Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിലിഗുഡിയിൽ സിപിഎം നേതാവുമായി ബിജെപി പ്രതിനിധികൾ ചർച്ച നടത്തിയതിന് പിന്നിൽ ദുരൂഹത കണ്ട് തൃണമൂൽ; തൊട്ടു പിന്നാലെ യോഗി ആദിത്യനാഥിന് തൊട്ടടുത്ത് ഇരുന്ന് കുശലം പറഞ്ഞ് പിണറായിയും; സിപിഎമ്മിനെതിരെ ദേശീയ തലത്തിൽ കേരളാ മുഖ്യന്റെ നീക്കം ചർച്ചയാക്കാൻ മമതാ; ബംഗാളിൽ സിപിഎം-ബിജെപി സഖ്യം വരുമോ?

സിലിഗുഡിയിൽ സിപിഎം നേതാവുമായി ബിജെപി പ്രതിനിധികൾ ചർച്ച നടത്തിയതിന് പിന്നിൽ ദുരൂഹത കണ്ട് തൃണമൂൽ; തൊട്ടു പിന്നാലെ യോഗി ആദിത്യനാഥിന് തൊട്ടടുത്ത് ഇരുന്ന് കുശലം പറഞ്ഞ് പിണറായിയും; സിപിഎമ്മിനെതിരെ ദേശീയ തലത്തിൽ കേരളാ മുഖ്യന്റെ നീക്കം ചർച്ചയാക്കാൻ മമതാ; ബംഗാളിൽ സിപിഎം-ബിജെപി സഖ്യം വരുമോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബിജെപി ഇതര മുഖ്യമന്ത്രിമാർ നിൽക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ യോഗത്തിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്നത് ദേശീയ തലത്തിൽ ചർച്ചയാക്കാൻ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തയ്യാറാകുന്നുവെന്ന് റിപ്പോർട്ട്. കോൺഗ്രസും സിപിഎം ഇരട്ടത്താപ്പ് ചർച്ചയാക്കും. ബംഗാളിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപിയും സിപിഎമ്മും തമ്മിൽ സഖ്യമുണ്ടാക്കാനൊരുങ്ങുന്നുവെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ഇതിന് കൂടുതൽ ബലം നൽകാൻ പിണറായിയുടെ യോഗത്തിലെ സാന്നിധ്യവും ചർച്ചയാക്കും.

ഉത്തരബംഗാളിലെ പ്രമുഖ സിപിഎം നേതാവും മുന്മന്ത്രിയുമായ അശോക് ഭട്ടാചാര്യയെ സിലിഗുഡിയിലെ വസതിയിൽ രാജു ബിസ്ത എംപി, ശങ്കർ ഘോഷ് എംഎൽഎ എന്നിവരടക്കമുള്ള ബിജെപി നേതാക്കൾ സന്ദർശിച്ചു ചർച്ച നടത്തിയതാണു വിവാദമായത്. ദീപാവലിയോടനുബന്ധിച്ചുള്ള സന്ദർശനമാണെന്നു ബിജെപി നേതാക്കളും ഭട്ടാചാര്യയും വിശദീകരിച്ചിട്ടുണ്ടെങ്കിലും ബിജെപി ബന്ധമെന്ന ആരോപണത്തോടു സംസ്ഥാന നേതൃത്വം പ്രതികരിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത യോഗത്തിൽ പിണറായി എത്തുന്നത്.

ബംഗാളിൽ ബിജെപിക്കു ശക്തിയുള്ള മേഖലയാണു സിലിഗുഡി അടക്കമുള്ള ഉത്തര ബംഗാൾ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മേഖലയിലെ 8 സീറ്റുകളിൽ ഏഴും ബിജെപി നേടിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ മേഖലയിലെ 54 സീറ്റുകളിൽ മുപ്പതും ബിജെപിക്കു ലഭിച്ചു. സിപിഎമ്മും കോൺഗ്രസും വോട്ടുകൾ ബിജെപിക്കു മറിച്ചെന്നു ടിഎംസി ആരോപിച്ചിരുന്നു. സിപിഎം സംസ്ഥാന നേതൃത്വവും കേന്ദ്രനേതൃത്വവും ഇക്കാര്യത്തിൽ നിലപാടു വിശദീകരിക്കണമെന്നാണു തൃണമൂലിന്റെ ആവശ്യം. ഇതിനൊപ്പം പിണറായി വിഷയവും ബംഗാളിൽ ചർച്ചയാക്കാനാണ് മമതയുടെ നീക്കം.

കേന്ദ്ര ആഭ്യന്തരമന്ത്രി വിളിച്ച സുരക്ഷാ അവലോകന യോഗത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുമ്പോൾ ഞെട്ടുന്നത് ബിജെപി ഇതര മുന്നണി ലക്ഷ്യമിടുന്ന പ്രതിപക്ഷമാണ്. കേന്ദ്ര സർക്കാർ നയങ്ങളോടുള്ള അതൃപ്തി പ്രകടിപ്പിക്കാൻ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിമാരായ മമതാ ബാനർജിയും നിതീഷ് കുമാറും എംകെ സ്റ്റാലിനും യോഗത്തിൽ നിന്ന് വിട്ടു നിന്നു. ഓഡീഷാ മുഖ്യമന്ത്രി നവീൻ പട്‌നായികും പോയില്ല. എന്നിട്ടും ഇടതുമതേതര ബദലിന് വേണ്ടി വാ തോരാതെ പ്രസംഗിക്കുന്ന സിപിഎമ്മിന്റെ ഏക മുഖ്യമന്ത്രി പങ്കെടുക്കുകയും ചെയ്തതാണ് പ്രതിപക്ഷത്തെ അമ്പരപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ സൂരജ്കുണ്ഡിലെ ചിന്തൻ ശിവിറിൽ പങ്കെടുക്കുന്ന മറ്റൊരു ബിജെപി ഇതര മുഖ്യമന്ത്രി ആംആദ്മി പാർട്ടിയുടെ ഭഗവത് സിങ് മാൻ മാത്രമാണ്.

കേന്ദ്ര നയങ്ങളോടുള്ള താൽപ്പര്യ കുറവ് വ്യക്തമാക്കാൻ കേന്ദ്രം വിളിച്ച യോഗത്തിൽ ബിജെപി ഇതര സർക്കാരുള്ള ബാക്കിയെല്ലാം സംസ്ഥാനവും പേരിന് പ്രതിനിധികളെ അയച്ചു. മന്ത്രിമാരാണ് പങ്കെടുത്തവരിൽ ഭൂരിഭാഗവും. അപ്പോഴും മുഖ്യമന്ത്രിമാർ ചടങ്ങിന് മോടി കൂട്ടും വിധം എത്താതെ ബഹിഷ്‌കരിച്ചു. ഹരിയാനാ മുഖ്യമന്ത്രിയായ മനോഹർലാൽ ഖട്ടർ, യുപിയിൽ നിന്ന് യോഗി ആദിത്യനാഥ്, അസമിലെ ഹിമന്ത ബിശ്വാസ് ശർമ്മ, മണിപ്പൂരിലെ ബൈറേൻ സിങ്, ഗോവയിലെ പ്രമോദ് സാവന്ത്, ത്രിപുരയിലെ മണിക് സാഹ, ഉത്തരഖണ്ഡിൽ നിന്ന് പുഷ്‌കർ സിങ് ധാമി, സിക്കിമിലെ പ്രേം സിങ് തമാംഗ് എന്നിവരും പങ്കെടുക്കുന്നുണ്ട്. ഇവരെല്ലാം ബിജെപി മുഖ്യമന്ത്രിമാരാണ്. മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവീസാണുള്ളത്. നാഗാലാണ്ടിൽ നിന്നും ഉപമുഖ്യമന്ത്രിയാണ് എത്തിയത്. ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ അഭാവത്തിനിടെയാണ് പിണറായിയുടെ സജീവ സാന്നിധ്യം ചർച്ചയാക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അമിത് ഷാ വിളിച്ചുചേർത്ത സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാതെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിമർശനവും ഉയർത്തി. അമിത് ഷാ കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുന്നു എന്ന രൂക്ഷമായ പ്രതികരണവും മമത ഉയർത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച രണ്ട് ദിവസത്തെ സെഷനിൽ നിന്നാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിട്ടുനിന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വീഡിയോ കോൺഫറൻസിലൂടെ യോഗത്തെ അഭിസംബോധന ചെയ്യും. പശ്ചിമ ബംഗാളിലെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഹോം ഗാർഡ്) നീരജ് കുമാർ സിങ്, പശ്ചിമ ബംഗാൾ റസിഡന്റ് കമ്മീഷണർ രാം ദാസ് മീണ എന്നിവർ യോഗത്തിൽ ബംഗാളിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നുണ്ട്.

കേന്ദ്ര ആഭ്യന്തരമന്ത്രി സംസ്ഥാന സർക്കാരുകളുടെ അധികാരം കവർന്നെടുക്കുകയും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണകക്ഷികൾക്കെതിരെ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നുവെന്ന് ബംഗാൾ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) നിരന്തരം തെളിവുകൾ നിരത്തുന്നുണ്ട്. നിരവധി വിഷയങ്ങളിൽ തൃണമൂൽ അമിത് ഷായുമായി തർക്കത്തിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരെ രൂക്ഷമായ വിമർശനമാണ് മമത ഉന്നയിക്കുന്നത്.'ഇത് ഉത്സവകാലമാണ്. നിരവധി ചടങ്ങുകൾ നടക്കുന്നു. ഛത് പൂജയും ഉടൻ നടക്കും. മുഖ്യമന്ത്രിക്ക് സംസ്ഥാനം വിടാൻ കഴിയില്ല. നമ്മുടെ ആഭ്യന്തര സെക്രട്ടറിയും ഡി.ജി.പിയും ഇതേ കാരണത്താൽ യോഗത്തിൽ പങ്കെടുക്കില്ല' -ഒരു ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞത് ഇങ്ങനെയാണ്. കേരളത്തിൽ ഗവർണ്ണർ ഇടപെടൽ നടത്തുന്നുണ്ട്. ഇതിന് പിന്നിൽ കേന്ദ്ര ഗൂഡാലചനയാണെന്ന് സിപിഎം ആരോപിക്കുന്നു. എന്നിട്ടും പിണറായി വിജയൻ യോഗത്തിനെത്തി.

കേരളത്തിലെ സ്വർണ്ണ കടത്തിൽ എൻഐഎയും ഇഡിയും അന്വേഷണത്തിലാണ്. സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തൽ മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ നേർക്കാണ് വീഴുന്നത്. ഈ അന്വേഷണം കർണ്ണാടകയിലേക്ക് മാറ്റാനും നീക്കമുണ്ട്. ഇതെല്ലാം മുഖ്യമന്ത്രിയുടെ കുടുംബത്തെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലുമുണ്ട്. ഇതിന് വേണ്ടിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയെ പിണക്കാതെ പിണറായി യോഗത്തിന് എത്തിയതെന്നും സൂചനയുണ്ട്. നേരത്തെ ദക്ഷിണേന്ത്യയിലെ സുരക്ഷാ യോഗത്തിന് അമിത് ഷാ എത്തിയപ്പോൾ പിണറായി വിജയൻ നേരിട്ടെത്തി സ്വീകരിച്ചിരുന്നു. ഇതും വലിയ ചർച്ചയായി.

ഇതിന് പിന്നാലെയാണ് ഹരിയാനയിലെ യോഗത്തിലും തിരക്കുകളും മറ്റും വേണ്ടെന്ന് വച്ച് പിണറായി എത്തുന്നത്. കേരളത്തിന്റെ ആവശ്യങ്ങൾ യോഗത്തിൽ അവതരിപ്പിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP