Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വില കുറഞ്ഞ സ്‌പൈക്കണിഞ്ഞ് അവൾ അന്ന് സ്വർണം നേടുമ്പോൾ ഞാൻ മനസിൽ പറഞ്ഞു: കാറ്റുപോലെ ഓടുന്നൊരു പെൺകുട്ടി; ലോക ചാമ്പ്യൻഷിപ്പിൽ അവളുടെ മൽസരം തുടങ്ങിയത് ആ അവസാന 80 മീറ്ററിൽ; പിന്നീടുള്ള ആ കുതിപ്പുകണ്ടാലറിയാം അവളുടെ പ്രതിഭ; കോച്ച് നിപ്പോൺ ദാസ് ഓർത്തെടുക്കുന്നു ഓട്ടക്കാരില്ലാത്ത അസമിൽ നിന്ന് രാജ്യം അഭിമാനിക്കുന്ന ഓട്ടക്കാരിയായി ഹിമ ദാസ് വളർന്ന കഥ

വില കുറഞ്ഞ സ്‌പൈക്കണിഞ്ഞ് അവൾ അന്ന് സ്വർണം നേടുമ്പോൾ ഞാൻ മനസിൽ പറഞ്ഞു: കാറ്റുപോലെ ഓടുന്നൊരു പെൺകുട്ടി; ലോക ചാമ്പ്യൻഷിപ്പിൽ അവളുടെ മൽസരം തുടങ്ങിയത് ആ അവസാന 80 മീറ്ററിൽ; പിന്നീടുള്ള ആ കുതിപ്പുകണ്ടാലറിയാം അവളുടെ പ്രതിഭ; കോച്ച് നിപ്പോൺ ദാസ് ഓർത്തെടുക്കുന്നു ഓട്ടക്കാരില്ലാത്ത അസമിൽ നിന്ന് രാജ്യം അഭിമാനിക്കുന്ന ഓട്ടക്കാരിയായി ഹിമ ദാസ് വളർന്ന കഥ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 'അണ്ടർ-20 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ സ്വർണം നേടിയ ഹിമ ദാസ് ഇന്ത്യയുടെ അഭിമാനമാണ്. അഭിനന്ദങ്ങൾ. ഈ നേട്ടം വരും വർഷങ്ങളിൽ തീർച്ചയായും യുവ അത്‌ലറ്റുകളെ പ്രചോദിപ്പിക്കും', പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചിട്ട വരികൾ. അതേ ഒരുസംശയവും വേണ്ട ഹിമ ദാസ് ഇന്ത്യയുടെ അഭിമാനം തന്നെ. തിളക്കമുള്ള ഈ നേട്ടത്തിൽ ഹിമ സന്തോഷവതിയാണ്. ലോക ജൂനിയർ ചാംപ്യൻഷിപ്പിൽ സ്വർണം നേടാനായതിൽ അതിയായ സന്തോഷം. ഇന്ത്യയിലിരുന്നും വേദിയിലെത്തിയും എന്നെ പ്രോത്സാഹിപ്പിച്ച എല്ലാ ഇന്ത്യക്കാർക്കും ഹൃദയം നിറഞ്ഞ നന്ദി. ഇത്തരം പിന്തുണ വളരെയധികം പ്രചോദനമാണ്, ഹിമ പറഞ്ഞു.

നെൽപാടത്ത് വിളഞ്ഞ കളിയുടെ തുടക്കം

അസമിലെ ശിവസാഗറിൽ അന്തർ ജില്ല മീറ്റിൽ തന്റെ ആദ്യ മൽസത്തിൽ പങ്കെടുത്ത് 18 മാസങ്ങൾ പൂർത്തിയാകുമ്പേഴേക്കും 18 കാരിയായ ഹിമ ദാസ് ഇന്ത്യൻ അത്‌ലറ്റിക്‌സിൽ ചരിത്രം സൃഷ്ടിച്ചു. നഗോവാനിലെ ഡിങ് ഗ്രാമത്തിൽ നെൽ കർഷകന്റെ മകളായ ഹിമയെ ഇന്ന് രാജ്യം മുഴുവൻ അറിയുന്നു ആദരിക്കുന്നു. എല്ലാം നിരന്തരമായ കഠിന പ്രയത്‌നത്തിന്റെ ഫലം. ജോമാലി റോൻജിത്ത് ദാസ് ദമ്പതിമാരുടെ ആറ് മക്കളിൽ ഏറ്റവും ഇളയതാണ് ഹിമ. നെൽ പാടങ്ങൾക്കരികിലെ കളിയിടങ്ങളിൽ തന്റെ സ്‌കൂളിലെ ആൺകുട്ടികളോടൊപ്പം ഫുട്ബോൾ കളിച്ചാണ് കായികരംഗത്തേക്ക് ഹിമ എത്തുന്നത്.

സ്‌പോർട്ട്‌സ് ആൻഡ് യൂത്ത് വെൽഫെയർ ഡയറക്ടറേറ്റ് അംഗവും കായിക പരിശീകനുമായ നിപ്പോൺ ദാസിനെ ഹിമ കണ്ടുമുട്ടിയതാണ വഴിത്തിരിവ്. കൂടുതൽ മെച്ചപ്പെട്ട പരിശീലനത്തിനായി ഗുവഹാത്തിയിലേക്ക് മാറാൻ നിപ്പോൺ ദാസ് ഹിമയോട് ആവശ്യപ്പെട്ടിരുന്നു.140 കിലോമീറ്റർ അകലെയുള്ള ഗുവാഹത്തിയിലേക്ക് പോകാൻ അനുവദിക്കാൻ മാതാപിതാക്കൾ ആദ്യം എതിർത്തെങ്കിലും കുട്ടിയുടെ മോഹവും കഴിവും കണ്ടപ്പോൾ സമ്മതം മൂളി.

ഗുവാഹത്തിയിലെ സരുസാജായ് സ്‌പോർട്ട്‌സ് കോംപ്ലെക്‌സിന് അടുത്തുള്ള ഒരു വാടക മുറിയിൽ നിപ്പോൺ ഒരുക്കിക്കൊടുത്തു. ബോക്‌സിംഗിലും, ഫുട്‌ബോളിലും ശ്രദ്ധേയമായ സ്റ്റേറ്റ് അക്കാദമിയിൽ ഹിമയെ ചേർത്തു.നിപ്പോൺ ദാസ് അണ്ടർ -20 ചാമ്പ്യൻഷിപ്പിലെ മൽസരത്തെ കുറിച്ചുപറയുന്നു: ' അവളുടെ മൽസരം തുടങ്ങിയത് അവസാന 80 മീറ്ററിലാണ്. അവിടെ നിന്നുള്ള അവളുടെ ഗതിവേഗം കണ്ടാൽ മനസിലാകും ആ പ്രതിഭ. ആദ്യമായി അവൾ സ്‌പൈക്ക് അണിഞ്ഞിട്ട് വെറും രണ്ടുവർഷമേ ആയുള്ളുവെന്ന് ഓർക്കണം'.

കാറ്റുപോലെ ഓടുന്നൊരു പെൺകുട്ടി

അന്തർ ജില്ലാ മീറ്റിൽ വച്ചാണ് നിപ്പോൺ ദാസ് അവളെ ആദ്യം കാണുന്നത്. അവൾ വില കുറഞ്ഞ സ്‌പൈക്കുകളാണ് ധരിച്ചിരുന്നതെങ്കിലും 100-200 മീറ്ററിൽ സ്വർണം നേടി. അവൾ കാറ്റുപോലെ ആണ് ഓടിയത്. വർഷങ്ങളായി ഇത്രയും പ്രതിഭ വാരിക്കൊരിച്ചൊരിഞ്ഞ ഒരുകുട്ടിയെ ഞാൻ കണ്ടിട്ടില്ല, നിപ്പോൺ പറഞ്ഞു. സാരുസജായി സ്പോർട്സ് സമുച്ചയത്തിൽ ബോക്‌സിങ്ങും ഫുട്‌ബോളുമായിരുന്നു രാജാക്കന്മാർ. അത്‌ലറ്റിക്‌സിന് പ്രത്യേക വിഭാഗമുണ്ടായിരുന്നില്ല . എന്നാൽ ഹിമയുടെ കഴിവ് കണ്ടറിഞ്ഞ അക്കാദമി അധികൃതർ അവളെ നല്ല മനസ്സോട് സ്വീകരിച്ചു. അസം അങ്ങനെ വലിയ ഓട്ടക്കാരില്ലാത്ത നാടായിരിക്കെ വരട്ടെ ഒരു ഓട്ടക്കാരി എന്നും കരുതിക്കാണണം.

കോച്ചിനും അമ്പരപ്പ്

ഒരേയൊരു കാര്യം മാത്രമാണ് നിപ്പോൺ ഹിമയുടെ കാതുകളിൽ എപ്പോഴും മന്ത്രിച്ചുകൊണ്ടിരുന്നത്. വലിയ സ്വപ്‌നങ്ങൾ കാണൂ. കാരണം ദൈവദത്തമായ ഈ പ്രതിഭ വളരെ ചുരുക്കം പേരിലെ ചൊരിയാറുള്ളു. ഏഷ്യൻ ഗെയിംസ് റിലേ ടീമിൽ ഒരുസ്ഥാനം ഉറപ്പാക്കുകയായിരുന്നു കോച്ചിന്റെ ലക്ഷ്യം. എന്നാൽ, ലോക ചാമ്പ്യൻഷിപ്പിൽ വ്യക്തിഗതഇനത്തിൽ സ്വർണം നേടി ഹിമ ദാസ് കോച്ചിനെയും അമ്പരിപ്പിച്ചു.

ലോക ചാമ്പ്യൻ ഷിപ്പിൽ ഹിമ 51.46 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കിയാണ് ഒന്നാമതെത്തിയത്. ആദ്യ റൗണ്ട് ഹീറ്റ്‌സ് 52.25 സെക്കൻഡിൽ പൂർത്തിയാക്കിയ ഹിമ, സെമിയിൽ 52.10 െസക്കൻഡിൽ ഓടിയെത്തിയാണ് ഫൈനലിന് യോഗ്യത നേടിയത്. നേരത്തെ, ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലും 400 മീറ്ററിൽ ഹിമ മൽസരിച്ചിരുന്നു. എന്നാൽ, 51.32 സെക്കൻഡിൽ ഓടിയെത്തിയ ഹിമയ്ക്ക് ആറാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളൂ.

അതേസമയം, അടുത്തിടെ ഗുവാഹത്തിയിൽ നടന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാംപ്യൻഷിപ്പിലാണ് ഹിമയുടെ റെക്കോർഡ് വേഗം കുറിക്കപ്പെട്ടത്. അവിടെ 51.13 സെക്കൻഡിൽ ഓടിയെത്തിയതാണ് ഹിമ സ്വർണം നേടിയത്. 2016ൽ പോളണ്ടിൽ നടന്ന അണ്ടർ-20 ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര സ്വർണം നേടിയിരുന്നു. സീമ പുനിയ (2002), നവ്ജീത് കൗർ ധില്ലൻ (2014) എന്നിവർ അണ്ടർ-20 ചാമ്പ്യൻഷിപ്പിൽ മുമ്പ് വെങ്കലം നേടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP