Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ദേഹാന്തരം' ടെലിവിഷൻ അവാർഡുകൾ വാരിക്കൂട്ടിയപ്പോൾ ലക്ഷ്യം വെച്ചത് ബിഗ് സ്‌ക്രീൻ; 'ലെയ്ക്ക' പ്ലാൻ ചെയ്തപ്പോൾ തീരുമാനിച്ചത് 'ഉപ്പും മുളകി'ലെ ബാലു-നിഷ കൊമ്പിനേഷനും; നാസറിനെ അഭിനേതാവായി കിട്ടിയപ്പോൾ അത് നേട്ടവുമായി; അണിയറയിൽ ഒരുങ്ങുന്നത് ഹാസ്യത്തിന്റെ മേമ്പൊടി ചേർത്തുള്ള കുടുംബ ചിത്രം; മറുനാടന് മുന്നിൽ മനസ് തുറന്ന് ലെയ്ക്ക സംവിധായകൻ അഷാദ് ശിവരാമൻ

'ദേഹാന്തരം' ടെലിവിഷൻ അവാർഡുകൾ വാരിക്കൂട്ടിയപ്പോൾ ലക്ഷ്യം വെച്ചത് ബിഗ് സ്‌ക്രീൻ; 'ലെയ്ക്ക' പ്ലാൻ ചെയ്തപ്പോൾ തീരുമാനിച്ചത് 'ഉപ്പും മുളകി'ലെ ബാലു-നിഷ കൊമ്പിനേഷനും; നാസറിനെ അഭിനേതാവായി കിട്ടിയപ്പോൾ അത് നേട്ടവുമായി; അണിയറയിൽ ഒരുങ്ങുന്നത് ഹാസ്യത്തിന്റെ മേമ്പൊടി ചേർത്തുള്ള കുടുംബ ചിത്രം; മറുനാടന് മുന്നിൽ മനസ് തുറന്ന് ലെയ്ക്ക സംവിധായകൻ അഷാദ് ശിവരാമൻ

എം മനോജ് കുമാർ

സംസ്ഥാന ടെലിവിഷൻ അവാർഡുകൾ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചപ്പോൾ അവാർഡുകൾ വാരിക്കൂട്ടിയ ടെലിഫിലിമായിരുന്നു ദേഹാന്തരം. ആറ് അവാർഡും ഒരു പ്രത്യേക ജൂറി പരാമർശവുമാണ് ദേഹാന്തരം നേടിയത്. മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം ദേഹാന്തരം സംവിധാനം ചെയ്ത അഷാദ് ശിവരാമനായിരുന്നു. മികച്ച തിരക്കഥയ്ക്കുള്ള അവാർഡും ദേഹാന്തരത്തിനു തന്നെയായിരുന്നു. ദേഹാന്തരത്തിനു ലഭിച്ച മികച്ച അംഗീകാരങ്ങളാണ് ബിഗ് സ്‌ക്രീനിലേക്ക് തിരനോട്ടം നടത്താൻ അഷാദ് ശിവരാമന് പ്രചോദനമായത്. ലെയ്ക്ക എന്ന സിനിമയുമായാണ് അഷാദ് ഇപ്പോൾ ബിഗ് സ്‌ക്രീനിലെത്തുന്നത്.

ഉപ്പും മുളകും നർമ്മ സീരിയൽ വഴി മലയാളികളുടെ മനസിലേക്ക് കുടിയേറിയ ബിജു സോപാനവും നിഷയുമാണ് ലെയ്ക്കയിലെ താരങ്ങൾ. നർമ്മത്തിന്റെ മേമ്പൊടി ചേർത്ത കുടുംബ ചിത്രമാണ് ലെയ്ക്ക. മിനി സ്‌ക്രീൻ കീഴടക്കിയ ശേഷം ബിജുവും നിഷയും ഒരുമിച്ച് ആദ്യമായി വെള്ളിത്തിരയിൽ എത്തുകയാണ് ലെയ്ക്കയിലൂടെ. പ്രശസ്ത തെന്നിന്ത്യൻ താരം നാസറും ലെയ്ക്കയിൽ ശ്രദ്ധേയ റോൾ കയ്യാളുന്നു. ലെയ്ക്ക ഷൂട്ടിങ് കഴിഞ്ഞു. റിലീസിങ് ജോലികൾ പുരോഗമിക്കുകയാണ്. ലെയ്ക്കയെക്കുറിച്ച് ആദ്യമായി മറുനാടനോട് സംസാരിക്കുന്നു സംവിധായകനായ അഷാദ് ശിവരാമൻ. ഹാസ്യത്തിന്റെ മേമ്പൊടി ചേർത്തുള്ള കുടുംബ ചിത്രം എന്നാണ് ലെയ്ക്കയെ സംവിധായകൻ വിശേഷിപ്പിക്കുന്നത്. അഷാദുമായുള്ള അഭിമുഖം...

നവാഗത സംവിധായകൻ എന്ന രീതിയിൽ ഏത് തരത്തിലുള്ള വെല്ലുവിളികളാണ് ലെയ്ക്കയിൽ നേരിട്ടത്?

ലേയ്ക്ക എന്ന പ്രോജക്ടിലേക്ക് വരുമ്പോൾ ഉപ്പും മുളകിലെ ബിജു സോപാനത്തിന്റെയും നിഷയുടെയും പിന്തുണയായിരുന്നു വലുത്. വെല്ലുവിളിയല്ല സന്തോഷമായിരുന്നു ഉണ്ടായിരുന്നത്. എനിക്ക് പ്രത്യേകിച്ച് ഇഷ്ടമുള്ള പ്രോഗ്രാമായിരുന്നു ഉപ്പും മുളകും. പ്രത്യേകിച്ച് ബിജുവിന്റെയും നിഷയുടെയും ഒരു കൊമ്പിനേഷൻ. മലയാളികൾ എല്ലാം ഇഷ്ടത്തോടെയും പുഞ്ചിരിയോടെയും കാണുന്ന ഓരോ പ്രോഗ്രാമായിരുന്നു ഉപ്പും മുളകും. ഇവരുടെ രണ്ടു പേരുടെയും സ്‌ക്രീൻ കെമിസ്ട്രി, ഭർത്താവും ഭാര്യയും തമ്മിലുള്ള സ്‌നേഹത്തിന്റെ, കൂടുതലും അതിന്നിടയിലുള്ള പിണക്കങ്ങളും കൃത്യമായി അവതരിപ്പിക്കുന്നു എന്നുള്ളതാണ്. കൂടുതലും പിണക്കമാണ് കാണിക്കാറുള്ളതെങ്കിലും ഇവർക്കിടയിൽ സ്‌നേഹത്തിന്റെ അന്തർധാരയാണുള്ളത്. ആ ഒരു പാറ്റേൺ യൂട്ടിലൈസ് ചെയ്ത് കുടുംബ ജീവിതത്തിന്റെ അവസ്ഥകളെ പ്രതിപാദിക്കുന്ന ഒരു സബ്ജക്റ്റ് എന്ന രീതിയിലാണ് ലെയ്ക്ക ആലോചിക്കുന്നത്. ലെയ്ക്ക ആലോചിച്ചതിന് ശേഷം ബിജുവിനോടും നിഷയോടും സംസാരിച്ചപ്പോഴേക്കും.. കഥയൊക്കെ പറഞ്ഞു രണ്ടു ദിവസം കഴിഞ്ഞു ബിജു വിളിച്ചു പറഞ്ഞു ഇത് ഇഷ്ടപ്പെട്ടു... മുൻപ് പലരും ഞങ്ങളെ രണ്ടു പേരെയും വെച്ച് സിനിമ ചെയ്യണം എന്നൊക്കെ പറഞ്ഞിരുന്നു. പക്ഷെ ഈ സബ്ജ്കറ്റ് ഇഷ്ടമായതിനാൽ ഞങ്ങൾ ചെയ്യാൻ തീരുമാനിച്ചു എന്ന് പറഞ്ഞപ്പോഴാണ് അവർക്കും ഇതിൽ താത്പര്യമുണ്ടെന്ന് വന്നപ്പോൾ പിന്നെ സ്പീഡിൽ ചെയ്യുകയായിരുന്നു. പിന്നെ എല്ലാം സംഭവിക്കുകയായിരുന്നു.

ചിത്രീകരണത്തിൽ ഏറ്റവും വലിയ അനുഭവമായി തോന്നിയത് എന്തായിരുന്നു?

ഞാൻ ഫുൾടൈം മറ്റൊരു പ്രൊഫഷനിൽ ജോലി ചെയ്യുന്ന ആളായതിനാൽ സിനിമയ്ക്ക് എനിക്ക് ചിലവഴിക്കാൻ കഴിയുന്ന സമയത്തിന്റെ അളവ് കുറവാണ്. അപ്പോൾ എന്റെ കൂടെയുള്ള ടീമിന്റെ സപ്പോർട്ട് ആണ് വളരെ ഹെൽപ് ഫുൾ ആയത്. പ്രത്യേകിച്ച് സ്‌ക്രിപ്റ്റ് റൈറ്റെഴ്‌സ് മുരളി, ശ്യാം, എഡിറ്റർ വിപിൻ, സിൽവർ ലൈൻ സ്റ്റുഡിയോയിലെ ഷാജി, അദ്ദേഹമാണ് സൗണ്ട് ഡിസൈൻ. ഇവരുടെയൊക്കെ ഒരു സപ്പോർട്ട് ആദ്യമേയുണ്ടായിരുന്നു. പ്രോജക്റ്റ് തുടങ്ങിയ ശേഷം ബിജുവിന്റെയും നിഷയുടെയും സപ്പോർട്ട് പ്രധാനമായിരുന്നു. അതുപോലെ ക്യാമറാമാൻ സുകുമാർ. അദ്ദേഹം സീനിയറായ, മലയാളത്തിൽ എത്രയോ ഹിറ്റുകൾ ചെയ്തിട്ടുള്ള ക്യാമറാമാനാണ്. ഇവരുടെയൊക്കെ പിന്തുണ നിർണ്ണായകമായി. ആശയം, കഥ എല്ലാം കൃത്യമായി പ്രതിപാദിക്കാൻ കഴിഞ്ഞെന്നു ഞാൻ കരുതുന്നു.

കുടുംബ പ്രേക്ഷകരെയാണോ ലെയ്ക്ക ലക്ഷ്യം വയ്ക്കുന്നത്?

ബാലുവിനെയും നീലുവിനെയും സ്‌നേഹിക്കുന്ന ഒരു മലയാളി സമൂഹമുണ്ട്. അവർ കാണുന്നത് ഒരു കുടുംബത്തിലെ ഒത്തൊരുമയും സന്തോഷവുമാണ്. ആ കുടുംബത്തിലെ സന്തോഷം തന്നെയാണ് ലെയ്ക്കയിലും എടുക്കാൻ ശ്രമിച്ചിരിക്കുന്നത്. അതാണ് ആ പ്രോജക്ടിന്റെ ഹൈലൈറ്റ് എന്ന് ഞാൻ കരുതുന്നു. അതിലുള്ള മറ്റു പല ക്യാരക്‌റ്റെഴ്‌സും ഇല്ലെങ്കിലും അതിലുള്ള ഫാമിലി ഹാപ്പിനെസ് കൊണ്ട്വരാനാണ് ശ്രമിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട കഥാപാത്രമായി ബാലുവിന്റെ വീട്ടിലെ നായാണ് വരുന്നത്. പിന്നെ ഒരു മകളുണ്ട്. ദേവി പാർവതി എന്നാണ് ആ കുട്ടിയുടെ പേര്. പലരും എന്നോട് ചോദിക്കും മുടിയനും കേശുവും ശിവാനിയും ഒക്കെയില്ലാതെ എങ്ങനെയാണ് ഈ ഫാമിലി കംപ്ലീറ്റ് ആകുന്നത് എന്ന്. ഒരർത്ഥത്തിൽ അവർ ഇല്ലാത്തതിന്റെ വിഷമമുണ്ട്. പക്ഷെ ആ ഒരു ഇല്ലായ്മയെ വേറെ രീതിയിൽ നായ കവർ ചെയ്യുന്നുണ്ട്. ദേവീ പാർവതി കവർ ചെയ്യുന്നുണ്ട്. മൊത്തത്തിൽ കുടുംബത്തിനും കുട്ടികൾക്കും ഇഷ്ടമാകുന്ന രീതിയിലാണ് ലെയ്ക്ക ചെയ്തിരിക്കുന്നത്.

മുഴുനീള ഹാസ്യമാണോ സിനിമയിൽ നിറയുന്നത്?

ലെയ്ക്ക ഒരു കുടുംബ ചിത്രമാണ്. കംപ്ലേറ്റ്‌ലി ഹാസ്യം ബാക്ക്‌ഗ്രൌണ്ടിൽ വരുന്ന ചിത്രമല്ല ഇത്. ഹാസ്യത്തിലൂടെ കുടുംബബന്ധത്തിലെ നൂലാമാലകളെക്കുറിച്ച് സംസാരിക്കുക, മലയാളികളുടെ മാനസിക വ്യാപാരങ്ങൾ, ബന്ധങ്ങൾ ഇത്തരത്തിലുള്ള കാര്യങ്ങളാണ് സംസാരിക്കുന്നത്. ഹാസ്യത്തിന്റെ മേമ്പൊടിയുണ്ട് എന്ന് മാത്രമേയുള്ളൂ. ഹാസ്യ ചിത്രമല്ല, കുടുംബ ചിത്രമാണ്. അതേസമയം സിനിമ കുട്ടികൾക്ക് വേണ്ടിയുള്ളത് കൂടിയാണ്. കുട്ടികൾക്ക് കൂടുതൽ ഇംപോർട്ടന്റ് കൊടുക്കുന്ന രീതിയിലാണ് ചിത്രീകരണം. ബാക്കി ഇനി പ്രേക്ഷകരാണ് തീരുമാനിക്കുന്നത്.

ലെയ്ക്കയുടെ സ്‌ക്രിപ്റ്റിന്റെ പ്രത്യേകത എന്താണ്?

ലെയ്ക്ക വളരെ സിംപിൾ ആയ സിനിമയാണ്. അതീവ ഗഹനമായ കാര്യങ്ങൾ ഒന്നും ഡിസ്‌കസ് ചെയ്യുന്നില്ല. പക്ഷെ മനുഷ്യ മനസിന്റെ ചില പ്രധാനപ്പെട്ട നൂലാമാലകളെക്കുറിച്ച് സിനിമ ചർച്ച ചെയ്യുന്നുണ്ട്. കുടുംബ ബന്ധങ്ങളെക്കുറിച്ച്..പുരുഷൻ കുടുംബത്തെ മാനേജ് ചെയ്യാൻ ശ്രമിക്കുന്നത്..ഭാര്യ അതിനു സപ്പോർട്ട് ചെയ്യുന്നത്...എന്നുള്ള ഒരു പഴയ കൺസെപ്റ്റിന്റെ ഒരു പിന്തുടർച്ച് ലെയ്ക്കയിലും ഒരു പക്ഷെയുണ്ട്. പക്ഷെ പുതിയ കാലഘട്ടത്തിന്റെ ചിന്താപദ്ധതികളും ചിന്താ അപഗ്രഥനങ്ങളും ലെയ്ക്കയിലുണ്ട്. അങ്ങിനെയാണ് അത് പ്ലാൻ ചെയ്തിരിക്കുന്നത്.

ബാലുവിന്റെയും നിഷയുടെയും അഭിനയം വിലയിരുത്തുന്നതെങ്ങനെ?

അവരുടെ അഭിനയം വിലയിരുത്താൻ ഞാൻ ആളല്ല. പക്ഷെ ഇത്രയും തന്മയത്വത്തോടെ അഭിനയിക്കുന്ന ആർട്ടിസ്റ്റുകൾ, സിനിമയിൽ അവരെ അങ്ങിനെ കൃത്യമായി അവതരിപ്പിക്കാൻ കഴിഞ്ഞാൽ അത് വലിയ ഭാഗ്യമാണ്. എനിക്ക് അത് എത്രത്തോളം കഴിഞ്ഞു എന്നുള്ളത് അറിയില്ല. അത് കാലമാകും ഉത്തരം പറയേണ്ടത്. പ്രേക്ഷകരാകും ഉത്തരം പറയേണ്ടത്. ബാലുവിന്റെയും നീലുവിന്റെയും നൈസർഗികമായ റിലേഷൻഷിപ്പിനെ കഴിയും പടി പകർത്തിക്കൊണ്ടാണ് ലെയ്ക്ക മുന്നോട്ടു പോകുന്നത്. യഥാർത്ഥത്തിൽ അതിന്റെ ഒരു തുടർച്ച തന്നെയായാണ് പ്രോജക്റ്റ് കൺസീവ് ചെയ്തിരിക്കുന്നത്.ഒരു പക്ഷേ അവരെക്കൊണ്ട് കൂടുതൽ ചെയ്യിക്കാൻ കഴിയും എന്ന് തന്നെ ഞാൻ കരുതുന്നു. മറ്റൊരവസരത്തിൽ അതിനു ഭാഗ്യമുണ്ടാകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.

ഇന്ത്യൻ സിനിമയിലെ ശക്തമായ സാന്നിധ്യമായ നാസർ എങ്ങനെ സിനിമയിലെത്തി?

കഥ സംസാരിച്ചപ്പോൾ തന്നെ.. സ്‌പെയ്‌സ് റിസർച്ച് ഓർഗനൈസേഷനിലെ സ്റ്റാഫാണ് ബാലുവിന്റെ കഥാപാത്രം. ഈ സ്ഥാപനത്തിന്റെ ചെയർമാനായി വളരെ ശക്തനായ ഒരാള് വേണം. അങ്ങിനെ ഒരു കഥാപാത്രത്തെ പ്രതിനിധീകരിക്കാൻ കഴിയുന്ന ഒരു നടൻ.. ആ പ്രസൻസുള്ള ഒരാളുടെ സാന്നിധ്യം ഞങ്ങൾ നാസറിൽ കണ്ടു. അതുകൊണ്ട് തന്നെയാണ് നാസറിനെ സമീപിക്കുന്നത്. സാറിനു സ്റ്റോറി ഇഷ്ടപ്പെട്ടു. അങ്ങിനെയാണ് നാസർ താത്പര്യം കാണിക്കുന്നത്. പ്രോജക്റ്റ് ഷൂട്ട് കഴിഞ്ഞ ശേഷവും നാസറിന് ബിജുവും നിഷയും ഒപ്പമുള്ള വർക്കിനെക്കുറിച്ച് വളരെ സന്തോഷകരമായി അദ്ദേഹം എന്നോടു പറയുകയുണ്ടായി. സിനിമയുടെ റിലീസിംഗിനു വേണ്ടി കാത്തിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. അദ്ദേഹം സന്തോഷത്തോടെ ജോലി ചെയ്തു. നാസറിന് സന്തോഷമുണ്ട് എന്ന് പറഞ്ഞപ്പോൾ തീർച്ചയായും ഞങ്ങൾക്കും സന്തോഷമുണ്ട്.

മഹേഷിന്റെ പ്രതികാരത്തിലുള്ള വിജിലെഷിനു എങ്ങിനെ മുഴുനീള റോൾ നൽകി?

വിജിലെഷ് ഇതിൽ ഒരു ഹൈലൈറ്റ് ക്യാരക്റ്റർ ആണ്. മഹേഷിന്റെ പ്രതികാരം കഴിഞ്ഞ ശേഷം വിജിലെഷിനു ശക്തമായ ക്യാരക്റ്റർ ലഭിച്ചത് വരത്തനിലായിരുന്നു. അതിൽ ഒരു വില്ലൻ വേഷമാണ് ചെയ്തത്. നിഷ്‌ക്കളങ്കതയിൽ നിന്ന് വില്ലൻ റോളിലേക്ക് വന്ന വിജിലെഷിനു പല ഭാവങ്ങളും അനായാസം ഉൾക്കൊള്ളാൻ കഴിയും. മഹേഷിന്റെ പ്രതികാരത്തിൽ ഉള്ളതുപോലെ നൈസർഗികമായ പൊട്ടത്തരം അഭിനയിക്കാൻ കഴിയുന്ന ഒരു ഗ്രാമീണ ബാലൻ എന്ന രീതിയിലാണ്. ബിജുവിന്റെ ഏറ്റവും അടുത്ത സുഹൃത്തായിട്ട്, വിശ്വാസിയായിട്ട് ഒക്കെയാണ് അദ്ദേഹം ലെയ്ക്കയിൽ അഭിനയിച്ചിരിക്കുന്നത്. വിജിലെഷിന്റെ മുഴുവൻ പ്രസൻസും സിനിമയിലുണ്ട്. ഇത്രയും കാലം അഭിനയിച്ചതിനെക്കാൾ കൂടുതൽ പ്രസൻസ് ഉണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.

ആദ്യം സംവിധാനം ചെയ്ത ദേഹാന്തരം ടെലിഫിലിം സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടി?

ക്ലാസിക്കൽ അപ്പ്രോച്ചുള്ള പ്രോജക്റ്റ് ആണ് ദേഹാന്തരം. വളരെ ഇൻഡെപ്ത് ആയിട്ടുള്ള കാര്യങ്ങൾ ആണ് ദേഹാന്തരം വഴി പറഞ്ഞത്. ശ്യാം കൃഷ്ണയ്ക്കും മുരളിക്കും തമ്പി ചേട്ടൻ, അജയകുമാർ അങ്ങനെ ഒരു ഇന്റലക്ച്വൽ ഡിസ്‌ക്കഷന് ശേഷമാണ് ദേഹാന്തരം സംഭവിച്ചത്. ദേഹാന്തരത്തിൽ നിന്നും ലെയ്ക്കയിലേക്ക് വരുമ്പോൾ കുറച്ച് ലൈറ്റ് ആയിട്ടാണ് ഞങ്ങൾ സമീപിച്ചത്. ഈ വ്യത്യാസം ദേഹാന്തരത്തിൽ നിന്നും ലെയ്ക്കയിൽ വരുമ്പോഴുണ്ട്.

തിരക്കുള്ള ഒരു റെറ്റിന സർജനാണ്? ജോലി സിനിമയെ ബാധിച്ചോ അതോ സിനിമ ജോലിയെ ബാധിച്ചോ?

ഞാൻ ഒരു മുഴുവൻ സമയ നേതൃരോഗ വിദഗ്ദനാണ്. സിനിമയ്ക്ക് വേണ്ടി സമയം കണ്ടെത്തുന്നതിൽ ബുദ്ധിമുട്ടുണ്ട്.പക്ഷെ സിനിമ ചെയ്യുന്നതിലുള്ള ക്രിയേറ്റീവ് സാറ്റിസ്ഫാക്ഷനുണ്ട്. അത് സിനിമ തരുന്ന പോസിറ്റീവ് എനർജിയാണ്. ഈ എനർജി എന്നെ വർക്കിൽ ഹെൽപ്പ് ചെയ്യുകയാണ്. ഇതാണ് എന്റെ ഒരു കണക്കുകൂട്ടൽ. സ്‌കൂളിൽ പഠിക്കുമ്പോൾ വർഷത്തിൽ ഒരിക്കലാണ് ഒരു നാടകം ചെയ്യുന്നത്.അതിൽ ഒരു സന്തോഷമുണ്ടല്ലോ? സ്‌കൂൾ കാലത്തിലുള്ള ഒരു സന്തോഷം. ഇതേ സന്തോഷം തന്നെയാണ് ദേഹാന്തരം ചെയ്തപ്പോഴും ലെയ്ക്ക ചെയ്തപ്പോഴും അനുഭവിച്ചത്. സിനിമയ്ക്ക് കൂടുതൽ സമയം ചിലവഴിക്കണം,കൂടുതൽ എനർജി ചിലവഴിക്കണം. അസോസിയേറ്റഡ് റിസ്‌ക് ഫാക്ടർ വളരെയധികമാണ്. പക്ഷെ അത് നൽകുന്ന ഊർജ്ജം വളരെയധികമാണ്. ആ ഊർജ്ജം എന്റെ പ്രവർത്തന മേഖലയെ. നേത്ര പരിചരണത്തിൽ പോസിറ്റീവ് ആയി വരുകയാണ് ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP