Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

സാധാരണ പ്രവാസിയിൽ നിന്നും ജുവല്ലറി മുതലാളിയായി വളർച്ച; സ്വന്തം സ്വർണ്ണക്കടയുടെ പരസ്യത്തിൽ സ്വയം മോഡലായപ്പോൾ മലയാളികൾ തിരിച്ചറിഞ്ഞു; സിനിമാപ്രേമിയും കലാസഹൃദയനായ വ്യവസായി: ദുബായ് കോടതി ശിക്ഷിച്ച അറ്റ്‌ലസ് രാമചന്ദ്രനെ അറിയാം

സാധാരണ പ്രവാസിയിൽ നിന്നും ജുവല്ലറി മുതലാളിയായി വളർച്ച; സ്വന്തം സ്വർണ്ണക്കടയുടെ പരസ്യത്തിൽ സ്വയം മോഡലായപ്പോൾ മലയാളികൾ തിരിച്ചറിഞ്ഞു; സിനിമാപ്രേമിയും കലാസഹൃദയനായ വ്യവസായി: ദുബായ് കോടതി ശിക്ഷിച്ച അറ്റ്‌ലസ് രാമചന്ദ്രനെ അറിയാം

ബി രഘുരാജ്

തിരുവനന്തപുരം: 'അറ്റ്‌ലസ് ജൂവലറി, ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം' - ഈ പരസ്യ ഡയലോഗ് കേട്ടാണ് മലയാളികൾക്ക് അറ്റ്‌ലസ് രാമചന്ദ്രൻ എന്ന വ്യവസായിയെ കൂടുതൽ പരിചയം. കേരളത്തിലെ പ്രമുഖ പ്രവാസി വ്യവസായികളിൽ ഒരാളായിരുന്ന രാമചന്ദ്രൻ ആയിരം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുക്കേസിൽ അറസ്റ്റിലായെന്നത് മലയാളികളെ ഞെട്ടിച്ചിരുന്നു. ഇപ്പോൾ രാമചന്ദ്രനെ മൂന്ന് വർഷത്തേക്ക് ശിക്ഷിക്കപ്പെട്ടു എന്ന വാർത്ത കൂടി പുറത്തുവന്നുതോട് ഒരു വൻബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയുടെ തകർച്ചയാണ് സംഭവിച്ചിരിക്കുന്നത്. സാധാരണക്കാരനായ പ്രവാസി മലയാളിയായിരുന്ന രാമചന്ദ്രൻ നായർ അറ്റ്‌ലസ് രാമചന്ദ്രനായി വളർന്നത് അതിവേഗമായിരുന്നു. എന്നാൽ, അതുപോലെ തന്നെ അവിശ്വസനീയമാണ് ഇപ്പോൾ അദ്ദേഹത്തിന്റെ തകർച്ചയും ഉണ്ടായിരിക്കുന്നത്.

കുവൈത്തിൽ ഒരു ബാങ്ക് ഉദ്യോഗസ്ഥനായിട്ടായിരുന്നു എംഎം രാമചന്ദ്രൻ നായരുടെ പ്രവാസ ജീവിതം തുടങ്ങുന്നത്. അവിടെ നിന്നാണ് അദ്ദേഹം അറ്റ്‌ലസ് രാമചന്ദ്രൻ നായരായി ഉയർന്ന് വന്നത്. കുവൈത്തിലായിരുന്നു അദ്ദേഹം ആദ്യമായി ജുവല്ലറി തുറന്നത്. പലരിൽ നിന്നുമായി മൂലധനം സമാഹരിച്ചുകൊണ്ടായിരുന്നു ഇത്. കുവൈത്തിൽ നിന്നും യുഎഇയിലേക്ക് ജുവല്ലറി ശൃംഖല വ്യാപിപ്പിച്ചതോടെ പിന്നീട് വളർച്ചയുടെ പടവുകളായിരുന്നു രാമചന്ദ്രനെ കാത്തിരുന്നത്. 1980 കളുടെ അവസാനത്തോടെ ആയിരുന്നു ഇത്. പിന്നീട് ദുബായ് തന്നെയായി അറ്റ്‌ലസ് ജുവല്ലറിയുടെ പ്രധാന കേന്ദ്രം.

ഗൾഫിൽ മാത്രമായി അറ്റ്‌ലസ് ജൂവലറിക്ക് 48 ഷോറൂമുകളാണ് ഉണ്ടായിരുന്നത്. ഇതിന് പുറമേ ഇന്ത്യയിലും നിരവധി ശാഖകൾ ജുവല്ലറിക്ക് ഉണ്ടായിരുന്നു. മറ്റ് പല പ്രമുഖ ജൂവലറിക്കാരും കച്ചവടത്തിൽ അനീതി കാട്ടിയപ്പോഴും വിവാദങ്ങളിൽ പെട്ടപ്പോഴും തല ഉയർത്തി പരിശുദ്ധ സ്വർണ്ണവും തങ്കവും വിറ്റ ആളായിരുന്നു അറ്റ്‌ലസ് രാമചന്ദ്രൻ. തന്റെ ബുദ്ധിയിലും കഠിന പരിശ്രമത്തിലും ആരെയും ഉപദ്രവിക്കാതെ നന്മയുടേയും, നീതിപൂർവ്വമായും വഴിയിലൂടെ നടന്ന് ബിസിനസ് വളർത്തിയ മനുഷ്യൻ എന്നാണ് അദ്ദേഹത്തെക്കുറിച്ച് ഏവർക്കും പറയാനുള്ളത്. സംശുദ്ധ ബിസിനസ്സുകാരനായിട്ടാണു അറ്റ്‌ലസ് രാമചന്ദ്രൻ അറിയപ്പെട്ടിരുന്നത്. മറ്റൂ പ്രമുഖ ജൂവലറികാർക്കെതിരെയും അനവധി ആരോപണങ്ങളുയർന്നപ്പോഴും അറ്റ്‌ലസിനെക്കുറിച്ച് നാളിതുവരെ ഒരു ആരോപണവും ആരും ഉന്നയിച്ചിരുന്നില്ല.

നിർദ്ദോഷമായ ഒരു പൊങ്ങച്ചം ഒഴിച്ചാൽ നല്ല ഒരു വ്യക്തിത്വത്തിനുടമയായിരുന്നു രാമചന്ദ്രൻ എന്നും പറയുന്നവർ കുറവല്ല. എന്നാൽ രാമചന്ദ്രൻ മറ്റ് സ്വർണ്ണകടകളിൽ നിന്നൊക്കെ വ്യത്യസ്തമായി ഏറെ പ്രശസ്തിയും പെരുമയും സ്വന്തമാക്കിയിരുന്നത് മറ്റ് ഘടങ്ങൾ മൂലം ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം. സ്വന്തം സ്വർണ്ണക്കടയുടെ പരസ്യത്തിൽ സ്വയം ശബ്ദം നൽകി രാമചന്ദ്രൻ പ്രശസ്തി നേടി. ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം എന്ന രാമചന്ദ്രന്റെ പരസ്യ വാചകം പിന്നീട് മിമിക്രി കലാകാരന്മാരുടെ ഇഷ്ട ഡയലോഗായി മാറുകയായിരുന്നു.

സാംസ്‌കാരിക പ്രവർത്തകൻ പ്രവാസികൾക്കിടയിലെ മികച്ച സാംസ്‌കാരിക പ്രവർത്തകൻ കൂടി ആയിരുന്നു രാമചന്ദ്രൻ നായർ. നിരവധി കലാസാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. സിനിമാ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു അദ്ദേഹം. വൈശാലി, വാസ്തുഹാര, ധനം, സുകൃതം എന്നീ സിനിമകൾ നിർമ്മിച്ചത് രാമചന്ദ്രനാണ്. ആനന്ദഭൈരവി, അറബിക്കഥ, മലബാർ വെഡിങ്ങ്, ടു ഹരിഹർ നഗർ, തത്വമസി, ബോബൈ മിഠായി, ബാല്യകാല സഖി എന്നീ സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. ഹോളിഡേയ്‌സ് എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു. ആദ്യം നിർമ്മാതാവായും വിതരണക്കാരനായും പിന്നീട് നടനായും സിനിമയിൽ സാന്നിധ്യമുറപ്പിച്ച അറ്റ്‌ലസ് രാമചന്ദ്രൻ ഇപ്പോഴിതാ സംവിധാനരംഗത്തേക്കും ചുവടുവെയ്ക്കുകയായിരുന്നു. നിർമ്മിച്ച സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടു. കലാപരമായും മികവ് കാട്ടിയവ. വൈശാലിയും വാസ്തുഹാരയും സുകൃതവും അവാർഡുകൾ വാരിക്കൂട്ടി. അപ്പോഴൊന്നും ഈ മലയാളിയെ ആരും ശ്രദ്ധിക്കപ്പെട്ടില്ല.

അപ്പോഴാണ് മലയാളിയുടെ വിശ്വസ്ത സ്ഥാപനമെന്ന തലവാചകവുമായി രാമചന്ദ്രന്റെ പരസ്യമെത്തുന്നത്. ഇതോടെ മലയാളി എവിടേയും രാമചന്ദ്രനെ തിരിച്ചറിയാൻ തുടങ്ങി. അറബിക്കഥയിലേയും ഹരിഹർ നഗറിലേയും വേഷങ്ങൾ നടന്നെ നിലയിലും ശ്രദ്ധേയനായി. ഇതിനിടെയാണ് സംവിധായക മോഹമുണ്ടാകുന്നത്. ഹോളിഡേയ്‌സ് എന്ന സിനിമയിലൂടെ ആതും സാധിച്ചു. 'ഹോളിഡേയ്‌സ്' എന്ന സിനിമയിലൂടെ യുവത്വത്തിന്റെ ആഘോഷങ്ങളുടെ കഥയാണ് സംവിധായകൻ അറ്റ്‌ലസ് രാമചന്ദ്രൻ പറഞ്ഞത്. എന്നാൽ ഈ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

അറ്റല്‌സിന്റെ പരസ്യ ചിത്രത്തോടെ മിമിക്രിക്കാരുടെ പ്രിയതാരമായി രാമചന്ദ്രൻ. അന്നുവരെ പരസ്യ ചിത്രങ്ങളിൽ മുതലാളി പ്രത്യക്ഷപ്പെടുന്ന പതിവ് കേരളത്തിലില്ലായിരുന്നു. അതാണ് രാമചന്ദ്രൻ മറികടന്നത്. ക്യാമറയ്ക്ക് മുന്നിലേക്ക് കടന്നുവരാനുള്ള മനസ്സാണ് രാമചന്ദ്രൻ പ്രകടിപ്പിച്ചത്. ഇതിന്റെ തുടർച്ചയായിരുന്നു സിനിമാ അഭിനയം. അറിബക്കഥയിലെ പ്രവാസി മലയാളിയുടെ വേഷവും ഇൻ ഹരിഹർ നഗറിലെ ചെറിയ വേഷവും മലയാളിയെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തു. അതിന് ശേഷമായിരുന്നു സംവിധായകനായി മാറിയത്.

ജുവല്ലറി രംഗത്ത് കൂടാതെ മറ്റ് ആശുപത്രി രംഗത്തും അറ്റ്‌ലസ് രാമചന്ദ്രന്റെ കൈയൊപ്പ് ചാർത്തിയിരുന്നു. മറ്റ് ആശുപത്രികളിൽ നിന്ന് വിഭിന്നായിരുന്നു അദ്ദേഹത്തിന്റെ ആശുപത്രികൾ. ഇവിടെ സ്വകാര്യ ആശുപത്രികളുടെ കടുംപിടിത്തമില്ല. ആർക്കും ചികിൽസ കിട്ടുന്നുവെന്ന് പ്രവാസി മലയാളികൾ പോലും പറയുകയുണ്ടായി. യുഎഇയ്ക്ക് പുറമേ ഖത്തർ, സൗദി, കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങളിലും അറ്റ്‌ലസ് ജുവല്ലറിക്ക് ഷോറൂമുകൾ ഉണ്ടായിരുന്നു. റിയൽ എസ്‌റ്റേറ്റ്, ആരോഗ്യ, സിനിമാ മേഖലകളിലും അറ്റ്‌ലസ് ഗ്രൂപ്പ് നിക്ഷേപം നടത്തിയിരുന്നു.

പല റിയൽ എസ്‌റ്റേറ്റ് ഇടപാടുകൾക്കും ഇടനിലക്കാരനായിരുന്ന അറ്റ്‌ലസ് രാമചന്ദ്രനെ വീഴ്‌ത്തേണ്ടതു ചിലരുടെ ബിസിനസ് താത്പര്യമായിരുന്നുവെന്നും പറഞ്ഞു കേൾക്കുന്നു. തൃശൂർ ജില്ലയിലെ ഒളരി സ്വദേശിയാണ് അറ്റ്‌ലസ് രാമചന്ദ്രൻ. ഇരിങ്ങാലക്കുടയിലായിരുന്നു താമസം. കമലാകര മേനോൻ ആണ് പിതാവ്. ശ്രീകാന്ത് മകനും മഞ്ജു മകളുമാണ്. രാമചന്ദ്രന്റെ മകളും കേസിൽപെട്ട് ജയിലിൽ കഴിയുകയാണ് ഇപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP