Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജമ്മു കശ്മീർ തിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ കക്ഷികളുമായി കേന്ദ്രസർക്കാർ ചർച്ച നടത്തിയേക്കുമെന്നു റിപ്പോർട്ട്; സന്നദ്ധത അറിയിച്ച് സപ്തകക്ഷി സഖ്യമായ പിഎജിഡി; ആശയവിനിമയം തുടർന്ന് മെഹ്‌മൂബയും ഫാറൂഖ് അബ്ദുല്ലയും

ജമ്മു കശ്മീർ തിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ കക്ഷികളുമായി കേന്ദ്രസർക്കാർ ചർച്ച നടത്തിയേക്കുമെന്നു റിപ്പോർട്ട്; സന്നദ്ധത അറിയിച്ച് സപ്തകക്ഷി സഖ്യമായ പിഎജിഡി; ആശയവിനിമയം തുടർന്ന് മെഹ്‌മൂബയും ഫാറൂഖ് അബ്ദുല്ലയും

ന്യൂസ് ഡെസ്‌ക്‌

ശ്രീനഗർ: തിരഞ്ഞെടുപ്പു നടത്തുന്നതും സംബന്ധിച്ച് കേന്ദ്ര സർക്കാർ ജമ്മു കശ്മീരിലെ രാഷ്ട്രീയ കക്ഷികളുമായി ചർച്ച നടത്തിയേക്കുമെന്നു റിപ്പോർട്ട്. ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ലെങ്കിലും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതു ലക്ഷ്യമിട്ടു രൂപീകരിച്ച സപ്തകക്ഷി സഖ്യമായ പിഎജിഡി ആശയവിനിമയത്തിൽ പങ്കെടുക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. അനുരഞ്ജന ചർച്ചയിൽ പങ്കെടുത്തേക്കുമെന്നു കശ്മീർ നാഷനൽ കോൺഫറൻസ് പാർട്ടിയും അറിയിച്ചു.

മെഹ്‌മൂബ മുഫ്തിയുടെ പിഡിപിയുമായുള്ള സഖ്യം ബിജെപി അവസാനിപ്പിച്ചതോടെ 2018 ജൂണിലാണു കശ്മീരിൽ രാഷ്ട്രപതി ഭരണം നിലവിൽവന്നത്. ഇതിനു ശേഷം ഇവിടെ തിരഞ്ഞെടുപ്പു നടന്നിട്ടില്ല. 2019 ഓഗസ്റ്റിൽ കേന്ദ്രസർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തു കളഞ്ഞ്, രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളായി സംസ്ഥാനത്തെ വിഭജിച്ചിരുന്നു.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പും നടത്തിയേക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളിലെ ആശങ്ക ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പു കമ്മിഷൻ ഇതിനുള്ള അനുമതി നിഷേധിച്ചിരുന്നു. സംസ്ഥാന പദവി പുനഃസ്ഥാപിക്കൽ, തിരഞ്ഞെടുപ്പ് തുടങ്ങിയ കാര്യങ്ങൾ രാഷ്ട്രീയ കക്ഷികളുമായി ചർച്ച ചെയ്യാൻ കേന്ദ്രം മുൻകൈ എടുത്തേക്കുമെന്നാണു സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റിൽ രൂപീകരിച്ച സപ്തകക്ഷി സഖ്യം ആഭ്യന്തര അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നു കഴിഞ്ഞ 6 മാസമായി നിർജീവമായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പിഡിപി നേതാവു മെഹ്ബൂബ മുഫ്തിയ കശ്മീർ നാഷനൽ കോൺഫറൻസ് നേതാവു ഫാറൂഖ് അബ്ദുല്ല വീട്ടിലെത്തി സന്ദർശിച്ചു. മെഹ്‌മൂബയും സഖ്യത്തിലെ മറ്റു കക്ഷികളുമായും ഫാറൂഖ് ആശയവിനിമയവും നടത്തിയിരുന്നു.

കഴിഞ്ഞ വർഷം അവസാനം നടന്ന ജമ്മു കശ്മീർ ജില്ലാ വികസന സമിതി തിരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടിയിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്തതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ഗുപ്കാർ സഖ്യത്തിന് 110 സീറ്റുകളാണ് ലഭിച്ചത്. നാഷണൽ കോൺഫറൻസ്, പി.ഡി.പി., സിപിഎം., പീപ്പിൾസ് കോൺഫറൻസ്, അവാമി നാഷണൽ കോൺഫറൻസ് എന്നിവ ചേർന്നതാണ് ഗുപ്കാർ സഖ്യം.

കോൺഗ്രസും ഗുപ്കാർ സഖ്യവും കൂടി 20 ജില്ലകളിൽ 13 എണ്ണത്തിന്റെ ഭരണം പിടിക്കുകയും ചെയ്തു. എന്നാൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായത് ബിജെപിയാണ്. ബിജെപി 74, നാഷണൽ കോൺഫറൻസ് 67, പി.ഡി.പി. 27, കോൺഗ്രസ് 26 എന്നിങ്ങനെയായായിരുന്നു സീറ്റ് നില.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP