും കഷ്ടമാണ് പാക്കിസ്ഥാനിൽ നിന്ന് ഭിന്നിച്ചുപോയ ബംഗ്ലാദേശ്. അതാണ് ശരിക്കും ലോകത്തിലെ നരകമെന്ന് വിവിധ മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കുന്നുണ്ട്.) മതം പുളയ്ക്കുന്ന എല്ലാ മൂന്നാം ലോകരാജ്യങ്ങളിലെന്നപോലെ പാക്കിസ്ഥാനിലെ പ്രധാന കയറ്റുമതിയാണ് തീവ്രവാദം.

എന്നാൽ താലിബാൻ തൊട്ട് അൽഖായിദ വരെയുള്ള എല്ലാ ഭീകരർക്കും ഒത്താശ ചെയ്ത് ഒരു പരുവത്തിൽ ആയിരിക്കയാണ് ജിന്നയുടെ വിശുദ്ധ മണ്ണ്. അവസാനം ഈ ഭീകരരിൽ പലരും പാക്കിസ്ഥാനു നേരെ തിരിഞ്ഞിരിക്കുകയാണ്. കറാച്ചിയിലും, ലാഹോറിലും, പെഷവാറിലുമൊക്കെ ആഴ്ചക്ക് ഒന്ന് എന്ന നിലയിലാണ് കഴിഞ്ഞ വർഷം വരെ ബോംബ് സ്ഫോടനങ്ങൾ നടന്നത്. സുന്നി പള്ളികളിൽ ശിയകൾ ബോംബ് വെക്കുന്നു, വഹാബികളുടെ വീടുകൾക്കുനേരെ പഷ്ത്തൂൺ വംശജർ ആക്രമിക്കുന്നു, അവശേഷിക്കുന്ന ക്രിസ്ത്യാനികളെ ഇവർ എല്ലാവരും കൂടി ഓടിക്കുന്നു. ആര് എങ്ങനെ എപ്പോൾ പൊട്ടിത്തെറിക്കുമെന്ന് ഒരു പിടിയുമില്ലാത്ത രാജ്യമായാണ് റോബർട്ട് ഫിസ്‌ക്കിനെപ്പോലുള്ളവർ ചൂണ്ടിക്കാട്ടുന്നത്.മതം പുളയ്ക്കുന്ന എല്ലാ മൂന്നാം ലോകരാജ്യങ്ങളിലെന്നപോലെ പാക്കിസ്ഥാനിലെ പ്രധാന കയറ്റുമതിയാണ് തീവ്രവാദം.താലിബാൻ തൊട്ട് അൽഖായിദ വരെയുള്ള എല്ലാ ഭീകരർക്കും ഒത്താശ ചെയ്ത് ഒരു പരുവത്തിൽ ആയിരിക്കയാണ് ജിന്നയുടെ വിശുദ്ധ മണ്ണ്.

മുഷറഫിന്റെയും നവാസ് ശരീഫിന്റെയുമൊക്കെ കാലത്ത് പാക്കിസ്ഥാനിലെ ഏറ്റവും പേടിയുള്ള ദിവസമായിരുന്നു വെള്ളിയാഴ്ചകൾ. അന്ന് പള്ളിയിലാണ് മനുഷ്യൻ പൊട്ടിത്തെറിക്കുക. ശിയാക്കളുടെ പള്ളികളിൽ അടിവസ്ത്രത്തിൽ ബോംബുമായി എത്തി നിരവധിപേരെ കാലപുരിക്ക് അയക്കുന്ന സുന്നി ഭീകരർ. പരിക്കേറ്റവരെ പൊക്കിയെടുത്ത് ആശുപത്രിയിൽ എത്തിയപ്പോൾ ആശുപത്രിയിലും ചാവേർ ബോംബുണ്ടാവും. എന്തിന് മയ്യത്ത് നമസ്‌ക്കാര ചടങ്ങുകിലും പൊട്ടിത്തെറിയുണ്ടായി. ഈ വംശീയ കലാപങ്ങൾക്ക് ഇടയിലാണ്, തീവ്രവാദി സംഘങ്ങളുടെ പരസ്പരമുള്ള പോരാട്ടങ്ങൾ. ലശ്ക്കർ ഇ തയ്യിബയും ജയ്ഷേ മുഹമ്മദും പരസ്പരം എതിരാളികളാണ്. ലശ്ക്കറിന്റെ ഒറ്റുകാരനാണെന്ന് തോന്നിയാൽ ജെയ്ഷേ തീർക്കും. തിരിച്ചും. ( ലശ്ക്കറിനെ ഒതുക്കാനാണ് ഐഎസ്ഐ സത്യത്തിൽ ജെയ്ഷേയെ പ്രോൽസാഹിപ്പിച്ചത്)

പരസ്പരം വെടിവെച്ചും പൊട്ടിത്തെറിച്ചും നരകിക്കുന്നതുകൊണ്ടാണ് പാക്കിസ്ഥാനിൽ ഇപ്പോൾ ഭീകരവാദത്തിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നത്. ഇവിടുത്തെ പ്രമുഖ പത്രമായ ഡോൺ പലതവണ പാക്കിസ്ഥാന്റെ ശാപം തീവ്രവാദമാണെന്ന് തുറന്ന് എഴുതിയിട്ടുണ്ട്. പുതിയ പ്രധാനമന്ത്രി ഇംറാൻഖാൻ ഒരു ആധുനിക പാക്കിസ്ഥാനെയാണ് സ്വപ്നം കാണുന്നത്. ഒരു അപരിഷ്‌കൃത രാജ്യം എന്ന പേര് കേൾപ്പിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. അതായത് പഴയ പാക്കിസ്ഥാനല്ല ഇപ്പോഴെന്നത് വ്യക്തം. ചോരക്കളി അവർക്കും മടുത്തിരിക്കുന്നു. എന്നുവെച്ച് അവർ ആ പരിപാടി നിർത്തുമെന്ന് പറയാൻ കഴിയില്ല. വിഷയം മതം ആയതുകൊണ്ടുതന്നെ.സ്വന്തം അണികൾ മരിക്കുമ്പോൾ ജെയ്ഷേ തലവനും നടുങ്ങും. നാട്ടുകാർ മരിക്കുമ്പോൾ അവൻ ഇരവാദമുയർത്തി രാഷ്ട്രീയ പ്രതിരോധം തേടും. അതാണ് വ്യത്യാസം. ജെയ്ഷേ തലവനെ മുച്ചൂടും മുടിക്കുന്നതിനുള്ള ഒരു പ്രത്യേക സേനക്കാണ് നാം രൂപം നൽകേണ്ടത്.

ഈസാഹചര്യത്തിൽ പാക്കിസ്ഥാനെ ആക്രമിച്ചുകൊണ്ടോ, അന്നത്തെ അന്നത്തിന് വഴിയില്ലാത്ത ജനതയുടെ തലയിൽ ബോംബിട്ടോ നമുക്ക് ഈ പ്രശ്നം പരിഹരിക്കാൻ കഴിയുമോ? അവിടെയാണ് ഇതുപോലത്തെ ടാർജറ്റഡ് ഇന്റർവെൻഷനുകളുടെ പ്രസക്തി. സ്വന്തം അണികൾ മരിക്കുമ്പോൾ ജെയ്ഷേ തലവനും നടുങ്ങും. നാട്ടുകാർ മരിക്കുമ്പോൾ അവൻ ഇരവാദമുയർത്തി രാഷ്ട്രീയ പ്രതിരോധം തേടും. അതാണ് വ്യത്യാസം. ജെയ്ഷേ തലവനെ മുച്ചൂടും മുടിക്കുന്നതിനുള്ള ഒരു പ്രത്യേക സേനക്കാണ് നാം രൂപം നൽകേണ്ടത്.

ഇന്ത്യയിലെ വലതുപക്ഷ സംഘടനകൾ ഇന്നും ഒരു ഐക്കണായി കൊണ്ടുനടക്കുന്ന വീര സവർക്കർ എന്ന വിഡി സവർക്കർ സത്യത്തിൽ ഒരു മതത്തിലും വിശ്വസിച്ചിരുന്നില്ല. പക്ഷേ ദേശീയതയും വംശീയതയും കത്തിപ്പടർന്ന അദ്ദേഹത്തിന്റെ മനസ്സ് ഒരു വർഗ്ഗീയവാദിയേക്കാർ മോശമാകുകയായിരുന്നു. മതേതരമായ ചില വികാരങ്ങളും മതവർഗീയതയേക്കാളും ദോഷം ചെയ്യുമെന്ന് ഉറപ്പ്. കശ്മീർ ഭീകരാക്രമണത്തിനുശേഷം അതുപോലെയുള്ള കൃത്യമായ ചില കാര്യങ്ങൾ ഈ രാഷ്ട്രത്തിലും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാണ്. മുസ്ലീങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ പുൽവാമ സംഭവത്തിനുശേഷം രാജ്യത്ത് പലതവണ ഉണ്ടായി. ഇത് ഒരു മതേരരാഷ്ട്രത്തിൽ ഒരിക്കലും വെച്ചുപൊറുപ്പിക്കാൻ പറ്റാത്തതാണ്. ഒരു യുദ്ധം ഉണ്ടാവുകയാണെങ്കിൽ എത്ര ശക്തമായ സാമുദായിക വിഭജനമാണ് ഉണ്ടാവുക എന്ന് ഓർത്തുനോക്കുക. കൊൽക്കൊത്തയും ബീഹാറും യുപിയുംമാത്രമല്ല നമ്മുടെ കൊച്ചുകേരളവും ചിലപ്പോൾ കത്തുമായിരുന്നു.

സൈന്യത്തെ ആധുനികവത്ക്കരിക്കാൻ വൈകരുത്

അതുപോലെ നാം ഇപ്പോഴും പിന്നിൽ നിൽക്കുന്ന മേഖല തന്നെയാണ് സൈന്യത്തിലെ ആധുനികവത്ക്കരണം. കാലാൾപ്പടയുടെ എണ്ണത്തിലും, പോർവിമാനങ്ങളുടെ മികവിലുമല്ലാതെ, ഇസ്രയേലും, അമേരിക്കയും, ചൈനയുമടങ്ങുന്ന വൻ സൈനിക ശക്തികളെ തട്ടിച്ചുനോക്കുമ്പോൾ ഇന്ത്യൻ സേന അൽപ്പം പുറകിൽ തന്നെയാണ്. ബോഫോഴ്സ് തൊട്ട് ശവപ്പെട്ടി കുഭകോണംവരെയുള്ള എത്രയെത്ര അഴിമതികൾ നാം കേട്ടു. വലിയ രാജ്യസ്നേഹം പറയുന്ന പാർട്ടികൾ അധികാരത്തിൽ ഇരിക്കുമ്പോൾ തന്നെയാണ് ഇതൊക്കെ സംഭവിക്കുന്നത്. അതുപോലെ തന്നെ സൈന്യത്തിലെ മോശം ഭക്ഷണത്തെക്കുറിച്ച് പരാതി പറഞ്ഞ ആ സിആർപിഎഫ് ജവാന്റെ അവസ്ഥ എന്തായി. ഇക്കാര്യങ്ങളിലൊക്കെ അടിയന്തരമായ മാറ്റമാണ് ഉണ്ടാകേണ്ടത്. വ്യോമസേനയുടെ ഈ മുന്നേറ്റത്തിനിടയിലും നമ്മൾ പാളിച്ചകൾ മറന്നുകൂടാ.

അതുപോലെ ഇക്കാര്യത്തിൽ നമുക്കുണ്ടായ സുരക്ഷാ വീഴ്ചകൾ എന്താണ് കണക്കിലെടുക്കാത്തത്. ഇന്ത്യയുടെ ഭൂവിസ്തൃതി വെച്ച് ഇസ്രയേൽ മോഡൽ മിസൈൽ കവചവും ആകാശക്കണ്ണുകളും ഒന്നും നടക്കുന്ന കാര്യമല്ല. പക്ഷേ കശ്മീരിനെയെങ്കിലും നമുക്ക് സാറ്റലൈറ്റ് നിരീക്ഷണത്തിൽ കൊണ്ടുവന്നുകൂടെ. രണ്ടുകുപ്പി മദ്യം കടത്തിയാൽ പൊലീസ് പിടിക്കുന്ന ഒരുരാജ്യത്ത് ഇത്രയും സ്‌ഫോടകവസ്തുക്കൾ ഒരാൾ കടത്തിയത് കശ്മീർ പോലത്തെ അതീവ സുരക്ഷാമേഖലയിൽ എങ്ങനെ സംഭവിച്ചു. കുട്ടികളുടെ ചോറ്റുപാത്രംപോലും പട്ടാളം തുറന്നു പരിശോധിക്കുന്ന നാടല്ലേ അത്. പൽവാമയിലെ സുരക്ഷ വീഴചകൾ ദേശസ്‌നേഹത്തിന്റെ വികാരം ജ്വലിപ്പിച്ച് രക്ഷപ്പെടാനുള്ളതല്ല.

പാളിച്ചകൾ ചൂണ്ടിക്കാട്ടുന്നവരെ പഴിക്കയല്ല, അതിലേക്ക് നയിച്ച സാഹചര്യങ്ങൾ ശാസ്ത്രീയമായി പഠിക്കയാണ് യഥാർഥ രാഷ്ട്ര തന്ത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP