Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവഞ്ചൂര്‍ നിങ്ങള്‍ ഒരു പുരുഷനാണെന്ന് തെളിയിക്കേണ്ടത് ഇപ്പോഴാണ്; ആ കൊടും ഭീകരരെ കയ്യാമം വച്ച് ഇന്നുതന്നെ തുറുങ്കില്‍ അടയ്ക്കൂ..

തിരുവഞ്ചൂര്‍ നിങ്ങള്‍ ഒരു പുരുഷനാണെന്ന് തെളിയിക്കേണ്ടത് ഇപ്പോഴാണ്; ആ കൊടും ഭീകരരെ കയ്യാമം വച്ച് ഇന്നുതന്നെ തുറുങ്കില്‍ അടയ്ക്കൂ..

എഡിറ്റോറിയൽ

കേരളം എന്ന രാഷ്ട്രീയ പ്രബുദ്ധരുടെ നാട് നരഭോജികളുടെയും വര്‍ഗീയവാദികളുടെയും ഈറ്റില്ലമായി മാറിയിരിക്കുന്നു എന്ന് ആരും പ്രത്യേകിച്ച് പറയേണ്ടതില്ല. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ നീചത്വത്തിന്റെ ഏതറ്റവും വരെ പോകാന്‍ മടിക്കില്ല മലയാളികള്‍ എന്ന് ഒഞ്ചിയത്തെ ടി പി ചന്ദ്രശേഖരന്റെ ജീവന് മുമ്പേ നാം പലതവണ തിരിച്ചറിഞ്ഞതാണ്. ക്ലാസ് മുറിയില്‍ കയറി രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ പിഞ്ചു കുരുന്നുകളുടെ മുമ്പില്‍ വച്ച് അധ്യാപകനെ വെട്ടിക്കൊന്നവരുടെ നാടാണിത്.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഷുക്കൂര്‍ എന്നൊരു വിദ്യാര്‍ത്ഥി ലീഗ് പ്രവര്‍ത്തകനെ ഇതേ നരഭോജികള്‍ കൊന്നുതിന്നതിന്റെ വാര്‍ത്ത സൃഷ്ടിച്ച ഷോക്ക് അടങ്ങും മുമ്പേയാണ് ചന്ദ്രശേഖരന്റെ അതിദാരുണമായ ദുരന്ത വാര്‍ത്ത മലയാളികളെ തേടിയെത്തിയത്. ഈ മരണത്തിനും ഇതിന് മുമ്പുള്ള മരണങ്ങളേക്കാളൊക്കെ പ്രാധാന്യം ഉണ്ട്. രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഇത്തരം നരഹോമങ്ങളില്‍ ഇതുവരെ ഇര ആയിരുന്നത് ആവേശം മാത്രം കൈമുതലായ പാവപ്പെട്ട പ്രവര്‍ത്തകര്‍ ആയിരുന്നെങ്കില്‍ ഇവിടെ ജീവനെടുത്തത് കേരളം മുഴുവന്‍ അറിയപ്പെടുന്ന ഒരു നേതാവിന്റെയാണ്. ഒന്നിലധികം ജില്ലകളില്‍ സിപിഎം പോലൊരു പാര്‍ട്ടിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ ഒരു നേതാവിനെ തന്നെ വക വരുത്താന്‍ തയ്യാറായി എന്നത് നിസ്സരമായി കാണേണ്ട സംഗതിയല്ല.

കേരളം കണ്ട ഏറ്റവും ഭീതിതമായ ഈ കൊലപാതകം നടത്തിയത് സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണെന്നാണ് തെളിവുകള്‍ ഒന്നുമില്ലെങ്കിലും ഇന്നു കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നത്. ശ്രീ ചന്ദ്രശേഖരന്റെ നിലപാടുകളും ചന്ദ്രശേഖരനും അനുയായികളും അനുഭവിച്ചു വരുന്ന ഭീഷണികളും സിപിഎമ്മിന്റെ രാഷ്ട്രീയ പാരമ്പര്യവും ഒക്കെ കണക്കാക്കി എടുക്കുമ്പോള്‍ ഇങ്ങനെ സംശയിക്കുന്നതില്‍ തെറ്റില്ല താനും. അഭിപ്രായ സ്വാതന്ത്ര്യത്തെ റിവിഷനിസം എന്ന ഓമനപ്പേരിട്ട് വിളിച്ച് അടിച്ചമര്‍ത്തുന്നതില്‍ സിപിഎം എക്കാലത്തും മുമ്പില്‍ ആയിരുന്നു എന്നതുകൊണ്ട് തന്നെ ഈ സംശയം ബലപ്പെടുകയാണ്.

എന്നാല്‍ ഈ ഒറ്റകാരണം കൊണ്ട് തന്നെ സിപിഎമ്മാണ് ഈ കൊലപാതകത്തിന് പിന്നില്‍ എന്ന് ആരെങ്കിലും അന്തിമ നിഗമനത്തില്‍ എത്തിയാല്‍ അത് കടുത്തകൈയാകും. പിണറായി വിജയനും മറ്റ് സിപിഎം നേതാക്കളും പറഞ്ഞതു പോലെ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ഒരു അട്ടിമറി സൃഷ്ടിക്കാനായി യുഡിഎഫിന് വേണ്ടി ചിലര്‍ ഒരുക്കിയ കെണി അല്ല ഇത് എന്നു എങ്ങനെ തീര്‍ത്തു പറയാന്‍ പറ്റും. രാഷ്ട്രീയ അട്ടിമറി നടത്താന്‍ എന്തു തോന്ന്യാസം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ചില നേതാക്കള്‍ എങ്കിലും യുഡിഎഫില്‍ ഉണ്ടെന്ന് മറക്കരുത്. വെട്ടും കൊലയും ഒക്കെ ചെയ്യാന്‍ കഴിവുള്ളവര്‍ സിപിഎമ്മില്‍ ഉണ്ടെങ്കിലും മര്‍മ്മത്ത് കൊള്ളുന്ന രാഷ്ട്രീയ തന്ത്രങ്ങളിലൂടെ അട്ടിമറികള്‍ നടത്താന്‍ കരുത്തുള്ളവര്‍ ഏറെയും യുഡിഎഫില്‍ തന്നെയാണ്.

നെയ്യാറ്റിന്‍കരയില്‍ നടക്കുന്ന നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെ ഇങ്ങനെ ഒരു ക്രൂരകൃത്യം നടക്കും എന്നു വിശ്വസിക്കാന്‍ കഴിയില്ല. ശെല്‍വരാജിനെ അട്ടിമറിച്ച് കോണ്‍ഗ്രസുകാരന്‍ ആക്കിയപ്പോള്‍ അനായാസം ജയിച്ചേക്കും എന്ന് കരുതിയെങ്കിലും തെരഞ്ഞടുപ്പ് അടുത്തപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്തള്ളപ്പെട്ടേക്കും എന്ന ശക്തമായ സാഹചര്യം ഉണ്ടായപ്പോഴാണ് ഈ കൊലപാതകം എന്ന് മറന്നു കൂടാ. അതുകൊണ്ട് തന്നെ ഏകപക്ഷീയമായി ഒരു നിഗമനത്തില്‍ എത്തുന്നതിന് മുമ്പ് എല്ലാ വശവും പരിഗണിക്കേണ്ടി ഇരിക്കുന്നു.

ഈ കൊലപാതകത്തിന് പിന്നില്‍ പാര്‍ട്ടി നേതൃത്വത്തിന് ബന്ധം ഇല്ലെങ്കില്‍ പോലും പാര്‍ട്ടി അണികള്‍ തന്നെയാണ് എങ്കില്‍ നെയ്യാറ്റിന്‍കരയില്‍ അത് പ്രതിഫലിക്കുമെന്ന് തീര്‍ച്ച.

അഭിപ്രായം പറയുന്നവനെ കൊന്ന് തിന്നുന്ന രാഷ്ട്രീയ സദാചാരത്തേക്കാള്‍ എത്രയോ മെച്ചമാണ് അഴിമതിയും സമുദായപ്രീണനയും എന്ന് ചിന്തിക്കാനുള്ള വകതിരിവ് കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. അതുകൊണ്ട് തന്നെ ഈ നിഷ്ഠൂര കൊലപാതകത്തിന് പിന്നില്‍പ്രവര്‍ത്തിച്ചകറുത്ത കരങ്ങളെ ഉടനെങ്ങും കണ്ടെത്തുമെന്ന് ആരും കരുതേണ്ട. രാജീവ് ഗാന്ധി കൊല്ലപ്പെട്ടു എന്നു കേട്ടപ്പോള്‍ രക്ഷപെട്ടു എന്നു ആശ്വാസനിശ്വാസം ഉയര്‍ത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ അക്കാലത്ത് ഉണ്ടായിരുന്നു എന്ന് മറക്കരുത്. അതുകൊണ്ട് തന്നെ ഈ കൊലപാതകത്തിന്റെ ചുറ്റിനും പരമാവധി പുകമറി സൃഷ്ടിച്ചു മുതലെടുക്കാനായിരിക്കും യുഡിഎഫ് ശ്രമിക്കുക.

കേരളം കണ്ട സമര്‍ത്ഥനായ ഒരു രാഷ്ട്രീയക്കാരന്റെ ചോരയില്‍ മുക്കി മുതലെടുപ്പ് നടത്താന്‍ ബഹുമാന്യനായ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ശ്രമിക്കുകയില്ല എന്ന് കരുതട്ടെ. ഈ കൊലപാതകത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി അവരെ വേഗത്തില്‍ നീതി വ്യവസ്ഥയുടെ ഭാഗമാക്കേണ്ട ഉത്തരവാദിത്വം ഈ സര്‍ക്കാറിനുണ്ട്. ഒരു നീതിശാസ്ത്രത്തിലും ഈ കൊലപാതകത്തിന് ന്യായീകരണമല്ല. ഇത് ചെയ്തവര്‍ക്ക് ഭൂമിയില്‍ ജീവിക്കാന്‍ പോലും അര്‍ഹതയില്ല. ഈ കൊലപാതകികളെ കണ്ടെത്തി അവര്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കാന്‍ അടിയന്തിരമായി എന്തെങ്കിലും ചെയ്ത് താനൊരു പുരുഷനാണ് എന്നു തെളിയിക്കേണ്ട ബാധ്യതയാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുള്ളത്. ഇത് രാധാകൃഷ്ണന്‍ ചെയ്തില്ലെങ്കില്‍ കേരളം എന്ന സമൂഹം കൂടുതല്‍ ഇരുണ്ടതാവും. മനുഷ്യ ജീവന് തെല്ലും വിലയില്ലാത്ത ഒരു നാടായി ചരിത്രം കേരളത്തെ കുറിച്ച് രേഖപ്പെടുത്തും.

പുരുഷന്‍ പുരുഷന്റെ പ്രവര്‍ത്തിയും സ്ത്രീ സ്ത്രീയുടെ പ്രവര്‍ത്തിയും ചെയ്യുമ്പോഴാണ് നമ്മുടെ വ്യവസ്ഥകള്‍ അതേപടി നിലനില്‍ക്കുക. പുരുഷന്‍ സ്ത്രീയുടെ സ്വഭാവങ്ങള്‍ കാണിക്കുമ്പോള്‍ ആ സമൂഹത്തിന് എന്തോ കുഴപ്പം ഉണ്ട് എന്ന ധാരണ പരക്കുന്നു. ഈ അര്‍ത്ഥത്തില്‍ പുരുഷന്‍ എന്നഭിമാനിക്കുന്ന മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും അതു തെളിയിക്കേണ്ട ബാധ്യത ഏറ്റെടുക്കേണ്ടി ഇരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP