Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇസ്ലാം ഒരിക്കലും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് മത പണ്ഡിതർ പറയുമ്പോഴും ജനങ്ങൾക്ക് ശക്തമായ ബോധവൽക്കരണം ലഭിക്കുന്നില്ല; ഖുർആൻ ദുർവ്യാഖ്യാനം ചെയ്താണ് ഐ.എസിന് അനുകൂല പ്രചാരണം നടത്തുന്നതെന്നും സുന്നി മതപണ്ഡിതർ; യഥാർഥ മതവിശ്വാസമാണ് ഇതിന് പോംവഴിയെന്നും ഇസ്ലാമിക പണ്ഡിതർ; മതം തന്നെയാണ് ഭീകരതയെന്നും മതത്തിൽ ഉള്ളതാണ് ഭീകരർ നടപ്പാക്കുന്നതെന്നും സ്വതന്ത്ര ചിന്തകർ; ഐഎസ് ഭീതിയുടെ അടിവേരുകളിലൂടെ... മറുനാടൻ പരമ്പര നാലാഭാഗം

ഇസ്ലാം ഒരിക്കലും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് മത പണ്ഡിതർ പറയുമ്പോഴും ജനങ്ങൾക്ക്  ശക്തമായ ബോധവൽക്കരണം ലഭിക്കുന്നില്ല; ഖുർആൻ ദുർവ്യാഖ്യാനം ചെയ്താണ് ഐ.എസിന് അനുകൂല പ്രചാരണം നടത്തുന്നതെന്നും സുന്നി മതപണ്ഡിതർ; യഥാർഥ മതവിശ്വാസമാണ് ഇതിന് പോംവഴിയെന്നും ഇസ്ലാമിക പണ്ഡിതർ; മതം തന്നെയാണ് ഭീകരതയെന്നും മതത്തിൽ ഉള്ളതാണ് ഭീകരർ നടപ്പാക്കുന്നതെന്നും സ്വതന്ത്ര ചിന്തകർ; ഐഎസ് ഭീതിയുടെ അടിവേരുകളിലൂടെ... മറുനാടൻ പരമ്പര നാലാഭാഗം

എം റിജു/ ജംഷാദ് മലപ്പുറം

തിരുവനന്തപുരം: ഖൂർആൻ ദുർവ്യാഖ്യാനം ചെയ്താണ് മുസ്ലിംയുവാക്കൾ ഐഎസ് ഭീകരവാദ സംഘടനയിലേക്ക് ആകൃഷ്ടരാകുന്നതെന്ന് മുസ്ലിംമത പണ്ഡിതർ തന്നെ സമ്മതിക്കുമ്പോൾ ഇതിനെതിരെയുള്ള ശക്തമായ ബോധവൽക്കരണങ്ങളോ, ക്യാമ്പയിനുകളോ ഇത്തരം യുവാക്കൾക്ക് ലഭിക്കുന്നില്ല. ഇതുതന്നെയാണു ഭീകരവാദ സംഘടനകളിലേക്ക് ഇത്തരം യുവാക്കൾക്ക് കടന്നുചെല്ലാൻ വഴിയൊരുക്കുന്നത്,ഖുർആൻ ഒരിക്കലും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ദുർവ്യാഖ്യാനം ചെയ്താണ് ഐ.എസിന് അനുകൂല പ്രചരണം നടത്തുന്നതെന്നും സുന്നി മതപണ്ഡിതർ ഒന്നടങ്കം ചൂണ്ടിക്കാട്ടുന്നു, ഇക്കാര്യങ്ങൾ മുസ്ലിംമത വിഭാഗങ്ങൾക്കിടയിൽ ശക്തമായ രീതിയിൽ പ്രചരിപ്പിക്കാനും, പ്രചാരണ ക്യാമ്പയ്‌നുകൾ ജനങ്ങൾക്കിടയിലേക്ക് എത്താത്തതുമാണ് തിരിച്ചടിയാകുന്നത്.

നേരത്തെ എ.പി-ഇ.കെ സുന്നികളുടെ നേതൃത്വത്തിൽ സലഫിസത്തിലെ ഭീകരവാദ സൂചനകൾ ചൂണ്ടിക്കാട്ടി പ്രചാരണ ക്യാമ്പയിനുകൾ നടന്നിരുന്നെങ്കിലും ഇതൊന്നും കാര്യമായി ജനങ്ങളെ ബോധവൽക്കരിക്കാൻ ഉപകാരപ്പെട്ടിട്ടില്ല, സുന്നി ആശയങ്ങളിൽ വിശ്വസിക്കുന്നവർ ഭീകരവാദ പ്രസ്താവനകളിൽ എത്തപ്പെടാൻ സാധ്യത കുറവായതിനാൽ തന്നെ മുജാഹിദ്, സലഫി വിഭാഗങ്ങൾക്കാണ് ഇത്തരത്തിലുള്ള പ്രചാരണ ക്യാമ്പയ്‌നുകൾ ലഭിക്കേണ്ടതെന്നും മത നേതാക്കൾ അഭിപ്രായപ്പെടുന്നു.

കേരളത്തിൽനിന്നും ഐ.എസിൽ ചേർന്നതായി എൻ.ഐ.എ. സ്ഥിരീകരിച്ച മലയാളികളായ ഒരു എൻജിനിയറും ഡോക്ടറും എം.ബി.എ. വിദ്യാർത്ഥിയുമൊക്കെ ഖുർആൻ ദുർവ്യാഖ്യാനം ചെയ്ത് വിശ്വസിച്ചാണ് പോയതെന്നാണ് തുടരന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇവർ സ്വന്തമായോ, ഐ.എസ്. ആശയക്കാരുമായി ചേർന്നോ ഖുർആൻ വിവർത്തനം നടത്തി ദുർവ്യാഖ്യാനം ചെയ്യുകയാണ് ചെയ്യുന്നത്, ഐ.എസ്. ആശയക്കാരെ ചോദ്യം ചെയ്തതിൽനിന്നും, ഐ.എസിൽ ചേർന്നവർ ബന്ധുക്കൾക്ക് അയച്ച കത്തുകളും ഫോൺകോളുകളും വിശകലനം ചെയ്തും ഇക്കാര്യങ്ങൾ എൻഐഎ. സ്ഥിരീകരിച്ചിരുന്നു.

കേരളത്തിലെ മുസ്ലിം സംഘടനകൾ പറയുന്നത്

ഖുർആൻ ദുർവ്യാഖ്യാനങ്ങളിൽ ആകൃഷ്ടരാകുന്ന മലയാളികളാണ് ഐ.എസിൽ എത്തിപ്പെടുന്നതെന്ന് ആരോപിച്ച് കേരളത്തിലെ പ്രമുഖ മുസ്ലിംമത സംഘടനകൾ. ഇ.കെ വിഭാഗം സമസ്ത, കാന്തപുരം എ.പി വിഭാഗം സുന്നികൾ, മുജാഹിദ് വിഭാഗം എന്നിവർ ഇതാണ് വ്യക്തമാക്കുന്നത്. നന്മയുടെ സന്ദേശങ്ങളാണ് വിശ്വാസത്തിന്റെ കാതലെന്നും മതം മുൻഗാമികളിൽ നിന്നു പഠിച്ചാൽ ദുർവ്യാഖ്യാനങ്ങളിൽ പെടില്ലെന്നും ലോകത്ത് മതപ്രബോധനം വാളുകൊണ്ടല്ല നിർവഹിച്ചതെന്നും സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ല്യാർ പ്രതികരിച്ചു. ഖുർആൻ ദുർവ്യാഖ്യാതാക്കളെ കരുതിയിരിക്കണമെന്ന് ഇസ്ലാമിക് സയൻസ് റിസർച്ച് അക്കാഡമി പ്രിൻസിപ്പൽ മുഹമ്മദ് സജീർ ബുഖാരിയും പ്രതികരിച്ചു. ഇരുവരുടെയും പ്രതികരണങ്ങൾ താഴെ:

മതം മുൻഗാമികളിൽ നിന്നു പഠിക്കുകയാണ് പരിഹാരം- കെ.ആലിക്കുട്ടി മുസ്ല്യാർ

നന്മയുടെ സന്ദേശങ്ങളാണ് വിശ്വാസത്തിന്റെ കാതൽ. ഇസ്ലാമിക സമൂഹത്തിന്റെ വിശ്വാസവും കർമ്മവും പ്രമാണങ്ങൾക്കനുസൃതമായിരിക്കണമെന്ന് സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ല്യാർ പറഞ്ഞു. ഇസ്ലാമിക ആദർശ പാഠങ്ങൾ ഖുർആൻ,ഹദീസ്, ഇജ്മാഅ്, ഖിയാസ് എന്നിവ കൊണ്ടു സ്ഥിരപ്പെട്ടതാണ്. ദൈവീകവചനമായ വിശുദ്ധ ഖുർആനും നബിചര്യയും അടിസ്ഥാനപ്പെടുത്തി മാത്രം മതത്തെ വ്യാഖ്യാനിക്കുകയും മനസ്സിലാക്കുകയും ചെയ്യുകയെന്നതാണ് ഇസ്ലാമിക പ്രാമാണിക രീതി. പ്രവാചകരിൽ നിന്നും അനുചരന്മാർ നേരിട്ടു മനസ്സിലാക്കുകയും അവ ജീവിതത്തിൽ പുലർത്തുകയും ചെയ്തുവെന്നതാണ് മതത്തിന്റെ രീതി.മത പ്രബോധനത്തിന്റെ അടിസ്ഥാന സവിശേഷതയും ഇതുതന്നെയാണ്. മതം പ്രവാചകരുടെ ജീവിത്തതിൽ നിന്നു പഠിക്കാൻ അനുചരർക്ക് സാധിച്ചു. അവരിൽ നിന്നും പിൽകാല മുസ്ലിം നേതൃത്വം നേരിട്ടുമനസ്സിലാക്കുകയും ചെയ്തു. അവ ക്രോഡീകരിച്ചതാണ് മദ്ഹബുകൾ നിർവഹിച്ച ദൗത്യം. ഇതിനാൽ മുസ്ലിം സമൂഹത്തിന്റെ വിശ്വാസ ധാര യാഥാവിധം അതനുസരിച്ച് മുന്നോട്ടുപോവുകയാണ് വിശ്വാസികളുടെ വഴി. ഈ മാർഗത്തിൽ നിന്നുള്ള വ്യതിചലനമാണ് ആശയങ്ങളെ തെറ്റായി ദുർവ്യാഖ്യാനിത്തിടവരുത്തുക.

തീവ്രവാദവും ഭീകരതയും ഇസ്ലാമിനു അന്യമാണ്. മതദർശനങ്ങൾ സഹിഷ്ണുതയാണ് പഠിപ്പിക്കുന്നത്. ഖുർആനിക സന്ദേശം ഇതാണ് ലോകത്തോടു വിളംബരം ചെയ്യുന്നത്. യഥാവിധത്തിൽ മതം മനസ്സിലാക്കിയവർക്ക് തീവ്രവാദത്തിന്റെ വക്താക്കളാവാൻ സാധ്യവുമല്ല. പ്രവാചകനു നേരെ മർദ്ദനം അഴിച്ചുവിട്ട ജനതയോടു പോലും മക്കാവിജയ ഘട്ടത്തിൽ സഹിഷ്ണുതയും പൊതുമാപ്പും നൽകിയ പാഠമാണ് പ്രവാചക ചരിത്രം. രക്തച്ചൊരിച്ചിലുകളെ ഒരിക്കലും പ്രോൽസാഹിപ്പിച്ചിട്ടില്ല. ജീവനോടും സമ്പത്തിനോടും ക്രൂരതചെയ്യുന്ന അഭിനവ യുദ്ധ സങ്കൽപങ്ങളും കൊലപാതകങ്ങളും ഭീകരാക്രമങ്ങളും ലോകത്ത് വലിയ ഭീതി സൃഷ്ടിക്കുന്നുണ്ട്. ഐ.എസ് പോലുള്ള പ്രസ്ഥാനങ്ങളും അനുദിനം പലപേരിൽ മുളച്ചുപൊന്തുന്ന ഭീകര പ്രസ്ഥാനങ്ങളും മതാദർശത്തിന്റെ പിൻബലം അവകാശപ്പെടാവുന്നവയല്ല. സങ്കുചിതമായ ലാഭവും രാഷ്ട്രീയ മേൽക്കോയ്മയും കൊള്ളയും ലക്ഷ്യം വെച്ചുള്ള പ്രസ്ഥാന രൂപങ്ങൾ നിലനിൽപിനു വേണ്ടി മതത്തിന്റെ പേര് ദുരുപയോഗപ്പെടുത്തുന്നത് അപലപനീയമാണ്.

ലോകത്ത് മതപ്രബോധനം വാളുകൊണ്ടല്ല നിർവഹിച്ചത്. വ്യക്തിത്വത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് മതത്തെ മറ്റുള്ളവർ മനസ്സിലാക്കിയത്. പ്രവാചകർക്കു നേരെ ഒളിയജണ്ടകളുമായി കടന്നുവന്ന ശത്രുക്കൾ പലരും പ്രവാചക വ്യക്തിത്വത്തിൽ ആകൃഷ്ടരായി അനുയായികളായി തീർന്നതാണ് ചരിത്രം. മതം വ്യക്തിയുടെ വിശുദ്ധ ജീവിതത്തിൽ നിന്നും പകർന്നു നൽകിയതാണ് ലോകത്തെ പ്രബോധന ചരിത്രവും. ഭീതിയും വെല്ലുവിളിയും കൊലവിളിയും ആപത്തുകളാണ് ക്ഷണിച്ചുവരുത്തുന്നത്. ഇതിനു മതദർശനങ്ങൾ എതിരാണ്. ശരിയായ ദിശ പറഞ്ഞുകൊടുക്കുന്നതോടൊപ്പം, അതു ഉൾക്കൊള്ളാത്തവർക്ക് പോലും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കാൻ ആവില്ല.ഖുർആൻ ദുർവ്യാഖ്യാനങ്ങളിൽ ആകൃഷ്ടരാകുന്ന മലയാളികളാണ് ഐ.എസിൽ എത്തിപ്പെടുന്നതെന്ന് ആരോപിച്ച് കേരളത്തിലെ പ്രമുഖ മുസ്ലിംമത സംഘടനകൾ. ഇ.കെ വിഭാഗം സമസ്ത, കാന്തപുരം എ.പി വിഭാഗം സുന്നികൾ, മുജാഹിദ് വിഭാഗം എന്നിവർ ഇതാണ് വ്യക്തമാക്കുന്നത്.

അധികാര സംസ്ഥാപനത്തിനു വേണ്ടി കൊലവിളി നടത്തുന്ന ഭീകര കാഴ്ചകളെ മതത്തിന്റെ പേരിൽ അവതരിപ്പിച്ചുകൂടാ. പലപ്പോഴും അറിവില്ലായ്മയെ ചൂഷണം ചെയ്യുക ഇത്തരം ശ്ക്തികളുടെ രീതിയാണ്. ഇത്തരം തിന്മകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യപ്പെടാതിരിക്കാൻ മതത്തെ കുറിച്ചുള്ള ശരിയായ അവബോധവും വിജ്ഞാനവും പകർന്നു കൊടുക്കുകയാണ് വേണ്ടത്. ഇസ്ലാമിക പാരമ്പര്യത്തിൽ പണ്ഡിതന്മാരുടെ വിശദീകരണമനുസരിച്ചു വിജ്ഞാനം നേടുകയാണ് പ്രധാനം. അതോടെ ദുർവ്യാഖ്യാനങ്ങളുടെ പഴുതടയ്ക്കാനാകും. ലോകത്ത് പ്രസിദ്ധമായ മതപഠന കേന്ദ്രങ്ങളെല്ലാം ഇത്തരത്തിലുള്ള വലിയ ദൗത്യം നിർവഹിക്കുന്നുണ്ട്. രാജ്യത്ത് ഇതിൽ ഏറ്റവും വലിയ മാതൃക കാണിച്ചത് സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമയാണ്. നവോത്ഥാനമെന്ന പേരിൽ സലഫികൾ ഇസ്ലാമിക ആശയത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചപ്പോൾ അതിനെ പ്രതിരോധിക്കുകയായിരുന്നു സമസ്ത.

പാരമ്പര്യ പാതയിൽ നിന്നും മതത്തെ മനസ്സിലാക്കി കൊടുക്കുകയും അതേപാതയിൽ മുന്നോട്ടുനയിക്കുകയുമാണ് സമസ്ത ചെയ്യുന്ന ദൗത്യം. പതിനായിരത്തോളംവരുന്ന പ്രാഥമിക മദ്‌റസകളും പള്ളികളും മതസ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള ഉന്നത മതപഠന സമ്പ്രദായവും ഈ രംഗത്ത് പാരമ്പര്യ പണ്ഡിതന്മാരുടെ സംഭാവനയാണ്. വിശ്വാസവും കർമ്മവും ധാർമ്മിക മൂല്യങ്ങളും രാജ്യസ്‌നേഹവും സേവന തത്പരതയും സാമൂഹ്യബോധവും പകർന്നു നൽകുകയും അതിനു വേണ്ട പരിശീലനം നേടുകയുമാണ് മതപാഠശാലകൾ നിർവഹിക്കുന്നത്. വിജ്ഞാനം ഉൾക്കൊണ്ടുള്ള ഈ മുന്നേറ്റമാണ് മതത്തെ ദുർവ്യാഖ്യാനത്തിനിട വരുത്താത്ത, ഭീകര സങ്കൽപങ്ങളില്ലാത്ത സാമൂഹ്യ സുരക്ഷക്കു വേണ്ടത്. മതത്തിന്റെ ദർശനങ്ങൾ മുൻഗാമികളിൽ നിന്നും പഠിക്കുകയാണ് പരിഹാരമാർഗം.

ഖുർആൻ ദുർവ്യാഖ്യാതാക്കളെ കരുതിയിരിക്കുക:

(മുഹമ്മദ് സജീർ ബുഖാരി (പ്രിൻസിപ്പൽ, ഇസ്ലാമിക് സയൻസ് റിസർച്ച് അക്കാഡമി, കാസർഗോഡ്)

ഒരു ഉറുമ്പിനെ പോലും നോവിക്കുന്നതു പ്രവാചകൻ ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് കാസർഗോഡ് ഇസ്ലാമിക് സയൻസ് റിസർച്ച് അക്കാഡമി പ്രിൻസിപ്പൽ മുഹമ്മദ് സജീർ ബുഖാരി പറഞ്ഞു. അങ്ങ് പരുഷ സ്വഭാവിയും കർക്കശക്കാരനുമായിരുന്നെങ്കിൽ അവരെപ്പോഴേ അങ്ങയുടെ ചുറ്റു നിന്നും ഓടിയകന്നിട്ടുണ്ടാവും സൂറ ആലുഇംറാനിൽ നബി തിരുമേനിയെ സംബോധന ചെയ്തു വിശുദ്ധ ഖുർആൻ പറഞ്ഞ വാക്കുകളാണിത്. ഇസ്ലാം എന്ന പദം തന്നെ അറിയിക്കുന്നതുപോലെ തികഞ്ഞ ശാന്തതയായിരുന്നു അവിടുത്തെ ജീവിതം. ഒരിക്കൽ നിലത്ത് ചമ്രം പടിഞ്ഞിരുന്നപ്പോൾ പരന്നു കിടന്ന വസ്ത്രാഞ്ചലത്തിൽ കയറിക്കിടന്ന പൂച്ച, തങ്ങൾ എഴുന്നേറ്റു പോകാനായ നേരം ഉറക്കത്തിലേക്കു വീണിരുന്നു. ആ പൂച്ചയുടെ ഉറക്കം നശിപ്പിക്കാതിരിക്കാൻ ആ വസ്ത്രഭാഗം മുറിച്ചിട്ടാണ് തിരുമേനി എഴുന്നേറ്റുപോയത്. മസ്ലിംകൾ മാതൃക കാണുന്നത് കാരുണ്യത്തിന്റെ സ്വരൂപമായി ജീവിച്ച നബി തിരുമേനിയിൽ തന്നെയാണ്. മുത്ത്‌നബി മുസ്ലിംകൾക്കു മാത്രമല്ല, ലോകത്തിനാകമാനം കാരുണ്യമാണെന്നാണ് വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നത്.

ജീവിതത്തിന്റെ സകല മേഖലകളെയും സ്പർശിക്കുന്നതാണു തിരുജീവിത ദർശനം. സ്വാഭാവികമായും രാഷ്ട്രവും രാഷ്ട്രീയവും അധികാരവും നയതന്ത്ര ബന്ധങ്ങളും യുദ്ധങ്ങളും യുദ്ധനിയമങ്ങളും യുദ്ധക്കുറ്റങ്ങളുമെല്ലാം ഖുർആനിൽ വിഷയീഭവിച്ചിട്ടുണ്ട്. അത്തരം പരാമർശങ്ങളെ സന്ദർഭങ്ങളിൽ നിന്ന് അടർത്തിയെടുത്തു പതിന്നാലു സഹസ്രാബ്ദക്കാലത്തെ മുസ്ലിംകൾക്കു പരിചയമില്ലാത്ത സ്വന്തമായ വ്യാഖ്യാനങ്ങൾ ചമയുന്നവരാണ് ഇസ്ലാമിന്റെ പേരിൽ ഭീകരവാദപ്രവർത്തനങ്ങൾ നടത്തികൊണ്ടിരിക്കുന്നത്. യുദ്ധ ഭൂമിയിലെ പോലും ഫലവൃക്ഷം നശിപ്പിക്കുകയോ അതിന്നടിയിൽ മലമൂത്ര വിസർജനം നടത്തുകയോ ചെയ്യരുതെന്നാണു നിയമം. വൃദ്ധരും കുട്ടികളും സ്ത്രീകളും നിരപരാധികളും അക്രമിക്കപ്പെട്ടുകൂട. യുദ്ധപ്പറമ്പിൽ തന്നെ വധിക്കാൻ തക്കം പാർത്തു ചാടിവീണ ശത്രുവിനെ മലർത്തിയടിച്ചു നിലത്തിട്ടു വധിക്കാനായി വാളോങ്ങവെ അയാൾ മുഖത്തേക്കു കാർക്കിച്ചു തുപ്പിയപ്പോൾ അയാളെ വെറുതെ വിട്ടു മടങ്ങിവന്ന നബി ശിഷ്യനായ അലിയാര് പ്രതികരിച്ചത് ഇനി ഞാൻ അയാൾക്കെതിരിൽ വാളോങ്ങിയാൽ എന്റെ സ്വാർഥ താൽപര്യത്തിനു വേണ്ടിയാണു ഞാനയാളെ വധിച്ചത് എന്നു തെറ്റിദ്ധരിപ്പിക്കപ്പെട്ടുകൂടാ, എന്നത്രെ.!.ഒരു ഉറുമ്പിനെ പോലും നോവിക്കുന്നതു പ്രവാചകൻ ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് കാസർഗോഡ് ഇസ്ലാമിക് സയൻസ് റിസർച്ച് അക്കാഡമി പ്രിൻസിപ്പൽ മുഹമ്മദ് സജീർ ബുഖാരി പറഞ്ഞു. അങ്ങ് പരുഷ സ്വഭാവിയും കർക്കശക്കാരനുമായിരുന്നെങ്കിൽ അവരെപ്പോഴേ അങ്ങയുടെ ചുറ്റു നിന്നും ഓടിയകന്നിട്ടുണ്ടാവും സൂറ ആലുഇംറാനിൽ നബി തിരുമേനിയെ സംബോധന ചെയ്തു വിശുദ്ധ ഖുർആൻ പറഞ്ഞ വാക്കുകളാണിത്.

എന്നാൽ ഇന്നു പ്രവർത്തിക്കുന്ന എല്ലാ തീവ്രവാദി സംഘങ്ങളും സ്വാർഥ താൽപര്യങ്ങൾക്കും അധികാര മോഹങ്ങൾക്കും വേണ്ടി മതത്തെ ദുരുപയോഗം ചെയ്യുകയാണെന്ന കാര്യത്തിൽ തർക്കമില്ല. ഖുർആനിനെയും തിരുമാതൃകകളെയും യഥേഷ്ടം ദുർവ്യാഖ്യാനം ചെയ്തു വൈകാരികമായി ഇളക്കിവിടാനുള്ള ശ്രമങ്ങൾ ശക്തമാണ്.

ഈ തീവ്രവാദ പ്രവർത്തനങ്ങൾക്ക മതത്തിന്റെയോ മതവിശ്വാസികളുടെയോ പിന്തുണയില്ല. ഐസിസ് തലവൻ ബഗ്ദാദി വരെയുള്ള മുഴുവൻ തീവ്രവാദ സംഘടനകളഉടെയും നേതൃത്വത്തെ നോക്കൂ അവരിൽ ഒരാൾ പോലും പണ്ഡിതനല്ല. ഇങ്ങനെ ഒരു വൈകാരിക കൂട്ടത്തിന്റെ തലവനായിട്ടല്ലാതെ സമൂഹത്തിനു അവരെ കണ്ടോ കേട്ടോ പരിചയമില്ല.

ലോകത്തെവിടെയും മുസ്ലിംകൾക്കിടയിൽ അറിയപ്പെട്ട ഒരാളും ഐസിസിനെ അംഗീകരിക്കുന്നില്ല. ഒരൊറ്റ ഇസ്ലാമിക യൂണിവേഴ്‌സിറ്റിയുടെയും ചാൻസിലറോ വൈസ് ചാൻസിലറോ അവരെ അനുകൂലിക്കുന്നില്ല. ഇവരെല്ലാവരും ഇക്കാലമത്രയും ജീവിച്ചു കാണിച്ചു തന്ന ഇസ്ലാമിൽ അമുസ്ലിമിനെ കണ്ടേടത്തിട്ടു കൊത്തുക എന്ന നയമില്ല. ഇവർക്കാർക്കും പരിചയമില്ലാത്ത ഇസ്ലാം ഇസ്ലാമുമല്ല. അറബിയിൽ പ്രസംഗിച്ചതുകൊണ്ടോ ഖുർആനിൽ നിന്നു ഉദ്ധരിച്ചതുകൊണ്ടോ മാത്രം അതു ഇസ്ലാമിന്റെ നിലപാടാണ് എന്ന് വിചാരിച്ചു കൂടാ. അതിനാൽ ഇത്തരം ഉപജാപക സംഘങ്ങളെ കരുതിയിരിക്കുന്നതിൽ ഏറ്റവും കൂടുതൽ ജാഗ്രതവേണ്ടത് മുസ്ലിം യുവാക്കൾക്കു തന്നെ.

മതം തന്നെയാണ് ഭീകരതയെന്ന് സ്വതന്ത്രചിന്തകർ

എന്നാൽ ഇതിന് കടക വിരുദ്ധമായ അഭിപ്രായമാണ് കേരളത്തിലെ പ്രമുഖ സ്വതന്ത്ര ചിന്തകരായ ഇ.എ ജബ്ബാറും, സി രവിചന്ദ്രനുമൊക്കെ ചൂണ്ടിക്കാട്ടുന്നത്. 'ഭീകരതക്ക് മതം ഇല്ല എന്നത് വെറും വാചാടോപം മാത്രമാണ്. മതമല്ലെങ്കിൽ മറ്റെന്താണ് ഭീകരതക്കുള്ളത്. ശുദ്ധമായ മതം എന്നാൽ ശുദ്ധമായ ഭീകരതയാണ്. മതത്തിൽ ഉള്ളതുതന്നെയാണ് മത ഭീകരർ നടപ്പാക്കുന്നത്. അതുകൊണ്ടുതന്നെ തൊലിപ്പുറമെയുള്ള സാമൂഹിക വീക്ഷണങ്ങളോ, മതമല്ല ഇതിന്റെ പിന്നിൽ എന്ന വ്യാഖ്യാന കസർത്തുകളോ യഥാർഥ പ്രശ്നം പരിഹരിക്കുന്നത് ഉപകരിക്കുന്നില്ല. മത പരിഷ്‌ക്കരണമല്ല, മത നിരാസമാണ് നമുക്ക് വേണ്ടത്. അതിലൂടെ മാത്രമേ വർഗീയതയും തീവ്രവാദത്തെയും നമുക്ക് പിടിച്ച് കെട്ടാൻ കഴിയു. ' - സി രവിചന്ദ്രൻ വ്യക്തമാക്കുന്നു.

സമാനമായ അഭിപ്രായം തന്നെയാണ് ഇ.എ.ജബ്ബാറും പങ്കുവെക്കുന്നത്. എത് രീതിയിലും വ്യാഖ്യാനിക്കാവുന്ന ഒരു പാട് വൈരുധ്യങ്ങളും ആവർത്തനങ്ങളുമുള്ള ഗ്രന്ഥമാണ് ഖുർആൻ. ഒരേ സമയത്ത് യുദ്ധത്തെയും സമാധാനത്തെയും അത് പ്രോൽസാഹിപ്പിക്കുന്നുണ്ട്. ഐഎസിനെപ്പോലുള്ള ആശയക്കാർ ഈ തിന്മയാണ് കാണുന്നത്. അവർ അത് സത്യസന്ധമായി നടപ്പാക്കുന്നു. അതുകൊണ്ടുതന്നെ മതമല്ല ഭീകരതക്ക് അടിസ്ഥാനം എന്നു പറയുന്നിടത്ത് യാതൊരു കഥയുമില്ല.- ജബ്ബാർ വ്യക്താമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP