Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വർഗത്തിലേക്കുള്ള സീറ്റുകൾ വിറ്റ് കോടീശ്വരനായ ജോസഫ് പൊന്നാറ ഉയർത്തെഴുനേൽക്കുന്നു! നായകൻ മരിച്ചതോടെ പിറകോട്ട് ആയിപ്പോയ സിയോൻ സഭ വീണ്ടും സജീവമാകുന്നു; സ്വർഗത്തിലേക്കുള്ള സീറ്റുകൾ ഒരുലക്ഷം രൂപക്ക് വീണ്ടും ബുക്ക് ചെയ്യാം; കോവിഡ് കാലത്തും കേരളത്തിൽ കളമൊരുങ്ങുന്നത് കോടികളുടെ വിശ്വാസ തട്ടിപ്പിന്; ഉയർത്തെഴുനേൽക്കുന്ന ലോകാവസാന കൾട്ടുകൾ; മറുനാടൻ അന്വേഷണ പരമ്പര ഇന്നു മുതൽ

സ്വർഗത്തിലേക്കുള്ള സീറ്റുകൾ വിറ്റ് കോടീശ്വരനായ ജോസഫ് പൊന്നാറ ഉയർത്തെഴുനേൽക്കുന്നു! നായകൻ മരിച്ചതോടെ പിറകോട്ട് ആയിപ്പോയ സിയോൻ സഭ വീണ്ടും സജീവമാകുന്നു; സ്വർഗത്തിലേക്കുള്ള സീറ്റുകൾ ഒരുലക്ഷം രൂപക്ക് വീണ്ടും ബുക്ക് ചെയ്യാം; കോവിഡ് കാലത്തും കേരളത്തിൽ കളമൊരുങ്ങുന്നത് കോടികളുടെ വിശ്വാസ തട്ടിപ്പിന്; ഉയർത്തെഴുനേൽക്കുന്ന ലോകാവസാന കൾട്ടുകൾ; മറുനാടൻ അന്വേഷണ പരമ്പര ഇന്നു മുതൽ

എം റിജു

'ഡൂംസ് ഡേ കൾട്ട്'! അമേരിക്കയിലെയും യൂറോപ്പിലെയും ഭരണകൂടം അൽപ്പം ഭീതിയോടെ മാത്രം ഓർക്കുന്ന വിഭാഗമാണിത്. 1978 നവംബർ 18 ന് ഗയാനയിലെ കൂട്ട ആത്മഹത്യ ലോകം മറന്നിട്ടില്ല. ലോകാവസാനത്തിൽ വിശ്വസിക്കുന്ന ഈ ഭ്രാന്തൻ കൾട്ടുകൾ ഒന്നിന്റെ അമരക്കാരനായ ജിം ജോൺസിന്റെ അരക്കിറുക്കിൽപെട്ട് അന്ന് ജീവനൊടുക്കിയത് ഒന്നും രണ്ടുപേരല്ല 918 മനുഷ്യരാണ്! ഇതിൽ ഏറെയും വിദ്യാസമ്പന്നർ ആയിരുന്നുവെന്നതാണ് ഏറ്റവും വിചിത്രം. സെപ്റ്റംബർ 11 ലെ ഇരട്ട ടവർ ആക്രമണത്തിനു മുമ്പ് പ്രകൃതിക്ഷോഭത്തിലല്ലാതെ ഇത്രയധികം പേർ ഒരുമിച്ചുമരിക്കുന്നത് അമേരിക്കയിൽ ആദ്യമായിരുന്നു. അതോടെ അമേരിക്കയിലെ ഫെഡറൽ ഗവൺമെന്റ് ഇത്തരം സംഘടനയെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.

ഇതൊക്കെ സായിപ്പിന്റെ ഉച്ചക്കിറുക്കാണെന്ന്  പറഞ്ഞ് തള്ളാൻവരട്ടെ. നമ്മുടെ നാട്ടിലും ഇത്തരം ഗ്രൂപ്പുകൾ ഉണ്ട്. ഈ ഭൂമിയിൽനിന്നുകൊണ്ട് സ്വർഗത്തിലെ സീറ്റ് കച്ചവടം ചെയ്യുന്നവർ. ലോകവസാനം പറഞ്ഞ് പേടിപ്പിച്ച് കോടീശ്വരന്മ്മാർ ആയവർ. പക്ഷേ ദൗർഭാഗ്യമെന്ന് പറയട്ടെ നമ്മുടെ പൊലീസ് ഭരണസംവിധാനവും ഇവർക്കുനേരെ കണ്ണടക്കുകയാണ്. അഥവാ ഒരു ദുരന്തം ഉണ്ടായാലേ നാം കണ്ണുതുറക്കൂ എന്നുള്ളൂ. 'ഉയർത്തെഴുനേൽക്കുന്ന ലോകാവസാന കൾട്ടുകൾ'; മറുനാടൻ മലയാളിയുടെ അന്വേഷണ പരമ്പര ഇന്നു മുതൽ..

തിരുവനന്തപുരം: 'മരിച്ചയാൾ ഉയർത്തെഴുനേൽക്കുമോ, ക്രിസ്തു വീണ്ടും ജനിച്ച് ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നുണ്ടോ, സ്വർഗത്തിൽ ആകെയുള്ള 1,44,000 സീറ്റുകളിൽ ഒന്ന് കിട്ടാൻ നാം എന്തുചെയ്യണം....' ഈ കോവിഡ് കാലത്ത് മനുഷ്യൻ അതിജീവനത്തിനായി പൊരുതുമ്പേൾ കേരളത്തിലെ ഒരു വിഭാഗം വിശ്വാസികളുടെ വാട്സാപ്പ് ഗ്രൂപ്പിൽ നിറയുന്ന പ്രചാരണങ്ങൾ ആണ് ഇവയൊക്കെ. മക്കമുതൽ വത്തിക്കാൻവരെ അടഞ്ഞുകിടക്കുന്ന ഈ കോവിഡ് കാലത്തും ഉയർത്തെഴുനേൽപ്പിന്റെയും ലോകാവസാനത്തിന്റെയും സ്വർഗത്തിന്റെയും പേരിൽ കേരളത്തിൽ കോടികളുടെ വിശ്വാസത്തട്ടിപ്പ് കളമൊരുങ്ങുകയാണ്. എല്ലാവരുടെയും ശ്രദ്ധ കോവിഡിൽ ആയതുകൊണ്ട് ഇത് അധികംപേർ അറിയുന്നില്ലെന്ന് മാത്രം.

ഇടക്കാലത്ത് മങ്ങിപ്പോയ തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടക്ക് അടുത്ത് മുരിയാടിലെ എംപറർ ഇമ്മാനുവേൽ എന്ന വിശ്വാസ പ്രസ്ഥാനത്തെക്കുറിച്ചും അവരുടെ സഭയായ സിയോൺ സഭയെക്കുറിച്ചുമാണ് വീണ്ടും പരാതി ഉയരുന്നത്. മൂന്നുവർഷം മുമ്പ് മരിച്ച ജോസഫ് പൊന്നാറയെന്ന ഈ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ഉയർത്തെഴുനേൽക്കുന്നെന്നാണ് ഇപ്പോൾ അതി ശക്തമായ പ്രചാരണം . ലോകവസാനത്തെ അതജീവിക്കാനായി സ്വർഗത്തിലേക്കുള്ള പെട്ടകം നിർമ്മിച്ച് ആളുകളെ റിക്രൂട്ട്ചെയ്യുന്നതിലൂടെ വിവാദ നായകനായ ജോസഫ് പൊന്നാറ തന്നെ.സ്വർഗത്തിൽ ആകെയുള്ള 1,44,000 സീറ്റുകൾ ആണ് ഉള്ളതെന്നും ലോകവസാനം ഉറപ്പാകുമ്പോൾ നമുക്ക് പെട്ടകത്തിൽ രക്ഷപ്പെടാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പലരുടെയും ലക്ഷങ്ങളുടെ സ്വത്താണ് ജോസഫ് പൊന്നാറ തന്റെ പ്രസ്ഥാനത്തിലേക്ക് മാറ്റിയത്.

ഒരു സീറ്റിന് ഒരു ലക്ഷം രൂപ എന്ന നിരക്കിലാണ് വിൽപ്പന നടന്നത്. എന്നാൽ പൊന്നാറ മരിച്ചതോടെ ലോകാവസാനവും സ്വർഗപേടകവും വഴിയുള്ള വരവെല്ലാം നിലച്ചു. അതോടെയാണ് ഇപ്പോൾ ജോസഫ് പൊന്നാറ ഉയർത്തെഴുനേറ്റു എന്ന അവകാശ വാദം, മലയാളിയുടെ സാമാന്യബുദ്ധിയെനോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് ഉയരുന്നത്. പൊന്നാറ നമുക്ക് പിന്നിൽ അദൃശ്യശക്തിയായി പ്രവർത്തിക്കുന്നുണ്ടെന്നും അതിനാൽ സ്വർഗത്തിലേക്ക് സീറ്റുവേണ്ടവർക്ക് ഇപ്പോൾ വീണ്ടും ബുക്കുചെയ്യാം എന്നാണ് സിയോൺ സഭയുടെ പുതിയ നിലപാട്. സ്വർഗപേടക കച്ചവടം വീണ്ടും സജീവമാക്കി വീണ്ടും കോടികൾ തട്ടാനുള്ള നീക്കമാണ് ഇതെന്നും, ഇത്തരം ഭ്രാന്തൻ ഗ്രൂപ്പുകളെ നിരോധിക്കണമെന്നും ആവശ്യപ്പെട്ട എംപറർ ഇമ്മാനുവേൽ ഗ്രൂപ്പിൽപെട്ട് ആജീവനാന്ത സമ്പാദ്യം നഷ്ടമായവർ മുഖ്യമന്ത്രിക്കും ഡിജിപിക്കുമൊക്കെ പരാതി നൽകിയിട്ടുണ്ട്.

സ്വർഗത്തിലെ സീറ്റുകൾ വിറ്റ് നേടിയത് കോടികൾ

ലോകവസാനത്തിന് കാത്തുനിൽക്കാതെ ജോസഫ് പൊന്നാറ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയിൽ കിടന്ന് മരിച്ചത് ഈ ഗ്രൂപ്പിനേറ്റ കനത്ത തിരിച്ചടിയായിരുന്നു. അതോടെ എംപറർ ഇമ്മാനുവേൽ ട്രസ്റ്റിലെ പലരും സ്ഥാനമൊഴിഞ്ഞു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിരുന്ന പതിനായിരത്തോളം വിശ്വസികളിൽ ഒരുപാട് പേർ പരിഞ്ഞുപോയി. പക്ഷേ അപ്പോഴും ഇവർക്ക് കോടികളുടെ ആസ്തിയുണ്ട്. ഇതെല്ലാം ഇപ്പോൾ വന്ന് ചേർന്നരിക്കുന്നത് പൊന്നാറയുടെ രണ്ടാംഭാര്യയെന്ന് പറയുന്ന സ്ത്രീയുടെ കൈയിലാണെന്ന്, ഇവിടെനിന്ന് രക്ഷപ്പെട്ടവർ പറയുന്നു. ഇവർ എല്ലാവരും ചേർന്നാണ് പൊന്നാറ ഉയർത്ത് എഴുനേറ്റുവെന്ന് പ്രചരിപ്പിക്കുന്നത്. രണ്ടാംഭാര്യയിൽ കുഞ്ഞ് പൊന്നറ കന്യാമാതാവാണെന്നും പ്രചാരണം അഴിച്ചുവിടുന്നു.

എന്നാൽ എങ്ങനെയാണ് എവിടെയാണ് പൊന്നാറ ഉയർത്തെഴുന്നേറ്റതെന്ന് കൃത്യമായി വ്യക്തമാക്കാനും ഇവർ തയ്യാറാവുന്നില്ല. മേഘങ്ങൾക്കിടയിൽ പൊന്നാറയുടെ തല കണ്ടതും, സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടതും, പ്രാർത്ഥിച്ചപ്പോൾ രോഗം സൗഖ്യമാക്കിയതും അടക്കമുള്ള നുറായിരം കഥകളാണ്, വാട്സാപ്പിലും യ്യൂട്യൂബിലുമായി പ്രചരിക്കുന്നത്. ലക്ഷ്യം ഒന്നേയുള്ളൂ പഴയ പ്രതാപത്തിലേക്ക് എംപറർ ഇമ്മാനുവേൽ വിശ്വാസ പ്രസ്ഥാനത്തെ കൊണ്ടുപോകുക എന്നത്. ' ഒരു കുടിയേറ്റ കർഷക കുടുംബത്തിൽ പിറന്ന എന്റെ എട്ടര ഏക്കർ തോട്ടമാണ് ഇവർക്കുവേണ്ടി നഷ്ടമായത്. ഗൾഫിലും മറ്റും കഷ്ടപ്പെട്ട് പടുത്തുയർത്തിയ എന്റെ ആജീവനാന്ത സമ്പാദ്യം. ഇവിടെ ചേരുന്നവർ തങ്ങളുടെ സ്വത്തുവകൾ മുഴുവൻ എഴുതിക്കൊടുക്കണമെന്ന് നിയമമുണ്ട്. സ്വർഗം കാട്ടി ജനങ്ങളെ പറ്റിക്കാനുള്ള പരിപാടി വീണ്ടും ആവർത്തിക്കാനാണ് ഇപ്പോൾ കൊണ്ടുപിടിച്ച നീക്കം നടക്കുന്നത്. '- എംപറർ ഗ്രൂപ്പിൽനിന്ന് പുറത്തുചാടിയ ഒരാൾ മറുനാടൻ മലയാളിയോട് വെളിപ്പെടുത്തി.

അന്ത്യ ക്രിസ്തു ജനിച്ചുവെന്നും ഇവരുടെ ആചാരങ്ങളിൽ വിശ്വസിക്കുന്നവർ ലോകവസാനം വരെ ജീവിക്കും എന്നുമാണ് എംപറർ ഗ്രൂപ്പിന്റെ വിശ്വാസം. എംപറർ ഇമ്മാനുവേൽ എന്ന പേരും ഈ സിദ്ധാന്തത്തിൽനിന്നു വന്നതാണ്. കേരളത്തിൽ പ്രവർത്തിക്കുന്ന ക്രൈസ്തവ സഭാ വിഭാഗങ്ങളിൽ ലോകാവസാനം പ്രവചിക്കുന്നത് ഇവർ മാത്രമാണ്. ജോസഫ് പൊന്നാറയെ ഈ സഭയിൽ പ്രവർത്തിക്കുന്നവർ പ്രവാചകനും ദിവ്യനുമായി കണ്ടിരുന്നു. ഏകദൈവസിദ്ധാന്തത്തിൽ അധിഷ്ഠിതമായ ഈ പ്രസ്ഥാനം ക്രൈസ്തവ ദൈവശാസ്ത്രത്തിലെ യേശുക്രിസ്തു അടക്കമുള്ള ആരെയും അംഗീകരിക്കുന്നില്ല. പക്ഷേ കന്യകാമറിയം ഇവരുടെ ആരാധ്യദേവതയാണ്.കേരളത്തിൽ നിരവധി ക്രൈസ്തവ സെക്ടുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവരുടെയത്രയും രഹസ്യാത്മകത മറ്റൊരു ഗ്രൂപ്പിനുമില്ല. അപരിചിതർക്ക് ആരാധനയ്ക്കാണെങ്കിൽപ്പോലും മുരിയാടുള്ള സിയോൻ ധ്യാനകേന്ദ്രത്തിലോ ഇവരുടെ മറ്റു പ്രാർത്ഥനകൾ നടക്കുന്നിടങ്ങളിലോ പ്രവേശനമില്ല. ആർക്കെങ്കിലും സംഘത്തിൽ ചേരണമങ്കിൽ സംഘാംഗങ്ങളിലാരെങ്കിലും 'റഫർ' ചെയ്യണം. പിന്നീട് വിശദമായ അന്വേഷണങ്ങൾക്കു ശേഷമേ സംഘത്തിൽ അംഗമാക്കൂ.

മുരിയാട് ധ്യാനകേന്ദ്രത്തിനടുത്ത് പണിതിരിക്കുന്ന കെട്ടിടത്തിനെ 'രക്ഷാപേടകം' എന്നാണ് വിളിക്കുന്നത്. ലോകാവസാന സമയത്ത് ഈ പേടകത്തിൽ ആയിരിക്കുന്നവർ മാത്രമേ രക്ഷപ്പെടൂ എന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഒരുലക്ഷം രൂപകൊടുത്ത് സഭാംഗങ്ങൾക്ക് രക്ഷാപേടകത്തിൽ' സീറ്റ് റിസർവ് ചെയ്യാം. അങ്ങനെയാണ് പൊന്നാറ കോടീശ്വരനായത്. ബൈബളിനെ വളച്ചൊടിച്ചുകൊണ്ടാണ് ഇവരുടെ പ്രചാരണം കൊഴുക്കന്നത്. ജോസഫ് എന്നപേരിലുള്ള എന്തുകണ്ടാലും അത് വ്യാഖ്യാനിച്ച് ജോസഫ് പൊന്നറയെ കുറിച്ചാണെന്ന് പറഞ്ഞ് വ്യാഖ്യാനിച്ച് ഒപ്പിക്കും.

ഇമ്മാനുവേൽ എന്ന ഒരു സാങ്കൽപ്പിക കഥാപാത്രത്തെും വെച്ചും കളിയുണ്ട്. പുനർജജനിച്ച യേശുവാണ് ഇമ്മാനുവേൽ ഇന്ന് ഇവർ പറയുന്നു. മറ്റ് സഭകൾ ഒന്നും തന്നെ എംപയറിനെ അംഗീകരിച്ചിരുന്നില്ല എന്നുമാത്രമല്ല ശക്തമായ എതിർപ്പും രേഖപ്പെടുത്തിയിരുന്നു.സംഘത്തിന്റെ പ്രവർത്തനരീതികൾ വർഷങ്ങൾക്ക് മുമ്പ് സീറോ മലബാർ സഭയുടെ പള്ളികളിൽ കർദ്ദിനാൾ മാർ വർക്കി വിതയത്തിലിന്റെ ഇതുസംബന്ധിച്ചുള്ള ഇടയലേഖനം വായിക്കുകയുണ്ടായി. സഭാംഗങ്ങൾ ഇതിൽ ചേർന്ന് പ്രവർത്തക്കരുതെന്ന് വിലക്ക് നിലവിലുണ്ട്.മൂന്നുവർഷം മുമ്പ് ഇരിങ്ങാലക്കുട രൂപതാ മെത്രാനും ഇടയലേഖനം വരെ ഇവർക്കെതിരെ പുറപ്പെടുവിച്ചിരുന്നു. എംപറർ ഇമ്മാനുവൽ ട്രസ്റ്റിലെ ധ്യാന കേന്ദ്രത്തിന് രൂപതയുമായി യാതൊരു ബന്ധവും അംഗീകാരവും ഇല്ലെന്നാണ് മെത്രാൻ ഇടയലേഖനത്തിൽ വ്യക്തമാക്കിയത്. ഇവരുടെ പ്രാർത്ഥനാ ചടങ്ങകളിൽ പങ്കെടുക്കരുതെന്ന നിർദേശവും നൽകിയിരുന്നു.

കേരളത്തിൽ മാത്രം 150 പ്രാദേശിക സഭകൾ എംപറർ ഇമ്മാനുവൽ സഭയ്ക്കുണ്ടെന്നാണ് ഈ വിശ്വാസികൾ പറയുന്നത്. ഇതിനു പുറമെ ചില അയൽസംസ്ഥാനങ്ങളിലും ഏതാനും വിദേശരാജ്യങ്ങളിലും സഭയുടെ പ്രാദേശിക ഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇവർ അവകാശപ്പെടുന്നു. പുറംലോകവുമായി ഏറെ അടുപ്പമൊന്നും സിയോൺ വിശ്വാസികൾ ഇഷ്ടപ്പെടുന്നില്ലെന്നതാണ് വാസ്തവം. മറ്റാരെയും സ്‌നേഹിക്കരുതെന്നാണ് ദൈവം പറഞ്ഞതെന്നും അങ്ങനെയെങ്കിൽ ദൈവത്തോടു സ്‌നേഹം കുറയുമെന്നും മറ്റും പറഞ്ഞാണ് ഇവരുടെ ആശയ പ്രചരണം. ഇത്തരം പ്രചരണങ്ങളുടെ പേരിൽ വിദ്വേഷ പ്രചരണങ്ങൾക്ക് എതിരെ പരാതിയും ഉയർന്നിരുന്നു.

പൊന്നാറ മരിച്ചതോടെ ഈ ട്രസ്റ്റിൽ പിളർപ്പും ഉണ്ടായി.ട്രസ്റ്റ് ചെയർമാനും സെക്രട്ടറിയും അടക്കം ഏഴ് ട്രസ്റ്റിമാരുമാണ് രാജി വെച്ചത്. പൊന്നറ മരിച്ച ഉടൻതന്നെ, ചർച്ചിന്റെ നിയന്ത്രിക്കുന്ന സ്ത്രിയുടെ കുട്ടിയെ ചർച്ചിൽ വച്ച് മാതാവിന്റെ അവതാരമായി വാഴിക്കാൻ ശ്രമം നടന്നിരുന്നു. ഇതിനെ രാജിവെച്ച എഴുപേരും എതിർത്തതതാണ് രാജിയിൽ കലാശിച്ചത്.ഇവിടെ ഉണ്ടായിരുന്ന അച്ചന്മാർ അടക്കമുള്ളവർ ഇമ്മാനുവൽ കേന്ദ്രം ഉപേക്ഷിച്ച് നേരത്തെയുള്ള സഭയിലേക്ക് മടങ്ങിയിരുന്നു. ഇങ്ങനെ കുടത്ത ക്ഷീണം നിലനിൽക്കുന്ന സമയത്താണ് അതെല്ലാം മറക്കാനും മായ്ക്കാനുമായി ഉയർത്തെഴുനേൽപ്പ് കഥ പ്രചരിപ്പിക്കുന്നത് എംപറർ ഇമ്മാനുവേൽ ട്രസ്റ്റ്.

കട്ടപ്പനയിലെ റോയ് ജോസഫ് പൊന്നാറയായ കഥ

ഇടുക്കി ഇരട്ടയാർ സ്‌കൂളിൽ ചിത്ര അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന ജോസഫ് പൊന്നാറ ആണ് എംപറർ എമ്മാനുവേൽ ട്രെസ്ടിന്റെ സ്ഥാപകൻ. എന്ന് റോയ് ജോസഫ് എന്ന് അറിയപ്പെട്ടിരുന്ന ഇദ്ദേഹം മികച്ച ഒരു അദ്ധ്യാപകനും പരിമിതമായ വിശ്വാസം ഉള്ളയാളും ആയിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ മകളുടെ മരണം പൊന്നാറയുടെ ജീവിതം ആകെ മാറ്റിമാറിച്ചു. ഇതോടെ അദ്ദേഹം പ്രകടമായ വിശ്വാസ ജീവിതത്തിലേക്കും കരിസ്മാറ്റിക് പ്രസ്ഥാനതിലെക്കും കടന്നു വന്ന. ഇദ്ദേഹം 2000ത്തിൽ തൊടുപുഴയിൽ 'എംബസി ഓഫ് എംപറർ എമ്മാനുവേൽ' എന്ന സ്ഥാപനം ആരംഭിക്കുക ഉണ്ടായി. പിന്നീട് കോട്ടയം വിജയപുരം രൂപത കേന്ദ്രീകരിച്ചും പ്രസ്ഥാനം തുടങ്ങിയതെങ്കിലും നാട്ടുകാരുടെയും കത്തോലിക്കാ യുവജനപ്രസ്ഥാനങ്ങളുടെയും എതിർപ്പിനേത്തുടർന്ന് ഇരിങ്ങാലക്കുടക്കടുത്തെ മുരിയാട് പാടശേഖരത്തിലേക്ക് ഇത് മാറ്റുകയായരുന്നു. 2005ൽ മുരിയാടിൽ എംപറർ എമ്മാനുവേൽ ട്രെസ്റ്റ് എന്ന പേരിൽ ഒരു പ്രസ്ഥാനവും അതിനോട് അനുബന്ധിച്ച് സീയോൻ എന്ന പേരിൽ ഒരു ധ്യാനകേന്ദ്രവും പൂർണ്ണമായ അർഥത്തിൽ പ്രവർത്തനം തുടങ്ങി.

ലോകത്ത് സ്വർഗ്ഗത്തിലേക്ക് പോകാൻ രണ്ട് വഴികളേ ഉള്ളൂവെന്നും ആ രണ്ട് വഴികളിൽ ഒന്ന് ജെറുസലേമിൽ ആണെങ്കിൽ മറ്റേത് മൂരിയാടുള്ള എംപറർ ഇമ്മാനുവൽ ആണെന്ന് പറഞ്ഞാണ് ജോസഫ് പൊന്നാറ തന്റെ ആത്മീയ വ്യാപാരം നടത്തിവന്നത്. വാചാടോപ വിദ്യ നന്നായി വശമുള്ള ഇയാൾക്ക് ചുരുങ്ങിയ കാലംകൊണ്ട് ആയിരക്കണക്കിനു വിശ്വാസികളെ ആകർഷിക്കാൻ കഴിഞ്ഞു. പൊന്നാറയുടെ വാക്കുകൾ വിശ്വസിച്ച് നിരവധി പേരാണു സ്വത്തുവകകൾ വിറ്റുപെറുക്കി മുരിയാട് കൂടാരം അധികൃതരെ പണമേൽപ്പിച്ച് അവിടെ താമസം തുടങ്ങിയത്. ലോകാവസാനമാകുമ്പോൾ രക്ഷപ്പെടാൻ നോഹയുടെ പേടകം എന്ന വിധത്തിലായിരുന്നു ഈ കെട്ടിടങ്ങളുടെ നിർമ്മാണം. കെട്ടിടത്തിന്റെ ഡിസൈൻ പോലും കർത്താവ് നേരിട്ട് തയ്യാറാക്കിയെന്നായിരുന്നു ഇവരുടെ അവകാശവാദം. ആളുകൾ ആസന്നമായ ലോകവസാനം പേടിച്ചും സ്വർഗം മോഹിച്ചും തങ്ങളുടെ സ്വത്തുവകൾ ഒക്കെ സിയോൺ സഭക്ക് എഴുതി നൽകി. ഇങ്ങനെ ആളുകളുടെ പണവും സ്വത്തുക്കളും സ്വന്തമാക്കി കോടികളുടെ ബിസിനസുകാരനായി മാറുകയായിരുന്നു കട്ടപ്പനയിലെ പഴയ ഡ്രോയിങ്ങ് മാസ്റ്റർ.

ലോകാവസാനം സംഭവിക്കാൻ ഇനി അധികനാളുകൾ ശേഷിക്കുന്നില്ലെന്നാണ് ഈ സിയോൺസഭ വിശ്വാസികളെ ധരിപ്പിച്ചിരുന്നത്. വീണ്ടും യേശു ജനിക്കുമെന്ന് അന്ന് എംപറർ ഇമ്മാനുവിന്റെ മൂരിയാടുള്ള പേടകത്തിലുള്ളവർക്ക് സ്വർഗം ലഭിക്കുമത്രേ. ഇങ്ങനെ സ്വർഗം തേടി സ്വന്തം നാടുപേക്ഷിച്ചുവന്ന 700ഓളം കുടുംബങ്ങൾ ഒുരുകാലത്ത് മുരിയാടും പരിസരത്തുമായി കഴിഞ്ഞിരുന്നു. ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ വെളിപ്പെട്ടുകിട്ടുകയും കാലത്തിന്റെ അടയാളങ്ങൾ ഗ്രഹിക്കുകയും ചെയ്യുന്നവരാണ് തങ്ങളെന്ന് ഇവർ അവകാശപ്പെടുന്നു. പ്രകൃതിദുരന്തങ്ങളാണ് കാലത്തിന്റെ അടയാളങ്ങളായി ഇവർ ചൂണ്ടിക്കാട്ടുന്നത്. അതായത് പ്രളവും നിപ്പയും ഓഖിയും കോവിഡുമെല്ലാം അവർക്ക് ചില ദൃഷ്ടാന്തങ്ങൾ മാത്രം.

ബൈബിളിനെ ദുർവ്യാഖ്യാനം ചെയ്ത്, ലോകാവസാനം അടുത്തിരിക്കുന്നുവെന്നും ഇമ്മാനുവേൽ എന്ന രക്ഷൻ പിറന്നിരിക്കുന്നുവെന്നും തങ്ങളുടെ സ്വത്തുക്കളെല്ലാം കൂടാരത്തിന് അടിയറവ് വയ്ക്കണമെന്നും അങ്ങനെ പുതിയ ജീവിതരീതി സ്വീകരിക്കണമെന്നും പ്രചരിപ്പിച്ചാണ് ഇവർ ആളുകളെ കൂടെക്കൂട്ടിയത്. ഇതുവഴി നിരവധി കുടുംബങ്ങളിൽ അന്തഃഛിദ്രവും കുടുംബത്തകർച്ചയും വഴക്കും കേസുകളും ഉണ്ടായി. വിവാഹമോചനങ്ങൾ വർധിച്ചു. കൂടാരത്തിനു പുറത്തുള്ള ക്രൈസ്തവരും മറ്റു മതസ്ഥരും സാത്താന്റെ സന്തതികളാണെന്നും അവരൊക്കെ നശിക്കുവാൻ വിധിക്കപ്പെട്ടവരാണെന്നും കൂടാരത്തിലെ 'ധ്യാന'ങ്ങളിലും അവർ നടത്തുന്ന 'കൂട്ടായ്മ'കളിലും വ്യാപകമായ പ്രചാരണം നടത്തിയാണ് പലരെയും കെണിയിൽപ്പെടുത്തിയത്. നിരവധി വിവാഹ മോചനങ്ങളും ഇതോടെയുണ്ടായി.

കോട്ടയം, ഇടുക്കി ജില്ലകളിൽനിന്നുള്ളവരാണു സർവസ്വത്തുക്കളും വിറ്റുപെറുക്കി മുരിയാടിലെത്തിയവരിൽ ഭൂരിഭാഗവും. പൊന്നാറയുടെ മരണത്തിനും ട്രസ്റ്റിമാരുടെ രാജിക്കും ശേഷം വിശ്വാസികൾ തമ്മിലുള്ള സ്വത്തുതർക്കങ്ങൾ ശക്തമായി. സമ്പാദ്യമത്രയും സഭാ നേതൃത്വത്തെ ഏൽപ്പിച്ച സാധാരണ വിശ്വാസികൾ അവ തിരിച്ചുകിട്ടണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കാൻ ഒരുങ്ങിയിരുന്നു. ഇതോടെ കാര്യങ്ങൾ കൈവിട്ടുപോവുകയാണെന്ന് മനസ്സിലാക്കിയ പൊന്നറയുടെ രണ്ടാം ഭാര്യയുടെ മനസ്സിലുണ്ടായ അടവാണ് ഉയർത്തെഴുനേൽപ്പ് എന്നാണ് ഇവിടെ നിന്ന് രക്ഷപ്പെട്ടവർ പറയുന്നത്. പൊന്നാറ ഉയർത്തെഴുനേറ്റുവെന്ന പ്രചാരണം ശക്താമാക്കിയാൽ വിശ്വസികളെ പിടിച്ചു നിർത്താൻ കഴിയും. അതുവഴി കോടികളുടെ സ്വത്തുക്കളും. ഈ തന്ത്രമാണ് ഇപ്പോൾ ശക്തമായ പ്രചാരണങ്ങളിലൂടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

എന്നാൽ യേശുക്രിസ്തു ഉയർത്തെഴുനേറ്റുവെന്ന വിശ്വാസപരമായ പ്രചാരണം മാത്രമാണ് തങ്ങൾ നടത്തുന്നതെന്നും പൊന്നാറ ഉയർത്തെഴുനേറ്റതായി എവിടെയും പറഞ്ഞിട്ടില്ലെന്നുമാണ് സിയോൺ സഭാ അധികൃതർ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. സ്വർഗത്തിലെ സീറ്റുകൾക്ക് വീണ്ടും ബുക്കിങ്ങ് ആരംഭിച്ചുവെന്ന പ്രചാരണവും അടിസ്ഥാന രഹിതമാണെന്ന് ഇവർ പറയുന്നു. എന്നാൽ ഈ കേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ടവർക്ക് പറയാനുള്ളത് മറ്റൊരു കഥയാണ്.

( തുടരും)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP