Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആപ്പിന് നോട്ടമില്ലെങ്കിലും ഹിമാചലിലെ പ്രതിസന്ധിയൊഴിയുന്നില്ല ; മുൻനിര പാർട്ടികൾക്ക് തലവേദനയായി വിമതന്മാരുടെ പ്രളയം ; കോൺഗ്രസ്സും ബിജെപിയും പ്രതീക്ഷിക്കുന്നത് പത്രിക പിൻവലിക്കൽ അവസാന ദിനമായ ഇന്ന് വിമതർ പിന്മാറുമെന്ന് ; വിമതരെ അനുനയിപ്പിക്കാൻ ഊർജ്ജിത ശ്രമങ്ങളുമായി ബിജെപി

ആപ്പിന് നോട്ടമില്ലെങ്കിലും ഹിമാചലിലെ പ്രതിസന്ധിയൊഴിയുന്നില്ല ; മുൻനിര പാർട്ടികൾക്ക് തലവേദനയായി വിമതന്മാരുടെ പ്രളയം ; കോൺഗ്രസ്സും ബിജെപിയും പ്രതീക്ഷിക്കുന്നത് പത്രിക പിൻവലിക്കൽ അവസാന ദിനമായ ഇന്ന് വിമതർ പിന്മാറുമെന്ന് ; വിമതരെ അനുനയിപ്പിക്കാൻ ഊർജ്ജിത ശ്രമങ്ങളുമായി ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : ആപ്പായിരുന്നു ബിജെപിക്കും കോൺഗ്രസ്സിനും ഹിമാചലിലെ പ്രധാനവെല്ലുവിളി. എന്നാൽ ആപ്പിന് ഹിമാചലിൽ കണ്ണില്ലെന്നും ഗുജറാത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നുമുള്ള വസ്തുത ഇപ്പോൾ മുൻനിര പാർട്ടിക്ക് ആശ്വാസം നൽകുമ്പോഴും പുതിയ തലവേദനയാകുകയാണ് വിമതന്മാരുടെ പ്രളയം.ഹിമാചലിലെ 68 മണ്ഡലങ്ങളിൽ 34ലും കഴിഞ്ഞ തവണ 5000 വോട്ടിൽ താഴെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. വിമതരുടെ സാന്നിധ്യം പാർട്ടികളെ അസ്വസ്ഥരാക്കുന്നത് അതുകൊണ്ടാണ്.

ബിജെപിയിൽ കോൺഗ്രസിൽ നിന്നു വന്നവർക്കു സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചും, കോൺഗ്രസിൽ ബിജെപി വിട്ടു വന്നവർക്കും നേതാക്കളുടെ കുടുംബക്കാർക്കും സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചുമാണു വിമതർ കളത്തിലിറങ്ങിയത്.ഇരു പാർട്ടികളിലുമായി മുപ്പതോളം റിബലുകളാണു പത്രിക നൽകിയിട്ടുള്ളത്.ബിജെപിയിൽ മുൻ എംപി മഹേശ്വർ സിങ്ങും (കുളു സദർ), മകൻ ഹിതേശ്വറും (ബൻജാർ) ആണ് പ്രമുഖ വിമതർ.

ഹിതേശ്വർ നൽകിയ പത്രിക പിൻവലിക്കാൻ പ്രേരിപ്പിച്ചില്ലെന്നതിനാൽ മഹേശ്വർ സിങ്ങിന്റെ സ്ഥാനാർത്ഥിത്വം പാർട്ടി റദ്ദാക്കിയിരുന്നു. ഇതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്.പാർട്ടി വൈസ് പ്രസിഡന്റ് റാം സിങ്ങും കുളു സദറിൽ പത്രിക നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഉപതിരഞ്ഞെടുപ്പിലും വിമതനായിരുന്ന മുൻ രാജ്യസഭാംഗം കൃപാൽസിങ് പാർമർ ഫത്തേപുരിൽ പത്രിക നൽകി. ഇതിനു പുറമേ ഒരു ഡസനോളം നേതാക്കളും മുൻ എംഎൽഎമാരും രംഗത്തുണ്ട്.

കോൺഗ്രസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഭുവനേശ്വർ ഗൗർ മണാലിയിൽ പത്രിക നൽകിയിട്ടുണ്ട്. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു സമിതി ചെയർമാൻ സുഖ്വിന്ദർ സിങ് അടക്കമുള്ളവർ ഘോഷയാത്രയായി ചെന്നാണു പത്രിക സമർപ്പിച്ചത്.മുൻ പിസിസി പ്രസിഡന്റ് കുൽദീപ് കുമാർ ചിന്ത്പുർനിയിലും മുൻ എംഎൽഎമാരായ ജഗ്ജീവൻ പാൽ സുല്ലയിലും സുഭാഷ് മംഗ്ലറ്റ് ഛോപലിലും വിമത സ്ഥാനാർത്ഥികളാണ്. എട്ടിലേറെ മറ്റു നേതാക്കളും പല മണ്ഡലങ്ങളിലും സ്വതന്ത്രരായി പത്രിക നൽകിയിട്ടുണ്ട്.

എന്നാൽ ഹിമാചൽപ്രദേശിൽ നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് വിമതർ പിന്മാറുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും കോൺഗ്രസും.ഒപ്പം ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ എന്നിവരുടെ നേതൃത്വത്തിൽ ബിജെപി വിമതരെ അനുനയിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നുണ്ട്. കോൺഗ്രസിൽ പിസിസി അധ്യക്ഷ പ്രതിഭാ സിങ് തന്നെയാണ് വിമതരുമായി ചർച്ച നടത്തുന്നത്.

ഹിമാചൽപ്രദേശിൽ ബിജെപിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 5 മുതൽ 9 വരെ എത്തും. ഷിംല, ഹാമിർപുർ, കാംഗ്ര, മണ്ഡി എന്നിവിടങ്ങളിലായിരിക്കും റാലികൾ. അമിത് ഷാ, ജെ.പി.നഡ്ഡ, രാജ്‌നാഥ് സിങ്, ജ്യോതിരാദിത്യ സിന്ധ്യ, സ്മൃതി ഇറാനി, യോഗി ആദിത്യനാഥ്, മനോഹർ ലാൽ ഖട്ടർ തുടങ്ങിയവരും പ്രചാരണത്തിനെത്തും.

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പു വരാനിരിക്കെ, ഗുജറാത്ത് മുൻ മുഖ്യമന്ത്രി ശങ്കർസിങ് വഗേലയുടെ മകൻ മഹേന്ദ്രസിങ് വഗേല (58) കോൺഗ്രസിൽ തിരിച്ചെത്തി. 2012 മുതൽ 2017 വരെ കോൺഗ്രസ് എംഎൽഎ ആയിരുന്ന മഹേന്ദ്രസിങ് പിന്നീട് ബിജെപിയിൽ ചേരുകയായിരുന്നു. ഇതിനിടെ, ആം ആദ്മി പാർട്ടി 13 സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചു. ഇതുൾപ്പെടെ 7 പട്ടികയിലായി 86 സ്ഥാനാർത്ഥികളെയാണ് അവർ പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് ഡിസംബറിൽ നടക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

ഇതിനിടെ തെലങ്കാനയിൽ ടിആർഎസ് എംഎൽഎമാരെ കൂറുമാറ്റാൻ ബിജെപി ശ്രമിച്ചെന്ന ആരോപണം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് പാർട്ടി തിരഞ്ഞെടുപ്പു കമ്മിഷനു നിവേദനം നൽകി. മനുഗുഡ ഉപതിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള ടിആർഎസിന്റെ നാടകമായിരുന്നു ഇതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള സംഘം കമ്മിഷനെ അറിയിച്ചു.

ഒഡീഷയിൽ ഭരണകക്ഷിയായ ബിജെഡി വ്യാജ വിഡിയോ പ്രചാരണത്തിലൂടെ കേന്ദ്രമന്ത്രി അമിത് ഷായുടെ പ്രതിഛായ തകർക്കാൻ നടത്തിയ ശ്രമവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. ധാംനഗർ ഉപതിരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തുന്നതിന്റെ വിഡിയോ വ്യാജമാണെന്നും നിവേദനത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP