Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'16,000 കോടിക്ക് രണ്ട് വിമാനങ്ങൾ മോദി വാങ്ങി; 18,000 കോടി രൂപയ്ക്ക് നാടിന്റെ എയർ ഇന്ത്യ വിറ്റു; രാജ്യത്ത് രണ്ട് കൂട്ടർ മാത്രം സുരക്ഷിതർ; അധികാരത്തിലുള്ള ബിജെപി നേതാക്കളും, അവരുടെ പണക്കാരായ സുഹൃത്തുക്കളും'; വാരണാസിയിൽ കേന്ദ്ര സർക്കാരിനെയും ബിജെപിയേയും കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി

'16,000 കോടിക്ക് രണ്ട് വിമാനങ്ങൾ മോദി വാങ്ങി; 18,000 കോടി രൂപയ്ക്ക് നാടിന്റെ എയർ ഇന്ത്യ വിറ്റു; രാജ്യത്ത് രണ്ട് കൂട്ടർ മാത്രം സുരക്ഷിതർ; അധികാരത്തിലുള്ള ബിജെപി നേതാക്കളും, അവരുടെ പണക്കാരായ സുഹൃത്തുക്കളും'; വാരണാസിയിൽ കേന്ദ്ര സർക്കാരിനെയും ബിജെപിയേയും കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി

ന്യൂസ് ഡെസ്‌ക്‌

വാരണാസി: സ്വന്തം ആവശ്യത്തിന് 16,000 കോടിരൂപയ്ക്ക് കഴിഞ്ഞ വർഷം രണ്ട് വിമാനങ്ങൾ വാങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി 18,000 കോടിക്ക് എയർ ഇന്ത്യ തന്റെ കോടീശ്വരന്മാരായ സുഹൃത്തുകൾക്ക് വിറ്റുവെന്ന് പ്രിയങ്ക ഗാന്ധി വധേര. വാരണാസിയിൽ കിസാൻ ന്യായ് റാലിയെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് പ്രിയങ്ക വിമർശനം ഉന്നയിച്ചത്.

ലഖിംപൂർ ഖേരി സംഭവത്തിന് പിന്നാലെയാണ് വാരണാസിയിൽ വൻ ജനാവലിയെ പ്രിയങ്ക അഭിസംബോധന ചെയ്തത്. കർഷകർക്കും സ്ത്രീകൾക്കും യുപിയിൽ നീതി ലഭിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ അവർ ലഖ്നൗവിൽ വന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഖിംപൂരിലെത്താൻ കഴിഞ്ഞില്ലെന്നും കുറ്റപ്പെടുത്തി. കേന്ദ്രസർക്കാരിനും യുപി സർക്കാരിനും ബിജെപിക്കും എതിരെ അതിരൂക്ഷ വിമർശനമാണ് പ്രിയങ്ക ഉന്നയിച്ചത്.

പ്രക്ഷോഭം നടത്തുന്ന കർഷകരെ പ്രധാനമന്ത്രി തീവ്രവാദികളെന്ന് വിളിച്ചു. അവരെ തെമ്മാടികളെന്ന് വിളിച്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവരെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചു. കർഷകരെ രണ്ട് മിനിറ്റിനുള്ളിൽ വരച്ച വരയിൽ നിർത്തുമെന്ന് മറ്റൊരു മന്ത്രി (അജയ് കുമാർ മിശ്ര) പറഞ്ഞു. മറ്റൊരു ചടങ്ങിൽ പങ്കെടുക്കാൻ ലഖ്നൗവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ലഖിംപുർ ഖേരിയിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ തയ്യാറായില്ല.

കഴിഞ്ഞയാഴ്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആറ് കർഷകരെ സ്വന്തം വാഹനം ഇടിച്ചു വീഴ്ചത്തി. തങ്ങൾക്ക് നീതി ലഭിക്കണമെന്നാണ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ ആവശ്യപ്പെടുന്നത്. എന്നാൽ കേന്ദ്ര സഹമന്ത്രിയേയും അദ്ദേഹത്തിന്റെ മകനെയും സർക്കാർ സംരക്ഷിക്കുന്നത് എല്ലാവരും കണ്ടതാണ്. മോദി സർക്കാരിന്റെ ഭരണത്തിൽ രാജ്യത്ത് ആരും സുരക്ഷിതരല്ല. പാവപ്പെട്ടവർക്കും, ദളിത് വിഭാഗക്കാർക്കും, സ്ത്രീകൾക്കും ഒന്നും സുരക്ഷിതത്വമില്ല.

രാജ്യത്ത് രണ്ട് കൂട്ടർ മാത്രമാണ് സുരക്ഷിതർ. അധികാരത്തിലുള്ള ബിജെപി നേതാക്കളും, അവരുടെ പണക്കാരായ സുഹൃത്തുക്കളും മാത്രമാണതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. മോദിയുടെ കോടീശ്വരന്മാരായ സുഹൃത്തുക്കൾ മാത്രം നല്ല രീതിയിൽ പോകുന്നു. പ്രധാനമന്ത്രിയുടെയോ മറ്റ് മന്ത്രിമാരുടെയോ സ്വകാര്യ സ്വത്തല്ല രാജ്യം. രാജ്യം നിങ്ങളുടേതാണ്. അക്കാര്യം നിങ്ങൾക്ക് ബോധ്യപ്പെട്ടില്ലെങ്കിൽ രാജ്യത്തെ രക്ഷിക്കാൻ നിങ്ങൾക്ക് കഴിയില്ല.

രാജ്യത്തെ ജനങ്ങൾക്ക് ഭക്ഷണം നൽകുന്നത് കർഷകരാണ്. അവരുടെ മക്കളാണ് അതിർത്തികൾ കാക്കുന്നത്. എന്നാൽ അവരുടെ കുടുംബങ്ങളിൽപ്പെട്ടവരാണ് ലഖിംപുർ ഖേരിയിൽ കൊല്ലപ്പെട്ടത്. അവരുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കുമെന്ന വിശ്വാസം ഇല്ലാതായി. കേന്ദ്രമന്ത്രി അജയ് മിശ്രയെ സസ്പെൻഡു ചെയ്യുന്നതുവരെ നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരും. അദ്ദേഹത്തിന്റെ മകനാണ് കർഷകർക്കുനേരെ വാഹനം ഓടിച്ചു കയറ്റിയത്. എന്നാൽ യുപി മുഖ്യമന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുന്നു.

പുതിയ കാർഷിക നിയമങ്ങൾക്കെതിരേ പ്രക്ഷോഭം നടത്തുന്ന കർഷകരുമായി സംസാരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമയമില്ല. കൃഷിഭൂമി നഷ്ടപ്പെടുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് കർഷകർ പ്രക്ഷോഭം നടത്തുന്നത്. കോൺഗ്രസ് പ്രവർത്തകരും നീതിക്കു വേണ്ടിയുടെ പ്രക്ഷോഭം തുടരും. ജയിലിൽ അടയ്ക്കുകയോ മർദിക്കുകയോ ചെയ്തുകൊള്ളൂ. കോൺഗ്രസ് പ്രവർത്തകർക്ക് ഒന്നിനെയും ഭയമില്ല. മാറ്റം ആഗ്രഹിക്കുന്നവർ തന്റെയൊപ്പം വരൂ. ശക്തമായ പോരാട്ടം നടത്തി ഭരണമാറ്റം സാധ്യമാക്കാം. കാര്യങ്ങൾക്ക് മാറ്റംവരാതെ താൻ പോരാട്ടം അവസാനിപ്പിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.

കോവിഡ് കാലത്ത് യുപി സർക്കാർ ദരിദ്രരെ കയ്യൊഴിഞ്ഞുവെന്ന് അവർ പറഞ്ഞു. ഹാത്രാസ് കേസിലും നീതി നടപ്പിലായില്ല. ഇരകളുടെ കുടുംബത്തിന് വേണ്ടത് പണം അല്ല നീതിയാണെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. രാജ്യത്ത് തൊഴിലില്ല, ഇന്ധന വില ഇരട്ടിയായി. ഈ പ്രശ്‌നങ്ങൾക്കൊന്നുമെതിരെ ഇനിയും നിശബ്ദരായി ഇരിക്കാൻ പാടില്ല. ജയിലിൽ അടച്ചാലും ഭീഷണിപ്പെടുത്തിയാലും നിശ്ശബ്ദരാക്കാൻ സാധിക്കില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.

ഛത്തീസ്‌ഗഢ് മുഖ്യമന്ത്രിയുടെ യു.പി നിയമസഭാ തിരഞ്ഞെടുപ്പിലെ പാർട്ടി നിരീക്ഷകനുമായ ഭൂപേഷ് ബാഘേലും പാർട്ടി എംപി ദീപേന്ദർ സിങ് ഹൂഡയും പ്രിയങ്കയ്ക്കൊപ്പം ഉണ്ടായിരുന്നു. കാശി വിശ്വനാഥ ക്ഷേത്രത്തിലും മാ ദുർഗാ ക്ഷേത്രത്തിലും പ്രാർത്ഥന നടത്തിയ ശേഷമാണ് പ്രിയങ്ക കിസാൻ ന്യായ് റാലിയെ അഭിസംബോധന ചെയ്യാനെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP