Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വന്തം വീട്ടിൽതന്നെ ഡോക്ടർ ഉണ്ടെങ്കിലും രോഗം വന്നാൽ കഴിക്കുക തേനും കരിഞ്ചീരകവും മാത്രം; സ്ത്രീകൾ പഠിക്കരുത് ജോലിക്കുപോകരുത്; അവർ പ്രസവിക്കാനുള്ള ഉപകരണങ്ങൾ മാത്രം; പഴമയെ പ്രേമിക്കുന്നവർ മൊബൈലടക്കം എല്ലാ ആധുനിക സൗകര്യങ്ങളും ഉപയോഗിക്കുന്നു; ആറാം നൂറ്റാണ്ടിലേപോലെ ഒട്ടകപ്പുറത്തല്ല കാറിലാണ് യാത്ര; പ്രവാചകചര്യ ശഠിക്കുന്നത് സ്ത്രീവിരുദ്ധതയിലും ശാസ്ത്ര നിരാകരണത്തിലും മാത്രം; തബ്ലീഗിന്റെ കാണാപ്പുറങ്ങൾ ഞെട്ടിപ്പിക്കുന്നത്; മറുനാടൻ പരമ്പര രണ്ടാംഭാഗം

സ്വന്തം വീട്ടിൽതന്നെ ഡോക്ടർ ഉണ്ടെങ്കിലും രോഗം വന്നാൽ കഴിക്കുക തേനും കരിഞ്ചീരകവും മാത്രം; സ്ത്രീകൾ പഠിക്കരുത് ജോലിക്കുപോകരുത്; അവർ പ്രസവിക്കാനുള്ള ഉപകരണങ്ങൾ മാത്രം; പഴമയെ പ്രേമിക്കുന്നവർ മൊബൈലടക്കം എല്ലാ ആധുനിക സൗകര്യങ്ങളും ഉപയോഗിക്കുന്നു; ആറാം നൂറ്റാണ്ടിലേപോലെ ഒട്ടകപ്പുറത്തല്ല കാറിലാണ് യാത്ര; പ്രവാചകചര്യ ശഠിക്കുന്നത് സ്ത്രീവിരുദ്ധതയിലും ശാസ്ത്ര നിരാകരണത്തിലും മാത്രം; തബ്ലീഗിന്റെ കാണാപ്പുറങ്ങൾ ഞെട്ടിപ്പിക്കുന്നത്; മറുനാടൻ പരമ്പര രണ്ടാംഭാഗം

ജാസിം മൊയ്തീൻ

കോഴിക്കോട്: നിങ്ങളുടെ വീട്ടിലെ ഗൃഹനാഥൻ ഒരു സുപ്രഭാതത്തിൽ ഇറങ്ങിപ്പോകുന്നു. എങ്ങോട്ടാണെന്ന് അറിയില്ല. ഒരു കാര്യവും പറയുന്നില്ല. പിന്നെ മൂന്നോ നാലോ മാസങ്ങൾ കഴിഞ്ഞാണ് തിരിച്ചുവരുന്നത്. തബ്ലീഗ് കുടുംബത്തിലെ പതിവ് അവസ്ഥയാണിത്. സമകാലീന ലോകത്തുന്നിന്ന് വിട്ടുനിന്ന് ആറാം നൂറ്റാണ്ടിലെ ജീവിത ശൈലി സ്വീകരിക്കാനുള്ള തബ്ലീഗുകാരുടെ പ്രവണതകൾ കൊണ്ട് ഏറ്റവും കൂടുതൽ ദുരിതത്തിലാവുന്നത് വീട്ടിലുള്ള സ്ത്രീകളും കുട്ടികളുടെ തന്നെയാണ്. അതുപോലെ വീട്ടിൽ ഒരു ഡോക്ടർ ഉണ്ടെങ്കിൽപോലും അസുഖം വന്നാൽ അവർ കഴിക്കുക തേനും കരിഞ്ചീരകവും മാത്രമാണ്.\

പക്ഷേ ഇവിടെയും തബ്ലീഗുകാരുടെ ഇരട്ടത്താപ്പ് പ്രകടമാണ്. ആറാം നൂറ്റാണ്ടിലെ പ്രവാചകചര്യ അതേപോലെ പിൻതുടരുന്നവരാണ് അവർ എങ്കിൽ കാറിനുപകരം ്ഒട്ടകുപ്പുറത്താണ് സഞ്ചരിക്കേണ്ടത്. മൊബൈൽ അടക്കമുള്ള ആധുനികമായ ഒരു സൗകര്യവും ഉപയോഗിക്കരുത്. പക്ഷേ അവർ അതെല്ലാം ഉപയോഗിക്കുന്നു. ശാസ്ത്രവിരുദ്ധവും സ്ത്രീവിരുദ്ധവുമായ വിഷയങ്ങൾ വരുമ്പോഴാണ് പൊതുവെ തബ്ലീഗുകാർ പ്രവാചചകചര്യ എന്ന ശാഠ്യം പിടിക്കാറുള്ളത്.

സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങൾ

തബ്ലീഗ് കുടുംബങ്ങളിൽ ഏറ്റവും അധികം പീഡനമനുഭവിക്കുന്ന വിഭാഗമാണ് സ്്ത്രീകളും പെൺകുട്ടികളും. യാതൊരു തരത്തിലുള്ള അഭിപ്രായ സ്വാതന്ത്ര്യങ്ങളും തബ്ലീഗ് കുടുംബങ്ങളിലെ സ്ത്രീകൾക്കുണ്ടാകാറില്ല. ഒരു സിനിമയിൽ മോഹൻലാൽ പറയുന്ന ഡയലോഗിന് സമാനമാണ് തബ്ലീഗ് കുടുംബങ്ങളിലെ സ്ത്രീകളുടെ ജീവിതം.

തങ്ങളുടെ കുഞ്ഞുങ്ങളെ പ്രസവിക്കാനും തന്നെയും കുടുംബത്തെയും ജീവിതകാലം മുഴുവൻ സേവിക്കാനുമുള്ള ഒരു ഉപകരണം മാത്രം. പരസ്പര ജീവിതത്തെ ബാധിക്കുന്ന ഒരു കാര്യത്തിലും ഇത്തരം കുടുംബങ്ങളിലെ സ്ത്രീകളുടെ അഭിപ്രായത്തിന് യാതൊരു വിലയും ഇവർ കൽപിക്കാറില്ല. പലപ്പോഴും ഇവർ ജമാഅത്തിന് പോകുമ്പോൾ എങ്ങോട്ടാണ് പോകുന്നതെന്നു പോലും വീട്ടിലെ സ്ത്രീകളോട് പറയാറില്ല. കുറെ കാലം കഴിഞ്ഞ് വന്നാലും തങ്ങൾ എവിടെയായിരുന്നു എന്നുപോലും പറയാറില്ല. തബ്ലീഗുകാരുടെ വീട്ടിലെ സ്ത്രീകളെ ആരും പുറത്തെങ്ങും കണ്ടിട്ടുണ്ടാകില്ല. ഭർത്താവിനോടൊപ്പമോ, പിതാവിനോടൊപ്പമോ, സഹോദരനോടൊപ്പമോ ഇവർ പുറത്തേക്ക് പോകുന്നെങ്കിൽ ശരീരരത്തിൽ കണ്ണ്മാത്രം കാണുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചായിരിക്കും പുറത്തേക്ക് പോകുക.

ഉന്നതവിദ്യാഭ്യാസം നേടി തബ്ലീഗ് കുടുംബങ്ങളിലേക്ക് വിവാഹം കഴിച്ചെത്തുന്ന സ്ത്രീകളുടെയും അവസ്ഥ മറിച്ചല്ല. സർട്ടിഫിക്കറ്റുകളെല്ലാം അലമാരയിൽ ഭദ്രമാക്കിവെച്ച് വീട്ടുജോലിചെയ്ത് കഴിയാനായിരുക്കും അവരുടെ ഗതി. ഇവരുടെ വിശ്വാസ പ്രകാരം സ്ത്രീകൾ ജോലിക്ക് പോകുന്നതും അനിസ്ലാമികമാണ്. ഏതെങ്കിലും തരത്തിൽ നിർബന്ധത്തിന് വഴങ്ങി സ്ത്രീ ജോലിക്ക് പോകണമെന്ന് കരുതിയാൽ തന്നെ പ്രസവം കഴിഞ്ഞ് അതിനൊട്ട് സമയവും കാണില്ല.

പെൺകുട്ടികളുടെ വിദ്യാഭ്യാസം അനിസ്ലാമികം

പെൺകുട്ടികൾ ഭൗതിക വിദ്യാഭ്യാസം നേടുന്നത് അനിസ്ലാമികമായി കാണുന്നവരാണ് തബ്ലീഗുകാർ. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പെൺകുട്ടികൾ ഉന്നത വിദ്യാഭ്യാസം നേടേണ്ടതില്ല എന്നാണ് ഇവരുടെ വിശ്വാസം. അല്ലായെങ്കിൽ അവരെ മതപഠനത്തിനയക്കും. കേരളത്തിൽ മലപ്പുറം ജില്ലയിലെ മാടത്തുംപൊയിലിലാണ് ഇത്തരത്തിൽ പെൺ കുട്ടികൾക്ക് മത വിദ്യാഭ്യാസം നൽകുന്ന പ്രധാന കേന്ദ്രം. അവിടേക്കെത്തുന്നതാകട്ടെ വളരെ കുറഞ്ഞ പെൺകുട്ടികളാണ്.

മറ്റുള്ളവരെല്ലാം എക്കാലത്തും വീടിന്റെ അകത്തളങ്ങളിൽ കെട്ടിയിടപ്പെട്ടു കഴിയുന്നു. ചെറിയ പ്രായത്തിൽ ആർക്കെങ്കിലും വിവാഹം കഴിപ്പിച്ചുകൊടുക്കും. അതു പലപ്പോഴും ഇത്തരം തബ്ലീഗ് കുടുംബങ്ങളിലേക്കു തന്നെയാകും. അപ്പോൾ വീണ്ടും അതേ ചക്രം തന്നെ ആവർത്തിക്കുന്നു. മതിയായ കുടുംബാസൂത്രണ മാർഗങ്ങൾ സ്വീകരിക്കാതെ ആ പെൺകുട്ടിയും പരമാവധി കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ നിർബന്ധിതയാകുന്നു. ഏതെങ്കിലും തരത്തിൽ നിർബന്ധം പിടിച്ച് ഒരു പെൺകുട്ടി ഉന്നത വിദ്യാഭ്യാസത്തിന് ഒരുങ്ങിയാൽ അവൾക്ക് നൂറായിരും നിബന്ധനകളുടെ അകമ്പടിയുമുണ്ടാകും.

വിമൺസ് കോളേജിൽ മാത്രമായിരിക്കും ഇത്തരം കുട്ടികളെ അയക്കുക. അവരാകട്ടെ ശരീരമാസകലം മൂടുന്ന, കണ്ണുപോലും പുറത്ത് കാണാത്ത തരത്തിലുള്ള വസ്ത്രം ധരിച്ചായിരിക്കും സ്ഥാപനങ്ങളിലെത്തുക.

ആധുനിക വൈദ്യശാസ്ത്രം പാടില്ല

തബ്ലീഗുകാർ രോഗം വന്നാൽ മോഡേൺ മെഡിസിനെ സമീപിക്കില്ല. കാരണം അവരെ സംബന്ധിച്ച് അത്് അനിസ്ലാമികമാണ്. പ്രവചാകൻ പോലും പറഞ്ഞത് രോഗം വന്നാൽ ചികിത്സിക്കണമെന്നാണ്. സ്വന്തം കൂട്ടത്തിൽ തന്നെ നിരവധി എംബിബിഎസ് ഡോക്ടർമാരുണ്ടെങ്കിലും അവർ പോലും മരുന്നായി കണുന്നത് കരിഞ്ചീരകവും തേനുമാണ്. എല്ലാ അസുഖത്തിനും അവർ പ്രതിവിധിയായി കാണുന്നത് കരിഞ്ചീരകത്തെും തേനിനെയുമാണ്. ഇത് രണ്ടും കഴിച്ചാൽ ഏത് അസുഖവും മാറുമെന്നാണ് ഇവരുടെ ബ്രെയിൻവാഷിങ്ങിന് വിധേയരായ എംബിബിഎസ് ഡോക്ടർമാർ പോലും വിശ്വസിക്കുന്നത്.

എന്നാൽ ചിലരൊക്കെ ഹോമിയോ, അക്യൂപങ്ചർ, ഹിജാമ ചികിത്സകളെയും ആശ്രയിക്കുന്നുണ്ട്. എന്നാൽ അതൊക്കെ ഏറ്റവും അവസാനം ആണെന്ന് മാത്രം. പരമാവധി അസുഖങ്ങൾക്ക് കരിഞ്ചീരകവും തേനും മാത്രം മരുന്നായി കഴിക്കുന്നവരാണ് ഇവർ. കാൻസർ പോലുള്ള രോഗങ്ങൾക്കുപോലും കാലങ്ങളോളം കരിഞ്ചീരകം കഴിച്ച് അവസാനം ആശുപത്രികൾക്ക് ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലെത്തി മരിച്ച രോഗികളുമുണ്ട് തബ്ലീഗ് കുടുംബങ്ങളിൽ. ഏറ്റവും വലിയ വിരോധാഭാസമെന്നത് ഇവരുടെ കൂട്ടത്തിൽ തന്നെ ആധുനിക വൈദ്യശാസ്ത്രം വർഷങ്ങളോളം പ്രാക്ടീസ് ചെയതർ ഉണ്ട്. അവർ പോലും ഇനി മുതൽ കരിഞ്ചീരകം മാത്രം മതിയെന്ന് പറയുന്ന കൂട്ടരായി മാറിയെന്നതാണ്. പ്രവാചകന്റെ ചികിത്സാ രീതികൾ ഇതായിരുന്നു എന്നാണിവർ ഇതിന് കാരണമായി പറയുന്നത്.

ഇത്തരത്തിൽ പ്രവാചക ചര്യയനുസരിച്ച് മാത്രമെ ജീവിക്കൂ എന്ന് വാശിപിടിക്കുന്ന തബ്ലീഗുകാർ കുടുംബങ്ങളിലുണ്ടാക്കുന്ന പ്രശ്‌നങ്ങൾ ചില്ലറയല്ല. എന്നാൽ എല്ലാ കാര്യങ്ങളിലും അവർ പ്രവാചകന്റെ ചര്യയല്ല പിൻപറ്റുന്നത് എന്നതാണ് വാസ്തവം. നിരവധി തബ്ലീഗുകാരുണ്ട് ആധുനിക വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ. അവരാരും പ്രവാചകൻ ഉപയോഗിച്ച യാത്രാ മാർഗങ്ങളല്ല ഉപയോഗിക്കുന്നത്. നിരവധി തബ്ലീഗുകാർ വിവിധ ബിസിനസുകൾ നടത്തുന്നവരുണ്ട്. അവരാരും പ്രവാചക ചര്യ പിൻപറ്റി ആടിനെ മെയ്‌ക്കാൻ പോകുന്നുമില്ല. മറിച്ച് സ്ത്രീവിരുദ്ധതയുടെയും ശാസ്ത്രവിരുദ്ധതയുടെയും മാത്രം കാര്യത്തിലാണ് ഇവർ പ്രവാചകന്റെ ചര്യ പിന്തുടരുന്നത്.

പ്രവാചകൻ പല്ലുതേക്കാനുപയോഗിച്ച അറാക്ക് മാത്രമേ ഉപയോഗിക്കൂ, പ്രവാചകൻ ഉപയോഗിച്ച മരുന്ന് മാത്രമേ ഉപയോഗിക്കൂ എന്നൊക്കെ വാശിപിടിക്കുന്നവരാണിവർ. പ്രത്യക്ഷത്തിൽ സാത്വികരും പാവം മതപണ്ഡിതരുമായ ഇവർ ഇവരുടെ ഇടുങ്ങിയ ചിന്താഗതിക്കനുസരിച്ച് കുടുംബങ്ങളിലൂടെ സമൂഹത്തിനുണ്ടാക്കുന്ന ദ്രോഹങ്ങൾ ചെറുതല്ലാത്തതാണ്.

(തുടരും)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP