Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കെ മുരളീധരന്റെയും ബെന്നി ബഹന്നാന്റെയും ജോസഫ് വാഴയ്ക്കന്റെയും ഹൈബി ഈഡന്റെയും എം വിജയകുമാറിന്റെയും പി എസ് ശ്രീധരൻ പിള്ളയുടെയും ചെകിട്ടത്തടിക്കുക; പി ടി ഉഷയെയും അഞ്ജു ബോബി ജോർജിനെയും ചതിച്ചവരെ തിരിച്ചറിയുക; കേരളത്തിന് ഒളിമ്പിക്‌സ് മെഡൽ ലഭിക്കാത്തതിനു വിലപിക്കുന്ന ജിമ്മി ജയിംസുമാർ അറിയാൻ

കെ മുരളീധരന്റെയും ബെന്നി ബഹന്നാന്റെയും ജോസഫ് വാഴയ്ക്കന്റെയും ഹൈബി ഈഡന്റെയും എം വിജയകുമാറിന്റെയും പി എസ് ശ്രീധരൻ പിള്ളയുടെയും ചെകിട്ടത്തടിക്കുക; പി ടി ഉഷയെയും അഞ്ജു ബോബി ജോർജിനെയും ചതിച്ചവരെ തിരിച്ചറിയുക; കേരളത്തിന് ഒളിമ്പിക്‌സ് മെഡൽ ലഭിക്കാത്തതിനു വിലപിക്കുന്ന ജിമ്മി ജയിംസുമാർ അറിയാൻ

എഡിറ്റോറിയൽ

ന്നലത്തെ മലയാളം പത്രങ്ങളുടെ ഒക്കെ എഡിറ്റോറിയൽ ഒരേ വിഷയമാണ്. ഇന്ത്യയുടെ ഒളമ്പിക്സിലെ നിരാശപ്പെടുത്തുന്ന പ്രകടനം. അതെഴുതിയവരല്ലാതെ ആരെങ്കിലും വായിച്ചിട്ടുണ്ടാവുമോ എന്നറിയണമെങ്കിൽ നിങ്ങൾക്ക് പരിചയം ഉള്ള പത്ത് പേരോട് ചോദിച്ചു നോക്കുക. എന്താണ് എഴുതി വച്ചിരിക്കുന്നത് എന്നറിയാൻ ഈ ലേഖകൻ ചിലതൊക്കെ വായിച്ചു നോക്കി. എല്ലാവരും പറയുന്നത് 130 കോടി ജനങ്ങൾക്ക് വേണ്ടി രണ്ട് മെഡൽ മാത്രം വാങ്ങിയ ഇന്ത്യയുടെ നിരാശാപ്രകടനത്തെക്കുറിച്ചാണ്. കൊറിയയും ജപ്പാനും വരെ ഉയർന്ന മെഡൽ വാങ്ങിയപ്പോൾ ഇന്ത്യയ്ക്ക് എന്തു പറ്റി എന്ന ചോദ്യം ഉയർത്തുകയാണ് എല്ലാവരും.

ഈ ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും ഒരു പതിവ് ശീലമായതിനാൽ ആരും ഇതു ഗൗരവമായി എടുക്കുന്നില്ല. ഇന്ന് ഒരു ദിവസം കൂടി കഴിഞ്ഞാൽ ഇതിന്റെ പ്രസക്തിയും നഷ്ടമാകുന്നു. വീണ്ടും നമ്മൾ പഴയ പടി പോകുന്നു. ഒളിമ്പിക്സ് അടുക്കുമ്പോൾ കുറച്ച് പേരെ തട്ടിക്കൂട്ടി അടുത്ത തവണ ടോക്യോയ്ക്ക് അയക്കും. സ്വന്തം നിലയിൽ കഷ്ടപ്പെട്ടു നേടുന്ന ഒന്നോ രണ്ടോ മെഡലുമായി അവിടെ നിന്നും നമ്മൾ മടങ്ങും. ഇവിടെ ചർച്ചകൾ ഇങ്ങനെ ആവർത്തിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ യഥാർത്ഥ പ്രശ്നം കണ്ടെത്താനോ അതിന് പരിഹാരം നിർദ്ദേശിക്കാനോ ആരും മെനക്കെടുന്നുമില്ല.

ഈ വിഷയത്തിൽ ചെറുതല്ലാത്ത ഒരു പങ്ക് മാദ്ധ്യമങ്ങൾക്കും ഉണ്ട്. ഇത്തരം പ്രധാനപ്പെട്ട വിഷയങ്ങൾ ദുരന്തത്തിന് ശേഷം ചർച്ച ചെയ്തു സമയം കളയുന്നതിനപ്പുറം എന്താണ് രോഗം എന്ന് കണ്ടെത്താനോ അതിന് ക്രിയാത്മകമായ ഒരു ചികിത്സ നിർദ്ദേശിക്കാനോ മാദ്ധ്യമങ്ങൾക്ക് പോലും കഴിയുന്നില്ല. സ്പോർട്സിലെ രാഷ്ട്രീയം; അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്; കതിരിൽ വളം വയ്ക്കുന്ന പരിശീലന രീതി; ഫണ്ടിന്റെ അപര്യാപ്തത തുടങ്ങിയ എട്ടോ പത്തോ കാര്യങ്ങൾ മാത്രമാണ് നമ്മൾ കണ്ടെത്തുന്നത്. അതിനപ്പുറം ചില പ്രധാന വിഷയങ്ങൾ ഉണ്ട് എന്ന് തിരിച്ചറിയാൻ പോലും സാധിക്കാത്തിടത്ത് ഇന്ത്യൻ സ്പോർട്സിന്റെ രോഗം മൂർച്ഛിക്കുന്നു.

ഇന്നലെ മറ്റു വാർത്തകൾ ഒന്നും ഇല്ലാതിരുന്നതിനാൽ ഏഷ്യനെറ്റ് ചാനൽ ഇതേക്കുറിച്ചായിരുന്നു ഒരു ചർച്ച നടത്തിയത്. പ്രശ്സത അവതാരകനായ ജിമ്മി ജെയിംസ് മുൻ കായിക മാന്ത്രിമാരെയും രവീന്ദ്രദാസിനെപ്പോലെയുള്ള പ്രഗൽഭരായ കളി എഴുത്തുകാരെയും ഒക്കെ വിളിച്ചിരുത്തി നടത്തിയ ചർച്ചയുടെ വിഷയം തന്നെ അബദ്ധമായിരുന്നു. എന്തുകൊണ്ട് കേരളം ഒളിമ്പിക്സ് മെഡൽ നേടുന്നില്ല എന്നായിരുന്നു ജിമ്മിയുടെ ചർച്ചാ വിഷയം. ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞ മുൻ കായിക മന്ത്രിമാരായ വിജയകുമാറും കെ സുധാകരനും ഒക്കെ ഈ മണ്ടത്തരം ആവർത്തിച്ചു.

എങ്ങനെയാണ് നമ്മുടെ കായിക നടത്തിപ്പ് എന്നറിയാമായിരുന്നെങ്കിൽ ജിമ്മിയോ മുൻ മന്ത്രിമാരോ ഇത്തരമൊരു ചർച്ചയ്ക്ക് ഇരുന്നു കൊടുക്കുമായിരുന്നില്ല. ജിമ്മി ജയിംസും മറ്റു മഹാന്മാരും ആദ്യമായി മനസ്സിലാക്കേണ്ടത് കേരളത്തിന് ഒളിമ്പിക്സ് മെഡൽ നേടാൻ വകുപ്പില്ല എന്നതാണ്. തങ്ങളുടെ അധികാര പരിധിയിൽ പെടാത്ത ഒരു കാര്യം ചെയ്യാൻ ഇറങ്ങി പുറപ്പെടുന്നു എന്നതാണ് ഇവർ ചെയ്യുന്ന പ്രാഥമികമായ തെറ്റ്. ആശയത്തിലെ ഈ പിഴവാണ് ഫലത്തിലെ പിഴവായി മാറുന്നത്. ഇതറിയാതെയുള്ള ചർച്ചകളാണ് ഈ ദുരന്തം ആവർത്തിക്കുന്നതിനുള്ള കാരണമായി മാറുന്നത്. ഈ മുൻ മന്ത്രിമാരും ചാനൽ അവതാരകനും എഡിറ്റോറിയൽ എഴുതിയ മാദ്ധ്യമങ്ങളും ഒക്കെ ആ അർത്ഥത്തിൽ ഈ ദുരന്തത്തിന്റെ പങ്കാളികളാവുകയാണ്.

സാധാരണയിൽ കവിഞ്ഞ പൊക്കം, അസാധാരണമായ എൻഡ്യുറൻസ് പവർ, സ്റ്റാമിന എന്നിങ്ങനെ യോഗ്യതകൾ ഉള്ളവരെ ഇവർ കണ്ടെത്തി അതേ സ്‌കൂളുകളിൽ തന്നെ പരിശീലിപ്പിച്ച് തുടങ്ങണം. സിന്തറ്റിക് ട്രാക്കും ജിംനേഷ്യവും ഒന്നും സ്‌കൂളുകൾക്ക് കൊടുക്കേണ്ട. ഓടാനും ചാടാനും സൗകര്യമുള്ള ഒരു ഗ്രൗണ്ടും അത്യാവശ്യം കളി ഉപകരണങ്ങളും വാങ്ങി കൊടുത്ത് വേണം തുടങ്ങാൻ.ഒളിമ്പിക്സിന് മെഡൽ വാങ്ങാൻ പരിശീലനം നൽകേണ്ടത് കേന്ദ്ര സർക്കാരാണ്. അത് കേന്ദ്രത്തിന് മാത്രം സാധിക്കുന്ന ഒരു കാര്യമാണ്. അതിന് ഒരുപാട് പദ്ധതികൾ സർക്കാരിനുണ്ട്. ഒളിമ്പിക്സ് മെഡലിന് യോഗ്യതയുണ്ടായിട്ടും ഒരു അത്ലറ്റിനെ ആ സംവിധാനത്തിന്റെ ഭാഗമാക്കാതെ ഇവിടെ മിഷൻ ഗോൾഡ് പദ്ധതിയും ഗോ ഫോർ ഗോൾഡ് പദ്ധതിയുമായി തട്ടിക്കൂട്ടി കഴിഞ്ഞാൽ ആ ഒറ്റക്കാരണം കൊണ്ട് തന്നെ ഒളിമ്പിക്സിൽ പങ്കെടുക്കാൻ യോഗ്യത നേടുകയില്ല. കേന്ദ്ര സർക്കാരിന്റെ ഫണ്ടോടെ നടക്കുന്ന ദേശീയ ക്യാമ്പുകളിലും മറ്റും പങ്കെടുക്കാത്ത അത്ലറ്റുകൾക്ക് എത്ര കഴിവുണ്ടെങ്കിലും അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കാൻ അയോഗ്യത ഉണ്ടാവും. അതുകൊണ്ട് ഇവിടെ കിടന്ന് ഒളിമ്പിക്സ് മെഡൽ ഉണ്ടാക്കാൻ ശ്രമിക്കാതെ നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യാൻ ആണ് സർക്കാരും വിദഗ്ദ്ധരും മുൻ മന്ത്രിമാരും ഒക്കെ ശ്രമിക്കേണ്ടത്.

സംസ്ഥാനങ്ങളുടെ പണി പ്രതിഭയുള്ള അത്ലറ്റുകളെ ചെറുപ്പത്തിലെ കണ്ടെത്തി അവർക്ക് അടിസ്ഥാന പരിശീലനം നൽകി അവരെ അന്താരാഷ്ട്ര താരങ്ങളായി മാറ്റി കേന്ദ്രത്തിന് കൈ മാറുക മാത്രമാണ്. എന്ന് വച്ചാൽ വിവിധ പദ്ധതികളിലൂടെ കായിക നേഴ്സറികളായി മാറുകയാണ് സംസ്ഥാനങ്ങൾ ചെയ്യേണ്ടത് എന്നർത്ഥം. രാജ്യം മുഴുവൻ ഇത്തരം കായിക നേഴ്സറികൾ ഉണ്ടാവുകയും ആ നേഴ്സറികളിലെ പ്രതിഭകളെ പെറുക്കി എടുത്ത് കേന്ദ്ര പദ്ധതിയുടെ ഭാഗമായി പരിശീലിപ്പിക്കുകയും ചെയ്യുന്നിടത്താണ് ഒളിമ്പിക്സ് സ്വർണം എന്ന സ്വപ്നം ആരംഭിക്കുന്നത്. ആ അടിസ്ഥാനപരമായ പണി ചെയ്യാതെ എല്ലാവരും ഒളിമ്പിക് മെഡൽ ഉണ്ടാക്കാൻ നേരിട്ട് രംഗത്തിറങ്ങുമ്പോൾ സ്വാഭാവികമായി സംഭവിക്കാവുന്ന തിരിച്ചടിയാണ് നമ്മൾ റിയോയിൽ കണ്ടത്. അതു തന്നെയാണ് ഇനി നമ്മൾ ടോക്യോയിൽ കാണാൻ പോകുന്നത്. ഈ ചരിത്രം ഇങ്ങനെ ആവർത്തിക്കപെടാനുള്ളതാണ്.

പൊക്കമുള്ളവരെയും സ്റ്റാമിനയുള്ളവരെയും കണ്ടെത്തി വിശപ്പകറ്റാൻ ഭക്ഷണം കൊടുക്കണം

ത്തരം ഒരു പദ്ധതിയിക്ക് തുടക്കം ഇടേണ്ടത് സ്‌കൂളുകളിലാണ്. പത്തോ പതിമൂന്നോ വയസ്സുള്ളപ്പോൾ വേണം പ്രതിഭകളെ കണ്ടെത്താൻ. കായികതാരങ്ങളും പരിശീലകരും അടങ്ങുന്ന ഒരു സംഘം സ്‌കൂളുകൾ സന്ദർശിക്കണം. സാധാരണയിൽ കവിഞ്ഞ പൊക്കം, അസാധാരണമായ എൻഡ്യുറൻസ് പവർ, സ്റ്റാമിന എന്നിങ്ങനെ യോഗ്യതകൾ ഉള്ളവരെ ഇവർ കണ്ടെത്തി അതേ സ്‌കൂളുകളിൽ തന്നെ പരിശീലിപ്പിച്ച് തുടങ്ങണം. സിന്തറ്റിക് ട്രാക്കും ജിംനേഷ്യവും ഒന്നും സ്‌കൂളുകൾക്ക് കൊടുക്കേണ്ട. ഓടാനും ചാടാനും സൗകര്യമുള്ള ഒരു ഗ്രൗണ്ടും അത്യാവശ്യം കളി ഉപകരണങ്ങളും വാങ്ങി കൊടുത്ത് വേണം തുടങ്ങാൻ.

പട്ടിണിക്കാരാണ് ഈ കുട്ടികൾ എങ്കിൽ അവർക്ക് വയറ് നിറച്ച് ഭക്ഷണം കൊടുക്കാൻ ഏർപ്പാടാക്കണം. വെറുതെ പറയുന്നതല്ലിത്. നല്ല ഭക്ഷണം കഴിക്കാതെ ആർക്കും കായികതാരം ആകാൻ പറ്റില്ല. ഇങ്ങനെ കണ്ടെത്തുന്ന കുട്ടികൾക്ക് പാലും മൊട്ടയും ഇറച്ചിയും ഒക്കെ വാങ്ങി കൊടുക്കാൻ ഫണ്ട് നീക്കി വച്ചാൽ മിടുക്കരായ കുട്ടികൾ തനിയെ എത്തും. വീട്ടിൽ കിട്ടാത്ത ഭക്ഷണം കിട്ടും എന്ന ഒറ്റക്കാരണം മതി പല കുട്ടികളും എത്താൻ.

മികച്ച പരിശീലകരും ഒളിമ്പ്യന്മാരും ഏഷ്യൻ ഗെയിംസിൽ മെഡൽ വാങ്ങിയവരുമൊക്കെയായി വിദഗ്ദ്ധ സംഘം ഇത്തരം കുട്ടികളെ കണ്ടു ട്രയൽ നടത്തിയും അഭിമുഖം നടത്തിയും ഏറ്റവും പ്രതിഭയുള്ളവരെ തെരഞ്ഞെടുക്കണം. ഇവരെ പരിശീലിപ്പിക്കാൻ സംസ്ഥാനത്തെ മൂന്നോ നാലോ റീജണൽ ട്രെയിനിങ് സെന്ററുകൾ തുടങ്ങണം. അവയിലൊന്ന് ഇടുക്കിയിലും മറ്റൊന്നു വയനാട്ടിലും ആയിരിക്കണം. അതൊരു സമ്പൂർണ്ണ കായിക ഗ്രാമം ആക്കി മാറ്റണം.ഈ ഭക്ഷണം വൃത്തിയായി വിതരണം ചെയ്യാൻ ഉള്ള ഏർപ്പാടാക്കണം. പണമായി കൊടുത്താൽ കുട്ടികളിൽ പലരും അത് ദുര്യോപയോഗം ചെയ്യും. ഭക്ഷണമായി കൊടുത്താൽ അതിൽ തട്ടിപ്പും വെട്ടിപ്പും ഉണ്ടാകും. സ്‌കൂളുകളിലെ പരിശീലകർ തന്നെയാവണം അതുകൊണ്ട് ഈ ഭക്ഷണ വിതരണത്തിന്റെ ചുമതല ഏറ്റെടുക്കേണ്ടത്. എല്ലാ സ്‌കൂളുകളിലും ഇത് സാധ്യമല്ലാത്തതിനാൽ രണ്ടോ മൂന്നോ സ്‌കൂളുകളിലെ വിദ്യാർത്ഥികളെ കണ്ടെത്തി ഒരു സ്‌കൂളിൽ പരിശീലനം നൽകണം.

മഞ്ഞപിത്തം പടർത്തുന്ന സ്പോർട്സ് ഹോസ്റ്റലുകൾ അടച്ചു പൂട്ടണം

നിലവിലെ സ്‌കൂളുകളിലെ പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിക്കാൻ സർക്കാർ സ്ഥാപനങ്ങൾ ഉണ്ട്. ജിവി രാജ സ്‌കൂളും കണ്ണൂർ സ്പോർട്സ് ഡിവിഷൻ സ്‌കൂളും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഉള്ളത് ജില്ലതോറുമുള്ള സ്പോർട്സ് ഹോസ്റ്റലുകളാണ്. ആണ്ടിൽ ഒരു ട്രയൽ നടത്തി എത്തുന്നവരിൽ മിടുക്കരെയാണ് ഇവിടെ തെരഞ്ഞെടുക്കുന്നത്. ഈ തെരഞ്ഞെടുപ്പ് രീതിക്ക് അടിസ്ഥാനപരമായ ഒരു പാളിച്ചയുണ്ട്. ഒന്നു ഇങ്ങനെ ഒരു ട്രയൽ നടക്കുന്നു എന്നറിയുന്ന കുട്ടികൾ കുട്ടികൾ മാത്രമാണ് ഇവിടെത്തുന്നത്. ശാരീരിക ശേഷിയുള്ള യഥാർത്ഥ പ്രതിഭകൾ ആരും നിർബന്ധിക്കാത്തതുകൊണ്ടാ വീട്ടിൽ അത്യാവശ്യം സാമ്പത്തിക ചുറ്റുപാടുള്ളതുകൊണ്ടോ ഇവിടെത്തുന്നില്ല. പഠിക്കുന്ന സ്‌കൂളിലെ അദ്ധ്യാപകർക്ക് കായികതാൽപ്പര്യം ഇല്ലെങ്കിൽ വിവരം അറിയണമെന്ന് പോലുമില്ല.

അത്യാവശ്യം സാമ്പത്തിക ശേഷിയുള്ളവർ മക്കളെ ഇങ്ങോട്ടു പറഞ്ഞയക്കില്ല. കാരണം ഇവിടെത്തിയാൽ പഠിക്കേണ്ടത് യാതൊരു നിലവാരമില്ലാത്ത ഗവൺമെന്റ് സ്‌കൂളുകളിലും താമസിക്കേണ്ടത് മാലിന്യങ്ങൾ കുന്നു കൂടിയ മുറുകളിലും കഴിക്കേണ്ടത് മഞ്ഞപിത്തം പകരാൻ സാധ്യതയുള്ള ഭക്ഷണങ്ങളുമാണ്. കേരളത്തിലെ ഒട്ടു മിക്ക സ്പോർട്സ് ഹോസ്റ്റലുകളിലും ഒട്ടേറെ കുട്ടികൾക്ക് ഒന്നിലേറെ തവണ കൂട്ടത്തോടെ മഞ്ഞപ്പിത്തം ബോധിച്ചതായും ഭഷ്യവിഷബാധ ഏറ്റതായും വാർത്തകൾ ഉണ്ടായിരുന്നു. ചില ഹോസ്റ്റലുകളുടെ മേട്രന്മാർ പെൺകുട്ടികളെ പുറത്ത് നിന്നുള്ളവർക്ക് കൈമാറുന്നു എന്ന പരാതിവരെ ഉയർന്നിട്ടുണ്ട്. ഇത്തരം ഒരു അന്തരീക്ഷത്തിൽ ആരെങ്കിലും മക്കളെ ഇങ്ങനെ ഒരു സ്ഥലത്തേക്ക് പറഞ്ഞയക്കുമോ?

വിവിധ റീജണൽ സെന്ററുകളിൽ നിന്നും കഴിവ് തെളിയിച്ചവർ മാത്രം ആകണം സംസ്ഥാനത്തെ സ്‌കൂളിൽ എത്താൻ. കാര്യവട്ടത്തെ പോലെ അത്യാധുനിക സൗകര്യങ്ങൾ ഉള്ള ഒരു ക്യാമ്പസ് ആയിരിക്കണം അത്. ഇവിടെ പരിശീലിക്കുന്ന കുട്ടികൾക്ക് ഏറ്റവും മികച്ച കോളേജിൽ അഡ്‌മിഷൻ നൽകണം. ഇവർക്ക് പ്രത്യേക വാഹനസൗകര്യങ്ങളും, അത്യാധുനിക സൗകര്യങ്ങൾ ഉള്ള എസി ചെയ്ത കിടപ്പ് മുറികളും, ഇവരുടെ കാര്യങ്ങൾ നോക്കാൻ മാനേജർമാരും, ഇവർക്ക് എന്റർടെയിന്മെന്റിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കണം.പണ്ട് കൊള്ളാവുന്ന കായികതാരങ്ങൾ ഒക്കെ പട്ടിണിപാവങ്ങൾ ആയിരുന്നു. അവർക്ക് വയറു നിറയാൻ ഭക്ഷണവും ഒരു സർക്കാർ ജോലിയും കിട്ടിയാൽ സന്തോഷവുമായിരുന്നു. ഇന്നു സ്ഥിതി മാറി. കൂലിപ്പണിക്കാരൻ പോലും മക്കളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേ അയക്കൂ. സ്‌കൂൾ വാനിലോ ഓട്ടോറിക്ഷായിലേ മക്കളെ പള്ളിക്കൂടത്തിലേക്ക് പറഞ്ഞു വിടൂ. അതുകൊണ്ട് തന്നെ ഉഴപ്പിന്റെ മഹാകേന്ദ്രങ്ങളായ ഗവൺമെന്റ് സ്‌കൂളുകളിലേക്കും സ്പോർട്സ് ഹോസ്റ്റലുകളിലും ആരും മക്കളെ അയക്കില്ല. ഇവിടെയാണ് കേരളത്തിന്റെ നയങ്ങൾ ആദ്യം പാളുന്നത്. ഈ ഘട്ടത്തിന് മുൻപ് തന്നെ മിക്ക കായികതാരങ്ങൾ പൊഴിഞ്ഞു പോകുന്നു. അതുകൊണ്ട് ആദ്യം പരിഷ്‌കാരം നടത്തേണ്ടത് ഈ സ്പോർട്സ് ഹോസ്റ്റലുകൾ അടച്ച് പൂട്ടിക്കൊണ്ട് വേണം.

ഫൈവ് സ്റ്റാർ റീജണൽ സെന്ററുകളും സെൻട്രൽ സ്‌കൂൾ വിദ്യാഭ്യാസവും

ദ്യം സൂചിപ്പിച്ച പൊക്കക്കാർക്കും സ്റ്റാമിനയുള്ള പ്രതിഭകൾക്കും അടിസ്ഥാന പരിശീലനം നൽകി കഴിയുമ്പോൾ അറിയാം ആരാണ് ഇവരിൽ മിടുക്കരെന്നും സാധ്യത ഉള്ളവരെന്നും. മികച്ച പരിശീലകരും ഒളിമ്പ്യന്മാരും ഏഷ്യൻ ഗെയിംസിൽ മെഡൽ വാങ്ങിയവരുമൊക്കെയായി വിദഗ്ദ്ധ സംഘം ഇത്തരം കുട്ടികളെ കണ്ടു ട്രയൽ നടത്തിയും അഭിമുഖം നടത്തിയും ഏറ്റവും പ്രതിഭയുള്ളവരെ തെരഞ്ഞെടുക്കണം. ഇവരെ പരിശീലിപ്പിക്കാൻ സംസ്ഥാനത്തെ മൂന്നോ നാലോ റീജണൽ ട്രെയിനിങ് സെന്ററുകൾ തുടങ്ങണം. അവയിലൊന്ന് ഇടുക്കിയിലും മറ്റൊന്നു വയനാട്ടിലും ആയിരിക്കണം. അതൊരു സമ്പൂർണ്ണ കായിക ഗ്രാമം ആക്കി മാറ്റണം. എല്ലാ കായിക ഇനങ്ങൾക്കുമുള്ള അടിസ്ഥാന സൗകര്യങ്ങളും സ്‌കൂളുകളും ഉണ്ടാവണം. ഇവിടെ തന്നെ കേന്ദ്രീയ വിദ്യാലയം മോഡലിൽ ഉയർന്ന നിലവാരം ഉള്ള സ്‌കൂളുകൾ ആരംഭിക്കണം.

അതു പ്രായോഗികം അല്ലെങ്കിൽ ആ പരിസരത്തെ ഏറ്റവും മികച്ച സ്വകാര്യ സ്‌കൂളിൽ അഡ്‌മിഷൻ നേടി കൊടുക്കണം. ഉദാഹരണത്തിന് തിരുവനന്തപുരത്ത് ക്രൈസ്റ്റ് നഗർ സ്‌കൂളിലോ സെന്റ് തോമസിലോ അഡ്‌മിഷൻ കിട്ടാൻ പ്രയാസമാണ്. എന്നാൽ ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അഡ്‌മിഷൻ ഉറപ്പായാൽ ആ കാരണം കൊണ്ട് തന്നെ മിടുക്കരായ കുട്ടികളെ ലഭിക്കും. അഡ്‌മിഷന് മുൻഗണന അടക്കമുള്ള കാര്യങ്ങൾ ലഭിക്കുകയും മികച്ച താമസ സൗകര്യങ്ങളും ഭക്ഷണവും ലഭിക്കുകയും ചെയ്യുമ്പോൾ സാമ്പത്തിക ചുറ്റുപാടുകൾ ഉള്ള പ്രതിഭകളായ കുട്ടികൾ കായിക രംഗത്തേക്ക് വരും. ഈ രംഗത്തെ ഏറ്റവും വലിയ പ്രശ്നത്തിന് ഇതു പരിഹാരം ഉണ്ടാക്കും. കായികതാരങ്ങൾ മണ്ടന്മാരാണ് എന്ന അവസ്ഥ മാറി മിടുക്കരാണ് എന്ന ഫീലിങ് ഉണ്ടാവുകയാണ് ഇതുവഴി ചെയ്യുക. സ്വകാര്യ സ്‌കൂളുകളിൽ അഡ്‌മിഷൻ വേണം എന്ന് സർക്കാർ പറഞ്ഞാൽ തരാൻ വയ്യാതെ സ്‌കൂളുകൾ അടച്ചു പൂട്ടിയാലും പ്രശ്നമില്ല.

ആരും അസൂയയോടെ കാണുന്ന ഒരു സംസ്ഥാന ക്യാമ്പസ്

റീജണൽ സെന്ററുകൾ താൽക്കാലിക പരിശീലന കേന്ദ്രങ്ങൾ മാത്രമാവണം. ഇവിടെ കഴിവ് തെളിയിച്ചവരെ സംസ്ഥാനത്തെ ആരെയും അസൂയപ്പെടുത്തുന്ന സംസ്ഥാന ക്യാമ്പസിലേക്ക് മാറ്റണം. വിവിധ റീജണൽ സെന്ററുകളിൽ നിന്നും കഴിവ് തെളിയിച്ചവർ മാത്രം ആകണം സംസ്ഥാനത്തെ സ്‌കൂളിൽ എത്താൻ. കാര്യവട്ടത്തെ പോലെ അത്യാധുനിക സൗകര്യങ്ങൾ ഉള്ള ഒരു ക്യാമ്പസ് ആയിരിക്കണം അത്. ഇവിടെ പരിശീലിക്കുന്ന കുട്ടികൾക്ക് ഏറ്റവും മികച്ച കോളേജിൽ അഡ്‌മിഷൻ നൽകണം. ഇവർക്ക് പ്രത്യേക വാഹനസൗകര്യങ്ങളും, അത്യാധുനിക സൗകര്യങ്ങൾ ഉള്ള എസി ചെയ്ത കിടപ്പ് മുറികളും, ഇവരുടെ കാര്യങ്ങൾ നോക്കാൻ മാനേജർമാരും, ഇവർക്ക് എന്റർടെയിന്മെന്റിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കണം.

ഈ ലെവലിൽ എത്തുന്ന ഒരൊറ്റ വിദ്യാർത്ഥി പോലും ഒരു കാര്യത്തിനും വലയരുത്. മന്ത്രിമാർക്ക് പിഎമാരുള്ളത് പോലെ ഇവരുടെ എല്ലാ കാര്യങ്ങളും നോക്കാൻ ആളു വേണം. തുണി അലക്കി കൊടുക്കാൻ ലൗണ്ട്രി വേണം. ഫൈവ് സ്റ്റാർ ഹോട്ടലുകളെ ഓർമ്മിപ്പിക്കുന്ന അപൂർവ്വമായ ഭക്ഷണം നൽകണം. ഈ സ്‌കൂളിൽ പ്രവേശനം കിട്ടുന്നത് ഭാഗ്യമായി കരുതണം. വിദേശ പരിശീലനവും യാത്രകളും ഒക്കെ ഇവരുടെ ഭാഗമാക്കണം. ഇവിടെ പഠിക്കുന്നവർക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണം വേണം. ഇത്രയും ചെയ്തു കഴിഞ്ഞാൽ മെഡൽ വാങ്ങാനുള്ള നമ്മുടെ ഉത്തരവാദിത്തം കഴിഞ്ഞു. ഇവിടെ പ്രതിഭ തെളിയിക്കുന്നവർ ദേശീയ കാമ്പയിനിലേക്കും അവിടെ നിന്നും ഒളിമ്പിക് അടക്കമുള്ള മത്സരങ്ങളിലേക്കും പോവും. നമ്മൾ കൊടുത്ത സൗകര്യങ്ങൾ കേന്ദ്ര സർക്കാർ നൽകിയില്ലെങ്കിൽ അതിനുള്ള പരിഹാരം സർക്കാർ ഉണ്ടാക്കണം.

നേതാക്കളുടെ ചെവിട്ടത്തടിക്കേണ്ടത് എന്തുകൊണ്ട്?

സംസ്ഥാനത്തെ എന്നല്ല രാജ്യത്തെ മുഴുവൻ ഭരണം നടത്തുന്ന ഒരു പ്രത്യേക തരം കോക്കസാണ്. പ്രധാന പദവികളിൽ എല്ലാം ഇരിക്കുന്നത് ഒന്നു കുനിയാൻ പോലും കഴിയാത്ത രാഷ്ട്രീയക്കാരും അവരുടെ മൂടു താങ്ങികളായ ചില കഴിവ് കെട്ട കായിക സംഘാടകരമാണ്. കേരളത്തിലെ പ്രധാനപ്പെട്ട ചില കായിക അസോസിയേഷനുകളിലെ സംസ്ഥാന പ്രസിഡന്റുമാരുടെ പേരും വിവരം ചുവടെ ചേർക്കാം. അതു വായിച്ചാൽ തന്നെ വ്യക്തമാകും. നമ്മൾ നെരിടുന്ന യഥാർത്ഥ പ്രശ്നം എന്താണെന്ന്.

  • കേരള അക്വാട്ടിക് അസോസിയേഷൻ - എം. വിജയകുമാർ
  • കേരള സ്റ്റേറ്റ് ആർച്ചെറി അസോസിയേഷൻ - ഹൈബി ഈടൻ എംഎൽഎ
  • ടോക്ക്വോണ്ടോ അസോസിയേഷൻ ഓഫ് കേരള - കെ. മുരളീധരൻ എംഎൽഎ
  • കേരള മൗണ്ട്ടെയ്നീറിങ് അസോസിയേഷൻ - സജി അലക്സ്
  • കേരള റോളർ സ്‌കേറ്റിങ് അസോസിയേഷൻ - ബെന്നി ബെഹനൻ
  • കേരള സ്റ്റേറ്റ് ആട്യ പാഠ്യ അസോസിയേഷൻ -പിഎസ് ശ്രീധരൻപിള്ളെ
  • കേരള സ്റ്റേറ്റ് ടഗ് ഓഫ് വാർ അസോസിയേഷൻ- ജോസഫ് വാഴക്കൻ
  • കനോയിങ് ആൻഡ് കയാകിങ് അസോസിയേഷൻ ഓഫ് കേരള - ഗോകുലം ഗോപാലൻ
  • കേരള സ്റ്റേറ്റ് അത്ലറ്റ് അസോസിയേഷൻ ബേബി മാത്യു, സോമതീരം.

ഇതിൽ അവസാനത്തെ രണ്ട് പേരുകാർ ബിസിനസ്സുകാരൻ ആണ്. അവർ ആ സംഘടനയുടെ ഫണ്ട് നൽകുന്നുണ്ടെങ്കിൽ അവരുടെ നിയമനം കുറ്റം പറയാൻ ആകില്ല. ബാക്കി എല്ലാം ഒന്നു നടുവ് വളക്കാൻ പോലും ആവാത്ത നേതാക്കളാണ്. കേരള സ്പോർട്സ് കൗൺസിൽ അഫിലേറ്റ് ചെയ്തിരിക്കുന്ന ഇത്തരം 40 സംഘടനകളാണുള്ളത്. അവരിൽ മിക്കതിന്റെയും തലപ്പത്ത് ഒന്നുകിൽ ഐപിഎസുകാർ അല്ലെങ്കിൽ രാഷ്ട്രീയക്കാർ എന്നതാണ് സ്ഥിതി. കാര്യങ്ങൾ നടത്താൻ സെക്രട്ടറിമാരാവട്ടെ ഏതെങ്കിലും സർക്കാർ ഓഫീസിലോ സ്വകാര്യ കമ്പനികളിലോ ജോലി ചെയ്യുന്നവരോ റിട്ടയർ ചെയ്തവരോ ആയ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ചില മാനിപ്പുലേറ്റർമാരാണ്. ഇവർ പറയേണ്ടത് പോലെ ഒപ്പിടുക മാത്രമാണ് നേതാക്കളായ പ്രസിഡന്റുമാരുടെ പണി. ഈ സംഘടനകളാണ് കായിക വികസനത്തിന്റെ പരമാധികാരികൾ. ഇവരുടെ കനിവ് വേണം ഏതെങ്കിലും ഒരു കായികതാരത്തിന് ഒരു മത്സരത്തിൽ പങ്കെടുക്കുക എങ്കിലും വേണമെങ്കിൽ.

ഈ നേതാക്കന്മാരെയെല്ലാം പിടിച്ചു ചെകിട്ടത്ത് ഓരോന്നു കൊടുത്തിട്ട് എന്തുവാടോ നീയൊക്കെ ഇതുവരെ ചെയ്തത് എന്നു ചോദിച്ചു വേണം പരിഷ്‌കാരം തുടങ്ങാൻ. കാരണം ഇത്രയും നാൾ ഇവർ നടത്തിയ സേവനത്തിന്റെ ഭാഗമാണല്ലോ നമ്മൾ ഈ ഒളിമ്പിക്സിൽ വാരി കൂട്ടിയ മെഡലുകൾ. ഇവർക്കു പകരം കായിക സംഘടനകളുടെ നടത്തിപ്പു കായികതാരങ്ങൾക്കും കളി അറിയാവുന്ന മറ്റു കായിക സംഘാടകർക്കും നൽകണം. ബിസിനസ്സുകാരെ പൂർണ്ണമായും ഒഴിവാക്കേണ്ട. എന്നാൽ പദവി വഹിക്കന്നവർ പണം മുടക്കുന്നുണ്ട് എന്നുറപ്പ് വരുത്തണം. സ്വകാര്യ സംരംഭകരെ ഇങ്ങനെ അടുപ്പിക്കുന്നത് നല്ലതാണ്. കായികതാരങ്ങളെ കഷ്ടപ്പെടുത്താതെ അവർക്ക് പരിശീലനത്തിൽ മാത്രം ശ്രദ്ധിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് ഈ കായിക സംഘടനകൾ ആണ്. അവർ ബോസ്സുമാരാല്ല ദാസന്മാരാണ് എന്ന് കരുതുന്ന സംവിധാനം ആണ് വേണ്ടത്. സംഘടനകളേക്കാൾ പ്രധാനമായും കായികതാരങ്ങൾക്കാണ് നൽകേണ്ടത്.

ഉഷയെയും അഞ്ജുവിനെയും വഞ്ചിച്ചവരെ തിരിച്ചറിയണം

ന്ത്യയ്ക്ക് ഒളിമ്പിക്സ് മെഡൽ കിട്ടാനുള്ള അപൂർവ്വ അവസരം ആയിരുന്നു ഉഷയും അഞ്ജുവും നഷ്ടപ്പെടുത്തിയത്. ആ രണ്ടു പേർക്കും ഉണ്ടായിരുന്ന സാധ്യത മറ്റാർക്കും ഇതുവരെ ഉണ്ടായിട്ടില്ല. എന്നിട്ടും എന്തുകൊണ്ടാണ് അവർക്ക് മെഡൽ നഷ്ടമായത്. അതിന്റെ ഉത്തരവാദികൾ അവരുടെ പരിശീലകർ മാത്രം ആയിരുന്നു. ഉഷ എന്ന അത്ലറ്റ് വിദേശത്ത് പോയി പരിശീലിച്ചാൽ ഉഷ നേടുന്ന നേട്ടങ്ങൾ വഴി തനിക്ക് ലഭിക്കാനുള്ള പേരും പണവും നഷ്ടമാകുമെന്ന് ഭയന്ന ഉഷയുടെ കോച്ച് ഒ എം നമ്പ്യാരും, മൈക്ക് പാവലിന്റെ അടുത്ത് വരെ പോയിട്ടും പൂർത്തിയാക്കാതെ ഇതേ കാരണത്താൽ മടക്കി കൊണ്ട് വന്ന അഞ്ജുവിന്റെ കോച്ച് റോബർട്ട് ബോബിയുമാണ് ഇതിന്റെ ഉത്തരവാദികൾ. അസാധാരണ പ്രതിഭാശാലിയായ അഞ്ജുവിന്റെ മെഡൽ നഷ്ടം ഇന്ത്യയ്ക്ക് ഒരിക്കലും പൊറുക്കാൻ കഴിയുന്ന പിശകല്ല.

അത്യാവശ്യം കഴിവ് തെളിയിക്കുന്ന അത്ലറ്റുകളെ പരിശീലകർ പുറത്ത് വിടാതെ പിടിച്ചു നിർത്തുന്നു എന്ന വലിയ ദുരന്തം എക്കാലത്തും ആവർത്തിക്കപ്പെടുകയാണ്. അഞ്ജു കഴിഞ്ഞാൽ കേരളം കണ്ട ഏറ്റവും വലിയ പ്രതിഭാശാലിയായിരുന്ന മയൂഖ ജോണിക്ക് ഒരു ഏഷ്യൻ ഗെയിംസിലും മെഡൽ പോലും നേടാനാവാതെ പോയത് മയൂഖയുടെ കോച്ച് എടുത്ത അതേ സമീപനം ആയിരുന്നു. മയൂഖയ്ക്ക് വിദേശത്ത് പരിശീലിക്കാൻ പോവാനും അന്താരാഷ്ട്ര പരിശീലകനെയും ഏർപ്പാടാക്കി കൊടുത്തിട്ടും അതിനുള്ള ഫണ്ട് ഏർപ്പെടുത്താമെന്നു പറഞ്ഞിട്ടും പരിശീലകൻ സമ്മതിക്കാത്തതുകൊണ്ട് തിരസ്‌കരിച്ച കാര്യം ഈ ലേഖകനോട് ഒരു പ്രമുഖ അത്‌ലറ്റ് തന്നെ വിവരിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങൾ രാജ്യം നിസ്സാരമാക്കിയവരെ കർക്കശമായ ഉത്തരവിലൂടെ ശരിയെന്നു തോന്നുന്നതു ചെയ്യിപ്പിക്കാൻ ഒരു സംവിധാനം ഉണ്ടാക്കേണ്ടി ഇരിക്കുന്നു.

മെഡൽ വാങ്ങുകയല്ല, പങ്കാളിത്തമാണ് ഒളിമ്പിക്‌സിന്റെ പ്രധാന ലക്ഷ്യം എന്ന പൊതുധാരണ ഏറ്റവും അധികം ദുരുപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ. യോഗ്യതാ മത്സരങ്ങൾ മറന്നു കുറച്ചു യോഗ്യത നേടുകയും അവസരം ലഭിച്ച അത്‌ലറ്റുകളുടെ മൂന്നിരട്ടി ഒഫീഷ്യൽസ് പോവുകയും ചെയ്യുന്ന ഒരു തമാശയാണ് ഇന്ത്യയ്ക്കു ഒളിമ്പിക്‌സും, ഏഷ്യൻ ഗെയിംസുമൊക്കെ. മസാജറും, ഫിസിയോതെറാപ്പിസ്റ്റും ഒക്കെയായി പോകുന്നത് കായിക മേലാളന്മാർക്കു വേണ്ട ഈ പണിയൊന്നും അറിയാത്ത ചിലരാണ്. അവർരൊക്കെ അവിടെ പോയി വേശ്യാലയങ്ങൾ സന്ദർശിച്ചും, ബീച്ചിൽ ആറാടിയും കഴിയുമ്പോൾ ഒ പി ജെയ്ഷമാർ ട്രാക്കിൽ തളർന്നു വീണു മരണത്തെ മുഖാമുഖം കാണും. ഈ സാഹചര്യത്തിന് വേണ്ടത് ഒരു അഴിച്ചു പൊളിയാണ്. പിണറായി വിജയനും, നരേന്ദ്ര മോദിക്കും ഇതിനുള്ള ഇശ്ചാശക്തിയുണ്ടാവുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഇത്തരം ഒരു പൊളിച്ചെഴുത്ത് നടത്താതിരിക്കുന്നിടത്തോളം കാലം ഒന്നും ഒരുമുറിയും മെഡലുമായി മുമ്പോട്ടു നീങ്ങാൻ ആവും നമ്മുടെ വിധി.

അടിക്കുറിപ്പ്: ഒളിമ്പ്യൻ ബോബി അലോഷ്യസ് കേരള സ്പോർട്സ് കൗൺസിൽ അസിസ്റ്റന്റ് സെക്രട്ടറി ആയിരിക്കവെ സർക്കാരിന് സമർപ്പിച്ചതും സ്‌പോർട്‌സ കൗൺസിലിൽ പൊടിപിടിച്ചിരിക്കുന്നതുമായ ഒരു റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് ഈ കുറിപ്പ് തയ്യാറാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP