Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞാനും ദിലീപും ഒരേസമയം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി കയറാൻ ശ്രമം നടത്തിയവർ; സിനിമ എനിക്ക് എന്നും പാഷൻ; ഡാം 999 എടുത്തത് ഇന്ത്യയിൽ നിന്ന് ഒരു ഹോളിവുഡ് ചിത്രം എടുക്കണമെന്ന നിർബന്ധം കൊണ്ട്; ഇന്ത്യൻ സിനിമാ വ്യവസായത്തെ അടിമുടി മാറ്റിയെടുക്കാൻ രണ്ടായിരത്തോളം ശതകോടീശ്വരന്മാരുടെ കൂട്ടായ്മ ഉണ്ടാക്കി; ഈ പ്രോജക്ട് യാഥാർഥ്യമാവുന്നതോടെ നമ്മുടെ ചലച്ചിത്ര വിപണിയുടെ ഗതി മാറും; ഷൂട്ട് അറ്റ് സൈറ്റിൽ മനസ്സുതുറന്ന് സോഹൻ റോയ്

ഞാനും ദിലീപും ഒരേസമയം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി കയറാൻ ശ്രമം നടത്തിയവർ; സിനിമ എനിക്ക് എന്നും പാഷൻ; ഡാം 999 എടുത്തത് ഇന്ത്യയിൽ നിന്ന് ഒരു ഹോളിവുഡ് ചിത്രം എടുക്കണമെന്ന നിർബന്ധം കൊണ്ട്; ഇന്ത്യൻ സിനിമാ വ്യവസായത്തെ അടിമുടി മാറ്റിയെടുക്കാൻ രണ്ടായിരത്തോളം ശതകോടീശ്വരന്മാരുടെ കൂട്ടായ്മ ഉണ്ടാക്കി; ഈ പ്രോജക്ട് യാഥാർഥ്യമാവുന്നതോടെ നമ്മുടെ ചലച്ചിത്ര വിപണിയുടെ ഗതി മാറും; ഷൂട്ട് അറ്റ് സൈറ്റിൽ മനസ്സുതുറന്ന് സോഹൻ റോയ്

ഷാജൻ സ്‌ക്കറിയ

തിരുവനന്തപുരം: ഇന്ത്യൻ സിനിമാ വ്യവസായ രംഗത്ത് ശ്രദ്ധിക്കപ്പെടുന്ന പേരുകാരിൽ ഒരാളാണ് സോഹൻ റോയി എന്ന വ്യവസായ പ്രമുഖൻ. ഹോളിവുഡ് രംഗത്ത് ഇന്ത്യക്കാർ കൂടുതലായി കൈവെക്കണം എന്ന് ആഗ്രഹിക്കുന്ന വ്യക്തി. കേരളത്തിലെ തീയറ്റർ അനുഭവങ്ങൾ തിരുത്തി എഴുതിയ വിധത്തിൽ മികച്ച സൗകര്യങ്ങളോടെ തീയ്യറ്റർ ശൃംഖല പടുത്തിയ വ്യക്തി കൂടിയാണ് സോഹൻ റോയി. തിരുവനന്തപുരത്തെ ഏരീസ് പ്ലസ് തീയറ്റർ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സിനിമാ തീയറ്ററായാണ് അറിയപ്പെടുന്നത്. സിനിമയെ സ്‌നേഹിക്കുന്ന ഈ വ്യവസായിയാണ് മറുനാടൻ മലയാളിയുടെ ഷൂട്ട് അറ്റ് സൈറ്റിൽ അതിഥിയായി എത്തിയത്. അദ്ദേഹവുമായി നടത്തിയ വിശദ അഭിമുഖത്തിലേക്ക്...

  • മലയാളികൾ സോഹൻ റോയിയെ അറിയുന്നത് ഡാം 999 എന്ന സിനിമയിലൂടെയാണ്. പക്ഷേ അതിനുമുമ്പേ കഴിവ് തെളിയിച്ച വ്യക്തയാണ് താങ്കൾ. ആർക്കിടെക്റ്റാണ്, ഷിപ്പ് ഡിസൈനറാണ്, വ്യവസായിയാണ്. താങ്കൾ എങ്ങനെയാണ് ഡാം 999 എന്ന സിനിമയിലേക്ക് വരുന്നത്? താങ്കളുടെ ലക്ഷ്യം സാധിച്ചുവോ?

സിനിമ എന്റെ പാഷനാണ്. എഞ്ചിനീയറിങ്ങ് കഴിഞ്ഞ് സിനിമയിലേക്ക് പോകാൻ ഞാൻ ശ്രമിച്ചെങ്കിലും അന്ന് അത് സാധിച്ചില്ല. ഞാനും ദിലീപും ഒരേസമയം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി കയറാൻ ശ്രമം നടത്തിയ ആളുകളാണ്. പിന്നീട് ഞങ്ങൾ രണ്ടു വഴിക്കുപോയി. ദിലീപ് സിനിമയിൽ തുടർന്നൂ. പിന്നീട് ഞാൻ എന്റെ പ്രൊഫഷനായി ആർക്കിട്ടെക്ച്ചറിലേക്കും ഷിപ്പ് ഡിസൈനിങ്ങിലേക്കും പോയി. ദുബൈ ബേസ്്ഡായിട്ടാണ്, ഞങ്ങൾ ചെയ്യുന്നത്്. ഏതാണ്ട് മുപ്പതു രാജ്യങ്ങളിൽ പ്രവർത്തനം ഉണ്ട്.

ഞങ്ങൾ തുടങ്ങുമ്പോൾ പാശ്ചാത്യർ മാത്രം ആധിപത്യം പുലർത്തിയിരുന്ന മേഖലയായിരുന്നു ഇത്. അവിടെ ഇന്ത്യക്കാർ ജോലിചെയ്യുക മാത്രമായിരുന്നു. പിന്നീട് ഞങ്ങൾ തുടങ്ങിതിനു ശേഷം കാര്യങ്ങൾ മാറി. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പ് ഡിസൈൻ കമ്പനിയായി വരുന്ന വർഷങ്ങളിൽ ഇത് മാറും. കപ്പൽ രൂപകൽപ്പന എന്നത് വളരെ സങ്കീർണ്ണമായ ഒരു പ്രക്രിയയാണ്. ഞങ്ങൾ രൂപകൽപ്പന ചെയ്യും, ഷിപ്പ്യാർഡുകളിൽ ഇത് നിർമ്മിക്കും. ഇതിൽ ഏറ്റവും സങ്കീർണ്ണമായിട്ടുള്ളത് എഞ്ചിനീയറിങ്ങ് തന്നെയാണ്. ജർമ്മൻകാരാണ് ഈ സാങ്കേതികവിദ്യ ഞങ്ങളെ പഠിപ്പിച്ചത്. പക്ഷേ ഇന്ന് ഞങ്ങളുടെ സ്ഥാപനത്തിൽ ജോലിചെയ്യുന്നവർ എല്ലാം ഇന്ത്യക്കാരാണ്. പ്രത്യേകിച്ച് മലയാളികൾ. ഇന്ന് ലോകത്തിലെ തന്നെ മികച്ച ഷിപ്പ് ഡിസൈൻ കമ്പനികളിൽ ഒന്നാണ് ഞങ്ങളുടേത്.

നമ്മൾ പലപ്പോഴും വിചാരിക്കും ഇന്ത്യക്കാർ ഒരിക്കലും ലോകത്ത് നമ്പർ വൺ ആവില്ലെന്ന്. എന്നാൽ അഞ്ചോളം മേഖലകളിൽ ഞങ്ങളുടെ കമ്പനി നമ്പർ വൺ ആണ്. സിനിമയിലും എന്റെ ലക്ഷ്യം നമ്മൾ നമ്പർ ടു ആകരുതെന്നാണ്. നമുക്ക് ഇത്രയും ടാലൻസ് ഉണ്ട്. അത് ഉപയോഗിച്ച് നമുക്ക് എന്തുകൊണ്ട് ബ്രേക്ക് ചെയ്തുകൂടാ. ലോകത്തിൽ ഏറ്റവും കൂടുതൽ സിനിമ കാണുന്നത് ഇന്ത്യക്കാരാണ്. ഏറ്റവും കൂടുതൽ ചിത്രങ്ങൾ നിർമ്മിക്കുന്നത് ഇന്ത്യയിലാണ്. ഇന്ന് അതെല്ലാം കുറഞ്ഞു വരികയാണ്. സിനിമയെന്ന വ്യവസായത്തിൽ ഒന്നുമല്ലാതിരുന്ന ചൈന ഭയങ്കരമായി പുരോഗമിച്ചിരിക്കയാണ്. പക്ഷേ നമുക്ക് സിനിമതന്നെ വിദേശനാണ്യം കൊണ്ടുത്തരുന്ന വലിയ വസ്തുവായി ഉപയോഗപ്പെടുത്താൻ സാധിക്കും.

അമീർഖാനാണ് അത് കാണിച്ചുതന്നത്. നടൻ അമീർഖാൻ ഇന്ന് ചൈനീസ് പ്രധാനമന്ത്രിയേക്കാൾ ആ രാജ്യത്ത് പ്രശസ്തനാണ്. മൂന്നു ചിത്രങ്ങളിലൂടെ അദ്ദേഹം അത്രയും പ്രശസ്തനായി. ഇന്ന് അമീർഖാന്റെ ചിത്രം കാണിച്ചാൽപോലും ആ സിനിമ ആയിരം കോടി നേടുമെന്ന അവസ്ഥ വന്നിരിക്കുന്നു. ഈയിടെ ഇറങ്ങിയ ഒരു സിനിമയിൽ പ്രധാനവേഷത്തിൽ അമീർഖാനില്ല. പക്ഷേ അദ്ദേഹത്തിന്റെ മുഖം ഉപയോഗിച്ച് മാർക്കറ്റ് ചെയ്തതോടെ ചിത്രം ആയിരം കോടിയിലേറെ കളക്റ്റ് ചെയ്തു. അതുപോലെ സിനിമയെ നമുക്ക് ബ്രാൻഡ് ചെയ്യാൻ കഴിയണം. അതിനാണ് ഞങ്ങൾ ശ്രമിക്കുന്നത്. മാത്രമല്ല സിനിമയെന്ന ഒരു മാധ്യമത്തിന് മാത്രമാണ് ഇന്ത്യയെ ഒരുപോലെ ഒന്നിപ്പിക്കാൻ കഴിയുക. ഒരു തിയേറ്ററിൽ അടുത്തിരിക്കുന്ന വ്യക്തിയുടെ മതമോ രാഷ്ട്രീയമോ ഒന്നും നാം നോക്കാറില്ല.

ഇന്ത്യയിലെ വിവിധ ബില്ല്യനേഴ്‌സിന്റെ കൂട്ടായ്മയുണ്ടാക്കി അവരെ സിനിമയിലേക്ക് നിക്ഷേപിപ്പിക്കാനുള്ള നീക്കമാണ് ഞങ്ങൾ നടത്തുന്നത്.
ഇന്ത്യയിൽ ഇന്ന് ഒരു ലക്ഷത്തോളം ബില്ല്യനേഴ്‌സ് ഉണ്ട്. അതായത് നൂറുകോടിക്ക് മുകളിൽ ആസ്തിയുള്ളവർ. ഇവർക്കാണ് ശരിക്കും ഇന്ത്യയെ മാറ്റി മറിക്കാനുള്ള കഴിവുള്ളത്. നമ്മൾ എപ്പോഴും വിചാരിക്കുക ഗവൺമെന്റ് മാറ്റിമറിക്കും എന്നതാണ്. ഇൻഡസ്ട്രിയുണ്ടാക്കുന്നതും ഒരു രാജ്യത്തെ മുന്നോട്ട് നയിക്കുന്നതും, ബിസിനസ് കമ്യൂണിറ്റിയാണ്. ചൈനയിൽ ഇത് ഗവൺമെന്റ് നിയന്ത്രണത്തിൽ ആയതുകൊണ്ടാണ് ചൈന ഇന്ന് ലോകം കീഴടക്കുന്നത്. ഇവിടെ ഈ വലിയ മാറ്റം വരുത്തേണ്ടത് ഈ ഒരുലക്ഷം പേരാണ്. പക്ഷേ അവർക്ക് അവർ ആരൊക്കെയാണെന്ന് അറിയില്ല. അവരെ ഒന്നിപ്പിക്കാൻ ആരുമില്ല. സിനിമയുപയോഗിച്ച് ഞങ്ങൾ ഇവരെയെല്ലാം ഒന്നിച്ച് കൊണ്ടുവരുന്നു പ്രോജക്ട്ാണ് ഇപ്പോൾ ഇൻഡിവുട്ട് എന്നപേരിൽ ഇപ്പോൾ ഞങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്.

  • ഇത് എങ്ങനെയാണ് സാധ്യമാക്കുന്നത്?

ഈ പ്രോജക്ട് തുടങ്ങിയപ്പോൾ തന്നെ ഞങ്ങൾ ലക്ഷ്യമിട്ടത് വൺ ഡോളർ ഇസ് ഈക്വൽ ടു വൺ റുപ്പി എന്ന പഴയ തത്വമാണ്. 1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ ഒരു ഡോളർ ഒരു രൂപക്ക് തുല്യമായിരുന്നു. പക്ഷേ അത് പിന്നീട് കൂടിക്കൂടി ഈ നിലയിലായി. ഇതിനെ തിരിച്ച് കൊണ്ടുപോവുകയാണെങ്കിൽ നമ്മുടെ സാമ്പത്തിക രംഗത്തേക്ക് വലിയതോതിൽ നിക്ഷേപം വേണം. കയറ്റുമതി കൂട്ടണം ഇറക്കുമതി കുറക്കണം. ഇതിനാണ് നേരത്തെ പറഞ്ഞ ഒരു ലക്ഷം ബില്യണേഴ്‌സ് വിചാരിക്കേണ്ടത്.

ഇന്ന് ഒരു സിനിമയെടുക്കുമ്പോൾ സാങ്കേതികവിദ്യയടക്കമുള്ള എല്ലാ കാര്യത്തിലും നമ്മൾ വിദേശികളെയാണ് ആശ്രയിക്കുന്നത്. പണം കൊടുത്ത് നാം ക്യാമറ വാങ്ങുന്നു, പ്രൊജക്ടർ വാങ്ങുന്നു അങ്ങനെയെല്ലാം. പക്ഷേ 2022 ഓടുകൂടി ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിൽ ഈ ടെക്ക്‌നോളജി മൊത്തം നമ്മുടേതാക്കി മാറ്റണം. ഈ മാറ്റം ചൈനയിൽ നടന്നു കഴിഞ്ഞതാണ്. അതിനുവേണ്ടി ഞങ്ങൾ ആദ്യം ചെയ്തത് സിനിമയിൽ താൽപ്പര്യമുള്ള 2000 ത്തോളം ബില്ല്യനേഴ്‌സിനെ തിരിച്ചറിയുന്നു, ഇവരെ കോർത്തിണക്കുന്നു.ഞങ്ങൾ തിരുവനന്തപുരത്ത് എരീസ് പ്ലക്‌സ് എന്ന തീയേറ്റർ ചെയ്തു. ഇത് സിനിമാ ഇൻഡസ്ട്രിയിലേക്കുള്ള ഞങ്ങളുടെ ആദ്യത്തെ കോൺട്രിബ്യൂഷനാണ്. ഒരു സിനിമ നിർമ്മിച്ചു കഴിഞ്ഞാൽ ഏറ്റവും മികച്ച സൗകര്യത്തോടെ ചിത്രം കാണാനുള്ള സൗകര്യം ഒരുക്കുക. അപ്പോൾ ഫിലിം മേക്കേഴ്‌സ് നല്ല നല്ല സിനിമകൾ ഉണ്ടാക്കാൻ തുടങ്ങും. അതിനുവേണ്ട നല്ല സ്റ്റുഡിയോകളും ഉണ്ടാക്കണം. അതിനുവേണ്ടി ഞങ്ങൾ ഏറ്റവും മികച്ച ആനിമേഷൻ സ്റ്റുഡിയോ, ഏറ്റവും മികച്ച പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റുഡിയോ, എറ്റവും മികച്ച തിയേറ്റർ, ഇതൊക്കെ ഞങ്ങൾ വിഭാവനം ചെയ്യുന്നത്.

  • കേരളത്തിൽ ഏരീസ് പ്ലക്‌സ് അല്ലാതെ മറ്റു സംരംഭങ്ങൾ

ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച സ്റ്റുഡിയോകളിൽ ഒന്നാണ് ഞങ്ങൾ ടെക്‌നോ പാർക്കിൽ ഒരുക്കിയിരിക്കുന്നത്. ഇന്ന് അവിടെ ഇന്റർ നാഷണൽ പ്രൊജക്ടുകളാണ് ചെയ്യുന്നത്. അതായത് തിരുവനന്തപുരത്തുള്ള ടാലൻസിനെ ഉപയോഗിച്ച് വിദേശനാണ്യം കൊണ്ടുവരികയാണ്.

  • മറ്റ് എന്തൊക്കെയാണ് ചെയ്യുന്നത്?

ഇന്ന് സിനിമാ മേഖലയിലുള്ള മേക്കിങ്ങ് ആവട്ടെ, പ്രൊഡക്ഷൻ ആവട്ടെ, എല്ലാം പൂർണ്ണമായും മാറ്റാനും ആധുനികവത്ക്കരിക്കാനുമാണ് ശ്രമിക്കുന്നത്. ഇത് വിജയിക്കണമെങ്കിൽ പണം വേണം, ടെക്ക്‌നോളജി വേണം, ഇൻഡസ്ട്രിയുടെ പൂർണ്ണ പിന്തുണയും വേണം. ഏറ്റവും മികച്ച ടാലൻസും വേണം. അതിനുള്ള ശ്രമമാണ് ഞങ്ങൾ നടത്തുന്നത്. ഞങ്ങളുമായി സഹകരിക്കുന്ന എല്ലാ വ്യവസായ പ്രമുഖരെകൊണ്ടും ഞങ്ങൾ തിരുവനന്തപുരത്ത് ചെയ്തപോലെ അവരുടെ ഹോം ടൗണിൽ, തീയേറ്റുകൾ തുടങ്ങിക്കും. അതുപോലുള്ള മറ്റ് സൗകര്യങ്ങളും. എല്ലാ വർഷവും നമ്മൾ ഒരു കാർണിവൽ നടത്തി ഈ ബില്ല്യനേഴ്‌സിനെയെല്ലാം ഒരുമിച്ച് കൊണ്ടുവരുന്നു. പിന്നീട് സ്ഥിരമായി യോഗങ്ങൾ നടത്തി കാര്യങ്ങൾ തീരുമാനിക്കും. കേരളാ ചാപ്റ്റർ ഓപ്പണായി, ദുബൈ ചാപ്റ്റായി, ഇപ്പോൾ ബാംഗ്ലുർ ചാപ്റ്റർ ഓപ്പൺ ആവുകയാണ്.

  • ഇതുകൊണ്ട് നിലവിൽ എന്തെങ്കിലും മെച്ചം ഉണ്ടായിട്ടുണ്ടോ?

കഴിഞ്ഞ നാലുവർഷം കൊണ്ട്, നമ്മുടെ റവന്യൂവിന്റെ വളർച്ച 600 ശതമാനമാണ്. ചൈനീസ് മാർക്കറ്റ് ഓപ്പണായി, റഷ്യ മാർക്കറ്റും അങ്ങനെതന്നെ.

  • ചൈനീസ് മാർക്കറ്റ് ഓപ്പണാവുന്നതിൽ താങ്കൾ എന്ത് റോളാണ് വഹിച്ചത്.

എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് മിസ്റ്റർ കെ.യു.പട്ടേൽ എന്ന് പറയുന്നത്. ഈ പട്ടേലാണ് യഥാർഥത്തിൽ ഇന്ത്യൻ സിനിമകൾക്ക് ചൈനീസ് മാർക്കറ്റ് ഓപ്പണാക്കിയത്. അമീർഖാൻ പ്രൊഡക്ഷൻസിന്റെ തലച്ചോറാണ് അദ്ദേഹം. ആർക്കും അറിയാത്ത കാര്യം അദ്ദേഹം തിരുവനന്തപുരത്ത് തന്നെ ഉണ്ട് എന്നതാണ്. നെടുമങ്ങാടാണ് പതിനഞ്ചു ദിവസം. അദ്ദേഹം ഒരു ഗുജറാത്തിയാണ്. അമേരിക്കൻ പൗരനാണ്. അമേരിക്കയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിതരണക്കമ്പനിയുടെ തലവനുമാണ് അദ്ദേഹം. പക്ഷേ അദ്ദേഹത്തെ കാണാൻ എല്ലാ സിനിമാക്കാരും ഇവിടെയാണ് വരുന്നത്. അദ്ദേഹം ഒരു വലിയ ആയുർവേദ പ്രിയനാണ്. വലിയ ആയുർവേദ റിസോർട്ടുപോലുള്ള നെടുമങ്ങാട്ടെ ആ സ്ഥലം അദ്ദേഹത്തിന്റെ വിശ്രമ കേന്ദ്രമാണ്.

ഈ ബില്ല്യനേഴ്‌സിന്റെ ഒരു വലിയ ഗ്രൂപ്പുണ്ട്. ഇവർ ലോകത്ത് ശുദ്ധവായു, ശുദ്ധജലം, റേഡിയേഷൻ ഇല്ലാത്ത ഇടം, ഇതുപോലുള്ള സ്ഥലം അന്വേഷിച്ചു നടന്ന് അവസാനമാണ് നെടുമങ്ങാട്ട് എത്തുന്നത്. ഞാനും അദ്ദേഹത്തെ ഇവിടെ വച്ചാണ് കാണാറുള്ളത്. ഇന്ന് ഇന്ത്യയിലുള്ള ഒരു വ്യക്തിയെ സിനിമയുമായി ബന്ധപ്പെട്ട് ആദരിക്കണമെങ്കിൽ അത് അദ്ദേഹത്തെയാണ്. പക്ഷേ അദ്ദേഹം ഒരിക്കലും ലൈം ലൈറ്റിലേക്ക് വരാറില്ല. എല്ലാം തിരശ്ശീലക്ക് പിന്നിൽ നിന്നുകൊണ്ട് ചെയ്യുന്നതാണ്.

  • അദ്ദേഹം ഈ പ്രോജക്റ്റിന്റെ ഭാഗമാണോ?

അദ്ദേഹം യഥാർഥത്തിൽ എന്നെ വിളിച്ചുവരുത്തുകയായിരുന്നു. ഞാൻ ഈ പ്രോജക്റ്റ് പ്രഖ്യാപിച്ചപ്പോൾ ഇതിന്റെ കൺസെപറ്റ് കേട്ട് അദ്ദേഹം എന്നെ വിളിക്കുകയായിരുന്നു. എനിക്ക് ഒരുപാട് ധാർമ്മിക പിന്തുണ തരുന്നവർ സിനിമയിലുണ്ട്. രാമോജി റാവുവിനെപ്പോലുള്ളവർ സ്റ്റുഡിയോ തന്നെ വിട്ടുതന്നു. ഹൈദരബാദ് ഫിലിം സിറ്റിയിലാണ് ഞങ്ങൾ ആദ്യത്തെ രണ്ടുവർഷവും ചെയ്തത്. പിന്നീട് ഫിലിം സിറ്റിയിലേക്ക് പൊതുജനങ്ങൾക്ക് വരാനുള്ള ബുദ്ധിമുട്ട് ഉള്ളതുകൊണ്ട്, ഇത്തവണ ഞങ്ങൾ നഗരത്തിൽ കാർണിവൽ നടത്തിയത്. ഈ പ്രോജക്റ്റിന്റെ ഗ്രൗണ്ട് വർക്കിനുവേണ്ടി മാത്രം മൂന്നര വർഷം എടുത്തു. ഈ നൂറുവർഷം പിന്നിട്ട ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തെ സ്ട്രക്ച്ചർ ചെയ്തുകൊണ്ടുവരുന്നത് ഇത് ആദ്യമാണ്. ഈ പദ്ധതി പൂർണമായും നടപ്പാകാൻ അഞ്ചുവർഷം എടുക്കും. പക്ഷേ ഏഴുവർഷത്തിനുള്ളിൽ പൂർത്തിയായാൽ തന്നെ അതൊരു വിപ്ലവമാണ്.

  • ഈ പ്രോജക്റ്റ് പൂർത്തിയാവുമ്പോൾ എന്തൊക്കെ സംഭവിക്കും?

ഇത് പൂർത്തിയാവുന്നതോടെ ഇന്ത്യൻ സിനിമാ വ്യവസായത്തിന്റെ വരുമാനം പത്തിരട്ടിയായിരിക്കും. ഇപ്പോൾ രണ്ട് ബില്യൻ ഡോളറാണ് നമ്മുടെ വരുമാനം. നമ്മൾ സിനിമ കയറ്റുമതിചെയ്യും. അതിന്റെ ആദ്യപടിയാണ് നല്ല തിയേറ്റുകൾ. ഒരു ഉദാഹരണം പറഞ്ഞാൽ, തിരുവനന്തപുരത്ത് ഞങ്ങൾ ഏരീസ് പ്ലക്‌സ് തുടങ്ങുമ്പോൾ ആ തിയേറ്ററിന്റെ അവസ്ഥ നിങ്ങൾക്ക് അറിയാമായിരുന്നില്ലേ. ഇന്ന് തിരുവനന്തപുരത്തിന്റെ കണ്ണാണ് അത്. അതിനുശേഷം എത്രയോ മൾട്ടിപ്ലക്‌സുളാണ് വന്നത്. ബാഹുബലിയുടെ ഒരേ ഒരു 4കെ പ്രിന്റ് ഈ തീയേറ്ററിൽനിന്ന് മാത്രം നേടിയത് മൂന്നുകോടി രൂപയാണ്. അതോടുകൂടിയാണ് 4കെ റവല്യൂഷൻ ഇന്ത്യയിൽ വരുന്നത്. പക്ഷേ ഞങ്ങളുടെ ലക്ഷ്യം 4കെയുമല്ല, അടുത്ത 8കെയിലേക്കുള്ള വിഷനാണ് നമ്മൾ കൊടുക്കുന്നത്. പുതിയ ടെക്ക്‌നോളജി വരുന്നതോടെ തിയേറ്ററുകളിലേക്ക് ആളുകൾ ഇരച്ചെത്തും.

  • ഡാം 999 ലേക്ക് വന്നാൽ?

ഒരു സിനിമചെയ്യാനുള്ള പാഷൻ തന്നെയാണ് ഇതിന്റെ പുറകിൽ. ഇവിടെ ഒരു സാധാരണ സിനിമചെയ്യാൻ നൂറുകണക്കിന് കഴിവുള്ളവർ ഉണ്ട്. അതിന് ഒരു സോഹൻ റോയിയുടെ ആവശ്യമില്ല. സത്യജിത്ത് റേയുടെ ഒരു സ്വപനം ഉണ്ടായിരുന്നു. ഇന്ത്യയിൽ നിന്ന് ഹോളിവുഡ്ഡ് സിനിമ ചെയ്യാൻ. അദ്ദേഹം അതിന് 12 വർഷം പരിശ്രമിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തിന് അത് പൂർത്തീകരിക്കാനായില്ല. അതാണ് പിന്നീട് സിപിൽബർഗിന്റെ ആയി മാറി കൊളമ്പിയ പിക്‌ച്ചേഴ്‌സ് ഇറക്കുന്നത്.

അതുപോലെ ഒരു പടം എടുക്കാനാണ് ഞാനും ശ്രമിച്ചത്. എക്സാറ്റ് ഹോളിവുഡ്ഡ് ഫോർമാറ്റിൽ. ക്വാളിറ്റി വലിയൊരു ഘടകമാണ്. അന്നത്തെ 10 മില്യൺ ഡോളറാണ് ഈ പടത്തിനായി മുടക്കിയത്. അതിൽ 22 കോടി 66 ലക്ഷം രൂപയുടെ നഷ്ടമുണ്ട്. പക്ഷേ ഞാൻ അതിനെ ഒരു നഷ്ടമായിട്ട് കാണുന്നില്ല. ആ ചിത്രം ഉണ്ടാക്കേണ്ട ചലനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. മുല്ലപ്പെരിയാർ പ്രശ്‌നത്തെ ഇളക്കിയത് അതിന്റെ ദൃശ്യങ്ങളിലൂടെയാണ്. ഒരു ദിവസം അമ്പതിനായിരം തൊട്ട് ഒരുലക്ഷത്തോളം ആളുകൾ ആരും പറയാതെ, സ്വമേധയാ എത്തി മുല്ലപ്പെരിയാർ സമരത്തോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുകയുണ്ടായി. നൂറുകണക്കിന് മാധ്യമങ്ങൾ അവിടെയെത്തി സമരം റിപ്പോർട്ട് ചെയ്തു. നിരവധി ഫിലിം ഫെസ്റ്റിവലുകളിലേക്ക് പോയി. അന്ന് അത് ദേശീയതലത്തിൽ നിരോധിക്കാൻ തമിഴ്‌നാട് ശ്രമിച്ചിരുന്നു. അത് നടക്കാഞ്ഞതോടെ അസോസിയേഷനുകൾ വഴി ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. ഇതിന്റെ എല്ലാ ഫലമായാണ് റവന്യൂ പോയത്. ഒറ്റ ദിവസം ഇന്ത്യയിൽ 800 സ്‌ക്രീനുകളിൽ റിലീസ് ചെയ്യാനുള്ള മെഗാ പ്രോജക്റ്റായിരുന്നു അത്. ബാഹുബലി പോലും ഇന്ന് നാലുഭാഷകളിൽ റിലീസ് ചെയ്യാൻ പോവുമ്പോൾ ആ കാലഘട്ടത്തിൽ അഞ്ച് ഭാഷയിൽ സിനിമ ചെയ്യാനുള്ള വലിയ പ്ലാൻ ആയിരുന്നു. എല്ലാ ഭാഷകളിലും ഒരേ സമയം റിലീസ് ചെയ്യാൻ തീരുമാനിച്ച് എല്ലാം റെഡിയായപ്പോഴാണ് തമിഴ്‌നാടിന്റെ വിലക്ക് വരുന്നത്.

പക്ഷേ എനിക്ക് ഏറ്റവും വിഷമം വന്നത് ഇത് തിയേറ്റിൽ വന്നപ്പോൾ, ഒരെണ്ണത്തിൽപോലും, പെർഫക്റ്റായി ചിത്രം കാണിക്കാനുള്ള സംവിധാനമില്ല. ത്രീഡി ചിത്രം ആദ്യ ദിവസം തന്നെ ഞങ്ങൾ തിയേറ്റിൽനിന്ന് മാറ്റി. അത്രയും മോശമായിരുന്നു പ്രൊജക്ഷൻ. ശബ്ദത്തിന്റെ കാര്യവും പറയേണ്ട. അന്ന് ഞാൻ തീരുമാനിച്ചു. ഇനി ഒരു ചിത്രം ചെയ്യുന്നുണ്ടെങ്കിൽ അന്ന് ഈ സമ്പ്രദായം മാറണം. അങ്ങനെയാണ് ഇന്ത്യൻ സിനിമയെ പരിഷ്‌ക്കരിക്കാനുള്ള നീക്കത്തിലേക്ക് തിരിയുന്നത്. വിവിധ ഫിലിംഫെസ്റ്റിവൽ വേദികളിലടക്കം ഞാൻ ചർച്ചയിൽ പങ്കെടുത്തിരുന്നു. ഫിലിം ഫെഡറേഷന്റെയും ചേംബറിന്റെയുമൊക്കെ വിവിധ ചർച്ചകളിൽ പങ്കെടുത്തു. പക്ഷേ അവരെക്കൊണ്ടൊന്നും ഒന്നും ചെയ്യാൻ കഴിയില്ലെന്ന് മനസ്സിലായി. അങ്ങനെയാണ് സ്വയം മുന്നോട്ടറിങ്ങി ഈ പ്രോജക്ട് ഡിസൈൻ ചെയ്തത്.

  • ഇനി ഉടനെ സിനിമ ചെയ്യുന്നുണ്ടോ?

അതെ. ഇപ്പോൾ 2000ത്തോളം ബില്യനേഴ്‌സിന്റെ ഒരു കൺസോർഷ്യം ആണ് നാം രൂപവത്ക്കരിച്ചിരിക്കുന്നത്. ആദ്യ പടിയായി ഇവരെയൊക്കെ സിനിമ പഠിപ്പിക്കണം. ആദ്യം അവരോട് പറഞ്ഞത് ഒരു ചാരിറ്റി മൂവി ചെയ്യാനാണ്. ഇവരെല്ലാം എല്ലാ വർഷവും കോടികൾ ചാരിറ്റിക്ക് കൊടുക്കുന്നവരാണ്. ഈ ഫണ്ടുപയോഗിച്ച് സാമൂഹിക പ്രസക്തമായ ഒരു ചിത്രം എടുക്കുക. അത് കാണിച്ചിട്ട് കിട്ടുന്ന കളക്ഷൻ ചാരിറ്റിക്കു വേണ്ടി കൊടുക്കുക. ഇതിന്റെ ഏറ്റവും വലിയ ഗുണം നമുക്ക് സാമൂഹിക പ്രസക്തമായ ഒരു വിഷയം, കൊമമേർഷ്യൽ കോമ്പ്രമൈസുകൾ ഇല്ലാതെ എടുക്കാൻ കഴിയും എന്നതാണ്. പിന്നെ മികച്ച നടീ നടന്മാരെ പരിചയപ്പെടുത്താനും കഴിയും. ഇപ്പോൾ ആയുർവേദം സംബന്ധിച്ച് ഒരു ചിത്രം എടുത്തുകഴിഞ്ഞു. ഇതുപോലെ നൂറുകണക്കിന് ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഈ ചാരിറ്റി സിനിമ ആദ്യഘട്ടമാണ്. പിന്നെയാണ് ഇവർ മൾട്ടിപ്ലക്‌സ് ചെയ്യുന്നത്. നമ്മുടെ തിയേറ്റർ നെറ്റ്‌വർക്കും ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്കും ശരിയായി കഴിഞ്ഞാൽ ഇവർക്ക് വലിയ പ്രോജക്റ്റുകൾ ധൈര്യപൂർവം ഏറ്റെടുക്കാൻ കഴിയും.

  • സിനിമക്കപ്പുറം അടിസ്ഥാനമായ താങ്കൾ ഒരു ആർക്കിടെക്റ്റ് ആണെല്ലോ? ബിസിനസിനെ കുറിച്ച് ഒന്ന് പറയാമോ?

ഏരീസ് ഗ്രൂപ്പ് എന്നുള്ളതാണ് ഞങ്ങളുടെ സ്ഥാപനം. ഇപ്പോൾ അമ്പതോളം കമ്പനികൾ ഞങ്ങളുടെ കീഴിലുണ്ട്. അതിൽ ഏറ്റവും പ്രധാനം നേവൽ ആർക്കിടെക്ച്ചർ തന്നെയാണ്. പിന്നെ ഇന്റീരിയർ ഡിസൈൻസ് ചെയ്യുന്നുണ്ട്, മറൈൻ ചാനലുണ്ട്, അങ്ങനെയുള്ള ഒരു പാട് ജോലികൾ ചെയ്യുന്നുണ്ട്. 15 രാജ്യങ്ങളിൽ ഓഫീസുകൾ ഉണ്ട്. ലാഭത്തിന്റെ അമ്പതുശതമാനം ജീവനക്കാർക്ക് നൽകണമെന്നത് ഞങ്ങളുടെ ഒരു മാനേജ്‌മെന്റ് പോളിസിയാണ്. അതുകൊണ്ടുതന്നെ ഏറ്റവും ആത്മാർഥതയുള്ള ജീവനക്കാരെ ഈ സ്ഥാപനത്തിലാണ് നിങ്ങൾക്ക് കാണാൻ കഴിയുക. അതാണ് ഏരീസിന്റെ വിജയം. 1500 ഓളം സ്ഥിരം ജീവനക്കാർ ഉണ്ട്. പിന്നെ പ്രോജക്റ്റുകൾക്ക് അനുസരിച്ച് വരുന്ന താൽക്കാലിക്കാർ വേറെയും. പേരന്റ് പെൻഷൻ എന്ന പദ്ധതി ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. അതായത് ജീവനക്കാരുടെ മാതാപിതാക്കൾക്ക് പെൻഷൻ നൽകുക. കാരണം അവരും ഈ സ്ഥാപനത്തിന്റെ ഭാഗമാണ്. അവരുയെല്ലാം പ്രാർത്ഥനയായിരിക്കാം ഞങ്ങളുടെ ഉയർച്ച.

  •  പ്രധാനപ്പെട്ട സമാകലീന വിഷയങ്ങളിലെല്ലാം താങ്കളുടെ നല്ല കവിതകൾ ഫേസ്‌ബുക്കിലും വാട്‌സാപ്പിലുമൊക്കെയായി പ്രചരിക്കുന്നുണ്ടല്ലോ?ഒരു കവികൂടിയാണോ താങ്കൾ. അതിന്റെ പശ്ചാത്തലവും ഒന്ന് വിശദീകരിക്കാമോ?

സ്‌കൂൾ തലത്തിൽ ഞാൻ കവിതാ രചനാ മൽസരത്തിലൊക്കെ പങ്കെടുക്കാറുണ്ടായിരുന്നു. കോളജ് തലത്തിൽ വന്നതോടെ ഭയങ്കര അപകർഷതാ ബോധത്തിന്റെ പേരിൽ ഞാൻ അത് നിർത്തി. പാടാനുള്ള കഴിവില്ലാത്തതുകൊണ്ട് കവിയരങ്ങിൽ ഞാൻ പരാജയം ആയിരുന്നു. അങ്ങനെ ഞാൻ കവിതയിൽനിന്ന് പതുക്കെ മാറി. പിന്നീട് മ്യൂസിക്ക് ആൽബത്തിലേക്ക് വരുമ്പോൾ, എഴുതിയാൽ മതി പാടാൻ മറ്റുള്ളവർ ഉണ്ട് എന്ന് വ്യകതമായി. പിന്നീട് ഈയിടെ ഹർത്താലിനെ കുറിച്ച് ഒരു നാലുവരി കവിത എഴുതയിതിന് വലിയ അഭിനന്ദനം നവമാധ്യമങ്ങളിലൂടെ കിട്ടി. ഈ പ്രോൽസാഹനത്തിലാണ് വീണ്ടും എഴുതിത്ത്ത്ത്ത്തുടങ്ങിയത്. പിന്നീട് ഈ കവിത കേട്ട് അഭിനന്ദിച്ച ബിജുരാമനെന്ന സംഗീത സംവിധായകൻ എന്റെ ശബ്ദമായി മാറി. നാലുവരിയിൽ അന്ന് നടക്കുന്ന സംഭവങ്ങൾ എഴുതുന്ന രീതിയാണ് ഞങ്ങൾ സ്വീകരിക്കുന്നത്. ഇടക്ക് വലിയ കവിതകളും വരും. നവമാധ്യമങ്ങൾ വഴിയാണ് കവിത പ്രചരിക്കുന്നത്. അതിനിപ്പോൾ വലിയ അംഗീകരമാണ് കിട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP