Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രോട്ടോക്കോൾ വിവാദത്തിൽ സ്ലിപ്പ് ആയില്ലെങ്കിലും മൊറാലിറ്റി വിവാദത്തിൽ സ്ലിപ്പ് ആകാൻ സാധ്യത; മന്ത്രിസഭാ പുനഃസംഘടനയിൽ വി.മുരളീധരന് സ്ഥാനം പോയേക്കും; തനിക്കില്ലെങ്കിൽ സുരേഷ് ഗോപിക്കും കുമ്മനത്തിനും മന്ത്രി പദവി വേണ്ടെന്നോ? സ്മിതാ മേനോൻ വിവാദം ഉലച്ച സാഹചര്യത്തിൽ ഡൽഹി നീക്കങ്ങൾ സംശയക്കണ്ണോടെ നോക്കി കൃഷ്ണദാസ് വിഭാഗം; കുമ്മനത്തിനെ സൈഡ് ലൈൻ ചെയ്ത് വിഭാഗീയതയുടെ പിടിയിലേക്ക് വീണ്ടും ബിജെപി

പ്രോട്ടോക്കോൾ വിവാദത്തിൽ സ്ലിപ്പ് ആയില്ലെങ്കിലും മൊറാലിറ്റി വിവാദത്തിൽ സ്ലിപ്പ് ആകാൻ സാധ്യത; മന്ത്രിസഭാ പുനഃസംഘടനയിൽ   വി.മുരളീധരന് സ്ഥാനം പോയേക്കും; തനിക്കില്ലെങ്കിൽ സുരേഷ് ഗോപിക്കും കുമ്മനത്തിനും മന്ത്രി പദവി വേണ്ടെന്നോ?   സ്മിതാ മേനോൻ വിവാദം ഉലച്ച സാഹചര്യത്തിൽ ഡൽഹി നീക്കങ്ങൾ സംശയക്കണ്ണോടെ നോക്കി കൃഷ്ണദാസ് വിഭാഗം;  കുമ്മനത്തിനെ സൈഡ് ലൈൻ ചെയ്ത് വിഭാഗീയതയുടെ പിടിയിലേക്ക് വീണ്ടും ബിജെപി

എം മനോജ് കുമാർ


തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണ സമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധിയായി കുമ്മനത്തെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ടു ബിജെപി സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ വിവാദം പുകയവേ ഈ പദവിക്ക് പിന്നിലും ആസൂത്രിതമായ രാഷ്ട്രീയ കരുനീക്കങ്ങൾ നടന്നതായി സൂചന. കുമ്മനത്തിനു നൽകിയ സ്ഥാനം ചിലരുടെ ബുദ്ധിയോ അതോ കുബുദ്ധിയോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ ഉയർന്നത്. ഇതിനു പിന്നിൽ ശക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നു മനസിലാക്കി തന്നെയാണ് ബിജെപി ഗ്രൂപ്പുകളിൽ ഈ രീതിയിൽ ഒരു ചർച്ചയ്ക്ക് തുടക്കമായത്. സംസ്ഥാന ബിജെപിയെ കൈപ്പിടിയിലാക്കി വി.മുരളീധരൻ നടത്തുന്ന ശക്തമായ നീക്കത്തിന്റെ ഭാഗം തന്നെയാണ് കുമ്മനത്തിനു ലഭിച്ച പദവി എന്നാണ് ബിജെപിയിലെ സംസാരം. കെ.സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കാൻ കഴിഞ്ഞതോടെ സംസ്ഥാന ബിജെപി മുരളീധരന്റെ പൂർണ്ണ നിയന്ത്രണത്തിലാണ്. ഈ നിയന്ത്രണത്തിന്റെ മറ പിടിച്ച് മുരളിധരൻ നടത്തുന്ന നീക്കം തന്നെയാണ് ബിജെപിയെ പിടിച്ചുലയ്ക്കുന്നത് എന്നാണ് പാർട്ടിയിലെ സംസാരം.

ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി പദവിയിലേക്ക് ബി.എൽ.സന്തോഷ് വന്നതോടെ കാര്യങ്ങൾ വി.മുരളീധരന് അനുകൂലമാണ്. കുമ്മനത്തിനു കൈവന്ന ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണ സമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധി സ്ഥാനം സന്തോഷിനെ കൂട്ടുപിടിച്ച് മുരളീധരൻ നടത്തിയ നീക്കത്തിന്റെ തുടർച്ചയാണ്. സ്മിതാ മേനോൻ വിവാദത്തിന്റെ പാശ്ചാത്തലത്തിൽ വരുന്ന കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ വി.മുരളീധരന് സ്ഥാനനഷ്ടത്തിനു സാധ്യതയുണ്ട് എന്ന് ഡൽഹിയിൽ സംസാരം ശക്തമാണ്. മുരളീധരൻ തെറിക്കുകയാണെങ്കിൽ സ്ഥാനത്തിനു പരിഗണിക്കാവുന്നത് കുമ്മനത്തെ മാത്രമാണ്.

രണ്ടാമത് പരിഗണന നൽകേണ്ട പി.എസ്.ശ്രീധരൻ പിള്ള ഗവർണറാണ്. പിള്ളയെ അതുകൊണ്ട് തന്നെ പരിഗണിക്കില്ല. അതുകൊണ്ട് തന്നെ ഇത് മുൻകൂട്ടി കണ്ടുള്ള മുരളീധരന്റെ വെട്ടൽ ആണ് കുമ്മനത്തിനു ലഭിച്ച ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണ സമിതിയിലെ കേന്ദ്ര സർക്കാർ പദവി എന്നാണ് ബിജെപിയിലെ സംസാരം. ഒരു പദവിയിലിരിക്കുന്ന ഒരാൾക്ക് വേറെ ഒരു പദവി നൽകേണ്ടതില്ല. മന്ത്രി പദവി പോയാലും വേറെ ഒരാളെ പരിഗണിക്കാൻ വേറെ സാധ്യതയുമില്ല. സുരേഷ് ഗോപിയെ പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും താത്പര്യമുണ്ട്. സുരേഷ് ഗോപിക്കും കേന്ദ്ര മന്ത്രിയായാൽ കൊള്ളാമെന്നുമുണ്ട്. പക്ഷെ ഭരണഘടനാപരമായ തടസങ്ങൾ ഈ കാര്യത്തിൽ നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മന്ത്രി പദവി നൽകാൻ തടസമുണ്ട്. നോമിനേഷനാണ് സുരേഷ് ഗോപിയുടെ രാജ്യസഭാ പദവി. നോമിനേഷൻ വഴി രാജ്യസഭാംഗമായ ഒരാളെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ഭരണഘടനാപരമായ തടസങ്ങൾ ഉണ്ട്. അപ്പോൾ സുരേഷ് ഗോപിക്കും മന്ത്രി പദവിക്ക് സാധ്യതയില്ല. ഇതെല്ലാം അറിഞ്ഞുള്ള മുരളീധര നീക്കമാണ് കുമ്മനത്തിന്റെ പദവി.

സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലെ ചർച്ചയും ഇതിന്റെ ഭാഗം തന്നെയാണ്. മുരളീധരനെ പിടിച്ചുലച്ച സ്മിതാ മേനോൻ വിവാദത്തിനും കുമ്മനത്തിനു ലഭിച്ച പദവിയുമായി ബന്ധവുമുണ്ട്. സ്മിതാ മേനോൻ വിവാദം വി.മുരളീധരനെ പിടിച്ചുലച്ചിട്ടുണ്ട്. പ്രോട്ടോക്കോൾ വിവാദത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വി.മുരളീധരന് ക്ലീൻ ചിറ്റ് നൽകിയെങ്കിലും വിവാദം വേറെ രീതിയിലേക്ക് തിരിയുകയാണ്. സ്മിതാ മേനോന്റെ കാര്യത്തിൽ പ്രോട്ടോക്കോൾ ലംഘനമില്ല. പക്ഷെ മൊറാലിറ്റി കാര്യത്തിൽ ക്ലീൻ ചിറ്റില്ല. അതുകൊണ്ട് തന്നെ പ്രോട്ടോക്കോൾ വിവാദത്തിനു പകരം മൊറാലിറ്റി വിവാദം ഉയർന്നു വന്നിട്ടുണ്ട്. ഈ മൊറാലിറ്റി പ്രശ്‌നം ഉയർന്നത് ഇങ്ങ് കൊച്ചു കേരളത്തിലല്ല. ഡൽഹിയിലെ ബിജെപി വൃത്തങ്ങളിലും ഭരണതലത്തിലുമാണ്. ഒരു യുവതിയോട് തന്നെ വിദേശ യാത്രയിൽ അനുഗമിക്കാൻ കേന്ദ്ര മന്ത്രി നിർദ്ദേശം നൽകി എന്ന കാര്യം തന്നെ ഗുരുതരമായ ധാർമിക പ്രശ്‌നങ്ങൾ ഉയർത്തുന്നതാണ്. ഒരു മന്ത്രി പദവി തെറിക്കാൻ ഈ വിവാദം ധാരാളമാണ്. മോദി പ്രധാനമന്ത്രിയായിരിക്കുമ്പോൾ പ്രത്യേകിച്ചും. ഇതൊന്നും പ്രധാനമന്ത്രി വെച്ചു പൊറുപ്പിക്കുന്ന കാര്യവുമല്ല.

സ്മിതാ മേനോൻ വിവാദത്തിൽ മന്ത്രി മുരളീധരന് തെറ്റ് പറ്റി എന്നാണു ഡൽഹി സംസാരം. വിദേശ യാത്രകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു കോഡ് ഓഫ് കോൺഡക്റ്റ് നിർബന്ധമാണ്. അതിലൊന്ന് ഭാര്യയെയും കുട്ടികളെയും എഴുന്നെള്ളിച്ച് വിവാദയാത്ര നടത്തരുത് എന്നാണ്. സ്വന്തം കുടുംബത്തെ കൂട്ടി സർക്കാർ ഖജനാവ് ധൂർത്തടിച്ച് ദേവഗൗഡ പ്രധാനമന്ത്രിയായ സമയത്ത് നടത്തിയ ഒരു യാത്രയുടെ കഥ ഡൽഹി ഭരണവൃത്തങ്ങളിൽ ഇന്നും ചർച്ചയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ തന്നെയാണ് വിദേശ യാത്രകളിൽ മോദി നിഷ്‌ക്കർഷ വെച്ചു പുലർത്താറുള്ളത്. കുടുംബത്തെ കൂട്ടി വിദേശയാത്ര നടത്താൻ മന്ത്രിമാരെ പ്രധാനമന്ത്രി അനുവദിക്കാറില്ല. ജീൻസ് അണിഞ്ഞു വിദേശ യാത്രയ്ക്ക് ഒരുങ്ങിയ പ്രകാശ് ജാവദേക്കറെ പ്രധാനമന്ത്രി തിരികെ വിളിച്ച് ഔദ്യോഗിക ഡ്രെസ് അണിഞ്ഞു യാത്ര നടത്തിയാൽ മതിയെന്ന് നിർദ്ദേശിച്ചിരുന്നു. മോദി ആദ്യം പ്രധാനമന്ത്രിയായ വേളയിലാണ് ഈ സംഭവം നടക്കുന്നത്. ഇത് മന്ത്രിമാർക്കും സെക്രട്ടറിമാർക്കുമെല്ലാം അറിയാം. സ്ഥിതിഗതികൾ ഇങ്ങനെയായിരിക്കെയാണ് മുരളീധരന്റെ വിദേശയാത്ര വിവാദമാകുന്നത്.

സ്മിതാ മേനോനെ തന്നെ അനുഗമിക്കാൻ മുരളീധരൻ അനുവദിക്കുകയായിരുന്നു. ഒരേ വിമാനത്തിൽ തന്നെ ദുബായ് യാത്രയും. സ്മിതാ മേനോന്റെ യാത്ര സ്വന്തം കയ്യിൽ നിന്നും പണം മുടക്കിയാണ് എന്നാണ് പുറത്ത് വന്ന വിവരം. അതുകൊണ്ട് തന്നെ പ്രോട്ടോക്കോൾ ലംഘനമില്ല. പക്ഷെ ശിവശങ്കർ -സ്വപ്ന സുരേഷ് വിമാനയാത്ര കേരളത്തിൽ വിവാദമായിരിക്കുകയും കേന്ദ്ര ഏജൻസികൾ ഈ യാത്രയുടെ നാരായവേരുകൾ തേടിയുള്ള അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്ത വേളയിലാണ് മുരളീധരന്റെ യാത്രയും വിവാദച്ഛയ പടർന്നു വ്യാപിച്ചത്. ഇതുകൊണ്ട് തന്നെ ഡൽഹി ഭരണവൃത്തങ്ങളിൽ യാത്ര സംസാര വിഷയമാവുകയും മൊറാലിറ്റി പ്രശ്‌നം ഉയർന്നു വരുകയും ചെയ്തു. ഇത് മുരളീധരന് കടുത്ത തിരിച്ചടിയായി. അതുകൊണ്ട് തന്നെയാണ് വരുന്ന മന്ത്രിസഭാ പുനഃസംഘടനയിൽ സ്ഥാനം പോകും എന്ന സംശയം മുരളീധരനും അടുപ്പമുള്ളവർക്കും പ്രബലമാകുന്നത്.

ഈ പ്രശ്‌നം മുൻകൂട്ടി കണ്ടുള്ള ഒരു വെട്ടൽ ആണ് കുമ്മനത്തിന്റെ പദവി എന്നാണ് സൂചനകൾ. ഒരിക്കൽ കൈവന്ന കേന്ദ്രമന്ത്രിസ്ഥാനം കപ്പിനും ചുണ്ടിനും ഇടയിൽ കുമ്മനത്തിനു നഷ്ടമായി. ക്രിമിനൽ കേസിൽ പ്രതിയായതോടെ കേന്ദ്ര സർക്കാർ നൽകിയ ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണ സമിതിയിലെ പദവിയും ഏറ്റെടുക്കാൻ കഴിയാതേയുമായി. ഇനി മന്ത്രി സഭാ പുനഃസംഘടനയിൽ കുമ്മനത്തിനു സാധ്യത കുറവുമാണ്. കുമ്മനത്തിനെ സൈഡ് ലൈൻ ചെയ്തു വീണ്ടും വിഭാഗീയതയുടെ പിടിയിൽ അമരുകയാണ്. ശാക്തിക ചേരിയിൽ വ്യത്യാസമുണ്ടെങ്കിലും വിഭാഗീയത അത് പാർട്ടിയിൽ പിടിമുറുക്കുക തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP