Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തെലുങ്കാനയിൽ കോളിളക്കമായി 'ഓപ്പറേഷൻ ഫാം ഹൗസ്'; തെലുങ്കാന സർക്കാറിനെ അട്ടിമറിക്കാൻ എംഎ‍ൽഎമാർക്ക് വാഗ്ദാനം ചെയ്തത് 250 കോടിയെന്ന് ആരോപണം; ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഇ.ഡി, സിബിഐ കേസുകൾ എത്തുമെന്നും ഭീഷണി; തെലുങ്കാന പൊലീസ് ശരിവെച്ച ആരോപണം തള്ളി ബിജെപിയും

തെലുങ്കാനയിൽ കോളിളക്കമായി 'ഓപ്പറേഷൻ ഫാം ഹൗസ്'; തെലുങ്കാന സർക്കാറിനെ അട്ടിമറിക്കാൻ എംഎ‍ൽഎമാർക്ക് വാഗ്ദാനം ചെയ്തത് 250 കോടിയെന്ന് ആരോപണം; ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഇ.ഡി, സിബിഐ കേസുകൾ എത്തുമെന്നും ഭീഷണി; തെലുങ്കാന പൊലീസ് ശരിവെച്ച ആരോപണം തള്ളി ബിജെപിയും

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: തെലുങ്കാന രാഷ്ട്ര സമിതി ദേശീയ രാഷ്ട്രീയം ലക്ഷ്യമിട്ട് ഭാരത് രാഷ്ട്ര സമിതിയുമായി രംഗത്തുവന്നത് അടുത്തിടെയാണ്. കെ ചന്ദ്രശേഖർ റാവുവിന്റെ ദേശീയ രാഷ്ട്രീയ മോഹങ്ങൾ തുടക്കത്തിൽ നുള്ളാൻ ബിജെപി ശ്രമം തുടങ്ങിയോ? കർണാടകത്തിലും മധ്യപ്രദേശിലുമെല്ലാം വിജയിച്ച ഓപ്പറേഷൻ താമരയുടെ പുതിയ രൂപം തെലുങ്കാനയിലും ബിജെപി പയറ്റുന്നു എന്ന ആരോപണം ശക്തമായിട്ടുണ്ട്. കേന്ദ്രമന്ത്രി അമിത്ഷാ നേരിട്ടാണ് തെലുങ്കാന സർക്കാറിനെ അട്ടിമറിക്കാൻ രംഗത്തുള്ളതെന്നാണ് ആരോപണം. അട്ടിമറിക്കാൻ വേണ്ടി ടി.ആർ.എസിന്റെ എംഎൽഎമാർക്ക് 250 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ്. ഇത് സംബന്ധിച്ച് തെലുങ്കാന പൊലീസ് എഫ്.ഐ.ആർ ഇട്ടതോടെ സംസഥാനത്ത് രാഷ്ട്രീയ വിവാദം കൊഴുക്കുകയാണ്.

എംഎ‍ൽഎമാരുടെ മൊഴികളിൽ നിന്നും തന്നെയാണ് അട്ടിമറിക്കാൻ ശ്രമം നടന്നെന്ന ആരോപണം ശക്തമായത്. അതേസമയം വ്യാജ ആരോപണങ്ങളാണ് എംഎൽഎമാർ ഉന്നയിച്ചതെന്നും കെട്ടിച്ചമച്ച കേസെന്നുമാണ് ബിജെപി നേതൃത്വം പറയുന്നത്. ടി.ആർ.എസിന്റെ നാല് എംഎ‍ൽഎമാരെ പണം നൽകി ബിജെപിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് ടി.ആർ.എസ് എംഎ‍ൽഎമാർ തന്നെ നേരിട്ട് ഇടപെട്ട് പൊളിച്ചത്. സംഭവത്തിൽ അസീസ് നഗറിലെ ഫാം ഹൗസ് റെയ്ഡ് ചെയ്ത സൈബറാബാദ് പൊലീസ് മൂന്ന് പേരെ അറസ്റ്റുചെയ്തിരുന്നു.

ഹരിയാനയിലെ ഫരീദാബാദ് ക്ഷേത്രത്തിലെ പൂജാരിയായ സതീഷ് ശർമ്മ എന്ന രാമചന്ദ്ര ഭാരതി, ആന്ധ്ര തിരുപതിയിലെ പൂജാരി ഡി സിംഹയാജി, ഹൈദരാബാദിലെ വ്യവസായി നന്ദകുമാർ എന്നിവരാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ മൂന്നുപേരും അസീസ് നഗറിലെ ഫാം ഹൗസിലുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ കാറിൽ നിന്നും 15 കോടി പണം പൊലീസ് പിടിച്ചെടുത്തു. ഇവർ മൂന്നു പേരും ടി.ആർ.എസ് എംഎ‍ൽഎമാരായ പൈലറ്റ് രോഹിത് റെഡ്ഡി, ബി ഹർഷവർദ്ധൻ റെഡ്ഡി, ജി ബാൽരാജു, രേഖ കാന്ത റാവു എന്നിവരുമായി ബന്ധപ്പെട്ടിരുന്നതായും പൊലീസ് അറിയിച്ചു.

കസ്റ്റഡിയിലെടുത്തവർ വ്യാജ ഐഡന്റിറ്റി ഉപയോഗിച്ചാണ് ഹൈദരാബാദിൽ എത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സൈബരാബാദ് കമീഷണർ വ്യക്തമാക്കി. നാല് എംഎ‍ൽഎമാരെയും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതിഭവനിലേക്ക് കൊണ്ടുപോയതായാണ് വിവരം. ഹരിയാനയിലെ ഫരീദാബാദിൽ നിന്നുള്ള പുരോഹിതൻ രാമചന്ദ്ര ഭാരതി എന്ന സതീഷ് ശർമ്മ, തിരുപ്പതിയിൽ നിന്നുള്ള ദർശകൻ ഡി. സിംഹയാജി, വ്യവസായി നന്ദകുമാർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു

ടി.ആർ.എസ് എംഎ‍ൽഎമാർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഓപ്പറേഷന് പദ്ധതിയിടുന്നത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അന്വേഷണം തുടർന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അതെ സമയം ബിജെപിയിൽ ചേരുന്നതിന് വേണ്ടി നാല് എംഎ‍ൽഎമാർക്കുമായി 250 കോടിയാണ് വാഗ്ദാനം ചെയ്യപ്പെട്ടതെന്ന് തെലങ്കാന സർക്കാർ ആരോപിക്കുന്നത്. ഇത് സംബന്ധിച്ച റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

പൈലറ്റ് രോഹിത് റെഡ്ഡിക്ക് 100 കോടിയും മറ്റു മൂന്ന് എംഎ‍ൽഎമാർക്ക് 50 കോടി വീതവുമാണ് വാഗ്ദാനം ചെയ്തതെന്നാണ് സൈബറാബാദ് പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചത്. ഇവർക്ക് വലിയ പണം വാഗ്ദാനം ചെയ്തതിന്റെ ഓഡിയോ വീഡിയോ തെളിവുകൾ കൈവശമുണ്ടെന്നും ടി.ആർ.എസ് നേതാക്കളെ ഉദ്ധരിച്ച് 'ദ ക്വിന്റ്' റിപ്പോർട്ട് ചെയ്തു. ബിജെപി നേതാവും ആഭ്യന്തര മന്ത്രിയുമായ അമിത് ഷായെ പ്രതിനിധീകരിച്ചാണ് തങ്ങൾ വന്നതെന്ന് ഏജന്റുമാർ പറഞ്ഞതായി 'ദ ക്വിന്റ്' വിവരങ്ങളുടെ അടിസ്ഥാനത്തിൽ വെളിപ്പെടുത്തി.

നാല് ടി.ആർ.എസ് എംഎ‍ൽഎമാർക്കും പണത്തിന് പുറമേ മറ്റു കേന്ദ്ര സർക്കാർ കോൺട്രാക്ടുകളും കേന്ദ്ര സർക്കാർ പദവിയിൽ ഉന്നത ജോലികളും വാഗ്ദാനം ചെയ്തിരുന്നതായും ടി.ആർ.എസ് എംഎ‍ൽഎ രോഹിത് റെഡ്ഡി പറഞ്ഞു. ബിജെപിയിൽ ചേർന്നില്ലെങ്കിൽ ക്രിമിനൽ കേസുകളും ഇ.ഡി, സിബിഐ എന്നിവരുടെ അന്വേഷണവുമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

നവംബർ മൂന്നിന് മുനുഗോഡ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി ശ്രമം നടക്കുന്നത്. മുനുഗോഡ് മണ്ഡലത്തിലെ സിറ്റിങ് എംഎ‍ൽഎ കോൺഗ്രസ് ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നതാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഇതിന്റെ മറവിലാണ് ബിജെപി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടത്തിയത്. നാല് ടി.ആർ.എസ് എംഎ‍ൽഎമാരെ മുന്നിൽ നിർത്തി മറ്റു ടി.ആർ.എസ് എംഎ‍ൽഎമാരെ കൂടി ബിജെപി പാളയത്തിൽ എത്തിക്കാനാണ് ബിജെപി ശ്രമം നടത്തിയതെന്ന് ടി.ആർ.എസ് നേതാക്കൾ പറയുന്നു.

അതെ സമയം ടി.ആർ.എസ് നേതാക്കളുടെ ആരോപണം ബിജെപി നിഷേധിച്ചു. ബിജെപി കുതിര കച്ചവടം നടത്താറില്ലെന്നും അറസ്റ്റിലായ ആർക്കും ബിജെപിയുമായി ബന്ധമില്ലെന്നും എല്ലാം ആരോപണങ്ങൾ മാത്രമാണെന്നും ബിജെപി വക്താവ് കൃഷ്ണ സാഗർ റാവു അറിയിച്ചു. അതിനിടെ അറസ്റ്റിലായ രാമചന്ദ്ര ഭാരതിയുടെ ആർഎസ്എസ് ബന്ധവും പുറത്തുവന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP