Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

തെറ്റയിൽ രാജിവയ്‌ക്കേണ്ടതില്ല; ഉമ്മൻ ചാണ്ടി രാജിവയ്ക്കുകയും വേണം: ചീഞ്ഞ് നാറുന്ന രാഷ്ട്രീയ കേരളത്തിലേക്ക് കമ്യൂണിസ്റ്റുകാർ മാലിന്യം നിക്ഷേപിക്കുമ്പോൾ

തെറ്റയിൽ രാജിവയ്‌ക്കേണ്ടതില്ല; ഉമ്മൻ ചാണ്ടി രാജിവയ്ക്കുകയും വേണം: ചീഞ്ഞ് നാറുന്ന രാഷ്ട്രീയ കേരളത്തിലേക്ക് കമ്യൂണിസ്റ്റുകാർ മാലിന്യം നിക്ഷേപിക്കുമ്പോൾ

എഡിറ്റോറിയൽ

കേരള രാഷ്ട്രീയം പണ്ടേ ഒരുതരം നാറിയ ഏർപ്പാടാണ്. എന്നാൽ ഇത്രയധികം ചീഞ്ഞ് നാറിയ ഒരു കാലഘട്ടം ഉണ്ടാകില്ല. എങ്ങും ഇക്കിളിപ്പെടുത്തുന്ന നീലക്കഥകൾ മാത്രം. ഈ സർക്കാരിന്റെ തുടക്കം മുതൽ ഇത്തരം നാറിയ കഥകളുടെകൂമ്പാരം തന്നെ അണപൊട്ടി ഒഴുകി. പിസി ജോർജ്ജ് എന്നൊരു ജനപ്രതിനിധി സർക്കാർ വണ്ടിയിൽ ചീറിപ്പാഞ്ഞ് നടത്തിയ പ്രസ്താവനകളും അവ ഉണ്ടാക്കിയ നാണക്കേടും എത്ര ജന്മം കഴിഞ്ഞാലും കേരളാ രാഷ്ട്രീയത്തിൽ നിന്നും തേഞ്ഞ് മാഞ്ഞ് പോകില്ല. 94 വയസ്സുള്ള കെ ആർ ഗൗരിയമ്മയെ പിസി ജോർജ്ജ് വിശേഷിപ്പിച്ച അറയ്ക്കുന്ന ഭാഷ ആർക്കാണ് പെട്ടെന്ന് മറക്കാൻ കഴിയുക.


മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്ന സിനിമാതാരം കൂടിയായ കെബി ഗണേഷ്‌കുമാറിന്റെ കിടപ്പറ രഹസ്യങ്ങൾ എത്രനാളാണ് കേരളത്തെ നാണം കെടുത്തിയത്. അതിനിടയിൽ ഒളിഞ്ഞും തെളിഞ്ഞും പിജെ കുര്യൻ കഥകളും കുഞ്ഞാലിക്കുട്ടി കഥകളും ഒക്കെ ഇടയ്ക്കിടെ കേരള രാഷ്ട്രീയത്തെ മലീമസപ്പെടുത്താൻ എത്തിനോക്കിക്കൊണ്ടിരുന്നു. രണ്ട് മൂന്ന് ആഴ്ചയായി ഊഴം മുഖ്യമന്ത്രിയുടേയും മറ്റ് ചില മന്ത്രിമാരുടേയും ശിങ്കിടികളും ഒരു പെണ്ണുമായുള്ള ഏർപ്പാടുകളുടെ കഥയാണ്. മസാല ചേർത്ത ഒരു ഒന്നാന്തരം ക്രൈം ത്രില്ലറായി ഈ കഥകൾ പ്രചരിക്കവേ ആണ് സർക്കാരിനെ പ്രതിരോധത്തിൽ ആക്കിക്കൊണ്ട് ജോസ് തെറ്റയിൽ എന്ന പ്രതിപക്ഷ എംഎൽഎയുടെ അധാർമ്മിക ജീവിതത്തിന്റെ നേർവിവരണമായി കിടപ്പറ രഹസ്യങ്ങൾ പുറത്ത് വന്നത്.

Stories you may Like

ജോസ് തെറ്റയിലിന്റെ കിടപ്പറ രഹസ്യങ്ങൾ പുറത്തുവന്നതുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ട്. മാദ്ധ്യമ ധാർമ്മികതയുടെ വിഷയം ഇന്നലെ ഞങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ഒരാളുടെ സ്വകാര്യ ജീവിതം ഒരുതരത്തിലും രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നതിനോട് യോജിപ്പില്ലെന്ന് ഗണേഷ് വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ട് ഞങ്ങൾ സൂചിപ്പിച്ചിരുന്നു. ജോസ് തെറ്റയിലിന് ഒരു പെണ്ണുമായുള്ള ബന്ധം ആരെങ്കിലും ചോർത്തി വെളിയിൽ കൊണ്ടുവന്നതല്ല ഇവിടുത്തെ പ്രശ്‌നം. ജോസും മകനും ചേർന്ന് തന്നെ പീഡിപ്പിക്കുന്നു എന്നൊരു യുവതി പരാതി നൽകിയിരിക്കുന്നതാണ്. അതുകൊണ്ട് തന്നെ ജോസ് തെറ്റയലിന്റെ വിവാദം വളരെ ഗൗരവമായി കാണേണ്ടകാര്യമാണ് എന്നാണ് ഞങ്ങളുടെ അഭിപ്രായം. പ്രത്യേകിച്ച് ഒരു സ്ത്രീ നൽകുന്ന മൊഴി പോലും മുഖവിലയ്‌ക്കെടുത്ത് നടപടി വേണമെന്നാണ് നിയമം എന്നിരിക്കെ, വീഡിയോ റിക്കോർഡ് സഹിതം പരാതി ലഭിക്കുമ്പോൾ മറ്റൊന്നും ആലോചിക്കേണ്ട കാര്യമില്ല. മോർഫ് ചെയ്ത വീഡിയോ ആണ് ഇതെന്ന വാദം സാമാന്യ യുക്തിക്ക് ചേരുന്നതല്ല താനും.

ഇവിടെ ഞങ്ങൾ ഉദ്ദേശിക്കുന്ന ധാർമ്മിക പ്രശ്‌നം മറ്റൊന്നാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന പ്രതിപക്ഷം യോഗം ചേർന്ന് തെറ്റയിൽ രാജിവയ്‌ക്കേണ്ടതില്ല എന്ന് പ്രഖ്യാപിച്ചത് ഒരു തരത്തിലും വിശ്വസിക്കാൻ കഴിയാത്ത കാര്യമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലർ സരിതയുമായി ബന്ധം പുലർത്തി എന്ന വിഷയത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ദിവസങ്ങളായി ഭരണം സ്തംഭിപ്പിച്ചിരിക്കുന്ന പ്രതിപക്ഷത്തിന് എങ്ങനെയാണ് ഇത്തരം ഒരു തീരുമാനം എടുക്കാൻ സാധിച്ചത് എന്നത് അത്ഭുതകരമാണ്. മുഖ്യമന്ത്രിക്കെതിരെ ഇതുവരെ തെളിവുകളോടെ ഒരു ആരോപണവും ഉയർന്നിട്ടില്ല എന്നത് ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കത്ത് നൽകി എന്നായിരുന്നു പ്രതിപക്ഷം ഇതുവരെ പറഞ്ഞിരുന്നത്. എന്നാൽ ആ കത്ത് വ്യാജമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. പ്രതിപക്ഷം ഉന്നയിക്കുന്ന മിക്ക ആരോപണങ്ങളും അറസ്റ്റിലായ പ്രതിയുടെ വാദഗതികൾ ആണ് എന്ന വസ്തുതയും മറന്നുകൂട. അതേസമയം വിശ്വസനീയ തെളിവുകൾ ഉണ്ടായിട്ടും തെറ്റയിൽ രാജിവയ്‌ക്കേണ്ട എന്നാണ് ഇടത് മുന്നണിയുടെ തീരുമാനം.

വാസ്തവത്തിൽ ഇത്തരം ഒരു തീരുമാനം വഴി ഇടത് മുന്നണി സർക്കാരിനേയും യുഡിഎഫിനേയും രക്ഷിച്ചിരിക്കുകയാണ്. തെറ്റയിൽ രാജിവയ്ക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ അത് ചെയ്യാൻ മുഖ്യമന്ത്രിയുടേ മേലും സമ്മർദ്ദം ഉണ്ടായേനെ. എന്നാൽ ഇടത് മുന്നണി അതിന് വിസമ്മതിച്ചതോടെ മുഖ്യമന്ത്രിയുടെ രാജി വെറും അധരവ്യായാമമായി മാറുകയാണ്. എന്തുകൊണ്ടാണ് ഇടതുമുന്നണി നേതൃത്വം ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്ന് ആലോചിക്കാൻ പോലും കഴിയുന്നില്ല. യുഡിഎഫ് സംവിധാനം അഴിമതി പെൺ മാഫിയായുടെ കയ്യിൽ ആണ് എന്ന് ഇതുവരെ പറഞ്ഞ് നടന്നിരുന്ന ഇടത് മുന്നണിക്ക് സ്വന്തം വാക്കുകൾ വിഴുങ്ങേണ്ട സാഹചര്യമാണ് ഇതുവഴി സൃഷ്ടിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തിൽ മാത്രമല്ല, സാധാരണ സാഹചര്യത്തിൽ ആണെങ്കിൽ പോലും മുഖ്യമന്ത്രിയുടെ രാജി ആവശ്യം യുക്തമല്ല എന്ന് വിശ്വസിക്കുന്നവരുടെ കൂടെയാണ് ഞങ്ങൾ. ഇതുവരെ കേരളത്തിൽ ഒരു സർക്കാരും പ്രതിപക്ഷ ആവശ്യത്തിന്റെ പേരിൽ രാജിവച്ചിട്ടില്ല എന്നതാണ് സത്യം. നിയമ പ്രശനങ്ങളിൽ കുരുങ്ങി ചില മന്ത്രിമാർ രാജി വച്ചിട്ടുണ്ട്. ഈ സർക്കാരിന്റെ കാലത്തും അത് ഉണ്ടായല്ലോ. എന്നാൽ ഒരു മുഖ്യമന്ത്രിയും പാർട്ടിയുടെ ആഭ്യന്തരകലഹത്തിന്റെ പേരിൽ അല്ലാതെ ഏതെങ്കിലും ഒരു വിഷയത്തിന്റെ പേരിൽ രാജിവച്ച് പുറത്ത് പോയിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഒട്ടും ആശാസ്യമല്ലാത്ത ഒരുപാട് കാര്യങ്ങൾ കേട്ടെങ്കിലും ഇതിൽ ഏതെങ്കിലും ഒരു വിഷയത്തിൽ മുഖ്യമന്ത്രിക്ക് നേരിട്ട് ബന്ധമുണ്ട് എന്ന് വ്യക്തമാകാത്ത സ്ഥിതിക്ക് രാജി ആവശ്യം വെറും അധരവ്യായാമം മാത്രമാണ്. ഇതിന്റെ പേരിൽ നിയമസഭ കൂടാനോ ഭരണം തുടരാനോ പറ്റാത്ത അവസ്ഥയാണെന്നും വിസ്മരിക്കരുത്. നിയമസഭാസമ്മേളനം തടസ്സപ്പെടുത്തിയ പ്രതിപക്ഷം ജനാധിപത്യത്തോട് ഒരുതരത്തിലും ബഹുമാനം ഇല്ലാത്തവരാണ് എന്ന് വ്യക്തമാകുകയാണ്.

ഇതിനിടയിൽ ഒരു കാര്യം കൂടി സൂചിപ്പിക്കാതെ വയ്യ. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവും വന്ധ്യവയോധികനുമായ വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയുടെ മകളെ കുറിച്ച് നിയമസഭയിൽ നടത്തിയ പരാമർശം തികച്ചും ലജ്ജാവഹവും രാഷ്ട്രീയ അന്തസ്സിന് ചേരുന്നതും ആയില്ല എന്ന് പറയാതെ വയ്യ. ഒരു വിവാഹമോചനം ഉണ്ടാകുമ്പോൾ സ്വാഭാവികമായും സംഭവിക്കുന്നതാണ് ആരോപണങ്ങൾ. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹമോചന കേസിൽ വരൻ യാതൊരു തെളിവുകളും ഇല്ലാതെ ആരോപിച്ച വളരെ അപഹാസ്യമായ ഒരു കാര്യം നിയമസഭയിലെ പ്രസംഗത്തിൽ ആരോപിക്കുക എന്നത് വിഎസിനെ പോലെ ഒരാളുടെ അന്തസ്സിന് ചേരുന്നതാണോ എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.

രാഷ്ട്രീയത്തിൽ ഇറങ്ങിയത് വഴി എന്തും സഹിക്കാൻ മുഖ്യമന്ത്രിക്ക് സാധിച്ചേക്കും. എന്നാൽ മുഖ്യമന്ത്രിയുടെ മകൾ ഇത് കേൾക്കേണ്ടി വരുന്ന അവസ്ഥ എത്ര നീചവും പൈശാചികവുമാണ്. ചുരുക്കിപ്പറഞ്ഞാൽ നാറിനശിച്ച കേരളരാഷ്ട്രീയം എന്ന മലിനമായ കൂമ്പാരത്തിലേക്ക് താരതമ്യേനെ ഭേദമെന്ന് കരുതിയിരുന്ന കമ്യൂണിസ്റ്റുകാരും മാലിന്യം വലിച്ചെറിയുകയാണ് ഇപ്പോൾ. അതും ദുർഗന്ധം വമിക്കുന്ന മാലിന്യം. ഈ മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്ത് ഓരോരുത്തരുടേയും സ്വകാര്യ ജീവിതം സംരക്ഷിക്കാൻ അവസരം ഒരുക്കിയില്ലെങ്കിൽ കേരള രാഷ്ട്രീയം ലോകത്തെ ഏറ്റവും ചീഞ്ഞ സംവിധാനമായി മാറും തീർച്ച.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP