Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിബിസിയുടെ ആദ്യ ഏഷ്യൻ അവതാരക; പിന്നീട് ഡോക്ടർ; ഇപ്പോൾ കണ്ണില്ലാത്തവരുടെ വെളിച്ചം; തിരുവല്ലയിലെ കണ്ടത്തിൽ കുടുംബത്തിൽ നിന്നും യുകെയിലെത്തി സൂപ്പർസ്റ്റാറായ മലയാളിയുടെ കഥ

ബിബിസിയുടെ ആദ്യ ഏഷ്യൻ അവതാരക; പിന്നീട് ഡോക്ടർ; ഇപ്പോൾ കണ്ണില്ലാത്തവരുടെ വെളിച്ചം; തിരുവല്ലയിലെ കണ്ടത്തിൽ കുടുംബത്തിൽ നിന്നും യുകെയിലെത്തി സൂപ്പർസ്റ്റാറായ മലയാളിയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

രോരുത്തരുടെ ജന്മത്തിനും ഓരോ നിയോഗങ്ങളുണ്ട്. ചിലർ അത് ആദ്യമേ തിരിച്ചറിയാറുണ്ടെങ്കിലും മററ് ചിലർ അനേകം ദൗത്യങ്ങളിലൂടെ കറങ്ങിത്തിരിഞ്ഞ് ഏറ്റവുമൊടുവിൽ മാത്രമെ തങ്ങളുടെ ജന്മനിയോഗത്തിൽ എത്തിച്ചേറാറുള്ളൂ. വൈകിയാണ് എത്തിയതെങ്കിലും അവരത് ഭംഗിയായി നിറവേറ്റുകയും ചെയ്യും. യുകെയിലേക്ക് കുടിയേറിയ ലൂസി മാത്തന്റെ ജീവിതം ഇതിനുദാഹരണമാണ്. ആദ്യകാലത്ത് ബിബിസിയുടെ ആദ്യ ഏഷ്യൻ വാർത്താ അവതാരികയായി തിളങ്ങിയ പ്രതിഭയാണ് ലൂസി. ഗ്ലാമറും പ്രശസ്തിയും ഏറെ നേടിത്തരുന്ന പ്രഫഷനായിരുന്നിട്ടു കൂടി ബിബിസിയിൽ ഒതുങ്ങിപ്പോകാൻ ഇവർ തയ്യാറായിരുന്നില്ല. ആ ജോലിയിൽ മടുപ്പേറിയപ്പോൾ ആതുരസേവനത്തിനായി ഡോക്ടറുടെ കുപ്പായം എടുത്തണിയുകയായിരുന്നു ലൂസി ചെയ്തത്. ഇതാണ് തന്റെ മേഖലയെന്ന് വൈകാതെ ഈ ഒഫ്താൽമോളജിസ്റ്റ് തിരിച്ചറിയുകയായിരുന്നു. എന്നാൽ വെറുമൊരു നേത്രരോഗവിദ്ധയായി ഒതുങ്ങിപ്പോകാനായിരുന്നില്ല ലൂസിയുടെ നിയോഗം. മറിച്ച് തിമിരം ബാധിച്ച് അന്ധതയിലാണ്ടു പോയ നിരവധി പേരെ വെളിച്ചത്തിലേക്ക് നയിക്കാനുള്ള ദൗത്യമായിരുന്നു ഈ ജന്മത്തിന് മുകളിൽ ദൈവം നിശ്ചയിച്ച നിയോഗം. തിരുവല്ലയിലെ കണ്ടത്തിൽ കുടുംബത്തിൽ നിന്നും യുകെയിലെത്തി സൂപ്പർസ്റ്റാറായ മലയാളിയുടെ ജീവിതകഥ കൂടിയാണിത്.

തിമിരം ബാധിച്ച ഇന്ത്യക്കാർക്ക് കാഴ്ച ശക്തി നേടിക്കൊടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്ന സെക്കൻഡ് സൈറ്റ് എന്ന നോൺപ്രോഫിറ്റ് ഓർഗനൈസേഷന്റെ സ്ഥാപകയാണ് ലൂസി മാത്തൻ. 'എ റൺവേ ഗോട്ട് ക്യൂറിങ് ബ്ലൈൻഡ്‌നെസ് ഇൻ ഫോർഗോട്ടൻ ഇന്ത്യ' എന്ന ഒരു പുസ്തകം ലൂസിയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. 20 പൗണ്ടാണിതിന്റെ വില (ഏകദേശം 2000 രൂപ). ഓരോ പുസ്തകത്തിന്റെയും വിലയായി കിട്ടുന്ന തുക ഓരോ അന്ധന്മാരുടെയും ചികിത്സയ്ക്ക് വേണ്ടിയാണിവർ ചെലവാക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

ലൂസിക്കും അവരുടെ ബോയ്ഫ്രണ്ടായ മാർക്കിനും ഒരു മകനും മകളുമാണുള്ളത്.ഫുട്‌ബോൾ കളിക്കാൻ ഇഷ്ടപ്പെടുന്ന ലൂസി ശൈശവവിവാഹം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ സ്ത്രീകളുടെ ഫുട്‌ബോളിനെ ത്വരിതപ്പെടുത്തുന്നതിൽ ഭാഗഭാക്കാകുന്നുണ്ട്. ഒരു നല്ല അത്‌ലറ്റിക്കു കൂടിയായ ലൂസി രണ്ട് ലണ്ടൻ മാരത്തോണുകളും ഹാഫ് മാരത്തോണും പൂർത്തിയാക്കിയിട്ടുണ്ട്. ലൂസിയുടെ പിതാവായ കെ.എം. മാത്തൻ ഇന്ത്യയുടെ ആദ്യത്തെ ജംമ്പോ ജെറ്റ് പൈലറ്റ് എന്ന ബഹുമതിക്കർഹനായിട്ടുണ്ട്. ലൂസിയുടെ അമ്മ ഒരു ആംഗ്ലോഇന്ത്യനാണ്. ഇവർ ഇന്ത്യയിലാണ് വളർന്നത്. ഏഴ് വയസുള്ളപ്പോഴായിരുന്നു ലൂസി ഇംഗ്ലണ്ടിലെത്തിയത്. ഇപ്പോൾ കുടുംബത്തൊടൊപ്പം യുകെയിൽ സെറ്റിൽ ചെയ്തിരിക്കുകയാണ്.

ഇന്ത്യയിലെ തിമിരബാധിതർക്ക് ശസ്ത്രക്രിയ നടത്താനായി സെക്കൻഡ് സൈറ്റ് സർജന്മാരെ ഇന്ത്യയിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. സെക്കൻഡ് സൈറ്റിന്റെ പേരിൽ സമ്പാദിക്കുന്ന ചെറിയ തുക പോലും അന്ധരുടെ കാഴ്ചശക്തി തിരികെ നേടിക്കൊടുക്കാനാണ് ലൂസി ഉപയോഗിക്കുന്നത്. ലൂസിയെഴുതിയ പുസ്തകം വാങ്ങുന്നതിലൂടെ ആർക്കും ഒരു അന്ധന്റെ ചികിത്സയിലേക്ക് ഭാഗഭാക്കാകാൻ സാധിക്കും. ഈ പുസ്തകം വാങ്ങാനായി Second Sight, Second Sight, PO Box 25858, LONDON N5 1GY United Kingdom. എന്ന വിലാസത്തിൽ ചെക്കുകൾ അയക്കുകയാണ് ചെയ്യേണ്ടത്. :[email protected] എന്ന ഇമെയിൽ വിലാസത്തിലോ (+44) 020 7359 1315 എന്ന ടെലിഫോൺ നമ്പറിലോ ഇതിനായി ബന്ധപ്പെടാവുന്നതാണ്. www.secondsight.org.uk എന്ന സെക്കൻഡ് സൈറ്റിന്റെ വെബ്‌സൈറ്റിൽ നിന്നും ഇതിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതാണ്.

1953ലാണ് ലൂസി മാത്തൻ ജനിച്ചത്. 1970കളുടെ മധ്യത്തിൽ അച്ചടിമാദ്ധ്യമമായ സറേ മിററിൽ പത്രപ്രവർത്തകയായിക്കൊണ്ടാണ് ലൂസി തന്റെ ഔദ്യോഗിക ജീവിതമാരംഭിച്ചത്. 1976ൽ ജോൺ ക്രാവെൻസ് ന്യൂസ്‌റൗണ്ടിന്റെ അവതാരികയായിട്ടായിരുന്നു അവർ ബിബിസിയിലേക്ക് ചുവട് മാറിയത്. അതിലൂടെ ബിബിസിയിലെ ആദ്യ ഏഷ്യൻ വാർത്താ അവതാരികയെന്ന അപൂർവ ബഹുമതിയും അവരെത്തേടിയെത്തി. രാജ്യമാകമാനം നിരവധി പേരെ ആകർഷിച്ച പ്രധാനപ്പെട്ട ടെലിവിഷൻ പ്രോഗ്രാമായിരുന്നു അത്. അതിലൂടെ ഒരു സൂപ്പർസ്റ്റാർ പരിവേഷം അക്കാലത്ത് യുകെയിൽ നേടിയെടുക്കാൻ സാധിച്ച ഇന്ത്യൻ വനിതയാണ് ലൂസി മാത്തൻ. 1976 മുതൽ 1980 വരെയായിരുന്നു ലൂസി ബിബിസിയിൽ ജോലി ചെയ്തിരുന്നത്.

1981ൽ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെക്കുറിച്ച് നിർമ്മിച്ച ഒരു ഡോക്യുമെന്ററിയിൽ ഭാഗഭാക്കായത് ലൂസിയുടെ ജീവിതത്തെ മാറ്റി മറിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഒരു പ്രാദേശിക ഡോക്ടറുമായി നടത്തിയ സംസാരം അവരെ സ്വാധീനിച്ചു. ഇവിടെ ഉപയോഗിക്കുന്ന മരുന്നുകൾ പലതും കാലാവധി കഴിഞ്ഞതാണെന്നായിരുന്നു പ്രസ്തുത ഡോക്ടർ ലൂസിയെ ധരിപ്പിച്ചത്. ഒരു പത്രപ്രവർത്തകയെന്ന നിലയിൽ താൻ ഇക്കാര്യം ലോകത്തെ അറിയിക്കുമെന്ന് ആ ഡോക്ടർ പ്രതീക്ഷിച്ചിരുന്നുവെന്നാണ് ലൂസി ഇതിനെക്കുറിച്ച് വെളിപ്പെടുത്തയിട്ടുള്ളത്. മെഡിക്കൽ രംഗത്തെ ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണാൻ എന്തെങ്കിലും ചെയ്യാൻ ഡോക്ടറുടെ കുപ്പായമണിയാൻ അന്നാണ് താൻ തീരുമാനിച്ചതെന്നും ലൂസി വെളിപ്പെടുത്തിയിട്ടുണ്ട്.

ജേർണലിസ്റ്റായി തുടരുകയല്ല തന്റെ നിയോഗമെന്നും മറിച്ച് ഡോക്ടറായി സേവനമനുഷ്ഠിക്കുകയാണെന്നും ലൂസി ഇതിലൂടെ തിരിച്ചറിയുകയായിരുന്നു. തുടർന്ന് തന്റെ 36ാം വയസിൽ സെന്റ്. ജോർജ്‌സ് ഹോസ്പിറ്റൽ മെഡിക്കൽ സ്‌കൂളിൽ അവർ ഒരു ഓഫ്താൽമോളജിസ്റ്റായി പരിശീലനം നേടുകയായിരുന്നു. 1996ൽ ഇന്ത്യ സന്ദർശിച്ച ലൂസിക്ക് ഇവിടുത്ത തിമിരരോഗികളുടെ വിഷമാവസ്ഥകൾ തിരിച്ചറിയാൻ സാധിച്ചു. തുടർന്ന് അവരെ കാഴ്ചയിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെ സെക്കൻഡ് സൈറ്റ് എന്ന ഓർഗനൈസേഷന് രൂപം കൊടുക്കുകയായിരുന്നു ലൂസി ചെയ്തത്. ഇപ്പോൾ ആയിരക്കണക്കിന് തിമിരരോഗികൾക്ക് മുമ്പിൽ വെളിച്ചത്തിന്റെയും നിസ്വാർത്ഥമായ സേവനത്തിന്റെയും ആൾരൂപമായി ലൂസി തിളങ്ങുകയാണ്. ബിബിസിയിലെ അവതാരികയുടെ ഗ്ലാമർ റോളിനേക്കാൾ ഇതിനാണ് തിളക്കം കൂടുതലുള്ളതെന്നും ലൂസി ഈ നിമിഷങ്ങളിൽ തിരിച്ചറിയുകയാണ്. ഈ തിളക്കം ഓരോ മലയാളിക്കും കൂടി അഭിമാനിക്കാവുന്ന നേട്ടമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP