Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'മോദിയും ഷായും ചേർന്ന് എന്നെ ഒരു ഹരേൺ പാണ്ഡ്യയാക്കില്ലെന്ന് പ്രതീക്ഷിക്കുന്നു; രണ്ടുപേരും ആർഎസ്എസിലെ ഏറ്റവും ഉന്നതരേപ്പോലും കബളിപ്പിച്ചു'; സുബ്രമണ്യം സ്വാമിയുടെ പരാമർശം സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നു

'മോദിയും ഷായും ചേർന്ന് എന്നെ ഒരു ഹരേൺ പാണ്ഡ്യയാക്കില്ലെന്ന് പ്രതീക്ഷിക്കുന്നു; രണ്ടുപേരും ആർഎസ്എസിലെ ഏറ്റവും ഉന്നതരേപ്പോലും കബളിപ്പിച്ചു'; സുബ്രമണ്യം സ്വാമിയുടെ പരാമർശം സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നു

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെ മുതിർന്ന ബിജെപി നേതാവ് സുബ്രമണ്യം സ്വാമി ട്വിറ്ററിലൂടെ നടത്തിയ പരാമർശം സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രി ഹരേൺ പാണ്ഡ്യയുടെ പേര് പരാമർശിച്ചുകൊണ്ടുള്ള ട്വീറ്റാണ് സാമൂഹ്യ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്. സുബ്രമണ്യം സ്വാമിയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തി.

'മോദിയും ഷായും ചേർന്ന് എന്നെ ഒരു ഹരേൺ പാണ്ഡ്യയാക്കാൻ ആസൂത്രണം നടത്തുകയല്ലെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെയാണെങ്കിൽ എനിക്ക് എന്റെ സുഹൃത്തുക്കളെ അറിയിക്കണം. കിട്ടുന്നതിന് അനുസരിച്ച് തിരിച്ചടിക്കുന്നവനാണ് ഞാനെന്ന് ഓർക്കുക. രണ്ടുപേരും ആർഎസ്എസിലെ ഏറ്റവും ഉന്നതരേപ്പോലും കബളിപ്പിച്ചിരിക്കുകയാണ്,' മുൻ കേന്ദ്രമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ട്വീറ്റിന് താഴെ നിരവധി പേർ പ്രതികരണങ്ങളുമായെത്തി. 'ഹരേൺ പാണ്ഡ്യ വധം താങ്കൾ മോദിക്കും അമിത് ഷായ്ക്കുമെതിരെ ആരോപിക്കുകയാണോ?' എന്ന് ഒരാൾ ചോദിച്ചു. 'ഹരേൺ പാണ്ഡ്യയെ ബിജെപിയിൽ ഒതുക്കി'യതിനേക്കുറിച്ചാണ് താൻ പറഞ്ഞതെന്ന് സുബ്രമണ്യം സ്വാമി മറുപടി നൽകി. 'പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും താങ്കളെ വധിക്കാൻ പോകുകയാണെന്ന് ആരോപണം അതിരുവിട്ടതാണ്' എന്ന് മറ്റൊരു ട്വിറ്റർ യൂസർ പറഞ്ഞു.

'അസംബന്ധം, താങ്കളുടേത് വൃത്തികെട്ട മനോനില' എന്നായിരുന്നു മുതിർന്ന സംഘ്പരിവാർ നേതാവിന്റെ മറുപടി. സർക്കാരിനകത്തും ബിജെപി ആർഎസ്എസിന് വേണ്ടിയാണോ പണിയെടുക്കുന്നത് എന്ന് മറ്റൊരു ചോദ്യമുയർന്നു. അവ രണ്ടും രണ്ട് സംഘടനകളാണെന്നും ബിജെപി ആർഎസ്എസിനോട് കടപ്പെട്ടിരിക്കണമെന്നും സുബ്രമണ്യം സ്വാമി തിരിച്ചടിച്ചു.

2003 മാർച്ച് 26നാണ് ഹരേൺ പാണ്ഡ്യ കൊല്ലപ്പെടുന്നത്. അഹമ്മദാബാദിലെ ലോ ഗാർഡൻസിൽ പ്രഭാത സവാരിക്ക് പോയ ഹരേൺ പാണ്ഡ്യയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. നടക്കാനിറങ്ങി രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ആശങ്കയിലായ കുടുംബം സന്തത സഹചാരി നീലേഷ് ഭട്ടിനെ പറഞ്ഞയച്ചു. കാറിൽ മരിച്ച നിലയിൽ പാണ്ഡ്യയെ കണ്ടെത്തി. രണ്ട് അജ്ഞാതർ മുൻ ആഭ്യന്തര മന്ത്രിക്ക് നേരെ അഞ്ച് തവണ നിറയൊഴിച്ചെന്നായിരുന്നു ആദ്യ വിവരം.

കേശുഭായ് പട്ടേലിന്റെ വിശ്വസ്തനായിരുന്ന പാണ്ഡ്യ അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു. പിന്നീട് മോദി മുഖ്യമന്ത്രിയായപ്പോൾ റവന്യൂമന്ത്രിയായി. 2002 ഓഗസ്റ്റിൽ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. 2002 നിയമസഭാ തെരഞ്ഞെടുപ്പിൽ തഴയപ്പെട്ടേക്കുമെന്ന് മുൻകൂട്ടി കണ്ടായിരുന്നു ഇത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്ന ഹരേൺ പാണ്ഡ്യക്ക് പിന്നീട് ബിജെപി, ദേശീയ ഏക്സിക്യൂട്ടീവ് ചുമതല നൽകി. 2012ൽ ഹരേൺ പാണ്ഡ്യയുടെ ഭാര്യ ജാഗൃതി പാണ്ഡ്യ ഗുജറാത്ത് പരിവർത്തൻ പാർട്ടിയെ പ്രതിനിധീകരിച്ച് ബിജെപിക്കെതിരെ മത്സരിച്ചിരുന്നു. ഭർത്താവിന്റെ കൊലയിലും ഗൂഢാലോചനയിലും ഉന്നതർക്ക് പങ്കുണ്ടെന്ന് ആരോപിച്ചുകൊണ്ടായിരുന്നു ഇത്.

ഹരേൺ പാണ്ഡ്യയുടെ മരണത്തിന് 2002 ഗുജറാത്ത് കലാപവുമായി ബന്ധമുണ്ടെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ഗുജറാത്ത് കലാപ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്നു പാണ്ഡ്യ. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയും ഉപ പ്രധാനമന്ത്രി ലാൽ കൃഷ്ണ അദ്വാനിയും പാണ്ഡ്യക്ക് നേരെ വധ ഭീഷണി ഉണ്ടായിരുന്നിട്ടും വേണ്ടത്ര സുരക്ഷയൊരുക്കാതിരുന്നതാണ് കൊലയ്ക്ക് കാരണമെന്ന് വിമർശനങ്ങളുണ്ടായി. ഹരേൺ പാണ്ഡ്യയെ മാറ്റിനിർത്തിയെന്ന് ചൂണ്ടിക്കാട്ടി സംഘപരിവാറിനകത്തും വിമർശനങ്ങളുണ്ടായി. വധഭീഷണിയുണ്ടെന്ന വിവരം ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ട് ഹരേൺ പാണ്ഡ്യയെ നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു.

ഗുജറാത്ത് കലാപം നടക്കുന്ന സമയത്ത് റവന്യൂ മന്ത്രിയായിരുന്നു ഹരേൺ പാണ്ഡ്യ. കലാപത്തിന് ഇരയായവരുമായും കുടുംബങ്ങളുമായും മുസ്ലിം നേതാക്കളുമായും സമാധാന സന്ധി ഭാഷണത്തിന് കഴിയുമായിരുന്ന ഏക മന്ത്രിസഭാംഗമായിരുന്നു പാണ്ഡ്യയെന്ന് പറയപ്പെടുന്നു. ഗോദ്ര ട്രെയ്ൻ ദുരന്തം നടന്ന 2002 ഫെബ്രുവരി 27ന് മുഖ്യമന്ത്രി മോദി വസതിയിൽ നടത്തിയ യോഗത്തിൽ താൻ പങ്കെടുത്തിരുന്നതായി പാണ്ഡ്യ വെളിപ്പെടുത്തിയെന്ന് ഔട്ട്ലുക്ക് റിപ്പോർട്ട് ചെയ്യുന്നു. പ്രസ്തുത യോഗത്തിൽ 'രോഷം പ്രകടിപ്പിക്കാൻ ജനങ്ങളെ അനുവദിക്കണമെന്നും ഹിന്ദുക്കളുടെ തിരിച്ചടിയുടെ ഇടയിൽ കയറാൻ ആരും വരരുതെന്നും' മോദി പറഞ്ഞതായി ആരോപണമുണ്ട്.

മന്ത്രിസഭാംഗങ്ങളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മറ്റ് അധികൃതരും ഈ യോഗത്തിലുണ്ടായിരുന്നതായും താൻ മോദിയുടെ വാക്കുകൾക്ക് സാക്ഷിയാണെന്നും ഹരേൺ പാണ്ഡ്യ തുറന്നുപറഞ്ഞതായി ഔട്ട് ലുക്ക് മാഗസിൻ റിപ്പോർട്ട് ചെയ്യുകയുണ്ടായി. 2002 മെയിൽ നൽകിയ പ്രതികരണം അതേവർഷം ഓഗസ്റ്റ് 19ന് പാണ്ഡ്യ ആവർത്തിച്ചതായി ഔട്ട് ലുക്ക് പറയുന്നു. താനാണ് ഇത് വെളിപ്പെടുത്തിയതെന്ന് പുറത്തറിഞ്ഞാൽ കൊല്ലപ്പെടുമെന്ന് കൂടി പാണ്ഡ്യ രണ്ടാമത്തെ പ്രതികരണത്തിൽ വ്യക്തമാക്കിയെന്ന് ഔട്ട് ലുക്ക് റിപ്പോർട്ട് ചെയ്തു. സമാന ആരോപണമാണ് ഇപ്പോൾ ജയിലിൽ കഴിയുന്ന സഞ്ജീവ് ഭട്ടും മോദിക്കെതിരെ ഉന്നയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP