Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഉപമുഖ്യമന്ത്രി പദം ഉമ്മൻ ചാണ്ടിയുടെ കീശയിൽ കിടക്കുന്നതോ? ഭൂരിപക്ഷ സമുദായ സ്‌നേഹം ഉണ്ടെങ്കിൽ ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കട്ടെ

ഉപമുഖ്യമന്ത്രി പദം ഉമ്മൻ ചാണ്ടിയുടെ കീശയിൽ കിടക്കുന്നതോ? ഭൂരിപക്ഷ സമുദായ സ്‌നേഹം ഉണ്ടെങ്കിൽ ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കട്ടെ

എഡിറ്റോറിയൽ

 കേരളത്തിൽ ഇപ്പോൾ നടക്കുന്ന യുഡിഎഫ് ഭരണത്തിന് കീഴിൽ ന്യൂനപക്ഷ താൽപര്യങ്ങൾ മാത്രമാണ് പരിഗണിക്കപ്പെടുന്നതെന്നും ഭൂരിപക്ഷ സമുദായം അവഗണിക്കപ്പെടുകയാണ് എന്നുമുള്ള ആരോപണത്തിന് ഈ മന്ത്രിസഭയോളം പഴക്കമുണ്ട്. ഇതിൽ കുറച്ചൊക്കെ വാസ്തവം ഇല്ലാതില്ല താനും. മന്ത്രിമാരുടെ എണ്ണത്തിന്റെ കാര്യം എടുത്താലും പ്രധാനവകുപ്പുകളുടെ കാര്യം എടുത്താലും ഒക്കെ ഇതു വളരെയധികം പ്രകടമാണ്. ലീഗിന്റെ അഞ്ചാം മന്ത്രി വാദവും സുകുമാരൻ നായരുടെ തീപ്പൊരി പ്രസംഗങ്ങളും ഒക്കെ ഈ എരിതീയിൽ ഏറെ എണ്ണയൊഴിച്ചു കഴിഞ്ഞതാണ്.

അതിനിടയിൽ സരിതയും ശാലുവും കടന്നുവന്നത് കൊണ്ട് ഏതാനും ആഴ്ചകളോളം ജാതി തിരിഞ്ഞുള്ള വാഗ്വാദങ്ങൾ കേരളീയ രാഷ്ട്രീയത്തിൽ തിളക്കം കുറഞ്ഞു മാറി നിന്നിരുന്നു. മൂന്നാം തവണയും രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശം സജീവചർച്ച ആയപ്പോൾ സ്വാഭാവികമായും ഭൂരിപക്ഷസമുദായം നേരിടുന്ന അവഗണനയെക്കുറിച്ച് സജീവമായ ചർച്ച ആരംഭിച്ചു കഴിഞ്ഞു. ഈ വിഷയത്തിൽ മറുനാടൻ മലയാളി ആരുടെ പക്ഷത്താണ് എന്ന ചോദ്യം സ്വാഭാവികമായും ചില കോണുകളിൽനിന്നും ഉയർന്നു കഴിഞ്ഞു.

അഞ്ചാം മന്ത്രി എന്ന ലീഗിന്റെ വാദത്തെ നഖശിഖാന്തം എതിർക്കുകയും എന്നാൽ അതിന്റെ പേരിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ നടത്തിയ അധികപ്രസംഗങ്ങളെ അതികഠിനമായും വിമർശിക്കുകയും ചെയ്ത മാദ്ധ്യമമാണ് മറുനാടൻ മലയാളി. കേരളത്തിലെ സമുദായ സന്തുലിതാവസ്ഥയുടെ മാനദണ്ഡം വച്ച് നോക്കുമ്പോൾ അഞ്ചാം മന്ത്രി സ്ഥാനം അംഗീകരിക്കാൻ പാടില്ല എന്നതായിരുന്നു ഞങ്ങളുടെ വാദം. എന്നാൽ ഇപ്പോൾ ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച തർക്കം മുറുകുമ്പോൾ ഞങ്ങൾ ലീഗിന്റെ നിലപാടിനൊപ്പം ആണ്.

കേരളത്തിൽ ഒരു ഉപമുഖ്യമന്ത്രിയുടെ ആവശ്യം ഇല്ല എന്നു വിശ്വസിക്കുന്നവരാണ് ഞങ്ങൾ. അഥവാ അങ്ങനെ ഒരു ആവശ്യം ഉണ്ടെങ്കിൽ അതു ലീഗിന്റെ പ്രതിനിധി മാത്രം ആയിരിക്കണം എന്നു പറയുന്നതിൽ ഒരു തെറ്റും ഞങ്ങൾ കാണുന്നില്ല. ഭൂരിപക്ഷ സമുദായത്തിന് അർഹമായ പ്രാതിനിധ്യം ഇവിടെ ലഭിക്കുന്നില്ല എന്ന പരാതി ശരിയാണെന്നു വിശ്വസിക്കുമ്പോൾ തന്നെയാണ് ഉപമുഖ്യമന്ത്രി പദം അർഹിക്കുന്നത് ലീഗാണെന്നു ഞങ്ങൾ ആവർത്തിക്കുന്നത്. ലോകത്തെല്ലായിടത്തുമുള്ള കീഴ്വഴക്കമാണിത്. മഹാരാഷ്ട്ര പോലെ ഘടകകക്ഷികളുടെയും പിന്തുണയോടെ ഭരിക്കുന്ന സംസ്ഥാനം എടുത്താലും ബ്രിട്ടൻ പോലെ കൂട്ടുകക്ഷി സർക്കാർ ഭരിക്കുന്ന രാജ്യങ്ങൾ എടുത്താലും ഒക്കെ ഈ നീതി നമുക്കു കാണാൻ സാധിക്കും. ഈ കീഴ്വഴക്കം അനുസരിച്ച് 20 സീറ്റുകൾ ഉള്ള ലീഗിനു തുടക്കത്തിൽതന്നെ ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെടാമായിരുന്നു. ലീഗിന്റെ സഹായമില്ലാതെ ഈ സർക്കാരിന് ഒരു നിമിഷം പോലും മുമ്പോട്ടു പോകാൻ പറ്റില്ല എന്നിരിക്കെ അങ്ങനെ ഒരു അവകാശവാദം ഉന്നയിച്ചാൽ കോൺഗ്രസിനു തള്ളിക്കളയാൻ പറ്റുമായിരുന്നില്ല. 39 സീറ്റുള്ള കോൺഗ്രസ് മുഖ്യമന്ത്രി അടക്കം പത്തു മന്ത്രിമാരെ വാഴിച്ചിട്ടും 20 സീറ്റുള്ള ലീഗ് അഞ്ചു മന്ത്രിമാരെ ചോദിച്ചപ്പോൾ ഉണ്ടായ കോലാഹലം നമുക്ക് അറിയാവുന്നതാണ്. കോൺഗ്രസിലെ മുസ്ലിം ക്രിസ്ത്യൻ മന്ത്രിമാരുടെയും കേരള കോൺഗ്രസിലെ ക്രിസ്ത്യൻ മന്ത്രിമാരുടെയും കൂടി കണക്കെടുക്കുമ്പോൾ ഭൂരിപക്ഷ സമുദായത്തിന്റെ പ്രതിനിധിയും തീരെ കുറഞ്ഞ് പോയത് കൊണ്ട് ആ കോലാഹലത്തിന് അർഥം ഉണ്ടായിരുന്നു എന്നു പറയാതെ വയ്യ.

കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌നം പരിഹരിക്കാൻ രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രി ആയിക്കൊണ്ട് വരാനുള്ള ശ്രമം സമുദായ സന്തുലിതാവസ്ഥയുടെ പ്രശ്‌നവുമായി കൂട്ടിക്കുഴക്കുന്നത് ഒരു തരത്തിലും യോജിക്കാൻ കഴിയുന്ന കാര്യമല്ല. ഈ വിഷയം പരിഹരിക്കപ്പെടുന്നത് ആണ് എന്ന് കോൺഗ്രസിന് ഉറച്ച ബോധ്യം ഉണ്ടെങ്കിൽ ചെന്നിത്തലയ്ക്കു മുഖ്യമന്ത്രി സ്ഥാനം നൽകുകയാണു വേണ്ടത്. ഉപമുഖ്യമന്ത്രി പദം നൽകുക വഴി ലീഗിനെ ആക്ഷേപിക്കുകയും മുറിവുണ്ടാക്കുകയുമാണ് ചെയ്യുന്നത്. ആഭ്യന്തര വകുപ്പ് ഇല്ലാതെ ഉപമുഖ്യമന്ത്രി പദം വേണ്ട എന്നു ചെന്നിത്തലയും ചെന്നിത്തലയെ അനുകൂലിക്കുന്നവരും പറയുന്നുണ്ട്. എന്നാൽ ഒരു കാരണവശാലും അതിനു സാധ്യമല്ല എന്നു പറയുന്ന മുഖ്യമന്ത്രി പരിഹാരമായി നിർദേശിക്കുന്നത് ആഭ്യന്തര വകുപ്പില്ലാത്ത ഉപമുഖ്യമന്ത്രി പദമാണ്.

ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെയും കോൺഗ്രസിന്റെയും നിലപാട് അപഹാസ്യവും ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്. ഈ കേരളത്തിലെ സമുദായ സന്തുലിതാവസ്ഥയെക്കുറിച്ചോ രമേശ് ചെന്നിത്തലയുടെ പ്രാധാന്യത്തെക്കുറിച്ചോ കോൺഗ്രസ് നേതൃത്വത്തിന് ആശങ്ക ഉണ്ടെങ്കിൽ അവർ ചെയ്യേണ്ടതു ചെന്നിത്തലയെ മുഖ്യമന്ത്രി ആക്കുകയാണ്. അല്ലാതെ ഉപമുഖ്യമന്ത്രി പദം നൽകാൻ ശ്രമിക്കുന്നതു യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കുകയും ലീഗിന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുകയും ചെയ്യും. ഇത് തിരിച്ചറിഞ്ഞു കോൺഗ്രസും മുഖ്യമന്ത്രിയും ഇത്തരം അഭ്യൂഹങ്ങളിൽനിന്നു മാറി നിൽക്കണമെന്നാണ് ഞങ്ങളുടെ അഭ്യർഥന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP