Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കമ്യൂണിസ്റ്റുകാരനായ അച്ഛന്റെ ബിജെപിക്കാരനായ മകൻ കൊല്ലപ്പെട്ടപ്പോൾ അയാൾ ദുഃഖം കാട്ടാതെ പാർട്ടിയിൽ പിടിച്ചു നിൽക്കുന്നു; വഴി തെറ്റിയതിനുള്ള ശിക്ഷയാണ് അവന് നൽകിയതെന്ന് പാർട്ടി അയാളെ പഠിപ്പിക്കുന്നു; ധർമ്മടത്തെ ഒരു പ്രധാന നേതാവിന്റെ മരുമക്കൾ പ്രസ്ഥാനം മാറിയപ്പോൾ പാർട്ടി ശിക്ഷ അവരെ ഇല്ലാതാക്കുകയായിരുന്നു; അന്ന് ആ നേതാവിനും മാറി ചിന്തിക്കാനായില്ല; ഇത് കണ്ണൂരിൽ മാത്രം നടക്കുന്ന അവസ്ഥ; മറുനാടൻ പരമ്പര 'കൊലക്കത്തികൾ വാഴുന്ന കണ്ണൂർ' നാലാംഭാഗം

കമ്യൂണിസ്റ്റുകാരനായ അച്ഛന്റെ ബിജെപിക്കാരനായ മകൻ കൊല്ലപ്പെട്ടപ്പോൾ അയാൾ ദുഃഖം കാട്ടാതെ പാർട്ടിയിൽ പിടിച്ചു നിൽക്കുന്നു; വഴി തെറ്റിയതിനുള്ള ശിക്ഷയാണ് അവന് നൽകിയതെന്ന് പാർട്ടി അയാളെ പഠിപ്പിക്കുന്നു; ധർമ്മടത്തെ ഒരു പ്രധാന നേതാവിന്റെ മരുമക്കൾ പ്രസ്ഥാനം മാറിയപ്പോൾ പാർട്ടി ശിക്ഷ അവരെ ഇല്ലാതാക്കുകയായിരുന്നു; അന്ന് ആ നേതാവിനും മാറി ചിന്തിക്കാനായില്ല; ഇത് കണ്ണൂരിൽ മാത്രം നടക്കുന്ന അവസ്ഥ; മറുനാടൻ പരമ്പര 'കൊലക്കത്തികൾ വാഴുന്ന കണ്ണൂർ' നാലാംഭാഗം

രഞ്ജിത്ത് ബാബു

കണ്ണൂർ: കണ്ണൂരിനെ പിടിച്ചുലക്കിയ കൊലപാതകമായിരുന്നു എംഎസ്എഫ്. പ്രവർത്തകനായ അരിയിൽ അബ്ദുൾ ശുക്കൂറിന്റേത്. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനും തളിപ്പറമ്പ് എംഎൽഎ ടി.വി. രാജേഷും പ്രതിസ്ഥാനത്തുള്ള ഈ കൊല താലിബാൻ മോഡൽ കൊലപാതകമെന്ന പേരിൽ കുപ്രസിദ്ധിയാർജ്ജിച്ചിരുന്നു. പാർട്ടി സെക്രട്ടറിയും എംഎൽഎയും സഞ്ചരിച്ച കാർ ആക്രമിച്ചു എന്ന ആരോപണത്തിന്റെ പേരിൽ ശുക്കൂർ ഉൾപ്പെടെയുള്ള മൂന്ന് പേരെ ഓടിച്ച് പിൻതുടർന്ന് ഒരു വീടിനുള്ളിൽ അഭയം തേടിയപ്പോഴാണ് പാർട്ടി പ്രവർത്തകർ പിടിച്ചു കൊണ്ടു പോയത്. ഷുക്കൂർ അക്രമി സംഘത്തിലുണ്ടോ എന്നറിയാൻ മൊബൈൽ ഫോണിൽ ഫോട്ടോ എടുത്ത് അയച്ചു കൊടുത്ത് സ്ഥിരീകരിച്ച ശേഷമാണ് കൊല നടത്തിയതെന്ന ആരോപണവുമുയർന്നു. ശുക്കൂർ കല്ലെറിയാൻ ശ്രമിക്കുന്ന ഫോട്ടോ പത്രത്തിൽ വന്നിരുന്നു. എന്നാൽ ഈ ചിത്രം ശുക്കൂറിന്റേതല്ലെന്ന് പിന്നീട് തെളിഞ്ഞു.

സിപിഎമ്മിന്റെ പാർട്ടി കോടതി ശുക്കൂറിനെ വധശിക്ഷക്ക് വിധിക്കുകയായിരുന്നുവെന്ന ആരോപണവും പാർട്ടിക്ക് വലിയ തിരിച്ചടിയായി. കൊലയാളി സംഘങ്ങൾ നടത്തുന്ന കൊലക്കുറ്റം ഏറ്റെടുക്കേണ്ടത് പാർട്ടിയിലെ ചിലരുടെ ചുമതലയാണ്. അതും അവർക്ക് പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമാണ്. പാർട്ടി നിർബന്ധിച്ചാൽ ഇത്തരം കൃത്യം ഏറ്റെടുക്കാതിരിക്കാൻ കഴിയില്ല. പാർട്ടിയുമായി ഇടയുകയോ നേതൃത്വത്തെ ചോദ്യം ചെയ്യുന്നവരെ പിന്നീട് അക്രമ കേസുകളിൽ കുടുക്കുന്നു. ഇത്തരം കേസുകളിൽ പെട്ടാൽ പാർട്ടിയുടെ സഹായമില്ലാതെ അവർക്ക് രക്ഷപ്പെടാനാകില്ല. ചില നിരപരധികൾ കേസിൽ പെടുത്തിയതുകൊണ്ടു മാത്രം ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പാർട്ടി പ്രവർത്തനവും അക്രമവും ഒക്കെ വിട്ട് വിദേശത്തു പോയി ജീവിക്കാൻ ശ്രമിച്ചയാളെ കേസിൽ കുടുക്കി യാത്ര മുടക്കിയ സംഭവവും കണ്ണൂരിൽ അരങ്ങേറിയിട്ടുണ്ട്. അക്രമി സംഘം അറസ്റ്റ് ചെയ്യപ്പെടാതിരിക്കാൻ പാർട്ടി പരമാവധി ശ്രമിക്കും. അവർ എന്നും പുറത്ത് തന്നെ ഉണ്ടാവണം.

രാഷ്ട്രീയ ആവശ്യങ്ങൾക്കായി ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തിയ വാർത്ത കണ്ണൂരിൽ ആളിപ്പടർന്നത് 2009 ലെ ലോകസഭാ തെരഞ്ഞെടുപ്പ് കാലത്താണ്. കണ്ണൂരിലെ യുഡിഎഫ്. ലോകസഭാ സ്ഥാനാർത്ഥി കെ.സുധാകരനു വേണ്ടി തൃശ്ശൂർ, എറണാകുളം ജില്ലകളിൽ നിന്ന് 21 അംഗം ക്വട്ടേഷൻ സംഘം എത്തിയെന്നായിരുന്നു വാർത്ത. എതിരാളികളായ ചില നേതാക്കളെ കൊല്ലാനാണ് സംഘം എത്തിയതെന്ന് സിപിഎം ആരോപണവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ സിപിഎം അക്രമം നടത്തിയാൽ ചെറുക്കാൻ വേണ്ടിയാണ് സംഘം എത്തിയതെന്നായിരുന്നു അതിനുള്ള മറുപടി. ഈ സംഘത്തിലെ മൂന്ന് പേർ പിടിയിലാവുകയും ചെയ്തു. ഇവരെ വിട്ടയക്കാൻ സുധാകരനും യുഡിഎഫ് നേതാക്കളും പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയതോടെ ക്വട്ടേഷൻ കൊടുത്തത് ആരെന്ന് ജനം തിരിച്ചറിഞ്ഞു.

തലശ്ശേരിയിൽ നിന്നുള്ള ക്വട്ടേഷൻ സംഘം കരുനാഗപ്പള്ളിയിൽ പിടിയിലായത് രണ്ടുവർഷം മുമ്പാണ്. ബിജെപി.യിൽപ്പെട്ട ഇവർ മൂന്ന് കൊലപാതകങ്ങളടക്കം 21 കേസുകളിൽ പ്രതികളാണ്. നേരത്തെ ബിജെപി.ക്കുവേണ്ടി കൊലനടത്തിയ ഇവർ പിന്നീട് ക്വട്ടേഷൻ പ്രവർത്തനം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തലശ്ശേരി റെയിൽവേ സ്റ്റേഷനിലേക്ക് വരുന്ന തൃശ്ശൂർ സ്വദേശിയായ ഒരാളെ ലക്ഷ്യമിട്ട് നീങ്ങിയ ഒരു ക്വട്ടേഷൻ സംഘത്തെ ഒരിക്കൽ പൊലീസ് തന്ത്രപൂർവം പിടികൂടി. ഇവർ സഞ്ചരിച്ച കാറിൽനിന്ന് കൊടുവാൾ, വിവിധ വാഹന നമ്പർപ്ലേറ്റുകൾ എന്നിവ കണ്ടെടുത്തു. സിപിഎമ്മുകാരായ രണ്ട് യുവാക്കൾ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു.

ഗുണ്ടാസംഘങ്ങളും ക്വട്ടേഷൻ സംഘങ്ങളും രാഷ്ട്രീയക്കാരുമായി ഉണ്ടാക്കുന്ന ബന്ധം ഒരുകണക്കിന് പരസ്പര സഹായ സഹകരണം തന്നെയാണ്. സംസ്ഥാനത്ത് പടർന്നു പന്തലിച്ച ബ്ലേഡ്-മണൽ-ഭൂ-മദ്യ മാഫിയകളാണ് ഇതിന് കാരണം. എല്ലാ പാർട്ടികൾക്കും ഇത്തരം ടീമുമായി ബന്ധമുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. മദ്യ-മണൽ മാഫിയക്കാർക്ക് ക്വട്ടേഷൻ സംഘങ്ങളെ അത്യാവശ്യമാണ്. പഴയ രാഷ്ട്രീയ അക്രമികളെ അത്തരക്കാർ റാഞ്ചിക്കൊണ്ടിരിക്കുകയാണ്.

കണ്ണൂർ ജില്ലയുടെ അടുത്ത പ്രദേശമായ മയ്യഴി കേന്ദ്രമായി പല ക്വട്ടേഷൻ സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഒരു ചെറിയ പഞ്ചായത്തിന്റെ വിസ്തൃതിപോലും ഇല്ലാത്ത മയ്യഴിയിൽ എൺപതിലധികം ബാറുകളുണ്ട്. പല ബാറുകൾക്കും ഡിസ്റ്റിലറികൾക്കും ഇത്തരം ക്വട്ടേഷൻ സംഘങ്ങൾ വേണം എന്നത് പരസ്യമായ രഹസ്യമാണ്. മയ്യഴിയിൽ പൊലീസിന്റെ ഭാഗത്തുനിന്ന് അധികം ശ്രദ്ധയും ഇല്ല എന്നത് ഇത്തരക്കാർക്ക് അനുഗ്രഹമാണ്.മട്ടന്നൂരിലെ കോളാരിയിൽ നാല് വർഷം മുമ്പുണ്ടായ സ്‌ഫോടനത്തിൽ മരിച്ച യുവാവ് മൂഴിക്കര സ്വദേശിയായിരുന്നു. ഇയാൾ ബോംബ് നിർമ്മാണവും വിതരണവും ആർക്കുവേണ്ടിയും ചെയ്തുകൊടുക്കും.

ബോംബുണ്ടാക്കാൻ ഒരുനാൾ ഇയാളെ കോളാരിയിലേക്ക് കൂട്ടിക്കൊണ്ടുവന്നതാണ്. അവിടെ കശുവണ്ടിത്തോട്ടത്തിൽ ബോംബ് നിർമ്മിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ ശരീരം ചിതറി യുവാവ് മരിച്ചു. മറ്റ് രണ്ട് സിപിഎം പ്രവർത്തകർക്കും പരിക്കേറ്റു. പക്ഷേ, സംഭവം സിപിഎം ഏറ്റെടുത്തില്ല.ഏറെക്കാലം ബോംബുണ്ടാക്കി വിതരണം ചെയ്ത ഒരാൾ പറഞ്ഞതിങ്ങനെ: നിങ്ങൾ കരുതുംപോലെ വലിയ ആനക്കാര്യമൊന്നുമല്ല ഇത്. ഏത് ചെറിയ കുട്ടിക്കും ചെയ്യാൻ പറ്റുന്നതാണ്. പക്ഷേ, അതി ശ്രദ്ധ വേണം. പലരും നന്നായി മദ്യപിച്ചാണ് ബോംബ് നിർമ്മാണത്തിൽ ഇടപെടുക. ഇതാണ് അപകടത്തിന് കാരണം.

പരിശീലനം ലഭിക്കാത്തവരെ ഇതിനുപയോഗിക്കുന്നതുകൊലയ്ക്ക് കൊടുക്കുന്നതിന് തുല്യം. ഇരിട്ടിക്ക് സമീപം ഉഗ്രശേഷിയുള്ള ബോംബാണ് പൊട്ടിത്തെറിച്ചത്. വീടിന്റെ തറമാത്രമേ ബാക്കിയുള്ളൂ. പുറത്ത് സൂക്ഷിച്ച ബോംബ് വീട്ടിലെ സ്റ്റീൽ അലമാരയിൽ വെച്ചപ്പോഴാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ഡിവൈഎഫ്ഐ. പ്രവർത്തകന് കൈ നഷ്ടപ്പെട്ടു. മൂന്നരക്കിലോ സ്‌ഫോടകവസ്തുക്കളാണ് അലമാരയിൽ സൂക്ഷിച്ചിരുന്നത്.ബോംബെറിഞ്ഞും വടിവാളെടുത്തും എതിരാളികളെ കൊന്നും അംഗഹീനരാക്കിയും തൊഴിലെടുത്തവർക്ക്് രാഷ്ട്രീയ പാർട്ടികൾ പിന്നീട് തുടർ പണികൾ നൽകിയില്ല. അതോടെ മറ്റ് മാർഗ്ഗങ്ങൾ സ്വീകരിക്കുകയായിരുന്നു അവർ. സിപിഎം., ബിജെപി. വ്യത്യാസമില്ലാതെ അവർ ഒന്നിച്ച് ക്വട്ടേഷൻ സ്വീകരിച്ച് മുന്നോട്ട് പോയി. മലബാറിന് പുറത്തും അവർക്ക് വേണ്ടി ആവശ്യക്കാരുണ്ടായി. മൈസൂർ , ബംഗളുരൂ, മംഗലൂരു എന്നിവിടങ്ങളിലും ഈ ക്വട്ടേഷൻ സംഘത്തിലെ സാന്നിധ്യം ആവശ്യമായി വന്നു. മലയാളി ക്രിമനലുകളുടെ സാന്നിധ്യം അനുദിനം വർദ്ധിച്ചു വരികയും ചെയ്തു.

കമ്യൂണിസ്റ്റ്കാരാനായ അച്ഛന്റെ ബിജെപിക്കാരനായ മകൻ കൊല്ലപ്പെട്ടപ്പോൾ അയാൾ ദുഃഖം കാട്ടാതെ പാർട്ടിയിൽ പിടിച്ചു നിൽക്കുന്നു. വഴി തെറ്റിയതിനുള്ള ശിക്ഷയാണ് അവന് നൽകിയതെന്ന് പാർട്ടി അയാളെ പഠിപ്പിക്കുന്നു. ധർമ്മടത്തെ ഒരു പ്രധാന നേതാവിന്റെ മരുമക്കൾ പ്രസ്ഥാനം മാറിയപ്പോൾ പാർട്ടി ശിക്ഷ അവരെ ഇല്ലാതാക്കുകയായിരുന്നു. അന്ന് ആ നേതാവിനും മാറി ചിന്തിക്കാനായില്ല. രാഷ്ട്രീയ ഭിന്നതയുടെ പേരിൽ ബന്ധുക്കളെ കൊല ചെയ്യുന്ന അവസ്ഥയാണ് കണ്ണൂരിൽ അരങ്ങേറിയത്. ഇത് കണ്ണൂരിൽ മാത്രം നടക്കുന്ന അവസ്ഥ.

(തുടരും).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP