Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മമത വീണ്ടും പച്ചക്കൊടി വീശി; മുകുൾ റോയിക്ക് പിന്നാലെ റജീബ് ബാനർജിയും തൃണമൂലിലേക്ക് മടങ്ങുന്നു; കൂടുതൽ നേതാക്കൾ തിരിച്ചുവരുമെന്ന് മമത; തനിക്ക് കേന്ദ്രത്തിന്റെ വിഐപി സുരക്ഷ വേണ്ടെന്ന് മുകുൾ റോയി; പ്രതികരിക്കാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം

മമത വീണ്ടും പച്ചക്കൊടി വീശി; മുകുൾ റോയിക്ക് പിന്നാലെ റജീബ് ബാനർജിയും തൃണമൂലിലേക്ക് മടങ്ങുന്നു; കൂടുതൽ നേതാക്കൾ തിരിച്ചുവരുമെന്ന് മമത; തനിക്ക് കേന്ദ്രത്തിന്റെ വിഐപി സുരക്ഷ വേണ്ടെന്ന് മുകുൾ റോയി; പ്രതികരിക്കാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: പശ്ചിമബംഗാളിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ, കൂടുതൽ നേതാക്കൾ ബിജെപിയിൽ നിന്ന് തൃണമൂലിലേക്ക് മടങ്ങിവരുന്നു. മുകുൾ റോയിക്ക് പിന്നാലെ, റജീബ് ബാനർജിയും തൃണമൂലിലേക്ക് മടങ്ങിവരും എന്നാണ് പുതിയ റിപ്പോർട്ട്. തൃണമൂൽ നേതാവ് കുണാൽ ഘോഷവുമായി റജീബ് ബാനർജി കൂടിക്കാഴ്ച നടത്തി. പശ്ചിമബംഗാൾ മന്ത്രിയായിരുന്ന റജീബ് ബാനർജി നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ബിജെപിയിൽ ചേർന്നത്.

ബിജെപി വിട്ട് തൃണമൂലിൽ തിരിച്ചെത്തിയതിന് പിന്നാലെ കേന്ദ്രം ഏർപ്പെടുത്തിയ വിഐപി സുരക്ഷ വേണ്ടെന്ന് മുകുൾ റോയ് പ്രസ്താവിച്ചു. കേന്ദ്ര സുരക്ഷ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുകുൾ റോയ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. ഇക്കഴിഞ്ഞ മാർച്ചിലാണ് മുകുൾ റോയിയുടെ 'വൈ പ്ലസ്' കാറ്റഗറി സുരക്ഷ കേന്ദ്രം 'ഇസെഡ്' കാറ്റഗറിയിലേക്ക് ഉയർത്തിയത്. അതേസമയം, സുരക്ഷ പിൻവലിക്കണമെന്ന മുകുൾ റോയിയുടെ അപേക്ഷയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.

2017-ലാണ് തൃണമൂൽ ബന്ധം അവസാനിപ്പിച്ച് മുകുൾ റോയ് ബിജെപിയിൽ ചേർന്നത്. ഇതിന് പിന്നാലെയാണ് ബിജെപി ദേശീയ ഉപാധ്യക്ഷനായ മുകുൾ റോയിക്ക് 'വൈ പ്ലസ്' കാറ്റഗറി സുരക്ഷ കേന്ദ്രം ഏർപ്പെടുത്തിയത്. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് ഇത് 'ഇസെഡ്' കാറ്റഗറിയിലേക്കും ഉയർത്തിയത്.

ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കും ഒടുവിലാണ് മുകുൾ റോയി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിലേക്കു മടങ്ങിയെത്തിയത്. തൃണമൂൽ ഭവനിലെത്തിയ മുകുൾ റോയി മുഖ്യമന്ത്രി മമതാ ബാനർജിയുമായി ചർച്ച നടത്തി. തുടർന്നാണ് പാർട്ടിയിലേക്കു മടങ്ങുന്നുവെന്ന് അറിയിച്ചത്.

മുകുൾ റോയിയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി മമത ബാനർജി പറഞ്ഞു. പാർട്ടിയിൽ സുപ്രധാന ചുമതലതന്നെ അദ്ദേഹം വഹിക്കുമെന്നും മമത പറഞ്ഞു. എന്നാൽ, തിരഞ്ഞെടുപ്പിന് മുൻപായി പണം വാങ്ങി ബിജെപിക്കു വേണ്ടി തൃണമൂൽ കോൺഗ്രസിനെ ചതിച്ചവരെ ഒരു വിധത്തിലും പാർട്ടിയിലേക്ക് തിരികെ പ്രവേശിപ്പിക്കില്ലെന്നും അവർ പറഞ്ഞു.

2017ൽ തൃണമൂൽ വിട്ട് ബിജെപിയിലെത്തിയ മുകുൾ റോയി നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം മമതയ്‌ക്കൊപ്പം മടങ്ങുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. മുകുൾ റോയ് തിരിച്ചെത്തിയെന്നും മറ്റുള്ളവരെ പോലെ അയാൾ വഞ്ചകനല്ലെന്നും മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. പഴയ സഹപ്രവർത്തകരെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നു മുകുൾ റോയ് പറഞ്ഞു. ബംഗാളിലെയും ഇന്തയിലെയും ഒരേ ഒരു നേതാവ് മമതാ ബാനർജിയാണെന്നും മുകുൾ റോയ് പറഞ്ഞു.

2017ൽ ബിജെപിയിൽ ചേർന്നതു മുതൽ 'ശ്വാസംമുട്ടൽ' അനുഭവിക്കുകയാണെന്ന് മുകുൾ റോയ് തന്റെ അടുത്ത അനുയായികളോടു പറഞ്ഞിരുന്നുവെന്നാണ് റിപ്പോർട്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു തിരിച്ചടിയേറ്റതോടെ അസ്വസ്ഥതയ്ക്ക് ആക്കം കൂടി. ബിജെപിയുടെ രാഷ്ട്രീയ സംസ്‌കാരവും ആശയങ്ങളും ബംഗാളിനു യോജിച്ചതല്ലെന്നും എക്കാലവും 'അപരിചിതമായി' തുടരുമെന്നുമാണ് മുകുൾ റോയിയുടെ ഇപ്പോഴത്തെ നിലപാടെന്നാണ് അടുത്ത അനുയായികൾ സൂചിപ്പിക്കുന്നത്. മമതയെ പോലെ ജനങ്ങളുടെ പൾസ് അറിയുന്ന മറ്റൊരു നേതാവില്ലെന്നും അദ്ദേഹം പറയുന്നു.

മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരി അപ്രതീക്ഷിതമായി അവരിൽനിന്ന് അകന്ന് ബിജെപിയിലേക്ക് എത്തിയതാണ് മുകുൾ റോയിയുടെ പ്രശ്‌നങ്ങൾക്കു കാരണമെന്നാണു വിലയിരുത്തൽ. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനു ചുക്കാൻ പിടിച്ച മുകുൾ റോയിയേക്കാൾ സുവേന്ദുവിന് ബിജെപി കൂടുതൽ പ്രാമുഖ്യം നൽകിയത് മുകുൾ ക്യാംപിനെ ചൊടിപ്പിച്ചിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ മമതയെ പരാജയപ്പെടുത്തിയതോടെ സുവേന്ദുവിന് പാർട്ടിക്കുള്ളിലും കേന്ദ്രനേതൃത്വവുമായും കൂടുതൽ അടുപ്പമുണ്ടാകുമെന്നാണ് ഇവരുടെ ആശങ്ക. അതേസമയം, സുവേന്ദുവിനൊപ്പം വന്ന നേതാക്കളും തൃണമൂലിലേക്ക് മടങ്ങുമെന്ന റിപ്പോർട്ടുകളുമുണ്ട്. എന്നാൽ മുകുൾ റോയ് ഒഴികെ ആരെയും തിച്ചെടുക്കാൻ മമത പച്ചക്കൊടി കാട്ടിയിരുന്നില്ല. റജീബ് ബാനർജിക്ക് പിന്നാലെ കൂടുതൽ നേതാക്കൾ വരുമെന്നാണ് മമത ബാനർജിയുടെ അവകാശവാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP