Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്നവർ രണ്ട് തരത്തിൽ; സുവേന്ദുവിനെപ്പോലെ മമതയെ കടന്നാക്രമിച്ചവർ ഒരു വിഭാഗം; മറുവശത്ത് മൃദുസമീപനം സ്വീകരിച്ചവർ; മുകുൾ റോയി ഉൾപ്പെടെ നേതാക്കളുടെ 'ഘർ വാപസി' സൂചന നൽകി എംപി സുഗത റോയി; അന്തിമ തീരുമാനം മമതയുടേത്

തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്നവർ രണ്ട് തരത്തിൽ; സുവേന്ദുവിനെപ്പോലെ മമതയെ കടന്നാക്രമിച്ചവർ ഒരു വിഭാഗം; മറുവശത്ത് മൃദുസമീപനം സ്വീകരിച്ചവർ; മുകുൾ റോയി ഉൾപ്പെടെ നേതാക്കളുടെ 'ഘർ വാപസി' സൂചന നൽകി എംപി സുഗത റോയി; അന്തിമ തീരുമാനം മമതയുടേത്

ന്യൂസ് ഡെസ്‌ക്‌

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ബിജെപിയിൽ ചേക്കേറിയ തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ 'ഘർ വാപസിക്ക്' വഴിയൊരുങ്ങുന്നതിന്റെ സൂചന നൽകി പാർട്ടി എംപി സുഗത റോയി. നിരവധി തൃണമൂൽ എംഎൽഎമാരെയും നേതാക്കളെയും അടർത്തിയെടുക്കുന്നതിനു ചുക്കാൻ പിടിച്ച ഉപാധ്യക്ഷൻ കൂടിയായ മുകുൾ റോയി അടക്കം 35ഓളം നേതാക്കന്മാർ ഇപ്പോൾ മമതയ്ക്കൊപ്പം മടങ്ങാനുള്ള ശ്രമത്തിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് സുഗത റോയ് വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയത്.

കൊൽക്കത്തയിൽ നടന്ന ബിജെപി യോഗം മുകുൾ റോയ് ബഹിഷ്‌കരിച്ചതോടെയാണ് അഭ്യൂഹങ്ങൾ ഏറിയത്്. തൃണമൂൽ വിട്ടെത്തിയ സുവേന്ദു അധികാരിയും മുകുൾ റോയിയും തമ്മിൽ അഭിപ്രായഭിന്നതയിലാണെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. മമതാ ബാനർജിയുടെ വിശ്വസ്തനായിരുന്ന മുകുൾ റോയി 2017-ലാണ് പാർട്ടിവിട്ട് ബിജെപിയിലെത്തിയത്.

മുകുൾ റോയി വിഷയത്തിൽ ഇതുവരെ മൗനം പാലിച്ചിരുന്ന തൃണമൂൽ കോൺഗ്രസ് നേതൃത്വം ബുധനാഴ്ച വൈകിട്ടോടെ ചില സൂചനകൾ നൽകിത്തുടങ്ങി. പാർട്ടി എംപി സുഗത റോയി ആണ് 'ഘർ വാപസി'യെക്കുറിച്ചുള്ള പരാമർശങ്ങൾ നടത്തിയത്. പാർട്ടി വിട്ടെങ്കിലും മുകുൾ റോയി ഒരിക്കലും മമതയെ അധിക്ഷേപിച്ചിട്ടില്ലെന്ന് സുഗത തുറന്നുപറഞ്ഞു.

നിരവധിയാളുകൾ അഭിഷേക് ബാനർജിയുമായി ബന്ധപ്പെടുന്നുണ്ടെന്നും അവർ മടങ്ങിവരാൻ ആഗ്രഹിക്കുന്നുവെന്നും സുഗത റോയി പറഞ്ഞു. ആവശ്യം വേണ്ടിയിരുന്ന സമയത്ത് പാർട്ടിയെ ചതിച്ചവരാണ് അവർ. മമതാ ബാനർജിയാവും അവസാന തീരുമാനമെടുക്കുകയെന്നും സുഗത വ്യക്തമാക്കി.

പാർട്ടി വിട്ടവരെ രണ്ടായി തിരിക്കേണ്ടിവരും. പാർട്ടി വിട്ടെങ്കിലും മമതാ ബാനർജിയെ അപമാനിക്കാതെ മൃദുസമീപനം സ്വീകരിച്ചവരെ ഒരു വിഭാഗമായും മമതയെ പൊതുസമൂഹത്തിൽ അപമാനിച്ചവരെ മറ്റൊരു വിഭാഗമായും. സുവേന്ദു അധികാര പാർട്ടി വിട്ട ശേഷം മമതയെ കടന്നാക്രമിച്ചിരുന്നു. എന്നാൽ മുകുൾ റോയി ഒരിക്കലും പരസ്യമായി മമതയെ അധിക്ഷേപിച്ചിട്ടില്ല. - സുഗത റോയി പറഞ്ഞു. മുകുൾ റോയിയെ തള്ളിപ്പറയാതെ പാർട്ടി എംപി നടത്തിയ പരാമർശം ഏറെ ഗൗരവത്തോടെയാണ് ബിജെപി വൃത്തങ്ങൾ കാണുന്നത്.

മമതാ ബാനർജിയുടെ അനന്തരവനായ അഭിഷേക് ബാനർജി പാർട്ടിയുടെ നിർണായക ചുമതലയിലേക്കു വന്നതിനു പിന്നാലെ മുകുൾ റോയിയെ അദ്ദേഹത്തിന്റെ ഭാര്യ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെത്തി കണ്ടിരുന്നു. തൊട്ടുപിറ്റേന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് മുകുൾ റോയിയുമായി ഫോണിൽ സംസാരിച്ചു. ഭാര്യയുടെ ആരോഗ്യവിവരം തിരക്കാനാണ് പ്രധാനമന്ത്രി വിളിച്ചതെന്നാണ് ബിജെപി നേതാക്കൾ പറയുന്നതെങ്കിലും പാർട്ടിക്ക് ആശങ്കവിട്ടൊഴിഞ്ഞിട്ടില്ല. സുവേന്ദു അധികാരി ഉൾപ്പെടെ നിരവധി നേതാക്കളെ ഡൽഹിക്കു വിളിപ്പിച്ചു കേന്ദ്രനേതൃത്വം ചർച്ച നടത്തിയിരുന്നു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും സുവേന്ദു ചർച്ച നടത്തി.

നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തൃണമൂൽ കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ വലിയ ഒഴുക്കായിരുന്നു ബംഗാളിൽ. ഇത്തവണ ബംഗാൾ ബിജെപി പിടിക്കും എന്നൊരു പ്രതീതി അതോടെ സൃഷ്ടിക്കപ്പെട്ടു. വലിയ കൊഴുപ്പേറിയ പ്രചരണം വന്ന നേതാക്കളിൽ പലർക്കും നടന്നതോടെ അത് ശരിയാകുമെന്ന് പലരും കരുതി.എന്നാൽ ജനവിധി തൃണമൂൽ കോൺഗ്രസിന് അനുകൂലമായതോടെയാണ് ബിജെപിയിൽ ഭിന്നത രൂക്ഷമായത്.

കഴിഞ്ഞ തവണത്തേതിനെക്കാൾ രണ്ട് സീറ്റ് അധികം നൽകി 213 സീറ്റുകളിൽ തൃണമൂലിനെ ജനം വിജയിപ്പിച്ചു. 3 സീറ്റുകൾ നേടിയ 2016ലേതിനെക്കാൾ ഏറെ മുന്നേറി 77 സീറ്റുകൾ നേടിയെങ്കിലും ഭരണം നേടാനാവശ്യമായതിന്റെ പകുതി മാത്രമേ ബിജെപിക്ക് നേടാനായുള്ളൂ. ഇത് മറുകണ്ടം ചാടിയ പുതിയ ബിജെപി നേതാക്കളിൽ പലർക്കും തിരികെ തൃണമൂലിലേക്ക് പോകുന്നതാണ് നല്ലതെന്ന ചിന്തുയുണ്ടായത്.

മമതാ ബാനർജിയോട് ക്ഷമ ചോദിക്കാനും നിരുപാധികം പാർട്ടിപ്രവർത്തനം നടത്താൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് മമതയെയും മുഖ്യമന്ത്രിയുടെ വിശ്വസ്തരെയും വന്നുകാണുകയാണ് ഈ നേതാക്കൾ. പ്രധാനമന്ത്രിയും അമിത്ഷായും മുന്നിട്ടിറങ്ങി നടപ്പിലാക്കിയ 'ഓപ്പറേഷൻ കമൽ' ഇപ്പോൾ തിരിച്ചടിക്കുന്നതായും 'റിവേഴ്സ് ഓപ്പറേഷൻ കമൽ' നടക്കുന്നതിനുള്ള സാഹചര്യം ഒരുങ്ങിയിരിക്കുന്നതായാണ് തൃണമൂൽ സംസാരം.

വിമതരും ഘർ വാപസിക്കാരും പാർട്ടിയിൽ കൂടിയതോടെ, മമതയുടെ മുൻ വിശ്വസ്തനും ഇപ്പോൾ ബിജെപി നേതാവുമായ സുവേന്ദു അധികാരി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ എന്നിവരുമായാണു സുവേന്ദു കാര്യങ്ങൾ ചർച്ച ചെയ്തത്. എംപിമാരായ അർജുൻ സിങ്ങും സൗമിത്ര ഖാനും വിഷയത്തിൽ ഇടപെടുന്നുണ്ട്.

തൃണമൂൽ വിട്ടു പോയവരിൽ വളരെ ചെറിയ ശതമാനത്തിനാണു മത്സരിക്കാൻ സീറ്റു കിട്ടിയത്. ജയിച്ചു കയറിയത് നാലു പേർ മാത്രം. അതിൽപ്പെട്ട സുവേന്ദു അധികാരിയെ പ്രതിപക്ഷ നേതാവാക്കി ബിജെപി. എന്നാൽ തിരഞ്ഞെടുപ്പിനു ശേഷം നിശബ്ദനായിരിക്കുന്ന മുകുൾ റോയിയെ ചൊല്ലിയാണു ബിജെപിയുടെ ആശങ്ക മുഴുവനും. ഒരുകാലത്ത് മമതയുടെ വിശ്വസ്തനായിരുന്ന, പിന്നീട് ബംഗാളിൽ ബിജെപിക്കു വേരോട്ടമുണ്ടാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച നേതാവാണ് ഇദ്ദേഹം. സുവേന്ദുവിനെ കടന്നാക്രമിക്കുമ്പോഴും മുകുൾ റോയിയോട് മൃദു സമീപനമായിരുന്നു മമതയ്ക്ക് എന്നതും ശ്രദ്ധേയമാണ്. മമതാ ബാനർജിയുടെ വലംകൈ ആയിരുന്ന മുകുൾ റോയി ബിജെപിയിൽനിന്നു വീണ്ടും തൃണമൂലിലേക്കു മടങ്ങുമോ എന്നതാണ് ബംഗാൾ രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP