Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശബരിമല കേസിൽ അന്തിമ വിധി അറിഞ്ഞിട്ട് മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയെ സമീപിക്കുമെന്ന് 'നിസ'; ഇസ്ലാമിക രാഷ്ട്രങ്ങളിൽപോലും സ്ത്രീകളെ അധികാര കേന്ദ്രങ്ങളിലേക്കു കൊണ്ടുവരുമ്പോൾ നമ്മുടെ നാട്ടിൽ മുസ്ലിംസ്ത്രീ പിന്നോട്ടു പോകുകയാണ്; പണ്ഡിതരായ സ്തീകളെ ഇമാമുമാരാക്കണമെന്ന ആവശ്യത്തിൽ എന്ത് ഭീഷണിയുണ്ടായും പിറകോട്ടില്ല; ബിഷപ്പുകളായും പൂജാരിണികളായും സ്ത്രീകൾ വരണം; വി പി സുഹ്റ മറുനാടൻ മലയാളിയോട് മനസ്സുതുറക്കുന്നു

ശബരിമല കേസിൽ അന്തിമ വിധി അറിഞ്ഞിട്ട് മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയെ സമീപിക്കുമെന്ന് 'നിസ'; ഇസ്ലാമിക രാഷ്ട്രങ്ങളിൽപോലും സ്ത്രീകളെ അധികാര കേന്ദ്രങ്ങളിലേക്കു കൊണ്ടുവരുമ്പോൾ നമ്മുടെ നാട്ടിൽ മുസ്ലിംസ്ത്രീ പിന്നോട്ടു പോകുകയാണ്; പണ്ഡിതരായ സ്തീകളെ ഇമാമുമാരാക്കണമെന്ന ആവശ്യത്തിൽ എന്ത് ഭീഷണിയുണ്ടായും പിറകോട്ടില്ല; ബിഷപ്പുകളായും പൂജാരിണികളായും സ്ത്രീകൾ വരണം; വി പി സുഹ്റ മറുനാടൻ മലയാളിയോട് മനസ്സുതുറക്കുന്നു

കെ എം സന്തോഷ്

കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന നിസ എന്ന വനിതാ വിമോചന സംഘടനയുടെ പ്രസിഡന്റാണ് വി.പി. സുഹറ. 1986ലാണ് നിസ എന്ന സംഘടന രൂപം കൊണ്ടത്. അറബിയിൽ നിസ എന്നാൽ സ്ത്രീയെന്നാണ് അർഥം. വനിതാ കമ്മീഷൻ കേരളത്തിൽ നിലവിൽ വന്നതും ആ സമയത്താണ്. അന്നത്തെ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ സുഗതകുമാരി കോഴിക്കോട്ടു വച്ച് നടത്തിയ അദാലത്തിൽ പങ്കെടുത്തു. മുലകുടി മാറാത്തകുട്ടി മുതൽ വിവാഹ പ്രായമെത്തിയ പെൺകുട്ടിയുൾപ്പെടെ എഴുകുട്ടികളുടെ അമ്മയായ ഒരു സ്ത്രീയുടെ പരാതി അന്ന് വനിതാ കമ്മീഷനിൽ ലഭിച്ചിരുന്നു. ഒരു കാരണവുമില്ലാതെ ഭർത്താവ് അവരെ മൊഴി ചൊല്ലി വേറെ കല്യാണം കഴിച്ചു. അങ്ങിനെ സ്ത്രീകൾ അനുഭവിക്കുന്ന ഒട്ടേറെ കണ്ണീർകഥകൾ ടീച്ചറിൽ നിന്ന് കേട്ടു. അന്നു മനസിലുറപ്പിച്ചു സ്ത്രീകളുടെ അവകാശങ്ങൾക്കായി പൊരുതണമെന്ന് സുഹറ. ആ വർഷം തന്നെ നിസ എന്ന പേരിൽ സംഘടയുമുണ്ടാക്കി സുഹറ.

1970 മുതൽ സാമൂഹ്യ പ്രവർത്തന രംഗത്തുണ്ട്. ബോധന എന്ന സംഘടനയിൽ കെ.അജിതയോടൊപ്പം സജീവമായിരുന്നു. ഒരു കാലത്ത് കേരളത്തിൽ വ്യാപകമായിരുന്ന അറബി കല്യാണത്തിനെതിരെ ശക്തമായി പോരാടിയിരുന്നു സുഹറയുടെ നേതൃത്വത്തിൽ നിസയെന്ന സംഘടന. ഗൾഫ് രാജ്യങ്ങളിൽ നിന്ന് വരുന്ന അറബികൾ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്ന് പാവപ്പെട്ട പെൺകുട്ടികളെ കല്യാണം കഴിക്കും. ഇടനിലക്കാർക്കും പെൺകുട്ടിയുടെ രക്ഷിതാക്കൾക്കും വൻ തുക വാഗ്ദാനം ചെയാതാണ് കല്യാണം തരമാക്കുക. വിവാഹ ശേഷം ഒന്നോ രണ്ടോ മാസം പെൺകുട്ടിയോടൊപ്പം കഴിഞ്ഞ് അവളെ ഇവിടെ ഉപേക്ഷിച്ച് അറബി നാട്ടിലേക്കും പറക്കും. മുതു കിളവന്മാരായ അറബികൾ വരെ ഇവിടെയെത്തി പതിനെട്ടുവയസായ പെൺകുട്ടികളെ കല്യാണം കഴിക്കും. സെക്‌സ് ടൂറിസം എന്ന രീതിയിൽ ഇത്തരം കാര്യങ്ങൾ കൊഴുക്കാൻ തുടങ്ങി. കോഴിക്കോട,് മലപ്പുറം ജില്കളിൽ നിന്നുള്ള പെൺകുട്ടികളെ കല്യാണം കഴിച്ചു സുഖിക്കുക എന്ന ലക്ഷ്യമാത്രം വച്ച് വരുന്ന അറബികളുടെ എണ്ണം നാൾക്കുനാൾ വർധിച്ചു. ഇത്തരം കല്യാണങ്ങൾ നടത്തി കൊടുക്കാൻ ഖാസിമാരും യത്തീംഖാനകളും തയ്യാറാകുകയും ചെയ്തിരുന്നു. ഈ അനാചാരത്തിനെതിരെയും ശക്തമായി നിസ ഉൾപ്പെടെയുള്ള വനിതാ സംഘടനകൾ രംഗത്തു വന്നു. ജനകീയ ചെറുത്തു നിൽപ്പ് ശക്തമായതോടെയാണ് വ്യാപകമായ രീതിയിൽ നടന്നു വന്നിരുന്ന അറബി കല്യാണത്തിന് തടയിടാനായത്.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനമുകൂലിച്ച് ബിന്ദുവിനും കനകദുർഗ്ഗക്കും ഐക്യദാർഡ്യം പ്രഖ്യാപിച്ച് 'വില്ലുവണ്ടി കോഴിക്കോടിന്റെ' ആഭിമുഖ്യത്തിൽ നടത്തിയ പ്രകടനത്തിലും സുഹറയും കൂട്ടരുമുണ്ടായിരുന്നു. പ്രകടനത്തിനു നേരെ ബിജെപി ശബരിമല കർമ്മ സമിതി പ്രവർത്തകർ ആക്രമണം അഴിച്ചു വിട്ടപ്പോൾ രണ്ട് സഹപ്രവർത്തകരെയും കൂട്ടി സമീപത്തെ കടയിൽ കയറി ഷട്ടർ താഴ്‌ത്തിയാണ് അവർ രക്ഷപ്പെട്ടത്.സുന്നി പള്ളികളിൽ മുസ്ലിം സ്ത്രീകൾക്ക് പ്രവേശനം നൽകുക, പണ്ഡിതരായ മുസ്ലിം സ്ത്രീകളെ ഇമാമുമാരായി നിയമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിക്കാനിരിക്കയാണ് വി.പി. സുഹറ. കഴിഞ്ഞ ഒക്ടോബറിൽ സുപ്രീം കോടതിയെ സമീപിക്കാനായിരുന്നു തീരുമാനം.

അതിനിടയിലാണ് ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച് കാര്യങ്ങൾ ഉയർന്നു വന്നത്. ഈ വിഷയത്തിൽ സുപ്രീം കോടതിയുടെ അന്തിമ വിധി എന്തായിരിക്കും എന്നറിഞ്ഞിട്ട് മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് സുഹറ പറയുന്നത്. നിലവിൽ സുന്നി വിഭാഗങ്ങളാണ് സ്ത്രീകളുടെ പള്ളി പ്രവേശനത്തെ വിലക്കുന്നത്. ജമാഅത്തെ ഇസ്ലാമിയും മുജാഹിദ് പ്രസ്ഥാനങ്ങളും സത്രീകൾക്ക് പള്ളിയിൽ പ്രാർത്ഥന നടത്തുന്നതിന് അനുമതി നൽകുന്നുണ്ട്. സുന്നി വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് പള്ളി പ്രവേശനംനൽകണമെന്നാവശ്യപ്പെട്ടതോടെ സുഹറക്കെതിരെ ശക്തമായ ഭീഷണിയാണുയർന്നത്. സമൂഹ മാധ്യമങ്ങളിലെ ഭീഷണിക്കു പുറമെ വധ ഭീഷണിയും അവർക്കുണ്ടായി. വധ ഭീഷണിയെത്തുടർന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് അവർ പരാതിയും നൽകിയിരുന്നു. സമകാലിക വിഷയങ്ങളെക്കുറിച്ച് വി.പി. സുഹറ മറുനാടൻ മലയാളിയോട് മനസുതുറക്കുന്നു.

ചോദ്യം: സുന്നി വിഭാഗത്തിൽപ്പെട്ട മുസ്ലിം സ്ത്രീകൾക്ക് പള്ളി പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് നിങ്ങൾ നടത്തുന്ന നിയമ പോരാട്ടം എവിടെവരെയെത്തി?

ശബരിമല വിഷയവുമായി ബന്ധപ്പെട്ടുകൊണ്ടു വന്ന സുപ്രീം കോടതി വിധിയുണ്ടല്ലോ. ആ വിധി ഇസ്ലാമിലെ ആരാധനാ സ്വാതന്ത്യവുമായിട്ടു കൂടി കൂട്ടി വായിക്കാവുന്നതാണെന്നാണ് ഞാൻ മനസിലാക്കുന്നത്. ശബരിമല വിഷയത്തിൽ സുപ്രീം കോടതിയിൽ പുനർപരിശോധനകളും ചിന്തകളും നടക്കുന്നുണ്ടല്ലോ. ഇക്കാര്യത്തിൽ ഒരു അന്തിമ വിധി വന്നശേഷം മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയെ സമീപിക്കാം എന്നാണ് എനിക്കു കിട്ടിയ നിയമോപദേശം. മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം സംബന്ധിച്ച് നിയമപരമായി തന്നെ പോരാടും. അക്കാര്യത്തിൽ ഒട്ടും പിന്നോട്ടില്ല. ശബരിമല കാര്യത്തിൽ വിധി വൈകുകയാണെങ്കിൽ അതു കാക്കാതെ കോടതിയെ സമീപിക്കും.

ചോദ്യം: പണ്ഡിതരായ മുസ്ലിം സ്തീകളെ ഇമാമുമാരാക്കണമെന്നാണ് നിസയുടെ മറ്റൊരു വാദം. കേരളത്തിലെ മുസ്ലിം സമുദായത്തിലെ നിലവിലെ സാഹചര്യങ്ങൾ വച്ച് അത് സാധ്യമാണോ?

ഇപ്പോൾ സൗദി പോലും അമേരിക്കയിലെ ഒരു ഉയർന്ന പദവി സ്ത്രീക്കു കൊടുത്തിട്ടുണ്ട്. അങ്ങിനെ ഇസ്ലാമിക രാഷ്ട്രങ്ങളിൽ തന്നെ സ്ത്രീകളെ അധികാര കേന്ദ്രങ്ങളിലേക്കു കൊണ്ടുവരുന്ന രീതിയിൽ മാറ്റങ്ങൾ വരുന്നുണ്ട്. അപ്പോളും നമ്മുടെ നാട്ടിൽ സ്ത്രീശാക്തീകരണമില്ലാതെ പിന്നാക്കാവസ്ഥയിലേക്ക് പോകുകയാണ്. ഇത് സങ്കടകരമാണ്.

സ്ത്രീകൾക്ക് എല്ലാ മേഖലയിക്കും കടന്നു വരാനുള്ള അർഹതയുണ്ട്. ഭരണാധികാരികളായി സ്ത്രീകൾ വരുന്നുണ്ട്. ബംഗ്ലാദേശിൽ എത്രയോ കാലമായി സ്ത്രീയാണ് ഭരിച്ചുകൊണ്ടിരുന്നത്. ബേനസീർ ബൂട്ടോ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്നു. എല്ലാ നേതൃത്വത്തിലും സ്ത്രീകൾ വരണം. ഇമാമായും വരണം. ഇമാമായി വരുന്നു എന്നു പറഞ്ഞാൽ നിസ്‌കാരത്തിന് നേതൃത്വം കൊടുക്കുക മാത്രമല്ല. മുസ്ലിം സ്ത്രീകൾ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളിലും അവരുടെ ഇടപെടലുകൾ ഉണ്ടാവണം. മതാധിപത്യ ശക്തികളാണ് സ്ത്രീകളെ കൂടുതൽ അടിമകളാക്കുന്നത് എന്നാണ് ഞാൻ മനസിലാക്കുന്നത്. ഉദാഹരണത്തിന് ഇമാം ഒരു പെൺകുട്ടിയെ പീഡിപ്പിച്ചാൽ ആ ഇമാമിനെ സംരക്ഷിക്കാനാണ് ആളുകൾ നടക്കുന്നത്. ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചപ്പോൾ ആ ബിഷപ്പിനെതിരെ പറഞ്ഞവരും സാക്ഷി പറഞ്ഞവരെയുമൊക്കെ വളരെയധികം ദ്രോഹിക്കുന്നതായാണ് കാണുന്നത്. എല്ലാ മതവിഭാഗങ്ങളിലും ഈ പ്രവണത ഉണ്ട് എന്നതാണ് വസ്തുത. മതാധിപത്യമാണ് ഇത്തരം പ്രവണതകൾ വളർന്നു വരാൻ കാരണം. അതുകൊണ്ടു തന്നെ ഇത്തരം മേഖലകളിലേക്ക് സ്ത്രീകൾ കടന്നു വരുമ്പോൾ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാനാവും. ബിഷപ്പുകളായി സ്ത്രീകൾ വരണം. പൂജാരിണികളായി സ്ത്രീകൾ വരണം. ഇമാമുകളായും വരണം. പഴയ കാലത്തൊക്കെ മതഗ്രന്ഥങ്ങളൊക്കെ വ്യാഖ്യാനിച്ചത് മുസ്ലിം സ്ത്രീകളായിരുന്നു. പിന്നീട് ഈ മതാധിപത്യം വന്നതോടെ അവരൊക്കെ അടുക്കളയിലേക്ക് തള്ളപ്പെടുകയുമായിരുന്നു. പിന്നീട് വുശുദ്ധ ഗ്രന്ഥങ്ങളൊക്കെ വ്യാഖ്യാനിക്കാനും എഴുതാനുമുള്ള അവകാശം പുരുഷന്മാർ കയ്യടക്കുകയും അവർക്ക് അനുയോജ്യമായ രീതിയിൽ അതിനെ വ്യാഖ്യാനിക്കപ്പെടുകയുമാണ് ചെയ്യുന്നത്. അതിന്റെ ദുരന്തഫലങ്ങളാണ് സ്ത്രീകൾ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

ചോദ്യം: ഭരണഘടന അനുശ്വാസിക്കുന്ന അവകാശങ്ങൾ മുസ്ലിം സ്ത്രീകൾക്ക് നേടിക്കൊടുക്കാനുള്ള പോരാട്ടമാണല്ലോ നടത്തുന്നത്. ആ പോരാട്ട വഴിയിൽ ഭീഷണികൾ വല്ലതും?

ഭീഷണിയൊന്നും എന്റെ പ്രവർത്തനത്തിന് തടസമാവില്ല. ഇതൊക്കെ പറഞ്ഞുകൊണ്ട് മരിക്കുന്നതാണ് നല്ലത്. മിണ്ടാതിരുന്നത് മരിക്കുന്നതും ഇത്തരം വിഷയങ്ങളിൽ പ്രതികരിച്ച് മരിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. വധഭീഷണി ഉയർത്തുകയും സാമൂഹ്യമാധ്യമങ്ങളിൽ മോശമായി ചിത്രീകരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. അതൊന്നും പേടിച്ച് നമുക്ക് പറയേണ്ടത്. പറയാതിരിക്കാൻ പറ്റില്ലല്ലോ.

ചോദ്യം: ഇപ്പോൾ കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ ഗ്രാന്റ് മുഫ്തിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കയാണ്. സ്ത്രീകളുടെ പള്ളി പ്രവേശനം സംബന്ധിച്ച് സുന്നി വിഭാഗങ്ങൾ എന്നും എതിർപ്പു പ്രകടിപ്പിക്കുന്നവരാണ്. ഗ്രാന്റ് മുഫ്തി പദവി ലഭിച്ച സാഹചര്യത്തിൽ ഈ വിഷയത്തിൽ എന്തെങ്കിലും പുനർചിന്ത കാന്തപുരം എപി.അബൂബക്കർ മുസലിയാരുടെ ഭാഗത്തു നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ. അല്ലെങ്കിൽ സത്രീകളുടെ പള്ളി പ്രവേശന കാര്യത്തിൽ അനുകൂല നിലപാടെടുക്കണമെന്നാവശ്യപ്പെട്ട് നിസ എന്ന സംഘടന അദ്ദേഹത്തെ കാണുമോ ?

ഗ്രാന്റ് മുഫ്തി എന്ന ഒരു പദവി നൽകിയിട്ടുണ്ടെങ്കിൽ ഇന്ത്യയിലെ മുഴുവൻ മുസ്ലിംങ്ങളുടെ അധികാര പദവിയല്ല നൽകിയിട്ടുള്ളത് എന്നുള്ളതാണ് ഒരു വസ്തുത. പൗരോഹിത്യം ഇസ്ലാമിലില്ല എന്നതാണ് മറ്റൊരു വസ്തുത. ബറേൽവികളുടെ നേതാവായ ഹസ്‌റത്ത് മന്നാർഖാൻ എന്നയാളാണ് ഗ്രാന്റ് മുഫ്തിയായ കാന്തപുരത്തെ പ്രഖ്യാപിച്ചത്. ബറേൽവി വിഭാഗം ഇന്ത്യയിലെ മുഴുവൻ മുസ്ലിംകളുടെയും സംഘടനയല്ല. അതിൽ സുന്നികളും മറ്റ് വിഭാഗങ്ങളുമുണ്ട്. ഇന്ത്യയിലെ മുഴുവൻ മുസ്ലിംങ്ങളുടെയും നേതാവായി കാന്തപുരം തെരഞ്ഞെടുക്കപ്പെട്ടു എന്നൊക്കെയാണ് ചില പത്രങ്ങൾ എഴുതിയത്. അങ്ങിനെയൊന്നും ആവാൻ പറ്റില്ല. പ്രത്യേകിച്ച് ഇന്ത്യ പോലെയുള്ള ഒരു സെക്യുലർ രാഷ്ട്രത്തിൽ ഇങ്ങനെ ഒരു മതവിഭാഗത്തിന് അധികാരം ഉൾപ്പെടുത്താൻ പറ്റില്ല.

പൗരോഹിത്യം ഇസ്ലാമിലില്ല. പ്രവാചകന് ശേഷം നാല് ഖലീഫമാരാണ് ഇസ്ലാമിന്റെ ഭരണാധികാരികളായി പ്രവർത്തിച്ചിട്ടുള്ളത്. അബൂബക്കർ, ഉമർ, ഉസ്മാൻ, അലി എന്നിവർ. അതിനുശേഷം ഖിലാഫത്തുകൾ വന്നു. തുർക്കി സാമ്രാജ്യത്തിന്റെ പതനത്തോടെ ഖിലാഫത്ത് അവസാനിച്ചു. പിന്നീട് ആത്മീയ നേതാക്കളാരും ഇല്ലാത്തതിന്റെ പേരിൽ ഖിലാഫത്ത് പുനരുജ്ജീവിപ്പിക്കാൻ ഉണ്ടാക്കിയ മതപഠന ശാലകളാണ് ബറേൽവി, ദയൂബത്ത് എന്ന സംഘടനകൾ. യു.പിയിൽ റായ്ബറേലി എന്ന സ്ഥലത്താണ് ബറേൽവി സെമിനാരി രൂപം കൊണ്ടത്. മതപഠനങ്ങൾക്കു വേണ്ടി ഉണ്ടാക്കിയ ഇത്തരം സെമിനാരികളിലെ മതപഠനക്ലാസുകളിൽ നിന്നാണ് തീവ്രവാദ സംഘടനകൾ രൂപം കൊണ്ടതെന്നും ചില ചരിത്ര രേഖകൾ സാക്ഷ്യപ്പെടുന്നു. ബറേൽവി, ദയൂബത്ത് സംഘടനകൾ വ്ത്യസ്തമാണെങ്കിലും ഇസ്ലാമിലെ യാഥാസ്ഥിതികമായ കാര്യങ്ങളിൽ ഇവർ കേന്ദ്രീകൃതമായിട്ടാണ് പ്രവർത്തിക്കുന്നത്.

ഇസ്ലാമിന്റെ അടിസ്ഥാന കാര്യങ്ങളിൽ നിർജ്ജീവമാണെങ്കിലും പണ്ഡിത സമൂഹമമെന്ന ആധികാരിക രീതിയിൽ പ്രവർത്തിക്കുന്ന ഇത്തരം സംഘടനകൾ മതത്തിന്റെ പുരോഗമന ആശയങ്ങളെയും ചിന്തകളെയും തകർക്കാനും യാഥാസ്ഥിതികതയെ നിലനിർത്താനുമാണ് ശ്രമിക്കുന്നത്. അതിനായുള്ള ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം ഗ്രാന്റ് മുഫ്തി അംഗീകാരങ്ങൾ. കഴിഞ്ഞ മാസം 26ന് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ കാന്തപുരം അബൂബക്കർ മുസലിയാർ പറഞ്ഞത് ഫത് വ ബോർഡുകൾ പുനഃസംഘടിപ്പുക്കുമെന്നും ഫത്വ ബോർഡ് കൂടിയാലോചിച്ച് ഡൽഹി ആസ്ഥാനമായി ഒരു കേന്ദ്രീകൃത ഭരണ സംവിധാനം നടപ്പാക്കും എന്നൊക്കെയാണ്. ഇത് അങ്ങേയറ്റം അപകടകരമായ കാര്യമാണ്. ഇന്ത്യൻ ഭരണഘടനാ വിരുദ്ധമായി ഫത്വയും ശരീഅത്ത് കോർട്ടും വരികയെന്നുള്ളത് ഇന്ത്യയെപ്പോലുള്ള രാജ്യത്ത് അംഗീകരിക്കാനാവില്ല. ഇന്ത്യപോലുള്ള ഒരു രാജ്യത്ത് ഇതൊന്നും നടക്കാൻ പാടില്ല. ശരീഅത്ത് കോർട്ട് എന്നൊക്കെയുള്ളത് ഭരണഘടനാ വിരുദ്ധമാണ്. ഇസ്ലാമിൽ തന്നെ ആരെയും അങ്ങിനെ അധികാരപ്പെടുത്തിയിട്ടില്ല എന്നു ഞാൻ നേരത്തെ പറഞ്ഞു കഴിഞ്ഞു. ഫത് വ എന്നത് ഭരണഘടനാ വിരുദ്ധമാണ്. അങ്ങിനെയാണെങ്കിൽ ഇവിടെ ഭരണഘടനയും കോടതിയുമൊന്നും വേണ്ടല്ലോ. ഓരോ മതവിഭാഗത്തിനും ഒരോ കോർട്ട് ഉണ്ടാക്കാനും ഓരോ ഫത്വകൾ ഇറക്കിയാലും പോരെ.

പക്ഷെ ഇത്തരം പൗരോഹിത്യങ്ങൾ വരണമെന്നത് രാഷ്ട്രീയ പാർട്ടികളുടെ ആവശ്യമാണ്. അവർക്ക് വോട്ടാണ് വലുത്. ഒരാളുടെ കൂടെ പത്തുപേരുണ്ടെങ്കിൽ അവരുടെ വോട്ട് കിട്ടണമെന്നേ അവർ വിചാരിക്കുയകുള്ളൂ. അതിനിടയിൽ സ്ത്രീകൾക്കുണ്ടാകുന്ന പ്രശ്‌നമൊന്നും അവർക്ക് ഒരു വിഷയമേയല്ല. കാന്തപുരം അബൂബക്കർ മുസലിയാർ സ്ത്രീകൾക്കെതിരെ വളരെ മോശമായി സംസാരിക്കുന്ന ഒരു വ്യക്തിയാണ്. പലപ്പോഴായി നമുക്കെല്ലാവർക്കും അറിയുന്ന കാര്യമാണത്. ഗ്രാന്റ് മുഫ്തി പദവി കൊടുത്തിട്ടുണ്ടെങ്കിൽ അദ്ദേഹം ഏറ്റെടുത്തോട്ടെ. അതുകൊണ്ട് ഇന്ത്യയിലെ മുസ്ലിംങൾക്കു മുഴുവൻ ഫത്വയിറക്കാനൊന്നും പറ്റില്ല. പാക്കിസ്ഥാനിൽ പോലും നടക്കാത്ത കാര്യമാണിത് എന്നിട്ടാണോ ഇപ്പോൾ ഇവിടെ നടക്കാൻ പോകുന്നത്. ഇത്തരം കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നത് തന്നെ സത്രീകൾക്കെതിരായുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയണം. മുത്തലാഖും, സ്വത്തവകാശവും തുടങ്ങിയ സ്ത്രീ വിരുദ്ധ നിയമങ്ങൾക്കെതിരെ സുപ്രീം കോടതയിൽ കേസുകൾ ഉണ്ടാകുന്നതിന്റെ അസ്വസ്ഥതകളാണ് ഇത്തരം നീക്കൾക്കു പിന്നിൽ എന്നു മനസിലാക്കാം.

ചോദ്യം: പോരാട്ടവഴിയിൽ നിങ്ങൾ ആരെയെങ്കിലും ഭയക്കുന്നുണ്ടോ?

ഞാൻ ആരെയും ഭയക്കുന്നില്ല. എന്റെ കുടുംബത്തിനെയും ഭയക്കുന്നില്ല. മറ്റുള്ളവരെയും ഭയക്കുന്നില്ല. എല്ലാറ്റിനെയും തരണം ചെയ്ത് ഇതുവരെയെത്തിയില്ലെ. ഇനി ആരെ ഭയക്കാനാ. ഞാൻ തെറ്റു ചെയ്യുന്നില്ല എന്ന് എനിക്കറിയാം. ഞാൻ മറ്റുള്ളവരെ സഹായിക്കുകയല്ലേ ചെയ്യുന്നത്. തെറ്റുചെയ്യുന്നില്ല എന്നുറപ്പുള്ളതുകൊണ്ട് എനിക്ക് ദൈവത്തേയും ഭയപ്പെടേണ്ട. മുത്തലാഖ് പ്രശ്‌നങ്ങൾ എത്ര വർഷങ്ങളായി ഞങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. അതിപ്പോൾ കുറെപ്പേർക്കെങ്കിലും ഗുണകരമായില്ലെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP