Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒപിഎസിനെ സത്യപ്രതിജ്ഞയ്ക്ക് മുൻനിരയിൽ സ്ഥാനം; അമ്മ ക്യാന്റീൻ അടിച്ചു തകർത്തവർക്ക വിലങ്ങ്; പകരാഷ്ട്രീയം ഉപേക്ഷിച്ച പുതു മോഡൽ; അമിത് ഷായെ അകത്താക്കിയ കന്തസ്വാമിക്ക് സമ്പൂർണ്ണ അധികാരം; മോദിയുടെ ചാരൻ പുറത്തും; മുത്തുവേൽ കരുണാനിധി സ്റ്റാലിൻ ഇനി കണ്ണുവയ്ക്കുന്നത് ദേശീയ രാഷ്ട്രീയം

ഒപിഎസിനെ സത്യപ്രതിജ്ഞയ്ക്ക് മുൻനിരയിൽ സ്ഥാനം; അമ്മ ക്യാന്റീൻ അടിച്ചു തകർത്തവർക്ക വിലങ്ങ്; പകരാഷ്ട്രീയം ഉപേക്ഷിച്ച പുതു മോഡൽ; അമിത് ഷായെ അകത്താക്കിയ കന്തസ്വാമിക്ക് സമ്പൂർണ്ണ അധികാരം; മോദിയുടെ ചാരൻ പുറത്തും; മുത്തുവേൽ കരുണാനിധി സ്റ്റാലിൻ ഇനി കണ്ണുവയ്ക്കുന്നത് ദേശീയ രാഷ്ട്രീയം

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴകത്തെ സ്റ്റാലിൻ കൈയടക്കി കഴിഞ്ഞു. ബിജെപിക്കെതിരെ രാഷ്ട്രീയ ധ്രുവീകരണങ്ങൾ രാജ്യത്ത് സജീവമാണ്. അതിന്റെ അമരത്ത് സ്റ്റാലിൻ എത്താൻ സാധ്യതകൾ ഏറെയാണ്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭൂരിപക്ഷം നഷ്ടമാവുകയും കൂട്ടുകക്ഷി സഭയ്ക്ക് സാധ്യത തെളിയുകയും ചെയ്താൽ തമിഴ്‌നാട്ടിൽ ഡിഎംകെ നേടുന്ന ഓരോ സീറ്റും നിർണ്ണായകമാകും. 30 സീറ്റിൽ ലോക്‌സഭയിൽ ജയിക്കാനായാൽ രാജ്യത്തിന്റെ നിർണ്ണായക സ്വാധീന ശക്തിയായി സ്റ്റാലിൻ മാറും. തമിഴ്‌നാട്ടിൽ അധികാരമേറ്റ് ഒരു മാസം പൂർത്തിയാകുമ്പോൾതന്നെ മുത്തുവേൽ കരുണാനിധി സ്റ്റാലിൻ എന്ന എം.കെ.സ്റ്റാലിൻ തന്റെ നയം വ്യക്തമാക്കിക്കഴിഞ്ഞു.

എതിരാളികളെ അടിച്ചൊതുക്കുന്നതല്ല സ്റ്റാലിന്റെ ശൈലി. എതിരാളികളിൽ രണ്ടാമനും അണ്ണാ ഡിഎംകെയിൽ സ്ഥാനം കൊണ്ടെങ്കിലും ഒന്നാമനുമായ ഒപിഎസ് എന്ന ഒ.പനീർസെൽവത്തിന് സ്റ്റാലിന്റെ സത്യപ്രതിജ്ഞയ്ക്ക് കിട്ടിയ പരിഗണന തന്നെയാണ് മാറ്റത്തിന്റെ സൂചന. അച്ഛനെ പോലെ അല്ല മകൻ. കരുണാനിധി എല്ലാ അർത്ഥത്തിലും ജയലളിതയെ ശത്രുവായി കണ്ടു. എന്നാൽ പ്രതിപക്ഷത്തോടുള്ള സ്റ്റാലിറ്റിന്റെ രാഷ്ട്രീയം ഇതല്ല. ഒപിഎസിന് കിട്ടിയ പരിഗണന തന്നെ ഇതിന് തെളിവാണ്. 2016ൽ ജയ സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ സംഭവിച്ചതു പോലെ പിന്നിലെവിടെയെങ്കിലും ഒപിഎസിനെ ഇരുത്തി അപമാനിക്കുമെന്ന് പ്രതീക്ഷിച്ചിച്ചവർക്കു പക്ഷേ, തെറ്റി. ഉദ്യോഗസ്ഥർ ഒപിഎസിനെ ആനയിച്ചത് ഒന്നാം നിരയിലെ പ്രധാന ഇരിപ്പിടത്തിലേക്കാണ്. 2016ൽ പ്രതിപക്ഷനേതാവായിരുന്ന സ്റ്റാലിനെ രണ്ടാംനിരയിലിരുത്തി ജയ പക വീട്ടിയതുപോലെ സ്റ്റാലിൻ പ്രവർത്തിച്ചില്ല.

തിരഞ്ഞെടുപ്പിലെ ഡിഎം.കെയുടെ വൻ വിജയം ആഘോഷിക്കുന്നതിനിടെ,പാർട്ടി പ്രവർത്തകരിൽ ചിലർ റോഡരികിലെ 'അമ്മ' കന്റീൻ കയ്യേറി. ബോർഡും പാത്രങ്ങളും പച്ചക്കറികളും വലിച്ചു പുറത്തിട്ട് നശിപ്പിച്ചു. മിനുറ്റുകൾക്കുള്ളിൽ രണ്ട് അറസ്റ്റ്. സ്ഥലം എംഎൽഎ നേരിട്ടെത്തി ബോർഡ് പുനഃസ്ഥാപിച്ചു. വനിതാ ജീവനക്കാരെ നേരിൽകണ്ടു ക്ഷാമപണം നടത്തി. അങ്ങനെ പ്രതികാര രാഷ്ട്രീയം സ്റ്റാലിൻ തമിഴ്‌നാട്ടിൽ നിന്ന് മാറ്റി വച്ചു. മോദിയാണ് തന്റെ പ്രധാന ശത്രുവെന്നും പ്രഖ്യാപിച്ചു.

അധികാരത്തിലെത്തുന്നതോടെ കേന്ദ്രസർക്കാരുമായി രമ്യതയിൽ പോകുമെന്നായിരുന്നു ഡിഎംകെയിലെതന്നെ പലനേതാക്കന്മാരും പറഞ്ഞിരുന്നത്. എന്നാൽ, തമിഴകത്തെ കേന്ദ്രത്തിനു മുന്നിൽ അടിയറ വയ്ക്കില്ലെന്ന് സ്റ്റാലിൻ ആദ്യം തന്നെ തെളിയിച്ചു. സാക്ഷാൽ അമിത് ഷായുടെ കയ്യിൽ വിലങ്ങണിയിച്ചതിന്റെ പേരിൽ ഒതുക്കി മൂലയ്ക്കിരുത്തിയ ഐപിഎസ് ഉദ്യോഗസ്ഥൻ പി.കന്തസാമിയെ നിർണായക പോസ്റ്റായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഡിജിപിയാക്കി.

കന്തസാമിയുടെ നിയമനം കേന്ദ്ര സർക്കാരിനു കൂടിയുള്ള മുന്നറിയിപ്പായി. ഇതിനു പിന്നാലെ, മോദിയുമായി അടുത്ത ബന്ധമുള്ള ചീഫ് സെക്രട്ടറി രാജീവ് രഞ്ജനെ തമിഴ്‌നാട് ന്യൂസ് പ്രിന്റ് ആൻഡ് പേപ്പേഴ്‌സിലേക്കും മാറ്റി. സ്ഥലംമാറ്റ ഉത്തരവ് ചീഫ് സെക്രട്ടറിയെക്കൊണ്ടു തന്നെ ഒപ്പ് വയ്‌പ്പിച്ചു. മോദിയുടെ ചാരനാണ് രാജീവെന്ന ആരോപണം ഡിഎംകെ തുടർച്ചയായി ഉന്നയിച്ചിരുന്നു. അങ്ങനെ തമിഴ്‌നാടു സർക്കാരിൽ മോദിയുടെ സ്വാധീനം നഷ്ടമായി. നയപരമായ വിഷയങ്ങളിൽ കേന്ദ്രത്തെ എതിർക്കാനാണ് തീരുമാനം.

പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതു ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചപ്പോൾ തമിഴ്‌നാട് ഇറങ്ങിപ്പോന്നു.വകുപ്പ് മന്ത്രിമാരുടെ യോഗം വിളിക്കാതെ സഹകരിക്കില്ലെന്നു കേന്ദ്രമന്ത്രിയുടെ മുഖത്തു നോക്കി പറഞ്ഞു. ത്രിഭാഷാ പദ്ധതി സൂത്രത്തിൽ നടപ്പാക്കാനാണെങ്കിൽ നടപ്പില്ലെന്നും തീർത്തുപറഞ്ഞതോടെ യോഗത്തിന്റെ പ്രസക്തി തന്നെ ഇല്ലാതായി.

കേരളത്തേയും ഒപ്പം നിർത്തിയാണ് യാത്ര. മമതാ ബാനർജി അടക്കമുള്ളവരുമായും ആത്മബന്ധം. ഇതെല്ലാം ദേശീയ രാഷ്ട്രീയത്തിലെ സ്വാധീന ശക്തിയായി സ്റ്റാലിനെ മാറ്റും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP