Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദീദിയുടെയും സ്റ്റാലിന്റെയും തേരുകൾ വിജയകരമായി നയിച്ച തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ ഇനി രാഷ്ട്രീയ ഗോദായിലേക്ക്? ഗാന്ധി കുടുംബത്തിലെ മൂവരെയും വിശ്വാസത്തിൽ എടുത്തതോടെ പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരുമെന്ന് സൂചന

ദീദിയുടെയും സ്റ്റാലിന്റെയും തേരുകൾ വിജയകരമായി നയിച്ച തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ ഇനി രാഷ്ട്രീയ ഗോദായിലേക്ക്? ഗാന്ധി കുടുംബത്തിലെ മൂവരെയും വിശ്വാസത്തിൽ എടുത്തതോടെ പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരുമെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരുമോ? പാർട്ടിയിൽ ഒരു തന്ത്രജ്ഞൻ എന്നതിനേക്കാൾ ഉപരി പ്രശാന്തിന് ഔദ്യോഗിക പദവി നൽകിയേക്കുമെന്ന ഊഹാപോഹങ്ങൾ ഡൽഹിയിൽ ചൂടുപിടിച്ചുകഴിഞ്ഞു. കഴിഞ്ഞ ദിവസം കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനതലത്തിലും, ദേശീയ തലത്തിലും കോൺഗ്രസ് വലിയ തിരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങുമ്പോൾ, തിരഞ്ഞെടുപ്പ് തന്ത്രജ്ഞന് ഔദ്യോഗിക പദവി കോൺഗ്രസിൽ നൽകിയേക്കുമെന്നാണ് സൂചന.

ഗാന്ധി കുടുംബത്തിലെ മൂവരും ചർച്ചയിൽ പങ്കെടുത്തത് തന്നെ കൂടിക്കാഴ്ചയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. ചൊവ്വാഴ്ച നടന്നത് ആദ്യത്തെ കൂടിക്കാഴ്ച അല്ലെന്നും കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. പഞ്ചാബിലെയോ, ഉത്തർപ്രദേശിലെയോ തിരഞ്ഞെടുപ്പുകളെ കുറിച്ചായിരുന്നില്ല സംസാര വിഷയം. മറിച്ച് വലിയൊരു വിഷയത്തെ കുറിച്ചാണെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ പറയുന്നു. 2024 ലെ തിരഞ്ഞെടുപ്പ് ഗോദായിൽ സുപ്രധാനമായ പങ്ക് പ്രശാന്തിന് ഉണ്ടാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

തിരഞ്ഞെടുപ്പ് വിജയങ്ങളുടെ പോർട്ട്‌ഫോളിയോയിൽ ഏപ്രിൽ-മെയിലെ ബംഗാൾ, തമിഴ്‌നാട് ജയങ്ങൾ കൂടി പ്രശാന്ത് കിഷോർ ചേർത്തു. ഇതിന് പിന്നാലെ, രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ എന്ന റോളിൽ നിന്ന് താൻ പിന്മാറുകയാണെന്ന് എൻഡി ടിവിക്ക് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് കിഷോർ പറഞ്ഞിരുന്നു.

ഇപ്പോൾ താൻ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ തുടരാൻ താൽപര്യമില്ലെന്നും, ഒരു ഇടവേള എടുത്ത് വേറെ എന്തെങ്കിലും ജീവിതത്തിൽ ചെയ്യണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബംഗാളിൽ മമത ബാനർജിക്കും, തമിഴ്‌നാട്ടിൽ എം.കെ.സ്റ്റാലിനും ഉജ്ജ്വല വിജയങ്ങൾ നേടികൊടുത്ത ശേഷമായിരുന്നു ആ പ്രഖ്യാപനം.

രാഷ്ട്രീയത്തിൽ ചേരുമോ എന്ന ചോദ്യത്തിന്, താൻ ഒരുപരാജയപ്പെട്ട രാഷ്ട്രീയക്കാരൻ എന്നായിരുന്നു പ്രശാന്തിന്റെ മറുപടി. തനിക്ക് എന്തുചെയ്യാൻ കഴിയുമെന്ന് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡുമായി സഹകരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതിന് ശേഷം, പ്രശാന്ത് കിഷോർ വീണ്ടും രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന വാർത്തയ്ക്ക് ബലം കൂടുകയാണ്.

എന്തുകൊണ്ടാണ് കോൺഗ്രസ് പോലൊരു പാർട്ടി പ്രശാന്ത് കിഷോറിന്റെ സേവനം തേടാത്തതെന്ന ചോദ്യം നേരത്തെ ഉയർന്നിരുന്നു.100 വർഷത്തെ പാരമ്പര്യമുള്ള കോൺഗ്രസ് പോലെയുള്ള കക്ഷികൾ തങ്ങളുടെ പ്രവർത്തന ശൈലി മാറ്റണം. പാർട്ടിക്ക് ഒരുപ്രശ്‌നമുണ്ടെന്ന് തിരിച്ചറിയുകയും അംഗീകരിക്കുകയും അതിന് പരിഹാരം കാണുകയും വേണം. തന്റെ പ്രവർത്തനശൈലിയുമായി കോൺഗ്രസ് പൊരുത്തപ്പെടില്ലെന്ന് കരുതുന്നതായും പ്രശാന്ത് കിഷോർ പറഞ്ഞിരുന്നു. ഏതായാലും വഴിയേ വരുന്ന എല്ലാ പാർട്ടികളുടെയും ഉപദേഷ്ടാവോ, തന്ത്രജ്ഞനോ ആകുക എന്ന സമീപനം അദ്ദേഹത്തിനില്ല. തനിക്ക് ആ പാർട്ടിയിൽ കൃത്യമായ ഇടപടൽ നടത്താൻ കഴിയുമെന്ന് ബോധ്യപ്പെടണം. അതാണ് അദ്ദേഹം മനസ്സിൽ കൽപിക്കുന്ന യോഗ്യത.

രാഹുലിന്റെ വസതിയിൽ വച്ചായിരുന്നു പ്രശാന്ത് കിഷോറിന്റെ നിർണ്ണായക കൂടിക്കാഴ്‌ച്ച. എ ഐസിസി സെക്രട്ടറിമാരയ പ്രിയങ്ക ഗാന്ധിയും കെ സി വേണുഗോപാലും യോഗത്തിൽ പങ്കെടുത്തിരുന്നു. ഈ വർഷം അവസാനത്തോടെ ഉത്തർ പ്രദേശ്, പഞ്ചാബ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങൾ പോളിങ് ബുത്തിലേക്ക് പോകാനിരിക്കെ നിർണ്ണായക തീരുമാനങ്ങൾ കൈകൊള്ളുന്നതിന്റെ ഭാഗമായാണ് പ്രശാന്ത് കിഷോറുമായുള്ള കുടിക്കാഴ്‌ച്ച വിശേഷിക്കപ്പെടുന്നത്.

രാഷ്ട്രീയ ചർച്ചകളുടെ ഭാഗമായി കഴിഞ്ഞ ഒരാഴ്‌ച്ചയിലധികമായി പ്രശാന്ത് കിഷോറുമായി കോൺഗ്രസ് തുടർച്ചയായി ചർച്ചകൾ നടന്നുവരുകയാണ്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗും നവ്‌ജ്യോത് സിങ് സിദ്ധുവും തമ്മിലുള്ള അസ്വാരസ്യവും ചർച്ചയിൽ പ്രധാന വിഷയമായിരുന്നു. കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ പഞ്ചാബിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് ഒരു പരിഹാരത്തെക്കുറിച്ച് സൂചന നൽകി. അടുത്ത മൂന്ന് നാല് ദിവസത്തിനുള്ളിൽ സിദ്ധുവിനും അമരീന്ദർ സിംഗിനും സന്തോഷവാർത്ത ലഭിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തിരുന്നു.

അടുത്തിടെ, എൻസിപി നേതാവ് ശരദ് പവാറിന്റെ വസതിയിൽ, പ്രതിപക്ഷ നേതാക്കൾ അടുത്തിടെ കൂടിക്കാഴ്ച നടത്തിയത് പ്രശാന്ത് കിഷോറിന്റെ ഉത്സാഹത്തിലായിരുന്നു. 2024 ലെ പൊതുതിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള തയ്യാറെടുപ്പുകൾക്കും പ്രതിപക്ഷ സഖ്യത്തിനും ഈ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്റെ ഇടപെടലുകൾ നിർണായകമാകുമെന്നാണ് കണക്കുകൂട്ടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP