Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസ് അകമ്പടിയിൽ രഹ്ന ഫാത്തിമ എത്തുകയും തന്ത്രി നട അടയ്ക്കാൻ നിർബന്ധിതൻ ആകുകയും ചെയ്തപ്പോഴാണ് ശബരിമലയിൽ എത്തിയത്; പൊറുക്കണം വേറെ നിവൃത്തിയില്ലാത്തതു കൊണ്ടാണ് എന്നായിരുന്നു മടങ്ങുന്ന വഴിയിൽ ഭയഭക്തിയോടെ കൈകൂപ്പിയ പൊലീസുകാരന്റെ കണ്ണീരിന്റെ അർത്ഥം; സംഘി എന്ന വിളി അഭിമാനമായി കരുതണം; ഹിന്ദുക്കളുടെ ഒരുമയ്ക്ക് പിണറായി വലിയ സഹായമാണ് ചെയ്തത്; മുഖ്യമന്ത്രിക്ക് തെറ്റുപറ്റി; ഹൈന്ദവ സമ്മേളനത്തിന് ലണ്ടനിൽ സ്വാമി ചിദാനന്ദപുരി മറുനാടനോട് മനസ് തുറക്കുന്നു

പൊലീസ് അകമ്പടിയിൽ രഹ്ന ഫാത്തിമ എത്തുകയും തന്ത്രി നട അടയ്ക്കാൻ നിർബന്ധിതൻ ആകുകയും ചെയ്തപ്പോഴാണ് ശബരിമലയിൽ എത്തിയത്; പൊറുക്കണം വേറെ നിവൃത്തിയില്ലാത്തതു കൊണ്ടാണ് എന്നായിരുന്നു മടങ്ങുന്ന വഴിയിൽ ഭയഭക്തിയോടെ കൈകൂപ്പിയ പൊലീസുകാരന്റെ കണ്ണീരിന്റെ അർത്ഥം; സംഘി എന്ന വിളി അഭിമാനമായി കരുതണം; ഹിന്ദുക്കളുടെ ഒരുമയ്ക്ക് പിണറായി വലിയ സഹായമാണ് ചെയ്തത്; മുഖ്യമന്ത്രിക്ക് തെറ്റുപറ്റി; ഹൈന്ദവ സമ്മേളനത്തിന് ലണ്ടനിൽ സ്വാമി ചിദാനന്ദപുരി മറുനാടനോട് മനസ് തുറക്കുന്നു

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ശബരിമലയിലെ യുവതീ പ്രവേശം സംബന്ധിച്ച് കേരളം കലുഷിതമായ കാലങ്ങളിൽ മാധ്യമങ്ങൾ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട പേരാണ് കോഴിക്കോട് കൊളത്തൂർ അദ്വൈതാ ആശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുടേത്. പന്തളത്തു സ്ത്രീ വിശ്വാസികൾ ഏറ്റെടുത്ത വിശ്വാസ സംരക്ഷണ നാമജപ ശരണ യാത്രകൾ പിന്നീട് ശബരിമല കർമ്മസമിതിയുടെ പേരിലേക്ക് സംസ്ഥാനത്തൊട്ടാകെയും പിന്നീട് ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്കും, എന്തിനു ബ്രിട്ടൻ ഉൾപ്പെടെ ലോകത്തിന്റെ നാനാകോണിലേക്കും പടർന്നു കയറിയപ്പോൾ വിശ്വാസ സമൂഹം ആദരവോടെ നെഞ്ചേറ്റിയ പേര് കൂടിയാണ് സ്വാമി ചിദാനന്ദപുരി.

ഒരിക്കലും സാധ്യമാകില്ലെന്ന് കരുതപ്പെട്ടിരുന്ന ഹൈന്ദവ വിശ്വാസത്തിന്റെ ഏകീകരണം സാധിച്ചെടുക്കാൻ കഴിഞ്ഞു എന്നതാണ് ഇപ്പോൾ സ്വാമിയെ ശ്രദ്ധാകേന്ദ്രം ആക്കുന്നതും. മാത്രമല്ല, ശബരിമല വിശ്വാസ സംരക്ഷണത്തിന്റെ ഓരോ ഘട്ടത്തിലും അതി ശക്തമായ ഇടപെടലുകൾ നടത്തി സംസ്ഥാന സർക്കാരുമായി നേർക്ക് നേർ ഏറ്റുമുട്ടൽ നടത്താൻ ഉള്ള ആർജ്ജവം ഉണ്ടെന്നു അയ്യപ്പ ജ്യോതി, അയ്യപ്പ ഭക്ത സംഗമം അടക്കമുള്ള ജനലക്ഷങ്ങളെ അണിനിരത്തിയുള്ള പരിപാടികൾക്ക് ചുക്കാൻ പിടിച്ചതും ഇദ്ദേഹം തന്നെയാണ്. ബ്രിട്ടീഷ് പാർലിമെന്റിൽ ഭഗവദ് ഗീതയുടെ രാഷ്ട്രീയം സംബന്ധിച്ച് എംപിമാർ അടക്കമുള്ളവരോട് സംവദിക്കുന്നതിനു എത്തിയ സ്വാമി ചിദാനന്ദപുരിയെ, ബ്രിട്ടനിൽ ആദ്യമായി ഹിന്ദു മഹാസമ്മേളനം ഒരുക്കിയാണ് വിശ്വാസികൾ ആദരവോടെ വരവേൽക്കുന്നത്. ഇന്ന് ബർമിങ്ഹാം ബാലാജി ക്ഷേത്ര സന്നിധിയിൽ മണിക്കൂറുകൾ നീളുന്ന സാംസ്‌കാരിക പരിപാടികളെ തുടർന്നു നടക്കുന്ന ഹിന്ദു മഹാ സമ്മേളനം ഉത്ഘാടനം ചെയ്യുന്ന സ്വാമി ചിദാനന്ദപുരിയുമായി ബ്രിട്ടീഷ് മലയാളി റസിഡന്റ് എഡിറ്റർ കെ ആർ ഷൈജുമോൻ നടത്തിയ സംഭാഷണത്തിന്റെ ചുരുക്കം.

കാഷായ ധാരികളായ സ്വാമിമാർ പോലും ഇപ്പോൾ സംഘി സ്വാമി എന്നാണ് വിളിക്കപ്പെടുന്നത്. സംഘി എന്ന വിളിയിൽ അങ്ങ്ക്കു അമർഷമുണ്ടോ?

സത്യത്തിൽ അഭിമാനമാണ് ആ വിളി കേൾക്കുമ്പോൾ തോന്നുക. ഇന്ത്യയുടെ രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും ഒക്കെ ഇപ്പോൾ അങ്ങനെ അല്ലെ അഭിസംബോധന ചെയ്യുന്നത്. സംഘ പരിവാർ ബന്ധം ആയിരിക്കുമല്ലോ ആ വിളിയുടെ അടിസ്ഥാനം. നിലവിലെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഒക്കെ ആ നിലയിൽ നിന്നും ഉയർന്നു വന്നവരാണ്. വെറുപ്പിന്റെ രാഷ്ട്രീയം സംസാരിക്കുന്നവരാണ് മറ്റുള്ളവരെ എങ്ങനെയും ആക്ഷേപിക്കണം എന്ന ആഗ്രഹത്തോടെ ഇങ്ങനെ ഒക്കെ വിളിച്ചു സംസാരിക്കുക. ഹൈന്ദവനായി ജനിച്ച ഒരാളും ഈ വിളിയിൽ അവഹേളനം തോന്നേണ്ട കാര്യമില്ല. നവ സാമൂഹ്യ മാധ്യമങ്ങളിലാണ് കൂടുതലായും ഇത്തരം പ്രയോഗങ്ങൾ കണ്ടുവരുന്നത്. അത് ഉപയോഗിക്കുന്നവരുടെ മനോനിലയും നമുക്കു മനസിലാക്കാൻ സാധിക്കും. ഇതൊക്കെ ആര് ഗൗനിക്കുന്നു.

എന്തുകൊണ്ടാണ് താങ്കൾ ശബരിമല പ്രക്ഷോഭത്തിന്റെ നേതൃത്വ സ്ഥാനം ഏറ്റെടുത്തത്?

ഏകദേശം മുപ്പതു വർഷമായി ഞാൻ കേരളത്തിന്റെ സാമൂഹിക മണ്ഡലത്തിൽ സജീവമാണ്. വേദാന്ത പ്രചാരണവും സനാതന ധർമ്മ പ്രചാരണവുമാണ് പ്രധാനമായും ഞാൻ ഉൾപ്പെടുന്ന സന്യാസിമാർ ഏറ്റെടുക്കുക. എന്നാൽ ധർമ്മ സംരക്ഷണം ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ അതിനാവശ്യമായ വിധം കർമ്മ മണ്ഡലം പരുവപ്പെടുത്താനും സന്യാസി ബാധ്യസ്ഥനാണ്. സാമൂഹ്യമായ പ്രവർത്തനങ്ങളുൾടെ മുൻ നിരയിൽ തന്നെയാണ് സന്യാസി നിൽക്കേണ്ടതും. മുൻപ് ദേവസ്വം ബോർഡ് ആക്ട് വന്നപ്പോൾ പാകപ്പിഴകൾ തിരുത്താനും ശിവഗിരി മഠം സർക്കാർ ഏറ്റെടുത്തപ്പോൾ തിരുത്തിക്കാനും മുന്നിൽ തന്നെ നിന്നിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയും ദൃശ്യാ മാധ്യമങ്ങളും സജീവമായപ്പോൾ കൂടുതൽ ശ്രദ്ധ കിട്ടി എന്നേയുള്ളൂ.

ശബരിമല വിഷയം കൈകാര്യം ചെയ്തതിൽ വിശ്വാസികൾക്കും തെറ്റ് പറ്റിയോ, വിഷയത്തിൽ രാഷ്ട്രീയം കൈകടത്തിയത് ശരിയാണോ?

ബിജെപി ഇക്കാര്യത്തിൽ സമര രംഗത്ത് വന്നത് ഞങ്ങൾ കാര്യമാക്കുന്നില്ല. അന്നും ഇന്നും എന്നും ശബരിമല കർമ്മ സമിതിയാണ് ഈ വിഷയത്തിന്റെ നേതൃത്വം കൈകാര്യം ചെയ്യുന്നത്. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ബിജെപി വിഷയം ഏറ്റെടുക്കാൻ വന്നതിനെ തള്ളിപ്പറയാനും കഴിയില്ല, അവർക്കത്തിനുള്ള സ്വാതന്ത്ര്യമുണ്ട്. മറ്റു പാർട്ടികളിൽ ഉള്ളവരും സമാനമായ തരത്തിൽ സഹായങ്ങൾ നൽകിയിട്ടുണ്ടല്ലോ.

ഹർത്താലുകൾ ഒക്കെ നടത്തി സാമൂഹിക അന്തരീക്ഷം കലുഷിതമായതിനെ കുറിച്ച്?

ശബരിമല കർമ്മ സമിതിയാണ് ഹർത്താൽ ആഹ്വനം നടത്തിയത്. വ്യക്തിപരമായി ഞാൻ ഹർത്താലുകൾക്കു എതിരാണ്. ഏറ്റവും കൂടുതൽ ഹർത്താൽ നടത്തി കേരള ജനതയെ ബുദ്ധിമുട്ടിച്ച സിപിഎം ആണ് ശബരിമല കർമ്മ സമിതി ഹർത്താലിനെ എതിർക്കൻ വന്നത് എന്നതാണ് രസകരം. എന്തുകൊണ്ട് ശബരിമല ഹർത്താൽ മാത്രം നിർബന്ധപൂർവം എതിർക്കപെട്ടു? എന്തുകൊണ്ട് വ്യാപകമായ തരത്തിൽ ഹർത്താൽ ദിനത്തിൽ അക്രമം അഴിച്ചു വിട്ടു? ആരാണ് ആയുധങ്ങളുമായി തെരുവിൽ എത്തിയത്? എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിക്കാത്തത്? ശബരിമല ഹർത്താലിന് തൊട്ടു പിന്നാലെ രണ്ടു ദിവസത്തെ അഖിലേന്ത്യാ പണിമുടക്ക് നടത്തിയത് ആരാണ്? അപ്പോൾ തോന്നാത്ത വികാരം എന്തുകൊണ്ട് ശബരിമല എന്ന് കേട്ടപ്പോൾ ഉണ്ടായി? ചില സമയത്തു ചില കാര്യങ്ങൾ അനിവാര്യമായി വരും. ശബരിമല ഹർത്താലിനെയും അത്തരത്തിൽ കണ്ടാൽ മതിയാകും.

ഇതിന്റെയെല്ലാം പേരിൽ അനേകായിരം പേർക്കെതിരെ പൊലീസ് കേസെടുത്തല്ലോ. അങ്ങയുടെ പേരിൽ എത്ര കേസുണ്ട്?

ഇതിന്റെ പേരിൽ എന്റെ അറിവിൽ ഇതുവരെ എനിക്കെതിരെ കേസെടുത്തിട്ടില്ല. പൊലീസിൽ നിന്നും മാർക്സിറ്റ് വിശ്വാസികളിൽ നിന്നും പോലും വ്യക്തിപരമായി മാന്യമായ പെരുമാറ്റമാണ് ലഭിച്ചിട്ടുള്ളത്.

ഒരു ഘട്ടത്തിലും പൊലീസ് അങ്ങയെ തടഞ്ഞില്ലെന്നാണോ?

ഇല്ലെന്നു പറയാം. പൊലീസ് അകമ്പടിയിൽ രെഹ്ന ഫാത്തിമ എന്ന സ്ത്രീ മലനടയിൽ എത്തുകയും ക്ഷേത്ര തന്ത്രി നട അടയ്ക്കാൻ നിർബന്ധിതൻ ആകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഞാൻ ശബരിമലയിൽ എത്തുന്നത്. തന്ത്രിയുമായും പൊലീസുകാരുമായും ഒക്കെ സംസാരിച്ചു. ഭഗവാനെ തൊഴുതു മടങ്ങുന്ന വഴിയിൽ യൂണിഫോമിൽ കണ്ടാൽ ഉന്നത ഉദ്യോഗസ്ഥൻ എന്ന് കരുതാവുന്ന ഒരു പൊലീസുകാരൻ ഭയഭക്തിയോടെ കൈകൂപ്പി, നിറകണ്ണുകളോടെ കാൽ തൊട്ടു വന്ദിച്ചത് എനിക്ക് മറക്കാനാകുന്നില്ല. ഇത് പലയിടത്തും ഞാൻ പറഞ്ഞിട്ടുണ്ട്. പൊറുക്കണം, വേറെ നിവൃത്തിയില്ലാത്ത കൊണ്ടാണ് എന്നായിരുന്നു ആ ഉദ്യോഗസ്ഥന്റെ കണ്ണീരിന്റെ അർത്ഥം.

താങ്കളും മുഖ്യമന്ത്രിയും നേർക്കുനേർ നിന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. അങ്ങയുടെ ഭാഷയും കൈവിട്ടതായി തോന്നിയിട്ടുണ്ടോ?

ഭാഷ കൈവിട്ടതായി ഒരിക്കലും തോന്നിയിട്ടില്ല. മുഖ്യമന്ത്രിയുടെ ദാർഷ്ട്യത്തെയാണ് ഞങ്ങൾ എതിരിട്ടത്. ഒരു ഭരണാധികാരിയുടെ ഭാഷ അങ്ങനെ ആയിരിക്കരുത്. ബോധപൂർവം മോശമായി ഒന്നും പറഞ്ഞിട്ടില്ല. ഹൈന്ദവ ജനതയുടെ ഏകീകരണം സാധ്യമാക്കി തന്നതിന് അദ്ദേഹത്തോട് നന്ദിയാണുള്ളത്. സ്വാതിക ഭാഷ ഉപയോഗിക്ക്നേടിടത്തു അതാകാം, രാജസീകം വേണ്ടിടത്തു അതും പ്രയോഗിക്കണം.

ഈ വിഷയത്തിലൂടെ കേരളത്തിന്റെ മതമൈത്രി തകർന്നു എന്ന് പറഞ്ഞാൽ നിക്ഷേധിക്കുമോ?

ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. എങ്ങനെയാണു മത മൈത്രി തകരുന്നത്. ഒരു ഹിന്ദുവും ഇക്കാര്യത്തിൽ ക്രിസ്ത്യനായയോടൊ മുസ്ലിമിനോടോ സ്പർദ്ധക്ക് പോയിട്ടില്ല. ബിഷപ്പുമാരുടെ സംഘടനാ കെസിബിസി പത്രക്കുറിപ്പ് വഴിയല്ലേ ശബരിമല വിഷയത്തിൽ വിശ്വാസികൾക്ക് ഒപ്പം നിന്നത്. മുസ്ലിം ലീഗും പാണക്കാട് തങ്ങളും പരസ്യമായല്ലേ വിശ്വാസികൾക്ക് അനുകൂലമായി നിലപാട് എടുത്തത്. ഇങ്ങനെ എല്ലാവരും ഒരുപോലെ നിൽകുമ്പോൾ എങ്ങനെയാണ് മതമൈത്രി തകരുക?

എന്തെങ്കിലും നിക്ഷിപ്ത താൽപ്പര്യങ്ങൾ ഇതിന്റെ പിന്നിലുണ്ടായോ?

ഒരുപാടു കഥകൾ കേൾക്കുന്നുണ്ട്, പക്ഷെ അതിനു ബലവത്താകുന്ന തെളിവുകൾ ഇല്ലാത്തതു കൊണ്ട് പറയുന്നില്ല. ഒന്നു പറയാം, മുഖ്യമന്ത്രിക്ക് തിരക്കു കൂടിപ്പോയി. ഈ വിഷയം വേണ്ടത്ര സാവകാശം എടുത്തു എതിർകക്ഷികൾ വിളിച്ചു കൂട്ടി ചർച്ച ചെയ്തു നടപ്പാക്കാൻ ഒരു പ്രയാസവും ഉണ്ടായിരുന്നില്ലല്ലോ. ക്ഷേത്രപാലകരും തന്ത്രി സമുച്ചയവും ആചാര്യന്മാരും സന്യാസികളും വിശ്വാസി സമൂഹവും ഒക്കെ ഒന്നിച്ചിരുന്നു എടുക്കുന്ന ഒരു തീരുമാനത്തെ ആരെങ്കിലും തടയുമോ? സുപ്രീം കോടതി ഒരു ഡിക്ലറേറ്റീവ് സ്വഭാവമുള്ള പരാമർശമാണ് നടത്തിയതും എന്നും ഓർക്കണം. എങ്കിൽ ഇതേ വാശി എന്തുകൊണ്ട് പിറവം പള്ളിയിൽ കാട്ടിയില്ല. അവിടെ സർക്കാർ വിശ്വാസ സംരക്ഷണ നിലപാട് എടുത്തു. അവിടെ സമവായ ചർച്ചകൾ നടത്തുന്നു. റവന്യു ഭൂവിയിൽ കുരിശു നാട്ടിയതിനു നടപടി എടുത്ത റവന്യു ഉദ്യോഗസ്ഥന് എതിരെ നടപടി. പാർട്ടി ഓഫിസിൽ കയറിയ വനിതാ ഐപിഎസ് ഓഫിസർക്ക് ശകാരം. ഇതെല്ലം സർക്കാരിന്റെ ഉദ്ദേശ ശുദ്ധി വെളിപ്പെടുത്തുന്നുണ്ട്.

ഹിന്ദുവിനെ വർഗീയവാദിയാക്കാനുള്ള ശ്രമമാണോ?

ആ പ്രയോഗം തന്നെ തെറ്റാണു. ആരാണ് വർഗീയത പറയുന്നത്. സ്വന്തം വിശ്വാസവും ആചാരവും സംരക്ഷിക്കുന്നത് വർഗീയത ആണെങ്കിൽ ഇവിടെ ആരാണ് വർഗീയ വാദി അല്ലാത്തത്? അതോ ഹിന്ദുവിന് മാത്രം ഇതൊന്നും വേണ്ടെന്നോ? അങ്ങനെ ഒരു സാഹചര്യം ഉണ്ടയാപ്പോൾ ഹിന്ദുവിന്റെ ചോദന ഉയർന്നു. അതിനെ വർഗീയത എന്ന് പേരിട്ടു വിളിക്കണ്ട. അതിൽ മറ്റുള്ളവർ വിഷമിക്കുകയും വേണ്ട. കേദാർനാഥ്, പുരി വിഷയങ്ങളിൽ ഒക്കെ സുപ്രീം കോടതി വിശ്വാസ സംരക്ഷണം സംബന്ധിച്ച് വ്യക്തമായ മാർഗനിർദ്ദേശം നൽകിയിട്ടണ്ട്. ക്ഷേത്ര ഭരണത്തിലും നടത്തിപ്പിലും രാഷ്ട്രീയ ഇടപെടൽ ഒഴിക്കണമെന്നു ഹൈക്കോടതിയും കുട്ടികൃഷ്ണ മേനോൻ കമ്മീഷനും ഒക്കെ എത്രവട്ടം പറഞ്ഞിരിക്കുന്നു. എന്തെങ്കിലും നടന്നോ.

പറഞ്ഞു വരുന്നത് ദേവസ്വം ബോർഡ് രാഷ്ട്രീയ മോചിതം ആകണം എന്നാണോ?

സംശയമില്ല. അടുത്ത നീക്കം അതിനു വേണ്ടി തന്നെയാണ്. ദേവസം ബോർഡ് ഭരണഘടനക്ക് എതിരാണ്. ഭരണഘടനയുടെ പ്രീ അംബിളിൽ തന്നെ പറയുന്നുണ്ട് ഏതെങ്കിലും മതത്തിന്റെ കാര്യത്തിൽ സർക്കാർ നിയന്ത്രണം ഉണ്ടാകരുതെന്ന്. അടിയന്തിരാവസ്ഥക്ക് ശേഷം ഉണ്ടായ 42 ഭേദഗതി ഇതാണ് ഉറപ്പു നൽകുന്നത്. ഇന്ത്യയുടെ സെക്യൂലറിസത്തിനു എതിരാണ് ദേവസ്വം ബോർഡ് സ്ഥാപനം. വഖഫ് ബോർഡും മറ്റും പ്രവർത്തിക്കുന്ന മാതൃകയിൽ തന്നെ ഹിന്ദു സ്ഥാപനങ്ങളും പ്രവർത്തിക്കണം. തുല്യ നീതി ഉണ്ടാകണം. സുബ്രമണ്യ സ്വാമി കേസിൽ കോടതി വിധി പറയാനിരിക്കുകയാണ്.

ഇക്കഴിഞ്ഞ ഇലക്ഷനിൽ ഹൈന്ദവ വോട്ടുകൾ ഏകീകരിച്ചതിൽ അങ്ങയുടെ പങ്കുണ്ടോ?

ഇതിലൊന്നും സ്വാമി ചിദാനന്ദപുരിയോ എൻ എസ് എസ് ഒക്കെയോ ഒന്നും തലയിടണ്ട. ജനത്തിന് അറിയാം എന്താണ് വേണ്ടതെന്നു. അവരതു ചെയ്യും. ഹിന്ദു വോട്ടുകൾ വിഭജിക്കാം എന്ന പിണറായിയുടെ മോഹം പൊലിഞ്ഞതിലൂടെയാണ് ഒരൊറ്റ സീറ്റിലേക്ക് ഒതുങ്ങിയത്. പിണറായിക്കു ജനത്തെ വിലയിരുത്തുന്നതിൽ തെറ്റുപറ്റി. ദോശ മറിച്ചിടുന്നത് പോലെ ഇടതു വലതു മുന്നണികൾ ഹിന്ദു വോട്ടുകൾ തരാതരം ഇട്ടു തട്ടിക്കളിച്ചിരുന്നത് ഇനി നടക്കില്ല.

2021 നിയമസഭാ ഇലക്ഷൻ കുറിച്ചാണോ അങ്ങ് പറഞ്ഞു വരുന്നത്?

അതെ, 2021 ൽ വീണ്ടും കഥ മാറും. കേരളത്തിന്റെ ഗ്രാമാന്തരങ്ങളിൽ സഞ്ചരിക്കുന്ന ആളാണ് ഞാൻ. ജനവുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നയാൾ. സമൂഹത്തിൽ വന്ന മാറ്റങ്ങൾ അവരുമായി സംസാരിച്ചാൽ ബോധ്യമാകും. ദൃശ്യമാധ്യമങ്ങൾ ജനത്തിന് വിവരങ്ങൾ അപ്പപ്പോൾ അറിയാൻ വലിയ സഹായമാണ് ചെയ്യുന്നത്. ആരും പറയാതെ അവർ തീരുമാനം പരുവപ്പെടുത്തുന്നു. സമൂഹം തെറ്റും ശരിയും തിരിച്ചറിയുന്നു. ജനാധിപത്യം ഇല്ലാത്ത പാർട്ടി ആയതിനാൽ സിപിഎമ്മിന് തെറ്റ് തിരുത്താൻ കഴിയുന്നില്ല. ഇടത്തിനും വലതിനും അവരുടേതായ നിലയിൽ വോട്ടുണ്ട്. അതല്ലെന്നു ഞാൻ പറയില്ല. എന്നാൽ ആർക്കു ചെയ്യണമെന്ന് ജനം തിരിച്ചറിഞ്ഞു തുടങ്ങുകയാണ്. ഇത്തവണ മത്സരിച്ചതിൽ ഏറ്റവും അധികം വിദ്യാഭ്യാസമുള്ള ആളുകളാണ് ശശി തരൂരും ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി കെ എസ് രാധാകൃഷ്ണനും. അവരുടെ ഒക്കെ ജനപ്രീതിയും വോട്ടായി മാറും. രാധാകൃഷ്ണന് ലഭിച്ച അധിക വോട്ടുകൾ കാണാതെ പോകരുത്. സിപിഐ സ്ഥാനാർത്ഥിക്കു വോട്ടു ചെയ്യാൻ ഇഷ്ടം ഇല്ലാത്ത സിപിഎംകാര് ശശി തരൂരിന് വോട്ടു ചെയ്തെന്നു വ്യക്തമാണ്. വട്ടിയൂർക്കാവിൽ സിപിഎമ്മിന് നഷ്ടമായ 11000 വോട്ടുകൾ എവിടെയെന്നു അവർ പറയട്ടെ.

താങ്കൾ ടാർജറ്റ് ചെയ്യപ്പെടുകയാണ് എന്ന് തോന്നുന്നുണ്ടോ?

അങ്ങനെ ആണെങ്കിൽ സന്തോഷം. അതിൽ പരിഭവം ഇല്ല. ഒരാൾ വന്ദിക്കപ്പെടുമ്പോൾ തന്നെ നിന്ദിക്കപ്പെടുകയും വേണം. എങ്കിലേ സംതുലനം ഉണ്ടാകൂ. എല്ലാവരാലും ഇഷ്ടപ്പെടൽ സാധിക്കില്ലല്ലോ. അതിനാൽ അപഖ്യാതിയും പരദൂഷണവും എല്ലാം നമ്മളെ തേടിയെത്തും, അതിൽ വ്യസനിക്കേണ്ട.

മറുനാടൻ ടിവി എന്ന പേരിൽ എത്തി ഷൂട്ട് ചെയ്തു അടുത്തിടെ ഒരു ചാനലിൽ താങ്കളുടെ ആശ്രമത്തിനു എതിരായി വാർത്ത വന്നിരുന്നല്ലോ?

വളരെ രസകരമാണ് അക്കാര്യം. ഞങ്ങളുടെ ആശ്രമത്തിൽ ആർക്കും വരാം, കാര്യങ്ങൾ അന്വേഷിക്കാം. അങ്ങനെയിരിക്കെ അടുത്ത നാളിൽ ഒരു കൂട്ടർ മതിലിനു പുറത്തു വന്നു എന്തോ ചിത്രീകരിച്ചു. പ്രദേശവാസികൾ ചോദിച്ചപ്പോൾ മറുനാടൻ ടിവിയിൽ നിന്നാണെന്നും പറഞ്ഞു. ക്യാമറയിലും മറ്റും ലോഗോ ഉണ്ടായിരുന്നില്ല. ഇതേ സമയം അൽപം അകലെ ഒരു കാർ സ്റ്റാർട്ട് ചെയ്തു പാർക്ക് ചെയ്തിരിക്കുക ആയിരുന്നു. ഇതോടെ സംശയം തോന്നി ആളുകൾ എത്തിയപ്പോഴേക്കും ടിവിക്കാർ സ്ഥലം വിട്ടു. രണ്ടു നാൾ കഴിഞ്ഞു, ആശ്രമത്തിൽ അനാവശ്യം നടക്കുന്നു, ദുരൂഹ മരണം ഉണ്ടായി, സ്വാമി ചിദാനന്ദപുരി പ്രദേശത്തെ സ്ത്രീയോട് കയർത്തു സംസാരിച്ചു എന്നൊക്കെ പറഞ്ഞു കൈരളിയുടെ സഹ ചാനലായ പീപ്പിൾ ടിവിയിൽ പരിപാടി സംപ്രേഷണം ചെയ്തു. ഇതോടെയാണ് മറുനാടൻ എന്ന പേരിൽ എത്തിയത് കൈരളികാർ ആണെന്ന് മനസിലായത്. സംഭവത്തെ കുറിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്, ഹൈക്കോടതിയിലെ പ്രശസ്തനായ വക്കീലിനെയാണ് കേസ് നടത്താൻ ഏൽപ്പിച്ചിരിക്കുന്നത്. ഒരു സ്ഥാപനം ആയാൽ അൽപം ഉത്തരവാദിത്തം കാണിക്കണ്ടേ? ഒരു വാക്ക് പോലും അന്വേഷിക്കാതെയാണ് അവാർ തെറ്റായ വിവരം പ്രചരിപ്പിച്ചത്.

ശബരിമലയിൽ എന്തുകൊണ്ട് കേന്ദ്ര സർക്കാർ ഓർഡിനാസ് കൊണ്ടുവന്നില്ല?

ധാരാളം ആളുകൾ ചോദിക്കുന്ന കാര്യം ആണിത്. തിരഞ്ഞെടുപ്പു നടക്കുന്ന സമയം ആയതിനാൽ ഇങ്ങനെ ഒരു ഓർഡിനാസ് കൊണ്ട് വന്നാൽ എല്ലാ പാർട്ടികളാക്കും കൂടി ബിജെപിയുടെ നേരെ ആയുധമാക്കാൻ ശബരിമല ഒരു വിഷയമായി മാറുമായിരുന്നു. ഇതുകൊണ്ടാണ് സംസ്ഥാന സർക്കാർ കേന്ദ്രം നിയമ നിർമ്മാണം നടത്തട്ടെ എന്ന് പറഞ്ഞത്. അന്ന് കേന്ദ്ര സർക്കാർ കൺകറന്റ് ലിസ്റ്റിൽ പെടുത്തിയാലും പ്രതിപക്സ കക്ഷികൾക്ക് എല്ലാം കൂടി നിഷ്പ്രയാസം എതിർക്കാൻ കഴിയുമായിരുന്നു. ഇപ്പോൾ ആ പ്രശ്നം ഇല്ല. എപ്പോൾ വേണമെങ്കിലും നിയമ നിർമ്മാണം നടത്താൻ സർക്കാരിന് കഴിയും. ഇക്കാര്യത്തെ പറ്റി പ്രധാനമന്ത്രി കേരളത്തിൽ നടത്തിയ പ്രസംഗത്തിൽ ഉറപ്പും നൽകിയിട്ടുണ്ട്. കേസിൽ സുപ്രീം കോടതി അനുകൂല വിധി നൽകും എന്നാണ് ഞാൻ അടക്കമുള്ളവർ കരുതുന്നത്. മഴ പെയ്യാൻ യജഞം നടത്താൻ ഉള്ള തീരുമാനത്തെ ചോദ്യം ചെയ്തു മദ്രാസ് ഹൈക്കോടതിയിൽ ഹർജി വന്നപ്പോൾ കോടതി പരിഗണിച്ചത് ശബരിമല വിഷയത്തിൽ സുപ്രീം കോടതിയിൽ ഇന്ദു മൽഹോത്ര എടുത്ത നിലപാടാണ്. വിശ്വാസത്തിൽ ഇടപെടാൻ കോടതിക്ക് പ്രയാസം ഉണ്ടെന്നു കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP