Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ദീദിക്ക് നന്ദിഗ്രാമിൽ തോൽക്കുമെന്ന ഭയം; മറ്റൊരു മണ്ഡലത്തിൽ കൂടി പത്രിക സമർപ്പിക്കാൻ പോകുന്നുവെന്ന് കേട്ടല്ലോ...എന്തെങ്കിലും സത്യമുണ്ടോ ദീദി': മമത ബാനർജിയെ പരിഹസിച്ച് പ്രധാനമന്ത്രി; മറ്റൊരു സീറ്റിൽ കൂടി മമത മത്സരിക്കുന്ന പ്രശ്‌നമില്ലെന്ന് തൃണമൂൽ

'ദീദിക്ക് നന്ദിഗ്രാമിൽ തോൽക്കുമെന്ന ഭയം; മറ്റൊരു മണ്ഡലത്തിൽ കൂടി പത്രിക സമർപ്പിക്കാൻ പോകുന്നുവെന്ന് കേട്ടല്ലോ...എന്തെങ്കിലും സത്യമുണ്ടോ ദീദി': മമത ബാനർജിയെ പരിഹസിച്ച് പ്രധാനമന്ത്രി;  മറ്റൊരു സീറ്റിൽ കൂടി മമത മത്സരിക്കുന്ന പ്രശ്‌നമില്ലെന്ന് തൃണമൂൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പശ്ചിമബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ മുഖ്യമന്ത്രി മമത ബാനർജിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നന്ദിഗ്രാമിൽ തോൽക്കുമെന്ന് മമതയ്ക്ക് ഭയമാണെന്നാണ് മോദി തുറന്നടിച്ചത്. 'ദീദി മറ്റൊരു മണ്ഡലത്തിൽ കൂടി നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ പോകുന്നുവെന്ന് കിംവദന്തി കേട്ടല്ലോ....അതിൽ എന്തെങ്കിലും സത്യമുണ്ടോ? ആദ്യം നിങ്ങൾ നന്ദിഗ്രാമിൽ പോയി...അവിടുത്തെ ജനങ്ങൾ നിങ്ങൾക്ക് ഉത്തരം നൽകി. വേറെ എവിടെ പോയാലും ബംഗാളി ജനത നിങ്ങൾക്ക് ശരിയായ ഉത്തരം നൽകാൻ തയ്യാറായിരിക്കുകയാണ്.' സൗത്ത് 24 പരഗാനാസിലെ ജോയ്‌നഗറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു മോദി.

അതേസമയം, 60 കിലോമീറ്റർ അകലെ നന്ദിഗ്രാമിൽ മമതയ്ക്ക് ഇന്ന് സംഘർഷഭരിതമായ ദിവസമായിരുന്നു. തൃണമൂൽ-ബിജെപി അനുയായികളുടെ ഏറ്റുമുട്ടൽ നിമിത്തം മമതയ്ക്ക് രണ്ടുമണിക്കൂറോളം ഒരുപോളിങ് ബൂത്തിൽ തങ്ങേണ്ടി വന്നു. മമതയുടെ മുൻ വിശ്വസ്ത സുവേന്ദു അധികാരിയാണ് നന്ദിഗ്രാമിൽ അവരുടെ എതിരാളി.

തോൽക്കുമെന്ന ഭയം കാരണമാണ് മമത നന്ദിഗ്രാമിൽ തന്നെ തങ്ങിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊൽക്കത്തയിലെ ഭവാനിപോരിൽ നിന്ന് ദീദി നന്ദിഗ്രാമിലേക്ക് പോയി. അപ്പോഴാണ് അവർക്ക് അബദ്ധം മനസ്സിലായത്. മൂന്നുദിവസം അവിടെ തമ്പടിക്കാൻ നിർബന്ധിതയായി, മോദി പരിഹസിച്ചു.

മമത മറ്റൊരു സീറ്റിൽ നിന്നുകൂടി മത്സരിക്കുന്ന പ്രശ്‌നമില്ലെന്ന് തൃണമൂൽ മറുപടി നൽകി. നന്ദിഗ്രാമിൽ പുഷ്പം പോലെ ജയിക്കും. ബിജെപിക്കെതിരെ ഐക്യപ്പെടാൻ കാട്ടി മമത സോണിയ അടക്കം 10 പ്രതിപക്ഷ നേതാക്കൾക്ക് കത്തയച്ചിനെയും മോദി പരിഹസിച്ചു. പുറത്തുനിന്നുള്ളവരെയെല്ലാം മമത വിളിക്കുകയാണ്...അവരോട് അഭ്യർത്ഥിക്കുകയാണ്. തൃണമൂൽ മുള്ളാണെന്നും ചോരക്കളി ഇനി നടപ്പില്ലെന്നും മോദി പറഞ്ഞു. ബംഗാളിലുടനീളം ബിജെപി തരംഗം വീശുകയാണ്. 294 സീറ്റിൽ 200 ന് മേലേ സീറ്റിൽ പാർട്ടി ജയിക്കും, മോദി അവകാശപ്പെട്ടു.

നേരത്തെ തിരഞ്ഞെടുപ്പിനിടെ ബംഗ്ലാദേശ് സന്ദർശിച്ച പ്രധാനമന്ത്രി പെരുമാറ്റ ചട്ടം ലംഘിച്ചതായി തൃണമൂൽ ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്തു. ബംഗ്ലാദേശിലെ പ്രസിദ്ധ കാളി ക്ഷേത്രത്തിൽ പ്രാർത്ഥിച്ചതും മാട്ടുവ സമുദായക്കാരെ അഭിസംബോധന ചെയ്തതും, ബംഗാളിലെ വോട്ടർമാരെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടാണെന്നായിരുന്നു തൃണമൂലിന്റെ പരാതി. 'ദീദിക്ക് ഞാൻ മാ കാളി ക്ഷേത്രത്തിൽ പ്രാർത്ഥിച്ചത് ഇഷ്ടമായില്ല. ദൈവങ്ങളിലുള്ള ഞങ്ങളുടെ വിശ്വാസം മമതയെ പോലെ സീസൺ നോക്കിയല്ല. ഞങ്ങൾ വിശ്വാസത്തിനും പാരമ്പര്യത്തിലും അഭിമാനം കൊള്ളുന്നു', മോദി പറഞ്ഞു.

രക്ഷയ്ക്കായി ഗവർണറെ വിളിച്ച് മമത

നന്ദിഗ്രാമിലെ പോളിങ് ബൂത്തിൽ ബിജെപി പ്രവർത്തകരുമായി വാക്കേറ്റത്തിനിടെ പെട്ടുപോയ മുഖ്യമന്ത്രി മമത ബാനർജി രക്ഷക്കായി ഗവർണറെ വിളിച്ചു. പരസ്പരം പോർവിളിക്കുന്ന ബിജെപി-തൃണമൂൽ പ്രവർത്തകർക്കിടെ രണ്ടു മണിക്കൂറോളം പെട്ടുപോയ മമത ഗവർണർ ജഗദീപ് ധൻകറെ ബൂത്തിൽനിന്നും ഫോണിൽ വിളിക്കുകയായിരുന്നു.

ക്രമസമാധാനപാലനത്തിന്റെ ചുമതലയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാജയമാണ് സംഘർഷത്തിനു കാരണമായതെന്ന് അവർ ഫോണിൽ ഗവർണറോട് പറഞ്ഞു. ക്രമസമാധാനപാലനം പൂർണമായും തകർന്നിരിക്കുന്നു. എന്തും ഏതുസമയത്തും നടക്കാവുന്ന സ്ഥിതിയാണെന്നും അവർ സൂചിപ്പിച്ചു. കാലിന് പരിക്കേറ്റ് വീൽചയറിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രിയെ കേന്ദ്ര അർദ്ധസൈനിക വിഭാഗമാണ് രക്ഷിച്ചത്.

ഫോണിൽ മമത ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങൾ ബന്ധപ്പെട്ടവർക്ക് കൈമാറിയതായി ഗവർണർ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രാദേശിക ഭരണകൂടത്തിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്. നന്ദിഗ്രാമിലെ വീട്ടിൽ നിന്ന് തെരഞ്ഞെടുപ്പ് നടപടികൾ നിരീക്ഷിച്ചുകൊണ്ടിരുന്ന മമതയെ ഉച്ചയ്ക്ക് ഒന്നോടെ ബിജെപി പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തതായി തൃണമൂൽ പ്രവർത്തകർ അറിയിച്ചു. ഉടൻ തന്നെ മമത അവിടേക്കുപോയി. നന്ദിഗ്രാമിലെ ബോയൽ ബൂത്തിലാണ് പ്രശ്‌നം നടന്നത്.

അവിടെ എത്തിയ മമത തന്റെ പാർട്ടിയിൽ നിന്നുള്ള പോളിങ് ഏജന്റിനെ ബൂത്തിനകത്ത് അനുവദിച്ചിട്ടില്ലെന്ന് പരാതിപ്പെട്ടപ്പോൾ തന്നെ പ്രശ്‌നം ആരംഭിച്ചു. ഗ്രാമവാസികൾ പെട്ടെന്ന് 'ജയ് ശ്രീ റാം' മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. താമസിയാതെ തൃണമൂൽ അനുയായികൾ തടിച്ചുകൂടി. ഇരു പാർട്ടിയുടെ പ്രവർത്തകരും മുദ്രാവാക്യം വിളിച്ച് മുഖാമുഖം നിന്നപ്പോൾ മമത അതിനിടെ പെട്ടുപോയി. ഇസഡ്-പ്ലസ് സുരക്ഷയുള്ള മമതയെ ബൂത്തിലെ ഒരു മുറിയിലേക്ക് ഇതിനകം മാറ്റിയിരുന്നു. മണിക്കൂറുകളോളം മമതയ്ക്ക് അതിനുള്ളിൽ കഴിയേണ്ടിവന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP