Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഖാർഗെയോട് മല്ലിട്ട ശശി തരൂരിനെ തഴഞ്ഞു; കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയിൽ തിരുവനന്തപുരം എംപിക്ക് സ്ഥാനമില്ല; പ്രവർത്തക സമിതി ഇല്ലാതായതോടെ എഐസിസി പ്ലീനം വരെ പകരം 47 അംഗ സ്റ്റിയറിങ് കമ്മിറ്റി; എ കെ ആന്റണിയും, ഉമ്മൻ ചാണ്ടിയും കെസി വേണുഗോപാലും പട്ടികയിൽ

ഖാർഗെയോട് മല്ലിട്ട ശശി തരൂരിനെ തഴഞ്ഞു;  കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയിൽ തിരുവനന്തപുരം എംപിക്ക് സ്ഥാനമില്ല; പ്രവർത്തക സമിതി ഇല്ലാതായതോടെ എഐസിസി പ്ലീനം വരെ പകരം 47 അംഗ സ്റ്റിയറിങ് കമ്മിറ്റി; എ കെ ആന്റണിയും, ഉമ്മൻ ചാണ്ടിയും കെസി വേണുഗോപാലും പട്ടികയിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസിൽ 47 അംഗങ്ങളുടെ സ്റ്റിയറിങ് കമ്മിറ്റിക്ക് പുതിയ പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ രൂപം നൽകി. സോണിയ ഗാന്ധി, മന്മോഹൻ സിങ്, രാഹുൽ ഗാന്ധി തുടങ്ങിയ പ്രമുഖർ കമ്മിറ്റിയിൽ ഉണ്ട്. പുതിയ അദ്ധ്യക്ഷൻ ചുമതലയേറ്റതോടെ പാർട്ടി രീതി അനുസരിച്ച് പ്രവർത്തക സമിതി അംഗങ്ങളെല്ലാം രാജി വച്ചു. എഐസിസി പ്ലീനം ചേരും വരെ പ്രവർത്തക സമിതിക്ക് പകരം സ്റ്റിയറിങ് കമ്മിറ്റി പ്രവർത്തിക്കും. പുതിയ പ്രവർത്തക സമിതി അംഗങ്ങളെ പ്ലീനറി സമ്മേളനത്തിന് ശേഷം ഖാർഗെയാണ് തിരഞ്ഞെടുക്കുക. പാർട്ടി ഭരണഘടന പ്രകാരം, പ്രവർത്തക സമിതിയിലെ 11 അംഗങ്ങളെ നാമനിർദ്ദേശം ചെയ്യും.
.12 പേരെ തിരഞ്ഞെടുക്കും. കോൺഗ്രസ് അദ്ധ്യക്ഷനും പാർലമെന്ററി പാർട്ടി നേതാവും സിഡബ്ല്യുസിയിൽ അംഗങ്ങളായിരിക്കും.

എല്ലാ പ്രവർത്തക സമിതി അംഗങ്ങളും, എഐസിസി ജനറൽ സെക്രട്ടറിമാരും പാർട്ടി അദ്ധ്യക്ഷന് രാജി സമർപ്പിച്ചുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു. എല്ലാ ഭാരവാഹികളെയും സ്റ്റിയറിങ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. പുതിയ പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പിലൂടെ അംഗങ്ങളെ കണ്ടെത്താൻ രാഹുൽ ഗാന്ധി നേരത്തെ സമ്മതമറിയിച്ചിരുന്നു. ഇക്കാര്യത്തിൽ ഇനിയുള്ള ദിവസങ്ങളിൽ വ്യക്തത വരും.

സ്റ്റിയറിങ് കമ്മിറ്റിയിൽ, കേരളത്തിൽ നിന്നും മുതിർന്ന നേതാവ് എകെ ആന്റണിയും സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും, മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സമിതിയിലെത്തി. അതേസമയം അധ്യക്ഷ തെരഞ്ഞെടുപ്പിലൂടെ വലിയ തരംഗം സൃഷ്ടിച്ച ശശി തരൂരിന്റെ പേര് സ്റ്റിയറിങ് കമ്മിറ്റിയിലില്ല എന്നത് ശ്രദ്ധേയമാണ്.

അഭിഷേക് മനു സിങ്വി, അജയ് മാക്കൻ, അംബികാ സോണി, ജയ്‌റാം രമേശ്, ജിതേന്ദ്ര സിങ്, മുകുൾ വാസ്‌നിക്, പി ചിദംബരം, രൺദീപ് സുർജെവാല, താരീഖ് അൻവർ, അധീർ രഞ്ജൻ ദാസ് ചൗധരി, ദിഗ്‌വിജയ് സിങ്, മീരാ കുമാർ, പവൻ കുമാർ ബൻസൽ, രാജീവ് ശുക്ല, സൽമാൻ ഖുർഷിദ് എന്നിവരെല്ലാം പുതിയ സ്റ്റിയറിങ് കമ്മിറ്റിയിൽ അംഗങ്ങളാണ്. ജി-23 ഗ്രൂപ്പിന്റെ ഭാഗമായ ആനന്ദ് ശർമയും പട്ടികയിൽ ഉൾപ്പെട്ടു.

ഇന്ന് രാവിലെയാണ് ഖാർഗെ എഐസിസി അധ്യക്ഷനായി ചുമതലയേറ്റെടുത്തത്. അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെപ്പ് സർട്ടിഫിക്കറ്റ് പാർട്ടി ഇലക്ഷൻ അഥോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി ഖാർഗെയ്ക്ക് കൈമാറി.

പാർട്ടി മുൻ അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ, പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്ന ശശി തരൂർ, അജയ് മാക്കൻ, കെ സുധാകരൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു.

താഴേത്തട്ടിൽ നിന്നും ഉയർന്നു വന്ന നേതാവാണ് മല്ലികാർജുൻ ഖാർഗെയെന്ന് പ്രസംഗത്തിൽ സോണിയാഗാന്ധി പറഞ്ഞു. വളരെ പരിചയസമ്പന്നനാണ് അദ്ദേഹം. പാർട്ടിയെ മികച്ച രീതിയിൽ നയിക്കാൻ ഖാർഗെയ്ക്ക് ആകും. അധ്യക്ഷനെ ഹൃദയം കൊണ്ട് തെരഞ്ഞെടുത്തതിൽ ഏറെ സന്തോഷം. പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തതിലൂടെ തന്റെ ചുമതല ഒഴിവാകുന്നതിൽ ആശ്വാസമുണ്ടെന്നും സോണിയാഗാന്ധി പറഞ്ഞു.

സ്ഥാനം ഒഴിഞ്ഞ സോണിയാഗാന്ധിക്ക് പാർട്ടിയുടെ നന്ദി അറിയിച്ചുകൊണ്ടുള്ള പ്രസ്താവന ജനറൽ സെക്രട്ടറി അജയ് മാക്കൻ വായിച്ചു. തെരഞ്ഞെടുപ്പിലൂടെ കോൺഗ്രസ് യഥാർത്ഥ ആഭ്യന്തര ജനാധിപത്യം കാണിച്ചെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. സോണിയാഗാന്ധി തുടർന്നും പാർട്ടിയുടെ മാർഗദീപമായി തുടർന്നുമുണ്ടാകുമെന്നും വേണുഗോപാൽ പറഞ്ഞു.

പാർട്ടി അധ്യക്ഷനായി തെരഞ്ഞെടുത്തത് ഏറെ അഭിമാനനിമിഷമെന്ന് മല്ലികാർജുൻ ഖാർഗെ സ്ഥാനമേറ്റശേഷം നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കി. പാർട്ടിയുടെ സാധാരണ പ്രവർത്തകനായി പ്രവർത്തിക്കും. പാർട്ടിയുടെ ഏറ്റവും താഴേത്തട്ടിൽ നിന്നും പ്രവർത്തിച്ചു വന്നവനാണ് താൻ. കോൺഗ്രസ് വലിയ വെല്ലുവിളികൾ നേരിടുന്നു. കോൺഗ്രസിന് മുന്നിൽ മുമ്പും വലിയ പ്രയാസങ്ങൾ ഉണ്ടായിട്ടുണ്ട്. ഐക്യത്തോടെ ഇത്തരം പ്രയാസങ്ങൾ മറികടക്കേണ്ടതുണ്ട്.

അംബേദ്കറിന്റെ ഭരണഘടനയ്ക്കായി പോരാടണം. പ്രയത്നങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും പാർട്ടിയെ മുന്നോട്ടു നയിക്കും. വിദ്വേഷത്തിന്റെ രാഷ്ട്രീയത്തെ തകർക്കും. ഉദയ്പൂർ ചിന്തൻ ശിബിരത്തിലെ തീരുമാനങ്ങൾ എല്ലാം നടപ്പാക്കും. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കൊപ്പം ജനലക്ഷങ്ങളാണ് ചേരുന്നത്. പ്രതിസന്ധികൾക്കിടയിലും രാഹുൽ ജനങ്ങളുമായി ആശയവിനിമയം നടത്തുന്നു. രാഹുലിന്റെ യാത്രയുടെ ഊർജ്ജം വ്യർത്ഥമാകില്ലെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP