Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുറത്താക്കൂ പിണറായീ.... പ്രളയത്തിനിടെ സുഖിക്കാൻ ജർമ്മനിക്ക് പോയ ഈ മന്ത്രിയെ; ഒപ്പം കൂടിയ ഇ ടി മുഹമ്മദ് ബഷീറിന്റെ എംപി സ്ഥാനം ലീഗ് തിരിച്ചെടുക്കണം; റോമാ നഗരം കത്തിയെരുയുമ്പോൾ വീണവായിച്ച ചക്രവർത്തിമാരുടെ കേരള പതിപ്പ് ഇനി ആവർത്തിച്ചുകൂടാ; ജനങ്ങൾ പട്ടണികിടന്നും വെള്ളംകിട്ടാതെയും മരിക്കുമ്പോൾ സുഖവാസത്തിന് പോയവരെ ഒറ്റപ്പെടുത്തുക

പുറത്താക്കൂ പിണറായീ.... പ്രളയത്തിനിടെ സുഖിക്കാൻ ജർമ്മനിക്ക് പോയ ഈ മന്ത്രിയെ; ഒപ്പം കൂടിയ ഇ ടി മുഹമ്മദ് ബഷീറിന്റെ എംപി സ്ഥാനം ലീഗ് തിരിച്ചെടുക്കണം; റോമാ നഗരം കത്തിയെരുയുമ്പോൾ വീണവായിച്ച ചക്രവർത്തിമാരുടെ കേരള പതിപ്പ് ഇനി ആവർത്തിച്ചുകൂടാ; ജനങ്ങൾ പട്ടണികിടന്നും വെള്ളംകിട്ടാതെയും മരിക്കുമ്പോൾ സുഖവാസത്തിന് പോയവരെ ഒറ്റപ്പെടുത്തുക

എഡിറ്റോറിയൽ

'ഈ മന്ത്രിമാരെയൊക്കെ കാണുമ്പോൾ സാറെ സാറെയെന്ന് പറഞ്ഞ് എഴുനേറ്റ് നിൽക്കുന്നത് എന്തിനാണ്. സത്യത്തിൽ നമ്മെ കാണുമ്പോൾ പേടിക്കേണ്ടതും എഴുനേറ്റു നിൽക്കേണ്ടതും അവനാണ്.കാരണം അവന്റെ വിദേശയാത്രയും അവന്റെ മദ്യപാനവും അവന്റെ വ്യഭിചാരവുമൊക്കെ നമ്മുടെ ചെലവിലാണ്. പക്ഷേ ഒരു മന്ത്രിയെ ഒക്കെ കാണുമ്പോഴേക്കും, 'സാറെ സാറെ' എന്ന് വിളിച്ചുള്ള മലയാളിയുടെ കുമ്പിടൽ കാണണ്ടേതാണ്. വലിയ ആദർശവാന്മാരാണെന്ന് നടിക്കുന്ന മലയാളികളുടെയാക്കെ അധികാരത്തോടുള്ള വിധേയത്വം അമ്പരപ്പിക്കുന്നതാണ്'- അഞ്ചാറുവർഷംമുമ്പ് എഴുത്തുകാരൻ സക്കറിയയുടെ വൈറലായ ഒരു പ്രസംഗമാണിത്.

അതെ നാം പലപ്പോഴും മറന്നുപോവുന്നത് അതാണ്. ജനാധിപത്യത്തിൽ ജനമാണ് രാജാവ്. നമ്മുടെ കാര്യങ്ങൾ നിർവഹിക്കാനാണ് മന്ത്രിയടക്കമുള്ള എല്ലാ സംവിധാനങ്ങളും പ്രവർത്തിക്കുന്നത്. നാം അവൻെ അടിമയല്ല.അവൻ നമ്മുടെ 'വേലക്കാരനാണ്'. നമ്മളാണ് അവനെ തെരഞ്ഞെടുത്ത്. അവൻ ഇന്ന് അനുഭവിക്കുന്ന എല്ലാ സൗഭാഗ്യങ്ങളും ഫലത്തിൽ നമ്മുടെ ദാനമാണ്.

ഇത് ഓർമ്മിപ്പിക്കാൻ കാരണം, കേരള ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തോട് നാം മല്ലടിച്ച് കൊണ്ടിരിക്കുമ്പോൾ ഒരു തുക്കാടാ പ്രവാസി സംഘനയുടെ പേരിൽ ജർമ്മനിയിലേക്ക് സുഖിക്കാൻപോയ ഒരു നാണംകെട്ട 'അങ്ങുന്നിനെ' ഓർത്തിട്ടാണ്. പേര് കെ രാജു. തൊഴിലാളി വർഗ പാർട്ടിയായ, അധ്വാനിക്കുന്ന ജനവിഭാഗങ്ങളുമായി തോളോട് തോൾചേർന്ന് പ്രവർത്തിക്കാൻ തയ്യാറുള്ള സിപിഐ എന്ന പാർട്ടിയുടെ നേതാവാണ് മനം മന്ത്രിയും പുനലൂർ എംഎൽഎയുമായി ടിയാൻ.

മുഖ്യമന്ത്രി പിണറായി വിജയൻപോലും തന്റെ ചികിൽസാസംബന്ധമായ ആവശ്യത്തിന് അമേരിക്കയിലേക്ക് പോകാൻ നേരത്തെ നിശ്ചയിച്ചിരുന്ന യാത്ര മാറ്റിവെച്ച സാഹചര്യത്തിലാണ്, യാതൊരു അടിയന്തിര സ്വഭാവമില്ലാത്ത വെറും ടൂറിന് സമാനമായ യാത്രക്ക് ഒരു മന്ത്രി കേരളത്തിൽ നിന്ന് 'മുങ്ങുന്നത്'. ഓർക്കണം കേരളം അക്ഷരാർഥത്തിൽ മുങ്ങുമ്പോഴാണിത്.

സഖാവേ അങ്ങേക്ക് ഔചിത്യബോധം എന്ന സാധനമുണ്ടോ.  ഈ മാതിരി സാധനങ്ങളെവെച്ച് പിണറായി ഇനി നിങ്ങൾ എത്രകാലം ഈ മന്ത്രിസഭ ഉന്തിത്തള്ളും.

സഖാവ് രാജൂ, അങ്ങോർക്കണം ലുഫ്ത്താൻസാ വിമാനത്തിലെ എയർഹോസ്റ്റസ് വോഡ്ക്കവേണോ ബെക്കാർഡിവേണോ എന്ന് ചോദിക്കുമ്പോൾ, താങ്കളടക്കം രക്ഷിക്കേണ്ട ഒരു ജനത മഴവെള്ളം കുടിച്ച് രണ്ടുദിവസമായി കഴിയുകയാണ്. ബാത്ത്റൂമിൽനിന്ന് വെള്ളമെടുത്ത് കുട്ടികൾക്ക് കൊടുക്കേണ്ടിവന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങളൊന്നും, ജർമ്മനിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ബുഫെ ബിയറും കൂട്ടി അടിക്കുമ്പോൾ അങ്ങയെ അലട്ടുന്നുണ്ടാവില്ല. മനസാക്ഷിയെന്നൊന്ന് ഉണ്ടെങ്കിൽ, പണ്ട് ട്രെയിൽ അപകടത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ലാൽബഹദൂർ ശാസ്ത്രി രാജിവെച്ചപോലെ അങ്ങ് സ്വമേധയാ രാജിവെക്കേണ്ടതാണ്.

ആസനത്തിൽ ആൽ മുളച്ച താങ്കളേപ്പോലുള്ളവർ അത് ചെയ്യില്ലെന്ന് ഉറപ്പുണ്ട്. ഇവിടെയാണ് മുഖ്യമന്ത്രിയുടെ ഇരട്ടച്ചങ്ക് കാണണ്ടേത്. മുഖ്യമന്ത്രിപോലും അറിയായെയായിരുന്നു രാജുവിന്റെ സുഖവാസയാത്രയത്രേ. ഗുരുതരമായ കൃത്യവിലോപം കാട്ടിയ അദ്ദേഹത്തെ ഉടനടി മന്ത്രിസഭയിൽനിന്ന് പുറത്താക്കുകയാണ് വേണ്ടത്. അങ്ങനെ ചെയ്താൽ നമ്മുടെ ജനാധിപത്യത്തിനാണ് അത് ഗുണം ചെയ്യുക.ഇല്ലെങ്കിൽ ചരിത്രം പിണറായിയെയും വഞ്ചകന് കഞ്ഞിവെച്ചവൻ എന്നാവും വിളിക്കുക.

ഇനി മന്ത്രിയാണോ രക്ഷാപ്രവർത്തനം നടത്തേണ്ടത്, മന്ത്രിയുണ്ടായിട്ട് എന്തുകാര്യം എന്ന ന്യായീകരണ തൊഴിലാളികളുടെ വാദങ്ങൾ എടുക്കുക.'സാറേ രക്ഷിക്കണേ' എന്നു പറഞ്ഞ് നിരവധി കോളുകളാണ് ഈ ദിവസങ്ങളിൽ ഒരോ മാധ്യമ പ്രവർത്തകർക്കുപോലും സ്വീകരിക്കേണ്ടത്. ഒരു പുൽക്കൊടിയോടുപോലും സഹായഅഭ്യർത്ഥിച്ചു പോവത്തക്ക രീതിയിൽ ജനം പകച്ചുപോയ അവസ്ഥയിൽ ഒരു മന്ത്രിക്ക് ചെയ്യാൻ ഒന്നുമില്ലേ.

മന്ത്രി ഒരു എംഎൽഎ കൂടിയാണ്. ആ മണ്ഡലത്തിലെ എത്രപേർ, എത്രയെത്ര നിരാലംബർ, അങ്ങയോട് സഹായത്തിന് വിളിച്ചിട്ടുണ്ടാവും. കൂടെയുണ്ടെന്ന് തോന്നി അവർക്ക് ആത്മവിശ്വാസം പകരേണ്ട വ്യക്തയല്ലേ താങ്കൾ. ഒരു വിദേശയാത്ര കണ്ടപ്പോൾ കണ്ണുമഞ്ഞളിച്ചുപോവുന്ന വിപ്ലവ ബോധത്തോട്് ജനത്തിന് പുഛമാണ് സർ. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ സുഖശീതളിമയിൽ മഞ്ഞളിച്ചുപോയ താങ്കളുടെ വർഗബോധത്തോട് ഉച്ചത്തിൽ ഒരു ലാൽസലാം തന്നെ പറയേണ്ടിവരും.

ആദർശത്തിന്റെ അസ്‌ക്യത ഏറെയുള്ളയാളാണ് കാനം. സിപിഐ എന്ന ആളില്ലാപാർട്ടി പറയുന്ന വലിയ വർത്തമാനങ്ങൾ കേട്ടാൽ തലയിൽ കൈവെച്ചുപോവും. ആ ഡയലോഗുകളിൽ ഒന്നെങ്കിലും പ്രായോഗികമാക്കാനുള്ള അവസരമാണ് കാനത്തിന് ഇപ്പോൾ കിട്ടുന്നത്. തിരച്ചുവിളിക്കൂ.. ഈ മന്ത്രിയെ. ഫേസ്‌ബുക്കിൽ വരുന്ന കാമ്പയിൻ കാണാതെപോവരുത്.

എം പിക്കെതിരെ നടപടിയെടുക്കാൻ ലീഗിന് ധൈര്യമുണ്ടോ?

മന്ത്രിയുടെ വിദേശയാത്രാ ബഹങ്ങൾക്കിടയിൽ നൈസായി രക്ഷപ്പെട്ടു നിൽക്കുന്ന മറ്റൊരാളുണ്ട്.പൊന്നാനി എം പിയും മുസ്ലുലീഗിന്റെ സമുന്നത നേതാവുമായ ഇ ടി മുഹമ്മദ് ബഷീർ. മന്ത്രിക്കൊപ്പം ജർമ്മനിയിൽ 'പ്രളയക്കെടുതികൾ പഠിക്കാൻപോയ' സംഘത്തിൽ ഇ ടിയും ഉണ്ടായിരുന്നു.സാഹിബേ, ബാപ്പ മരിച്ചുകിടക്കുമ്പോൾ ബിരിയാണി തിന്നപോലുള്ള ഏർപ്പാടായിപ്പോയി ഇത്.ജനങ്ങളുടെ നികുതിപ്പണം കൊണ്ട് എത്ര തവണ ഊരുചുറ്റിയ ആളാണ് താങ്കൾ. ഇനിയും മടുത്തില്ലേ.

താങ്കളുടെ ജില്ലയായ മലപ്പുറത്ത് മുപ്പതിലധികംപേരെ പ്രളയം വിഴുങ്ങിക്കഴിഞ്ഞു. കരുവാരക്കുണ്ടും കാളികാവും നിലമ്പൂരും പൊന്നാനിയും ചമ്രവട്ടവുമെല്ലാം സമാനതകളില്ലാത്ത പ്രളയത്തിൽ പകച്ചു നിൽക്കുമ്പോൾ, ജർമ്മനിക്കുപോയ താങ്കളുടെ ധാർമ്മിക നിലവാരം അതിഭീകരം എന്നേ പറയാനുള്ളൂ. കഷ്ടപ്പാടും ദുരിതവും മാത്രമുണ്ടായിരുന്ന ഒരു കാലത്തുനിന്ന് മന്ത്രിയായ രാജുവിന് ഇനിയൽപ്പം വിദേശയാത്രയൊക്കെ നടത്തി സഖിച്ചുകളയാം എന്ന തോന്നിപ്പോയതിന് ദൂർബല മനസ്‌ക്കരായ ചിലർക്കെങ്കിലും ന്യായീകരണം ഉണ്ടെങ്കിൽ, താങ്കളുടെ കാര്യത്തിൽ അതുപോലുമില്ല.

താങ്കൾ കാണാത്ത രാജ്യങ്ങളുണ്ടോ.എന്നിട്ടും ആർത്തി തീരാതെ ഈ പ്രളയസമയത്തുതന്നെ ജർമ്മനിയിൽ സുഖിച്ചുകളയാം എന്ന ആ മനസ്സിനുപിന്നിൽ ഒരു ക്രിമിനൽ ബുദ്ധികൂടിയുണ്ടെന്ന് വിഷമത്തോടെ പറയട്ടെ.മുസ്ലീലീഗ് പ്രവർത്തകർ ദുരിതാശ്വാസത്തിനായി കൈമെയ് മറന്ന് പ്രവർത്തിക്കുമ്പോൾ താങ്കൾ അവർക്ക് അപമാനമാവുകയാണ്.ഈ ഒരൊറ്റക്കാരണം മതി അടുത്ത തവണ പൊന്നാനി മണ്ഡലം മറിയാനെന്നതും വിനീതമായി ഓർമ്മിപ്പിക്കയാണ്.

ഇത്രയും വലിയ ഒരു നാണക്കേടിലേക്ക്, പാർട്ടിയെ തള്ളിവട്ട ഇ ടിക്കെതിരെ നടപടിയെടുക്കാൻ ലീഗിന് ധൈര്യമുണ്ടോ?പാർട്ടിയേക്കാൾ അതീതനാണ് വ്യക്തിയെന്ന നിലപാടി ഒരിക്കലും ജനാധിപത്യത്തിൽ ഭൂഷണമല്ല.ജനാബ് ഹൈദരലി തങ്ങളെ, രാജി എഴുതി വാങ്ങണം.ഒരു ചുക്കും സംഭവിക്കില്ല.നിങ്ങളുടെ വോട്ട് അടുത്ത തവണ കൂടുകയേ ഉള്ളൂ.കാരണം ജനങ്ങൾക്ക് വേണ്ടത് അവർക്ക് ഒപ്പം നിൽക്കുന്നവരെയാണ്.മുങ്ങൽ വിദഗ്ധരുടെ സേവനം പ്രളയകാലത്തേക്ക മാത്രമായി പരിമിതപ്പെടുത്തിയിരിക്കയാണ്.

ഈ പ്രാഞ്ചിയേട്ടൻ സംഘടനകളെ സൂക്ഷിക്കണം

പ്രവാസികളാണ് എന്നും കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല്. ഈ മൂന്നു ദിവസങ്ങളിലായി വിദേശത്തുനിന്നുള്ള നൂറുകണക്കിന് കോളുകളാണ് തങ്ങളുടെ ഒറ്റവരെ തേടി വിദേശങ്ങളിൽനിന്ന് എത്തുന്നത്.പലരും പൊട്ടിക്കരയുന്നു.അപ്പോൾ നിശ്ചയിച്ച പരിപാടി മാറ്റിവെക്കാൻ കഴിയാത്ത, കേരളത്തോട് ഐക്യദാർഡ്യം പുലർത്താൻ പറ്റാത്ത ഇത്തരം പ്രാഞ്ചിസംഘടനകളെയും പ്രവാസികൾ ഓർത്തൂവെക്കുന്നത് നന്നായിരിക്കും.

ജർമ്മനിയും യൂ.കെയും യു.എസും ഗൾഫും ഉൾപ്പെടുയുള്ള രാജ്യങ്ങളിലെ മലയാളി സംഘടനകളിൽ ഭൂരിഭാഗവും ഓണാഘോഷങ്ങും സെമിനാറുകളും മാറ്റിവെച്ച് ദുരിതാശ്വാസ പ്രവർത്തനത്തിന് ഒപ്പം കൂടിയിട്ടുണ്ട് എന്നത് മറുക്കുന്നില്ല.കൂടുതൽ ഒന്നും പറയുന്നില്ല.ഫേസ്‌ബുക്കിൽ വൈറലായ ഒരു പോസ്ററ് നിങ്ങളും വായിക്കുക.

ഇങ്ങനെയാണ് ആ പോസ്റ്റ്

ജർമനിയിലെ മലയാളികളോടാണ്: മനുഷ്യത്വം എന്താണെന്നു നിങ്ങൾ കേട്ടിട്ടുണ്ടോ? കേരളത്തിൽ നിങ്ങളുടെ ഉറ്റവരും ഉടയവരും മരിച്ചും പട്ടിണി കിടന്നും കരഞ്ഞും രക്ഷക്കായി നിലവിളിച്ചും കഴിച്ചു കൂടുമ്പോൾ ഓണം ആഘോഷിക്കാൻ നാണമുണ്ടോ നിങ്ങൾക്ക് ?വേൾഡ് മലയാളി കൗൺസിൽ പോലും. ദയവു ചെയ്തു പേരിൽ നിന്നും ആ മലയാളി എടുത്തു മാറ്റുക.

നിങ്ങൾ വേൾഡ് ചെകുത്താൻ കൗൺസിൽ ആണ്.ഞാൻ മനസ്സിലാക്കിയിടത്തോളം ലോകത്തിന്റെ മറ്റു ഭാഗത്തുള്ള എല്ലാ മലയാളികളും ഓണാഘോഷം വേണ്ടെന്നു വച്ച് ആ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഇട്ടു.അതും പോരാഞ്ഞു ഇവിടുന്ന് ഒരു മന്ത്രിയെയും എം പിയെയും കൊണ്ട് പോകുന്നു ജർമനി ദുരന്തങ്ങൾ .. മോനെ മന്ത്രി രാജു നിങ്ങൾക്കുള്ളത് വെള്ളമിറങ്ങിയിട്ട് തരാട്ടോ ....വെയിറ്റ് ചെയ്യൂ.

ജർമ്മനിക്കാരെ നിങ്ങൾക്ക് കുറ്റബോധം തോന്നി തുടങ്ങിയെങ്കിൽ ഇന്ന് തന്നെ ആ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഇട് .

വാൽക്കഷ്ണം: പട്ടാമ്പി എംഎൽഎയും ജെഎൻയുവിലെ പഴയ പോരാളിയുമായ മുഹസിനെയും 'കാണാതായതായി' പ്രചാരണമുണ്ട്.പ്രളയം ഇത്രമേൽ ശക്തിപ്പെടുന്നതിന് മുമ്പ് അദ്ദേഹം ഈ മാസം 13ന് ഇറ്റലിക്ക് പോയന്നാണ് കേൾക്കുന്നത്.അതുകൊണ്ടുതന്നെ മുഹസിനെ കുറ്റപ്പെടുത്തുന്നതിലും അർഥമില്ല.പക്ഷേ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്.വിദേശത്തേക്ക് വല്ലാതെ കമ്പം കയറിയാൽ കുഴപ്പമാണ്.ചെറുപ്പമല്ലേ,നന്നായിക്കോളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP