Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിനിമയിൽ എത്തിച്ചത് എം ജി രാധാകൃഷ്ണന്റെയും വേണു നാഗവള്ളിയുമായുള്ള ബന്ധം; ഫാൻസുകാരെ പോലെ മോഹൻലാൽ- മമ്മൂട്ടി മത്സരമൊന്നും സിനിമയിൽ ഇല്ല; ഷൂട്ടിങ് സൈറ്റുകളിൽ ലാലേട്ടൻ മമ്മൂക്കയുമായി വീഡിയോ കോളിൽ സംസാരിക്കാറുണ്ട്; സ്പിരിറ്റും നാലു പെണ്ണുങ്ങളും തലവര മാറ്റി; സിനിമാ വിശേഷങ്ങൾ പങ്കുവെച്ച് നന്ദു

സിനിമയിൽ എത്തിച്ചത് എം ജി രാധാകൃഷ്ണന്റെയും വേണു നാഗവള്ളിയുമായുള്ള ബന്ധം; ഫാൻസുകാരെ പോലെ മോഹൻലാൽ- മമ്മൂട്ടി മത്സരമൊന്നും സിനിമയിൽ ഇല്ല; ഷൂട്ടിങ് സൈറ്റുകളിൽ ലാലേട്ടൻ മമ്മൂക്കയുമായി വീഡിയോ കോളിൽ സംസാരിക്കാറുണ്ട്; സ്പിരിറ്റും നാലു പെണ്ണുങ്ങളും തലവര മാറ്റി; സിനിമാ വിശേഷങ്ങൾ പങ്കുവെച്ച് നന്ദു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് നന്ദു എന്ന നന്ദലാൽ കൃഷ്ണമൂർത്തി. സർവകലാശാല എന്ന വേണു നാഗവള്ളി ചിത്രത്തിലൂടെ കടന്നുവന്ന് ഏറെക്കാലം മലയാളികളെ ചിരിപ്പിച്ചു അഭിനയ ജീവിതം തുടങ്ങിയ നടൻ. നാല് സുന്ദരികൾ, സ്പിരിറ്റ്, ഡ്രൈവിങ് ലൈസൻസ്, ലൂസിഫർ, അതിരൻ, മരക്കാർ തുടങ്ങി അടുത്ത കാലത്തിറങ്ങിയ നിരവധി സിനിമകളിലൂടെ അദ്ദേഹത്തെ തേടി കുടൂതൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളെത്തി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ അഭിഭാജ്യഘടകമായി നിൽക്കുകയാണ് നന്ദു എന്ന നടൻ.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിലെ ടേബിൾ ടെന്നീസ് പരിശീലകനായ കൃഷ്ണമൂർത്തിയുടെയും ഗായികയായ സുകുമാരിയുടെയും മകനായാണ് ജനനം. ആദ്യകാലത്ത് സ്ഥിരം കോളേജ് വിദ്യാർത്ഥിയായും നായകന്റെ സുഹൃത്തായും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട് പോയ നന്ദുവിലെ പ്രതിഭയെ തിരിച്ചറിയാൻ മൂന്ന് പതിറ്റാണ്ട് വേണ്ടിവന്നു എന്നതാണ് ദുര്യോഗം. ഈ കാലയളവിൽ നൂറ്റി നാൽപതോളം സിനിമകളിലും ഏതാനും സീരിയലുകളിലും ടെലിഫിലിമുകളിലും അദ്ദേഹം അഭിനയിച്ചു കഴിഞ്ഞു. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് അടക്കം നിരവധി സിനിമകൾ റിലിസിങിനായി ഒരുങ്ങിയിരിക്കുകയാണ്. തന്റെ സിനിമാ വിശേഷങ്ങളും വ്യക്തിപരമായ വിശേഷങ്ങളും അദ്ദേഹം മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയയുമായി പങ്കുവെച്ചു. അഭിമുഖത്തിലേക്ക്...

നന്ദലാൽ കൃഷ്ണമൂർത്തി എങ്ങനെയാണ് നന്ദുവായത്?

എന്നെ വീട്ടിൽ വിളിക്കുന്ന പേരാണ് നന്ദു. എന്നെ സിനിമയിലേയ്ക്ക് കൊണ്ടുവരുന്നത് എംജി രാധാകൃഷ്ണനും വേണു നാഗവള്ളിയുമാണ്. രണ്ടുപേരും എന്റെ അയൽവാസികളാണ്. വേണു ചേട്ടൻ എന്റെ കസിന്റെ ക്ലാസ്മേറ്റ് കൂടിയാണ്. അവർ എന്നെ നന്ദു എന്ന് വിളിക്കുന്നത് കേട്ട് സെറ്റിലുള്ളവരെല്ലാം എന്നെ നന്ദു എന്ന് വിളിച്ചു. അടുത്ത സെറ്റിൽ പോയപ്പോൾ അവിടെയുള്ളവരും അങ്ങനെ വിളിച്ചു. അങ്ങനെ വിളിച്ച് വിളിച്ചാണ് ഞാൻ നന്ദുവായത്. സിനിമയിലും എന്റെ പേര് നന്ദലാൽ എന്നാക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ ഒരിക്കൽ ആക്കിയപ്പോൾ തന്നെ ചോദ്യം വന്നു 'മോഹൻലാലിനെ പോലെ ആക്കുകയാണ് അല്ലേ.' അവർക്കറിയില്ല എന്റെ യഥാർത്ഥ പേര് നന്ദലാൽ എന്നാണെന്ന്. ഇനി പേര് മാറ്റിയാൽ എല്ലാവർക്കും വലിയ വിശദീകരണം കൊടുക്കേണ്ടി വരുമെന്ന് മനസിലായതുകൊണ്ട് ഞാൻ ആ ശ്രമം ഉപേക്ഷിച്ചു.

അച്ഛന്റെ സിനിമാപശ്ചാത്തലമാണോ നന്ദുവിനെ സിനിമയിലെത്തിച്ചത്?

അച്ഛൻ അവസാനമായി സിനിമയിൽ അഭിനയിച്ചത് 1945- 46 കാലഘട്ടത്തിൽ കാമരാജൻ എന്ന സിനിമയിലാണ്. അതിന്റെ മാത്രമേ പ്രിന്റ് ഇറങ്ങിയിട്ടുള്ളു. അതിന് ശേഷം അച്ഛൻ അഭിനയിച്ചിട്ടില്ല. അഭിനയിക്കണമെന്ന മോഹം ചെറിയപ്രായത്തിലൊന്നും തോന്നിയിട്ടേയില്ല. അങ്ങനെ തോന്നിയിരുന്നെങ്കിൽ എനിക്ക് എത്രയോ മുമ്പ് തന്നെ അഭിനയിക്കാമായിരുന്നു. എന്റെ അച്ഛനും അമ്മാവനും ചിറ്റപ്പനുമൊക്കെ ഒരുപാട് സിനിമാക്കാരുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് ഷൂട്ടിങ് നടക്കുമ്പോൾ നസീർ സാർ വീട്ടിൽ വന്നിട്ടുണ്ട്. അമ്മാവന്റെ അടുത്ത സുഹൃത്തായിരുന്നു സോമേട്ടനും ഐവി ശശി ചേട്ടനും സീമേച്ചിയും. സിനിമയിലെത്തുംമുമ്പ് തന്നെ എനിക്കിവരെയൊക്കെ പരിചയമുണ്ട്. ഹനീഫ എന്റർപ്രൈസസിലെ ഹനീഫ ഹസനും എന്റെ ചിറ്റപ്പനും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നെ രാജ് പിക്ചേഴ്സിലെ മണി അങ്കിൾ. എന്റെ അമ്മയുടെ ഇളയസഹോദരന്റെ അളിയനാണ് ജനാർദ്ദനൻ ചേട്ടൻ. അന്ന് തിരുവനന്തപുരത്തുള്ളതും ചെന്നൈയിലുള്ളതുമായ ഏറെക്കുറെ സിനിമാക്കാരൊക്കെ പരിചയക്കാരും അടുപ്പക്കാരുമായിരുന്നു. എന്നാൽ അന്നൊന്നും അഭിനയിക്കാൻ ആഗ്രഹം തോന്നിയിട്ടില്ല. സിനിമയിലെത്തി ആദ്യത്തെ രണ്ട് മൂന്ന് സിനിമകൾ അഭിനയിക്കുമ്പോഴൊക്കെ ഞാൻ സമാന്തരമായി പി.എസ്.സി ടെസ്റ്റുകളൊക്കെ എഴുതുമായിരുന്നു. ഇന്റെർവ്യൂകളിലും പങ്കെടുത്തിട്ടുണ്ട്. 1988-89 കളൊക്കെ ആയപ്പോഴാണ്. എന്നാപിന്നെ സിനിമ കരിയറാക്കികളയാം എന്നൊരു തീരുമാനം എടുക്കുന്നത്.

താൽപര്യമില്ലായിരുന്നെങ്കിൽ പിന്നെ സിനിമയിൽ വരാൻ കാരണമെന്താണ്?

ഞാൻ സിനിമയിലെത്തുന്നത് വളരെ യാദൃശ്ചികമായിട്ടാണ്. ഞാൻ മുമ്പ് എംജി രാധാകൃഷ്ണൻ ചേട്ടന്റെ ഒപ്പവും തരംഗിണി സ്റ്റുഡിയോയിലും കോറസ് പാടാൻ പോകുമായിരുന്നു. അങ്ങനെയിരിക്കെ ഞങ്ങളുടെ വീടിനടുത്തുള്ള രാജശേഖരൻ ചേട്ടനാണ് രാധാകൃഷ്ണൻ ചേട്ടനോട് സിനിമയിൽ നന്ദുവിനൊരു അവസരം കൊടുത്തൂടെ എന്ന് ചോദിക്കുന്നത്. രാധാകൃഷ്ണൻ ചേട്ടൻ എന്നോട്, നിനക്ക് അഭിനയിക്കണോ? എന്ന് ചോദിച്ചു. വേണമെങ്കിൽ നോക്കാം എന്ന് ഞാനും. ഞാൻ അന്നുവരെ അതേപറ്റി ആലോചിച്ചിട്ടില്ല എന്നതാണ് സത്യം. ആ സമയത്ത് രാധാകൃഷ്ണൻ ചേട്ടന്റെ വീട്ടിൽ ലാലേട്ടനും പ്രിയൻ ചേട്ടനും അമ്പിളി ചേട്ടനുമൊക്കെ സ്ഥിരം വരാറുണ്ട്.

ഞാൻ കോളേജിൽ പഠിക്കുന്ന സമയമാണത്. ഡിപിഐ ജങ്ഷനിൽ ബസിറങ്ങി രാധാകൃഷ്ണൻ ചേട്ടന്റെ വീട് വഴിയാണ് എന്റെ വീട്ടിലേയ്ക്ക് പോകുന്നത്. ഞാനന്ന് എല്ലാ ദിവസവും രാധാകൃഷ്ണൻ ചേട്ടന്റെ വീട്ടിൽ കയറും. ചേട്ടൻ ഇല്ലെങ്കിലും അമ്മയോടോ ചേച്ചിയോടോ ഒക്കെ എന്തെങ്കിലുമൊക്കെ കുശലം സംസാരിച്ചിട്ടേ ഞാൻ വീട്ടിൽ പോകൂ. ചിലപ്പോഴൊക്കെ ചേട്ടൻ പറയും. 'ടാ നാളെ ഒരു റിക്കോർഡിങ് ഉണ്ട്. നീ കൂടെ വാ.' അക്കാലത്തെ ചെറിയ വരുമാനങ്ങളൊക്കെ അതായിരുന്നു.

അങ്ങനെയിരിക്കെ ഒരിക്കൽ രാധാകൃഷ്ണൻ ചേട്ടൻ പ്രിയൻ ചേട്ടനോട് പറഞ്ഞു. 'ടാ പ്രിയാ നീ ഇവനൊരു വേഷം കൊട്.' അങ്ങനെയാണ് ചെപ്പ് എന്ന സിനിമയിൽ വേഷം കിട്ടുന്നത്. പക്ഷെ പോകാൻ കഴിഞ്ഞില്ല. കാരണം ആ സമയത്ത് ഞാൻ മാർ ഇവാനിയോസിൽ നിന്നും ഡിഗ്രി കഴിയുന്നത്. എന്നാൽ ഡിഗ്രിക്ക് ഒരു പേപ്പർ കിട്ടിയിരുന്നില്ല. അതുകൊണ്ട് എന്നെ വീട്ടിൽ നിന്നും വിട്ടില്ല. പിന്നെ ഞാനൊരു സിനിമയിൽ അഭിനയിക്കുന്നത് വേണു നാഗവള്ളി ചേട്ടന്റെ സർവകലാശാല എന്ന സിനിമയിലാണ്. 29 ദിവസമായിരുന്നു ഷൂട്ടിങ്. ജോളിയായിരുന്നു ആ ദിവസങ്ങൾ. എല്ലാവരും ഒരു ബസിലായിരുന്നു ലോക്കേഷനിലേയ്ക്ക് പോക്കും വരവുമൊക്കെ.

മോഹൻലാലുമായി അടുക്കുന്നത് അപ്പോഴാണോ?

ലാലേട്ടനെ രാധാകൃഷ്ണൻ ചേട്ടന്റെ വീട്ടിൽ വച്ച് കാണുമ്പോൾ ഹലോ ചേട്ടാ എന്ന് പറയുന്നതല്ലാതെ കൂടുതൽ പരിചയമൊന്നും ഉണ്ടായിരുന്നില്ല. ഞാൻ തൈക്കാട് ഉള്ളതാണെന്നും മോഡൽ സ്‌കൂളിൽ പഠിച്ചതാണെന്നുമൊക്കെ ലാലേട്ടന് അറിയാം. അത്രയേ ഉള്ളു പരിചയം. പക്ഷെ ഇത്രയധികം ആർട്ടിസ്റ്റുകൾ ഉള്ള സിനിമ ആയതുകൊണ്ട് ലാലേട്ടനെ ഒറ്റയ്ക്ക് കിട്ടില്ലായിരുന്നു. അതിന് ശേഷം അടുത്ത സിനിമയായ അയിത്തത്തിന്റെ സൈറ്റിൽ വച്ചായിരുന്നു ബന്ധം കുറേക്കൂടി വളരുന്നത്. പിന്നെ കിഴക്കുണരും പക്ഷിയുടെ സൈറ്റിൽ വച്ചാണ് അദ്ദേഹവുമായി ആഴത്തിലുള്ള സൗഹൃദം ഉണ്ടാകുന്നത്.

ഇത്രയധികം സിനിമാക്കാരുമായി ബന്ധമുണ്ടായിട്ടും എന്തുകൊണ്ടാണ് മോഹൻലാലിന്റെ ചിത്രം തന്നെ പ്രൊഫൈൽ പിക്ച്ചർ ആക്കിയിരിക്കുന്നത്?

പലരും ചോദിച്ചിട്ടുണ്ട്, സ്വന്തം ഫോട്ടോ വച്ചുകൂടെ. കുടുംബത്തിന്റെ ഫോട്ടോ വച്ചുകൂടെ എന്നൊക്കെ. എന്നാൽ ഞാൻ സ്നേഹിക്കുന്നത് മോഹൻലാലിന്റെ സ്റ്റാർഡത്തെ അല്ല. ഇത്രയുംകാലത്തെ പരിചയം കൊണ്ടാകാം എന്റെ സ്വന്തം ചേട്ടനെ പോലെയാണ് ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നത്. ഞങ്ങളുടെ ഈ ബന്ധത്തെ മുതലെടുക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്. മോഹൻലാലിന്റെ ഡേറ്റ് വാങ്ങികൊടുത്താൽ ഒരുലക്ഷം രൂപ വരെ അക്കാലത്ത് എനിക്ക് ഓഫർ ചെയ്തിട്ടുണ്ട്. പക്ഷെ ഞാനത് ഒരിക്കലും സ്വീകരിച്ചിട്ടില്ല. ഞാൻ പറഞ്ഞാൽ അദ്ദേഹമത് കേൾക്കുകയുമില്ല, ഞാനത് പറയുകയുമില്ല. അതുകൊണ്ടാണ് ഞാനും അദ്ദേഹവുമായുള്ള ബന്ധം ഇന്നും വളരെ ഊഷ്മളമായി തുടരുന്നത്.

വളരെയേറെ ഗ്രൂപ്പിസമുള്ള ഒരു മേഖലയാണ് സിനിമ. മമ്മൂട്ടി- മോഹൻലാൽ വിഭജനം ഉണ്ടെന്നൊക്കെയാണ് പറയപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഇങ്ങനെ ഒരു നടനോട് കൂടുതൽ താൽപര്യം കാണിക്കുന്നത് ലഭിക്കുന്ന അവസരങ്ങളെ ബാധിക്കില്ലേ?

ഒരിക്കലുമില്ല. ഞാൻ വളരെയധികം ബഹുമാനിക്കുന്ന ഒരു നടനാണ് അദ്ദേഹം. ഞാൻ ഇന്നും അദ്ദേഹത്തെ ഇക്ക എന്നോ അണ്ണാ എന്നോന്നുമല്ല വിളിക്കുന്നത്, സാർ എന്നാണ്. ആ ബഹുമാനത്തിലാണ് ഞാൻ എന്നും പെരുമാറിയിട്ടുള്ളത്. ഒരിക്കൽ അദ്ദേഹം തന്നെ എന്നോട് ചോദിച്ചിട്ടുണ്ട്, എന്തിനാണ് സാർ എന്ന് വിളിക്കുന്നതെന്ന്. ഞാൻ പറഞ്ഞു,' ''ഞാൻ ഇദ്ദേഹത്തെ ഒരു മൂത്തജ്യേഷ്ഠനെക്കാൾ മുകളിലായാണ് കാണുന്നത്. പിതൃസ്ഥാനീയന്റെ ബഹുമാനം എനിക്കുണ്ട്. അണ്ണാ എന്ന് വിളിച്ചാൽ തോളിൽ കയ്യിടുന്ന ഫ്രണ്ട്ഷിപ്പ് പോലെയായിപ്പോകും. അതിനും എത്രയോ മുകളിലുള്ള ബഹുമാനമാണ് എന്റെ മനസിൽ താങ്കൾക്ക്. അതുകൊണ്ടാണ് ഞാൻ സാർ എന്ന് വിളിക്കുന്നത്. ഞാൻ അങ്ങനയെ വിളിക്കൂ.' ഞാൻ ഇപ്പോഴും അദ്ദേഹത്തെ സാർ എന്നാണ് വിളിക്കുന്നത്.

എല്ലാ സിനിമാക്കാരും മമ്മൂട്ടിയെ ആ നിലയിലാണോ കാണുന്നത്?

അദ്ദേഹത്തിന്റെ ബിഹേവിയറും ആറ്റിറ്റിയൂടുമൊക്കെ ഏതൊരാൾക്കും ബഹുമാനം തോന്നിക്കുന്ന വിധത്തിലാണ്. രണ്ട്പേർക്കും രണ്ട് തരം സ്വഭാവസവിശേഷതകളാണ്. ലാലേട്ടൻ വളരെ ഫ്രണ്ട്ലിയായാണ് ആളുകളോട് ഇടപഴകുന്നത്. എന്നാൽ മമ്മൂട്ടി സാർ കുറച്ച് റിസർവ്ഡ് ആയി ആളുകളോട് പെരുമാറുന്നയാളാണ്. അതേസമയം വളരെ ഹെൽപ്പ്ഫുള്ളാണ്, വളരെ സ്നേഹമാണ്. മോഹൻലാലും മമ്മൂട്ടിയുമായി ഒരുതരത്തിലുള്ള ശത്രുതയുമില്ല. രണ്ടുപേരും രണ്ട് തരം സ്വഭാവക്കാരാണ് എന്നുമാത്രം. ചിലർ അതിനെ മറ്റൊരുരീതിയിൽ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് മാത്രം. എല്ലാ സിനിമ സെറ്റിലും ഞാൻ പതിവായി കാണുന്ന ഒരു കാര്യമാണ് ഒരു അര മണിക്കൂറെങ്കിലും ലാലേട്ടനും മമ്മൂട്ടി സാറുമായി വീഡിയോ കോളിൽ സംസാരിക്കുന്നത്. ഏറ്റവുമൊടുവിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച ആറാട്ടിലും ഞാനത് കണ്ടിരുന്നു. അവർ തമ്മിൽ ഭയങ്കര സ്നേഹബന്ധമാണ്.

പക്ഷെ ഏട്ടൻ ഫാൻസും ഇക്ക ഫാൻസും തമ്മിൽ ഭയങ്കര അടിയാണല്ലോ?

അതിപ്പോൾ ഫാൻസല്ലേ. അവർക്ക് എന്തുചെയ്യാൻ പറ്റും. അവരെയൊക്കെ പറഞ്ഞ് തിരുത്താൻ പറ്റോ. തമിഴ്‌നാട്ടിൽ എംജിആറും ശിവാജി ഗണേശനും ഒന്നിച്ച് ഒരു സിനിമയിലെ അഭിനയിച്ചോളു. അവരുടെ ഫാൻസ് തമ്മിൽ അടിയും കത്തിക്കുത്തുമൊക്കെ നടന്നു. അതുകൊണ്ട് ഇനി ഒന്നിച്ച് അഭിനയിക്കില്ലെന്ന് അവരങ്ങ് തീരുമാനിച്ചു. അവർ തമ്മിൽ ഒരു പ്രശ്നവുമുണ്ടായിട്ടില്ല. രണ്ട് പേരെ സ്നേഹിക്കുന്ന രണ്ട് ഗ്രൂപ്പുകൾ തമ്മിൽ പരസ്പരം കാണുമ്പോൾ എന്റെ ആളാണ് വലുതെന്ന് അവർ വാദിക്കും നാലാമത്തെ ഡയലോഗിൽ അവിടെ അടിനടക്കും. അതാണ് അവിടെ നടക്കുന്നത്. അല്ലാതെ അവർ തമ്മിൽ ഒരു പ്രശ്നവുമില്ല.

സർവകലാശാലയിൽ അഭിനയിച്ചപ്പോഴുള്ള പ്രതികരണങ്ങൾ എങ്ങനെയായിരുന്നു? സിനിമ കരിയറാക്കാൻ അപ്പോഴാണോ തീരുമാനിക്കുന്നത്?

എന്റെ കൂട്ടുകാരൊക്കെ പറഞ്ഞത് തുമ്മാതിരുന്ന് പടം കാണണം. കാരണം തുമ്മിയാൽ ചിലപ്പോൾ ഇവൻ പാസ് ചെയ്ത് പോകും. എന്നൊക്കെയാണ് എന്നെ കളിയാക്കിയത്. പക്ഷെ അത്യാവശ്യം നല്ല സീനുകൾ എനിക്കതിൽ ഉണ്ടായിരുന്നു. പക്ഷെ എന്റെ രൂപം പെറ്റതള്ള സഹിക്കില്ല. ഈ ലൈറ്റ് സ്റ്റാൻഡിന് ഉടുപ്പിട്ട പോലെ ഇരിക്കും. ആ രൂപത്തിൽ നിന്നാണ് ഇപ്പോൾ ഇത്രയെങ്കിലും ആയത്. ആ സിനിമയും കഴിഞ്ഞ് പിന്നെ രണ്ടുമൂന്ന് സിനിമകൾ കൂടി കഴിഞ്ഞിട്ടാണ് സിനിമയിൽ തുടരാമെന്ന് ഞാൻ തീരുമാനിക്കുന്നത്.

പി.എസ്.സി എഴുതണ്ടെന്ന് തീരുമാനിച്ചത് ഈ മൂന്ന് സിനിമകൾ കഴിഞ്ഞപ്പോഴാണോ?

അതെ. ഞാൻ എഴുതിയ രണ്ട് പ്രധാനപരീക്ഷകൾ യൂണിവേഴ്സിറ്റി അസിസ്റ്റന്റും ദേവസ്വം ബോർഡുമാണ്. ടെസ്റ്റിൽ സെലക്ട് ആയി ഇന്റർവ്യൂവിലെത്തി. ഏറെക്കുറെ സെലക്ടായി കഴിഞ്ഞപ്പോഴേയ്ക്കും ചില രഹസ്യകേന്ദ്രങ്ങളിൽ നിന്നും റിപ്പോർട്ട് കിട്ടി, അതൊക്കെ കാശ് വാങ്ങി നേരത്തെ ആളിനെ എടുത്തിട്ടുണ്ട് എന്ന്. അതുകൊണ്ട് കാശ് വല്ലതുമുണ്ടെങ്കിൽ കൊണ്ടുകൊടുത്താൽ കിട്ടുമെന്ന് പറഞ്ഞു. കാശില്ല. ഉണ്ടെങ്കിലും കൊടുക്കാൻ താൽപര്യമില്ല. അങ്ങനെയല്ലാതെ ജോലി കിട്ടുന്നെങ്കിൽ കിട്ടിയാൽ മതിയെന്ന് ഞാനും പറഞ്ഞു. ദൈവം നമുക്ക് സിനിമയാണ് വിധിച്ചിരുന്നത്. അങ്ങനെ സിനിമയിലെത്തി.

പത്തിരുപത്തെട്ട് ദിവസം ഒരു ചെറിയ റോളിന് വേണ്ടി സിനിമാസെറ്റിൽ പോയികിടക്കുമ്പോൾ ബോറടിക്കില്ലേ?

അത്ര ചെറിയ റോളൊന്നുമല്ല. ഏറെക്കുറെ എല്ലാ സീനിലും ആൾക്കൂട്ടത്തിനിടയിൽ ഞാനുമുണ്ടായിരുന്നു. അക്കാലത്ത് അഭിനയിച്ചിരുന്ന ഷെല്ലി എന്നൊരു നടനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ദുബായ് ഗ്യാങിലെ ഒരു അംഗമായാണ് എന്നെ കാണിച്ചിരുന്നത്. അതുകൊണ്ട് അതിനൊരു ഐഡന്റിറ്റി ഉണ്ടായിരുന്നു. അതുകഴിഞ്ഞും കുറച്ച് സിനിമകൾ കൂടി ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത് പോയി. ഞാൻ പിന്നെ സിനിമ ആഗ്രഹിച്ച് വരാത്തതുകൊണ്ട് ഒരു സംവിധായകനോടും ചാൻസ് ചോദിച്ച് പോയിരുന്നില്ല. അങ്ങനെ പോയിരുന്നെങ്കിൽ കുറേക്കൂടി ചിത്രങ്ങൾ അന്നേ കിട്ടിയേനെ.

ചാൻസ് ചോദിക്കാതെ തന്നെ വേറെ ആരെങ്കിലും സിനിമയിലേയ്ക്ക് ക്ഷണിച്ചിരുന്നോ?

ആർക്കെങ്കിലും അറിയാമായിരുന്നെങ്കിലല്ലേ വിളിക്കുകയുള്ളു. സുരേഷ് ചേട്ടന്റെ നിർമ്മാണത്തിൽ ജിഎസ് വിജയൻ ചേട്ടന്റെ ആദ്യത്തെ സിനിമയാണ് ചരിത്രം എന്ന സിനിമ. അതാണ് വേണു ചേട്ടന്റെയല്ലാതെയുള്ള എന്റെയും ആദ്യത്തെ സിനിമ. അയിത്തം, സ്വാഗതം ഒക്കെ ചെയ്തിട്ടാണ് 1988 ൽ ചരിത്രം ചെയ്യുന്നത്. മമ്മൂട്ടി സാറുമായുള്ള ആദ്യത്തെ സിനിമ അതാണ്. ആ സെറ്റിൽ വച്ചാണ് റഹ്മാനെ പരിചയപ്പെടുന്നതും.

സ്പിരിറ്റിന് മുമ്പ് ഒരു വഴിത്തിരിവുണ്ടാകുന്നത് നാല് പെണ്ണുങ്ങളാണല്ലോ. അതെങ്ങനെയാണ് അടൂരിലേയ്ക്ക് എത്തുന്നത്?

അതൊരു ഭാഗ്യമാണ്. രണ്ട് കഥകളുടെ ഷൂട്ട് കഴിഞ്ഞ ശേഷമാണ് ഞാൻ അടൂർ സാറിനെ കാണുന്നത്. തിരുവനന്തപുരത്ത് വെള്ളയമ്പലത്ത് മാനവീയം വീഥിയിലൂടെ പോകുമ്പോൾ വഴിയിൽ സാറിന്റെ കാർ ആക്സിഡന്റായി കിടക്കുന്നത് കാണുന്നത്. ഞാനപ്പോൾ വണ്ടി നിർത്തി ഇറങ്ങി. സാറിന്റെ അടുത്ത് പോയി ആദ്യം എന്നെ പരിചയപ്പെടുത്തി. നന്ദു എന്നാണ് പേര്. സിനിമാനടനാണ്. വേണു നാഗവള്ളിയുടെ അസിസ്റ്റന്റാണ് എന്നൊക്കെ പറഞ്ഞു. ഒരു ബൈക്ക് യാത്രക്കാരൻ അശ്രദ്ധമായി കൊണ്ടിടിച്ചതാണ്. എന്നാലും അവന്റെ ചികിൽസ മുഴുവൻ അടൂർ സാർ ഏറ്റെടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. സാറിന് എന്തെങ്കിലും സഹായം വേണോ എന്ന് ഞാൻ ചോദിച്ചു. ഒന്നും വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏകദേശം 45 മിനിട്ടോളം ഞാനവിടെ നിന്നു. അതിനിടെ അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന്റെ സിനിമ പോലെ ഏതാനും വാക്കുകൾ മാത്രം. ഇറങ്ങാൻ നേരം അദ്ദേഹം ഒന്നുകൂടി പേര് ചോദിച്ചു. ഞൻ പറഞ്ഞപ്പോൾ പോക്കറ്റിൽ നിന്നും ഒരു പാഡെടുത്ത് അദ്ദേഹം കുറിച്ചുവച്ചു. പിറ്റെന്ന് രാവിലെ എന്നെ അലിയാർ സാർ വിളിക്കുകയാണ്. 'അനിയാ ഒരു കോൾ അടിച്ചിട്ടുണ്ടല്ലോ. അടൂർ സാറിനെ ഒന്ന് വിളിക്കണം.' എന്ന് പറഞ്ഞു. ഇങ്ങനെയൊരു ഷൂട്ടിങ് നടക്കുകയാണെന്ന് പോലും എനിക്കറിയില്ലായിരുന്നു. ഞാൻ അദ്ദേഹത്തെ വിളിച്ചു. 'നമുക്കൊരു ചെറിയ വേഷം ചെയ്യാം കേട്ടോ'' എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു 'വളരെ സന്തോഷം സാർ.' 'ബുദ്ധിമുട്ടില്ലെങ്കിൽ എന്റെ വീട്ടിലേയ്ക്ക് വരാമോ. എപ്പോൾ വരാൻ സാധിക്കും.' ഞാൻ പറഞ്ഞു, 'എപ്പോൾ വേണമെന്ന് സാർ പറഞ്ഞാൽ മതി. അഞ്ച് മണിക്ക് വരാൻ പറഞ്ഞാൽ അഞ്ച് മണിക്ക് വരാം'. എന്നാൽ രാവിലെ ആറ് മണിക്ക് വരാമോ എന്ന് അടൂർ സാർ. ഞാൻ ആറ് മണിക്ക് എത്തിയപ്പോൾ സാറ് മറ്റൊരു ചർച്ചയിലാണ്. പുള്ളി ഫുൾ ഫ്രഷ് ആണ്. ഞാനെത്തിയപ്പോൾ നേരത്തെ ഉണ്ടായിരുന്നയാൾ അവിടെ നിന്നും എഴുന്നേറ്റു. സാർ എന്നോട് ഒരു ഫോട്ടോ എടുത്താലോ എന്ന് ചോദിച്ചു. എന്നോട് നടുക്കത്തെ അങ്കണത്തിൽ ഇറങ്ങി നിൽക്കാൻ പറഞ്ഞു. എന്നിട്ട് അദ്ദേഹം തന്നെ ഒരു ക്യാമറ എടുത്തുകൊണ്ട് വന്നു. ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ലാത്ത വിധം ഒരു ഭയങ്കരൻ ക്യാമറ. എന്നിട്ട് അതിലൂടെ സൂം ചെയ്ത് എന്റെ ഫോട്ടോ എടുക്കുകയാണ്. ഞാൻ സാറിനോട് കണ്ണട ഊരട്ടെ എന്ന് ചോദിച്ചു. തീർച്ചയായും ഊരണമെന്ന് ക്യാമറയിൽ നിന്നും കണ്ണെടുക്കാതെ അദ്ദേഹം പറഞ്ഞു. എന്നിട്ട് എന്നോട് ചോദിച്ചു, 'എന്തിനാ കണ്ണട വച്ചിരിക്കുന്നത്?' ഞാൻ പറഞ്ഞു, ' ഷോട്ട് സൈറ്റ് ആണ് സാർ'. 'ഓഹോ അപ്പോൾ ദീർഘവീക്ഷണമില്ല അല്ലെ.' ക്യാമറയിൽ നിന്നും കണ്ണെടുക്കാതെ അടൂർ സാറിന്റെ കൗണ്ടർ. ഞാനങ്ങ് പൊട്ടിച്ചിരിച്ചുപോയി. നമ്മളൊട്ടും പ്രതീക്ഷിക്കാത്ത ആളിൽ നിന്നാണ് ഈ കോമഡി വരുന്നത്. അന്ന് മുതൽ തുടങ്ങിയ ബന്ധം ഇന്നും നിലനിർത്തുന്നു. സാറിന്റെ വേറൊരു പടത്തിലും ഞാൻ അഭിനയിച്ചിരുന്നു.

സ്പിരിറ്റിലേയ്ക്ക് വരുന്നത് എങ്ങനെയാണ്?

നാല് പെണ്ണുങ്ങൾ തിരുവനന്തപുരം ഫിലിം ഫെസ്റ്റിവലിന് ഉണ്ടായിരുന്നു. രഞ്ജിയേട്ടൻ, ഷാജി കൈലാസ് തുടങ്ങിയ നിരവധി സംവിധായകർ പടം കണ്ടിരുന്നു. കണ്ടവരൊക്കെ എന്നോട് ചോദിച്ചത് നന്ദു സീരിയസ് വേഷങ്ങളൊക്കെ അഭിനയിക്കുമല്ലേ എന്നാണ്. ഞാൻ പറഞ്ഞു, ' ഇത് അഭിനയിക്കാനാണ് ഞാൻ ഇത്രയുംകാലം കാത്തിരുന്നത്. പക്ഷെ ആരും തരുന്നില്ല. തരുന്നതൊക്കെ കോമാളി വേഷങ്ങളും.' ആ പടത്തിലെ അഭിനയം നന്നായിട്ടുണ്ടെന്ന് ഒരുപാട് പേർ പറഞ്ഞു. അതിന്റെ തുടർച്ചയായാണ് പല ആളുകളും എന്നെ കുറേക്കൂടി ഗൗരവമുള്ള കഥാപാത്രങ്ങളിലേയ്ക്ക് വിളിക്കാൻ തുടങ്ങിയത്.

അപ്പോൾ അടൂരാണ് വഴിത്തിരിവായത് അല്ലേ. വെറുതെയല്ല മമ്മൂട്ടിയടക്കമുള്ള നടന്മാരൊക്കെ അടൂരിന്റെ സിനിമകളിൽ അവസരം കിട്ടാൻ ഇടിച്ചുകയറുന്നത് അല്ലേ?

സാറിന്റെ സിനിമ കേരളത്തിൽ കുറച്ചുപേരെ കാണുന്നുള്ളുവെങ്കിലും ഇന്റർനാഷണൽ തലത്തിൽ ഒരുപാട്പേർ ആ സിനിമയുടെ പ്രേക്ഷകരാണ്. ലോകം മുഴുവൻ ഒരുപാട് സഞ്ചരിച്ചിട്ടുള്ള സാറിന്റെ സിനിമയാണ് നാല് പെണ്ണുങ്ങൾ. ഒരിക്കൽ ലോസ് ആഞ്ചലസിലെ ഫെസ്റ്റിവലിൽ പ്രസ് മീറ്റിൽ അമേരിക്കയിലെ വളരെ സീനിയറായ ഒരു ഫിലിം ജേണലിസ്റ്റ് അടൂർ സാറിനോട് നാരായണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചയാൾ ആരാണെന്നും അദ്ദേഹം നന്നായി ചെയ്തെന്നും പറഞ്ഞു. ഇത് എന്നോട് പറഞ്ഞപ്പോൾ അടൂർ സാർ കൂട്ടിച്ചേർത്തത് അവർ സാധാരണ അങ്ങനെ പറയുന്നവരല്ല. അത് വളരെ വലിയൊരു അപ്രിസിയേഷനാണ് എന്നാണ്.

സ്പിരിറ്റ് ഇത്രയും ഹിറ്റാകാൻ പോകുന്ന പടമാണെന്ന് അറിയാമായിരുന്നോ?

ആ സിനിമ തീയറ്ററിൽ കാണുമ്പോഴാണ് അത് ഇത്രയും ഉഗ്രൻ പടമാണെന്നും എന്റെ കഥാപാത്രത്തിന് ഇത്രയും പ്രാധാന്യമുണ്ടന്നും ഞാനറിയുന്നത്. കാരണം സെറ്റിൽ എന്റെ ഭാഗങ്ങൾ മാത്രമല്ലേ ഞാൻ കാണുന്നുള്ളു.

അഭിനയിക്കുന്നതിന് മുമ്പ് സ്‌ക്രിപ്റ്റ് വായിക്കാറില്ലേ?

മിക്കവാറും സംവിധായകർ തന്നെ അതിന്റെ കഥയുടെയും കഥാപാത്രത്തിന്റെയും ഔട്ട്ലൈൻ പറഞ്ഞുതരും. നമുക്കത് മതി. പിന്നെ പ്രധാനപ്പെട്ട കഥാപാത്രങ്ങളാണെങ്കിൽ മാത്രമാണ് നമ്മൾ സ്‌ക്രിപ്റ്റ് മുഴുവനും വായിക്കുന്നത്. ഡ്രൈവിങ് ലൈസൻസും ബ്യൂട്ടിഫുള്ളുമൊക്കെ ഞാൻ അത്തരത്തിൽ സ്‌ക്രിപ്റ്റ് മുഴുവൻ വായിച്ച് ചെയ്ത സിനിമകളാണ്.

കഥാപാത്രത്തിന്റെ മാനറിസങ്ങളൊക്കെ നമുക്ക് തന്നെ സംഭാവന ചെയ്യാൻ കഴിയുമോ?

സ്പിരിറ്റ് സിനിമയിൽ എന്റെ കഥാപാത്രം വണ്ടിയിൽ ഒരുവശം ചരിഞ്ഞിരുന്ന് ഓടിക്കുന്നതൊക്കെ ഞാൻ കയ്യിൽനിന്നിട്ടതാണ്. ആ ഇരുപ്പിനൊരു വൃത്തികേട് ഉണ്ടായിരുന്നു. ആ കഥാപാത്രവും അത്രയും വൃത്തിക്കെട്ടവനായിരുന്നു. നമ്മളൊരു കാര്യം ചെയ്താൽ അത് വേണമെന്നോ വേണ്ടെന്നോ തീരുമാനം എടുക്കാൻ കഴിവുള്ള സംവിധായകനായിരിക്കണം. അല്ലാതെ എന്തുവേണമെങ്കിലും ചെയ്തോട്ടെ എന്ന് കരുതുന്ന സംവിധായകനാണെങ്കിൽ നമ്മൾ ചെയ്ത് ചെയ്ത് കാടുകയറിപ്പോകും. എംടി സാറിന്റെ സ്‌ക്രിപ്റ്റിൽ ഹരിഹരൻ സാർ സംവിധാനം ചെയ്ത രണ്ട് സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. ഡയലോഗിൽ ഒരു വള്ളി മാറ്റാൻ പോലും സമ്മതിക്കില്ല. തെറ്റിയാൽ വീണ്ടുമെടുക്കും. അടൂർ സാറും അങ്ങനെതന്നെ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP