Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മതത്തെ വിദ്യാഭ്യാസത്തിൽനിന്ന് എടുത്തുമാറ്റണം; സർക്കാർ ശമ്പളം പറ്റുന്ന കത്തനാർമാരും കന്യാസ്ത്രീകളും മൗലവിമാരുമൊക്കെ അവരവരുടെ മതചിഹ്നങ്ങൾ അണിഞ്ഞുകൊണ്ട് കോളജിൽ വരരുത്; രാഷ്ട്രീയപാർട്ടികൾ മുഴവൻ മതങ്ങൾക്ക് ഓശാന പാടുന്നു; എനിക്ക് ലജ്ജയുള്ളത് മഴുകൊണ്ട് വെട്ടേൽക്കുമ്പോൾ കൊല്ലരുതേ എന്ന് അവരോട് യാചിച്ചതിൽ; എന്നെ കൊല്ലാം..പക്ഷേ ഭയപ്പെടുത്താൻ ആവില്ല; കൈവെട്ട് കേസിന്റെ ഭീതിദമായ ദിനങ്ങൾ ഓർത്തെടുത്ത് ഷുട്ട് അറ്റ് സൈറ്റിൽ പ്രൊഫ ടി ജെ ജോസഫ്

മതത്തെ വിദ്യാഭ്യാസത്തിൽനിന്ന് എടുത്തുമാറ്റണം; സർക്കാർ ശമ്പളം പറ്റുന്ന കത്തനാർമാരും കന്യാസ്ത്രീകളും മൗലവിമാരുമൊക്കെ അവരവരുടെ മതചിഹ്നങ്ങൾ അണിഞ്ഞുകൊണ്ട് കോളജിൽ വരരുത്; രാഷ്ട്രീയപാർട്ടികൾ മുഴവൻ  മതങ്ങൾക്ക് ഓശാന പാടുന്നു; എനിക്ക് ലജ്ജയുള്ളത് മഴുകൊണ്ട് വെട്ടേൽക്കുമ്പോൾ കൊല്ലരുതേ എന്ന് അവരോട് യാചിച്ചതിൽ; എന്നെ കൊല്ലാം..പക്ഷേ ഭയപ്പെടുത്താൻ ആവില്ല; കൈവെട്ട് കേസിന്റെ ഭീതിദമായ ദിനങ്ങൾ ഓർത്തെടുത്ത് ഷുട്ട് അറ്റ് സൈറ്റിൽ പ്രൊഫ ടി ജെ ജോസഫ്

എം റിജു

തിരുവനന്തപുരം: യാതൊരു തെറ്റും ചെയ്തിട്ടില്ലാത്ത ഒരു മനുഷ്യന്റെ കൈപ്പത്തി പച്ചക്ക് വെട്ടിമാറ്റുക. കേരളം കണ്ട ലക്ഷണമൊത്ത തീവ്രവാദ പ്രവർത്തനമായിരുന്നു തൊടുപുഴ ന്യുമാൻ കോളജ് അദ്ധ്യാപകനായ പ്രൊഫ. ടി ജെ ജോസഫിന് നേർക്കുണ്ടായ ആക്രമണം. ഒരു അദ്ധ്യാപകന്റെ വലതുകൈ പ്രവാചക നിന്ദ ആരോപിച്ച് ഇസ്ലാമിക മതമൗലികവാദികൾ വെട്ടിയെടുത്തപ്പോൾ ഒലിച്ചുപോയത്, ഇങ്ങനെയാന്നും കേരളത്തിൽ സംഭവിക്കില്ല എന്ന നമ്മുടെ ആത്മവിശ്വാസം കൂടിയായിരുന്നു. ഇപ്പോൾ ജോസഫ് മാസ്റ്റർ ഇടതുകൈ കൊണ്ട് എഴുതിത്ത്ത്ത്ത്ത്ത്തീർത്ത ആത്മകഥ 'അറ്റുപോകാത്ത ഓർമ്മകൾ' കേരളത്തിൽ ചൂടപ്പംപോലെയാണ് വിറ്റുപോകുന്നത്.

മൂവാറ്റുപുഴയിൽ വെച്ച് 2010 ജൂലൈ നാലിന് അദ്ദേഹത്തിനു നേരെ വാനിലെത്തിയ മതതീവ്രവാദി സംഘം ആക്രമണം നടത്തി. വലതു കൈ അവർ വെട്ടിമാറ്റി. സംഭവത്തിൽ, 13 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കുറ്റക്കാരാണെന്ന് കൊച്ചിയിലെ പ്രത്യേക എൻ.ഐഎ കോടതി വിധിച്ചു. അവരിൽ 10 പേർക്ക് കോടതി എട്ടുവർഷം തടവുശിക്ഷ വിധിച്ചു. മൂന്ന് പേർക്ക് പന്ത്രണ്ട് വർഷം തടവുശിക്ഷയും. ആ കൈ തുന്നിച്ചേർത്തെങ്കിലും, ദുരിതം നിറഞ്ഞ കാലം അദ്ദേഹത്തെ വിടാതെ പിന്തുടർന്നു. ഭർത്താവിന്റെ ജീവിതം മാറ്റിമറിച്ച സംഭവങ്ങൾ ഏൽപ്പിച്ച വിഷാദരോഗം അതിജീവിക്കാനാവാതെ അദ്ദേഹത്തിന്റെ ഭാര്യ ജീവനൊടുക്കി. ഒരൊറ്റ ചോദ്യപ്പേപ്പറിന്റെ പേരിൽ അനുഭവിച്ച ദുരന്തങ്ങൾ പ്രൊഫാ ജോസഫ് ഷൂട്ട്അറ്റ് സൈറ്റിൽ മറുനാടൻ മലയാളിയോട് പങ്കുവെക്കയാണ്. ഒപ്പം നമ്മുടെ വിദ്യാഭ്യാസ രീതിയിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും അദ്ദേഹം പറയുന്നു.

ഈ പുസ്തം എഴുതാനുള്ള ചേതോവികാരം എന്തായിരുന്നു?

ഞാൻ സോഷ്യൽമീഡിയയിലും മറ്റുമായി പല അഭിമുഖങ്ങളിലൂടെയൊക്കെയും ഈ വിഷയത്തിന്റെ സത്യാവസ്ഥ ബോധിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ എല്ലാവർക്കും അത് പൂർണ്ണമായി ബോധ്യപ്പെട്ടുവെന്ന് തോന്നുന്നില്ല. പലപ്പോഴും ജോസഫ് മാസ്റ്റർ എന്തോ തെറ്റുചെയ്തു എന്ന രീതിയിലാണ് പലരും പ്രതികരിച്ചത്. അതിന് ഒരു മറുപടി കൊടുക്കുക എന്നതായിരുന്നു ഈ പുസ്തകം എഴുതുമ്പോഴുള്ള എന്റെ മുഖ്യ ചിന്ത. എന്തായിരുന്നു ആ വിവാദ ചോദ്യം, അതിന്റെ പശ്ചാത്തലമെന്താണ് ഔചിത്യമെന്താണ്, ഇത് ഒരു സാഹിത്യക്ലാസിലെ കുട്ടികളോട് ചോദിക്കാമോ എന്നൊക്കെ വിശദീകരിച്ചു കൊണ്ടാണ് ആദ്യ അധ്യായം തുടങ്ങുന്നതുതന്നെ. ആദ്യം ഈ ചോദ്യത്തിന്റെ പൊരുൾ എന്താണെന്ന് ആളുകളെ മനസ്സിലാക്കിപ്പിച്ചതിന് ശേഷമാണ് പുസ്തകം തുടങ്ങുന്നത്. തുടർന്ന് ഞാൻ കടന്നുപോന്നിട്ടുള്ള മാനസിക വ്യഥകൾ ഒക്കെ, ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. അങ്ങനെ എന്നെ കാണിച്ചുകൊടുക്കലാണ് സത്യത്തിൽ ഈ പുസ്തകം. മാത്രമല്ല ഈ നാട്ടിലെ പൊലീസ് നടപടിക്രമങ്ങളെ കുറിച്ചും കോടതി ജയിൽ നടപടികൾ എന്നിവ തുടങ്ങി കേരളത്തിന്റെ ഒരു പത്തുവർഷത്തെ ചരിത്രം ഞാൻ എന്നിലൂടെ അവതരിപ്പിക്കാൻ ശ്രമിക്കയാണ്.

ആക്രമണം നടന്നിട്ട് പത്തുവർഷം കഴിയുന്നു? ഇപ്പോഴും താങ്കളുടെ ആരോഗ്യസ്ഥിതി എങ്ങനെയാണ്?

ഇപ്പോൾ ആരോഗ്യത്തിന് പ്രത്യേകിച്ച് കുഴപ്പങ്ങൾ ഇല്ല. കൈവെട്ട് കേസ് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ മനസ്സിലാക്കണം കൈ മാത്രമല്ല വെട്ടിമാറ്റിയത്. വലതുകൈ വെട്ടിമാറ്റുക മാത്രമല്ല ഇടതുകൈക്കും മാരക മുറിവുകൾ ഉണ്ട്. മൂന്ന് വിരലുകൾ മടങ്ങില്ല. അതുപോലെ ഇടതുകാൽ പലസ്ഥലത്തായി വെട്ടേറ്റു. അറ്റുപോയില്ലെന്ന് മാത്രം. വലതുകൈപ്പത്തി അനങ്ങില്ല. ഭക്ഷണം കഴിക്കാൻ പോലും പറ്റുന്നില്ല. എല്ലാം ഇടതുകൈ്കൊണ്ട്. പക്ഷേ മറ്റ് ശാരീക അസ്വസ്ഥതകൾ ഇല്ലാതെ ജീവിതം ഒരു പരിധിവരെ മുന്നോട്ട് കൊണ്ടുപോകുന്നു.

ഈ പുസ്തകത്തിൽ ഉടനീളം കാണുന്നത് ബ്ലാക്ക് ഹ്യൂമറാണ്. ആ വിവാദ ചോദ്യത്തിലും താങ്കൾ അതുതന്നെ ആയിരിക്കില്ലേ ഉദ്ദേശിച്ചത്. നിർദോഷിയായ ഒരു ചോദ്യം ഇങ്ങയൊക്കെ ബാധിക്കുന്നുമെന്ന് കരുതിയിരുന്നോ?

എന്നെ കുറ്റവിമുക്തനാക്കിയ തൊടുപുഴ സിജെഎം കോടതി ഞാൻ ഇട്ട ചോദ്യപേപ്പറിൽ ഒരു കുറ്റവും ഇല്ല എന്ന് അസന്ദിഗ്ധമായാണ് വിധി പറഞ്ഞത്. ആ വിധിന്യായത്തിൽ പറയുന്നുണ്ട് ഗൗരവപൂർണമായ ഒരു വായനക്ക് നാം തയ്യാറാവണമെന്ന്. അങ്ങനെ ഒരു വായനാശീലം സമൂഹത്തിൽ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറയുന്നുണ്ട്. വേദപഠനക്ലാസിലെ മൊറാലിറ്റിയല്ല സാഹിത്യ ക്ലാസിലേത്്. ഈ ചോദ്യം ഇട്ടതിൽ യാതൊരു വിഷമം എനിക്ക് അന്നും ഇന്നും ഇല്ല. ഞാൻ ചെയ്തത് ഒരു അബദ്ധമായിപ്പോയി എന്ന് ഒരുകാലത്തും ഒരിക്കലും എനിക്ക് തോന്നിയിട്ടില്ല.ജന്മസിദ്ധമായ ഒരു ഹ്യൂമർ സെൻസ് ഉള്ള വ്യക്തിയാണ് ഞാൻ. മാത്രമല്ല ഞാൻ ഹ്യൂമറിനെ കുറിച്ച് റിസർച്ച് ചെയ്തിട്ടില്ല. സക്കറിയ, ജോൺഎബ്രഹാം, എം മുകുന്ദൻ എന്നിവരുടെ കൃതികളിലെ നർമ്മത്തെ കുറിച്ചായിരുന്നു ഗവേഷണം. മാത്രമല്ല പല പ്രതിസന്ധികളിൽനിന്നും എന്നെ രക്ഷിച്ചതും ഈ നർമ്മബോധം തന്നെയായിരുന്നു.

ഏകപക്ഷീയമായ ഒരു മാധ്യമ വിചാരണയുടെ ഇരയാണ് താങ്കൾ എന്ന് കരുതുന്നുണ്ടോ? ഏതാനും കുട്ടികളിൽ ഒതുങ്ങിപ്പോകേണ്ട വിഷയത്തെ ഒരു വലിയ ചർച്ചയാക്കിയത് കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങളാണ്. ആരും താങ്കളുടെ ഭാഗം ചോദിച്ചതുമില്ല.

മാധ്യമങ്ങളാണ് ഈ വിഷയം ഇത്രയും രൂക്ഷമാക്കി എടുത്തത്. അതിന്റെ ഒരു തിക്തഫലം ഞാൻ അനുഭവിക്കുകയും ചെയ്തു. പക്ഷേ പിന്നീട് എന്നെ ആക്രമിച്ചതിനുശേഷം ഈ മാധ്യമങ്ങൾ എല്ലാം എന്നോടൊപ്പം കൂടി. അവരുടെ പിൻബലം എനിക്കുണ്ടായതുകൊണ്ട് തുടർന്നുള്ള ജീവിതത്തിൽ വലിയ സഹായങ്ങൾ ഉണ്ടാവുകയും ചെയ്തു. പിന്നീട് എന്റെ ശമ്പളകുടിശ്ശിക കിട്ടാനും മറ്റുമായി ഏറെ ശബ്ദമുയർത്തിയതും മാധ്യമങ്ങളാണ്.

ഈ വിവാദ ചോദ്യം പി ടി കുഞ്ഞുമുഹമ്മദിന്റെ തിരക്കഥയുടെ രീതിശാസ്ത്രം എന്ന പുസ്ത്കത്തിൽനിന്ന് എടുത്തതാണല്ലോ. അന്ന് കുഞ്ഞുമുഹമ്മദ് ഇക്കാര്യം സമ്മതിച്ചിരുന്നോ?

ഞാൻ ഇക്കാര്യത്തിൽ പി ടി കുഞ്ഞുമുഹമ്മദുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ല. ഫോൺവിളിപോലും ഉണ്ടായിട്ടില്ല. അദ്ദേഹം പിന്നീട് ഒരു ചാനൽ ചർച്ചയിൽ പറയുന്നതുകേട്ടു. അദ്ദേഹത്തിന്റെ പുസ്തകത്തിൽനിന്ന് എടുത്ത് ചോദ്യപേപ്പർ ഉണ്ടാക്കിയതിനാൽ ആണെല്ലോ ഈ അനർഥങ്ങൾ ഒക്കെ ഉണ്ടായത്. അതിൽ അദ്ദേഹത്തിന് വിഷമമുണ്ടെന്ന്. എന്നോടുള്ള സ്നേഹവും ബഹുമാനവും കൊണ്ടാണ് അദ്ദേഹം ഒരു ഫോൺ പോലും വിളിക്കാതെ ഇരുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇപ്പോൾ അദ്ദേഹത്തിന്റെ മനസ്സ് എന്നോടൊപ്പമാണ്.

താങ്കൾ കൈവെട്ടിയവരോടും പോലും ക്ഷമിച്ചിരിക്കുന്നു. പക്ഷേ സഭയോടും കോളജ് അധികൃതരോടും ക്ഷമിക്കാൻ കഴിയില്ല എന്നാണ്.

ആക്രമിച്ച ആളുകൾ വെറും കിങ്കരന്മാർ മാത്രമാണ്. അവർ ഒരു ദൗത്യം പുർത്തീകരിക്കുക മാത്രമാണ് ചെയ്തത്. അതുകൊണ്ടാണ് ഞാൻ അവരോട് ക്ഷമിച്ചുവെന്ന് പറയുന്നത്. അതായത് എന്നെ ആക്രമിക്കാൻ ഉപയോഗിച്ച മഴുവിനോടോ വാക്കത്തിയോടോ, ആ ആയുധങ്ങളോട് എനിക്ക് യാതൊരു പകയും ഇല്ലാത്തപോലെ, അത് കൈകാര്യം ചെയ്ത കിങ്കരന്മാരോടും എനിക്ക് പകയില്ല. അവർ ചെയ്യുന്നതെന്താണെന്ന് അവർക്ക് അറിഞ്ഞുകൂടാ. എന്നെ വേട്ടയാടിയ ഭരണകൂടം. അവർക്കും ഉണ്ടായ ഒരു പിഴവായേ ഞാൻ ഇതിനെ കരുതുന്നുള്ളൂ. പക്ഷേ ഞാൻ കൈകാലുകൾ അനക്കാൻ പോലും കഴിയാതെ ജീവച്ഛവം പോലെ കിടക്കുമ്പോഴാണ് സഭാധികാരികൾ എന്നെ ജോലിയിൽനിന്ന് പിരിച്ചുവിടുന്നത്. ശരിക്കും അവർ ചെയ്തതാണ് ഒരു പാപ കർമ്മം. എന്നെ ഉപേക്ഷിച്ച് കളയുക മാത്രമല്ല, ഉപദ്രവിച്ച് കളയുകകൂടി ചെയ്തു. പെൻഷൻ പോലും കിട്ടാത്ത രീതിയിൽ 25വർഷത്തെ സർവീസ് റദ്ദാകുന്ന രീതിയിൽ പിരിച്ചുവിടുകയാണ് അവർ ചെയ്തത്. മതങ്ങൾ അവരുടെ സ്ഥാപിത താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി എപ്പോഴും ഉപയോഗിക്കുന്ന ഒരു വാക്കാണ് മതസൗഹാർദം എന്നുള്ളതൊക്കെ. അതുകൊണ്ട് അതുവരെ കൂടെ നിന്ന എന്നെ ഒറ്റുകൊടുക്കുകയാണ് അവർ ചെയ്തത്. അവർ ഉണ്ടാക്കിയ സൗധങ്ങളും പ്രസ്ഥാനങ്ങളുമൊക്കെയാവാം അവരുടെ മനസ്സിൽ ഉണ്ടായിരുന്നത്.

ഈ പുസ്തകം വായിച്ചപ്പോൾ തോന്നിയത് ജീവിതത്തിന്റെ സമസ്തമേഖലകളിലും മതം നിലനിൽക്കുന്നുവെന്നാണ്. നാട്ടിലെ കോൺസ്റ്റബിളിൽ തൊട്ട് എൻഐഎ ഉദ്യോഗസ്ഥനിൽവരെ?

മതമില്ലാത്ത ഒരു രാജ്യത്തിലെ ഉദ്യോഗസ്ഥരാണ് ഈ പറയുന്നവർ എല്ലാം. മതമില്ലാത്ത രാജ്യത്തിലെ ഒരു പൊലീസ് ഓഫീസർ തീർച്ചയായും മതമില്ലാത്ത രീതിയിലാണ് പെരുമാറേണ്ടത്. ഏത് പദവിയിൽ ഇരിക്കുന്നയാളും ആ പദവിയോടാണ് കൂറ് കാണിക്കേണ്ടത്. അല്ലാതെ മതത്തോട് അല്ല. ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന് പറഞ്ഞാലും മതാധിപത്യമാണ് എവിടെയും നിൽക്കുന്നത്. ഉദ്യോഗസ്ഥന്മാരെയും അദ്ധ്യാപകരെയും ഒക്കെ നയിക്കുന്ന ഘടകം മതമാണ്. രാഷ്ട്രീയപാർട്ടികൾ മുഴുവൻ ഈ മതങ്ങൾക്ക് ഓശാന പാടുകയാണ്. മതം മനുഷ്യന്റെ സ്വകാര്യത മാത്രം ആവണം.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നമുക്ക് എന്ത് ചെയ്യാൻ കഴിയും? മതത്തെ വിദ്യാഭ്യാസത്തിൽ നിന്ന് പൂർണ്ണമായും വേർപെടുത്തണമെന്ന അഭിപ്രായം അങ്ങേക്ക് ഉണ്ടോ.

സർക്കാറിന്റെ ശമ്പളം വാങ്ങിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഉണ്ട്. സർക്കാർ സ്‌കൂളുകൾ മാത്രമല്ല എയ്ഡഡ് സ്ഥാപനങ്ങൾ വരെ. ഇത്തരം സകൂളുകളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകർ മതചിഹ്നങ്ങൾ ഉള്ള വേഷം അണിഞ്ഞുവരാൻ പാടില്ല. സാധാരണവേഷങ്ങളോ അല്ലെങ്കിൽ എത് മതസ്ഥർക്കും ധരിക്കാവുന്ന വേഷങ്ങളോ മാത്രമേ അവർ ധരിക്കാവൂ. കത്തനാർമാർക്കും കന്യാസ്ത്രീകൾക്കും മൗലവിമാരുമൊക്കെ കോളജിൽ പഠിപ്പിക്കാം. പക്ഷേ അവരവരുടെ മതചിഹ്നങ്ങൾ അണിഞ്ഞുകൊണ്ടുള്ള വേഷവിധാനത്തിൽ സർക്കാറിന്റെ ശമ്പളം പറ്റുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തരുത്. ഇതാണ് എന്റെ അഭിപ്രായം. അങ്ങനെ മതവും മതചിഹ്നങ്ങളും മതപരമായ വേഷവിധാനങ്ങളുമൊക്കെ ഈ വിദ്യാഭ്യാസ മണ്ഡലത്തിൽനിന്ന് മാറ്റിക്കളയണം. നമ്മൾ മതേതരത്വം പഠിപ്പിക്കണം. ഭരണഘടന വിഭാവനം ചെയ്യുന്ന രീതിയിലുള്ള ഒരു സംസ്‌ക്കാരം കുട്ടികളിൽ ഉണ്ടാക്കണം. എന്റെ ചെറുപ്പത്തിൽ ഞാൻ മഹാരാജാസ് കോള്ളിൽ പഠിക്കുന്ന കാലത്ത് അവിടെ പർദയിട്ടുവരുന്ന കുട്ടികൾ ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ അങ്ങനെയല്ല. കുട്ടികളുടെ കണ്ണിൽ നോക്കി പഠിപ്പിക്കണം എന്നാണ് എന്നോട് എന്റെ ഗുരുക്കന്മാർ പറഞ്ഞിട്ടുള്ളത്. മതാധിപത്യം വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിൽ ഒതുക്കയാണ്.

കൈവെട്ട് കേസിൽ ഇടതുപക്ഷ സർക്കാർ അങ്ങയെ സഹായിച്ചില്ല. ചോദ്യപ്പേപ്പറിട്ട അദ്ധ്യാപകൻ ഒരു മഠയൻ ആണെന്നാണ് വിദ്യാഭ്യാസ മന്ത്രി എം എ ബേബി പറഞ്ഞതും.

വോട്ട്ബാങ്കാണ് എല്ലാറ്റിനും പിന്നിൽ. രാഷ്ട്രീയക്കാർ അതിനാൽ മതത്തെ പ്രീണിപ്പിക്കുന്നു. ഇന്ന് കാലം പിറകോട്ട് കറങ്ങുകയാണ്. സർക്കാറിനും ഭരണകൂടത്തിനും എന്നെ നിർബന്ധമായും ഉപദ്രവിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നില്ല. അവർ സമ്മർദത്തിന് വഴങ്ങുകയാണ് ഉണ്ടായത്. മതം ഇടപെടുന്ന എല്ലാകാര്യത്തിലും നമുക്ക് ഇത് കാണാം.

കൈവെട്ടുകേസിന്റെ കോടതിവിധി കേട്ടിട്ട് പ്രതികൾ പലരും ചരിച്ചുകൊണ്ടാണ് പുറത്തിറങ്ങിയത്. വലിയൊരു അവാർഡ് ഒക്കെ പോലെ അംഗീകരമായി അവർ ഇതിനെ കരുതുന്നു.

എന്നോട് പലരും ഇതേക്കുറിച്ച് ചോദിച്ചിട്ടുണ്ട്. മനുഷ്യർ സന്തോഷമായി ഇരിക്കുന്നത് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. അവരും മനുഷ്യർ ആണെല്ലോ. ലോകത്തുള്ള ഒരു മനുഷ്യനും ദുഃഖിക്കണമെന്ന് കരുതുന്ന ആളല്ല ഞാൻ. അവർ ഇതിലെ ഉപകരണങ്ങൾ മാത്രമാണ്. കത്തിയോടും കോടാലിയോടും വിരോധമില്ലാത്തതുപോലെ എനിക്ക് അവരോടും വിരോധമില്ല.

സമാനമായ അനുഭവത്തിലൂടെ കടന്നുപോവുന്ന ഒരാൾക്ക് എന്ത് ഉപദേശമാണ് നൽകാനുള്ളത്

ജീവിതത്തെ സംബന്ധിച്ച് ആർക്കും അങ്ങനെ ഒരു ഉപദേശവും കൊടുക്കാൻ കഴിയില്ല. ഇന്ന രീതിയിൽ ജീവിക്കണം. ഇന്നരീതിയിൽപോയാൽ കുഴപ്പമില്ല എന്ന് പറയാൻ കഴിയില്ല. ഞാൻ അന്ന് കോളജിൽപോയി എന്റെ ഭാഗം വിശദീകരിക്കുകയായിരുന്നെങ്കിൽ അവർ എല്ലാംകൂടി എന്നെ എന്തുചെയ്യുമായിരുന്നെന്ന് പറയാൻ കഴിയില്ല. എനിക്കുവേണ്ടി പറയാമെന്ന് ഏറ്റിരുന്നവർ അത് പറയാതിരിക്കയും എന്നെ തള്ളിപ്പറയുകയും ചെയ്തതാണ് പ്രശ്നം വഷളാക്കിയത്.

കൈവെട്ട് നടന്ന ആ ദിനം ഒന്ന് ഓർത്തെടുക്കമോ?

2010 ജൂലൈ നാല്. അന്നാണ് ഈ സംഭവം നടന്നത്. ആക്രമണത്തിൽ ഭയം ഉണ്ടായിരുന്ന ആൾ ആയിരുന്നില്ല ഞാൻ. ഞാൻ ആക്രമണം പ്രതീക്ഷിച്ചതുമായിരുന്നു. അവർ എന്റെ വണ്ടി ബ്ലോക്ക് ചെയ്തുകൊണ്ട് വണ്ടി നിർത്തി, മഴുകൊണ്ട് തുരുതുരാ വെട്ടുകയായിരുന്നു. രണ്ടുമൂന്നുതവണ ഞാൻ രക്ഷപ്പെട്ടതാണ്. ഇപ്പോൾ ശരിക്കും പെട്ടു. അവർ എന്നെ മഴുകൊണ്ട് വെട്ടുമ്പോൾ ഒക്കെ, ഞാൻ കൊല്ലല്ലേ, കൊല്ലല്ലേ എന്ന് നിലവിളിച്ചു. അത് എന്റെ ബുദ്ധിയിൽനിന്നും വന്നതല്ല എന്നാണ് ഞാൻ വിചാരിക്കുന്നത്. അത് സ്വാഭാവിക പ്രതികരണം മാത്രമാണ്. എന്നിലുള്ള ഒരു ജന്തുവിന്റെ രോദനം മാത്രമാണത്. എനിക്ക് അതിനെക്കുറിച്ച് ഓർക്കുമ്പോൾ ലജ്ജയുണ്ട്. ഞാനിങ്ങനെ ധൈര്യമൊക്കെ ചോർന്ന് ഇവന്മാരുടെ മുമ്പാകെ യാചിച്ചല്ലോ, എന്നോർത്ത് എനിക്ക് ലജ്ജയുണ്ട്. അല്ലാതെ എനിക്ക് അവരെ പേടിയില്ല. മരണത്തെയും ഭയമില്ല. ജീവിതത്തിന്റെ പല പ്രതിസദ്ധികളിലൂടെ കടന്നുപോയപ്പോളും ഞാൻ സ്വയം പറഞ്ഞത് അതുതന്നെയായിരുന്നു. എന്നെ നിങ്ങൾക്ക് കൊല്ലാൻ കഴിയും ..പക്ഷേ ഭയപ്പെടുത്താമെന്ന് കരുതരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP