Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുകുമാരന്‍ നായര്‍ വെള്ളാപ്പള്ളിക്കു പഠിക്കുമ്പോള്‍ ഇടിഞ്ഞുപോകുന്നത് തറവാടികളായ നായന്മാരുടെ അന്തസ്സാണ്; കേരളത്തിന്റെ സംസ്‌കാരവും

സുകുമാരന്‍ നായര്‍ വെള്ളാപ്പള്ളിക്കു പഠിക്കുമ്പോള്‍ ഇടിഞ്ഞുപോകുന്നത് തറവാടികളായ നായന്മാരുടെ അന്തസ്സാണ്; കേരളത്തിന്റെ സംസ്‌കാരവും

എഡിറ്റോറിയൽ

കേരളത്തിലെ ഒരു വിഭാഗം ജനങ്ങള്‍ക്കിടയില്‍ ഗണ്യമായ അംഗീകാരമുള്ള നേതാവാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശ്രീനാരായണ പ്രസ്ഥാനത്തെ അല്‍പ്പം വര്‍ഗീയവല്‍ക്കരിച്ചെങ്കില്‍ കൂടി ശക്തിപ്പെടുത്തുന്നതില്‍ വെള്ളാപ്പള്ളി നടേശനുള്ള പങ്ക് ആര്‍ക്കും വിസ്മരിക്കാന്‍ കഴിയില്ല. കേരളത്തിലെ രാഷ്ട്രീയക്കാര്‍ ഭയഭക്തബഹുമാനത്തോടെ പെരുമാറുന്ന സമുദായ നേതാക്കളില്‍ ഒരാളാണ് ഇന്ന് ശ്രീ വെള്ളാപ്പള്ളി നടേശന്‍.

വെള്ളാപ്പള്ളി പാവപ്പെട്ട ഈഴവരുടെ പേരുപറഞ്ഞ് സുഖിമാനായും ആഢംബരപ്രിയനായും ജീവിക്കുകയാണ് എന്ന് ഒരു വിഭാഗം ആരോപിക്കുന്നു. അതെന്തുമാവട്ടെ വെള്ളാപ്പള്ളിയുടെ പ്രവചനങ്ങളും ഭീഷണികളും സമ്മര്‍ദ്ദങ്ങളുമൊക്കെ വക്കില്ലാത്ത വാക്കത്തി പോലെയാണ് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും കാണുന്നത്. ഒരു സമുദായ നേതാവായിട്ടും ഇത്രയേറെ സ്വാധീനമുണ്ടായിരുന്നിട്ടും നിഷ്പക്ഷമതികളായ കേരളീയര്‍ പലപ്പോഴും ഒരു കോമാളി കഥാപാത്രത്തെ കാണുന്നതു പോലെയാണ് വെള്ളാപ്പള്ളിയെ കാണുന്നത്.

ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ശ്രീമാന്‍ വെള്ളാപ്പള്ളിക്ക് തന്നെയാണ്. കാര്യസാധ്യത്തിന് വേണ്ടി ആരെയും പുകഴ്ത്തി പറയാനും ആരേയും തള്ളിപ്പറയാനും വെള്ളാപ്പള്ളിക്കു ഒരു ദിവസം പോലും വേണ്ട എന്ന് കേരളീയര്‍ക്കറിയാം. അഞ്ചാം മന്ത്രി വിഷയത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ആഞ്ഞടിച്ച വെള്ളാപ്പള്ളിയെ കോണ്‍ഗ്രസിന്റെ ദൂതന്‍മാര്‍ അന്നുരാത്രി വീട്ടില്‍ചെന്നു സന്ദര്‍ശിച്ചു കഴിഞ്ഞതോടെ പിറ്റേദിവസം വെള്ളാപ്പള്ളിക്ക് ഉമ്മൻ ചാണ്ടി കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിയായി മാറി. വെള്ളാപ്പള്ളിയുടെ വാക്കുകള്‍ സമുദായംഗങ്ങള്‍ പോലും ഗൗരവമായി എടുക്കാത്തതുകൊണ്ട് വെള്ളാപ്പള്ളി എന്തു പറഞ്ഞാലും കേരളീയ പൊതുസമൂഹത്തെ അത് സാരമായി ബാധിക്കാറില്ല.

എന്നാല്‍ അങ്ങനെല്ല സുകുമാരന്‍ നായരുടെ കാര്യം. യശ്ശരീരനായ മന്നത്ത് പത്മനാഭന്‍ ഇരുന്ന കസേരയില്‍ ഇരിക്കുന്നു എന്നു മാത്രമല്ല ഈയിടെ അന്തരിച്ച സമുന്നതനായ നാരായണപ്പണിക്കര്‍ എന്‍എസ്എസിന് നേടികൊടുത്ത അന്തസ്സും ആഭിജാത്യവും കാത്തു സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം കൂടി ചുമക്കുന്ന ആളാണ് സുകുമാരന്‍ നായര്‍. വായില്‍ തോന്നുന്നത് കോതയ്ക്ക് പാടുന്ന നേതാവായിരുന്നില്ല നാരായണപ്പണിക്കര്‍. ജാതി മതഭേദമനേ്യ പണിക്കരോട് ആദരവും സ്‌നേഹവും കാണിച്ചിരുന്നത് പണിക്കരുടെ മാന്യവും ഉയര്‍ന്ന സംസ്‌കാരമുള്ളതുമായ പെരുമാറ്റം മൂലമായിരുന്നു.

നിര്‍ഭാഗ്യവശാല്‍ നായര്‍ സമൂഹത്തിന് നാരായണപ്പണിക്കര്‍ ഉണ്ടാക്കി തന്ന മാന്യതയും മാഹാത്മ്യവും ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി സുകുമാരന്‍നാര്‍ ഇല്ലാതാക്കിയെന്ന് പറയേണ്ടിയിരിക്കുന്നു. സുകുമാരന്‍ നായര്‍ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ഉടന്‍ തന്നെ ആദ്യ വിവാദം ഉടലെടുത്തിരുന്നു എന്നോര്‍ക്കണം. സമദൂരം എന്നു പറയാറുണ്ടെങ്കിലും വി എസ് അച്യുതാനന്ദനെ പോലൊരാളെ സഹിക്കാന്‍ വയ്യാത്തതുകൊണ്ട് എന്‍എസ്എസ് യുഡിഎഫിനൊപ്പമായിരുന്നു എന്നു നായര്‍ പറഞ്ഞതായിരുന്നു ആദ്യത്തെ വിവാദം. പിന്നീട് അറിഞ്ഞോ അറിയാതെയോ രൂക്ഷവും ശക്തവുമായ അഭിപ്രായപ്രകടനങ്ങള്‍ കൊണ്ട് സുകുമാരന്‍ നായര്‍ വിവാദ നായകനായി.

മുസ്ലീം ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനം ഇത്രയേറെ വിവാദമാക്കിയതിലും കേരളത്തിലെ പൊതുസമൂഹത്തില്‍ കാര്യമായി വേര്‍തിരിവ് ഉണ്ടാക്കിയതിലും ശ്രീ. സുകുമാരന്‍ നായര്‍ക്കുള്ള പങ്ക് ചെറുതല്ല. ന്യൂനപക്ഷം എന്നറിയപ്പെടുന്ന കേരളത്തിലെ മുസ്ലീം-ക്രിസ്ത്യന്‍ സമുദായം അധികാരത്തിന്റെ സിംഹഭാഗവും കൊണ്ടുപോകുന്നതില്‍ ഇവിടെ ഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്കുള്ള അതൃപ്തിയുടെ പ്രകടനം എന്ന നിലയില്‍ ഞങ്ങളെപ്പോലെയുള്ള മാധ്യമങ്ങള്‍ പോലും ഈ വികാരത്തെ ആദരവോടെ കണ്ടതാണ്. കേരളീയ സമൂഹത്തെ വെട്ടിമുറിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചെങ്കിലും ഉമ്മന്‍ചാണ്ടി ഹിന്ദു ഭൂരിപക്ഷത്തെ സംതൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് മന്ത്രിസഭ പുനസംഘടന നടത്തിയത്. സുകുമാരന്‍ നായര്‍ അടക്കമുള്ളവര്‍ പറയുന്ന വിഷയത്തിന്റെ ഗൗരവം മുഖ്യമന്ത്രിക്ക് നേരത്തെ തന്നെ മനസിലായിരുന്നു.

പശുവും ചത്തു മോരിലെ പുളിയും മാറിയിട്ടും സുകുമാരന്‍ നായര്‍ നടത്തി കൊണ്ടിരിക്കുന്ന വികാര പ്രകടനം കേരളത്തിന്റെ മതനിരപേക്ഷ സംസ്‌കാരത്തെ ഏതെങ്കിലും തരത്തില്‍ സഹായിക്കുമോ എന്ന സംശയം ഞങ്ങള്‍ക്കുണ്ട്. ഇന്നലെ ശ്രീ. സുകുമാരന്‍ നായര്‍ നടത്തിയ പ്രസംഗം കേവലം വികാരപ്രകടനം എന്നതിനപ്പുറം വര്‍ഗീയതയുടെ വിഷം തുപ്പുന്നതും കേരളീയ സമൂഹത്തെ ഏറെ പിറകോട്ടടിക്കുന്നതുമാണ്. കേരളത്തിലെ മുഖ്യമന്ത്രിയെനിശ്ചയിക്കുന്നത് സുകുമാരന്‍ നായരെപ്പോലെയുള്ള സമുദായ നേതാക്കള്‍ ആണ് എന്നു അവര്‍ തല്‍ക്കാലത്തേക്കെങ്കിലും ചിന്തിച്ചു പോകുന്നത് ദയനീയവും തികച്ചും അപലപനീയവുമാണ്.

ഇത് വ്യക്തമാക്കുന്നത് അഞ്ചാംമന്ത്രിയുടെ പേരില്‍ ഉണ്ടായ വിവാദത്തിന്റെ പിറകില്‍ കെപിസിസി പ്രസിഡന്റ് ശ്രീ. രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ക്ക് കാര്യമായ പങ്കുണ്ട് എന്നാണ്. ഹിന്ദുവികാരം ഉണര്‍ത്തി ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം തെറിപ്പിക്കുക എന്ന തന്ത്രം ഉയര്‍ത്തിക്കൊണ്ട് വന്നതിന്റെ പിറകില്‍ ഒരു പക്ഷെ ചെന്നിത്തല വരെ ഉണ്ടായേക്കാം. അല്ലെങ്കില്‍ എന്തുകൊണ്ടാണ്മറ്റൊരു നായരായതിരുവഞ്ചൂരിന് ആഭ്യന്തരം അടക്കമുള്ള വകുപ്പുകള്‍ നല്‍കിയിട്ടും സുകുമാരന്‍ നായര്‍ കലി തുള്ളുന്നത്. ചെന്നിത്തലയുടെ അട്ടിമറി നീക്കം മുമ്പില്‍ കണ്ട് ഉമ്മന്‍ ചാണ്ടി നടത്തിയ നീക്കം തന്നെ ആയിരിക്കാം മന്ത്രിസഭ അഴിച്ചുപണി.

ഒരു പാര്‍ട്ടിയുടെ മുഖ്യമന്ത്രിയെ തെരഞ്ഞടുക്കുന്നത് ജാതിനോക്കി ആകാന്‍ പാടില്ല. ഭൂരിപക്ഷം നേടിയ പാര്‍ട്ടിയിലെ കഴിവും പ്രതിഭയുമുള്ള മുതിര്‍ന്ന നേതാവ് എന്ന രീതിയില്‍ മാത്രമാകണം. ഈ അര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ആകാന്‍ ഉമ്മന്‍ ചാണ്ടിയോളം പോന്ന ആരും തല്‍ക്കാലമില്ല. ഉമ്മന്‍ചാണ്ടിയെക്കാള്‍ മെച്ചപ്പെട്ട ഒരു നേതാവിന് കേരളത്തിന് ചൂണ്ടികാട്ടാന്‍ ഇപ്പോള്‍ ഉണ്ടെങ്കില്‍ അതും വിഎം സുധീരന്‍ മാത്രമാണ്. എന്നാല്‍ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി ആക്കാം എന്ന് സുകുമാരന്‍ നായര്‍ പരസ്യമായി പറയുമ്പോള്‍ അതിനുള്ള യോഗ്യതയായി അദ്ദേഹം കണ്ടെത്തുന്നത് ചെന്നിത്തല നായരാണ് എന്ന ഒരൊറ്റ കാര്യം മാത്രമാണ്.നായരല്ല, ഹിന്ദുവാണ് പ്രശ്‌നമെങ്കില്‍ കേരളം കണ്ട ഏറ്റവും പ്രഗ്ത്ഭനായ രാഷ്ട്രീയ നേതാക്കളിലൊരാളായ വിഎം സുധീരന്റെ പേര് എന്തുകൊണ്ട് സുകുമാരന്‍ നായര്‍ പറഞ്ഞില്ല. സുധീരനു വേണ്ടി നിയമസഭാ സീറ്റൊഴിയാന്‍ കോണ്‍ഗ്രസില്‍ ഒരു എംഎല്‍എയും ഇല്ലെന്നാണോ?

ഉമ്മന്‍ ചാണ്ടി ക്രിസ്ത്യാനി ആയതുകൊണ്ടാണ്മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് സുകുമാരന്‍ നായര്‍ പറയുന്നതും ജാതിക്കളിയില്‍ പിടിച്ചുതൂങ്ങി മുഖ്യമന്ത്രിയാകാന്‍ ചെന്നിത്തല ശ്രമിക്കുന്നതും കേരള രാഷ്ട്രീയത്തിന്റെ അതിഭീതിതമായ കാഴ്ചയാണ്. സുകുമാരന്‍ നായരുടെ ഈ വൃത്തികെട്ട ജാതിക്കളിയില്‍മാന്യന്‍മാരായ നായര്‍ സമൂഹത്തിന്റെ അന്തസ്സ് ഇടിക്കുന്നതാണ്. സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ജാതി പറയുകയും രാഷ്ട്രീയക്കാരെ പോലെ കവലപ്രസംഗങ്ങള്‍ നടത്തുകയും ചെയ്യുന്ന ശ്രീ. സുകുമാരന്‍ നായര്‍, നായര്‍ സമുദായത്തെ വച്ച് നടത്തുന്ന ഈ വിലപേശല്‍ എത്രയും വേഗം അവസാനിപ്പിച്ചില്ലെങ്കില്‍ കേരളീയ സമൂഹം അതിഭീതിതമായ ഒരു പ്രതിസന്ധിയിലേക്കായിരിക്കും നീങ്ങുക. വെള്ളാപ്പള്ളിക്ക് പഠിക്കാനുള്ള സുകുമാരന്‍ നായരുടെ ശ്രമത്തെ അന്തസ്സുള്ള നായന്‍മാര്‍ മുന്‍കൈയ്യെടുത്ത് തടയിടും എന്നു പ്രതീക്ഷിക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP