Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

താൻ സ്ഥലത്ത് ഉണ്ടായില്ലെന്ന വാദമൊന്നും വിലപ്പോയില്ല; ലഖിംപുർ കൂട്ടക്കൊലയിൽ മന്ത്രി പുത്രൻ ആശിഷ് മിശ്ര അറസ്റ്റിൽ; അറസ്റ്റ് രേഖപ്പെടുത്തിയത് പന്ത്രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം; ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്ന് പൊലീസ്; പൊലീസ് നടപടി കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജിക്കായും മകന്റെ അറസ്റ്റിനായും മുറവിളി രൂക്ഷമായതോടെ

താൻ സ്ഥലത്ത് ഉണ്ടായില്ലെന്ന വാദമൊന്നും വിലപ്പോയില്ല; ലഖിംപുർ കൂട്ടക്കൊലയിൽ മന്ത്രി പുത്രൻ ആശിഷ് മിശ്ര അറസ്റ്റിൽ; അറസ്റ്റ് രേഖപ്പെടുത്തിയത് പന്ത്രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം; ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്ന് പൊലീസ്; പൊലീസ് നടപടി കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജിക്കായും മകന്റെ അറസ്റ്റിനായും മുറവിളി രൂക്ഷമായതോടെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലഖിംപുർ ഖേരിയിൽ കർഷകരെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര അറസ്റ്റിൽ. പന്ത്രണ്ട് മണിക്കൂറിലേറേ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആശിഷ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് യുപി പൊലീസ് അറിയിച്ചു.സംഘർഷസമയത്ത് താൻ സംഭവസ്ഥലത്ത് ഇല്ലായിരുന്നു എന്ന വാദമാണ് ആശിഷ് മിശ്ര ആവർത്തിച്ചത്. എ്ന്നാൽ ഇത് മുഖവിലക്കെടുക്കാൻ പൊലീസ് തയ്യാറായില്ല.

രാവിലെ വളരെ നാടകീയമായാണ് ആശിഷ് മിശ്രയെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചത്. പൊലീസ് വലയത്തിൽ, പിന്നിലൂടെയുള്ള വാതിലിലൂടെയാണ് ആശിഷ് മിശ്രയെ ഓഫീസിനുള്ളിലെത്തിച്ചത്. കൊലപാതകം, കൊല്ലാനുറപ്പിച്ച് വാഹനം ഓടിക്കൽ, ക്രിമിനൽ ഗൂഢാലോചനയടക്കം എട്ട് ഗുരുതര വകുപ്പുകളാണ് ആശിഷ് മിശ്രയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവം നടക്കുമ്പോൾ താൻ സ്ഥലത്തില്ലായിരുന്നെന്ന് തെളിയിക്കാനാകുമെന്നാണ് ആശിഷ് മിശ്ര പറയുന്നത്.

ഒരു ഗുസ്തിമത്സരത്തിന് സംഘാടകനായി പോയിരിക്കുകയായിരുന്നു എന്നാണ് ആശിഷ് മിശ്ര പറയുന്നത്. താൻ ഗുസ്തിമത്സരം നടക്കുന്നിടത്താണെന്ന് തെളിയിക്കുന്ന വീഡിയോ ഉണ്ടെന്നും ആശിഷ് മിശ്ര പറയുന്നു.ആശിഷ് മിശ്രയുടെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ കീഴടങ്ങിയതോടെ അജയ് മിശ്രയുടെ രാജിക്കായി സമ്മർദ്ദം ശക്തമാണ്. അജയ്മിശ്രയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചു. ലഖിംപൂർ ഖേരിയിൽ 12ന് കർഷകസംഘടനകൾ മാർച്ച് നടത്തും.

തല്ക്കാലം അജയ് മിശ്രയുടെ രാജി വേണ്ടെന്ന നിലപാടിൽ ബിജെപി ഉറച്ചു നില്ക്കുകയാണ്. അതേസമയം, ആശിഷിന്റെ പിതാവായ മന്ത്രി അജയ് മിശ്ര രാജിവെക്കാതെ ലഖിംപുർ സംഭവത്തിലെ ഇരകൾക്ക് നീതി ഉറപ്പാകില്ലെന്ന് പ്രിയങ്കാ ഗാന്ധി അഭിപ്രായപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് പ്രതിപക്ഷ പാർട്ടികളും കർക സംഘടനകളും.രാജ്യവ്യാപക മൗനവ്രതവുമായി കോൺഗ്രസ്സ് എത്തുമ്പോൾ രാജ്യത്തുടനീളം തീവണ്ടി തടയലും മഹാപഞ്ചായത്തുമൊക്കെയായാണ് കർഷകസംഘടനകൾ പ്രതിഷേധം കടുപ്പിക്കുന്നത്.

എട്ടു പേർ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങി യുപിയിലെ കർഷകർ. ഒക്ടോബർ 18ന് ട്രെയിനുകൾ തടയുമെന്ന് അറിയിച്ച കർഷക സംഘടനകൾ, 26ന് ലക്‌നൗവിൽ മഹാപഞ്ചായത്ത് സംഘടിപ്പിക്കുമെന്നും പ്രഖ്യാപിച്ചു.

'ഒക്ടോബർ 12ന് രാജ്യത്തുടനീളമുള്ള കർഷകർ ലഖിംപുർ ഖേരിയിൽ എത്തും. ലംഖിപുരിൽ നടന്നത് ജാലിയൻവാല ബാഗിനെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങളാണ്. ഒക്ടോബർ 12ന് രാത്രി 8ന് എല്ലാ പൗരന്മാരും അവരവരുടെ നഗരങ്ങളിൽ മെഴുകുതിരിയുമേന്തി മാർച്ച് നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു. മരിച്ചു പോയ കർഷകരുടെ ചിതാഭസ്മവുമായി കർഷകർ ഒരോ സംസ്ഥാനത്തേക്കും പോയി അവ നിമജ്ജനം ചെയ്യും. ദസറ ദിവസമായ ഒക്ടോബർ 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കോലങ്ങൾ കത്തിക്കും' സ്വരാജ് ഇന്ത്യ മേധാവി യോഗേന്ദ്ര യാദവ് ദേശീയ മാധ്യമത്തെ അറിയിച്ചു.

സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് മൗനവ്രത പ്രക്ഷോഭത്തിന്. ഒക്ടോബർ പതിനൊന്ന് തിങ്കളാഴ്ച രാവിലെ പത്തു മുതൽ ഒരു മണി വരെ എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവനുകൾക്കു മുൻപിലോ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുൻപിലോ കോൺഗ്രസ് പ്രദേശ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് മൗനവ്രത സമരം നടത്തുക. മുതിർന്ന നേതാക്കളും, എംപിമാരും, എം എൽ എമാരും, പാർട്ടി ഭാരവാഹികളും മൗനവ്രതത്തിൽ പങ്കുചേരുമെന്ന് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി അറിയിച്ചു.

സംഭവത്തിൽ യുപി സർക്കാരിനോട് ദേശീയ ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. കേസ് സിബിഐക്കു വിട്ട് പ്രതിഷേധം തണുപ്പിക്കാൻ യുപി സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ സുപ്രീംകോടതി ഇരുപതിന് കേസ് പരിഗണിക്കാനായി മാറ്റിയതിനാൽ ഈ നീക്കം ഉപേക്ഷിച്ചു. ദേശീയ ന്യൂനപക്ഷ കമ്മീഷനും വിഷയത്തിൽ ഒടുവിൽ ഇടപെട്ടു. മൂന്നു ദിവസത്തിനകം റിപ്പോർട്ട് നല്കാൻ ദേശീയ ന്യൂനപക്ഷ കമ്മീഷൻ അദ്ധ്യക്ഷൻ സർദാർ ഇഖ്ബാൽ സിങ് ലാൽപുര ആവശ്യപ്പെട്ടു. സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളവരെ ന്യൂനപക്ഷ കമ്മീഷൻ അദ്ധ്യക്ഷൻ കണ്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP