Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദിലീപേ കൂടുതൽ അഭിനയം വേണ്ട.. ഇതൊക്കെ ക്യാമറയുടെ മുന്നിലാണേൽ വലിയ വിജയമാകും; സിനിമാ രംഗം നന്ദിയില്ലായ്മയുടെ കൂടാരമാണ്; അവസരം വരുമ്പോൾ ഇയാളും തിരിഞ്ഞു കൊത്തും; ഞാൻ അത്തരക്കാരനല്ല...എന്നും നന്ദിയുള്ളവനായിരിക്കുമെന്ന് ദിലീപ്; മലയാള സിനിമയിലെ വിഷം..അതാണോ ദിലീപ്? ദിലീപിന്റെ ജയിൽ ജീവിതം- ഒരു ഫ്ളാഷ് ബാക്ക്: പല്ലിശ്ശേരി തുറന്നെഴുതുന്നു; പരമ്പര ഒന്നാം ഭാഗം

ദിലീപേ കൂടുതൽ അഭിനയം വേണ്ട.. ഇതൊക്കെ ക്യാമറയുടെ മുന്നിലാണേൽ വലിയ വിജയമാകും; സിനിമാ രംഗം നന്ദിയില്ലായ്മയുടെ കൂടാരമാണ്; അവസരം വരുമ്പോൾ ഇയാളും തിരിഞ്ഞു കൊത്തും; ഞാൻ അത്തരക്കാരനല്ല...എന്നും നന്ദിയുള്ളവനായിരിക്കുമെന്ന് ദിലീപ്; മലയാള സിനിമയിലെ വിഷം..അതാണോ ദിലീപ്? ദിലീപിന്റെ ജയിൽ ജീവിതം- ഒരു ഫ്ളാഷ് ബാക്ക്: പല്ലിശ്ശേരി തുറന്നെഴുതുന്നു; പരമ്പര ഒന്നാം ഭാഗം

പല്ലിശ്ശേരി

മലയാള സിനിമയിലെ വിഷം

ഒരു പുതിയ പരമ്പര ആരംഭിക്കുകയാണ്. ദിലീപിന്റെ ജയിൽ ജീവിതം - ഒരു ഫ്ളാഷ് ബാക്ക്. ഒരു പക്ഷെ നടൻ തിലകൻ ദിലീപിനെക്കുറിച്ചു പറഞ്ഞ ഒരു വാചകം ഓർമ്മിച്ചു പോയി. 'ദിലീപ് മലയാള സിനിമയിലെ വിഷം. അതാണോ ദിലീപ്? ദിലീപിന്റെ സിനിമാ ജീവിതത്തിൽ തുടക്കം മുതൽ പരിചയമുള്ളതു കൊണ്ട് ആദ്യ കാലത്തെ ദിലീപ് ഒരു വിഷമായിരുന്നില്ല എന്നാണ് എനിക്കു തോന്നിയത്.

ദിലീപിന്റെ ജയിൽ ജീവിതം - ഒരു ഫ്ളാഷ് ബാക്ക് എഴുതുമ്പോൾ സിനിമാ ജീവിതത്തിന്റെ തുടക്കം അത്യാവശ്യമാണെന്നു തോന്നുന്നു.

1991 പാലക്കാട്

എന്റെ സുഹൃത്തായ ജി.സുരേഷ് കുമാർ നിർമ്മിച്ച വിഷ്ണു ലോകം എന്ന സിനിമയുടെ ചിത്രീകരണം പാലക്കാട് ആയിരുന്നു. മോഹൻലാൽ നായകനായി അഭിനയിച്ച ചിത്രത്തിൽ ഉർവ്വശിയായിരുന്നു നായിക. നടീനടന്മാരും ടെക്നീഷ്യന്മാരുമായി നല്ല ബന്ധത്തിലായിരുന്നു ഞാൻ. മുഖം നോക്കാതെ എഴുതുമായിരുന്നെങ്കിലും അതെല്ലാം ഒരു സ്പോർട്സ്മാൻ സ്പിരിറ്റോടെയാണ് എഴുതിയിരുന്നത്.

1991 ൽ ഞാൻ രണ്ടു സിനിമയുമായി ബന്ധപ്പെട്ടിരുന്നു. അമരം, തുടർക്കഥ. ഭരതൻ സംവിധാനം ചെയ്ത അമരത്തിന്റെ കഥയും ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത തുടർക്കഥയുടെ തിരക്കഥാ സംഭാഷണവും എന്റേതായിരുന്നു. തുടർക്കഥയുടെ തൊണ്ണുറു ശതമാനം ചിത്രീകരണവും ഊട്ടിയിലായിരുന്നതു കൊണ്ട് ഊട്ടിയിലും കൊല്ലത്തുമായിരുന്നു എന്റെ പ്രവർത്തനരംഗം. ഊട്ടിയിൽ നിന്നും തിരിച്ചു വരുമ്പോൾ ലൊക്കേഷനിൽ വരാമെന്നും സെറ്റ് കവർ ചെയ്യാമെന്നും സുരേഷിനോടു പറഞ്ഞിരുന്നു. അതനുസരിച്ചാണ് ലൊക്കേഷനിൽ എത്തിയത്.

മോഹൻലാൽ, ഉർവ്വശി, ജഗദീഷ്, ബാലൻ.കെ.നായർ, ബോബി കൊട്ടാരക്കര തുടങ്ങിയവരെല്ലാം അവിടെ ഉണ്ടായിരുന്നു. കമൽ ആയിരുന്നു സംവിധായകൻ, സൂര്യൻ കുനിശ്ശേരി, ലാൽ ജോസ് തുടങ്ങിയ അസിസ്റ്റന്റുമാരുടെ കൂട്ടത്തിൽ ഉയരം കുറഞ്ഞ മെലിഞ്ഞ ഒരു ചെറുപ്പക്കാരനെ കണ്ടു. മോഹൻലാലിന്റെ മുഖത്ത് ക്ലാപ്പ് അടിച്ച ശേഷം അയാൾ ഒതുങ്ങി നിന്നു. ദിലീപ് ആയിരുന്നു ആ ചെറുപ്പക്കാരൻ. ലൊക്കേഷനിൽ എല്ലാവരോടും സംസാരിച്ചു നിൽക്കുമ്പോൾ ആകാംക്ഷയോടെ അതെല്ലാം നോക്കി നിന്നിരുന്ന ചെറുപ്പക്കാരൻ. അയാളുടെ കണ്ണുകളിൽ തിളക്കമുണ്ടായിരുന്നു.

കുറെ സമയം, ഞാനവിടെ ചെലവഴിച്ചു. റെയിൽവെ സ്‌റ്റേഷനിലേക്ക് പോകാൻ കാറിൽ കയറിയപ്പോൾ, ചേട്ടാ എന്ന് വിളിക്കുന്ന ശബ്ദം. ദിലീപ്-അയാൾ കിതയ്ക്കുന്നുണ്ടായിരുന്നു. 'ചേട്ടാ എന്റെ സ്വന്തം പേര് ഗോപാലകൃഷ്ണൻ നായർ. ദിലീപ് എന്ന പേരിലാണ് അറിയപ്പെടുന്നത്. സിനിമയുടെ വിശദീകരണം എഴുതുമ്പോൾ സംവിധാന സഹായികളുടെ കൂട്ടത്തിൽ എന്റെ പേര് കൂടി ചേർത്തേക്കണേ'. ഞാൻ സമ്മതിച്ചു, പിന്നെ കാണാം എന്നു പറഞ്ഞു യാത്രയായി.

വിഷ്ണുലോകത്തിന്റെ മാറ്റർ പ്രസിദ്ധീകരിച്ചപ്പോൾ സംവിധാന സഹായികളുടെ കൂട്ടത്തിൽ ദിലീപിന്റെ പേരും കൊടുത്തിരുന്നു. പിന്നീട് ദിലീപിനെ കണ്ടത് ചെന്നൈയിൽ വച്ചാണ്. വിഷ്ണുലോകം പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്ന സമയം ആയിരുന്നു. ഞങ്ങൾ താമസിച്ചിരുന്ന സ്ഥലത്താണ് സംവിധാന സഹായികളും താമസിച്ചിരുന്നത്.

കോളിങ് ബെൽ അടിക്കുന്ന ശബ്ദം. വാതിൽ തുറന്നപ്പോൾ ചിരിച്ചുകൊണ്ട് തൊഴു കൈകളോടെ നിൽക്കുന്ന ദിലീപിനെ കണ്ടു.

'എന്റെ പേരു കൊടുത്തതിൽ സന്തോഷം. ഞാനെന്നും നന്ദിയുള്ളവനായിരിക്കും. ഞങ്ങളുടെയൊക്കെ ഭാവി ചേട്ടനെ പോലുള്ളവരുടെ പേനയുടെ തുമ്പത്താണെന്ന് സുരേഷ് ചേട്ടൻ പറഞ്ഞിരുന്നു.'

'കഴിവുള്ളവർ രക്ഷപ്പെടും അത്തരക്കാരെ ഒരു പേനക്കും തകർക്കാൻ കഴിയില്ല. മാത്രമല്ല, എന്റെ പേന സത്യമല്ലാത്ത ഒരു വാർത്തയും എഴുതില്ല.'

'എന്നാലും പത്രപ്രവർത്തകരുട സഹായം വേണം. എന്റെ പേര് വാരികയിൽ വന്നത് മുതൽ എത്ര ആൾക്കാരാണെന്നോ എന്നെ തിരിച്ചറിഞ്ഞത്. നാട്ടിലിപ്പോൾ ഞാൻ ഹീറോ ആണ്. സിനിമ രംഗത്താണ് ജോലി എന്നു നാട്ടുകാർ മനസ്സിലാക്കിയത് ചേട്ടൻ എഴുതിയതുകൊണ്ടല്ലേ? ഒന്നു നിർത്തി പതുക്കെ പറഞ്ഞു: 'വൈകിട്ട നമുക്കൊന്നു കൂടാം'.

' അനിയൻ ചെല്ല്. എന്നെ കുറിച്ച് കൂടുതൽ അറിയണമെങ്കിൽ സുരേഷിനോട് ചോദിച്ചാൽ മതി, എന്നിട്ടു കൂടാം.'

എന്റെ ശബ്ദത്തിൽ മാർദ്ദവമില്ലായിരുന്നു. ആള് മോശക്കാരനല്ലെന്നും കളിപഠിച്ചവനാണെന്നും മനസ്സിലായി. അതിവിനയം കാണിക്കുമ്പോൾ കുഴപ്പക്കാരാണെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. ദിലീപിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണോ? എനിക്ക് ആ ചെറുപ്പക്കാരനോടു എന്തോ ഒരു പ്രത്യേകത തോന്നി. പാവപ്പെട്ട ഒരു കുടുംബത്തിലെ അംഗത്തെ പോലെ. ഞാൻ വളർന്നുവന്ന സാഹചര്യം ഓർത്തു. ഒരു സാധാരണ കുടുംബത്തിന്റെ വിഷമതകൾ മനസ്സിലാക്കിയതു കൊണ്ട് ദിലീപിനെ മനസ്സുകൊണ്ട് എന്റെ അനുജനായി കരുതി. കഷ്ടപ്പെടാൻ ഒരുമനസ്സയാൾക്കുണ്ടെന്ന് മനസ്സിലായി. മറ്റുള്ളവരെ സ്വന്തം ചാക്കിൽ കയറ്റാനുള്ള തന്ത്രങ്ങളും അയാൾക്കറിയാമെന്ന് തോന്നി.

ഒരു വർഷം കഴിഞ്ഞ് ഒരു കാർഡിൽ ദിലീപിന്റെ എഴുത്തു വന്നു. നാനാ ഓഫീസിലേക്ക്. ഞാൻ കമൽ സാറിന്റെ 'എന്നോടിഷ്ടം കൂടാമോ' എന്ന സിനിമയിൽ പ്രധാന വേഷം ചെയ്യുന്നു. അനുഗ്രഹിക്കണം, പബ്ലിസിറ്റി നൽകണം, ലൊക്കേഷനിൽ വരുമ്പോൾ എന്റെ കുറെ നല്ല ഫോട്ടോകൾ എടുക്കണം.

ഇങ്ങിനെയൊക്കെയായിരുന്നു ഒരു പത്ര പ്രവർത്തകനും സിനിമാ നടനും എന്ന നിലയിൽ ഞാൻ ദിലീപും തമ്മിൽ അടുത്തത്. ഇടയ്ക്കിടക്ക് ചില വാർത്തകൾ തരുമായിരുന്നു. വാർത്തകൾ തരുന്നവർക്ക് പ്രത്യേക പരിഗണനയും ഞാൻ കൊടുത്തിരുന്നു.

കമലിന്റെ സിനിമയിൽ അഭിനയിച്ചെങ്കിലും മുഖ്യ ധാരാ സിനിമയിൽ എത്തപ്പെട്ടില്ല. ചെറിയ ചെറിയ റോളുകളിൽ അഭിനയവും മിമിക്രിയും എല്ലാമായി ജീവിതം മുന്നോട്ടു നീക്കുകയായിരുന്നു ദിലീപ്.

'ഇങ്ങനെ പോയാൽ ഞാൻ എന്റെ പഴയ പണി നോക്കും ചിലപ്പോൾ രക്ഷപ്പെട്ടേക്കാം.'

'പഴയ പണി എന്നു പറഞ്ഞാൽ'

'കലാകാരനാകും മുമ്പ് ചെറിയ ചെറിയ കവറുകളിൽ നീലം നിറച്ച് അതു വിറ്റാണ് ജീവിച്ചത്. അന്നത് കുറച്ചു കൂടി സജീവമായിരുന്നെങ്കിൽ ഞാനൊരു മുതലാളിയാകുമായിരുന്നു.'

'ഇത്രയൊക്കെയായില്ലേ, താൻ രക്ഷപ്പെടും. ആളുകളെ വളയ്ക്കാൻ തനിക്കറിയാം.'

'ഒന്നു പോ ചേട്ടാ. തമാശ പറയാതെ'

'എങ്കിൽ ഞാൻ പറയുന്നു, അധികം വൈകാതെ വലിയ നിലയിൽ എത്തും'

'ചേട്ടന്റെ നാവ് പൊന്നായിരിക്കട്ടെ, എന്നു പറഞ്ഞു എന്റെ കൈകൾ കൂട്ടിപ്പിടിച്ചു.

'ദിലീപേ, കൂടുതൽ അഭിനയം വേണ്ട, ഇതൊക്കെ ക്യാമറയുടെ മുന്നിലാണേൽ വലിയ വിജയമാകും. സിനിമാ രംഗം നന്ദയില്ലായ്മയുടെ കൂടാരമാണ്. ഇത്രയും വർഷത്തിനുള്ളിൽ ഞാനതു മനസ്സിലാക്കിയതാണ്. അതുകൊണ്ട് തങ്ങളുടെ പ്രകടനങ്ങളിൽ എനിക്കും പുതുമയൊന്നും തോന്നുന്നില്ല. അവസരം വരുമ്പോൾ ദിലീപും തിരിഞ്ഞു കൊത്തും.'

'ഞാൻ അത്തരക്കാരനല്ല. എന്നും നന്ദിയുള്ളവനായിരിക്കും'

പിന്നീട് ഞങ്ങൾ തമ്മിൽ കണ്ടത് 'സല്ലാപം' സെറ്റിൽ വച്ചാണ്. നായകനും നായികയ്ക്കും വേണ്ടി അന്വേഷണം നടക്കുന്ന അവസരം. ലോഹിതദാസും കൊച്ചിൻ ഹനീഫയും ഒരു മുറിയിൽ ഞാൻ ഹനീഫയെ കാണാനാണ് ഷൊർണ്ണൂരിൽ ചെന്നത്. ലോഹിതദാസും കൊച്ചിൻ ഹനീഫയും ഒരുമുറിയിൽ. ഞൻ ഹനീഫയെ കാണാനാണ് ഷൊർണൂരിൽ ചെന്നത്. ലോഹിതദാസും, ഹനീഫയും സല്ലാപത്തിന്റെ ഡിസ്‌കഷനിലായിരുന്നു നിർമ്മാതാവ് ഉണ്ണിക്കു വേണ്ടിയായിരുന്നു 'സല്ലാപം'. സംവിധായകൻ സുന്ദർദാസും. വിനീതിനെയും ആനിയേയും നായികാ നായകന്മാരായി തീരുമാനിച്ചു. പിന്നീടാണ് കഥയിലും കഥാപാത്രങ്ങളിലും കുറെ കൂടി മാറ്റം വരുത്തിയത്.

ഒരു ആശാരി ചെറുക്കന്റെയും യുവതിയുടെയും കഥ എന്നാൽ കൊച്ചിൻ ഹനീഫയ്ക്കു ഒരു സംശയം.

ആശാരി ചെറുക്കൻ ജൂണിയർ യേശുദാസ് എന്ന പേരിൽ അറിയപ്പെടുന്ന ശശികുമാർ എന്ന കഥാപാത്രം വിനീതിനു താങ്ങാൻ പറ്റുമോ? വിനീത് നല്ല നടനാണ് എന്നാൽ ഈ റോൾ മറ്റാരെയെങ്കിലും ഏൽപ്പിക്കുന്നതായിരിക്കും നല്ലത്. വിനീതിനെ പോലെ തന്നെയാണ് ആനിയും. മറ്റൊരു വീട്ടിൽ വേലയ്ക്കു നിൽക്കുന്ന പെൺകുട്ടിയാണ് രാധ. ആനിയുടെ രൂപം ഒട്ടും ചേർന്നതല്ല ആ വേഷത്തിന്. വീട്ടിൽ വേലക്കാരിയായി നിൽക്കുന്ന ബോഡി ലാംഗ്വേജും ഇല്ലായിരുന്നു.

അങ്ങനെയാണ് വിനീതിനു പകരം ദിലീപും ആനിക്കും പകരം മഞ്ജു വാര്യരും എത്തിയത്.

ദിലീപിന്റെ കാര്യം സൂചിപ്പിച്ചത് ഹനീഫയാണ്. കമലിന്റെ സിനിമയിലെ ചെറുപ്പക്കാരൻ എന്ന രീതിയിൽ വിളിച്ചു വരുത്തി സംസാരിക്കുന്നതു നന്നായിരിക്കുമെന്ന് ഹനീഫ പറഞ്ഞപ്പോൾ ലോഹിതദാസ് സമ്മതിച്ചു. ലോഹിതദാസ് ദിലീപിനെ വിളിച്ചു. വീട്ടിൽ ചെന്നു കാണണമെന്നു പറഞ്ഞു. അന്ന് ആലുവായിലാണ് ലോഹിതദാസ് താമസം.

ഏരെ പ്രതീക്ഷയോടെയാണ് ദിലീപ് ചെന്നത്. ഒരു ചെറിയ വീട്. ആ വാടക വീട്ടിലാണ് വർഷങ്ങളായി ദിലീപും കുടുംബവും താമസിച്ചിരുന്നത്.ലോഹിതദാസ് ദിലീപിനെ സ്നേഹത്തോടെ സ്വീകരിച്ചു. ഭക്ഷണം കൊടുത്തു. പിന്നെ സല്ലാപത്തിന്റെ കഥ പറഞ്ഞു. അതിലെ നായകനായ ശശികുമാർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ദിലീപിനെ വിളിച്ചു വരുത്തിയതെന്ന് പറഞ്ഞപ്പോൾ ദിലീപിനു വിശ്വസിക്കാൻ കഴിഞ്ഞില്ല. അയാളുടെ കണ്ണുകൾ നിറഞ്ഞു. അറിയാതെയെന്നോണം കൈകൾ കൂപ്പി.

'എനിക്കല്ല ഈ കൈ കൂപ്പ് നൽകേണ്ടതുകൊച്ചിൻ ഹനീഫക്കാണ്. വിനീതിനു തീരുമാനിച്ച വേഷമാണിത് തന്റെ പേരു പറഞ്ഞത് ഹനീഫയാണ്'. അഭിനയിക്കേണ്ട രീതി ദിലീപിനു പറഞ്ഞു കൊടുത്തു. അന്ന് എങ്ങനെയാണ് അഭിനയിക്കേണ്ടതെന്ന് ദിലീപിനു അറിയില്ലായിരുന്നു.

തുടരും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP